വസ്തുക്കളെ
പ്രേമിക്കുന്നു ഞാന-
ത്രയ്ക്കു ഭ്രാന്തമായി,
എനിക്കിഷ്ടം
ചവണകളെ,
കത്രികയെ,
ഞാൻ പൂജിക്കുന്നു
കപ്പുകളെ,
ഇരുമ്പുവളയങ്ങളെ,
സൂപ്പുപാത്രങ്ങളെ,
തൊപ്പിയുടെ കാര്യം
പിന്നെ പറയണോ.
ഞാൻ സ്നേഹിക്കുന്നു
സർവ്വതിനെയും,
ഉന്നതങ്ങളെയെന്നല്ല,
അത്രയ്ക്കു നിസ്സാരങ്ങളെയും,
വിരലുറകളെ,
കുതിമുള്ളുകളെ,
തളികകളെ,
പൂപ്പാത്രങ്ങളെയും.
ആണയിട്ടു പറയുന്നു ഞാൻ,
ഈ ഗ്രഹം
സുന്ദരമത്രെ,
അതിൽ നിറയുന്നു
കോട്ടിയ കൈകളിലെ ഹൂക്കകൾ,
ചാവികൾ,
ഉപ്പുഭരണികൾ,
മനുഷ്യൻ
കൈവേല ചെയ്ത സകലതും,
ചെരുപ്പിന്റെ വളവ്,
നൂലിന്റെ ഇഴയോട്ടം,
പൊന്നിന്റെ
ചോര പുരളാത്ത പുതുപ്പിറവി,
കണ്ണടകൾ,
നഖങ്ങൾ,
ചൂലുകൾ,
ഘടികാരങ്ങൾ,
വടക്കുനോക്കിയന്ത്രങ്ങൾ,
നാണയങ്ങൾ,
കസേരകളുടെ
മിനുസമാർന്ന മിനുസങ്ങൾ.
ഹാ,വിശുദ്ധിയാർന്ന വസ്തുക്കളെ
എത്ര സൃഷ്ടിച്ചിരിക്കുന്നു
മനുഷ്യൻ,
കമ്പിളിയിൽ,
മരത്തിൽ,
ചില്ലിൽ,
നൂലിഴയിൽ,
അതിശയപ്പെട്ട
കസേരകൾ,
കപ്പലുകൾ, കോണികൾ,
എല്ലാറ്റിനെയും
എനിക്കു പ്രേമം,
അവയുടെ തീക്ഷ്ണതയാലല്ല,
വാസനയാലല്ല,
എനിക്കറിയില്ല എന്നതിനാൽ,
നിന്റേതാണീ
പെരുംകടലെന്നതിനാൽ,
എന്റേതുമാണെന്നതിനാൽ,
ബട്ടണുകൾ,
ചക്രങ്ങൾ,
മറവിയിൽപ്പെട്ട
കുഞ്ഞുനിധികൾ,
തൂവലുകളിൽ
പ്രണയത്തിന്റെ മണം മറഞ്ഞ
വിശറികൾ,
ഗ്ലാസ്സുകൾ, കത്തികൾ,
കത്രികകൾ,
സർവ്വതിന്റെയും
പിടികളിലുണ്ട്,
ഓരങ്ങളിലുമുണ്ട്,
അത്രയ്ക്കും മറന്ന
മറവിയിൽപ്പെട്ട
ഒരു വിദൂരഹസ്തത്തിന്റെ
വിരൽപ്പാടുകൾ.
വീടുകൾ
കടന്നുപോകുന്നു ഞാൻ,
തെരുവുകളും,
ലിഫ്റ്റുകളും,
രഹസ്യമായി കൊതിക്കുന്ന
വസ്തുക്കളെ
തൊട്ടുനോക്കിയും
ഒളിഞ്ഞു നോക്കിയും:
മണിയടിക്കുന്നതിനാലൊന്നിനെ,
ഒരരക്കെട്ടു പോൽ മിനുസപ്പെട്ടതിനാൽ
മറ്റൊന്നിനെ,
ആഴക്കയത്തിന്റെ നിറമാർന്നതിനാൽ
ഇനിയൊന്നിന്നെ,
പട്ടുപോൽ തുടുത്തതിനാൽ വേറൊന്നിനെ.
ഹാ,
വസ്തുക്കളുടെ
തടുക്കരുതാത്ത പെരുമ്പുഴ,
ഞാൻ സ്നേഹിച്ചതു
മത്സ്യങ്ങളെ,
കാട്ടിലെ സസ്യങ്ങളെ,
പുൽപ്പരപ്പിനെ മാത്രമെ-
ന്നാരും പറയരുതേ,
ചാടുന്നതിനെ, കയറുന്നതിനെ,
അതിജീവിക്കുന്നതിനെ,
നിശ്വാസമുതിർക്കുന്നതിനെ
മാത്രമല്ല ഞാൻ സ്നേഹിച്ചു,
അതല്ല നേര്,
പലതുമെന്നോടെല്ലാം
പറഞ്ഞു.
അവയെന്നെ തൊട്ടുവെന്നു തന്നെയല്ല,
എന്റെ കൈ
അവയെ തൊട്ടുവെന്നു തന്നെയുമല്ല:
എൻ്റെ ജീവിതത്തിൻ്റെ ഭാഗമാകുമ്പോലെ
അത്രയ്ക്കവ എനിക്കടുത്തായിരുന്നു,
അവയെൻ്റെ പാതിജീവിതം ജീവിച്ചു,
അവയെൻ്റെ പാതിമരണം മരിക്കുകയും ചെയ്യും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ