2020, ജനുവരി 2, വ്യാഴാഴ്‌ച

വിസേന്തേ ഹൂയിഡോബ്രോ - സ്വിച്ച്മാൻ്റെ മകൾ





റയിൽവേസ്വിച്ച്മാന്റെ കൊച്ചുവീടു നില്ക്കുന്നത് പാളത്തിനു തൊട്ടുചേർന്ന് ഒരു മലയുടെ അടിവാരത്താണ്‌. അത്ര ചെങ്കുത്തായ ഒരു കുന്നായതിനാൽ ചിലതരം മരങ്ങൾക്കേ അവിടെ ചെന്നെത്താനായിട്ടുള്ളു. കൂർത്ത വേരുകൾ കൊണ്ടു മൺകട്ടകളിൽ കൊളുത്തിപ്പിടിച്ച് അവ മുകളിലേക്കു കയറിപ്പറ്റുന്നു.   കടന്നുപോകുന്ന തീവണ്ടികളുടെ നിരന്തരമായ കുലുക്കം കാരണം ആ കൊച്ചു മരക്കുടിൽ പൊളിഞ്ഞുവീഴാറായിരിക്കുന്നു. മൂന്നു റയിൽവേലൈനുകൾ കൂടിച്ചേരുന്നിടത്തെ ഇരുപതു മീറ്റർ നീളമുള്ള ഒരു തിട്ടയിലാണ്‌ കുടിൽ നില്ക്കുന്നത്. വിവിധനഗരങ്ങളിലേക്കു യാത്ര ചെയ്യുന്ന പ്രേതങ്ങളെയും വഹിച്ചുകൊണ്ടുപോകുന്ന തീവണ്ടികളെ നിരീക്ഷിച്ച് സ്വിച്ച്മാൻ തന്റെ ഭാര്യയോടൊപ്പം അവിടെ താമസിക്കുന്നു. നൂറുകണക്കിനു തീവണ്ടികൾ, വടക്കു നിന്നു തെക്കോട്ടു പോകുന്ന തീവണ്ടികൾ, തെക്കു നിന്നു വടക്കോട്ടു പോകുന്ന തീവണ്ടികൾ. ഓരോ ദിവസവും മാസവും വർഷവും ആയിരക്കണക്കിനു തീവണ്ടികൾ ലക്ഷക്കണക്കിനു പ്രേതങ്ങളേയും കൊണ്ട് മലയിടുക്കിലൂടെ കുലുങ്ങിപ്പായുന്നു.   തീവണ്ടികളെ അവയ്ക്കു പോകേണ്ട പാതകളിലൂടെ തിരിച്ചുവിടാൻ ഭാര്യയും അയാളെ സഹായിക്കുന്നുണ്ട്. എണ്ണമറ്റ ജീവിതങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ഉത്തരവാദിത്വം അവരുടെ മുഖങ്ങളിൽ ഒരു ദാരുണഭാവം കൊത്തിവച്ചിരിക്കുന്നു. പൂക്കളേയും മാടപ്രാവുകളേയും ഓർമ്മിപ്പിക്കുന്ന ചേഷ്ടകളോടെ കളിച്ചുനടക്കുന്ന മൂന്നുവയസ്സുകാരിയായ തങ്ങളുടെ ഓമനമകളെ നോക്കുമ്പോൾ അവരുടെ മുഖത്തൊരു പുഞ്ചിരി പോലും വിരിയുന്നില്ല.   ഇരുമ്പിന്റെ ശബ്ദകലാപത്തോടെ തീവണ്ടികൾ നാട്ടുമ്പുറത്തുകൂടി ഇരമ്പിക്കുതിച്ചുപായുന്നു; നീണ്ടുനീണ്ടുപോകുന്ന ഇരുമ്പുകുഴലുകൾ എണ്ണമറ്റ പ്രേതങ്ങളെ പുറത്തുതള്ളുന്നു, തുടലുകളിൽ നിന്നു മോചിതരായതിനാൽ സ്വാതന്ത്ര്യത്തിന്റെ ലഹരി തലയ്ക്കു പിടിച്ചവർ.   സ്വിച്ച്മാന്റെ മകൾ മലകളിലൂടെ പായുന്ന തീവണ്ടികൾക്കിടയിൽ ഒരാശങ്കയുമില്ലാതെ കളിച്ചുനടക്കുന്നു. നഗരത്തിലെ പണക്കാരായ കുട്ടികൾ തകരപ്പാളങ്ങൾക്കു മേൽ എലികളെപ്പോലെ നിരങ്ങിപ്പോകുന്ന കളിത്തീവണ്ടികളോടിച്ചു രസിക്കുന്നതിനെക്കുറിച്ച് അവൾക്കറിയില്ല. അവൾക്കിപ്പോൾ തന്റെ കളിപ്പാട്ടങ്ങളായ കൂറ്റൻതീവണ്ടികൾ മുഷിഞ്ഞുതുടങ്ങിയിരിക്കുന്നു; അതിലും വലിയവയാണ്‌ അവൾ ഭാവനയിൽ കാണുന്നത്.   എടുത്തോമനിക്കാൻ തോന്നുന്ന കുഞ്ഞാണവൾ, ഒരാകുലതകളുമില്ലാത്തവൾ, ആരോടും അടുപ്പം വേണ്ടെന്നു സ്വയം തീരുമാനിച്ചപോലത്ര സ്വതന്ത്രയായവൾ. അതുവഴി മുമ്പു കടന്നുപോയ ഏതോ തീവണ്ടി അവളെ അവിടെ കളഞ്ഞിട്ടുപോയതാണെന്നു നമുക്കു തോന്നിപ്പോകും.   അവളുടെ അച്ഛനമ്മമാരുടെ കണ്ണുകൾ പക്ഷേ, അവളുടെ മേൽ നിന്നു മാറുന്നതേയില്ല; സമയം കിട്ടുമ്പോൾ അവർ അവളെയെടുത്തു ലാളിക്കുകയും ചെയ്യുന്നു.   അവർക്കറിയാം, എന്നെങ്കിലുമൊരുദിവസം ഒരു തീവണ്ടി തട്ടി അവൾ മരിക്കുമെന്ന്. 

(മലയാളനാട് വെബ് മാഗസിനിൽ പ്രസിദ്ധീകരിച്ചത്)

അഭിപ്രായങ്ങളൊന്നുമില്ല: