2023, ജൂൺ 27, ചൊവ്വാഴ്ച

ഹെൻറിക്ക് നോർഡ്ബ്രാന്റ് - തെരുവുകൾ



വളരെപ്പണ്ടവസാനിച്ച പ്രണയങ്ങൾ:
ചിലനേരം നിങ്ങളവയെ കണ്ടുമുട്ടുന്നു, തെരുവുകളിൽ,
ചിലനേരം നിങ്ങളവയെ കണ്ടുമുട്ടുന്നു, സ്വപ്നങ്ങളിൽ.
തെരുവിൽ കണ്ടുമുട്ടുമ്പോൾ അവയോർമ്മിപ്പിക്കുന്നത് സ്വപ്നങ്ങളെ,
സ്വപ്നങ്ങളിൽ കണ്ടുമുട്ടുമ്പോൾ അവയോർമ്മിപ്പിക്കുന്നത് തെരുവുകളെ,
പാതി വീടുകളും ആളൊഴിഞ്ഞ തെരുവുകൾ,
ജനാലകൾക്കു പിന്നിലെ ഇരുട്ടിൽ തെളിയുന്നത്
ആരുടെ മുഖങ്ങളാണെന്നു നിങ്ങൾക്കോർമ്മയുമില്ല.

2023, ജൂൺ 11, ഞായറാഴ്‌ച

ഫെർണാണ്ടോ പെസൊവ - ആട്ടിടയൻ


I

ഞാൻ ആടു വളർത്തിയിട്ടേയില്ല,
എന്നാൽ അങ്ങനെയൊരു മട്ടാണെനിക്ക്.
ഒരാട്ടിടയനെപ്പോലെയാണ്‌ എന്റെയാത്മാവ്,
കാറ്റും വെയിലും കൊണ്ടും
ഋതുക്കളോടൊപ്പം കൈ കോർത്തും
എല്ലാം കണ്ടും കേട്ടും അതു നടക്കും.
മനുഷ്യരില്ലാത്ത പ്രകൃതിയുടെ സമാധാനമാകെ
എനിക്കൊപ്പം വന്നിരിക്കും.
എന്നാൽ എനിക്കൊരു വിഷാദം തോന്നാറുമുണ്ട്,
അസ്തമയം നമ്മുടെ ഭാവനയ്ക്കെങ്ങനെയോ, അതുപോലെ:
അങ്ങകലെ അതു മാഞ്ഞുമാഞ്ഞുപോകുന്നതു നാം കാണുമ്പോൾ,
തുറന്ന ജനാലയിലൂടെ ഒരു ചിത്രശലഭത്തെപ്പോലെ
രാത്രി കയറിവരുന്നതു നാമറിയുമ്പോൾ.

എന്നാൽ എന്റെ വിഷാദം സാന്ത്വനമേകുന്നതുമാണ്‌,
അത് ശരിയും സ്വാഭാവികവുമാണെന്നതിനാൽ,
എന്റെയാത്മാവിനുണ്ടാകേണ്ടതാണതെന്നതിനാൽ;
താനുണ്ടെന്നൊരു ചിന്തയിരിക്കെത്തന്നെ
എന്റെ കൈകൾ പൂവിറക്കുന്നതതിന്റെ ശ്രദ്ധയിൽ
വരുന്നതുപോലുമില്ലല്ലോ.

വഴിയിലെ തിരിവിനുമപ്പുറം
കാലികളുടെ കുടമണികിലുക്കം പോലെ
പരിതൃപ്തമാണെന്റെ ചിന്തകൾ.
അവ തൃപ്തമാണെന്നറിയുന്നതു മാത്രമാണ്‌
എന്നെ ഖേദിപ്പിക്കുന്നത്;
എനിക്കതറിയില്ലായിരുന്നുവെങ്കിൽ
തൃപ്തവും ദുഃഖിതവുമാകുന്നതിനു പകരം
അവ ഉല്ലാസഭരിതവും തൃപ്തവുമായേനെ.

ചിന്തിക്കുന്നത് അസുഖകരമാണ്‌,
കാറ്റിനൂക്കു കൂടുകയും മഴ കനക്കുകയും ചെയ്യുമ്പോൾ
 മഴയത്തു നടക്കുന്നപോലെ.

എനിക്കാഗ്രഹങ്ങളില്ല, അത്യാശകളുമില്ല.
കവിയായെങ്കിൽ ഞാനതാശിച്ചായതുമല്ല.
ഒറ്റയ്ക്കാവാനുള്ള എന്റെ വഴിയാണത്.

ചിലനേരം ഭാവനയിൽ
ഒരു കുഞ്ഞാടാകാൻ ഞാനാഗ്രഹിക്കുന്നുണ്ടെങ്കിൽ,
(അല്ലെങ്കിൽ ഒരാട്ടിൻപറ്റം തന്നെയായി 
കുന്നിഞ്ചരിവിലേക്കു പരന്നുനിറയാനും
ഒരേനേരം പല സന്തോഷങ്ങളാകാനും
ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ)
സൂര്യനസ്തമിക്കുമ്പോൾ,
അല്ലെങ്കിൽ, വെളിച്ചത്തിനു മേൽ കൂടി
ഒരു മേഘത്തിന്റെ കൈ കടന്നുപോവുകയും
പുല്പരപ്പിലൂടെ ഒരു നിശബ്ദത പാഞ്ഞുപോവുകയും ചെയ്യുമ്പോൾ
ഞാനെഴുതുന്നത് ഞാൻ അനുഭവിക്കുന്നതുകൊണ്ടുമാത്രം.

ഒരു കവിതയെഴുതാൻ ഞാനിരിക്കുമ്പോൾ,
അല്ലെങ്കിൽ, പെരുവഴികളിലൂടെയും നടത്താരകളിലൂടെയുമലയവെ
മനക്കടലാസിൽ ഞാൻ കവിതകളെഴുതുമ്പോൾ,
എന്റെ കൈകളിൽ ഒരിടയക്കോലുള്ളപോലെ എനിക്കനുഭവമാകുന്നു,
ഏതോ കുന്നിനു മേൽ മറ്റൊരു ഞാൻ നില്ക്കുന്നപോലെ,
എന്റെ പറ്റത്തെ നോക്കുകയും എന്റെ ചിന്തകൾ കാണുകയുമാണെന്നപോലെ,
എന്റെ ചിന്തകളെ നോക്കുകയും എന്റെ പറ്റത്തെ കാണുകയുമാണെന്നപോലെ,
കേട്ടതു മനസ്സിലായില്ലെങ്കിലും
മനസ്സിലായെന്ന നാട്യത്തോടെ
വിളറിയ ഒരു പുഞ്ചിരി മുഖത്തു വരുത്തിക്കൊണ്ട്.

എന്റെ കവിത വായിക്കുന്ന എല്ലാവരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു,
എന്റെ വാതില്ക്കൽ ഞാൻ നില്ക്കുന്നതവർക്കു കാണാം,
കുന്നിനു മുകളിൽ അവരുടെ വണ്ടിയെത്തുമ്പോൾ;
അവരെ തൊപ്പിയൂരി ഞാൻ അഭിവാദ്യം ചെയ്യുന്നു.
അവർക്കു ഞാൻ സലാം പറയുന്നു,
വെയിലും മഴ വേണ്ടപ്പോൾ മഴയും അവർക്കു ഞാനാശംസിക്കുന്നു,
അവരുടെ വീടുകൾക്കുണ്ടാകട്ടെ,
എന്റെ കവിതകളും വായിച്ചുകൊണ്ടവർക്കിരിക്കാൻ,
തുറന്ന ജനാലയ്ക്കരികിൽ സുഖമുള്ളൊരു കസേരയും.
എന്റെ കവിതകൾ വായിക്കുമ്പോൾ അവർക്കു തോന്നുമാറാകട്ടെ,
ഞാനേതോ പ്രാകൃതികവസ്തുവാണെന്ന്-
ഉദാഹരണത്തിന്‌ ഒരു പുരാതനവൃക്ഷം:
കുട്ടികളായിരുന്നപ്പോൾ, കളിച്ചുതളർന്ന്
അതിന്റെ തണലിലവർ അടിഞ്ഞുകിടക്കുമായിരുന്നു,
തങ്ങളുടെ വരയൻ കുപ്പായത്തിന്റെ കൈ കൊണ്ടവർ

പൊള്ളുന്ന നെറ്റിയിൽ നിന്നു വിയർപ്പു വടിച്ചെടുക്കുമായിരുന്നു.


II

ഒരു സൂര്യകാന്തി പോലെ തെളിഞ്ഞതാണെന്റെ നോട്ടം.
പതിവായി ഞാൻ നടക്കാനിറങ്ങാറുണ്ട്,
ഇടവും വലവും നോക്കി,
ഇടയ്ക്കിടെ പിന്നിലും നോക്കി...
ഓരോ നിമിഷവും കാണുന്നതോരോന്നും
ഇതിനു മുമ്പു ഞാൻ കാണാത്തതാണ്‌,
ആ വകയൊക്കെ ശ്രദ്ധിക്കുന്നതിൽ
ഞാനെന്നും നിപുണനുമാണ്‌...
പിറന്നപ്പോൾ താൻ പിറന്നുവെന്നറിഞ്ഞാൽ
ശിശുവിനുണ്ടാവുന്ന അതേ അത്ഭുതം
എനിക്കനുഭവമാണ്‌...
ലോകത്തിന്റെ നിത്യനൂതനതയിലേക്ക്
ഒരോ നിമിഷവും പിറന്നുവീഴുകയാണു ഞാനെന്ന്
ഞാനറിയുകയും ചെയ്യുന്നു...

ലോകമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നത്
കണ്ണുകൊണ്ടു കാണുന്നതിനാൽ ഒരു ഡെയ്സിപ്പൂവുണ്ടെന്നു
ഞാൻ വിശ്വസിക്കുന്നതുപോലെ.
എന്നാൽ അതിനെക്കുറിച്ചു ഞാൻ ചിന്തിക്കാറില്ല,
എന്തെന്നാൽ ചിന്തിക്കുകയെന്നാൽ മനസ്സിലാക്കാതിരിക്കുക എന്നത്രേ...
ലോകമുണ്ടായത് നമുക്കതിനെക്കുറിച്ചു ചിന്തിക്കാനല്ല
(ചിന്തിക്കുക എന്നാൽ കണ്ണുദീനം പിടിക്കുക എന്നാണ്‌),
നമുക്കതിനെ കാണാനും അതിനോടിണങ്ങിപ്പോകാനും...

ഒരു തത്വശാസ്ത്രവും എനിക്കില്ല:
എനിക്കിന്ദ്രിയങ്ങളുണ്ട്, അത്രതന്നെ...
പ്രകൃതിയെക്കുറിച്ചു ഞാൻ പറയുന്നുണ്ടെങ്കിൽ
എന്താണു പ്രകൃതി എന്നെനിക്കറിയാവുന്നതുകൊണ്ടല്ല,
ഞാനതിനെ സ്നേഹിക്കുന്നുവെന്നതിനാൽ,
ഞാനതിനെ സ്നേഹിക്കുന്നതും അതിനാൽ,
സ്നേഹിക്കുന്നവനറിയില്ലല്ലോ, 
താൻ സ്നേഹിക്കുന്നതെന്തിനെയെന്ന്,
താൻ സ്നേഹിക്കുന്നതെന്തിനെന്ന്,
എന്താണ്‌ സ്നേഹമെന്ന്...
സ്നേഹിക്കുക എന്നാൽ നിത്യമായ നിഷ്കളങ്കതയാണ്‌,
നിഷ്കളങ്കത എന്നാൽ ഒന്നുമാത്രം,
ചിന്തിക്കാതിരിക്കുക...

IV

ഇന്നുച്ചതിരിഞ്ഞിട്ടൊരിടിയും മിന്നലും കാറ്റും
ആകാശച്ചരിവുരുണ്ടിറങ്ങിവന്നു,
ഒരു പെരുംപാറക്കല്ലു പോലെ...

ഉയരത്തിലുള്ളൊരു ജനാലയിലൂടൊരാൾ
ഒരു മേശവിരിയെടുത്തു കുടയുമ്പോൾ,
അതിലെ എച്ചിൽകഷണങ്ങൾ,
ഒരുമിച്ചാണവ വീഴുന്നതെന്നതിനാൽ,
വീഴുമ്പോഴൊരൊച്ചയുണ്ടാക്കുന്നതുപോലെ,
ആകാശത്തു നിന്നു മഴ ചുഴറ്റിയിറങ്ങിവന്നു,
വഴികളാകെ ഇരുട്ടു നിറച്ചു...

മിന്നല്പിണരുകൾ ആകാശത്തു തിക്കിത്തിരക്കിയപ്പോൾ,
ഇല്ല എന്നു പറയുന്ന ഒരു കൂറ്റൻതലയെപ്പോലെ
വായുവിനെ പിടിച്ചുകുലുക്കിയപ്പോൾ,
എന്തുകൊണ്ടെന്നറിയില്ല (എനിക്കു പേടിയില്ലായിരുന്നല്ലോ)
വിശുദ്ധബാർബറയോടു ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങി,
ആരുടെയോ വല്യമ്മായിയാണു ഞാനെന്നപോലെ...

ഹാ, വിശുദ്ധബാർബറയോടു പ്രാർത്ഥിച്ചാൽ
എനിക്കുണ്ടെന്നു ഞാൻ കരുതുന്നതിനെക്കാൾ ലാളിത്യം
എനിക്കു തോന്നും...
നിത്യസാധാരണവും മെരുങ്ങിയതുമായ ഒരു തോന്നൽ
എനിക്കുണ്ടാകും,
ഒരു ജീവിതകാലമാകെ ഒരുദ്യാനത്തിന്റെ ചുമരു പോലെ
സമാധാനത്തോടെ ഞാൻ ജീവിച്ചാലെന്നപോലെ,
പൂവിനു മണവും നിറവുമെങ്ങനെയോ,
എന്റെ ചിന്തകളും വികാരങ്ങളുമങ്ങനെയാണെന്നപോലെ...

വിശുദ്ധബാർബറയിൽ വിശ്വസിക്കുന്നൊരാളെപ്പോലെ
ഞാൻ എന്നെക്കണ്ടു...
ഹാ, വിശുദ്ധബാർബറയിൽ വിശ്വസിക്കാനാവുക!

(വിശുദ്ധബാർബറയിൽ വിശ്വസിക്കുന്നവർ കരുതുന്നുണ്ടോ,
നമ്മളെപ്പോലെയാണ്‌, ദൃഷ്ടിഗോചരയാണവരെന്ന്?
ഇനിയല്ലെങ്കിൽ ആ വിശുദ്ധ എങ്ങനെയാണെന്നാണവർ കരുതുന്നത്?)

(എന്തു തട്ടിപ്പാണിത്!
പൂക്കൾക്കും മരങ്ങൾക്കും ചെമ്മരിയാടുകൾക്കും
വിശുദ്ധബാർബറയെക്കുറിച്ചെന്തറിയാം?
ഒരു മരച്ചില്ല, ചിന്തിക്കാനറിയാം അതിനെങ്കിൽ,
വിശുദ്ധരെയോ മാലാഖമാരെയോ സൃഷ്ടിക്കാൻ പോകുന്നില്ല...
സൂര്യൻ വെളിച്ചം പരത്തുന്നുവെന്നും
വെളിച്ചത്തിൽ നിന്നു തുടങ്ങുന്ന ഒരാകസ്മികശബ്ദമാണ്‌ ഇടിവെട്ടെന്നും
അത് ചിന്തിച്ചെന്നു വരാം...
ഹാ, എത്രയും ലാളിത്യമാർന്നവർ പോലും 
എത്ര രോഗികളും വിഭ്രാന്തരും മൂഢരുമാണ്‌
സസ്യങ്ങളുടേയും മരങ്ങളുടേയും തെളിഞ്ഞ സാരള്യത്തിനും
ഓജസുറ്റ അസ്തിത്വത്തിനും മുന്നിൽ!)

ഇതിനെക്കുറിച്ചൊക്കെ ചിന്തിച്ചുകൊണ്ടിരിക്കെ
പിന്നെയും ഞാൻ സന്തോഷഹീനനായി...
ഞാൻ വിഷണ്ണനും മനസ്സിടിഞ്ഞവനും മുഖം കറുത്തവനുമായി,
പകൽ മുഴുവൻ ഭീഷണിപ്പെടുത്തിയ ഇടിയും കാറ്റും
രാത്രിയായിട്ടും വീശാതെപോയ ഒരു നാളു പോലെ.

V


യാതൊന്നിനെക്കുറിച്ചും ചിന്തിക്കാതിരിക്കുന്നതിൽത്തന്നെയുണ്ട്
മതിയായത്ര വേദാന്തം.

ലോകത്തെക്കുറിച്ചെന്റെ ചിന്തയെന്താണ്‌?
ലോകത്തെക്കുറിച്ചെന്റെ ചിന്തയെന്താണെന്നെനിക്കൊരു ധാരണയുമില്ല!
സുഖമില്ലാതെ കിടപ്പിലാവുമ്പോൾ
ആ വകയെക്കുറിച്ചൊക്കെ ഞാൻ ചിന്തിച്ചുവെന്നുവരാം.
വസ്തുക്കളെക്കുറിച്ചെന്റെ ധാരണയെന്തൊക്കെയാണ്‌?
കാര്യകാരണബന്ധത്തെക്കുറിച്ചെനിക്കെന്തു പറയാനുണ്ട്?
ദൈവത്തെയും ആത്മാവിനെയും പ്രപഞ്ചസൃഷ്ടിയേയും കുറിച്ചു
ഞാൻ മനനം ചെയ്തിരിക്കുന്നതെന്തൊക്കെ?
അതൊന്നുമെനിക്കറിയില്ല.
അതിനെക്കുറിച്ചൊക്കെ ചിന്തിക്കുകയെന്നാൽ
എനിക്കത് കണ്ണും പൂട്ടിക്കിടക്കുകയും
ചിന്തിക്കാതിരിക്കുകയും  എന്നാണ്‌,
.കർട്ടൻ വലിച്ചിടുകയാണത്.
(എന്റെ ജനാലയ്ക്കു പക്ഷേ കർട്ടനുമില്ല.)

വസ്തുക്കളിൽ നിഹിതമായ നിഗൂഢത?
നിഗൂഢതയെന്നാലെന്താണെന്നുതന്നെ എനിക്കറിയില്ല!
നിഗൂഢതയെക്കുറിച്ചു ചിന്തിക്കുന്നൊരാളുണ്ടാവുകയെന്നതുതന്നെ
ആകെയുള്ള നിഗൂഢത.
വെയിലത്തു നിന്നുകൊണ്ടു നിങ്ങൾ കണ്ണടയ്ക്കുമ്പോൾ
എന്താണു സൂര്യനെന്ന് നിങ്ങൾക്കറിയാതാവാൻ തുടങ്ങുന്നു,
ചൂടുള്ള വസ്തുക്കളെക്കുറിച്ചു നിങ്ങൾ ചിന്തിക്കാൻ തുടങ്ങുന്നു.
എന്നാൽ കണ്ണു തുറന്നു സൂര്യനെ നോക്കുമ്പോൾ
മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ നിങ്ങൾക്കു കഴിയില്ല.
എന്തെന്നാൽ സകലമാനകവികളുടെയും സകലമാനചിന്തകരുടെയും
ചിന്തകളൊരുമിച്ചിട്ടാലും 
അതിലും  വിലയുള്ളതത്രേ സൂര്യവെളിച്ചം.
സൂര്യവെളിച്ചത്തിനറിയില്ല എന്താണതു ചെയ്യുന്നതെന്ന്,
അതിനാൽ പിശകുന്നില്ലതിന്‌, പൊതുവാണത്, നല്ലതുമാണത്.

വേദാന്തം? ആ മരങ്ങൾക്കെന്തു വേദാന്തം?
പച്ചപ്പുണ്ടായിരിക്കുക, ചില്ലയും പടർപ്പുമുണ്ടായിരിക്കുക,
കാലമാവുമ്പോൾ കായ്ക്കുക,
അതൊന്നും നമ്മെ ചിന്തിപ്പിക്കാറില്ല,
നമുക്കതൊന്നും ശ്രദ്ധിക്കാനറിയുകയുമില്ല.
അവയുടേതിലും കേമമായ വേദാന്തം വേറെന്തുണ്ടു പക്ഷേ?
ജീവിക്കുന്നതെന്തിനാണെന്നറിയാതിരിക്കുക,
തങ്ങൾക്കതറിയില്ലെന്നുതന്നെയറിയാതിരിക്കുക-
അതാണവയുടെ വേദാന്തം.
‘വസ്തുക്കളുടെ ആന്തരഘടന...’
‘പ്രപഞ്ചത്തിന്റെ അന്തരാർത്ഥം...’
അബദ്ധമാണാവകയൊക്കെ, അർത്ഥശൂന്യമാണവ.
വസ്തുക്കളെക്കുറിച്ചാവിധം ചിന്തിക്കാനാവുക എന്നു പറയുകതന്നെ അവിശ്വസനീയം.
പ്രഭാതം പൊട്ടിവിടരുമ്പോൾ,
അങ്ങവിടെ, ആ മരങ്ങൾക്കു മേൽ അവ്യക്തമായൊരു സുവർണ്ണദീപ്തി
ഇരുട്ടിനെ ആട്ടിപ്പായിക്കുമ്പോൾ
കാരണങ്ങളെയും ഉദ്ദേശ്യങ്ങളെയും കുറിച്ചു ചിന്തിക്കുമ്പോലെയാണത്.
വസ്തുക്കളുടെ അന്തരാർത്ഥത്തെക്കുറിച്ചു ചിന്തിക്കുന്നതൊരു കടന്നകൈയാണ്‌,
ആരോഗ്യമുള്ളപ്പോൾ ആരോഗ്യത്തെക്കുറിച്ചു ചിന്തിക്കുമ്പോലെ,
അരുവിയിലേക്കൊരു കപ്പുമെടുത്തു ചെല്ലുമ്പോലെ.

വസ്തുക്കൾക്കാകെയുള്ള ഒരന്തരാർത്ഥം
അവയ്ക്കൊരന്തരാർത്ഥവുമില്ല എന്നതുതന്നെ.

എനിക്കു ദൈവവിശ്വാസമില്ല,
എന്തെന്നാൽ ഞാനവനെ കണ്ടിട്ടേയില്ല.
ഞാനവനിൽ വിശ്വസിക്കണമെന്നവനുണ്ടായിരുന്നെങ്കിൽ,
നിശ്ചയമായും അവനെന്നോടു സംസാരിക്കാൻ വരുമായിരുന്നു.
കതകിൽ തട്ടിയിട്ടവൻ പറയും,
ഞാനിതാ!

എന്നാൽ ദൈവം പൂക്കളും മരങ്ങളും
കുന്നുകളും സൂര്യനും നിലാവുമാണെങ്കിൽ,
എങ്കിൽ ഞാനവനിൽ വിശ്വസിക്കുന്നു,
എന്നാളും ഞാനവനെ വിശ്വസിക്കും,
എന്റെ ജീവിതം തന്നെ ഒരു പ്രഭാഷണവും ഒരാരാധനയുമാവും;
ഒരു കൂദാശ,  എന്റെ കണ്ണുകൾ കൊണ്ടും കാതുകളിലൂടെയും.
എന്നാൽ ദൈവം മരങ്ങളൂം പൂക്കളുമാണെങ്കിൽ,
കുന്നുകളും നിലാവും സൂര്യനുമാണെങ്കിൽ,
ഞാനവനെ ദൈവമെന്നെന്തിനു വിളിയ്ക്കണം?
ഞാനവനെ പൂക്കളെന്നും മരങ്ങളെന്നും കുന്നുകളെന്നും
സൂര്യനെന്നും നിലാവെന്നുമേ വിളിയ്ക്കൂ,
എനിക്കു ദൃശ്യമാകേണ്ടതിലേക്കായിട്ടാണവൻ
സൂര്യനും നിലാവും പൂക്കളും മരങ്ങളും കുന്നുകളുമായതെങ്കിൽ,
മരങ്ങളും കുന്നുകളും നിലാവും സൂര്യനും പൂക്കളുമായിട്ടാ-
ണെനിയ്ക്കവൻ പ്രത്യക്ഷത്തിൽ വരുന്നതെങ്കിൽ,
അവന്റെയിച്ഛയും അതുതന്നെയാവണം,
ഞാനവനെ അറിയേണ്ടത് മരങ്ങളും കുന്നുകളും
പൂക്കളും നിലാവും സൂര്യനുമായിട്ടാണെന്ന്.

അതിനാലത്രേ ഞാനവനെ അനുസരിക്കുന്നതും,
(ദൈവത്തിനു തന്നെക്കുറിച്ചറിയുന്നതിലുമധികം
ദൈവത്തെക്കുറിച്ചു ഞാനെന്തറിയാൻ?)
ഞാനവനെ അനുസരിക്കുന്നു, 
കണ്ണുകൾ തുറന്നു കാണുന്നൊരാളെപ്പോലെ,
സ്വച്ഛന്ദമായി ജീവിക്കുന്നതിലൂടെ;
ഞാനവനെ നിലാവെന്നും സൂര്യനെന്നും പൂക്കളെന്നും
മരങ്ങളെന്നും കുന്നുകളെന്നും വിളിയ്ക്കുന്നു,
ഞാനവനെ സ്നേഹിക്കുന്നു,  അവനെക്കുറിച്ചു ചിന്തിക്കാതെ ,
ഞാനവനെക്കുറിച്ചു ചിന്തിക്കുന്നു, കാണുന്നതിലൂടെ, കേൾക്കുന്നതിലൂടെ 
സദാസമയവും ഞാൻ അവനോടൊപ്പവുമാണ്‌.



VI


ദൈവത്തെക്കുറിച്ചു ചിന്തിക്കുക എന്നാൽ 
ദൈവത്തെ അനുസരിക്കാതിരിക്കുക എന്നാണ്‌,
എന്തെന്നാൽ നാമവനെ അറിയരുതെന്നാണല്ലോ അവന്റെ ആഗ്രഹം,
അതുകാരണമാണല്ലോ അവൻ നമുക്കു വെളിച്ചപ്പെടാതിരിക്കുന്നതും...

സരളവും സ്വസ്ഥവുമാവുക നാം,
മരങ്ങളെപ്പോലെ, ചോലകളെപ്പോലെ,
എങ്കിൽ ദൈവം നമ്മെ സ്നേഹിക്കുകയും ചെയ്യും,
മരങ്ങൾ മരങ്ങളായിരിക്കുന്നപോലെ,
ചോലകൾ ചോലകളായിരിക്കുന്നപോലെ 
അവൻ നമ്മെ നമ്മളാക്കുകയും ചെയ്യും,
വസന്തകാലത്തവൻ നമുക്കു പച്ചപ്പു നല്കും
(പച്ചപ്പിന്റെ കാലവുമതാണല്ലോ),
നമ്മളവസാനിക്കുമ്പോൾ നമുക്കു പോകാനൊരു പുഴയും...
അതിൽക്കൂടുതൽ അവൻ നമുക്കു നല്കുകയുമില്ല,
നമുക്കു കൂടുതൽ നല്കുകയെന്നാൽ 
നമ്മളെ നമ്മളിലും കുറയ്ക്കുക എന്നുമാണല്ലോ.

VII


ഭൂമിയിൽ നിന്നു കാണാവുന്നത്രയും പ്രപഞ്ചം
എന്റെ ഗ്രാമത്തിൽ നിന്നെനിക്കു കാണാം,
അതിനാൽ ഏതു ദേശം പോലെയും വലുതാണെന്റെ ഗ്രാമം,
എന്തെന്നാൽ എന്റെ ഉയരത്തിന്റെ വലിപ്പമല്ല,
ഞാൻ കാണുന്നതിന്റെ വലിപ്പമാണെന്റെ വലിപ്പം...

ഈ കുന്നിന്മുകളിലെ എന്റെ വീട്ടിലുള്ളതിനെക്കാൾ ചെറുതാണ്‌
നഗരങ്ങളിലെ ജീവിതം.
നഗരങ്ങളിലെ കൂറ്റൻകെട്ടിടങ്ങൾ കാഴ്ചയെ കെട്ടിയടയ്ക്കുന്നു,
ചക്രവാളത്തെ മൂടിവയ്ക്കുന്നു,
തുറന്ന മാനത്തു നിന്ന് നമ്മുടെ നോട്ടത്തെ മാറ്റിക്കളയുന്നു.
അവ നമ്മെ ചെറുതാക്കുന്നു, എന്തെന്നാൽ,
നമ്മുടെ കണ്ണുകൾക്കു കാണാവുന്ന വൈപുല്യത്തെയാകെ എടുത്തുമാറ്റുകയാണല്ലോ അവ,
അവ നമ്മെ ദരിദ്രരുമാക്കുന്നു,
കാഴ്ചയാണല്ലോ നമുക്കാകെയുള്ള ധനം.

IX


ഞാൻ ഒരാട്ടിടയനാണ്‌.
എന്റെ ആടുകൾ എന്റെ ചിന്തകളാണ്‌,

എന്റെ ചിന്തകൾ ഇന്ദ്രിയാനുഭവങ്ങളും.
ഞാൻ ചിന്തിക്കുന്നതു കണ്ണും കാതും കൊണ്ട്,
കൈകളും കാലടികളും കൊണ്ട്,
മൂക്കും നാവും കൊണ്ട്.

ഒരു പൂവിനെക്കുറിച്ചു ചിന്തിക്കുകയെന്നാൽ
അതിനെ കാണുക, അതിനെ മണക്കുക എന്നാണ്‌,
ഒരു കായ തിന്നുകയെന്നാൽ
അതിന്റെ അർത്ഥം രുചിക്കുക എന്നും.

അതിനാലത്രേ,
ചൂടുള്ളൊരു പകലുനേരം,
അത്രയൊക്കെയാസ്വദിച്ചു കഴയ്ക്കുമ്പോൾ
പുല്പരപ്പിൽ മലർന്നുകിടന്ന്
ഉഷ്മളമായ കണ്ണുകളടയ്ക്കുമ്പോൾ
യാഥാർത്ഥ്യത്തിൽ നെടുനീളം കിടക്കുകയാ-
ണെന്റെയുടലെന്നെനിക്കു തോന്നുന്നു,
സത്യം ഞാനറിയുന്നു,
ഞാൻ സന്തുഷ്ടനുമാകുന്നു.

X


“അല്ലേ, ആട്ടിടയൻ,
വീശിപ്പോയ കാറ്റിനെക്കുറിച്ച്
ഈ വഴിയരികിൽ വച്ചു ഞങ്ങളോടു പറയൂ.”

“ഈ വീശിപ്പോയ കാറ്റെന്താണ്‌,
മുമ്പു വീശിയതെന്താണ്‌,
ഇനി വരാനിരിക്കുന്നതെന്താണ്‌,
അത് നിങ്ങളോടു പറഞ്ഞതെന്താണ്‌?”

“അത് പലതിനെക്കുറിച്ചും പറയുന്നു,
മറ്റു പലതിനെക്കുറിച്ചുമതെന്നോടു പറയുന്നു.
ഓർമകളെക്കുറിച്ച്, ആഗ്രഹങ്ങളെക്കുറിച്ച്,
ഇന്നേവരെയില്ലാത്ത കാര്യങ്ങളെക്കുറിച്ച്.”

“കാറ്റ് കടന്നുപോകുന്നതു നിങ്ങൾ കേട്ടിട്ടേയില്ല.
കാറ്റ് കാറ്റിനെക്കുറിച്ചല്ലാതെ പറയാറില്ല.
നിങ്ങൾ കേട്ടതൊരു നുണയായിരുന്നു,
ആ നുണ നിങ്ങൾക്കുള്ളിലുമാണ്‌.“


XI


ആ മഹതിയ്ക്കൊരു പിയാനോ സ്വന്തം.
സംഗതി നല്ലതു തന്നെ,
എന്നാൽ പുഴകളൊഴുകുന്നതല്ലത്,
മരങ്ങളുടെ മർമ്മരവുമല്ല...

ആർക്കു വേണം പിയാനോ?
കാതുകളുണ്ടാവുക,
പ്രകൃതിയെ സ്നേഹിക്കുക,
അതാണതിലും നല്ലത്.

XIII


പതിയെ, പതിയെ, വളരെപ്പതിയെ
ഒരു പതിഞ്ഞ കാറ്റു വീശുന്നു,
അത്രയും പതിയേ വീശിക്കടന്നുപോകുന്നു,
എന്റെ മനസ്സിലെന്താണെന്നെനിക്കറിയില്ല,
എന്താണെന്നറിയാനെനിക്കാഗ്രഹവുമില്ല.

XIV


പ്രാസങ്ങളെനിക്കു പ്രശ്നമേയല്ല.
അടുത്തടുത്തു നില്ക്കുന്ന രണ്ടു മരങ്ങൾ
ഒരുപോലാകുന്നത് വളരെയപൂർവം.
എന്റെ ചിന്തയും എന്റെയെഴുത്തും
നിറമുള്ള പൂക്കളെപ്പോലെതന്നെയാണ്‌,
അവയെപ്പോലത്ര പൂർണ്ണമല്ല പക്ഷേ,
എന്റെ ആവിഷ്കാരത്തിന്റെ രീതികൾ.
പ്രത്യക്ഷത്തിൽ ഞാനെന്താണോ, അതാവുക-
ആ ദിവ്യലാളിത്യത്തിന്റെ കുറവെനിക്കുണ്ടല്ലോ.

ഞാൻ നോക്കുന്നു, നോക്കുമ്പോളെന്റെ മനസ്സിളകുന്നു,
നിലം ചരിയുമ്പോൾ വെള്ളമൊഴുകുമ്പോലെ,
എന്റെ കവിതയും പ്രകൃത്യനുസാരം,
കാറ്റു വീശുമ്പോലെ...


XVI

എന്റെ ജീവിതം ഒരു കാളവണ്ടിയുടേതായിരുന്നെങ്കിൽ!
അതികാലത്തേ വഴിയിലൂടെ ഞരങ്ങിക്കൊണ്ടതു വരുന്നു,
വൈകുന്നേരം വളരെ വൈകി അതു മടങ്ങിപ്പോകുന്നു,
വന്നിടത്തേക്കതേ വഴിയിലൂടെ.

എനിക്കപ്പോൾ പ്രതീക്ഷകൾ വേണ്ട- ചക്രങ്ങൾ മതി...
എന്റെ വാർദ്ധക്യത്തിനു ജരയും നരയുമുണ്ടാവില്ല...
എന്നെക്കൊണ്ടുപയോഗമില്ലാതെവരുന്ന കാലം എന്റെ ചക്രങ്ങളൂരിയെടുക്കും, 
പൊളിഞ്ഞും കീഴ്മേൽ മറിഞ്ഞും ഞാനൊടുങ്ങും, ഒരോടയ്ക്കരികെ.

അല്ലെങ്കിലവരെന്നെ മറ്റെന്തെങ്കിലുമാക്കും,
അതെന്താണെന്നെനിക്കറിവുമുണ്ടാകില്ല...
എന്നാൽ ഞാനൊരു കാളവണ്ടിയല്ല, മറ്റൊന്നാണു ഞാൻ.
ആ മറ്റൊന്നെന്താണെന്നാരുമെന്നോടു പറയുകയുമില്ല.

XVII


സലാഡ്

എന്റെ തളിക നിറയെ പ്രകൃതിയുടെ എന്തുമാതിരി മിശ്രിതം!
എന്റെ സഹോദരികളായ സസ്യങ്ങൾ,
ചോലകൾക്കു സഹചരർ, 
ആരും പ്രാർത്ഥിക്കാത്ത വിശുദ്ധർ...

കൊത്തിയരിഞ്ഞ കഷണങ്ങളായി അവർ നമ്മുടെ തീന്മേശകളിലെത്തുന്നു,
വായാടികളായ സന്ദർശകർ കമ്പിളിപ്പുതപ്പിലാകെമൂടി
ഹോട്ടലുകളിലേക്കു കയറുന്നു,
അശ്രദ്ധമായി ഓർഡർ ചെയ്യുന്നു, “സലാഡ്!”

അവരോർക്കുന്നില്ല,
ഭൂമിദേവിയോട് മുന്നിൽ കൊണ്ടുവയ്ക്കാൻ
തങ്ങൾ ആവശ്യപ്പെടുന്നത്,
അവളുടെ പുതുമയെ, അവളുടെ കടിഞ്ഞൂൽക്കുഞ്ഞുങ്ങളെ,
അവളാദ്യമുച്ചരിച്ച പച്ചവാക്കുകളെ,
പ്രളയജലമിറങ്ങി, നനഞ്ഞും പച്ചയായും 
കുന്നിൻതലപ്പുകൾ കാഴ്ചയിലേക്കു വരുമ്പോൾ,
മാടപ്രാവു പ്രത്യക്ഷമായ ദിക്കിൽ
മഴവില്ലു മാഞ്ഞുതുടങ്ങുമ്പോൾ
നോഹ കണ്ടുനിന്ന അതേ തിളക്കമാർന്ന വസ്തുക്കളെയെന്ന്,
ജീവന്റെ പ്രഥമാങ്കുരങ്ങളെയെന്ന്...


XIX


പുല്പരപ്പിൽ വീണു തിളങ്ങുന്ന നിലാവു കാണുമ്പോൾ
എനിക്കോർമ്മവരുന്നതെന്താണെന്നെനിക്കറിയില്ല...
എനിക്കു യക്ഷിക്കഥകൾ പറഞ്ഞുതന്നിരുന്ന
വൃദ്ധയായ വേലക്കാരിയെ അതോർമ്മിപ്പിക്കുന്നു.
മനുഷ്യദ്രോഹം സഹിക്കേണ്ടിവരുന്ന കുഞ്ഞുങ്ങളെ സഹായിക്കാൻ
ഭിക്ഷക്കാരിയുടെ വേഷത്തിൽ തെരുവുകളിലൂടെ നടക്കുന്ന
വ്യാകുലമാതാവിനെയും...

അവയൊന്നും എനിക്കിപ്പോൾ വിശ്വസിക്കാനാവുന്നില്ലെങ്കിൽ
നിലാവെന്തിനാണ്‌ പുല്പരപ്പിൽ വീണു തിളങ്ങുന്നത്?


XXI


ഒറ്റക്കടി കൊണ്ട് ഈ ഭൂമിയുടെ രുചിയറിയാൻ
എനിക്കു കഴിഞ്ഞിരുന്നെങ്കിൽ
ഒരു നിമിഷത്തേക്ക് അല്പം കൂടി സന്തോഷവാനാവാൻ
എനിക്കു കഴിഞ്ഞെന്നുവന്നേക്കാം...
എന്നാൽ സദാ സന്തോഷവാനായിരിക്കാൻ
എനിക്കാഗ്രഹമില്ല.
വല്ലപ്പോഴുമൊക്കെ അസന്തുഷ്ടി അറിയുകയും വേണം,
സ്വാഭാവികതയുടെ ഭാഗമാണതും.

എല്ലാ ദിവസങ്ങളും സൂര്യപ്രകാശം നിറഞ്ഞതല്ല,
മഴ പെയ്യാതാവുമ്പോൾ നാമതിനായി പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്.
അതിനാൽ സന്തോഷമില്ലായ്മയെ
സന്തോഷം പോലെ സ്വാഭാവികമായി ഞാൻ കാണുന്നു,
മലകളും സമതലങ്ങളുമുണ്ടെന്നതിൽ,
പാറക്കെട്ടുകളും പുല്പരപ്പുകളുമുണ്ടെന്നതിൽ
അത്ഭുതം തോന്നാത്തൊരാളെപ്പോലെ...

സന്തോഷവും സന്തോഷമില്ലായ്മയും 
ഒരേമനസ്സോടെ സ്വാഭാവികമായി കാണുക എന്നതാണു കാര്യം.
കണ്ണുകൊണ്ടറിയുന്നപോലെ മനസ്സുകൊണ്ടറിയുക,
നടക്കുകയാണെന്നപോലെ ചിന്തിക്കുക,
പിന്നെ, മരിക്കാൻ നേരത്തോർമ്മിക്കുക,
ഓരോ ദിവസവും മരിക്കുന്നുവെന്ന്,
അസ്തമയം മനോഹരമാണെന്ന്,
അനന്തമായ രാത്രിയും അതുപോലെയാണെന്ന്...
അതങ്ങനെയാണ്‌, അങ്ങനെയാണതു വേണ്ടതും...

XXIV


വസ്തുക്കളിൽ നാം കാണുന്നത് വസ്തുക്കളെ.
ഒരു വസ്തുവിനെ മറ്റൊന്നായി നാമെന്തിനു കാണണം?
കാണുകയും കേൾക്കുകയും കാണുകയും കേൾക്കുകയും മാത്രമാണെങ്കിൽ
കാണുകയും കേൾക്കുകയും നമ്മെയെന്തിനു കബളിപ്പിക്കണം?

എങ്ങനെ കാണണമെന്നറിയുകയാണ്‌ പ്രധാനം,
ചിന്തിക്കാതെ കാണുന്നതെങ്ങനെയെന്നറിയുക,
കാണുമ്പോൾ കാണുക മാത്രം ചെയ്യുന്നതെങ്ങനെയെന്നറിയുക,
കാണുമ്പോൾ ചിന്തിക്കാതിരിക്കുക,
ചിന്തിക്കുമ്പോൾ കാണാതിരിക്കുകയും.

ഇതിനുപക്ഷേ, (വസ്ത്രമുടുപ്പിച്ചൊരാത്മാവിനെയും പേറിനടക്കുന്ന പാവങ്ങൾ നമ്മൾ!)
ഗഹനമായ പഠനം വേണം,
പഠിച്ചതഴിക്കാനൊരു പഠനം,
നക്ഷത്രങ്ങൾ നിത്യയതികളാണെന്നും
ഒരുനാൾ മാത്രം ആയുസ്സുള്ള കന്യാസ്ത്രീകളാണ്‌ പൂക്കളെന്നും 
കവികൾ നമ്മെ  പഠിപ്പിച്ച പള്ളിക്കൂടത്തിൽ നിന്ന്
ബലാലൊരു മോചനം.
നക്ഷത്രങ്ങൾ പക്ഷേ നക്ഷത്രങ്ങളാണെന്നല്ലാതൊന്നുമല്ല,
പൂക്കൾ പൂക്കളല്ലാതൊന്നുമല്ല.
അതിനാലാണു ഞാനവയെ നക്ഷത്രങ്ങളെന്നും പൂക്കളെന്നും വിളിക്കുന്നതും.


XXV


സുതാര്യമായൊരു ദാർശനികസംഹിതയത്രെ,
ഒരു വൈക്കോൽത്തണ്ടിലൂടെ
ആ കുട്ടി ഊതിവിടുന്ന സോപ്പുകുമിളകൾ.

വിശദം, നിരുപയോഗം, പ്രകൃതിയെപ്പോലെ നശ്വരം,
വസ്തുക്കളെപ്പോലെ കണ്ണുകൾക്കു മിത്രങ്ങൾ,
അവയെന്താണോ, അവയായവ,
ഉരുണ്ടു, വായുമയമായ ഒരു ചെറുകൃത്യത.
ആരും, അവയൂതിവിടുന്ന ആ കുട്ടി പോലും,
കാണപ്പെടുന്നതിൽക്കവിഞ്ഞെന്തെങ്കിലുമാണവയെന്നു നടിക്കുന്നുമില്ല.

തെളിഞ്ഞ വായുവിൽ ചിലതിനെ കാണാൻതന്നെയില്ല.
വീശുമ്പോൾ പൂക്കളെ തൊടുകപോലും ചെയ്യാത്ത
ഇളംതെന്നൽ പോലെയാണവ.
അതു വീശുന്നുണ്ടെന്നു നാമറിയുന്നതുതന്നെ,
നമുക്കുള്ളിലുള്ളതെന്തിനോ ഭാരം കുറയുകയും
സർവ്വതിനേയും അല്പം കൂടി തെളിച്ചത്തിൽ
അതംഗീകരിക്കുകയും ചെയ്യുന്നതിനാൽ.

XXVI

ചിലനേരങ്ങളിൽ, പൂർണ്ണവും കൃത്യവുമായ വെളിച്ചത്തിന്റെ നാളുകളിൽ,
വസ്തുക്കൾ അവയ്ക്കാവുന്നത്ര യഥാർത്ഥമായിരിക്കുമ്പോൾ
ഞാൻ സ്വയം ചോദിച്ചുപോകാറുണ്ട്,
വസ്തുക്കൾക്കു സൗന്ദര്യം ചാർത്തിക്കൊടുക്കാൻതന്നെ
ഞാൻ മിനക്കെടുക്കുന്നതെന്തിനെന്ന്.

പൂവിനെന്താ, സൗന്ദര്യമെന്നതുണ്ടോ?
പഴത്തിനും സൗന്ദര്യമെന്നതുണ്ടോ?
ഇല്ല: അവയ്ക്കുള്ളത് നിറവും രൂപവും അസ്തിത്വവും.
ഇല്ലാത്തതൊന്നിനുള്ള പേരാണ്‌ സൗന്ദര്യം,
വസ്തുക്കളെനിക്കു നല്കുന്ന ആനന്ദത്തിനു പകരമായി
ഞാൻ അവയ്ക്കു നല്കുന്നതൊന്ന്.
ഒരർത്ഥവുമില്ലതിന്‌.
എങ്കില്പിന്നെ വസ്തുക്കളെക്കുറിച്ചു ഞാനെന്തിനു പറയണം,
സൗന്ദര്യമുണ്ടവയ്ക്കെന്ന്?

അതെ, ജീവിതത്തിന്റെ പുറമ്പോക്കിലായ എന്നെപ്പോലും
ഞാനറിയാതെ വന്നു ബാധിക്കുകയാണ്‌,
വസ്തുക്കളെ സംബന്ധിച്ച്,
നിലനില്ക്കുക മാത്രം ചെയ്യുന്ന വസ്തുക്കളെക്കുറിച്ച്
മനുഷ്യരുടെ നുണകൾ.

എത്ര ദുഷ്കരമാണ്‌ നാമായതു മാത്രമാകാൻ,
കണ്ണില്പെടുന്നതു മാത്രം കാണാൻ!

*

XXVII

ദിവ്യമായി പ്രകൃതിയേയുള്ളു, അവൾ ദിവ്യയുമല്ല...

ഒരു ജീവിയെന്നപോലെ ഞാനവളെക്കുറിച്ചു പറയുന്നുവെങ്കിൽ
മനുഷ്യഭാഷയിൽ വേണം ഞാനവളെക്കുറിച്ചു പറയാനെന്നതിനാൽ.
വസ്തുക്കൾക്കു വ്യക്തിത്വം പകരുമത്,
വസ്തുക്കൾക്കു മേൽ പേരുകൾ അടിച്ചേല്പിക്കുമത്.

വസ്തുക്കൾക്കു പക്ഷേ പേരില്ല, വ്യക്തിത്വവുമില്ല-
അവയ്ക്കുള്ളതസ്തിത്വം;
ആകാശമപാരം, ഭൂമി വിശാലം,
നമ്മുടെ ഹൃദയങ്ങൾക്കോ, ചുരുട്ടിയ മുഷ്ടിയുടെ വലിപ്പവും...

എനിക്കറിയാവുന്നതിന്റെയൊക്കെപ്പേരിൽ
ഞാനനുഗൃഹീതനാവട്ടെ.
ഇതിലൊക്കെ ഞാനാനന്ദം കൊള്ളുകയും ചെയ്യുന്നു,
സൂര്യനുണ്ടെന്നറിയുന്നൊരാളെപ്പോലെ.

XXVII

വഴിയിലെ വെറും പൊടിയായിരുന്നു ഞാനെങ്കിൽ,
പാവങ്ങളുടെ കാലടികൾ എന്നെച്ചവിട്ടിക്കടന്നുപോയെങ്കിൽ...

ഒഴുകുന്ന പുഴകളായിരുന്നു ഞാനെങ്കിൽ,
എന്റെയിരുകരകളിലും അലക്കുകാരികളുണ്ടായിരുന്നെങ്കിൽ...

പുഴയ്ക്കരികിലെ പോപ്ളാർമരങ്ങളായിരുന്നു ഞാനെങ്കിൽ,
എനിക്കു മേലാകാശവും താഴെ വെള്ളവും മാത്രമായിരുന്നെങ്കിൽ...

ഞാനൊരു മില്ലുകാരന്റെ കഴുതയായിരുന്നെങ്കിൽ,
അയാളെന്നെ തല്ലുകയും പൊന്നുപോലെ നോക്കുകയും ചെയ്തിരുന്നെങ്കിൽ...

ജീവിതത്തെ തിരിഞ്ഞുനോക്കി നെടുവീർപ്പിടുന്നൊരാളാവുന്നതിനേക്കാൾ
ഇങ്ങനെ ജീവിതത്തിലൂടെ കടന്നുപോകുന്നതേ ഭേദം...

XXXII

ഇന്നലെ വൈകുന്നേരം ഒരു നഗരവാസി
സത്രത്തിനു മുന്നിൽ നിന്നു പ്രസംഗിച്ചു.
അയാൾ പ്രസംഗിച്ചതെന്നോടും കൂടിയായിരുന്നു.

അയാൾ നീതിയെക്കുറിച്ചു പറഞ്ഞു,
നീതിക്കായുള്ള സമരത്തെക്കുറിച്ചും
അദ്ധ്വാനിക്കുന്ന ജനങ്ങളെക്കുറിച്ചും
അവരുടെ തീരാത്ത കഷ്ടപ്പാടുകളെക്കുറിച്ചും
പട്ടിണി കിടക്കുന്നവരെക്കുറിച്ചും
അവർക്കു പുറം തിരിഞ്ഞുനില്ക്കുക മാത്രം ചെയ്യുന്ന
പണക്കാരെക്കുറിച്ചും പറഞ്ഞു.

എന്നിട്ടെന്നെ നോക്കുമ്പോൾ
അയാളെന്റെ കണ്ണുകളിൽ നനവു കണ്ടു,
സഹാനുഭൂതിയോടെ അയാൾ എന്നെ നോക്കി മന്ദഹസിച്ചു;

അയാൾ വിശ്വസിച്ചിരിക്കുന്നു,
തനിക്കു തോന്നിയ വെറുപ്പും
തനിക്കു തോന്നിയതെന്നയാൾ പറഞ്ഞ സഹതാപവും
എനിക്കും തോന്നിയിരിക്കുന്നുവെന്ന്.

(ഞാൻ പക്ഷേ, അയാൾ പറഞ്ഞതു ശരിക്കു കേട്ടിട്ടും കൂടി ഉണ്ടായിരുന്നില്ല.
മനുഷ്യരെ, അവരുടെ കഷ്ടപ്പാടുകളെ,
അല്ലെങ്കിൽ തങ്ങളുടെ കഷ്ടപ്പാടുകളെന്നവർ കരുതുന്നതിനെ
ഞാനെന്തിനു ശ്രദ്ധിക്കണം?
അവരെന്നെപ്പോലെയാകട്ടെ- എങ്കിലവർ കഷ്ടപ്പെടേണ്ടിവരില്ല.
ലോകത്തു തിന്മയായിട്ടെന്തെങ്കിലുമുണ്ടെങ്കിലത്
നല്ലതു ചെയ്യാൻ ശ്രമിച്ചും ദ്രോഹിക്കാൻ നോക്കിയും
അന്യോന്യം നാം തൊന്തരപ്പെടുത്തുന്നതു മാത്രമാണ്‌.
നമ്മുടെ ആത്മാവും ആകാശവും ഭൂമിയും മാത്രം മതി നമുക്ക്.
അതിലധികം വേണമെന്നാഗ്രഹിക്കുക എന്നാൽ
ഉള്ളതു നഷ്ടപ്പെടുത്തുക എന്നാണ്‌, ഉള്ള സന്തോഷം കളയുക എന്നാണ്‌.)

ആ ജനോപകാരി പ്രസംഗിക്കുമ്പോൾ
എന്റെ ചിന്തയിലുണ്ടായിരുന്നത്
(എന്റെ കണ്ണുകൾ നനയിച്ചതും)
കുടമണികളുടെ വിദൂരമർമ്മരമായിരുന്നു.
പൂക്കളും ചോലകളും എന്നെക്കണക്കുള്ള സരളാത്മാക്കൾക്കൊപ്പം
കുർബാന കൂടുന്നൊരു കുഞ്ഞുപള്ളിയിലെ മണിനാദങ്ങളാണവയെന്ന്
അന്നു വൈകുന്നേരം തോന്നാത്തതെന്താണെന്നോർക്കുകയായിരുന്നു ഞാൻ.

(ദൈവത്തിനു സ്തുതി, ഞാൻ നല്ലവനല്ലെന്നതിന്‌,
പൂക്കളെപ്പോലെ, തടം പറ്റിയൊഴുകുന്ന പുഴകളെപ്പോലെ
തന്നിൽത്തന്നെ അടങ്ങിയവനായി ഞാനെന്നതിന്‌.
വിടരുക, ഒഴുകുക എന്നതിൽ
തന്നെത്താനറിയാതെ മുഴുകാനേ അവയ്ക്കറിയൂ.
ഈ ലോകത്തൊരേയൊരു ദൌത്യമേയുള്ളു-
തെളിമയോടെ കഴിയുക,
അതിനെക്കുറിച്ചു ചിന്തിക്കാതതെങ്ങനെ ചെയ്യണമെന്നറിയുകയും.)

ആ മനുഷ്യൻ പ്രസംഗം നിർത്തിയിട്ട് അസ്തമയം നോക്കിനില്ക്കുകയാണ്‌.
വെറുക്കുകയും സ്നേഹിക്കുകയും ചെയ്യുന്നൊരാൾക്കു പക്ഷേ,
അസ്തമയം കൊണ്ടെന്തു കാര്യം?

XXXIII


ചെത്തിമിനുക്കിയ ഉദ്യാനങ്ങളിൽ സാധുക്കളായ പൂക്കൾ.
അവയെ കണ്ടാൽ പോലീസിനെ പേടിച്ചിട്ടെന്നപോലെ...
എന്നാൽ നമുക്കു വേണ്ടി വിരിഞ്ഞുനില്ക്കാനും മാത്രം
അത്രയും നന്മ നിറഞ്ഞവ.
അവ വിരിയുന്നതതേ രീതിയിൽ,
അതേ പ്രാക്തനവർണ്ണച്ചേരുവയിൽ,
ആദിമനുഷ്യനാദ്യമായി കണ്ടപ്പോഴത്തെ അതേ വന്യഭാവത്തിൽ...
അന്നവയെക്കണ്ടപ്പോളയാളൊന്നു പകച്ചിരുന്നു,
അവ മിണ്ടുമോയെന്നറിയാനായി 
വിരലു കൊണ്ടയാൾ പതുക്കെയൊന്നു തൊട്ടുനോക്കുകയും ചെയ്തിരുന്നു..

XXXVI

കലാകാരന്മാരായ കവികളുമുണ്ട്,
ആശാരി മരത്തിൽ പണിയും പോലെ
സ്വന്തം കവിതകളിൽ പണിയെടുക്കുന്നവർ!...

എന്തു കഷ്ടം, സ്വയം വിടരാനറിയാതിരിക്കുക!
ചുമരു പടുക്കും പോലെ വരിയ്ക്കു മേൽ വരിയടുക്കേണ്ടിവരിക,
ചേരുന്നുണ്ടോയെന്നു ചാഞ്ഞും ചരിഞ്ഞും നോക്കേണ്ടിവരിക,
ഇല്ലെങ്കിൽ മാറ്റി മറ്റൊന്നു വയ്ക്കുക!...
ശരിക്കുമൊരു വീടെന്നു പറയാൻ ഭൂമിയൊന്നല്ലേയുള്ളൂ,
എന്നും മാറുന്നതും എന്നും നല്ലതും
എന്നുമൊന്നായതുമതൊന്നല്ലേയുള്ളൂ?

ഞാനിതേക്കുറിച്ചു ചിന്തിക്കുന്നത്
ചിന്തിക്കുന്നൊരാളെപ്പോലെയല്ല,
ശ്വസിക്കുന്നൊരാളെപ്പോലെ;
പൂക്കളെ നോക്കി ഞാൻ നില്ക്കുന്നു,
ഒരു പുഞ്ചിരിയോടെ ഞാൻ നില്ക്കുന്നു...
അവയ്ക്കെന്നെ മനസ്സിലാവുന്നുണ്ടോയെന്നെനിയ്ക്കറിയില്ല,
എനിയ്ക്കവയെ മനസ്സിലാവുന്നുണ്ടോയെന്നുമറിയില്ല;
എന്നാലെനിക്കറിയാം,
നേരിരിക്കുന്നതവയിലെന്ന്, എന്നിലെന്ന്,
ഭൂമിയ്ക്കു മേൽ ജീവിതത്തിനു സ്വയം വിധേയരായും
തൃപ്തരായ ഋതുക്കൾക്കു മാറിൽ പേറാൻ നമ്മെ വിട്ടുകൊടുത്തും
കാതിൽ മന്ത്രിച്ചു നമ്മെയുറക്കാൻ കാറ്റിനു കിടന്നുകൊടുത്തും
ഒരു സ്വപ്നവുമില്ലാത്ത മയക്കത്തിലാഴ്ന്നും
നമ്മൾ പങ്കാളികളാവുന്ന ആ ദിവ്യത്വത്തിലെന്ന്.


XXXVII


അഴുക്കു പിടിച്ച തീയുടെ പെരുംവ്രണം പോലെ
അവശിഷ്ടമേഘങ്ങൾക്കിടയിൽ സൂര്യൻ താറുന്നു.
അതിശാന്തമായ സായാഹ്നത്തിൽ
വിദൂരതയിൽ നിന്നൊരു പതിഞ്ഞ ചൂളം;
അതൊരു തീവണ്ടിയുടേതാവണം.

ആ മുഹൂർത്തത്തിൽ ഒരവ്യക്താഭിലാഷം എന്നെ വന്നുബാധിക്കുന്നു,
അവ്യക്തവും സൗമ്യവുമായ ഒരാഗ്രഹം,
വന്നതും, വന്നപോലെ മാഞ്ഞുപോകുന്നതും.

അരുവികളുടെ പ്രതലങ്ങളിൽ ചിലനേരം
കുമിളകൾ പൊന്തിയുടയുന്നതുമതുപോലെ,
അതിനു പ്രത്യേകിച്ചൊരർത്ഥം പറയാനുമില്ല,
പൊന്തിയുടയുന്ന കുമിളകളാണവയെന്നല്ലാതെ.


XXXVIII


അന്യദേശങ്ങളിലുദിക്കുന്ന സൂര്യൻ അനുഗൃഹീതനാവട്ടെ,
എല്ലാ മനുഷ്യരെയും എന്റെ സഹോദരങ്ങളാക്കുന്നതവനാണല്ലോ.
എന്തെന്നാൽ,  ഏതു മനുഷ്യനും പകൽ ഒരു നിമിഷത്തിൽ
എന്നെപ്പോലെതന്നെ അവനെ നോക്കുന്നുണ്ടല്ലോ.
ആ വിശുദ്ധനിമിഷത്തിൽ,
നിർമ്മലരും ആർദ്രഹൃദയരുമായി,
കണ്ണുകളിൽ നനവും എത്രയും നേർത്തൊരു നെടുവീർപ്പുമായി
അവർ മടങ്ങിപ്പോവുകയാണ്‌-
യഥാർത്ഥവും ആദിമവുമായ മനുഷ്യനിലേക്ക്,
സൂര്യനുദിക്കുന്നതു കണ്ടുനിന്ന,
എന്നാൽ അവനെ ആരാധിക്കാൻ തുടങ്ങിയിട്ടില്ലാത്ത
ആദ്യനിലേക്ക്.
അതു തന്നെയാണ്‌ സ്വാഭാവികവും-
സ്വർണ്ണത്തെയും ദൈവത്തെയും
കലയേയും സദാചാരത്തെയും
ആരാധിക്കുന്നതിനെക്കാൾ സ്വാഭാവികം.

XXXIX

വസ്തുക്കളുടെ നിഗൂഢത, അതെവിടെ?
അതൊരു നിഗൂഢതയാണെന്നു നമ്മെ ബോദ്ധ്യപ്പെടുത്താൻ വേണ്ടിയെങ്കിലും
പുറമേക്കു വെളിച്ചപ്പെടാത്ത ആ വസ്തു എവിടെ?

ഒരു പുഴയ്ക്കതിനെക്കുറിച്ചെന്തറിയാം, ഒരു മരത്തിനെന്തറിയാം?
എനിക്ക്, അവയിലധികമൊന്നുമല്ലാത്ത എനിക്കെന്തറിയാം?
ഓരോ തവണ വസ്തുക്കളെ നോക്കുമ്പോഴും,
അവയെക്കുറിച്ചു മനുഷ്യരുടെ മനസ്സിലെന്താണെന്നോർക്കുമ്പോഴും,
കല്ലിൽ തടഞ്ഞു ചിതറുന്ന ചോലയുടെ കുളിർമ്മയോടെ ഞാൻ ചിരിച്ചുപോകുന്നു.

വസ്തുക്കളിൽ ഒരു ഗുപ്താർത്ഥമുണ്ടെങ്കിൽ
അവയിലൊരു ഗുപ്താർത്ഥവുമില്ല എന്നാണതെന്നതിനാൽ,
ഏതു വൈചിത്ര്യത്തെക്കാളും,
ഏതു കവിയുടെ സ്വപ്നത്തെക്കാളും,
ഏതു ദാർശനികന്റെ ചിന്തയെക്കാളും വിചിത്രമാണതെന്നതിനാൽ,
വസ്തുക്കൾ, പ്രത്യക്ഷത്തിലേതു പോലെയോ
അതു പോലെയാണു യഥാർത്ഥത്തിലുമെന്നതിനാൽ,
മനസ്സിലാക്കാനായി യാതൊന്നുമില്ലെന്നതിനാൽ.

അതെ, എന്റെ ഇന്ദ്രിയങ്ങൾ പഠിച്ചതിതു മാത്രം:
വസ്തുക്കൾക്കർത്ഥമില്ല, അവയ്ക്കസ്തിത്വമേയുള്ളു.
വസ്തുക്കൾ മാത്രമാണ്‌ വസ്തുക്കളിലെ നിഗൂഢാർത്ഥം.


XLI


ചില വേനൽപ്പകലുകളിൽ, സൂര്യനസ്തമിക്കുന്ന വേളയിൽ,
തെന്നലില്ലെങ്കിൽപ്പോലും
ഒരുനിമിഷത്തേക്കു തോന്നിപ്പോകാറുണ്ട്,
ഒരിളംതെന്നലൊന്നു വീശിപ്പോയെന്ന്...
മരങ്ങൾ നിശ്ചലമാണു പക്ഷേ,
ഇലയായ ഇലയൊക്കെയുമടക്കി.
ഇന്ദ്രിയങ്ങൾക്കൊരു മതിഭ്രമമുണ്ടായതാണ്‌-
ആ നിമിഷത്തേക്ക് അവയ്ക്കു ഹിതകരമായൊരു മതിഭ്രമം...

ഹാ, നമ്മുടെ ഇന്ദ്രിയങ്ങൾ, രോഗികളായ കാഴ്ചക്കാരും കേൾവിക്കാരും!
നാം നമ്മളായിരുന്നുവെങ്കിൽ
ഒരു മതിഭ്രമവും നമുക്കു വേണ്ടതില്ലായിരുന്നു...
തെളിമയോടെ, ജീവനോടെ അറിഞ്ഞാൽ
അതുതന്നെ മതിയാകുമായിരുന്നു നമുക്ക്,
എന്തിനാണിന്ദ്രിയങ്ങളെന്നു ശ്രദ്ധിക്കുകപോലും ചെയ്യാതെ...

ഭാഗ്യം, അപൂർണ്ണത ലോകത്തുണ്ടായത്,
അപൂർണ്ണതയും ഒരു വസ്തു തന്നെ,
അബദ്ധക്കാരായ മനുഷ്യരുണ്ടെന്നതും ഒരു വസ്തുത തന്നെ,
രോഗികളായ മനുഷ്യർ ലോകത്തുണ്ടെന്നതുമൊരു കൗതുകം തന്നെ.
ഒരപൂർണ്ണതയുമില്ലെങ്കിൽ ഉള്ളതിലൊന്നു കുറയുമായിരുന്നു,
അനവധിയായ കാര്യങ്ങളുണ്ടാവണം,
നമ്മുടെ കണ്ണുകളും കാതുകളും തുറന്നിരിക്കുന്ന കാലത്തോളം
നമുക്കു കാണാനും കേൾക്കാനും പലതുണ്ടാവണമല്ലോ...

XLII


പാതയിലൂടൊരു കുതിരവണ്ടി കടന്നുപോയി;
അതുകൊണ്ടു പാത കൂടുതൽ സുന്ദരമായില്ല,
കൂടുതൽ വിരൂപം പോലുമായില്ല.
പുറംലോകത്തു നടന്ന ഒരു മനുഷ്യപ്രവൃത്തിയത്.
നാം ഒന്നും കൊണ്ടുപോകുന്നില്ല,
ഒന്നും തിരിയെ വയ്ക്കുന്നില്ല,
നാം കടന്നുപോകുന്നു, നാം മറന്നും പോകുന്നു;
സൂര്യനൊരുനാളും സമയം തെറ്റാറുമില്ല.

XLIII


നിലത്തു പാടുകൾ വീഴ്ത്തിക്കൊണ്ടു കടന്നുപോകുന്ന ജന്തുക്കളെക്കാൾ ഭേദം
ഒരു പാടും ശേഷിപ്പിക്കാതെ കടന്നുപോകുന്ന പക്ഷികളുടെ പറക്കൽ.
പക്ഷി കടന്നുപോകുന്നു, മറന്നും പോകുന്നു,
അതങ്ങനെയാണു വേണ്ടതും.
ഇപ്പോഴവിടെയില്ലാത്ത, അതിനാൽ ഒരുപയോഗവുമില്ലാത്ത
ജന്തു വിളിച്ചുകാട്ടുകയാണ്‌, താനവിടെ ഉണ്ടായിരുന്നുവെന്ന്
- അതുകൊണ്ടെന്തുപയോഗം?

ഓർമ്മിക്കുക എന്നാൽ പ്രകൃതിയെ വഞ്ചിക്കുക എന്നാണ്‌,
എന്തെന്നാൽ ഇന്നലത്തെ പ്രകൃതി പ്രകൃതിയല്ല.
കഴിഞ്ഞുപോയത് പിന്നെയൊന്നുമല്ല,
ഓർമ്മിക്കുക എന്നാൽ കാണാതിരിക്കുകയും.

കടന്നുപോകൂ, പക്ഷീ, കടന്നുപോകൂ;
കടന്നുപോകാൻ എന്നെപ്പഠിപ്പിക്കൂ!

XLV


ദൂരെ, കുന്നിൻ ചരിവിൽ ഒരു നിര മരങ്ങൾ...
എന്നാലെന്താണീ മരങ്ങളുടെ നിരയെന്നാൽ?
അവിടെ മരങ്ങൾ മാത്രമേയുള്ളു.
‘നിര’യും ‘മരങ്ങൾ’ എന്ന ബഹുവചനവും പേരുകൾ മാത്രം, വസ്തുക്കളല്ല.

സന്തോഷമറിയാത്ത മനുഷ്യജീവികൾ- അവർക്കെല്ലാം ക്രമത്തിലാവണം,
അതിനാലവർ വസ്തുവിൽ നിന്നു വസ്തുവിലേക്കു വരകൾ വരയ്ക്കുന്നു,
തീർത്തും യഥാർത്ഥമായ മരങ്ങളിൽ പേരുകളെഴുതിയ ലേബലുകൾ പതിയ്ക്കുന്നു,
അക്ഷാംശരേഖാംശരേഖകൾ വരയ്ക്കുന്നു,
നിഷ്കളങ്കമായ ഈ ഭൂമിയ്ക്കു മേൽ,
എത്രയും പച്ചപ്പു നിറഞ്ഞ, പൂക്കൾ കൊണ്ടാകെ മൂടിയ
ഈ ഭൂമിയ്ക്കു മേൽ!

XLVII

അമിതമായി തെളിഞ്ഞൊരു പകൽ,
തലേന്നു വേണ്ടത്ര പണിയെടുത്തതിനാൽ
ഇന്നു പണിയൊന്നും ചെയ്യാൻ ശേഷിക്കില്ലെന്നു മോഹിക്കാൻ 
നിങ്ങൾക്കു തോന്നുന്നൊരു പകൽ,
മരങ്ങൾക്കിടയിലൂടൊരു പാത പോലെ

ഒരു മിന്നായം ഞാൻ കണ്ടു,
മഹാരഹസ്യമാകാവുന്നതൊന്ന്,
കപടകവികൾ വാ തോരാതെ പറയുന്ന
ആ മഹാനിഗൂഢത.

പ്രകൃതി എന്നൊന്നില്ലെന്നു ഞാൻ കണ്ടു,
പ്രകൃതി എന്നതില്ലെന്ന്,
കുന്നുകളും തടങ്ങളും സമതലങ്ങളുമാണുള്ളതെന്ന്,
മരങ്ങളും പൂക്കളും പുല്ലുകളുമാണുള്ളതെന്ന്,
പുഴകളും കല്ലുകളുമാണുള്ളതെന്ന്,
ഇവയെല്ലാം ചേർന്നൊരു സാകല്യമില്ലെന്നും
യഥാർത്ഥവും സത്യവുമായൊരു പൂർണ്ണത
നമ്മുടെ മനസ്സിന്റെ ഒരു രോഗമാണെന്നും.

പ്രകൃതി എന്നാൽ അംശങ്ങളാണ്‌, പൂർണ്ണമായിട്ടൊന്നുമില്ല;
അതു തന്നെയാവാം അവർ പറയുന്ന നിഗൂഢതയും.

ചിന്തിക്കാതെ തന്നെ ഞാൻ കണ്ടെത്തിയതിതായിരുന്നു,
ഇതു തന്നെയാവണം സത്യവും,
അതിനെ തേടിപ്പോകുന്നവൻ അതിനെ കണ്ടെത്തുന്നില്ലെന്ന്,
ഞാനതിനെ കണ്ടെത്തിയത് ഞാനതിനെ തേടിപ്പോവാത്തതിനാലാണെന്നും.


XLVIII


എന്റെ വീടിന്റെ പൊക്കത്തിലുള്ള ജനാലയിൽ നിന്ന്
ഒരു വെള്ളത്തൂവാല വീശി ഞാൻ യാത്രയാക്കുന്നു,
മനുഷ്യർക്കിടയിലേക്കു പോകുന്ന എന്റെ കവിതകളെ.

അതിലാഹ്ളാദമെനിക്കില്ല, സങ്കടവുമെനിക്കില്ല.
എന്റെ കവിതകളുടെ വിധിയാണത്.
ഞാനവയെഴുതി,
എല്ലാവർക്കും ഞാനവ കാട്ടിക്കൊടുക്കുകയും വേണം;
എനിക്കങ്ങനെ ചെയ്യാതിരിക്കാനാവില്ല,
പൂവിനതിന്റെ നിറം മറയ്ക്കാനാവില്ലെന്നപോലെ,
പുഴയ്ക്കതിന്റെയൊഴുക്കു മറയ്ക്കാനാവില്ലെന്നപോലെ,
മരത്തിനതിൽ കായ്ക്കുന്ന കനികളെ മറയ്ക്കാനാവില്ലെന്നപോലെ.

അതാ പോവുകയാണവ, ഒരു കുതിരവണ്ടിയിലെന്നപോലെ,
ഒരു വിഷാദം തോന്നിയതകറ്റാനെനിക്കാകുന്നുമില്ല,
ഒരുടൽനോവു പോലെയാണെനിക്കത്.
ആരാണവ വായിക്കുകയെന്നാർക്കറിയാം?
എതു കൈകളിലാണവയെത്തിപ്പെടുകയെന്നാർക്കറിയാം?

പൂവ്, വിധിയെന്നെ നുള്ളിയെടുത്തത്
അന്യരുടെ കണ്ണുകൾക്കു കാണാനായിരുന്നു,
മരം, എന്റെ കായ പറിച്ചെടുത്തത്
അന്യരുടെ വായകൾക്കായിരുന്നു,
പുഴ, എന്നിൽത്തന്നെ തങ്ങിനില്ക്കരുതെന്നായിരുന്നു
എന്റെ ജലത്തിന്റെ വിധി.
ഞാൻ വഴങ്ങുന്നു, സന്തോഷത്തോടെയെന്നും പറയാം,
സങ്കടപ്പെട്ടിരുന്നു മടുത്ത ഒരാളുടെ സന്തോഷത്തോടെ.

പോകൂ, എന്നിൽ നിന്നു പോകൂ!
മരം കടന്നുപോകുന്നു, പ്രകൃതിയിലെമ്പാടും സ്വയം വിതറി.
പൂവു വാടിക്കൊഴിയുന്നു, നാശമില്ലാത്ത ധൂളികളായി.
പുഴ കടലിലേക്കൊഴുകുന്നു, ജലത്തിന്റെ സ്വരൂപത്തിലായി.

ഞാൻ കടന്നുപോകുന്നു, ഞാൻ  തങ്ങിനിൽക്കുന്നു,
പ്രപഞ്ചത്തെപ്പോലെ.

XLIX


ഞാൻ ഉള്ളിലേക്കു പോകുന്നു, ജനാല ചേർത്തടയ്ക്കുന്നു,
അവർ വിളക്കുമായെത്തുന്നു, എനിക്കു ശുഭരാത്രി നേരുന്നു.
എന്റെ ശബ്ദം, തൃപ്തമായ എന്റെ ശബ്ദം, ശുഭരാത്രി ചൊല്ലുന്നു.
എന്റെ ജീവിതം ഇതായിരുന്നുവെങ്കിൽ, ഇന്നും ഇനിയെന്നും:
പകൽ, നിറയെ വെയിലുമായി, അല്ലെങ്കിൽ മഴയിൽ സൗമ്യമായി,
അല്ലെങ്കിൽ പ്രളയകാലത്തെന്നപോലെ പ്രചണ്ഡമായി.
ഹൃദ്യമായ സായാഹ്നം, ആളുകൾ കടന്നുപോകുന്നു,
ജനാലയ്ക്കു പിന്നിൽ സാകൂതമെന്റെ കണ്ണുകളവരെപ്പിന്തുടരുന്നു,
സ്വസ്ഥമായ മരങ്ങളിലേക്കവസാനമായി ഞാൻ നോക്കുന്നു.
പിന്നെ, ചേർത്തടച്ച ജനാലയും കൊളുത്തിവച്ച വിളക്കുമായി,
വായിക്കാതെ, ഉറങ്ങാതെ, ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ,
ജീവിതമെന്നിലൂടെക്കടന്നുപോകുന്നതറിയുക,
തടങ്ങൾക്കിടയിലൂടൊരു പുഴയെന്നപോലെ,
വെളിയിലൊരു മഹാമൗനവും, നിദ്രയിലാണ്ടൊരു ദൈവത്തെപ്പോലെ.


(ആൽബെർട്ടോ കെയ്റോ എന്ന അപരനാമത്തിൽ എഴുതിയത്


അലക്സാണ്ടർ റിസ്റ്റോവിച്ച് - കവിതകൾ



പിശാചിന്റെ ഉച്ചഭക്ഷണം


ഒരു മുള്ളു തന്നെ അവനു ധാരാളം.
ഇരുമ്പു കൊണ്ടുള്ള ഒരാപ്പിൾ.
ഒരു കോട്ടൺ പെറ്റിക്കോട്ടു മാത്രമിട്ടുകൊണ്ട്
വീട്ടിനുള്ളിൽ ചുവടു വയ്ക്കുന്ന ഒരു പെൺകുട്ടിയുടെ മുലക്കണ്ണ്‌.
ഒരു പന്നിയുടെ ചെവി തന്നെ ധാരാളം.
ഒഴിഞ്ഞ രണ്ടു പിഞ്ഞാണങ്ങൾക്കിടയിലൂടിഴയുന്ന ഒരു പ്രാണി.
ഒരു ജമന്തിപ്പൂവിലേക്കൂതുന്ന കുട്ടി.
മരിക്കാൻ കിടക്കുന്ന ഒരു കിഴവിയുടെ ശോഷിച്ച കൈകാലുകൾ.
ഒരു കൈ തന്റെ മാറിലും 
മറ്റേക്കൈ ചുണ്ടിലും വച്ച്
കാമുകനെ കാത്തിരിക്കുന്ന 
യുവതിയുടെ കൈകാലുകൾ.

ഉച്ചഭക്ഷണമായി കഴിക്കുന്നത്
അത്താഴമായി അവൻ ഛർദ്ദിക്കുന്നു,
ഒരു റോസാച്ചെടിയിലേക്ക്,
അല്ലെങ്കിലൊരു ക്രിസ്തുമസ്മരത്തിനു ചുവട്ടിൽ.

*

മരണവും മറ്റു ചിലതും


എത്ര വിചിത്രമായിരിക്കും എന്റെ മരണം;
ബാല്യം തൊട്ടേ ഞാനതിനെക്കുറിച്ചു ചിന്തിക്കാറുണ്ട്:
ഒരു ചെറുപട്ടണത്തിലെ വായനശാലയിൽ നിന്നിറങ്ങിവരുന്ന
അലസശീലനായ ഒരു വൃദ്ധൻ
ഒരു വശത്തേക്കു ചായുന്നു,
പിന്നെ പുല്പുറത്തു കുഴഞ്ഞുവീഴുന്നു.
ഒരു പ്ലാസ്റ്റിക്ക് സഞ്ചിയിൽ അത്താഴവും പൊതിഞ്ഞെടുത്തു
കോണിപ്പടി കയറുമ്പോൾ
(ആ നിമിഷം താഴേക്കിറങ്ങുന്ന പാർട്ടി ഡ്രസ് ധരിച്ച ചുരുൾമുടിക്കാരനെ
ഞാനൊന്നു തിരിഞ്ഞുനോക്കുന്നപോലുമില്ല)
മറ്റുള്ളവർ അനുഭവിച്ചതുതന്നെ ഞാനും അനുഭവിക്കും
എന്നു വിശ്വസിക്കാതിരിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല.
ഇനിയല്ലെങ്കിൽ ഒരു ട്രെയിനിൽ വച്ചുള്ള സാധാരണമരണവുമാകാം:
പാടങ്ങളും മഞ്ഞു വീണ കുന്നുകളും
ശ്രദ്ധയോടെ നോക്കിയിരിക്കുന്ന ഒരു മനുഷ്യൻ
കണ്ണുകളടയ്ക്കുന്നു മടിയിൽ കൈകൾ മടക്കിവയ്ക്കുന്നു
ഒരു നിമിഷം മുമ്പ് കൗതുകത്തോടെ താൻ കണ്ടതൊന്നും കാണാതെയാകുന്നു.
മറ്റു സാദ്ധ്യതകളും ഓർത്തെടുക്കാൻ നോക്കുകയാണു ഞാൻ:
അങ്ങനെയിതാ, പിന്നെയും ഞാൻ തന്നെയായി വേഷം മാറിയ ഞാൻ
ഉല്ലാസഭരിതമായ ഒരു ചെറുസംഘത്തിനിടയിൽ
എന്റെ ഗ്ലാസ് കാലിയാക്കിക്കൊണ്ടിരിക്കെ
ചിരിച്ചുകൊണ്ടു തറയിലേക്കു വീഴുന്നു,
വീഴുന്ന പോക്കിൽ മേശവിരിയും നിറയെ റോസാപ്പൂക്കളുണ്ടായിരുന്ന
പൂപ്പാത്രവും വലിച്ചു താഴെയിടുന്നു.
ഏതോ മലമ്പ്രദേശത്തെ ഭ്രാന്താശുപത്രിയിൽ
പുതിയ വിരികളിട്ട കിടക്കകളിൽ കിടന്ന്
തൊണ്ട കാറി അന്യോന്യം പരാതിപ്പെടുമ്പോൾ,
തീർച്ചയായും ഒരാത്മീയമാനമുള്ളതുമാവാം എന്റെ മരണം.
ഞാൻ മനസ്സിൽ കാണുന്നതിൽ നിന്നു തീർത്തും വ്യത്യസ്തമായ
മറ്റൊരു രീതിയിലാണു ഞാൻ മരിക്കുക എന്നും വരാം:
എന്റെ ഭാര്യയ്ക്കും മകൾക്കുമൊപ്പമിരിക്കുമ്പോൾ
ചുറ്റിനും പുസ്തകങ്ങളുമായി ഞാൻ മരിക്കും,
രാത്രിയിൽ പുതുമഞ്ഞാശ്ചര്യപ്പെടുത്തിയ കാർ സ്റ്റാർട്ടാക്കാൻ
നോക്കുകയായിരിക്കും വീടിനു പുറത്തെന്റെ അയല്ക്കാരൻ.
*
സെർബിയൻ കവി  Aleksandar Ristovic (1933-1994)