ലിയോപോൾഡ് സ്റ്റാഫ് (1878-1957) Leopold Staff- പോളിഷ് കവിയും വിവർത്തകനും. പത്തൊമ്പതാം നൂറ്റാണ്ടിനൊടുവിലെ യംഗ് പോളണ്ട് എന്ന സാഹിത്യപ്രസ്ഥാനത്തിന്റെ പ്രതിനിധി. സംക്ഷിപ്തവും അവക്രവുമായ ശൈലിയാണ് കവിതകളുടെ മുഖമുദ്ര.
പാലം
കുതിച്ചൊഴുകുന്ന വൻപുഴയുടെ കരയ്ക്കു നില്ക്കുമ്പോൾ
എനിക്കു വിശ്വാസമായിരുന്നില്ല,
നേർത്തു ദുർബലമായ മുളക്കീറുകൾ
മരവള്ളി കൊണ്ടുറപ്പിച്ച ആ പാലം
ഞാൻ കടന്നുകയറുമെന്ന്.
പൂമ്പാറ്റയെപ്പോലെ മയത്തിൽ ഞാൻ നടന്നു,
ആനയെപ്പോലെ കനത്തിൽ ഞാൻ നടന്നു,
നർത്തകനെപ്പോലെ ചുവടുറപ്പിച്ചു ഞാൻ നടന്നു,
കുരുടനെപ്പോലെ ചുവടുറയ്ക്കാതെ ഞാൻ നടന്നു.
ഞാൻ പാലം കടക്കുമെന്നെനിക്കു വിശ്വാസമായിരുന്നില്ല,
ഇപ്പോൾ മറുകരെ നില്ക്കെ,
ഞാൻ പാലം കടന്നുവെന്നെനിക്കു വിശ്വാസവുമാകുന്നുമില്ല.
മൂന്നു പട്ടണങ്ങൾ
മൂന്നു കൊച്ചുപട്ടണങ്ങൾ,
മൂന്നും കൂടി ഒന്നിലിട്ടുവയ്ക്കാവുന്നത്ര
ചെറിയ പട്ടണങ്ങൾ...
ഭൂപടത്തിലില്ലവ,
യുദ്ധത്തിലവ തകർന്നടിഞ്ഞു.
അവയിലും മനുഷ്യർ ജീവിച്ചിരുന്നു,
പരിശ്രമശാലികൾ, ശാന്തചിത്തർ,
സമാധാനപ്രേമികൾ.
ആറിത്തണുത്ത, ഉദാസീനപ്രകൃതികളായ സഹോദരന്മാരേ,
നിങ്ങളിലൊരാളു പോലും
ഈ നഗരങ്ങളെക്കുറിച്ചൊന്നന്വേഷിക്കാത്തതെന്തേ?
എത്ര പാപ്പരാണയാൾ ,
ചോദ്യങ്ങൾ ചോദിക്കാത്തയാൾ .
ഭാഷ
ഒരു രാപ്പാടിയുടെ പാട്ടിനോടാരാധന തോന്നാൻ
തവളകരച്ചിൽ കേട്ടു ലഹരി പിടിക്കാൻ
നിങ്ങളതു മനസ്സിലാക്കണമെന്നില്ല.
മനുഷ്യഭാഷ എനിക്കു മനസ്സിലാകും,
അതിന്റെ നുണകളും അതിന്റെ നെറികേടുകളുമായി.
എനിക്കതു മനസ്സിലായിരുന്നില്ലെങ്കിൽ
ഞാനായേനേ, എക്കാലത്തെയും ഏറ്റവും വലിയ കവി.
അസ്തിവാരങ്ങൾ
പൂഴിയിൽ ഞാൻ പണിതപ്പോൾ വീടിടിഞ്ഞുവീണു. പാറ മേൽ ഞാൻ പണിതപ്പോൾ വീടിടിഞ്ഞുവീണു. ഈ വട്ടം ഞാൻ പണി തുടങ്ങുന്നത് ചിമ്മിനിപ്പുകയിൽ നിന്ന്. *പായൽ
കാടുപിടിച്ച പഴയൊരു പാർക്കിനുള്ളിൽ പായലു കൊണ്ടാകെമൂടിയ ഒരു കുളത്തിനരികിൽ നില്ക്കുകയായിരുന്നു ഞാൻ. ഒരിക്കലിതിലെ വെള്ളം തെളിഞ്ഞതായിരുന്നുവെന്നും ഇനിയുമതങ്ങനെയാവണമെന്നുമുള്ള ചിന്തയോടെ ആ പച്ചക്ലാവു ഞാൻ വടിച്ചുമാറ്റാൻ തുടങ്ങി. നെറ്റിത്തടത്തിൽ ചിന്തകൾ ചാലു കീറിയ ഒരാൾ, ഒരു ജ്ഞാനി, എന്റെ ഉദ്യമത്തിനിടെ അവിചാരിതമായി അവിടെ വന്നു; ഒരു സൗമ്യമന്ദഹാസത്തോടെ, ദാക്ഷിണ്യത്തോടെ അയാളെന്നെ ഗുണദോഷിച്ചു: “ഇങ്ങനെ സമയം കളയുന്നതിൽ ഒരതൃപ്തിയും നിങ്ങൾക്കു തോന്നുന്നില്ലേ? നിത്യതയുടെ ഒരു തുള്ളിയാണ് ഓരോ നിമിഷവും, ജീവിതം അതിന്റെ ഒരു കണ്ണുചിമ്മലും. നിങ്ങളുടെ ശ്രദ്ധയർഹിക്കേണ്ട വിഷയങ്ങൾ മറ്റനേകമുണ്ട്.” നാണക്കേടോടെ ഞാനവിടന്നു പോയി. അന്നു മുഴുവൻ ഞാൻ ചിന്തയിലായിരുന്നു, ജീവിതത്തെയും മരണത്തെയും കുറിച്ച്, സോക്രട്ടീസിനേയും ആത്മാവിന്റെ അനശ്വരതയേയും കുറിച്ച്, പിരമിഡുകളേയും ഈജിപ്ഷ്യൻ ചോളത്തെയും കുറിച്ച്; റോമൻ ഫോറത്തെയും ചന്ദ്രനെയും കുറിച്ചു ഞാനാലോചിച്ചു, ഡൈനസോറിനേയും ഈഫൽ ഗോപുരത്തെയും കുറിച്ചും... എന്നാൽ ഒന്നും എങ്ങുമെത്തിയില്ല. അടുത്ത നാൾ, പായലു പിടിച്ച ആ കുളത്തിന്റെ അതേയിടത്തു ചെന്നപ്പോൾ ഞാൻ കണ്ടു, ആ ജ്ഞാനി, നെറ്റിയിൽ ഒരു ചുളിവു പോലുമില്ലാതെ, ഞാൻ ദൂരെയെറിഞ്ഞ ചുള്ളിക്കമ്പു കൊണ്ട് പായലു പിടിച്ച പ്രതലം വടിച്ചുമാറ്റുകയാണ്. ചില്ലകളിൽ കിളികൾ പാടിയിരുന്നു. മരങ്ങൾ മൃദുമർമ്മരം പൊഴിച്ചിരുന്നു.*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ