2022, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ലോർക്ക- ചാന്ദ്രമുന്തിരിപ്പഴത്തിന്റെ ഉദ്യാനത്തിൽ


ഉപക്രമം


ഒരു നിഴൽ പോലെ നമ്മുടെ ജീവിതം കടന്നുപോവുകയും ചെയ്യുന്നു, ഒരിക്കലും മടങ്ങിവരാതെ; നമ്മളിലൊരാളുപോലും, നമ്മുടേതായതൊന്നുപോലും മടങ്ങിവരുന്നതുമില്ല.

(പീറോ ലോപ്പസ് ഡി അയാല/ ധാർമ്മികോപദേശങ്ങൾ)


ഹ്രസ്വമെങ്കിലും നാടകീയമായ ഒരു യാത്രയ്ക്കിറങ്ങാനായി ഞാനെന്റെ ഏറ്റവുമടുത്ത സ്നേഹിതരോടു യാത്ര പറഞ്ഞുകഴിഞ്ഞു. ഒരു വെള്ളിക്കണ്ണാടിയിൽ, സൂര്യോദയത്തിനേറെ മുമ്പേതന്നെ, എന്റെ ലക്ഷ്യസ്ഥാനമായ ആ വിചിത്രദേശത്ത് എനിക്കു ധരിക്കേണ്ട വസ്ത്രങ്ങളടങ്ങിയ ചെറിയ സഞ്ചി ഞാൻ കാണുന്നുണ്ട്.

പ്രഭാതാഗമത്തിലെ വലിഞ്ഞുമുറുകിയ, തണുത്ത പരിമളം രാത്രിയുടെ ചെങ്കുത്തായ ചരിവിനെ നിഗൂഢമായ മട്ടിൽ പ്രഹരിക്കുന്നു. 

ആകാശത്തിന്റെ നിവർത്തിവച്ച, തിളങ്ങുന്ന താളിൽ ഒരു മേഘത്തിന്റെ ആദ്യാക്ഷരം വിറകൊണ്ടുതുടങ്ങിയിരുന്നു; എന്റെ ബാല്ക്കണിക്കു തൊട്ടുതാഴെ ഒരു രാപ്പാടിയും ഒരു തവളയും പരസ്പരം ഛേദിക്കുന്ന നിദ്രാണശബ്ദങ്ങൾ ഉയർത്തിയിരുന്നു.

പുറമേ പ്രശാന്തമെങ്കിലും എന്റെ ഹൃദയം വിഷാദഭരിതമാണ്‌; ചിറകുകളുടേയും ചക്രങ്ങളുടേയും അതിസൂക്ഷ്മമായ വികാരങ്ങൾ തടസ്സപ്പെടുത്താനുണ്ടെങ്കിലും ഞാനെന്റെ അന്തിമമായ തയ്യാറെടുപ്പുകൾ നടത്തുന്നു. എന്റെ മുറിയുടെ വെളുത്ത ചുമരിൽ വിശ്രുതമായ ആ വാൾ തൂങ്ങിക്കിടക്കുന്നുണ്ട്, ഒരു കാഴ്ചബംഗ്ലാവിലെ പാമ്പിനെപ്പോലെ, ഒരു വഴക്കവുമില്ലാതെ- ഡോൺ കാർലോസ് ഡി ബോർബോണിനെതിരെയുള്ള യുദ്ധത്തിൽ എന്റെ മുത്തശ്ശൻ കയ്യിലേന്തിയ വാൾ.

വെളുത്ത പോപ്ലാർ മരം പോലെ മഞ്ഞിച്ച തുരുമ്പു പിടിച്ച ആ വാൾ ആദരപുരസ്സരം ചുമരിൽ നിന്നെടുത്ത് ഞാനെന്റെ അരയിൽ ബന്ധിക്കുന്നു, ഉദ്യാനത്തിലേക്കു പ്രവേശിക്കണമെങ്കിൽ ദീർഘവും അദൃശ്യവുമായ ഒരു യുദ്ധം ഞാൻ പൊരുതേണ്ടിവരും എന്ന ഓർമ്മയോടെ. ചിരപുരാതനനായ എന്റെ വൈരി, സാമാന്യബോധം എന്ന കൂറ്റൻ വ്യാളിയുമായി ഘോരവും ഹർഷോന്മത്തവുമായ ഒരു യുദ്ധം.

മൂർച്ചയേറിയൊരു വികാരം, ഒരിക്കലുമില്ലാതിരുന്ന കാര്യങ്ങളെ- നല്ലതും ചീത്തയും വലുതും ചെറുതും- ഓർത്തുള്ള ഒരു വിലാപം പോലെ എന്റെ നേത്രദേശങ്ങളെ കീഴടക്കുന്നു (അവയാകട്ടെ, വയലറ്റ് കണ്ണടകൾക്കു പിന്നിൽ മിക്കവാറും മറഞ്ഞ നിലയിലുമായിരുന്നു.) വായുവിന്റെ ഏറ്റവുമുയർന്ന പ്രതലങ്ങളിൽ വിറപൂണ്ടുനില്ക്കുന്ന ഈ ഉദ്യാനത്തിലേക്കു നടക്കാൻ എന്നെ തള്ളിവിടുന്ന ഒരു തിക്തവികാരം.

ഓരോ ജീവിയുടേയും കണ്ണുകൾ ഭാവിയുടെ ചുമരിൽ ഭാസുരബിന്ദുക്കൾ പോലെ തുടിക്കുന്നു...പോയ കാലത്തിന്റേതായതെല്ലാം മഞ്ഞിച്ച അടിക്കാടും വന്ധ്യമായ പഴത്തോട്ടങ്ങളും വരണ്ടുണങ്ങിയ പുഴകളും നിറഞ്ഞതായി കാണപ്പെടുന്നു. ഒരു മനുഷ്യനും മരണത്തിലേക്ക് പുറം തിരിഞ്ഞു വീണിട്ടില്ല. എന്നാൽ, പരിത്യക്തവും അനന്തവുമായ ആ ദേശത്തെ ഒരു നിമിഷത്തേക്കു വീക്ഷിച്ചുനില്ക്കെ അപ്രകാശിതമായൊരു ജീവിതത്തിന്റെ കരടുപകർപ്പുകൾ ഞാനതിൽ കണ്ടു- പലതായ, ഒന്നിനുമേലൊന്നായ ആദ്യരൂപങ്ങൾ, ആദ്യന്തമില്ലാത്തൊരു ജലചക്രത്തിന്റെ കോരികകൾ പോലെ.

ഞാനെന്തോ മറന്നു...അതിലൊരു സംശയവും എനിക്കില്ല...ഒരുങ്ങാൻ എത്ര സമയമാണു ഞാനെടുത്തത്! എന്നിട്ടും...ദൈവമേ, ഞാനെന്താണു മറന്നത്? അതെ, ഒരു മരക്കട്ട...നിറം തുടുത്ത, ആരടുപ്പമുള്ള, ഒന്നാന്തരമൊരു ചെറിമരക്കട്ട. ഇറങ്ങുമ്പോൾ ചുറുചുറുക്കോടെയിറങ്ങണം എന്നാണെന്റെ വിശ്വാസം. കിടക്കയ്ക്കരികിലെ മേശപ്പുറത്തെ പൂപ്പാത്രത്തിൽ നിന്ന് വിളറിയ നിറത്തിലുള്ള വലിയൊരു പനിനീർപ്പൂവിറുത്തെടുത്ത് ഞാനെന്റെ കുപ്പായത്തിന്റെ ഇടത്തേ മടക്കിൽ കുത്തിവയ്ക്കുന്നു; കോപിഷ്ടമെങ്കിലും ദുർഗ്രാഹ്യമായ ഒരു പുരോഹിതമുഖം അതിന്റേത്.

ഇപ്പോഴിതാ, സമയമായിരിക്കുന്നു.

(മണികളുടെ വെള്ളിക്കലപിലകൾക്കു മേൽ പൂവൻകോഴികളുടെ കൊക്കരക്കോ.)



അഭിപ്രായങ്ങളൊന്നുമില്ല: