2022, ജൂൺ 2, വ്യാഴാഴ്‌ച

നെരൂദ - ഉറക്കമായ വീടിനൊരു വാഴ്ത്ത്



അങ്ങകലെ ബ്രസീലിൽ,    
മലമടക്കുകളും     
പള്ള വീർത്ത പുഴകളും കടന്ന്,     
വെളുത്ത വാവിന്റെ വെട്ടത്തിലൊരു രാത്രിയിൽ...     
വെടിയ്ക്കുന്ന കമ്പിസന്ദേശങ്ങളാൽ
ചീവീടുകൾ     
ആകാശവും ഭൂമിയും     
നിറയ്ക്കുന്നു.     
രാത്രിയോ,     
ചന്ദ്രന്റെ, ഭൂമിയുടെ     
ഗോളരൂപങ്ങൾ തീർക്കുന്നു,     
കണ്ണു കാണാത്ത ഉരുവങ്ങളെ     
കൊത്തിവിരിയ്ക്കുന്നു,     
ജനിപ്പിക്കുന്നു     
കാടുകളെ,     
കരിവീട്ടിനിറമായ പുഴകളെ,     
വിജയം ഘോഷിക്കുന്ന പ്രാണികളെ.    
 
  ഹാ, നാം ജീവിതം കഴിക്കാത്ത    
രാത്രിയുടെ ദേശം:     
പാതകളിൽ നാം     
ചഞ്ചലിക്കുന്നൊരു     
ദീപനാളമായിരുന്ന     
പുൽപ്പുരപ്പുകൾ,     
നിഴലത്തോടിയോടിപ്പോകുന്ന     
എന്തോ ഒന്ന്...     

  നാം കയറിച്ചെല്ലുന്നു    
ഉറങ്ങിക്കിടക്കുന്ന വീട്ടിനുള്ളിൽ,     
വിശാലവും     
വെളുത്തതും     
കതകു മലക്കെത്തുറന്നതുമാണത്,     
കട്ടപിടിച്ച ഇലച്ചാർത്തും     
നിലാവിന്റെ     
മിനുങ്ങുന്ന തിരകളും     
വലയം ചെയ്യുന്ന     
ഒരു തുരുത്ത്.     
കോണിപ്പടിയിൽ     
നമ്മുടെ ചെരുപ്പുകൾ     
പ്രാചീനമായ     
മറ്റു പാദപതനങ്ങളെ     
ഉണർത്തുന്നു,     
തൊട്ടിയിലിറ്റുന്ന     
വെള്ളത്തിന്‌     
ഒരു കഥ     
പറയാനുണ്ട്.    
 
  നാം വിളക്കുകളണയ്ക്കുന്നു,    
വിറപൂണ്ട വിരിപ്പുകൾ     
നമ്മുടെ കിനാക്കളിലലിയുന്നു.     
നിഴലടയ്ച്ച വീടിന്റെയുള്ളിൽ     
വട്ടം ചുറ്റുകയാണു സർവതും,     
മര്യാദ കെട്ടവർ,     
വൈകിയെത്തിയവർ,     
അവർ സർവ്വതിൻ്റെയും   
ഉറക്കം ഞെട്ടിച്ചു.

ചുറ്റിനും     
ചീവീടുകൾ,     
നിലാവ്,     
നിഴൽ,     
സ്ഥലം,     
സാന്നിദ്ധ്യങ്ങളും     
മുഖരമായ നിശബ്ദതയും     
നിറഞ്ഞ ഏകാന്തത.  
   
  പിന്നെ,    
വീട് കണ്ണുകളടയ്ക്കുന്നു,     
എണ്ണമറ്റ ചിറകുകളൊതുക്കുന്നു,     
നാം     

ഉറക്കവുമാവുന്നു. 


1 അഭിപ്രായം:

Sivasankar പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.