2022, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ലോർക്ക - ഉറക്കമില്ലാത്ത നഗരം

 

ആകാശത്തൊരാളുമുറങ്ങുന്നില്ല. ഒരാളും ഒരാളും ഒരാളുമുറങ്ങുന്നില്ല.
ചാന്ദ്രജീവികൾ മണം പിടിച്ചുകൊണ്ടു തങ്ങളുടെ മാളങ്ങൾക്കു ചുറ്റും പരതിനടക്കുന്നു.
ജീവനുള്ള ഇഗ്വാനകൾ സ്വപ്നം കാണാത്ത മനുഷ്യരെ കടിക്കാനെത്തും ,
ഹൃദയം തകർന്നിറങ്ങിയോടുന്നവൻ തെരുവുമൂലകളിൽ കണ്ടെത്തും,
നക്ഷത്രങ്ങളുടെ സൗമ്യമായ പ്രതിഷേധത്തിനടിയിൽ സ്വൈരവിശ്രമം കൊള്ളുന്ന അവിശ്വസനീയമായൊരു മുതലയെ.

ലോകത്തൊരാളുമുറങ്ങുന്നില്ല. ഒരാളും ഒരാളും ഒരാളുമുറങ്ങുന്നില്ല.
അങ്ങകലെയുള്ളൊരു ശവപ്പറമ്പിൽ മൂന്നുകൊല്ലമായൊരു ജഡം കിടന്നു നിലവിളിക്കുന്നു,
തന്റെ കാല്മുട്ടിലുണങ്ങാതെ കിടക്കുന്ന ഊഷരമായൊരു ഗ്രാമത്തെച്ചൊല്ലി;
ഇന്നു കാലത്തു മറവു ചെയ്തൊരു ബാലൻ കരച്ചിലോടു കരച്ചിലായിരുന്നു,
ഒടുവിലവന്റെ വായടയ്ക്കാൻ നായ്ക്കളെ കൊണ്ടുവരേണ്ടിവന്നു.

ജീവിതം സ്വപ്നം പോലനായാസമല്ല. ജാഗ്രത! ജാഗ്രത! ജാഗ്രത!
കോണിപ്പടികളിൽ നിന്നു താഴെ വീണു നാം നനഞ്ഞ മണ്ണു തിന്നുന്നു,
അല്ലെങ്കിൽ ഉണങ്ങിയ ഡാലിയാപ്പൂക്കളുടെ സംഘഗാനത്തിനൊപ്പം മഞ്ഞിന്റെ വായ്ത്തലയിൽ പിടിച്ചുകയറുന്നു.
എന്നാൽ മറവിയില്ല, സ്വപ്നങ്ങളില്ല.;
ഉള്ളതുടൽ, ജീവനുള്ള ഉടൽ.
ചുംബനങ്ങൾ നമ്മുടെ ചുണ്ടുകളെ പുതുസിരകൾ കൊണ്ടു തുന്നിച്ചേർക്കുന്നു,
വേദനിക്കുന്നവൻ ശമനമില്ലാത്ത വേദന തിന്നും,
മരണഭയമുള്ളവൻ എന്നെന്നുമതും ചുമലേറ്റിനടക്കും.

ഒരുനാൾ മദ്യശാലകളിൽ കുതിരകൾ താമസമാകും,
പശുക്കളുടെ കണ്ണുകളിലഭയം തേടിയ പീതാകാശത്തെ ഉറുമ്പുകളുടെ പട കടന്നാക്രമിക്കും.

മറ്റൊരുനാൾ ഉണങ്ങിയ പൂമ്പാറ്റകൾ ജീവൻ വച്ചു ചിറകെടുക്കുന്നതു നാം കാണും,
നിറം കെട്ട സ്പോഞ്ചുകളുടേയും നാവിറങ്ങിയ നൗകകളുടേയും നാട്ടിലൂടെ നടക്കെത്തന്നെ
നമ്മുടെ മോതിരം തിളങ്ങുന്നതും നമ്മുടെ നാവുകളിൽ നിന്നു പനിനീർപ്പൂക്കൾ പൊഴിയുന്നതും നാം കാണും.
ജാഗ്രത! ജാഗ്രത! ജാഗ്രത!
നഖങ്ങളുടേയും മഴയുടേയും പാടുകൾ മാറാത്തവർ,
പാലങ്ങളെന്നൊന്നുണ്ടെന്നറിയാത്തതിനാൽ കരയുന്ന ആ ബാലൻ,
ഒരു തലയും ഒരു ചെരുപ്പും മാത്രം സ്വന്തമായുള്ള ആ ജഡം,
അവരെ നാം ചുമരിനടുത്തേക്കെടുക്കണം,
അവിടെക്കാത്തിരിക്കുന്നു, ഇഗ്വാനകളും സർപ്പങ്ങളും,
അവിടെക്കാത്തിരിക്കുന്നു കരടിയുടെ തേറ്റകൾ,
അവിടെക്കാത്തിരിക്കുന്നു, ഒരു ബാലന്റെ മമ്മിയാക്കിയ കൈപ്പടം,
ഉഗ്രമായൊരു നീലക്കിടുങ്ങലോടെ ഒട്ടകത്തിന്റെ രോമങ്ങളെഴുന്നുനില്ക്കുന്നതുമവിടെ.

ആകാശത്തൊരാളുമുറങ്ങുന്നില്ല.  ഒരാളും ഒരാളും ഒരാളുമുറങ്ങുന്നില്ല.
എന്നാലൊരാൾ കണ്ണടയ്ക്കുന്നെന്നാണെങ്കിലയാളെ ചാട്ട കൊണ്ടടിക്കുക, കൂട്ടരേ, ചാട്ട കൊണ്ടടിക്കുക!
തുറന്ന കണ്ണുകളും ചുടുന്ന മുറിവുകളുമായൊരു വിശാലദൃശ്യമുണ്ടാവട്ടെ.
ഈ ലോകത്തൊരാളുമുറങ്ങുന്നില്ല.
ഞാനതു മുമ്പേ പറഞ്ഞു.
എന്നാൽ രാത്രിയിൽ നെറ്റിയിൽ പായൽ പടരുന്നതാരെങ്കിലുമുണ്ടെങ്കിൽ
അരങ്ങിന്റെ രഹസ്യവാതിൽ തുറന്നിട്ടുകൊടുക്കൂ,
നിലാവത്തയാൾ കാണട്ടെ,
നാടകത്തിലെ മിഥ്യാചഷകങ്ങളും വിഷവും കപാലങ്ങളും.

(ന്യൂയോർക്കിൽ ഒരു കവി)


അഭിപ്രായങ്ങളൊന്നുമില്ല: