2020, ജനുവരി 17, വെള്ളിയാഴ്‌ച

ഗെയിൽ ടേൺബുൾ - മൂന്നു കഥകൾ




ഒരു റയിൽവേ സ്റ്റേഷന്റെ ഒരു മൂലയ്ക്ക് ഒരു യുവാവും യുവതിയും ഇരുന്നുറങ്ങുന്നത് അയാൾ ശ്രദ്ധിച്ചു; ചുറ്റും യാത്രക്കാർ പാഞ്ഞുപോകുമ്പോൾ, ടാക്സികൾ ഒച്ചയിടുമ്പോൾ അവർ റക്ക്സാക്കുകളിൽ തല വച്ചുറങ്ങുകയാണ്‌. . അവരെ കണ്ടിട്ട് കോളേജ് വിദ്യാർത്ഥികളാണെന്നു തോന്നി; അയാൾക്ക് തന്റെ യൗവനം ഓർമ്മ വന്നു: ലിഫ്റ്റ് ചോദിച്ചുള്ള യാത്രകൾ, യുദ്ധം കഴിഞ്ഞ കാലത്തെ കഫേകൾ, രാത്രിയിലെ ബസ് യാത്രകൾ, താൻ തങ്ങിയ ലോഡ്ജുകൾ, താനഭിലഷിച്ച പെൺകുട്ടികൾ, തന്റെ പൊരുത്തക്കേടുകൾ, തന്റെ നാണക്കേടുകൾ, ഇപ്പോഴുമതിന്റെ തീവ്രതയും ആർജ്ജവവും കൊണ്ടു തുളച്ചുകേറുന്ന സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും അപൂർവ്വമുഹൂർത്തങ്ങൾ.

പക്ഷേ, എത്ര തേടിയിട്ടും നഷ്ടബോധം തോന്നുന്നതെന്തെങ്കിലും കണ്ടെത്താൻ അയാൾക്കായില്ല; ഒടുവിൽ അയാൾക്കു വെളിപ്പെട്ടു, അതിതാണ്‌: തങ്ങളുടെ കാതിനു ചുറ്റും ലോകം ഇരമ്പിക്കുതിക്കുമ്പോൾ അതൊന്നുമറിയാതെ ചുരുണ്ടുകൂടിയുറങ്ങാനുള്ള ആ കഴിവ്.
*
2
ഒരു സ്ത്രീ തന്റെ ജീവിതം കുടുംബത്തിനു വേണ്ടി ഉഴിഞ്ഞുവച്ചിരുന്നു. ഒരു ദിവസം അത്താഴമേശയ്ക്കു മുന്നിലിരുന്ന് ഭർത്താവ് തന്റെ ഓഫീസ് വിശേഷങ്ങളും കുട്ടികൾ സ്കൂളിലെ തങ്ങളുടെ കൂട്ടുകാരെക്കുറിച്ചും പറയുമ്പോൾ അവർ കഴിച്ചുതീരാത്ത പിഞ്ഞാണം കൈയിലെടുക്കുന്നു; എന്നിട്ട് മേശവിരിയിൽ കമിഴ്ത്തിവയ്ക്കുന്നു.

കുട്ടികൾ വായ പൊളിച്ചുകൊണ്ട് നോക്കിയിരുന്നു. ശ്വാസം കിട്ടിയെന്നായപ്പോൾ ഭർത്താവ് ചോദിച്ചു: “നീയെന്താ ചെയ്യുന്നത്?” തലയൊന്നാട്ടിക്കൊണ്ട് വിഷാദത്തോടെ അവർ പറഞ്ഞു: “നിങ്ങൾക്കൊന്നും മനസ്സിലാവില്ല. അതു ചെയ്തത് ഞാനല്ല. അതു ചെയ്ത സ്ത്രീ, അതു ചെയ്തതോടെ, ഇല്ലാതായിക്കഴിഞ്ഞു.”
*
3
ഒരു ട്രെയിൻ സ്റ്റേഷൻ വിട്ടുപോകുമ്പോൾ തന്റെ ചെറുമകനെ കൈവീശി യാത്ര അയക്കുകയാണൊരാൾ; ഒരായുഷ്കാലം പിന്നിലെന്നു തോന്നുന്ന പണ്ടൊരിക്കൽ, അതേ പ്രായത്തിൽ, അതേ സ്റ്റേഷനിൽ നിന്നാണ്‌ മുത്തശ്ശനെ കാണാൻ വന്നിട്ട് അയാളും യാത്രയായത്. അതിനു ശേഷം വളരെ വൈകാതെ മരിച്ചുപോയ ആ മുത്തശ്ശനെക്കുറിച്ച് തെളിഞ്ഞുനില്ക്കുന്ന ഓർമ്മകളൊന്നും അയാൾക്കില്ല, ആ അവസാനത്തെ വിട പറയലിനെക്കുറിച്ച് ഒരോർമ്മയുമില്ല. അത്രയും വികാരതീവ്രമായ ഒരു നിമിഷം എന്നെന്നേക്കുമായി പൊയ്പ്പോയത് അയാൾക്കെന്നുമൊരു സങ്കടത്തിനുള്ള കാര്യവുമായിരുന്നു.
പക്ഷേ, തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ, തന്റെ ചെറുമകന്‌ പിന്നീടിതൊന്നും ഓർമ്മയിലുണ്ടാവില്ല, ഒട്ടും തന്നെ ഓർമ്മയുണ്ടാവില്ല എന്ന തിരിച്ചറിവ് അയാൾക്കു യാതൊരു നഷ്ടബോധവും ഉണ്ടാക്കുന്നില്ല; അതുവഴി അയാൾക്ക് മറ്റൊരു പ്രകാരത്തിൽ തന്റെ മുത്തശ്ശനെ മനസ്സിലാവുകയുമാണ്‌, ഏതോർമ്മയേക്കാളും തീവ്രമായി, അകന്നകന്നുപോകുന്ന ഒരു ജനാലയ്ക്കു പിന്നിൽ നിന്ന് കൈവീശിക്കാണിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ രൂപത്തെക്കാളും തീവ്രമായി.

(ഗെയ്ൽ ടേൺബുൾ Gael Turnbull (1928-2004) 1960-70കാലത്തെ ബ്രിട്ടീഷ് കവിതാവസന്തത്തിന്റെ അഗ്രഗാമിയായ സ്കോട്ടിഷ് കവി.)

അഭിപ്രായങ്ങളൊന്നുമില്ല: