2022, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ഫ്രാൻസ് കാഫ്ക- ബിസിനസ്സുകാരൻ


എന്നോടു സഹതാപം തോന്നുന്ന ചുരുക്കം ചിലരുണ്ടായെന്നുവരാം; ഇനി അങ്ങനെയുണ്ടെങ്കിൽത്തന്നെ ഞാൻ അതറിയുന്നില്ല. എന്റെ നെറ്റിത്തടത്തേയും ചെന്നികളേയും വേദന പിടിപ്പിക്കാൻ മാത്രം ഉത്കണ്ഠകൾ എന്റെ ചെറിയ ബിസിനസ്സുകൊണ്ട് എനിക്കുണ്ടാകുന്നുണ്ട്; അതെന്തെങ്കിലും സംതൃപ്തിയുടെ പ്രതീക്ഷ നല്കുന്നുണ്ടോയെന്നു ചോദിച്ചാൽ അതുമില്ല; എന്റെ ബിസിനസ് അത്ര ചെറുതാണല്ലോ.

മണിക്കൂറുകൾക്കു മുമ്പേ എനിക്കു തീരുമാനങ്ങളെടുക്കേണ്ടിവരികയാണ്‌; സ്റ്റോർ കീപ്പറെ നിരന്തരം ഓർമ്മപ്പെടുത്തണം, വന്നുപോയേക്കാവുന്ന പിഴവുകളെക്കുറിച്ച് മുന്നറിയിപ്പു കൊടുക്കണം, അടുത്ത സീസണിലെ ഫാഷനുകൾ എന്തായിരിക്കാമെന്ന് ഈ സീസണിൽ കണക്കുകൂട്ടലുകൾ നടത്തുകയും വേണം; അതും എന്റെ പരിചയസീമയിലുള്ളവർക്കിടയിലല്ല, വിദൂരഗ്രാമങ്ങളിൽ കിടക്കുന്ന ആരെന്നറിയാത്തവരിൽ.

എന്റെ പണം കിടക്കുന്നത് അന്യരുടെ കൈകളിലാണ്‌; അവരുടെ സാഹചര്യങ്ങളെന്താണെന്ന് എനിക്കൊരു പിടിയുമില്ല; ഏതു നിമിഷവും അവർക്കു നേരിടേണ്ടിവരുന്നത് എന്തത്യാഹിതമാണെന്നു മുൻകൂട്ടിക്കാണാൻ എനിക്കു കഴിയുന്നില്ല; പിന്നെയല്ലേ, എനിക്കതൊഴിവാക്കാൻ കഴിയുന്നു! അവരിപ്പോൾ ധാരാളികളായിട്ടുണ്ടാവാം, ഗാർഡൻ പാർട്ടികളിൽ ബിയറൊഴുക്കുകയാവാമവർ, വേറേ ചിലർ അമേരിക്കയിലേക്കു കടന്നുകളയുന്നതിനു മുമ്പ്   അതിൽ പങ്കെടുക്കുന്നുണ്ടെന്നും വരാം.

വൈകുന്നേരം കടയടയ്ക്കേണ്ട നേരത്ത് ബിസിനസ്സിന്റെ ഒരിക്കലും തീരാത്ത ആവശ്യങ്ങൾക്കായി എനിക്കൊന്നും ചെയ്യാൻ പറ്റാത്ത മണിക്കൂറുകൾ മുന്നിൽ  നീണ്ടുകിടക്കുന്നത് പെട്ടെന്നു കാണുമ്പോൾ അന്നു കാലത്തു ഞാൻ സംഭരിച്ച ഉത്സാഹമെല്ലാം ഒരു വേലിയിറക്കം പോലെ എന്നിൽ നിന്നു വാർന്നുപോവുകയാണ്‌; തന്നെയുമല്ല, അതവിടെയും നില്ക്കാതെ എന്നെയും ഒഴുക്കിക്കൊണ്ടുപോവുകയാണ്‌, എനിക്കറിയാത്ത എവിടേക്കോ. 

എന്നാലും എന്റെ അപ്പോഴത്തെ മനോഭാവത്തെ പ്രയോജനമുള്ള രീതിയിൽ തിരിച്ചുവിടാൻ എനിക്കു കഴിയുന്നില്ല- വീട്ടിൽ പോവുക എന്നതേ എനിക്കു ചെയ്യാനുള്ളു; കാരണം, എന്റെ മുഖത്തും കയ്യിലുമാകെ അഴുക്കും വിയർപ്പുമാണ്‌, എന്റെ കോട്ടു നിറയെ പൊടിയാണ്‌, വീഞ്ഞപ്പെട്ടികളിലെ ആണികൾ കൊണ്ടു പോറി എന്റെ ബൂട്ടു രണ്ടും വര വീണിരിക്കുകയുമാണ്‌. രണ്ടു കൈകളുടേയും ഞൊട്ടയൊടിച്ചുകൊണ്ടും തെരുവിൽ എതിരേ വരുന്ന കുട്ടികളുടെ തലയിൽ തടവിക്കൊണ്ടും ഞാൻ വീട്ടിലേക്കു പോകുന്നു, ഒഴുകിപ്പോകുന്നപോലെ.

പക്ഷേ വഴിക്കൊട്ടും ദൂരമില്ല. പറയും മുമ്പേ ഞാൻ വീടെത്തുകയും ലിഫ്റ്റിന്റെ വാതിൽ തുറക്കുകയും അകത്തേക്കു കാലെടുത്തുവയ്ക്കുകയുമാണ്‌.

പെട്ടെന്നു ഞാൻ ഒറ്റയ്ക്കായതായി എനിക്കു മനസ്സിലാകുന്നു. കോണി കയറിപ്പോകേണ്ട മറ്റുള്ളവരാകട്ടെ, കയറിയതിന്റെ ക്ഷീണമറിഞ്ഞും ആരെങ്കിലും ഫ്ലാറ്റിന്റെ വാതിൽ തുറന്നുതരാനായി കിതച്ചും കൊണ്ടു കാത്തുനിന്നും (അതവരെ ക്ഷമ കെടുത്തുകയും ശുണ്ഠി പിടിപ്പിക്കുകയും ചെയ്യുന്നുണ്ട്) പിന്നെ ഇടനാഴിയിലൂടെ നടന്ന്, പല ചില്ലുവാതിലുകളും കടന്ന് സ്വന്തം മുറിക്കുള്ളിലെത്തിയിട്ടേ ശരിക്കും ഒറ്റയ്ക്കാകുന്നുള്ളു. 

എന്നാൽ എന്റെ കാര്യത്തിലാകട്ടെ, ലിഫ്റ്റിൽ കയറി, കാൽമുട്ടുകളിൽ കൈ കുത്തി ചെറിയ കണ്ണാടിയിൽ കണ്ണോടിക്കേണ്ട താമസം, ഞാൻ ഒറ്റയ്ക്കായിക്കഴിഞ്ഞു. ലിഫ്റ്റുയരാൻ തുടങ്ങുമ്പോൾ ഞാൻ എന്നോടുതന്നെ പറയുന്നു:

“ആരും ഒച്ചയുണ്ടാക്കരുത്, എല്ലാവരും മാറിപ്പോവുക, മരങ്ങളുടെ നിഴലത്തേക്ക്, കർട്ടനുകളുടെ പിന്നിലേക്ക്, തെരുവുകമാനങ്ങളുടെ ചുവട്ടിലേക്കു മറഞ്ഞുപോവുക.”

പല്ലു കടിച്ചുപിടിച്ചുകൊണ്ട് ഞാനിതു പറയുമ്പോൾ ലിഫ്റ്റിൻ്റെ അർദ്ധതാര്യമായ ജനാലച്ചില്ലിനു  പുറത്ത് കോണിപ്പടിയുടെ കൈവരികൾ ജലപാതം പോലെ താഴേക്കു വീഴുകയായിരുന്നു.

“പറന്നുപോകൂ; ഞാനിന്നേവരെ കാണാത്ത നിങ്ങളുടെ ചിറകുകൾ താഴ്വാരത്തെ ഗ്രാമത്തിലേക്കു നിങ്ങളെ കൊണ്ടുപോകട്ടെ; ഇനി അതല്ല, നിങ്ങൾക്കങ്ങനെയൊരാഗ്രഹമുണ്ടെങ്കിൽ, പാരീസിലേക്കു തന്നെയാവട്ടെ.

”എന്നാൽ ജനാലയിലൂടെയുള്ള കാഴ്ച്ച കാണാതെപോകരുത്- മൂന്നു തെരുവുകളിൽ നിന്നും ഒരേ സമയം ജാഥകൾ കടന്നുവരികയും ഒന്ന് മറ്റൊന്നിനു വഴി മാറുന്നതിനു പകരം ഒരുമിച്ചുചേരുകയും അവസാനത്തെയാളും കടന്നുപോയി ചത്വരം സാവധാനം പഴയപടിയാകുന്നതും കണ്ടു നിങ്ങളാനന്ദിക്കണം. നിങ്ങളുടെ തൂവാലകൾ വീശിക്കാണിക്കുക, സ്തബ്ധരാവുക, വികാരഭരിതരാവുക, എന്തു സൗന്ദര്യമാണ് ആ കടന്നുപോയ സ്ത്രീക്കെന്നത്ഭുതപ്പെടുക.

“മരപ്പാലത്തിലൂടെ പുഴ കടക്കുക, കുളിക്കുന്ന കുട്ടികളെ നോക്കി തലയാട്ടുക, അങ്ങകലെയുള്ള പടക്കപ്പലിൽ നിന്നുയരുന്ന ഒരായിരം നാവികരുടെ ആഹ്ലാദാരവങ്ങളിൽ വിസ്മിതരാവുക.

”പാവത്താനെപ്പോലെ തോന്നുന്ന ആ മനുഷ്യനെ പിന്തുടരുക, അയാളെ ഒരിടനാഴിയിലേക്കു പിടിച്ചുതള്ളി കയ്യിലുള്ളതെല്ലാം കവരുക, പിന്നയാൾ പതുക്കെ ഇടതുവശത്തെ ഇടത്തെരുവിലേക്കു തിരിഞ്ഞു പോകുന്നത് ഇരുകൈകളും കീശയിലാഴ്ത്തി നോക്കിനില്ക്കുക. 

“കുതിരപ്പോലീസുകാർ ഒറ്റതിരിഞ്ഞു കുതിച്ചുവരുന്നു, കടിഞ്ഞാൺ വലിച്ചു നിങ്ങളെയവർ പിന്നിലേക്കു തള്ളിമാറ്റുന്നു. ആയിക്കോട്ടെ- വിജനമായ തെരുവുകൾ കണ്ട് അവർക്കു വെറി പിടിക്കും, ഞാൻ പറഞ്ഞില്ലേ. ഇപ്പോൾത്തന്നെ അവർ പിരിഞ്ഞുപോകാൻ തുടങ്ങിക്കഴിഞ്ഞു, ഈരണ്ടു പേരായി, വളവുകൾ സാവധാനം വളഞ്ഞ്, തുറസ്സായ കൂട്ടുപാതകളിലൂടെ പറന്ന്.”

അപ്പോഴേക്കും എനിക്കിറങ്ങാൻ നേരമാകുന്നു; ലിഫ്റ്റിന്റെ വാതിൽ തുറന്ന് ഞാൻ ഡോർബെല്ലടിക്കുന്നു. വേലക്കാരി വാതില്ക്കലെത്തുകയും ഞാനവൾക്ക് ഒരു ഗുഡ് ഈവനിങ്ങ് പറയുകയും ചെയ്യുന്നു.

(1913)


അഭിപ്രായങ്ങളൊന്നുമില്ല: