2018, ജൂൺ 18, തിങ്കളാഴ്‌ച

റോബർട്ട് വാൾസർ - ഒരേയൊരുവൾ


robert walser1

ആർക്കു വേണ്ടി കവികൾ കവിതകളെഴുതുന്നു, ആരു ഗണനീയയാവുന്നു, ആരു കവിതയെഴുതാതെ തന്നെ കവിയ്ക്കത്രമേൽ പ്രധാനമായ കവിതയാവുന്നു- അവളെ എനിക്കറിയാം. നിങ്ങൾ അവളെ ആദ്യമായിട്ടാണു കാണുന്നതെങ്കിൽ വിസ്മയപ്പെടുത്തുന്ന ഒരുജ്ജ്വലതയേ നിങ്ങൾ കാണുന്നുള്ളു. ഞാൻ അവളെ പ്രകീർത്തിച്ചു പാടിയിട്ടുണ്ട്; എന്നിട്ടും എന്റെ തൃപ്തിക്കൊത്തവണ്ണമായിട്ടില്ല. അവളെന്നെ തുരത്തിയോടിച്ചു; തന്നോടൊപ്പം ശയിക്കാൻ ഒരു രാത്രി അവൾ എനിക്കു തന്നുവെന്നപോലെ സന്തുഷ്ടനായി ഞാൻ ചിരിച്ചു. കവിയ്ക്കെന്തിനു വേണം അങ്ങനെയൊരു രാത്രി? അവളുടെ അവയവങ്ങൾ നേരിൽ കാണാൻ അയാളുടെ ഭാവന പണ്ടേ അയാൾക്കു വരുതി കൊടുത്തിരിക്കുന്നുവല്ലോ. അതില്പിന്നെ ഞാനൊരിക്കലുമവളെ പ്രേമിക്കുകയില്ല. അവളെന്നെ ഒരു ശിശുവാക്കി; ഭൂമിയെക്കണ്ടത്ഭുതപ്പെടുന്ന, മനോഹരശിക്ഷണങ്ങൾക്കു വിധേയനാവുന്ന, ദൈവത്തെ ആരാധിക്കുന്ന ബാലൻ. അവളുടെ പാദുകങ്ങൾ കേമമെന്നു പറയാനില്ല. എന്നാലവൾ കൈയിലെടുത്തു പെരുമാറുന്ന തൂവാല എനിക്കു പ്രിയപ്പെട്ടതത്രെ. അവളെ ഒരിക്കൽക്കൂടി കാണാൻ എനിക്കനുവാദമില്ല; ഇനിയഥവാ, അങ്ങനെയല്ലെന്നു വന്നാൽ എനിക്കതാഹ്ളാദം നല്കും. അവളോടെന്റെ പെരുമാറ്റം ലജ്ജാവഹമായിരുന്നു; എന്തെന്നാൽ അവളുടെ സാന്നിദ്ധ്യത്തിൽ ചകിതനായി ഞാൻ വിറച്ചുപോയി, അവളെക്കാൾ മേലെയാണു ഞാനെന്നു നടിക്കാൻ ഞാൻ ശ്രമിച്ചു, ഈ വിറ, ഈ പ്രണയം, മൂഢമാണതെന്നു ഞാൻ കണ്ടു, ഞാനതിനെ വെറുക്കുക തന്നെ ചെയ്തു. എന്നാലവളിൽ നിന്നകലെയായിരിക്കുമ്പോൾ ഞാനവളെ ലാളിക്കുന്നു, അവളോടൊത്തു കളിക്കുന്നു, ഭ്രാന്തനെപ്പോലെ തുള്ളിച്ചാടുന്നു, ഞാനൊരു കഥയില്ലാത്ത ബാലനാവുന്നു. നാലു കൊല്ലത്തേക്ക് എനിക്കവളെ മറക്കാനായെന്നു വരാം; പിന്നെയെല്ലാം ഒന്നേയെന്നു തുടങ്ങുകയായി. എത്ര വശ്യമാണതറിയുക. ഒരു പെൺകുട്ടിക്കു ചെലുത്താൻ കഴിയുന്ന പ്രഭാവമെത്രയെന്ന് അന്നു വരെ എനിക്കറിയില്ലായിരുന്നു. എന്റെ ആത്മാർത്ഥതയും എന്നിൽ പിന്നെ നല്ലതായിട്ടുള്ളതൊക്കെയും ഈ ഒരേയൊരുവളുടെ പുടവയ്ക്കു മുന്നിൽ ഒന്നുമല്ലാതെയാവുന്നു. ഉത്സാഹഭരിതനാണു ഞാൻ; അതിപുലർച്ചയ്ക്കല്ലാതെ അങ്ങനെയാവാറുമില്ല ഞാൻ; ഇതു പക്ഷേ, പാതിരയാണ്‌. ഞാനിതെഴുതുന്നത് ആർക്കെങ്കിലും വായിക്കാൻ കൊടുക്കാനുമല്ല.
(1924/25)


റോബർട്ട് വാൾസർ - രണ്ടു വിചിത്രകഥകള്‍


robert walser

മത്തങ്ങാത്തലയൻ

ഒരിക്കൽ ഒരിടത്തൊരാളുണ്ടായിരുന്നു, അയാളുടെ കഴുത്തിൽ തലയുടെ സ്ഥാനത്ത് ഒരു പൊള്ളമത്തങ്ങയാണുണ്ടായിരുന്നത്. ഇതേതെങ്കിലും തരത്തിൽ അയാൾക്കു സഹായമായതുമില്ല. എന്നിട്ടും അയാളുടെ മോഹം ഒന്നാമനാവണമെന്നായിരുന്നു. അങ്ങനെയൊരാളായിരുന്നു അയാൾ. നാവിന്റെ സ്ഥാനത്ത് വായിൽ നിന്ന് ഒരോക്കില തൂങ്ങിക്കിടന്നിരുന്നു; പല്ലുകളാവട്ടെ, കത്തി കൊണ്ടു ചെത്തിയെടുത്തതായിരുന്നു. കണ്ണുകൾക്കു പകരം വട്ടത്തിൽ രണ്ടോട്ടകളായിരുന്നു. ഓട്ടകൾക്കുള്ളിൽ രണ്ടു മെഴുകുതിരിമുരടുകൾ മുനിഞ്ഞുകത്തുന്നുണ്ട്. അതാണയാളുടെ കണ്ണുകൾ. ദൂരക്കാഴ്ച കിട്ടാൻ അതയാൾക്കു സഹായമായതുമില്ല. എന്നിട്ടും അയാൾ പറഞ്ഞുനടന്നു, മറ്റുള്ളവരുടേതിനെക്കാൾ കേമമാണു തന്റെ കണ്ണുകളെന്ന്, ആ പൊങ്ങച്ചക്കാരൻ. ആ മത്തങ്ങാത്തലയിൽ അയാൾ ഒരു നീളൻതൊപ്പി വച്ചിരുന്നു; ആരെങ്കിലും അയാളോടു സംസാരിക്കാൻ നിന്നാൽ അയാൾ തൊപ്പിയെടുത്തു കൈയിൽ പിടിയ്ക്കും: അത്ര മര്യാദയായിരുന്നു, അയാൾക്ക്. ഈ മനുഷ്യൻ ഒരു ദിവസം നടക്കാനിറങ്ങി. പക്ഷേ കാറ്റൊന്നാഞ്ഞുവീശിയപ്പോൾ അയാളുടെ കണ്ണുകൾ കെട്ടുപോയി. ആ മെഴുകുതിരിമുരടുകളും വച്ച് അയാൾക്കു കരയാൻ തോന്നി; അയാൾക്കു വീട്ടിലേക്കുള്ള വഴി കാണാൻ പറ്റേണ്ടേ? രണ്ടു കൈ കൊണ്ടും ആ മത്തങ്ങാത്തല താങ്ങിപ്പിടിച്ച്  അയാൾ അവിടെയിരുന്നു; അയാൾക്കു മരിക്കാൻ തോന്നി. പക്ഷേ അയാളുടെ മരണവും പെട്ടെന്നുണ്ടായില്ല. ഒന്നാമതായി, അയാളുടെ വായിൽ നിന്ന് ആ ഓക്കില തിന്നുതീർക്കാനായി ഒരു ഇലതീനിപ്പാറ്റ വരേണ്ടിയിരുന്നു; അയാളുടെ മത്തങ്ങാത്തലയിൽ ഒരോട്ടയിടാനായി ഒരു കിളി വരേണ്ടിയിരുന്നു; ആ രണ്ടു മെഴുകുതിരിമുരടുകൾ എടുത്തുമാറ്റാനായി ഒരു കുട്ടി വരേണ്ടിയിരുന്നു. എങ്കിൽ അയാൾക്കു മരിക്കാം. പക്ഷേ പാറ്റ ഇല തിന്നു തീർത്തിട്ടില്ല, കിളി ഓട്ടയിടുന്നതേയുള്ളു, കുട്ടിയാവട്ടെ, മെഴുകുതിരിമുരടുകളും വച്ചു കളിക്കുകയുമാണ്‌.

(1914)


വേലക്കാരിഒരു പണക്കാരിയായ സ്ത്രീ ഒരു വേലക്കാരിയെ വച്ചിരുന്നു; അവരുടെ കുഞ്ഞിനെ നോക്കുക എന്നതായിരുന്നു അവളുടെ ജോലി. ഒരു നിലാവിന്റെ കതിരു പോലെ പേലവമായിരുന്നു, പുതുതായി പൊഴിഞ്ഞ മഞ്ഞു പോലെ നിർമ്മലമായിരുന്നു, സൂര്യനെപ്പോലെ നാം സ്നേഹിച്ചുപോകുന്നതായിരുന്നു ആ കുഞ്ഞ്. സൂര്യനെപ്പോലെ, ചന്ദ്രനെപ്പോലെ അവൾ ആ കുഞ്ഞിനെ സ്നേഹിച്ചിരുന്നു; സൂര്യനെ, ചന്ദ്രനെ സ്നേഹിച്ച പോലെതന്നെ അവൾ അതിനെ സ്നേഹിച്ചിരുന്നു; തനിക്കു പ്രിയപ്പെട്ട ദൈവത്തോടുള്ള സ്നേഹത്തോടെ തന്നെയെന്നു പറയാം, അവൾ അതിനെ സ്നേഹിച്ചിരുന്നു. പക്ഷേ ഒരുനാൾ, എങ്ങനെയെന്നാർക്കുമറിയില്ല, കുഞ്ഞിനെ കാണാതെയായി; വേലക്കാരി കുഞ്ഞിനെ അന്വേഷിച്ചിറങ്ങി, ലോകമെമ്പാടും അവൾ അതിനെ തിരഞ്ഞു; എല്ലാ നഗരങ്ങളിലും, എല്ലാ രാജ്യങ്ങളിലും, അങ്ങു പേഴ്സ്യ വരെ അവൾ അന്വേഷിച്ചു. അവിടെ പേഴ്സ്യയിൽ വച്ച് ഒരു ദിവസം രാത്രിയിൽ ഇരുണ്ടുവലുതായ ഒരു ഗോപുരത്തിനു മുന്നിൽ അവൾ എത്തിച്ചേർന്നു; ഇരുണ്ടുവലുതായ ഒരു നദിയുടെ കരയിലാണ്‌ അതു നില്ക്കുന്നത്. എന്നാൽ ഗോപുരത്തിനങ്ങു മുകളിൽ ഒരു ചുവന്ന വിളക്കെരിയുന്നുണ്ട്; വിശ്വസ്തയായ ആ വേലക്കാരി വിളക്കിനോടു ചോദിച്ചു: എന്റെ കുഞ്ഞ് എവിടെയാണെന്നൊന്നു പറയാമോ? അതിനെ കാണാനില്ല, പത്തു കൊല്ലമായി ഞാൻ അതിനെ അന്വേഷിച്ചു നടക്കുകയാണ്‌. എങ്കിൽ പത്തു കൊല്ലം കൂടി അതിനെ അന്വേഷിച്ചു നടക്കൂ, വിളക്കു പറഞ്ഞു, എന്നിട്ടതു കെടുകയും ചെയ്തു. അങ്ങനെ വേലക്കാരി പിന്നെയും പത്തു കൊല്ലം കുഞ്ഞിനെ അന്വേഷിച്ചു നടന്നു, ലോകത്തിന്റെ എല്ലാ ഭാഗത്തും, എല്ലാ ഇടവഴികളിലും, അങ്ങു ഫ്രാൻസിൽ പോലും അവൾ അതിനെ അന്വേഷിച്ചു നടന്നു. ഫ്രാൻസിൽ പാരീസ് എന്നു പേരായി വിശിഷ്ടമായ ഒരു മഹാനഗരമുണ്ട്, ആ നഗരത്തിലും അവളെത്തി. ഒരു ദിവസം വൈകുന്നേരം മനോഹരമായ ഒരു പൂന്തോട്ടത്തിന്റെ കവാടത്തിനടുത്തു നിന്ന് കുഞ്ഞിനെ കിട്ടാത്ത സങ്കടം കൊണ്ട് അവൾ കരയുകയായിരുന്നു; കണ്ണു തുടയ്ക്കാൻ അവൾ തന്റെ ചുവന്ന തൂവാല എടുത്തു. അപ്പോഴാണ്‌ പെട്ടെന്ന് ഉദ്യാനത്തിന്റെ കവാടം തുറക്കുന്നതും അവളുടെ കുഞ്ഞ് പുറത്തേക്കു വരുന്നതും. അതിനെ കണ്ടതും അവൾ സന്തോഷം കൊണ്ട് ജീവൻ വെടിഞ്ഞു. എന്തിനാണവൾ മരിച്ചത്? അതുകൊണ്ട് അവൾക്കെന്തു ഗുണമുണ്ടായി? പക്ഷേ അവൾക്കിപ്പോൾ നല്ല പ്രായമായിക്കഴിഞ്ഞിരുന്നു, ഇനിയും സഹിക്കാൻ അവൾക്കു കഴിയുകയുമില്ല. ആ കുഞ്ഞ് ഇപ്പോൾ പ്രൗഢയും സുന്ദരിയുമായ ഒരു സ്ത്രീയായിക്കഴിഞ്ഞിരിക്കുന്നു. നിങ്ങൾ എപ്പോഴെങ്കിലും അവളെ കാണാനിട വന്നാൽ എന്റെ അന്വേഷണം അറിയിക്കണേ.
(1913)

2018, ജൂൺ 17, ഞായറാഴ്‌ച

നെരൂദ - എസ്ട്രാവഗേരിയോ


22248402597

1958ൽ പുറത്തുവന്ന 68 കവിതകൾ അടങ്ങിയ സമാഹാരമാണ്‌ എസ്ട്രാവഗേരിയോ (Estravagario.) കൃത്യമായ ഒരർത്ഥം കൊടുക്കാതെ നെരൂദ രൂപപ്പെടുത്തിയ പുതിയൊരു വാക്കാണത്. കാല്പനികകവിതകൾക്കും രാഷ്ട്രീയപ്രതിരോധത്തിന്റെ കവിതകൾക്കും ശേഷം അദ്ദേഹത്തിന്റെ കവിത പുതിയൊരു ദിശയിലേക്കു തിരിയുന്നത് ഈ കവിതകളിലൂടെയാണ്‌.

ഇക്കാലമായപ്പോഴേക്കും നെരൂദ സുപ്രതിഷ്ഠിതനായ ഒരു കവിയായിക്കഴിഞ്ഞിരുന്നു. തന്റെ വായനക്കാരന്‌ തന്നെ, തന്റെ ജീവിതത്തെ, തന്റെ ഇഷ്ടാനിഷ്ടങ്ങളെ, തന്റെ ഒടുവിലത്തെ പ്രണയമായ മാറ്റിൽഡെ ഉറൂഷ്യയെ പരിചയമായിക്കഴിഞ്ഞു എന്ന അറിവിന്റെ സംതൃപ്തി അദ്ദേഹത്തിനുണ്ട്. തന്നെ അറിയുന്ന, തന്നിൽ താല്പര്യമുള്ള ഒരു വായനക്കാരനുമായി നടത്തുന്ന കളിമട്ടിലുള്ള ഇടപാടുകളാണ്‌ ഈ കവിതകൾ. 1973ൽ തിരിഞ്ഞുനോക്കിക്കൊണ്ട് അദ്ദേഹം പറയുകയുണ്ടായി, തന്റെ ഹൃദയത്തോടേറ്റവും അടുത്ത പുസ്തകമാണതെന്ന്. ഒരർത്ഥത്തിൽ പറഞ്ഞാൽ ആത്മകഥാപരമായ തിരിഞ്ഞുനോട്ടങ്ങളാണ്‌ ‘എസ്ട്രാവഗേരിയോ.’ Residencia en la Tierra (1925-1932) എഴുതുന്ന കാലത്ത് താൻ ജിവിച്ചിരുന്ന പൂർവ്വേഷ്യൻ രാജ്യങ്ങളിലേക്ക് മാറ്റിൽഡേയുമൊത്ത് അദ്ദേഹം ഒരു യാത്ര നടത്തിയിരുന്നു. ആ യാത്രയുടെ രേഖകളാണ്‌ മിക്ക കവിതകളും. അതേ സമയം നിക്കനോർ പാർറയുടെ Poemas y antipoemas (1954)നുള്ള നെരൂദയുടെ മറുപടി കൂടിയാണ്‌ ഈ പുസ്തകം. പാർറയുടെ പ്രതികവിത നെരൂദയുടെ കവിതയെ പ്രതിസ്ഥാനത്തു നിർത്തുന്നതായിരുന്നു. ഒരു അഭിമുഖത്തിൽ പാർറ സമ്മതിക്കുന്നുണ്ട്, നെരൂദ തനിക്കെന്നും ഒരു പ്രശ്നവും വെല്ലുവിളിയും തടസ്സവുമായിരുന്നെന്ന്. അതേ സമയം നെരൂദയുടെ ‘ചുറ്റിനടത്തം’ പോലെയുള്ള കവിതകൾ പാർറയുടെ മുൻഗാമികളാണെന്നും ചില നിരൂപകർക്കഭിപ്രായമുണ്ട്.ആകാശത്തേക്കുയരാൻimages
നിങ്ങൾക്കു വേണം,
രണ്ടു ചിറകുകൾ,
ഒരു വയലിൻ,
പിന്നെയും വേറേ പലതും,
എണ്ണമറ്റ കാര്യങ്ങൾ,
പേരുകളില്ലാത്ത കാര്യങ്ങൾ,
സാവകാശം നീങ്ങുന്നൊരു വലിയ കണ്ണിനുള്ള അവകാശം,
ബദാം മരത്തിന്റെ നഖങ്ങളിലെ എഴുത്തുകൾ,
പുലരിയിൽ പുല്ക്കൊടികളുടെ പേരുകൾ.

1. ഞാൻ നിശ്ശബ്ദനാവട്ടെഇനി ഞാനൊറ്റയ്ക്കാവട്ടെ,
ഞാനില്ലാതെ പരിചയിക്ക നിങ്ങളും.

ഞാൻ കണ്ണടയ്ക്കാൻ പോകുന്നു.

അഞ്ചു കാര്യങ്ങളേ എനിക്കു വേണ്ടൂ.
എനിക്കിഷ്ടപ്പെട്ട അഞ്ചു വേരുകൾ.

അതിരറ്റ പ്രണയമാണൊന്ന്.

ശരല്ക്കാലം കാണുക രണ്ടാമത്.
ഇലകൾ മണ്ണിൽ പാറിവീഴുന്നതു കാണാതെ
ജീവിക്കുക സാദ്ധ്യമല്ലെനിക്ക്.

മൂന്നാമത്തത് കഠിനഹേമന്തം,
ഞാൻ സ്നേഹിച്ച മഴ,
പരുഷമായ തണുപ്പിൽ തീയുടെ തലോടൽ.

നാലാമത്തേത് വേനൽ,
തണ്ണിമത്തൻ പോലെ മുഴുത്തത്.

പിന്നഞ്ചാമതായി നിന്റെ കണ്ണുകൾ,
മാറ്റിൽഡെ, എന്റെ പ്രിയേ,
നിന്റെ കണ്ണുകളില്ലാതെ ഞാനുറങ്ങുകയില്ല,
നിന്റെ ദൃഷ്ടിയിലല്ലാതെനിക്കു ജീവിതമില്ല,
എന്റെ മേൽ നിന്റെ നോട്ടമുണ്ടെങ്കിൽ
വസന്തം ഞാൻ വേണ്ടെന്നുവയ്ക്കാം.

ഇത്രയും പോരും ചങ്ങാതിമാരേ,
ഇത്രയ്ക്കേയുള്ളുവെങ്കിലും അത്രയ്ക്കുമുണ്ടത്.

ഇനി വേണമെങ്കിൽ നിങ്ങൾക്കു പോകാം.
ഇനി നിങ്ങളെന്നെ മിനക്കെട്ടു മറക്കണം,
സ്ലേറ്റിൽ നിന്നെന്നെ മായ്ച്ചുകളയണം,
അതിനുള്ള കാലം ഞാൻ ജീവിച്ചുകഴിഞ്ഞു.
പിടി വിട്ട പോക്കായിരുന്നു എന്റെ ഹൃദയം.

നിശ്ശബ്ദനാവട്ടേയെന്നു പറഞ്ഞുവെങ്കിലും
മരിക്കാൻ പോവുകയാണു ഞാനെന്നു കരുതരുതേ.
നേരേ മറിച്ചാണു കാര്യം,
ജീവിക്കാനാണെന്റെ ഭാവം.

ജീവിക്കാൻ, ജീവനോടിരിക്കാൻ.

എനിക്കു ജീവനുണ്ടെന്നു പറയാനാവില്ല പക്ഷേ,
വിളകളെന്നിൽ മുളയെടുക്കുന്നില്ലെങ്കിൽ,
ഇളംകൂമ്പുകൾ മണ്ണു തുരന്നു വെളിച്ചത്തിലേക്കെത്തുന്നില്ലെങ്കിൽ;
പിറവി കൊടുക്കുന്ന മണ്ണിരുണ്ടുകിടക്കുകയാണ്‌,
ഉള്ളിന്റെയുള്ളിൽ ഞാനുമിരുണ്ടുകിടക്കുന്നു.
ഇന്നൊരു കിണറു പോലെയാണു ഞാൻ,
അതിൽ നക്ഷത്രങ്ങളെത്തള്ളി രാത്രിയതാ പോകുന്നു,
പാടങ്ങൾ മുറിച്ചുകടന്നേകാകിയായി.

ഇത്രകാലം ജീവിതം ജീവിച്ചവനല്ലേ,
അത്രയും കാലമെനിക്കിനിയും ജീവിക്കണം.

ഇത്രയും തൊണ്ട തെളിഞ്ഞിതേവരെ ഞാൻ പാടിയിട്ടില്ല,
ഇത്രയും ചുംബനങ്ങളിതേവരെ ഞാനറിഞ്ഞിട്ടില്ല.

നേരം പതിവുപോലെ പുലർച്ചയായിരിക്കുന്നു,
ഒരു തേനീച്ചപ്പറ്റം പോലെ വെളിച്ചം.

ഈ പകലിനൊപ്പം ഞാനൊറ്റയ്ക്കാവട്ടെ,
ഇനിയുമൊരു പിറവിക്കായി ഞാനനുവാദം ചോദിക്കട്ടെ.


2. എത്ര കാലം?എന്തൊക്കെയായാലും, എത്രകാലം ജീവിക്കാനാണൊരാൾ?

ഒരായിരം നാളുകളയാൾ ജീവിക്കുമോ, അതോ വെറുമൊന്നോ?

ഒരാഴ്ച, അല്ലെങ്കിൽ പല നൂറ്റാണ്ടുകൾ?

മരിച്ചുതീരാനൊരാൾക്കെത്ര കാലം വേണം?

‘എന്നെന്നും’ എന്നു പറഞ്ഞാലെന്താണത്?

ഈതരമാലോചനകളിൽ മുഴുകിപ്പോയ ഞാൻ
ഒരുനാൾ സംശയനിവൃത്തിക്കായി ഒരുമ്പെട്ടിറങ്ങി.

ഗ്രഹിതക്കാരായ പുരോഹിതന്മാരെ ഞാൻ തിരഞ്ഞുപിടിച്ചു,
അവർ കർമ്മങ്ങൾ കഴിച്ചു വരും വരെ ഞാൻ കാത്തുനിന്നു,
ദൈവത്തെയും പിശാചിനെയും സന്ദർശിക്കാൻ
അവർ പോയിവരുന്നതും ഞാൻ കണ്ടുനിന്നു.

അവർക്കെന്റെ ചോദ്യങ്ങൾ കേട്ടു മുഷിഞ്ഞു.
അവർക്കു കാര്യമായിട്ടൊന്നുമറിയില്ല,
ഭരിക്കാനല്ലാതവർക്കൊന്നുമറിയില്ല.

പരിശോധനകൾക്കിടയിലിടകിട്ടിയപ്പോൾ
ഡോക്ടർമാരെന്നെക്കാണാൻ തയാറായി:
ഓരോ കൈയിലും കീറാനുള്ള കത്തിയുമായി,
ഓറോമൈസിൻ കൊണ്ടാകെ നിറഞ്ഞവരായി,
നാൾ ചെല്ലുന്തോറും തിരക്കേറിയവരായി.
അവരുടെ സംസാരത്തിൽ നിന്നൂഹിക്കാൻ പറ്റിയിടത്തോളം
പ്രശ്നമിങ്ങനെയായിരുന്നു:
ഒരു മൈക്രോബിന്റെ മരണമല്ല വിഷയം-
അവ ചാവുന്നതു ടൺ കണക്കിനാണല്ലോ-
ശേഷിക്കുന്ന ചിലതു കാണിക്കുന്ന വൈകൃതമാണു കാര്യം.

അതുകേട്ടത്രയ്ക്കു വിരണ്ടുപോയ ഞാൻ
ശവക്കുഴിവെട്ടുക്കാരെ തിരഞ്ഞുപിടിച്ചു.
പുഴക്കരകളിലെ ചിതാഘട്ടങ്ങളിൽ ഞാൻ പോയി,
അവിടെയവർ ദഹിപ്പിക്കുന്നുണ്ട്,
ചായം പൂശിയ കൂറ്റൻ ജഡങ്ങളെ,
എല്ലും തോലുമായ ഉടലുകളെ,
ഘോരശാപങ്ങളുടെ പരിവേഷമണിഞ്ഞ ചക്രവർത്തിമാരെ,
നടപ്പുദീനമൂതിക്കെടുത്തിയ സ്ത്രീകളെ.
ശവങ്ങൾ നിരന്നുകിടക്കുന്ന കടലോരങ്ങളുണ്ടായിരുന്നു,
ചാരം വാരിപ്പൂശിയ വിദഗ്ധരുണ്ടായിരുന്നു.

ഒരു തക്കം കിട്ടിയപ്പോൾ
ഒരുകൂട്ടം ചോദ്യങ്ങൾ ഞാനെടുത്തെറിഞ്ഞു.
എന്നെ വേണമെങ്കിൽ കത്തിച്ചുതരാമെന്നവർ പറഞ്ഞു,
അവർക്കറിയുന്നതതുമാത്രമായിരുന്നു.

എന്റെ നാട്ടിലെ മരണാനന്തരച്ചടങ്ങുകാർ
ഗ്ലാസ്സുകൾ കാലിയാക്കുന്നതിനിടയിൽ പറഞ്ഞതിങ്ങനെ:
‘പോയി നല്ലൊരു പെണ്ണിനെ കാണ്‌,
ഈ വേണ്ടാതീനമൊക്കെ മനസ്സീന്നു കളയ്.’

ഇത്ര സന്തുഷ്ടരായവരെ ഞാൻ കണ്ടിട്ടില്ല.

ഗ്ലാസ്സുകളുയർത്തിപ്പിടിച്ചവർ പാടി,
മരണത്തിനും ആരോഗ്യത്തിനുമവരുപചാരമോതി,
അവർ വമ്പൻവ്യഭിചാരികളുമായിരുന്നു.

ലോകം മുഴുവൻ കറങ്ങി, പ്രായവുമേറി,
ഞാൻ തിരിച്ചു വീട്ടിലെത്തി.

ഇപ്പോൾ ഞാനാരോടും ചോദിക്കാറില്ല.

എന്നാലെനിക്കറിയാവുന്നത്

നാളു ചെല്ലുന്തോറും കുറഞ്ഞും വരുന്നു.


3. നഗരമതാ, പൊയ്ക്കഴിഞ്ഞുഘടികാരസൂചികൾ നീങ്ങുന്നതെത്ര നിർബ്ബന്ധബുദ്ധിയോടെ,
നമ്മുടെ വർഷങ്ങളവ തിന്നുതീർക്കുന്നതെത്ര കരളുറപ്പോടെ!
ക്ഷണികമായ കുഞ്ഞുമുന്തിരിപ്പഴങ്ങളാണു നാളുകൾ,
കാലത്തിൽ നിന്നടരുമ്പോൾ നിറം മങ്ങുന്നു മാസങ്ങൾ.

ആ പീരങ്കിപ്പടയുടെ തടുക്കരുതാത്ത പ്രഹരത്തിൽ
നിമിഷത്തിന്റെ നിറം വാടുന്നു, അതു വാടിവീഴുന്നു-
എത്രപെട്ടെന്നതാ, നമുക്കു ശേഷിച്ചതൊരു വർഷം മാത്രം,
ഒരു മാസം, ഒരു ദിവസം, ഡയറി മറിക്കുമ്പോൾ മരണവുമായി.

പുഴയൊഴുകുന്നതു വരുതിയിലാക്കാനൊരാൾക്കുമായിട്ടില്ല,
പ്രണയമോ ചിന്തയോ കൊണ്ടതിനെത്തടുക്കാനുമായിട്ടില്ല;
എത്ര വേനലുകളിലൂടെ, ജീവികളിലൂടതൊഴുകിപ്പോയി,
അതൊഴുകുന്ന താളത്തിലുണ്ട്, നമ്മുടെ മരണത്തിന്റെ സൂചനകൾ.

പിന്നെയൊടുവിൽ, തളർന്നുതളർന്നു നാം കാലത്തിൽ വീഴും,
നമ്മെയുമെടുത്തുകൊണ്ടതു പായും, അത്ര തന്നെ.
പിന്നെ നാം മരിക്കും, നമ്മെ വലിച്ചെടുത്തു മാറ്റും,
ജീവനില്ലാത്ത, ഒരു നിഴലോ പൊടിയോ വാക്കോ അല്ലാത്ത നമ്മെ.
ഇനിയൊരുനാളും നാം ജീവിക്കാത്ത നമ്മുടെ നഗരത്തിൽ
എല്ലാമൊഴിഞ്ഞുകിടക്കും- നമ്മുടെ ഉടുപ്പും നമ്മുടെ ഗർവ്വവും.


4. മിണ്ടാതിരിക്കൽഇനി നാം പന്ത്രണ്ടു വരെയെണ്ണും,
പിന്നെ നാമെല്ലാം മിണ്ടാതിരിക്കും.

ഈ ഭൂമുഖത്തൊരു തവണയെങ്കിലും
നാമൊരു ഭാഷയും സംസാരിക്കാതിരിക്കുക;
ഒരു നിമിഷത്തേക്കു നാം നിലയ്ക്കുക,
ഇത്രയ്ക്കിത്രയെങ്കിലും കൈകളനക്കാതിരിക്കുക.

ഹൃദ്യമായൊരു നിമിഷമായിരിക്കുമത്,
തിരക്കില്ലാതെ, എഞ്ചിനുകളില്ലാതെ;
ആകസ്മികമായൊരപരിചിതത്വത്തിൽ
നാമെല്ലാമൊരുമിക്കുകയും ചെയ്യും.

തണുത്ത കടലിലെ മുക്കുവൻ
തിമിംഗലങ്ങളെ മുറിപ്പെടുത്തില്ല,
ഉപ്പളങ്ങളിൽ ഉപ്പു കോരുന്നവൻ
തന്റെ വെടിച്ച കൈയും നോക്കിനില്ക്കും.

ഹരിതയുദ്ധങ്ങൾക്കൊരുങ്ങുന്നവർ,
വാതകയുദ്ധങ്ങൾ, അഗ്നിയുദ്ധങ്ങൾ,
ആരും ശേഷിക്കാത്ത വിജയങ്ങൾക്കു കോപ്പിടുന്നവർ,
അവർ അലക്കിത്തേച്ച വസ്ത്രങ്ങൾ ധരിക്കും,
മരത്തണലുകളിൽ, യാതൊന്നും ചെയ്യാതെ,
സഹോദരങ്ങൾക്കൊത്തവർ ഉലാത്താൻ പോകും.

ജഡത്വമാണെനിക്കു വേണ്ടതെന്നു ധരിക്കരുതേ,
ജീവിതം തന്നെയാണിവിടെ വിഷയം,
മരണവുമായിട്ടൊരേർപ്പാടും എനിക്കില്ല.

ജീവിതത്തെ ഇങ്ങനെ പ്രവൃത്തിനിരതമാക്കുന്നതിൽ
ഏകാഭിപ്രായക്കാരായിരുന്നില്ല നാമെങ്കിൽ,
ഒരിക്കലെങ്കിലും ഒന്നും ചെയ്യാതിരിക്കാൻ നമുക്കായെങ്കിൽ,
എങ്കിലൊരു വിപുലനിശ്ശബ്ദത തടയിടുമായിരുന്നു,
നമുക്കു നമ്മെ അറിയാത്തതിന്റെ,
നമ്മെ തുറിച്ചുനോക്കുന്ന മരണത്തിന്റെ,
ഈ വിഷാദത്തെ.
ഭൂമിക്കു നമ്മെയൊരു പാഠം പഠിപ്പിക്കാനുണ്ടെന്നു വരാം,
മരിച്ചതുപോലെ കിടന്ന സർവ്വതിനുമതാ പിന്നെ,
ജീവനുണ്ടെന്നു തെളിയുമ്പോൾ.

ഞാനിനി പന്ത്രണ്ടു വരെയെണ്ണാൻപോകുന്നു,
നിങ്ങൾ മിണ്ടാതനങ്ങാതിരിക്കും, ഞാൻ പോവുകയും ചെയ്യും.


5. മടക്കംഎന്തിനായി ഞാൻ വന്നു? ഞാനവരോടു ചോദിക്കുന്നു.

ഈ മരിച്ച നഗരത്തിൽ ആരാണു ഞാൻ?

ഒരിക്കലെന്നെ പ്രേമിച്ചിരുന്ന ആ ഭ്രാന്തിപ്പെണ്ണിന്റെ
വീടോ തെരുവോ എനിക്കിവിടെ കണ്ടുപിടിക്കാനാവുന്നില്ല.

മരക്കൊമ്പുകളിലെ കാക്കകൾ അതേപോലെതന്നെ,
തിളപ്പും പച്ചപ്പുമായി കാലവർഷം,
തേഞ്ഞുപോയ തെരുവുകളിൽ മുറുക്കിത്തുപ്പിയ ചുവപ്പ്,
ശ്വാസം മുട്ടുന്ന വായു- ഒക്കെയും അതു തന്നെ;
എന്നാൽ ഞാനെവിടെ?
ഞാനാരായിരുന്നു?
എനിക്കു മനസ്സിലാകുന്നതു ചാരം മാത്രം.

വെറ്റിലവില്പനക്കാരൻ എന്നെ നോക്കുന്നു,
അയാൾക്കെന്റെ ചെരുപ്പുകൾ കണ്ടിട്ടറിയുന്നില്ല,
പുതുജീവനെടുത്ത എന്റെ മുഖം മനസ്സിലാകുന്നില്ല.
അയാളുടെ മുത്തശ്ശനെനിക്കൊരു സലാം തന്നുവെന്നു വരാം,
എന്നാലെന്റെ യാത്രകൾക്കിടയിൽ
അയാൾ തറ പറ്റി,
മരണത്തിന്റെ ആഴക്കിണറ്റിലേക്കയാളാണ്ടുപോയി.

ഇമ്മാതിരിയൊരു കെട്ടിടത്തിലാണ്‌ ഞാനുറങ്ങിയിരുന്നത്,
പതിന്നാലു മാസവും അതിനു നിരക്കുന്ന വർഷങ്ങളും;
എന്റെ മനോവേദനകൾ ഞാനെഴുതിക്കൂട്ടി,
കദനത്തിന്റെ കയ്പൻരുചി ഞാനറിഞ്ഞു.
ഇന്നിതുവഴി കടന്നുപോകുമ്പോൾ പക്ഷേ,
ആ വാതിൽ അവിടെയില്ല;
മഴ കഠിനാദ്ധ്വാനമെടുത്തിരിക്കുന്നു.
ഇപ്പോഴെനിക്കു തോന്നുകയാണ്‌,
ഞാൻ ഒരാളല്ല, പലരാണെന്ന്,
എങ്ങനെ പുനർജ്ജനിച്ചുവെന്നൊരു ധാരണയുമില്ലാതെ
പലതവണ മരിച്ചിരിക്കുന്നു ഞാനെന്ന്,
ഓരോ തവണ വസ്ത്രം മാറുമ്പോഴും
പുതിയൊരു ജന്മമെടുക്കുകയായിരുന്നു ഞാനെന്ന്;
ഇന്നു ഞാനിവിടെ നില്ക്കുന്നു,
ഒരു മനുഷ്യജീവിയെപ്പോലും തിരിച്ചറിയാൻ
എനിക്കു കഴിയാതിയപോകുന്നതെന്തുകൊണ്ടെന്നറിയാതെ,
ഒരാളുപോലുമെന്നെ തിരിച്ചറിയാത്തതെന്തുകൊണ്ടാണെന്നറിയാതെ;
ഇവിടെ സർവ്വരും പരേതാത്മാക്കളാണെന്നപോലെയാണത്,
ഇത്രയും മറവിക്കിടയിൽ എനിക്കൊരാൾക്കേ ജീവനുള്ളു എന്നപോലെ,
എങ്ങനെയോ അതിജീവിച്ചൊരു പക്ഷി-
ഇനിയഥവാ, മറിച്ചുമാകാം,
നഗരമെന്നെ നിരീക്ഷിക്കുകയാവാം,
മരിച്ചതു ഞാനാണെന്നതു തിരിച്ചറിയുകയാവാം.

പട്ടുകളുടെ കമ്പോളങ്ങളിലൂടെ ഞാൻ കടന്നുപോയി,
ദുരിതത്തിന്റെ അങ്ങാടികളിലൂടെ ഞാൻ കടന്നുപോയി.
തെരുവുകളതേ തെരുവുകൾ തന്നെയെന്നു വിശ്വസിക്കാനാവുന്നില്ല.
ആണിമുനകൾ പോലെ കൂർത്ത നോട്ടങ്ങൾ
എന്റെ നോട്ടത്തെ നേരിടുന്നു.
വെറുങ്ങലിച്ച വിഗ്രഹങ്ങൾ നിരന്ന,
നിറം മങ്ങിയ സ്വർണ്ണപ്പഗോഡയ്ക്കിന്നു കണ്ണുകളില്ല,
കൈകളില്ല, ഉള്ളിലഗ്നിയുമില്ല.
വിട, കാലം മലിനമാക്കിയ തെരുവുകളേ,
വിട, നഷ്ടപ്രണയമേ, വിട,
എന്റെ വീടിന്റെ വീഞ്ഞിലേക്കു ഞാൻ മടങ്ങിപ്പോകുന്നു,
എന്നെ സ്നേഹിക്കുന്നവളുടെ സ്നേഹത്തിലേക്കു ഞാൻ മടങ്ങിപ്പോകുന്നു,
ഞാനെന്തായിരുന്നുവോ, ഞാനെന്താണോ അതിലേക്ക്,
പുഴയിലേക്ക്, വെയിലിലേക്ക്, ആപ്പിൾ വിളയുന്ന മണ്ണിലേക്ക്,
ചുണ്ടുകളുള്ള, പേരുകളുള്ള മാസങ്ങളിലേക്ക്
ഞാൻ മടങ്ങുന്നു.
ഇനി മടങ്ങിപ്പോകാതിരിക്കാനായി ഞാൻ തിരിച്ചുവരുന്നു;
ഇനിയും സ്വയം തെറ്റിദ്ധരിപ്പിക്കാനെനിക്കാഗ്രഹവുമില്ല.
പിന്നിലേക്കു നടക്കുന്നതപകടകരമാണ്‌,
ഭൂതകാലം തടവറയാവുന്നതു പെട്ടെന്നാകും.

(1927-28 കാലത്ത് ചിലിയുടെ കോൺസലായി നെരൂദ റംഗൂണിൽ ജോലി ചെയ്തിരുന്നു. അന്നവിടെ അദ്ദേഹത്തിന്റെ കാമുകിയായിരുന്ന ജോസ്സീ ബ്ളിസ് പല കവിതകളിലും കടന്നുവരുന്നുണ്ട്. 1957ൽ വീണ്ടും റംഗൂൺ സന്ദർശിച്ച നെരൂദയ്ക്ക് നഗരം അപരിചിതമായിത്തോന്നി, ഒരിക്കൽ തന്നെ സ്നേഹിച്ചവളെ അവിടെ കണ്ടെത്താനുമായില്ല.)


6. മത്സ്യകന്യകയും കുടിയന്മാരും: ഒരു പുരാവൃത്തംപൂർണ്ണനഗ്നയായി അവൾ കടന്നുവന്നപ്പോൾ
ആ മാന്യദേഹങ്ങളൊക്കെ ഉള്ളിലുണ്ടായിരുന്നു.
അവർ കുടിയ്ക്കുകയായിരുന്നു,
അവർ അവളുടെ മേൽ കാറിത്തുപ്പി.
പുഴയിൽ നിന്നപ്പോൾ കയറിവന്നവൾ,
അവൾക്കൊന്നും മനസ്സിലായില്ല.
വഴിതെറ്റിവന്ന മത്സ്യകന്യകയായിരുന്നു അവൾ.
അവളുടെ മിനുങ്ങുന്ന ഉടലിലൂടെ അധിക്ഷേപങ്ങളൊഴുകി.
അവളുടെ സുവർണ്ണമാറിടം  അസഭ്യങ്ങളിൽ മുങ്ങി.
കണ്ണീരപരിചിതയായവൾ, അവൾ കരഞ്ഞില്ല.
വസ്ത്രങ്ങളപരിചിതയായവൾ, അവൾ വസ്ത്രം ധരിച്ചിരുന്നില്ല.
സിഗരറ്റുകുറ്റികളും കരിഞ്ഞ കോർക്കുകളും കൊണ്ടവർ അവളെ കുത്തി.
ചിരി സഹിക്കാതവർ തറയിൽ കിടന്നുരുണ്ടു.
അവളൊന്നും മിണ്ടിയില്ല, വാക്കുകൾക്കവളപരിചിതയായിരുന്നു.
അവളുടെ കണ്ണുകൾക്കു നിറം വിദൂരപ്രണയത്തിന്റേതായിരുന്നു.
അവളുടെ ഇരുകൈകൾ പുഷ്യരാഗങ്ങളായിരുന്നു.
ഒരു പവിഴവെളിച്ചത്തിൽ അവളുടെ ചുണ്ടുകൾ നിശബ്ദമനങ്ങി.
പിന്നെയൊടുവിൽ അവൾ ആ വാതിൽ വഴി ഇറങ്ങിപ്പോയി.
പുഴയിലിറങ്ങിയതും അവൾ നിർമ്മലയായി,
മഴ കഴുകിയ വെള്ളാരങ്കല്ലു പോലെ അവൾ തിളങ്ങി.
തിരിഞ്ഞൊന്നു നോക്കാതെ അവൾ നീന്തിപ്പോയി,
ശൂന്യതയിലേക്കവൾ നീന്തിപ്പോയി, മരണത്തിലേക്കവൾ നീന്തിപ്പോയി.

7. അവളോടൊപ്പംഇതു ദുരിതകാലം. എന്നെക്കാത്തുനില്ക്കുക.
ഓജസ്സോടെ നാമതു ജീവിച്ചുതീർക്കും.
നിന്റെ കുഞ്ഞുകൈയെനിക്കു തരൂ:
നാമൊരുമിച്ചുയരും, സഹിക്കും,
നാമനുഭവിക്കും, നാമാഹ്ലാദിക്കും.

പാറക്കെട്ടുകളിലെ പരുക്കൻ ഗുഹകളിൽ,
മുള്ളു തറയ്ക്കുമിടങ്ങളിലന്നു ജീവിച്ചവർ:
പിന്നെയൊരിക്കല്ക്കൂടി നാമവരാകുന്നു.
ഇതു ദുരിതകാലം. എന്നെക്കാത്തുനില്ക്കുക,
ഒരു കൂടയുമായി, ഒരു കൂന്താലിയുമായി,
നിന്റെ ചെരുപ്പുകളും നിന്റെ ഉടുപ്പുകളുമായി.

നമുക്കിപ്പോഴന്യോന്യം വേണം,
പാടലപ്പൂക്കൾ പറിക്കാൻ മാത്രമല്ല,
തേനറകൾ തിരയാൻ മാത്രമല്ല-
കഴുകാനും തീ പൂട്ടാനും
നമുക്കു നമ്മുടെ കൈകൾ വേണം.
അതിനാൽ, ഈ ദുരിതകാലത്ത്
അനന്തതയെ നാം വെല്ലുവിളിക്കുക,
നാലു കൈകളും നാലു കണ്ണുകളുമായി.

(ഈസ്ല നെഗ്രയിൽ താമസിക്കുമ്പോൾ മാറ്റിൽഡെ ഉറുഷ്യെയെ സംബോധന ചെയ്തുകൊണ്ടെഴുതിയത്.)


8. ഭീതിഎല്ലാവരുമെന്നെ ഉപദേശിക്കുകയാണ്‌,
താൻ ദേഹം നോക്കുക, വ്യായാമം ചെയ്യുക,
പന്തു കളിക്കുക, ഓടിച്ചാടിനടക്കുക,
നീന്താനും പറക്കാനും പോവുക.
ഒക്കെ നല്ലതു തന്നെ.

എല്ലാവരുമെന്നെ ഉപദേശിക്കുകയാണ്‌,
താനൊന്നു വിശ്രമമെടുക്കുക.
അവരെനിക്കായി ഒരു ഡോക്ടറെ തേടിപ്പിടിക്കുന്നു,
കണ്ണു ചരിച്ചുപിടിച്ചെന്നെ നോക്കുന്നു.
ഇതെന്താണിങ്ങനെ?

എല്ലാവരുമെന്നെ ഉപദേശിക്കുകയാണ്‌,
താനൊരു യാത്രക്കു പോവുക,
കടന്നുവരിക, കടന്നുപോവുക,
യാത്ര ചെയ്യാതിരിക്കുക, മരിക്കുക,
അല്ലെങ്കിൽ മരിക്കാതിരിക്കുക.
അതെന്തുമാവട്ടെ.

എല്ലാവരുമെന്റെ കുടലുകളിൽ
ചില പൊരുത്തക്കേടുകൾ കണ്ടെത്തുന്നു,
പേടിപ്പെടുത്തുന്ന എക്സ് റേ ഫിലിം കണ്ടവർ ഞെട്ടുന്നു.
ഞാനവരോടു യോജിക്കുന്നില്ല.

മൂർച്ചയേറിയ കത്തിയും മുള്ളുമെടുത്ത്
എന്റെ കവിതയിൽ ചികഞ്ഞുനോക്കുകയാണെല്ലാവരും.
അവർക്കതിൽ ഒരീച്ചയെ കണ്ടെത്തണം.
എനിക്കു പേടിയാവുന്നു.

ഈ ലോകത്തെയാകെ എനിക്കു പേടിയാവുന്നു.
തണുത്ത വെള്ളത്തെ, മരണത്തെ പേടിയാവുന്നു.
എല്ലാ മനുഷ്യരേയും പോലെയാണു ഞാൻ,
ക്ഷമിച്ചിരിക്കാൻ കഴിവില്ലാത്തവൻ.

അതിനാൽ, ഇനി ശേഷിച്ച ഹ്രസ്വായുസ്സിൽ
ഞാനവരെ ശ്രദ്ധിക്കാനേ പോകുന്നില്ല.
ഞാനെന്നെത്തന്നെ തുറന്ന്
അവിടെ അടച്ചിരിക്കാൻ പോകുന്നു,
എന്റെ ഏറ്റവും നീചനായ ശത്രുവിനൊപ്പം,
പാബ്ളോ നെരൂദയോടൊപ്പം.

(മദ്ധ്യായുസ്സെത്തിയ കവി തന്നെ, തന്റെ കവിതയെ, തന്റെ ശത്രുക്കളെ നിന്ദയോടും പരിഹാസത്തോടും നോക്കിക്കാണുകയാണ്‌ ഈ കവിതയിൽ. അദ്ദേഹത്തിന്റെ ഭീതി ഒരു പ്രസ്ഥാനമായിക്കഴിഞ്ഞ തന്നോടാണ്‌. ബോർഹസ്സിന്റെ പ്രശസ്തമായ “ബോർഹസ്സും ഞാനും” എന്ന ആത്മഭാഷണത്തെ ഓർമ്മപ്പെടുത്തുന്നു ഈ കവിത.)


9. ആവിര്‍ഭാവംഒരാൾ അതെ എന്നു പറയുകയാണ്‌,
എന്തായിരുന്നു ചോദ്യമെന്നു ബോദ്ധ്യമാകുന്നതിനു മുമ്പുതന്നെ,
പിന്നയാളതിൽ കെട്ടുപിണഞ്ഞുപോവുകയാണ്‌,
അയാളെപ്പിന്നെ കെട്ടിയെടുത്തുകൊണ്ടുപോവുകയുമാണ്‌,
സ്വന്തം കൊക്കൂണിൽ നിന്നയാൾക്കു പിന്നെ മോചനവുമില്ല.
ഇതായിപ്പോയി നമ്മുടെ ഗതി,
അന്യമനുഷ്യരുടെ ആഴക്കിണറ്റിലേക്ക്
നിരന്തരം വീണുകൊണ്ടിരിക്കുകയാണു നാം.
ഒരു ചരടു വന്നു നമ്മുടെ കഴുത്തു മുറുക്കുന്നു,
ഇനിയൊന്നു നമ്മുടെ കാലു വരിയുന്നു,
പിന്നെ നമുക്കൊന്നുമാവില്ല,
കിണറ്റിൽ കിടന്നു പിടയ്ക്കുകയല്ലാതൊന്നുമാവില്ല-
അന്യരിൽ നിന്നു നമ്മെ രക്ഷിക്കാനാർക്കുമാവില്ല.

സംസാരിക്കാൻ നമുക്കറിയാത്തപോലെയാണത്;
വാക്കുകൾ നമ്മെ വിട്ടോടിപ്പോയപോലെയാണത്,
കെണികളിലും ചരടുകളിലും നാം കെട്ടുപിണയുമ്പോൾ
നമ്മെ ഒറ്റയ്ക്കാക്കി വാക്കുകൾ കടന്നുകളഞ്ഞിരിക്കുന്നു.

എത്ര പെട്ടെന്നാണിങ്ങനെയായത്!
നമുക്കു യാതൊന്നും തിരിഞ്ഞുകിട്ടാതായിരിക്കുന്നു,
നാം പക്ഷേ, അതിനുള്ളിലാണ്ടുകിടക്കുകയുമാണ്‌;
ഇനിയൊരുനാളും നമുക്കാ കണ്ണുകൾ കിട്ടില്ല,
കളിച്ചുനടക്കുന്ന കുട്ടികളായിരുന്നപ്പോൾ
നമുക്കുണ്ടായിരുന്ന കണ്ണുകൾ.
ആ കണ്ണുകൾ നമുക്കടഞ്ഞുപോയി,
ഇന്നു നമ്മുടെ കൈകൾ പുറപ്പെടുന്നതും
വേറേതോ കൈക്കുഴകളിൽ നിന്ന്.

അതിനാൽ നിങ്ങളുറങ്ങുമ്പോൾ
സ്വന്തം സ്വപ്നവുമൊത്തേകനാണു നിങ്ങൾ,
നിങ്ങൾക്കു മാത്രമവകാശമായ
ഒരേയൊരു സ്വപ്നത്തിന്റെ ഇടനാഴികളിൽ
സ്വച്ഛന്ദമോടിക്കളിക്കുകയാണു നിങ്ങൾ.
നമ്മുടെ സ്വപ്നങ്ങളവർ കവരാനനുവദിക്കരുതേ,
കിടക്കകളിൽ വരിഞ്ഞുകെട്ടാൻ കിടന്നുകൊടുക്കരുതേ.
നിഴലുകളിൽ നാമള്ളിപ്പിടിക്കുക,
സ്വന്തം മറവിൽ നിന്നു നാം പുറത്തുവരുമോയെന്നു നോക്കുക,
ചുമരുകളിൽ പിടിച്ചുപിടിച്ചു നാം കാത്തുകിടക്കുക,
വെളിച്ചം വരുമ്പോഴതിനെ കടന്നുപിടിക്കുക,
പിന്നെയെന്നേക്കുമായി അതു നമ്മുടേതാവട്ടെ,
നമ്മുടെ പകലുകളുടെ നിത്യസൂര്യൻ.


10. കുതിരകൾജനാലയിലൂടെ ഞാൻ കുതിരകളെ കണ്ടു.

ഞാൻ ബർളിനിലായിരുന്നു, മഞ്ഞുകാലമായിരുന്നു.
വെളിച്ചത്തിനു വെളിച്ചമില്ലായിരുന്നു,
ആകാശത്താകാശവുമില്ലായിരുന്നു.

നനഞ്ഞ റൊട്ടി പോലെ വെളുത്തിട്ടായിരുന്നു വായു.

ജനാലയിലൂടെ ആളൊഴിഞ്ഞ ഒരു കളം ഞാൻ കണ്ടു,
മഞ്ഞുകാലത്തിന്റെ പല്ലുകൾ കരണ്ടുതിന്ന ഒരു വൃത്തം.

പെട്ടെന്നതാ, ഒരാൾ പത്തു കുതിരകളെത്തെളിച്ചുവരുന്നു,
പത്തു കുതിരകൾ മഞ്ഞത്തു ചുവടുവച്ചെത്തുന്നു.

അഗ്നി പോലവർ തിരമറിഞ്ഞെത്തിയതും,
എന്റെ കണ്ണുകളുടെ ലോകങ്ങൾ,
അതേവരെ ശൂന്യമായിരുന്നവ,
അവരെക്കൊണ്ടു നിറയുന്നു.
എല്ലാം തികഞ്ഞവർ, ആളിക്കത്തുന്നവർ,
പത്തു ദേവന്മാരായിരുന്നു അവർ,
തൂവെള്ളക്കുളമ്പുള്ളവർ,
അവരുടെ സടകൾ
കിനാവിൽ ഉപ്പിന്റെ നുരയെറ്റുന്ന തിരകൾ പോലെ.

അവരുടെ പൃഷ്ഠഭാഗങ്ങൾ ഗോളങ്ങളും ഓറഞ്ചുകളുമായിരുന്നു.
അവരുടെ നിറം തേനും തീയും അമ്പറും.

അവരുടെ കഴുത്തുകൾ പ്രതാപത്തിന്റെ ശിലാഗോപുരങ്ങൾ,
ഉഗ്രമായ കണ്ണുകളിൽ വീര്യം കത്തിയെരിയുന്നു,
ഉള്ളിലൊരു തടവുകാരനെപ്പോലെ.

അവിടെ, ആ നിശ്ശബ്ദതയിൽ, പകലിന്റെ നടുമദ്ധ്യത്തിൽ,
മലിനമായ, കുഴഞ്ഞുമറിഞ്ഞ ആ മഞ്ഞുകാലത്ത്,
ചോരയായിരുന്നു, താളമായിരുന്നു,
ജീവന്റെ മാടിവിളിക്കുന്ന വെളിച്ചമായിരുന്നു,
ആ കുതിരകളുടെ തീക്ഷ്ണസാന്നിദ്ധ്യം.
ഞാൻ കണ്ടു, ഞാൻ കണ്ടു, കണ്ടുകൊണ്ടു ഞാൻ പുനർജ്ജനിച്ചു.
അവിടെയുണ്ടായിരുന്നല്ലോ,
തന്നെത്താനറിയാത്തൊരു ജലധാര,
പൊന്നിന്റെ നൃത്തം, ആകാശം,
സുന്ദരമായ വസ്തുക്കളിൽ ജീവൻ വയ്ക്കുന്ന അഗ്നി.

വിഷണ്ണമായ ആ ബർലിൻ ഹേമന്തം ഞാൻ
ഓര്‍മ്മയില്‍ നിന്നേ മായ്ച്ചുകളഞ്ഞു.

ആ കുതിരകളിൽ നിന്നുള്ള വെളിച്ചം ഞാൻ മറക്കുകയെന്നതില്ല.


11. സന്ധ്യനേരത്ത് ഒരാത്മഭാഷണംഈ നേരത്തൊരുപക്ഷേ, നാമൊറ്റക്കായ സ്ഥിതിയ്ക്ക്
എനിക്കു തന്നോടു ഗൗരവമായിത്തന്നെ ചിലതു ചോദിക്കാനുണ്ട്-
നമുക്കു തുറന്നു സംസാരിക്കാം.

തന്നോട്, ആ പോയ ആളോട്,
ഇന്നലെ പിറന്നവരോട്,
മരിച്ചുമണ്ണടിഞ്ഞവരോട്,
നാളെ പിറക്കാനിരിക്കുന്നവരോട്
എനിക്കൊന്നു സംസാരിക്കണം,
അന്യരുടെ കാതില്പെടാതെ,
അവരുടെ പിറുപിറുക്കൽ കേൾക്കാതെ,
കാതുകൾ പകർന്നുപോകുമ്പോൾ
കാര്യങ്ങൾ ചോർന്നുപോകാതെയും.

ആട്ടെ, എവിടുന്നു വരുന്നു, എവിടെയ്ക്കു പോകുന്നു?
എന്നാലിനി പിറന്നേക്കാമെന്ന്
ഏതൊന്നു കൊണ്ടു താൻ നിശ്ചയിച്ചു?
ഇത്തിരിവട്ടമേയുള്ളു ഈ ലോകമെന്നു തനിക്കറിയാമോ,
കഷ്ടിച്ചൊരാപ്പിളിന്റെ വലിപ്പമേയുള്ളു അതിനെന്ന്,
കട്ടിക്കല്ലിന്റെ ഒരു കഷണം പോലെയാണതെന്ന്,
ഒരു പിടി മണ്ണിനു വേണ്ടി
സഹോദരങ്ങൾ തമ്മിൽ കൊല്ലുമെന്ന്?

മരിച്ചവർക്കാവട്ടെ, വേണ്ടത്ര മണ്ണുമുണ്ട്!

ഇതിനകം തനിക്കു ബോദ്ധ്യമായിട്ടുണ്ടോ,
അതോ, എന്നെങ്കിലും ബോദ്ധ്യമാകുമോ,
കാലമെന്നാൽ ഒരു നാളു പോലുമില്ലെന്ന്,
ഒരു നാളെന്നാൽ ഒരു തുള്ളി മാത്രമാണെന്ന്?

താനെങ്ങനെയാവും, താനെങ്ങനെയായിരുന്നു?
മനുഷ്യപ്പറ്റുള്ളവൻ? സംസാരപ്രിയൻ?
അതോ, മിണ്ടാപ്രാണിയോ?
തന്നോടൊപ്പം പിറന്നവരെ പിന്നിലാക്കി
കയറിപ്പോകാൻ നോക്കുകയാണോ താൻ?
അതോ, അവരുടെ അരയ്ക്കു താനൊരു
തോക്കിൻകുഴൽ വച്ചമർത്തുമോ?
ബാക്കി കിടക്കുന്ന ഇത്രയും നാളുകൾ കൊണ്ട്,
അതും പോകട്ടെ, കിട്ടാതെപോയ ഇത്രയും നാളുകൾ കൊണ്ട്
താനെന്തു ചെയ്യും?

തെരുവുകളിൽ ആരുമില്ലെന്നു തനിക്കറിയാമോ,
വീടുകളിലും ആരുമില്ലെന്ന്?

ജനാലകളിൽ കണ്ണുകൾ മാത്രമേയുള്ളു.

തനിക്കു കിടന്നുറങ്ങാനൊരിടമില്ലെങ്കിൽ
ഏതെങ്കിലും വാതിലിൽ ചെന്നുമുട്ടൂ,
അതു തുറക്കും,
ഒരു പരിധി വരെ അതു തുറക്കും,
ഉള്ളിൽ തണുപ്പാണെന്നു നിങ്ങൾക്കു കാണാം,
വീടു ശൂന്യമാണെന്നും
നിങ്ങളുമായി അതിനൊരിടപാടും വേണമെന്നില്ലെന്നും
നിങ്ങൾക്കു മനസ്സിലാകും;
നിങ്ങളുടെ കഥകളൊന്നും വിലപ്പോവില്ല,
വിനയവും കൊണ്ടു നില്ക്കാനാണു ഭാവമെങ്കിൽ
പട്ടിയും പൂച്ചയും വന്നു നിങ്ങളെ കടിക്കുകയും ചെയ്യും.

പിന്നീടൊടുവിൽ, താനെന്നെ മറക്കും വരെ-

ഞാൻ പോവുകയായി,
കാറ്റിനോടു ചോദ്യങ്ങളും ചോദിച്ചുകൊണ്ടിരിക്കാൻ
എനിക്കു നേരമില്ല.

എനിക്കു നേരേ നടക്കാൻ തന്നെയാവുന്നില്ല,
അത്ര തിരക്കിലാണു ഞാൻ.
എന്റെ മേൽ എന്തോ പഴി ചുമത്താൻ
എവിടെയോ എന്നെക്കാത്തിരിക്കുകയാണവർ;
എനിക്കെന്റെ ഭാഗം വാദിക്കുകയും വേണം.
എന്താണു കാര്യമെന്നാർക്കുമറിയില്ല,
എന്നാലേവർക്കുമറിയാം,
സംഗതി അടിയന്തിരമാണെന്ന്,
ഞാൻ ചെന്നില്ലെങ്കിൽ കേസ് കഴിയുമെന്ന്.
ഞാൻ മുട്ടുമ്പോൾ വാതിലാരും തുറക്കില്ലെങ്കിൽ
ഞാനെങ്ങനെ എന്റെ ഭാഗം വാദിക്കും?
അതിനും മുമ്പ് നമുക്കു സംസാരിക്കാം,
അതോ, അതിനു ശേഷമോ?
എനിക്കൊന്നും ഓർമ്മ നില്ക്കുന്നില്ല,
അഥവാ, നാം തമ്മിൽ ഇതിനു മുമ്പു കണ്ടിട്ടില്ലെന്നാവാം,
നമുക്കന്യോന്യം മനസ്സിലാവില്ലെന്നാവാം.
ഇങ്ങനെ ചില തല തിരിഞ്ഞ ശീലങ്ങളെനിക്കുണ്ട്-
ആരോടുമല്ലാതെ ഞാൻ സംസാരിക്കും,
എന്നോടുതന്നെ ഞാൻ ചോദ്യങ്ങൾ ചോദിക്കും,
മറുപടി പറയുകയുമില്ല.


12. പാദത്തിന്, അതിന്റെ കുട്ടിയിൽ നിന്ന്കുട്ടിയുടെ പാദത്തിനിനിയും ബോദ്ധ്യമായിട്ടില്ല,
അതൊരു പാദമാണെന്ന്,
അതിനൊരാപ്പിളോ പൂമ്പാറ്റയോ ആയാൽ മതി.

കാലം പോകെപ്പക്ഷേ,
കല്ലുകളും കുപ്പിച്ചില്ലുകളും
തെരുവുകളും ഗോവണികളും
കടുംനിലത്തെപ്പാതകളും അതിനെ പഠിപ്പിക്കുന്നു,
അതിനു പറക്കാനാവില്ലെന്ന്,
ചില്ലയിൽ മുഴുക്കുന്ന പഴമാകാനാവില്ലെന്ന്.
അങ്ങനെ, കുട്ടിയുടെ പാദം പരാജയമടയുന്നു,
യുദ്ധത്തിൽ തോല്ക്കുന്നു,
ഒരു ഷൂസിനുള്ളിൽ ജീവിക്കാൻ വിധിക്കപ്പെട്ട
തടവുകാരനാവുന്നു.

പതിയെപ്പതിയെ, ആ ഇരുട്ടിനുള്ളിൽ,

തന്റെ വഴിയ്ക്കു ലോകത്തെയറിഞ്ഞ്

അതു വളരുന്നു,

മറ്റേ പാദത്തെക്കുറിച്ചൊരു വിവരവുമില്ലാതെ,

കെട്ടിമൂടി,

അന്ധനെപ്പോലെ തപ്പിയും തടഞ്ഞും

ജീവിതത്തെയറിഞ്ഞ്.

സ്ഫടികക്കല്ലു പോലത്തെ ആ മൃദുനഖങ്ങൾ,
വരിയൊത്തു നിന്നവ,
അവ പിന്നെ കടുപ്പം വയ്ക്കുന്നു,
അതാര്യവസ്തുവാകുന്നു,
കൊമ്പു പോലെ കട്ടി പിടിയ്ക്കുന്നു,
പൂവിതളുകൾ പോലുള്ള കുഞ്ഞുനഖങ്ങൾ
ചതഞ്ഞും നിര തെറ്റിയും വളരുന്നു,
ത്രികോണത്തലകളുള്ള, കണ്ണില്ലാത്ത,
വിരകൾ പോലത്തെ ഉരഗരൂപമെടുക്കുന്നു.
പിന്നെയവയിൽ തഴമ്പു വീഴുന്നു,
മരണത്തിന്റെ വിളറിയ അഗ്നിപർവ്വതങ്ങൾ
അവയെ മൂടുന്നു,
മനസ്സിനു പിടിക്കില്ല ആ കല്ലിപ്പ്.
കണ്ണു കാണാത്ത ആ വസ്തു പക്ഷേ,
ഇളവെടുക്കാതെ നടക്കുകയാണ്‌,
നില്ക്കാതെ നടക്കുകയാണ്‌,
ഒരു പാദം, മറ്റേപ്പാദം,
ആണിന്റെ പാദം,
പെണ്ണിന്റെ പാദം,
മുകളിലേക്ക്,
താഴേക്ക്,
പാടങ്ങളിലൂടെ, ഖനികളിലൂടെ,
അങ്ങാടികളിലൂടെ, പള്ളികളിലൂടെ,
പിന്നിലേക്ക്,
അകലേയ്ക്ക്, ഉള്ളിലേക്ക്,
മുന്നിലേക്ക്,
ഷൂസിനുള്ളിൽക്കിടന്ന് ആ പാദം കഷ്ടപ്പെടുന്നു,
പ്രണയത്തിലോ സ്വപ്നത്തിലോ
തന്നെയൊന്നു പുറത്തുകാട്ടാൻ അതിനു നേരം കിട്ടുന്നില്ല,
അതു നടക്കുന്നു, അവ നടക്കുന്നു,
ഇനി നില്ക്കാമെന്ന് ആ മനുഷ്യനു തോന്നും വരെ.

പിന്നെയത് ഭൂമിക്കടിയിലേക്കിറങ്ങി,
അതിനൊന്നും അറിയുന്നില്ല,
അവിടെ സർവ്വതും ഇരുണ്ടുകിടക്കുകയായിരുന്നു.
അതറിഞ്ഞതേയില്ല,
അതൊരു പാദമല്ലാതായിക്കഴിഞ്ഞുവെന്ന്,
അതിനു പറന്നുനടക്കാനാണോ,
അതിനൊരാപ്പിളാകാനാണോ,
അതിനെ കുഴിച്ചിട്ടതെന്നും.


13. ഇടയഗാനംപകർത്തിയെഴുതുന്നു ഞാൻ പുഴകളെ, മലകളെ, മേഘങ്ങളെ.
മഷി കുടഞ്ഞു കുറിച്ചിടുന്നു ഞാൻ ചിറകെടുത്തൊരു പക്ഷിയെ,
പട്ടുനൂലിഴകളിൽ വേലയെടുക്കുന്നൊരെട്ടുകാലിയെ.
എന്റെ മനസ്സിലന്നേരം മറ്റൊന്നുമില്ല.
വായു ഞാൻ, തെളിഞ്ഞ വായു,
ഗോതമ്പുകതിരുകൾ ചായുന്നുണ്ടവിടെ,
അവിടെയെന്റെ മനമിളക്കുന്നുണ്ടൊരു കിളിയുടെ ചിറകടികൾ,
എവിടെയ്ക്കെന്നില്ലാതൊരിലയുടെ പതനം,
ചിറയിലിളക്കമറ്റൊരു മീനിന്റെ നേത്രഗോളം,
തുഴഞ്ഞുനീങ്ങുന്ന പ്രതിമകൾ പോലെ മേഘരൂപങ്ങൾ,
മഴയുടെ സങ്കീർണ്ണമായ പെരുക്കങ്ങൾ.

വേനലിന്റെ സുതാര്യതയല്ലാതെ

എന്റെ മനസ്സിലന്നേരം മറ്റൊന്നുമില്ല.

കാറ്റിനെക്കുറിച്ചല്ലാതെ

മറ്റൊന്നും ഞാൻ പാടുകയുമില്ല.

അലങ്കരിച്ച വാഹനങ്ങളിൽ

ശവക്കച്ചകളും പതക്കങ്ങളും വാരിക്കേറ്റി

ചരിത്രം കടന്നുപോകുമ്പോൾ

വസന്തത്തിലേകാകിയായി,

പുഴകളെക്കുറിച്ചുള്ളോർമ്മകളുമായി

ഞാൻ നില്ക്കുന്നു.

ഇടയാ, ഇടയാ,
തന്നെക്കാത്തുനില്ക്കുകയാണവരെല്ലാമെന്നറിയില്ലേ?

അറിയാ,മെനിക്കതറിയാം;
എന്നാലുമീ പുഴക്കരയിൽ,
ചീവീടുകൾ ചിലയ്ക്കുമിവിടെ,
അവരെന്നെക്കാത്തുനില്ക്കുകയാണെങ്കിലും,
എനിക്കെന്നെക്കാത്തുനില്ക്കണം.
എനിക്കുമെന്നെയൊന്നു നോക്കിക്കാണണം,
എന്റെ മനസ്സിലിരുപ്പുകളറിയണം.
പിന്നെ,യെന്റെ വരവും കാത്തു
ഞാൻ നില്ക്കുമിടത്തെത്തിയാൽ,
തിരിഞ്ഞുകിടന്നെനിക്കുറങ്ങണം,
ചിരിച്ചുകൊണ്ടെനിക്കു മരിക്കണം.


14. ശരല്ക്കാലത്തു മറക്കപ്പെട്ടവൻശരല്ക്കാലമായിരുന്നു
ഏഴര മണിയായിരുന്നു
ഞാനാരെയോ കാത്തു
നില്ക്കുകയുമായിരുന്നു.
എന്റെയൊപ്പം കാത്തുനിന്നു മടുത്ത
കാലം
അല്പാല്പം പിന്മാറി,
എന്നെ തനിച്ചാക്കിപ്പോയി.

ഞാൻ തനിച്ചായി,
പകലിന്റെ മണ്ണിനൊപ്പം,
ജലത്തിനൊപ്പം,
കൊല ചെയ്യപ്പെട്ടൊരാഴ്ചയുടെ
ദാരുണാന്ത്യത്തിനൊപ്പം.

‘എന്താ പരിപാടി?’
പാരീസിലെ ഇലകൾ എന്നോടു ചോദിച്ചു.
‘താനാരെയാണു കാത്തുനില്ക്കുന്നത്?’

ചിലപ്പോഴൊക്കെ ഞാൻ
അപമാനിതനുമായി,
മാഞ്ഞുപോകുന്ന വെളിച്ചത്താലാദ്യം,
പിന്നെ നായ്ക്കളാൽ,
പൂച്ചകളാൽ, പോലീസുകാരാൽ.

ഒരേകാകിക്കുതിരയെപ്പോലെ
ഞാൻ തനിച്ചായി,
പുല്മേട്ടിൽ പകലും രാത്രിയും അതിനറിയില്ല,
അതിനറിയുന്നത്
മഞ്ഞുകാലത്തിന്റെ ഉപ്പുചുവ മാത്രം.

അത്രയ്ക്കേകാകിയായി,
പൊള്ളയായി, ഞാൻ നിന്നു,
ശേഷിച്ച ഇലകൾ വിലപിക്കുകയായിരുന്നു,
പിന്നെയവ കണ്ണീരു പോലെ കൊഴിഞ്ഞു.

ഇങ്ങനെയൊരേകാന്തത
മുമ്പു ഞാനറിഞ്ഞിട്ടില്ല,
പിന്നീടുമറിഞ്ഞിട്ടില്ല.
ആരെയോ കാത്തുനില്ക്കുമ്പോഴാണതുണ്ടായതും-
എനിക്കോർമ്മയില്ല,
അതൊരു ചിത്തഭ്രമം പോലെയായിരുന്നു,
ക്ഷണികമായിരുന്നു,
കൂടെക്കൊണ്ടുപോന്നതെന്തോ
വഴിക്കു നഷ്ടപ്പെട്ട തോന്നൽ,
പൊടുന്നനേയൊരു നിഴലു പോലെ
അതതിന്റെ സാന്നിദ്ധ്യം
പതാക പോലെ ചുരുൾ നിവർത്തി.

ആ ഭ്രാന്തൻമൂലയിൽ നിന്നു

പിന്നെ ഞാനോടിപ്പോയി,

ആവുന്നത്ര വേഗത്തിൽ ഞാൻ നടന്നു,

രാത്രിയിൽ നിന്നോടിപ്പോകുന്നപോലെ,

ഇരുണ്ടുരുണ്ടുവരുന്ന

ഒരു വൻപാറയിൽ നിന്നോടിമാറുന്നപോലെ.

ഞാനിപ്പറയുന്നതൊന്നുമില്ലെന്നു വരാം,

എന്നാലൊരിക്കൽ നടന്നതാണിത്,

ഞാനാരെയോ കാത്തുനില്ക്കുമ്പോഴാണിതുണ്ടായതും.


15. പ്രണയംഎത്ര നാളുകൾ, ഹാ, എത്ര നാളുകൾ
നിന്റെ തൊട്ടരികെ, തൊടുന്നപോലത്രയരികിലിരിക്കെ,
എങ്ങനെ ഞാനിക്കടം വീട്ടും,
ഏതൊന്നു കൊണ്ടതു ഞാൻ വീട്ടും?
രക്തദാഹിയായ വസന്തം
കാടുകളിലുറക്കം വിട്ടെഴുന്നേറ്റിരിക്കുന്നു.
കുറുനരികൾ മാളങ്ങളിൽ നിന്നു പുറത്തുവരുന്നു,
സർപ്പങ്ങൾ മഞ്ഞുതുള്ളി നുണയുന്നു,
ഞാനപ്പോൾ പൈനുകൾക്കും മൗനത്തിനുമിടയിൽ
ഇലകളിൽ ചവിട്ടി നിന്നോടൊപ്പം നടന്നു,
എന്റെ ഭാഗ്യത്തിന്റെ കടമെങ്ങനെ,
എന്നു കൊടുത്തുതീർക്കുമെന്നെന്നോടുതന്നെ
ചോദ്യം ചെയ്യുകയുമായിരുന്നു ഞാൻ.
ഞാൻ കണ്ടതിലൊക്കെയും വച്ചു
നിന്നെ മാത്രമേ എനിക്കിനിയും കാണേണ്ടൂ,
ഞാൻ തൊട്ടതിലൊക്കെയും വച്ചു
നിന്റെയുടലേ എനിക്കിനിയും തൊടേണ്ടൂ.
മധുരനാരങ്ങ പോലത്തെ നിന്റെ ചിരിയെനിക്കിഷ്ടം,
നീയുറങ്ങുന്ന പടുതി കാണുമ്പോൾ
എന്റെ നെഞ്ചലിയുകയും ചെയ്യുന്നു.
ഞാനെന്തു ചെയ്യാൻ, പ്രിയേ, ഞാൻ പ്രേമിക്കുന്നവളേ?
അന്യർ പ്രണയിക്കുന്ന പ്രകാരമെനിക്കറിയില്ല,
മനുഷ്യർ പണ്ടു പ്രണയിച്ച പ്രകാരവുമെനിക്കറിയില്ല,
നിന്നെ നോക്കി, നിന്നെ സ്നേഹിച്ചു ഞാൻ ജീവിക്കുന്നു.
പ്രണയിക്കുകയെന്നതേ എന്റെ പ്രകൃതം.
ഓരോ സായാഹ്നത്തിലുമെന്നെ നീ പ്രീതനാക്കുന്നു.
എവിടെയാണവൾ?
നിന്റെ കണ്ണുകൾ കാണാതാവുമ്പോൾ
ഞാൻ ചോദിച്ചുനടക്കുന്നു.
എത്ര നേരമാണവളെടുക്കുന്നത്!
പരിഭവത്തോടെ ഞാനോർക്കുന്നു.
തന്റേടം പോയി, പരിഹാസ്യനായി,
സങ്കടത്തോടെ ഞാൻ നില്ക്കുന്നു.
അപ്പോഴതാ, നീ കടന്നുവരുന്നു,
പീച്ചുമരങ്ങളിൽ നിന്നു കണ്ണയക്കുന്ന മിന്നൽ പോലെ.
നിന്നെ ഞാൻ സ്നേഹിക്കുന്നതതുകൊണ്ടല്ലേ,
അതുകൊണ്ടുമല്ലല്ലോ.
അത്രയധികമാണു കാരണങ്ങൾ, അത്ര കുറവും.
പ്രണയമങ്ങനെ വേണമല്ലോ:
ഗാഢവും വ്യാപകവുമായി,
സ്വകാര്യവും ഭീഷണവുമായി,
മാനിതവും ദുഃഖിതവുമായി,
നക്ഷത്രങ്ങളെപ്പോലെ പൂവിടുന്നതും
ഒരു ചുംബനം പോലളവറ്റതുമായി.

16. സ്നേഹിതന്‍ മടങ്ങിവരുന്നുനിങ്ങളുടെ ഒരു സ്നേഹിതൻ മരിച്ചുപോയാൽ
നിങ്ങളിലയാൾ മരിച്ചുകൊണ്ടേയിരിക്കും.

നിങ്ങളയാളെ കൊല്ലുന്ന കാലം വരെ
അയാൾ നിങ്ങളെ തേടിവന്നുകൊണ്ടിരിക്കും.

അയാളുടെ മരണം നാം മറക്കാതിരിക്കുക-
നടക്കുമ്പോഴും, തിന്നുമ്പോഴും
തമ്മിൽ സംസാരിക്കുമ്പോഴും.

അയാൾക്കു വന്നുപെട്ടതൊക്കെ
എത്ര അപ്രധാനമായിപ്പോയി.
അയാളുടെ സങ്കടങ്ങൾ
ഏവർക്കുമറിവുള്ളതായിരുന്നു.
ഇന്നയാൾ മരണപ്പെട്ട സ്ഥിതിക്ക്
ആരുമയാളെക്കുറിച്ചൊന്നു
പരാമർശിക്കുന്നപോലുമില്ല.
അയാളുടെ പേരു കടന്നുപോയപ്പോൾ
ആരുമതിനെ പിടിച്ചുനിർത്താനാഞ്ഞില്ല.

എന്നിട്ടും, മരണശേഷം അയാൾ തിരിച്ചുവന്നു,
ഇവിടെ നാമെങ്കിലും
അയാളെ ഓർക്കുമെന്ന പ്രതീക്ഷയോടെ.
യാചനാഭാവത്തോടയാൾ
നമ്മുടെ കണ്ണിൽ പെടാൻ നിന്നുതന്നു.
നാം കണ്ടില്ല, കാണാൻ നമുക്കാഗ്രഹവുമുണ്ടായില്ല.
അന്നയാൾ മടങ്ങിപ്പോയതാണ്‌,
ഇപ്പോഴയാളെ കാണാറില്ല,
അയാളിനി തിരിച്ചുവരികയുമില്ല,
ആർക്കുമയാളെ വേണ്ടെന്നായിരിക്കെ.


17. കടല്ക്കരയിൽ അപരിചിതർഞാൻ മടങ്ങിവന്നിരിക്കുന്നു,
എന്നിട്ടും കടലെന്റെ നേർക്കയക്കുന്നത്
എനിക്കപരിചിതമായ നുരയും പതയും.
എന്റെ കാഴ്ചയുടെ വഴിക്കതു വഴങ്ങുന്നില്ല
മണലെന്നെ തിരിച്ചറിയുന്നതുമില്ല.

മുന്നറിയിപ്പില്ലാതെ കടലിലേക്കു മടങ്ങുക-
അർത്ഥശൂന്യമാണത്.
നിങ്ങൾ മടങ്ങിവന്നതാണെന്നതു മനസ്സിലാക്കില്ല,
നിങ്ങളകലെയായിരുന്നുവെന്നുപോലുമോര്‍മ്മയുണ്ടാവില്ല.
നീലവ്യവഹാരങ്ങളുടെ തിരക്കിലാണു ജലമെന്നതിനാൽ
തിരിച്ചുവരവുകൾ തിരിച്ചറിയപ്പെടാതെ പോവുകയും ചെയ്യുന്നു.
തിരകൾ പാട്ടു നിർത്തുന്നില്ല,
പല കൈകളും പല ചുണ്ടുകളും
പല ചുംബനങ്ങളും കടലിനുണ്ടെന്നാലും
ഒരു കൈയും നിങ്ങളുടെ നേർക്കു നീളുന്നില്ല,
ഒരു ചുണ്ടും നിങ്ങളെ ചുംബിക്കുന്നില്ല;
എത്ര നിസ്സാരമായ ഒരു വസ്തുവാണു താനെന്ന്
വൈകാതെ നിങ്ങൾക്കു മനസ്സിലാവുകയും ചെയ്യും.
സ്നേഹിതരല്ലേ നമ്മളെന്ന ചിന്തയോടെ
തുറന്നുപിടിച്ച കൈകളോടെ നാം തിരിച്ചുവരുന്നു,
കടലതാ, നൃത്തം വയ്ക്കുന്ന തിരക്കിലാണ്‌,
നമ്മളെ കണ്ട മട്ടു പോലും അതിനില്ല.

ഇനി ഞാൻ കാത്തിരിക്കേണ്ടിവരും,
മൂടല്മഞ്ഞിനായി, കാറ്റിൽ പാറുന്ന ഉപ്പുതരികൾക്കായി,
ചിതറിത്തെറിച്ച സൂര്യനായി;
അന്നേ കടലെന്റെ മേൽ നിശ്വസിക്കൂ;
വെള്ളം വെറും വെള്ളം മാത്രമല്ലല്ലോ,
ബാഷ്പരൂപമായൊരു കടന്നുകയറ്റവുമാണ്‌;
അദൃശ്യരായ കുതിരകളെപ്പോലെ
വായുവിൽ തിരകൾ കിടന്നുമറിയുകയുമാണ്‌.
എന്റെ സ്വപ്നങ്ങൾക്കുള്ളിൽ നീന്തിനടക്കാൻ
അതിനാൽ ഞാൻ പഠിക്കണം:
ഞാനുറങ്ങിക്കിടക്കുമ്പോൾ
കടലെന്നെക്കാണാൻ വന്നാലോ!
അങ്ങനെയൊന്നു നടന്നാൽ നന്നായി;
നാളെ ഞാനുണരുമ്പോൾ,
ഞാനാരെന്നും ഞാനെന്തിനു മടങ്ങിവന്നുവെന്നും
നനഞ്ഞ കല്ലുകളും മണലും
കയറിയിറങ്ങുന്ന കടലിന്റെ മുഴക്കവുമറിഞ്ഞുവെന്നുവരാം,
അവരുടെ വിദ്യാലയത്തിലേക്കെനിക്കും
പ്രവേശനം തന്നുവെന്നുവരാം.

മണല്പരപ്പിന്റെ ഏകാന്തതയിൽ
എങ്കിലെനിക്കു പിന്നെയും സംതൃപ്തനാവാം,
കാറ്റിനാലംഗീകരിക്കപ്പെട്ടവനായി,
കടൽപ്രപഞ്ചത്താൽ ബഹുമാനിതനായി.


18. അത്രയധികം പേരുകൾതിങ്കളാഴ്ച ചൊവ്വാഴ്ചയോടു കെട്ടുപിണയുന്നു,
ഒരാഴ്ച ഒരു മുഴുവൻ കൊല്ലത്തോടും.
നിങ്ങളുടെ തളർന്ന കത്രിക കൊണ്ടു
കാലത്തെ വെട്ടിമുറിക്കാനാകില്ല,
പകലത്തെ പേരുകളെല്ലാം
രാത്രിയിലൊഴുക്കെടുത്തുപോവുകയും ചെയ്യുന്നു.

ഒരാണിനും പെഡ്രോയെന്ന പേരവകാശമല്ല,
ഒരു പെണ്ണും റോസയല്ല, മരിയയുമല്ല,
മണലല്ലെങ്കിൽ മൺപൊടിയാണു നാം,
മഴയ്ക്കുള്ളിൽ പെയ്യുന്ന മഴയാണു നാം.
വെനിസ്വേലകളെക്കുറിച്ചാളുകളെന്നോടു പറയാറുണ്ട്,
ചിലികളെക്കുറിച്ചും പരാഗ്വേകളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്;
എന്താണവർ പറയുന്നതെന്നെനിക്കു മനസ്സിലാകുന്നില്ല;
ഈ മണ്ണിന്റെ തൊലിപ്പുറമെനിക്കറിയാം,
അതിനു പേരില്ലെന്നുമെനിക്കറിയാം.

വേരുകൾക്കിടയിലൊരുകാലം ഞാൻ ജീവിച്ചിരുന്നു,
പൂക്കളെക്കാളെന്നെയവ സന്തോഷിപ്പിച്ചിരുന്നു,
കല്ലിനോടും ഞാനൊന്നിടപെട്ടിരുന്നു,
അതിന്റെ വചനമോ, മണിനാദം പോലെയും.

അത്ര ദീർഘിച്ചതാണത്- വസന്തം,
ഹേമന്തത്തിലേക്കതു നീണ്ടുപോകുന്നു;
കാലത്തിനതിന്റെ പാദുകങ്ങൾ നഷ്ടമായി,
ഒരു കൊല്ലത്തിനു നാലു നൂറ്റാണ്ടിന്റെ നീളവുമായി.

ഓരോ രാത്രിയിലും ഞാനുറങ്ങാൻ കിടക്കുമ്പോൾ
എന്റെ പേരെന്താണ്‌, എനിക്കില്ലാത്ത പേരെന്താണ്‌?
ഉറങ്ങുമ്പോൾ ഞാൻ ഞാനല്ലാതാവുന്നെങ്കിൽ
ഉണരുമ്പോൾപ്പിന്നെയാരാണു ഞാൻ?
ഇതുകൊണ്ടൊക്കെയർത്ഥമാക്കുന്നതിതു മാത്രം:
ജീവിതത്തിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ
നവജാതശിശുക്കളെപ്പോലെയാണു നാമെന്ന്,
അത്രയധികം പതറുന്ന പേരുകൾ കൊണ്ടും
അത്രയധികം ദാരുണോപചാരങ്ങൾ കൊണ്ടും
അത്രയധികം നിരർത്ഥകാക്ഷരങ്ങൾ കൊണ്ടും
അത്രയധികം എന്റെയും നിന്റെയും കൊണ്ടും
അത്രയധികം കടലാസ്സിലൊപ്പിടലുകൾ കൊണ്ടും
വായ കുത്തിനിറയക്കരുതു നാമെന്ന്.

കാര്യങ്ങളെയൊന്നു കൂട്ടിക്കുഴച്ചാലോയെന്നാണെന്റെ ചിന്ത:
അവയെ ഒരുമിച്ചുചേർക്കുക,
പിന്നെയവയെ കൊത്തിവിരിക്കുക,
കൂട്ടിക്കലർത്തുക, പിന്നെ കൊഴിച്ചെടുക്കുക,
അങ്ങനെയൊടുവിൽ
ലോകത്തിലെ വെളിച്ചത്തിനെല്ലാമുണ്ടാവും,
കടലിന്റെ ഏകത,
ഉദാരവും വിപുലവുമായ പൂർണ്ണത,
ചൊടി വിടാത്ത വാസനയും.


19. അടഞ്ഞ വായിൽ ഈച്ചകൾ കയറുന്നുമാണിക്യക്കല്ലുകൾ ചെന്തീനാമ്പുകളായിക്കത്താൻ
വെമ്പുന്നതെന്തുകൊണ്ട്?

ഗോമേദകത്തിന്റെ ഹൃദയത്തിന്‌
തേനറകളുടെ മഞ്ഞപ്പെവിടുന്നു കിട്ടി?

സ്വപ്നങ്ങളുടെ നിറം മാറ്റിമാറ്റി രസിക്കാൻ
റോസാപ്പൂവിനു തോന്നിയതെന്തിനാൽ?

മുങ്ങിത്താണൊരന്തർവാഹിനി പോലെ
മരതകം തണുത്തുവിറയ്ക്കുന്നതെന്തുകൊണ്ട്?

ജൂൺമാസനക്ഷത്രങ്ങൾക്കു ചുവട്ടിൽ
ആകാശം വിളറുന്നതെന്തുകൊണ്ട്?

ഗൗളി തന്റെ വാലിനു പൂശാൻ
പുതുപുതുചായങ്ങൾ വാങ്ങുന്നതെവിടെ നിന്ന്?

ലവംഗപുഷ്പങ്ങൾക്കു പുനർജ്ജന്മം നല്കുന്ന
ഭൂഗർഭാഗ്നി കുടികൊള്ളുന്നതെവിടെ?

ഉപ്പുപരലെവിടെനിന്നു സമ്പാദിച്ചു,
അതിന്റെ നോട്ടത്തിന്റെ സുതാര്യത?

ഉണരുമ്പോഴിത്രയ്ക്കു കറുക്കാനായി
കല്ക്കരി കിടന്നുറങ്ങിയതെവിടെയാവാം?

എവിടെ, എവിടെ നിന്നാണു കടുവ വാങ്ങിയത്,
വിലാപത്തിന്റെ, പൊന്നിന്റെ ആ വരകൾ?

കാടതിന്റെ ശ്വാസത്തിലറിഞ്ഞുതുടങ്ങിയതെന്നാവും,
തന്റെ തന്നെ സൗരഭ്യങ്ങൾ?

വാസനിക്കുന്ന സ്വന്തം പരിണതിയെക്കുറിച്ച്
പൈൻമരമെന്നാവും ബോധവാനായിരിക്കുക?

നാരങ്ങകൾ സൂര്യന്റെയതേ സിദ്ധാന്തങ്ങൾ
പാലിക്കാൻ തുടങ്ങിയതെന്നു മുതൽ?

പുക പറക്കാൻ പഠിച്ചതെന്ന്?

വേരുകൾ തമ്മിൽ സംസാരിക്കുന്നതെപ്പോൾ?

ജലം നക്ഷത്രത്തിലേതുപോലിരിക്കും?
തേൾ വിഷജന്തുവും
ആന സൗമശീലനുമായതെന്തുകൊണ്ട്?

ആമയുടെ ധ്യാനവിഷയമെന്താവാം?
നിഴലുകൾ പിൻവലിയുന്നതെവിടേയ്ക്ക്?
മഴ തോരാതെ പാടുന്ന പാട്ടേത്?
കിളികൾ മരിക്കാനെവിടേയ്ക്കു പോകുന്നു?
ഇലകളെന്തിനു പച്ചയാവണം?

നമുക്കറിയുന്നതെത്രയും തുച്ഛം,
നാമൂഹിക്കുന്നതോ, അത്രയുമധികം;
അത്ര ക്ലേശിച്ചാലേ നമുക്കു പഠിയൂ എന്നതിനാൽ
ചോദ്യങ്ങൾ ചോദിക്കുമ്പോഴേക്കും
നാം മരിച്ചും പോകുന്നു.
അതിനാലതിലും ഭേദമിതത്രെ-
മരിച്ചവരുടെ ദേശമെത്താനായി,
മരിച്ചവരുടെ നാളെത്താനായി
ക്ഷമയോടെ കാത്തിരിക്കുക,;
അന്നു നിങ്ങളുടെ തലയോട്ടിയുടെ ഊട്ടകളിലൂടെ
കാറ്റു നൂട്ട നൂഴുമ്പോൾ
എല്ലാ പ്രഹേളികകൾക്കുമതുത്തരം നല്കും,
നിങ്ങളുടെ കാതുകളിരുന്ന തുളകളിൽ
പരമാർത്ഥമെന്തെന്നതടക്കം പറയും.


20. എവിടെയായിരിക്കും?ഗിയേമിന എവിടെയായിരിക്കും?

എന്റെ പെങ്ങൾ അവളെ വീട്ടിലേക്കു ക്ഷണിച്ചപ്പോൾ,
വാതിൽ തുറന്നുകൊടുക്കാനായി ഞാൻ ചെന്നപ്പോൾ,
സൂര്യൻ കയറിവന്നു, നക്ഷത്രങ്ങൾ കയറിവന്നു,
ഗോതമ്പുനിറമായ രണ്ടു മുടിപ്പിന്നലുകൾ കയറിവന്നു,
ഉറവ വറ്റാത്ത രണ്ടു കണ്ണുകളും.

പതിന്നാലുകാരനായിരുന്നു ഞാൻ,
ചിന്താകുലൻ, അതിലഭിമാനിക്കുന്നവനും,
മെലിഞ്ഞവൻ, മെയ്‌വഴക്കമുള്ളവൻ, ചിറയുന്നവൻ,
മരണത്തിന്റെ വിഷാദമെടുത്തണിഞ്ഞവൻ,
ഗൗരവക്കാരൻ.
കാടിന്റെ നനവുമായി
ചിലന്തികൾക്കിടയിൽ ഞാൻ ജീവിച്ചു,
മൂന്നു നിറക്കാരായ തേനീച്ചകൾക്കും
വണ്ടുകൾക്കും ഞാൻ പരിചിതനായിരുന്നു.
കർപ്പൂരത്തുളസികളുടെ മറ പറ്റി
തിത്തിരിപ്പക്ഷികൾക്കിടയിൽ ഞാനുറങ്ങി.

അപ്പോഴല്ലേ, ഗിയേമിന കയറിവന്നു!
അവളുടെ കണ്ണുകൾ, നീലിച്ച രണ്ടു മിന്നല്പിണറുകൾ,
എന്റെ മുടിയിഴകൾ തഴുകിക്കടന്നുപോയി,
മഞ്ഞുകാലത്തിന്റെ ചുമരിൽ
എന്നെ കുത്തിത്തറച്ചിട്ടു.
ഇതു നടന്നത് ടെമുക്കോവിൽ,
തെക്കൻ നാട്ടിൽ, അതിർത്തിക്കടുത്ത്.

ആണ്ടുകളിഴഞ്ഞുനീങ്ങി,
ആനകളെപ്പോലലസനടയായി,
കിറുക്കൻകുറുനരികളെപ്പോലെ കുരയുമായി.
വൃദ്ധിയും ക്ഷയവുമായി, ശോചനീയമായി,
മലിനപ്പെട്ട വർഷങ്ങളിഴഞ്ഞുനീങ്ങി.
ഞാനോ, ഞാൻ നടന്നു,
മേഘത്തിൽ നിന്നു മേഘത്തിലേക്ക്,
ദേശത്തു നിന്നു ദേശത്തേക്ക്,
കണ്ണിൽ നിന്നു കണ്ണിലേക്ക്.
അതേ നരച്ച രൂപത്തിൽ

അതിർത്തിയിൽ മഴ പെയ്യുകയുമായിരുന്നു.
ഒരേ ജോഡി ചെരുപ്പുമായി
എന്റെ ഹൃദയം യാത്ര ചെയ്തിട്ടുണ്ട്,
മുള്ളുകൾ ഞാൻ ചവച്ചിറക്കുകയും ചെയ്തിട്ടുണ്ട്.
ചെന്നേടത്തൊന്നുമെനിക്കു വിശ്രമം കിട്ടിയില്ല,
ഞാൻ ആഞ്ഞടിച്ചിടത്ത് അവരെന്നെ അടിച്ചുവീഴ്ത്തി,
എന്നെ കൊല ചെയ്തിടത്ത് ഞാൻ വീണുകിടന്നു.
എന്നത്തെയും പോലത്തെ നവോന്മേഷത്തോടെ
പിന്നെ ഞാനുയിർത്തെഴുന്നേറ്റു.
പിന്നെ, പിന്നെ, പിന്നെ, പിന്നെ...
ഒക്കെപ്പറയാനാണെങ്കിൽ ഒരുപാടുനേരമെടുക്കുമെന്നേ.

ഇനി കൂടുതലായൊന്നും പറയാനില്ല.

ഈ ലോകത്തു ജീവിക്കാനായി ഞാൻ വന്നു.

ഗിയേമിന എവിടെയായിരിക്കും?


21. സൊണാറ്റ, ചില പൈൻമരങ്ങളുംനീളം വച്ച പകലുകളുടെ പാതിവെയിലിൽ
തളർന്ന അസ്ഥികളെ നാമൊരുമിച്ചുകിടത്തുക

നമ്മോടുൾക്കൂറു കാട്ടാതിരുന്നവരെ
നിർവ്വികാരരായ സ്നേഹിതരെ നാം മറക്കുക

പൈൻമരങ്ങൾക്കിടയിൽ സൂര്യൻ താറുന്നു
ഒരു ദേശത്തിനുള്ളിൽ പല ദേശങ്ങളുണ്ടെന്ന്

അവഗണിക്കപ്പെട്ട ജന്മദേശങ്ങളുണ്ടെന്നറിയാത്തവർ
അവരെ നാം മറന്നുകളയുക

സന്തോഷവാന്മാരെക്കുറിച്ചു നാം ചിന്തിക്കാതിരിക്കുക
അവരുടെ വയ്പുപല്ലുകൾ നാം മറക്കുക

പതുപതുത്ത തൂവൽക്കിടക്കകളിൽ
മൃദുലഹൃദയരുറക്കമായിക്കോട്ടെ

നിറയെ രഹസ്യങ്ങളും അടരുകളുമുള്ള കല്ലുകൾ
കല്ലുകളോരോന്നിനെയും കുറിച്ചു നിങ്ങളറിയണം

തളിരിടുന്ന വെളിച്ചത്തിനോടൊപ്പം
തീവണ്ടികളുടെ വ്യഥകളോടൊപ്പമുണരാൻ നിങ്ങൾ പഠിക്കണം

നമ്മോടൊപ്പമെന്നും യാത്ര ചെയ്യുന്ന
ലോകത്തിന്റെ പ്രതലത്തെ തൊടാൻ നമുക്കറിയണം

ഒരേയൊരു തിരിച്ചടിയും കാർന്നുകാർന്നിരിക്കുന്നവനെ
വ്രണിതഹൃദയനെ നാം മറക്കുക

മരങ്ങൾ മുകളിൽ തുറന്നിടുന്നു
അർദ്ധവൃത്താകാരത്തിലൊരാകാശം

പൈനിലകളും നിഴലുകളുമായി
ഇല പൊഴിച്ചിടുന്ന വായുവുമായി

നമ്മെ സ്നേഹിക്കാനാവത്തവരെ
ഹൃദയവിശാലതയോടെ നാം മറക്കുക

തീച്ചൂടു തേടി നടക്കുന്നവരെ നാം മറക്കുക
നമ്മെപ്പോലെ വിസ്മൃതിയിലേക്കു വീഴുന്നവരെ

അതികാലത്തെ കടൽനുര പോലെ
ഹിതകരമായിട്ടൊന്നുമില്ല

ഒരു നായ വരുന്നു കടൽ മണക്കുന്നു
അവനതിനെ ഇനിയും വിശ്വാസമായിട്ടില്ല

തിരകൾ നിര മുറിയാതെ വരികയുമാണ്‌
വെള്ളയുടുപ്പിട്ട സ്കൂൾകുട്ടികളെപ്പോലെ

വായുവിൽ ഉപ്പിന്റെയും സൂര്യന്റെയും ചുവ
കടല്പായലിന്റെ ശവമുറിയിൽ
ജനനത്തിന്റെയും ജീർണ്ണതയുടേയും ഗന്ധങ്ങൾ

ഇല്ലായ്മക്കെന്തു ന്യായീകരണം?
അന്യർ നമ്മെക്കൊണ്ടുപോകുന്നതെവിടെ?

നമുക്കു നല്ലതാണൊരു മാറ്റം
വേഷത്തിന്റെ തൊലിയുടെ മുടിയുടെ ജോലിയുടെ

നല്ലതാണ്‌ മണ്ണിനെയൊന്നറിയുന്നതും
കാലത്തു ഭാര്യക്കൊരുമ്മ കൊടുക്കുന്നതും

തെളിഞ്ഞ വായുവിന്റെ ഭാഗമാകുന്നതും
ദുഷ്പ്രഭുക്കളെ വെറുക്കുന്നതും

മൂടല്മഞ്ഞിൽ നിന്നു മൂടല്മഞ്ഞിലൃക്കു
ഞാനെന്റെ തൊപ്പിയും തുഴഞ്ഞു പോയപ്പോൾ

എനിക്കു വഴി പറഞ്ഞുതരാനൊരാളുമുണ്ടായില്ല
ബഹുകാര്യവ്യാപൃതരായിരുന്നു സർവ്വരും

പലതും വില്ക്കാനുള്ള തിരക്കിലായിരുന്നു അവർ
ഞാനാരെന്നാരുമെന്നോടു ചോദിച്ചില്ല

ഒടുവിലാണു ഞാനെന്നെത്തന്നെ തിരിച്ചറിഞ്ഞതും
ഒരു പുഞ്ചിരിയെന്നിൽ നിന്നു പുറപ്പെട്ടതും

പാതിമാനത്തിനും ഇലച്ചാർത്തിനുമടിയിൽ
നമ്മുടെ ക്ഷീണവുമായി നാം രാജിയാവുക

വേരുകളോടു നാം സംഭാഷണം ചെയ്യുക
മോഹഭംഗം വന്ന തിരകളോടു മിണ്ടുക

തിടുക്കം നാം മറക്കുക
മിടുക്കന്മാരുടെ പല്ലുകൾ മറക്കുക

നമുക്കനർത്ഥമാശിക്കുന്ന
പലവകക്കൂട്ടങ്ങളെ മറക്കുക

ഭൂബദ്ധമാകട്ടെ നമ്മുടെ ജീവിതവ്യാപാരം
സ്വന്തമാത്മാവുകൊണ്ടു നാം മണ്ണിനെ തൊടുമാറാകട്ടെ


22. കുഴിമടിയന്മാർനക്ഷത്രങ്ങൾക്കിടയിൽ ഈ ഉരുക്കുസാധനങ്ങൾ*
അവരുടെ തെണ്ടിനടക്കൽ തുടരും,
ക്ഷീണിതരും മടുത്തവരുമായ മനുഷ്യർ
മുകളിലേക്കു പൊയ്ക്കൊണ്ടിരിക്കും,
പ്രശാന്തചന്ദ്രനെയവർ മലിനമാക്കും,
അവിടെയവർ മരുന്നുകടകളും തുറക്കും.

തുടുത്തുവീർത്ത മുന്തിരിപ്പഴങ്ങളുടെ ഈ കാലത്ത്
കടലിനും മലനിരകൾക്കുമിടയിൽ
വീഞ്ഞതിന്റെ ജീവിതത്തിനു തുടക്കമിടുന്നു.

ചിലിയിലിപ്പോൾ ചെറിപ്പഴങ്ങൾ നൃത്തം വയ്ക്കുകയാണ്‌,
നിറമിരുണ്ട പെൺകുട്ടികൾ രഹസ്യങ്ങളൊളിപ്പിച്ച പാട്ടുകൾ പാടുകയാണ്‌,
ഗിത്താറുകളിൽ ജലം തിളങ്ങുകയാണ്‌.

വെയിൽനാളമോരോ വാതില്ക്കലും ചെന്നുവിളിക്കുന്നു,
ഗോതമ്പുകതിരിൽ നിന്നതിശയങ്ങൾ വിളയിക്കുന്നു.

ഒന്നാം വീഞ്ഞിനു നിറം കടുംചുവപ്പ്,
ഒരരുമക്കുഞ്ഞിനെപ്പോലെ ഹൃദ്യമായത്,
രണ്ടാം വീഞ്ഞ് ബലിഷ്ഠമായത്,
ഒരു നാവികന്റെയൊച്ച പോലെ ബലത്തത്,
മൂന്നാം വീഞ്ഞൊരു പുഷ്യരാഗവും
തീയും പോപ്പിപ്പൂവുമൊന്നിച്ചത്.

എന്റെ വീടിനുണ്ട് കരയും കടലും,
എന്റെ പെണ്ണിനു കേമമായ കണ്ണുകളുണ്ട്,
കാട്ടുഹെയ്സൽക്കായകളുടെ നിറത്തിൽ;
രാത്രി പിന്നെ വന്നണയുമ്പോൾ
കടൽ പച്ചയും വെളുപ്പും വേഷമെടുത്തണിയുന്നു,
അതില്പിന്നെ കടൽനുരയ്ക്കു മേൽ കിടന്നു ചന്ദ്രൻ സ്വപ്നം കാണും,
കടല്പച്ച നിറത്തിലൊരു പെൺകുട്ടിയെപ്പോലെ.

എനിക്കെന്റെ ഗ്രഹം വച്ചുമാറാനൊരാഗ്രഹവുമില്ല.

(*1957ൽ റഷ്യ സ്പുട്നിക് വിക്ഷേപിച്ചതിന്റെ പശ്ചാത്തലത്തിൽ)


23. പരിണതഫലങ്ങൾനല്ലവനായിരുന്നു, ആ മനുഷ്യൻ,
തന്റെ മഴുവും തന്റെ കൊഴുവും പോലുറച്ചവൻ.
ഉറങ്ങുമ്പോൾ സ്വപ്നം കാണാൻ പോലും
അയാൾക്കു നേരം കിട്ടിയിരുന്നില്ല.

വിയർപ്പിറ്റുന്നതായിരുന്നു അയാളുടെ നിസ്വത.
ഒരേയൊരു കുതിരയായിരുന്നു അയാളുടെ ആസ്തി.

ഇന്നതിഗർവ്വിതനാണയാളുടെ മകൻ,
ഒരു പറ്റം കാറുകളുടെ ആസ്തിയും അയാൾക്കുണ്ട്.
ഒരു സെനറ്ററുടെ ശബ്ദത്തിലാണയാളുടെ സംസാരം,
ലോകമളക്കുന്നതാണയാളുടെ നടത്തം,
തന്റെ കൃഷിക്കാരൻ പിതാവിനെ അയാൾ മറന്നുപോയിരിക്കുന്നു,
പുതിയ പൂർവ്വികരെ അയാൾ കണ്ടെത്തിയിരിക്കുന്നു.
കൊഴുത്ത വർത്തമാനപത്രം പോലെയാണയാളുടെ ചിന്ത,
രാവും പകലും പണമുണ്ടാക്കുകയാണയാളുടെ പണി,
ഉറക്കത്തിൽപോലും പ്രമാണിയാണയാൾ.

പുത്രന്റെ പുത്രന്മാരനവധിയാണ്‌,
കുറേക്കാലം മുമ്പവർ പെണ്ണും കെട്ടി;
അകത്താക്കുകയല്ലാതവരൊന്നും ചെയ്യാറില്ല,
ഒരായിരമെലികളാണവരുടെ ആസ്തി.

പുത്രന്റെ പുത്രന്മാരുടെ പുത്രന്മാർ-
ഈ ലോകത്തെ അവരെന്താക്കും?
അവർ നല്ലവരാകുമോ ചീത്തയാകുമോ?
ഈച്ചവിലയോ ഗോതമ്പുവിലയോ അവരുടേത്?

എന്റെ ചോദ്യത്തിനു മറുപടി പറയാൻ നിങ്ങൾക്കാഗ്രഹമില്ല.

ചോദ്യങ്ങൾ പക്ഷേ, മരിക്കുകയുമില്ല.


24. പൂച്ചയുടെ സ്വപ്നം


പൂച്ചയുറങ്ങുന്നതെത്ര വെടിപ്പായി,
ആ കാല്പാദങ്ങളും ആ കിടപ്പിന്റെ വട്ടവുമായി,
ക്രൂരമായ നഖങ്ങളുമായി,
വികാരലേശമില്ലാത്ത ചോരയുമായി,
കരിഞ്ഞ വൃത്തങ്ങൾ പോലത്തെ വലയങ്ങൾ
വിചിത്രമായൊരു ഭൗമഘടന പകരുന്ന
മണൽനിറമായ വാലുമായി.

എനിക്കും മോഹം, പൂച്ചയെപ്പോലൊന്നുറങ്ങാൻ,
കാലത്തിന്റെ രോമക്കുപ്പായവുമായി,
തീക്കല്ലു പോലെ പരുത്ത നാവുമായി,
തീപ്പൊരിയുറങ്ങുന്ന അരക്കെട്ടുമായി;
ആരോടുമൊന്നും മിണ്ടാതെ, ലോകത്തിനു മേൽ,
മേല്ക്കൂരകൾക്കും ഭൂമിക്കും മേൽ,
നടു നിവർത്തൊന്നു കിടക്കാൻ,
സ്വപ്നങ്ങളിൽ എലികളെ വേട്ടയാടാ-
നടങ്ങാത്തൊരു തൃഷ്ണയുമായി.

ഞൻ കണ്ടിട്ടുണ്ട്,
ഉറങ്ങുന്ന പൂച്ചയുടെയുടൽ തിര പോലുയർന്നുതാഴുന്നതും
രാത്രിയൊരു കരിമ്പുഴ പോലതിലൂടൊഴുകുന്നതും
ചിലനേരം വീഴാനെന്നപോലെ ചരിയുന്നതും;
വിജനമായ ഹിമാനികളിൽ
താഴ്ന്നുപോവുകയാണതെന്നു വരാം.
ചിലനേരമുറക്കത്തിലൊരു വ്യാഘ്രത്തിന്റെ മുതുമുത്തശ്ശനെപ്പോലെ
അതു വളർന്നുവളർന്നുവലുതാകുന്നു,
അപ്പോഴതിരുട്ടത്തു കുതിച്ചുചാടുന്നു,
മേല്പുരകൾക്കു മേൽ, മേഘങ്ങൾക്കും തീമലകൾക്കും മേൽ.

ഉറങ്ങൂ, ഉറങ്ങൂ, രാത്രിയുടെ മാർജ്ജാരമേ,
പള്ളിയുറക്കത്തിന്റെ ചടങ്ങുകളുമായി,
കല്ലിൽ കൊത്തിയ മീശരോമങ്ങളുമായി.
ഞങ്ങളുടെ സ്വപ്നങ്ങൾക്കു കാവലാളാകൂ,
ഞങ്ങളിൽ മയങ്ങുന്ന ശൗര്യത്തിനു വഴി കാണിക്കൂ,
നിന്റെയിടറാത്ത ഹൃദയവുമായി,
കൊണ്ട കെട്ടിയ കേമൻവാലുമായി.


25. സ്വപ്നം കണ്ട തീവണ്ടികൾ


വണ്ടിപ്പേട്ടയിൽ കിടന്നു സ്വപ്നം കാണുകയായിരുന്നു
തീവണ്ടികൾ,
അവയ്ക്കെഞ്ചിനില്ലായിരുന്നു,
അവ നിസ്സഹായമായിരുന്നു,
അവ ഉറക്കമായിരുന്നു.

പുലർച്ചയ്ക്കൊരു കള്ളനെപ്പോലെ ഞാൻ ചെന്നുകേറി.
ഞാൻ തിരഞ്ഞതു രഹസ്യങ്ങളായിരുന്നു,
യാത്രകളുടെ അവശിഷ്ടഗന്ധങ്ങൾക്കിടയിൽ
ആളുകൾ വിട്ടുപോയ സംഗതികളായിരുന്നു.
ആളുകളിറങ്ങിപ്പോയ, നിർത്തിയിട്ട തീവണ്ടിയിൽ
ഞാൻ ഒറ്റയ്ക്കായിരുന്നു.

കനത്ത വായുവിൽ തങ്ങിനിന്നിരുന്നു,
മുഴുമിപ്പിക്കാതെപോയ സംഭാഷണങ്ങൾ,
ക്ഷണികമായ വിഷാദങ്ങൾ;
ഇടനാഴികളിൽ ഹതാശരായ ആത്മാക്കൾ
സീറ്റിനടിയിൽ വീണുപോയ ചാവിയില്ലാത്ത താഴുകൾ പോലെ.

കൂടകൾ നിറയെ പൂക്കളും കോഴികളുമായി
യാത്ര ചെയ്യുന്ന തെക്കത്തിപ്പെണ്ണുങ്ങൾ;
അവർ കൊല ചെയ്യപ്പെട്ടുവെന്നുവരാം,
അവർ മടങ്ങിവന്നു വിമ്മിക്കരഞ്ഞുവെന്നുവരാം,
തങ്ങളുടെ പൂക്കളുടെ തീനാളങ്ങളിൽ
തീവണ്ടിമുറികളവർ ദഹിപ്പിച്ചുവെന്നുവരാം,
അവർക്കൊപ്പം യാത്ര ചെയ്യുകയാണു ഞാനെന്നുവരാം,
യാത്രയുടെ ചുടുവായു,
നനഞ്ഞ പാളങ്ങൾ,
നിശ്ചലമായ തീവണ്ടിയിൽ ജീവിക്കുകയാണു സകലതുമെന്നുവരാം,
നിർഭാഗ്യങ്ങൾ കാണാൻ ഞെട്ടിയുണരുന്ന
യാത്രികനാണു ഞാനെന്നും വരാം.

ഞാൻ സീറ്റിലിരിക്കുമ്പോൾ
എന്റെ ഉടലിലൂടിരച്ചുപായുകയാണ്‌ തീവണ്ടി;
അതെന്റെ അതിരുകൾ ഇടിച്ചിടുന്നു-
പൊടുന്നനേ, അതെന്റെ ബാല്യത്തിലെ തീവണ്ടിയാകുന്നു,
അതിപുലർച്ചയിലെ പുകയും
വേനലിന്റെ കയ്പും മധുരവുമാകുന്നു.

വേറെയും തീവണ്ടികൾ പാഞ്ഞുപോയിരുന്നു,
അതിന്റെ വാഗണുകളിൽ കുത്തിനിറച്ചിരുന്നു,
താറിന്റെ വീപ്പകൾ പോലെ ശോകങ്ങൾ.
എന്റെ എല്ലുകളെ ഭാരം വയ്പ്പിച്ചൊരു പുലർച്ചെ
നിർത്തിയിട്ടൊരു തീവണ്ടി പാഞ്ഞുപോയതിങ്ങനെ.

ഏകാന്തമായ ആ തീവണ്ടിയിൽ ഞാനൊറ്റക്കായിരുന്നു,
എന്നാൽ ഞാനൊറ്റക്കുമായിരുന്നില്ല-
യാത്രയെന്ന പ്രത്യാശക്കു ചുറ്റുമായി
ഒരു പറ്റം ഏകാന്തതകൾ തടിച്ചുകൂടിയിരുന്നു,
പ്ലാറ്റ്ഫോമുകളിൽ ഗ്രാമീണരെപ്പോലെ.
കാറ്റു പോയ പുക പോലെ
വണ്ടിക്കുള്ളിൽ ഞാനിരുന്നു,
ചുറ്റും തിക്കിത്തിരക്കുന്ന അത്രയധികം ആത്മാക്കളുമായി,
അത്രയധികം മരണങ്ങളുടെ ഭാരവുമായി;
ഹതാശമായ ആ യാത്രയിൽ യാതൊന്നുമിളകിയില്ല,
എന്റെ തളർന്ന ഹൃദയമൊഴികെ ഒന്നും.


26. ഒടുവിലയാൾ തന്റെ കാമുകിയിലേക്കു തിരിയുന്നു...


മാറ്റിൽഡേ ഉറൂഷ്യാ, നിനക്കു ഞാനിവിടെ വിട്ടുപോകുന്നു,
എനിക്കുണ്ടായിരുന്നതൊക്കെയും,
എനിക്കില്ലാതിരുന്നതൊക്കെയും,
ഞാനായതൊക്കെയും, ഞാനല്ലാത്തതൊക്കെയും.
കരച്ചിൽ മാറാത്ത കുഞ്ഞാണെന്റെ പ്രണയം,
അവനു മടി നിന്റെ കൈകൾ വിട്ടുപോകാൻ,
അവനെ ഞാൻ നിന്നെയേല്പ്പിക്കുന്നു-
ഞാൻ വരിച്ചവൾ നീ.

ഞാൻ വരിച്ചവൾ നീ,
തെക്കൻനാട്ടിലെ മെലിഞ്ഞ മരങ്ങളെക്കാൾ
തെന്നലുകൾ മയപ്പെടുത്തിയവൾ,
ആഗസ്റ്റുമാസത്തിലെ ഹെയ്സൽമരം;
ഒരു കൂറ്റൻപലഹാരക്കടയെക്കാൾ രുചികരം,
എനിക്കു നീ.
നിന്റേതു മണ്ണിന്റെ ഹൃദയം,
സ്വർഗ്ഗീയം പക്ഷേ, നിന്റെ കൈകൾ.

ചുവന്നവൾ, എരിക്കുന്നവൾ നീ,
വെളുത്തവൾ,
ഉള്ളിയച്ചാറിട്ടപോലുപ്പു ചുവയ്ക്കുന്നവളെനിയ്ക്കു നീ.
ഓരോ മനുഷ്യസ്വരവുമൊത്തു
ചിരിയ്ക്കുന്ന പിയാനോ നീ;
സംഗീതമെന്റെ മേലൊഴുകുന്നു,
നിന്റെ കണ്ണിമകളിൽ നിന്ന്,
നിന്റെ മുടിയിഴകളിൽ നിന്നും.
നിന്റെ പൊൻനിഴലിലസം ഞാൻ കിടക്കുന്നു,
നിന്റെ കാതുകളെന്നെ മായത്തിൽപ്പിടിയ്ക്കുന്നു,
കടലിനടിയിലൊരു പവിഴപ്പുറ്റിൽക്കണ്ടേൻ
പണ്ടേ ഞാനവയെയെന്നപോലെ.
നിന്റെ നഖങ്ങൾക്കു വേണ്ടിയല്ലോ,
കടലിൽ കിടിലൻമീനുകളെ ഞാൻ നേർത്തതും.

തെക്കില്‍ നിന്ന് തെക്കിലേക്കു പരക്കുന്നു നിന്റെ കണ്ണുകൾ,
കിഴക്കുപടിഞ്ഞാറു നീളുന്നു നിന്റെ മന്ദഹാസം;
കണ്ണിൽപ്പെടുന്നതേയില്ല നിന്റെ കാലടികൾ,
നിന്റെ മുടിയിലുദയമാകാൻ സൂര്യനും ഹിതം.
എന്നെപ്പോലെ നിന്റെയുടലിനും മുഖത്തിനുമുത്ഭവം
പരുക്കൻ നാടുകളിൽ,
തോരാമഴയുടെ ചടങ്ങുകളിൽ,
പ്രാക്തനദേശങ്ങളിൽ, രക്തസാക്ഷികളിൽ.
ചോരക്കറ മാറാത്ത നിന്റെ കളിമണ്ണിൽ
ഇന്നും പാടുന്നു ബയോ-ബയോ,
കാട്ടിൽ നിന്നു നീ കൊണ്ടുപോന്നു
അതിന്റെ നിഗൂഢഗന്ധമോരോന്നും,
നിന്റെ മുഖം തിളങ്ങുന്നു
കാണാതായൊരമ്പു പോലെ,
പഴയൊരു പതക്കം പോലെ.
പ്രണയം കൊണ്ടുമുറവുകൾ കൊണ്ടും
എന്നെ നീ മൂടുന്നു,
നിന്റെ ചുണ്ടുകളെന്നെയോർമ്മിപ്പിയ്ക്കുന്നു,
പ്രാചീനമായ ഉല്പത്തികള്‍,
മറ്റേതോ കാലത്തെ കാട്ടിൻ നടുവിലെ സമാഗമങ്ങള്‍,
പരമ്പരകളുടെ ഇരുണ്ട ചെണ്ടകള്‍.
പൊടുന്നനേ ഞാൻ കേട്ടു,
ആരോയെന്നെ പേരെടുത്തു വിളിയ്ക്കുന്നു,
അതകലെയായിരുന്നു, അതവ്യക്തമായിരുന്നു.
ഒരു പ്രാക്തനവനത്തിലേക്കു ഞാനടുത്തുചെന്നു,
നിന്റെ വായിലെന്റെ ചോര ഞാൻ തൊട്ടു,
എന്റെ പ്രിയേ, എന്റെ അറൗക്കാനാ.

എന്തു ഞാൻ നിനക്കു വിട്ടുപോകാൻ, മാറ്റിൽഡേ,
എരിയുന്ന ഇലകളുടെ പരിവേഷം
നിന്റെ സ്പർശത്തിലുള്ളപ്പോൾ,
സ്ട്രാബെറികളുടെ പരിമളം നിന്നിലുള്ളപ്പോൾ,
കൗക്കെനേയുടെ കടൽവെളിച്ചവും
ചിലിയുടെ വാകമണവും
നിന്റെ മുലകൾക്കിടയിലുള്ളപ്പോൾ?

കടലിലിതു ശരൽക്കാലത്തിന്റെ മൂർദ്ധന്യം,
മൂടൽമഞ്ഞും മറഞ്ഞയിടങ്ങളുമായി;
കര നീണ്ടുനിവർന്നു കിടക്കുന്നു, നിശ്വാസമുതിർക്കുന്നു,
ഇലകൾ പൊഴിഞ്ഞുവീഴുന്നു.
നീയോ, എന്റെ പ്രവൃത്തിയ്ക്കു മേൽ കുനിഞ്ഞുനിൽക്കുന്നു നീ,
വികാരവായ്പ്പോടെ, ക്ഷമയോടെ;
നീ വായിച്ചെടുക്കുന്നു ഹരിതമുദ്രണങ്ങളെ,
വിധി കുറിച്ചിടുന്ന എന്റെ കൈയെഴുത്തിന്റെ കീടങ്ങളെ,
എട്ടുകാലിവലകളെ.
ചെറുപാദങ്ങൾ ചേർന്ന സിംഹികേ,
എന്തു ചെയ്യുമായിരുന്നു ഞാൻ,
നിന്റെ കൈകളുടെ വെടിപ്പൻരീതികളില്ലായിരുന്നുവെങ്കിൽ?
എവിടെയലഞ്ഞുനടക്കുമായിരുന്നു ഞാൻ,
ഹൃദയമില്ലാതെ, ലക്ഷ്യമില്ലാതെ?
ഏതന്യനാടുകളിലെ ബസുകളിൽ,
തീയോ, മഞ്ഞോ കൊണ്ടു മുഖം തുടുത്തും?

നിനക്കു ഞാൻ കടം,
വേരുകളീറനായ കടലിന്റെ ശരൽക്കാലം,
മുന്തിരിപ്പഴം പോലത്തെ മൂടൽമഞ്ഞും,
നാട്ടുമ്പുറത്തെ സുഭഗസൂര്യനും;
ശോകങ്ങളാഴ്ന്നുപോവുകയും
ആഹ്ളാദത്തിന്റെ ദീപ്തകിരീടമുയരുകയും ചെയ്യുന്ന
മൂകമായ താഴ്വരയ്ക്കും.
ഒക്കെയും നിനക്കു ഞാൻ കടം,
തുടലൂരിയ എന്റെ മാടപ്രാവേ,
ഉച്ചിയിൽ പൂവുള്ള തിത്തിരിപ്പക്ഷീ,
എന്റ മലങ്കുരുവീ,
എന്റെ ക്വൊയ്ഹെച്ചോക്കാരി കർഷകപ്പെണ്ണേ.

ഇനിയൊരുനാൾ നമ്മുടെ ജീവിതം നിലയ്ക്കുമ്പോൾ,
നമ്മുടെ വരവും പോക്കും നിൽക്കുമ്പോൾ,
പൊടിമണ്ണിന്റെ ഏഴു വിരിപ്പുക്കൾക്കടിയിൽ,
മരണത്തിന്റെ വരണ്ട കാലടികൾക്കടിയിൽ
വീണ്ടും നാമടുക്കും, പ്രിയേ,
ജിജ്ഞാസുക്കളായി, സംഭ്രാന്തചിത്തരായി.
നമ്മുടെ വിഭിന്നമായ തൂവലുകൾ,
നോട്ടം പിഴയ്ക്കുന്ന കണ്ണുകൾ,
ഒരുനാളും കണ്ടുമുട്ടാത്ത നമ്മുടെ കാലടികൾ,
മായാത്ത ചുംബനങ്ങൾ,
ഒക്കെയും വീണ്ടുമൊന്നുചേരും;
അതു നമുക്കെന്തു ഗുണം ചെയ്യാൻ പക്ഷേ,
ഒരു കുഴിമാടത്തിലൊരുമിക്കൽ?
ജീവിതം നമ്മെ വേർപിരിക്കാതിരിക്കട്ടെ,
മരണം പോയിത്തുലയട്ടെ.


(ശരൽക്കാലസത്യവാങ്മൂലത്തിൽ നിന്ന്)
മാറ്റിൽഡേ ഉറൂഷ്യ - നെരൂദയുടെ മൂന്നാമത്തെ ഭാര്യ; 1966 മുതൽ 73ൽ കവിയുടെ മരണം വരെ. ഇവർക്കു സമർപ്പിക്കപ്പെട്ടതാണ്‌, നൂറു പ്രണയഗീതകങ്ങൾ.
ബയോ-ബയോ - ചിലിയിലെ രണ്ടാമത്തെ വലിയ നദി.
അറൗക്കാന- മാറ്റിൽഡേയുടെ നാട്.
കൗക്കെനെസ് - നെരൂദയുടെ ജന്മനാടായ പരാലിനടുത്തുള്ള നഗരം.

2018, ജൂൺ 15, വെള്ളിയാഴ്‌ച

റോബർട്ട് വാൾസർ - ഗദ്യശകലം


images

മഞ്ഞുചീളുകൾക്കും ഇലകൾക്കും തമ്മിൽ സാദൃശ്യങ്ങളുണ്ട്. മഞ്ഞു പൊഴിയുന്നതു കണ്ടുനിൽക്കുമ്പോൾ നിങ്ങൾക്കു തോന്നിപ്പോവുന്നു, ആകാശത്തു നിന്നു കുഞ്ഞുപൂവുകൾ ഇറുന്നുവീഴുകയാണെന്ന്. ശരൽക്കാലത്തു വാടുന്ന ഇലപ്പടര്‍പ്പിനു നിഗൂഢമായൊരു പൊൻനിറം വന്നതെന്തേ? വസന്തകാലത്തു പൂക്കൾക്കു നാവുകളുള്ളതായി നിങ്ങൾക്കു തോന്നുന്നതെന്തേ, നിങ്ങളോടെന്തോ പറയാനായുകയാണവയെന്നും? ഇലകൾ കാണുമ്പോൾ നിങ്ങൾക്കു കൈകൾ ഓർമ്മ വരുന്നു; മൊട്ടുകൾ പോലെയാണാ ഇലവിരൽത്തുമ്പുകൾ. കിളിത്തൂവലുകൾ, മരങ്ങളിൽ ഇലകൾ, ഇലകൾ പോലെ, തൂവലുകൾ പോലെ ലോലമായി വന്നുവീഴുന്ന മഞ്ഞിന്റെ ചീളുകൾ- അന്യോന്യബന്ധമുണ്ടവയ്ക്കെന്നു നിങ്ങൾ പറഞ്ഞാൽ അതിൽ തെറ്റു പറയാനില്ല. നമ്പാന്‍ പറ്റാത്ത  ഒരബദ്ധക്കാരനെപ്പോലെയാണ്‌ തെന്നൽ; വഴങ്ങും പോലാസ്വാദ്യമാണ്‌ അതിന്റെ വീശിയടങ്ങൽ; തന്നിൽത്തന്നെ ധന്യമായത്, തന്നെച്ചുറ്റിയൊഴുകുന്നത്, ഹൃദയഹാരിയാണു താനെന്നു താനായിട്ടറിയുന്നതും. കാറ്റിനറിയുമോ, കാറ്റിന്റെ പ്രകൃതമാണതിനെന്ന്? ഇലയ്ക്കറിയുമോ, എത്ര മനോഹരമാണതെന്ന്? മഞ്ഞിന്റെ ചീളുകൾക്കു മന്ദഹാസം പരിചിതമാണോ, പൂക്കൾ അന്യോന്യം വശീകരിക്കാൻ ശ്രമിക്കാറുണ്ടോ, ചുരുളുകൾക്കു തങ്ങളുടെ ചുരുളലറിയുമോ? ഒഴുകുന്ന പുഴ കണ്ടാൽ ഓർമ്മ വരിക മെയ് വഴങ്ങിയൊരു സഞ്ചാരിയുടെ തിടുക്കമാണ്‌; പ്രശാന്തമായ തടാകം കണ്ടാൽ വെളുത്ത കൈയുറകളും നീലക്കണ്ണുകളുമായി സുന്ദരിയായ ഒരു സ്ത്രീയെയും. ഇലകളുടെ സമൃദ്ധിക്കടിയിൽ ചില്ലകളുടെ വശ്യാലങ്കാരങ്ങൾ മറഞ്ഞുപോകുന്നു. മനോഹരമായ വസ്തുക്കളുണ്ടെന്നതു മനോഹരമായ ഒരു ചിന്ത തന്നെ. പുളയുന്ന പാമ്പുകൾ പോലെയാണ്‌ അലകളുടെയും ചില്ലകളുടെയും വടിവുകൾ; ചില നേരങ്ങളിൽ നിങ്ങൾക്കറിവുണ്ടാവുകയും ചെയ്യുന്നു, തിരകളും മഞ്ഞിന്റെ തൂവലുകളും പോലെയാണു താനെന്ന്, അവയിലും മേലെയല്ലാതെ, താഴെയുമല്ലാതെ; അതുമല്ലെങ്കിൽ, അസാമാന്യമാം വിധത്തിൽ മനോജ്ഞമായ സ്വന്തം അതിരുകളിൽ നിന്നു മോചനം നേടാൻ ചിലനേരം കൊതിക്കുന്നൊരിലയെപ്പോലെ.

(1929 ജനുവരി)


https://www.openlettersmonthly.com/a-prose-piece-for-your-gaps-robert-walsers-short-works/

റോബർട്ട് വാൾസർ - ചെറിയൊരു ചുറ്റിനടത്ത


robert-walser

ഇന്നു ഞാൻ മലകൾക്കിടയിലൂടെ ഒന്നു നടന്നു. വായുവിൽ ഈർപ്പമുണ്ടായിരുന്നു, പ്രദേശമാകെ ധൂസരനിറമായിരുന്നു. പക്ഷേ പാത പതുപതുത്തതായിരുന്നു , ഇടയിലൊക്കെ വൃത്തിയുള്ള ഇടങ്ങളും കണ്ടു. ആദ്യം ഞാൻ കോട്ടിട്ടിരുന്നു, പിന്നെ ഞാനതൂരിയെടുത്ത് മടക്കി കൈത്തണ്ടയിലിട്ടു. വിസ്മയപ്പെടുത്തുന്ന ആ പാത എത്രയെന്നില്ലാതെ ആനന്ദങ്ങൾ നൽകുയായിരുന്നു എനിക്ക്. ആദ്യം അതു കയറിപ്പോവുകയായിരുന്നു, പിന്നീടത് ഇറക്കമായി. മലകൾ കൂറ്റനായിരുന്നു; അവ ചുറ്റിക്കറങ്ങുകയാണെന്നു തോന്നി.ആ മലകളുടെ ലോകം അതിവിശാലമായ ഒരരങ്ങു പോലെ എനിക്കനുഭവപ്പെട്ടു. മലഞ്ചരിവുകളിൽ പറ്റിപ്പിടിച്ചു കയറുകയായിരുന്നു പാത. പിന്നെ ഞാൻ അഗാധമായ ഒരു കൊല്ലിയിലേക്കിറങ്ങി. എന്റെ കാൽക്കൽ ഒരു പുഴ കിടന്നിരമ്പി, വെളുത്ത പുകയുടെ പ്രതാപവുമായി ഒരു തീവണ്ടി കുതിച്ചുപാഞ്ഞു. കൊല്ലിയിലൂടെ നേർത്തൊരു പാലരുവി പോലെ പാത നീണ്ടുപോയി. നടന്നുപോവുമ്പോൾ ആ ഇടുങ്ങിയ താഴ്വാരം വളഞ്ഞുവന്ന് സ്വയം ചുറ്റിപ്പിണയുകയാണെന്നു തോന്നിപ്പോയി. നരച്ച മേഘങ്ങൾ മലകളിൽ അതാണു തങ്ങളുടെ വിശ്രമസങ്കേതമെന്നപോലെ  കിടന്നിരുന്നു. ചുമലിൽ സഞ്ചിയുമായി ചെറുപ്പക്കാരനായ ഒരു സഞ്ചാരിയെ കണ്ടു; വേറേ രണ്ടു ചെറുപ്പക്കാരെ കണ്ടുവോയെന്ന് അയാൾ എന്നോടന്വേഷിച്ചു. ഇല്ല, ഞാൻ പറഞ്ഞു. വളരെ അകലെ നിന്നാണോ ഞാൻ വരുന്നത്? അതെ, ഞാൻ പറഞ്ഞു, എന്നിട്ടു ഞാൻ മുന്നോട്ടു നടന്നു. അധികദൂരം ചെന്നില്ല, മറ്റേ സഞ്ചാരികളെ ഞാൻ കണ്ടു, പാട്ടും പാടി അവർ കടന്നുപോകുന്നതു ഞാൻ കേട്ടു. വെളുത്ത പാറക്കെട്ടുകൾക്കടിയിൽ ചെറിയ കുടിലുകൾ അടുങ്ങിക്കിടക്കുന്ന ഒരു ഗ്രാമം വിശേഷിച്ചും മനോഹരമായിരുന്നു. ചില വണ്ടികൾ എതിരേ വന്നിരുന്നു, അതല്ലാതെ മറ്റൊന്നുമില്ല. പെരുവഴിയിലെത്തിയയപ്പോൾ കുറേ കുട്ടികളേയും കണ്ടു. സർവസാധാരണമായിട്ടുള്ളതല്ലാതെ മറ്റൊന്നും നാം കാണേണ്ട ആവശ്യമില്ല. അത്രയധികം നമുക്കു കാണാനാവുന്നു.

(1914)


https://celluloidwickerman.com/2017/11/27/wandering-through-robert-walsers-a-little-ramble-1914/

http://quarterlyconversation.com/walking-with-walser
നിസ്സാര്‍ ഖബ്ബാനി - ഒരുനൂറു പ്രണയലേഖനങ്ങളില്‍ നിന്ന്

 qabbani
1.

ഇതുവരെയെഴുതാത്ത വാക്കുകളിലെനിക്കു നിനക്കെഴുതണം,

നിനക്കായൊരു ഭാഷയെനിക്കു കണ്ടെത്തണം,

നിന്റെയുടലിന്റെ അളവിനൊത്തത്,

എന്റെ പ്രണയത്തിന്റെ വലിപ്പത്തിനൊത്തതും.

*

താളുകളേറെ മറിച്ച നിഘണ്ടുവിൽ നിന്നെനിക്കു യാത്ര പോകണം,

എന്റെ ചുണ്ടുകളെ വിട്ടെനിക്കു പോകണം.

ഈ നാവു കൊണ്ടെനിക്കു മതിയായി,

മറ്റൊരു നാവെനിക്കു വേണം,

തോന്നുമ്പോളൊരു ചെറിമരമാകുന്നത്,

ഒരു തീപ്പെട്ടിക്കൂടാവുന്നത്.

പുതിയൊരു നാവെനിക്കു വേണം,

അതിൽ നിന്നു വാക്കുകൾ പുറത്തുവരട്ടെ,

കടല്പ്പരപ്പിൽ നിന്നു മത്സ്യകന്യകമാരെപ്പോലെ,

ഇന്ദ്രജാലക്കാരന്റെ തൊപ്പിയിൽ നിന്നു

വെളുവെളുത്ത കോഴിക്കുഞ്ഞുങ്ങളെപ്പോലെ.

*

ബാല്യത്തിൽ ഞാൻ വായിച്ച പുസ്തകങ്ങളെല്ലാമെടുത്തോളൂ,

പള്ളിക്കൂടത്തിലെ നോട്ടുബുക്കുകൾ,

ചോക്കുകൾ, പേനകൾ,

ബ്ളാക്കുബോർഡുകളൊക്കെയുമെടുത്തോളൂ,

എന്നാല്‍  പുതിയൊരു വാക്കെന്നെപ്പഠിപ്പിക്കൂ,

ഒരു ലോലാക്കു പോലെന്റെ കാമുകിയുടെ കാതിലിടാൻ.

.*

മറ്റൊരു വിധം വിരലുകളെനിക്കു വേണം

മറ്റൊരു വിധത്തിലെനിക്കെഴുതാൻ,

പാമരങ്ങൾ പോലെ നെടിയത്,

ജിറാഫിന്റെ കഴുത്തു പോലെ നീണ്ടത്,

കവിത കൊണ്ടൊരുടയാട

എന്റെ കാമുകിക്കു തുന്നിക്കൊടുക്കാൻ.

*

മറ്റൊരുവിധമക്ഷരമാലയെനിക്കു വേണം,

നിനക്കെഴുതാന്‍;

അതിലുണ്ടാവും മഴയുടെ താളം,

നിലാവിന്റെ പരാഗം,

ധൂസരമേഘങ്ങളുടെ വിഷാദം,

ശരല്ക്കാലത്തിന്റെ തേര്‍ചക്രത്തിനടിയിൽ 

വില്ലോമരത്തിന്റെ പഴുക്കിലകളുടെ വേദനയും.


2

മനോഹരമായൊരു കവിത പോലെ

എന്റെ നേർക്കു നീ നടന്നുവന്ന ആ മാർച്ചുമാസപ്പുലരിയിൽ

സൂര്യനും വസന്തവും നിന്നോടൊപ്പം കടന്നുവന്നു.

എന്റെ മേശപ്പുറത്തെ കടലാസുതാളുകൾ

പച്ചിലകളായി മാറി,

എന്റെ മുന്നിലെ കാപ്പിക്കപ്പ്

ചുണ്ടിലേക്കു വയ്ക്കാതെതന്നെയൊഴിഞ്ഞു.

നീ പ്രത്യക്ഷപ്പെട്ടപ്പോൾ.

എന്റെ ചുമർച്ചിത്രത്തിലെ കുതിരകൾ

എന്നെ വിട്ടു നിന്റെ നേർക്കു കുതിച്ചോടി.

*

എന്നെക്കാണാൻ നീ വന്ന ആ മാർച്ചുമാസപ്പുലരിയിൽ

ഭൂമിയ്ക്കുടലു വിറച്ചു,

മണ്ണിലെങ്ങോ ഒരു നക്ഷത്രമെരിഞ്ഞുവീണു.

കുട്ടികൾ കരുതി

അതൊരു തേനടയെന്ന്,

സ്ത്രീകൾ കരുതി

അതു വജ്രം കൊണ്ടൊരു കൈവളയെന്ന്,

പുരുഷന്മാർ കരുതി

അതു ദൈവത്തിൽ നിന്നൊരടയാളമെന്ന്.

*

വസന്തത്തിന്റെ മേലാടയഴിച്ചുമാറ്റി,

ഒരു പെട്ടി നിറയെ വേനൽവസ്ത്രങ്ങളുമായി

ഒരു പൂമ്പാറ്റയെപ്പോലെ എനിക്കു മുന്നിൽ നീയിരുന്നപ്പോൾ,

എനിക്കു തീർച്ചയായി,

ആർക്കും തെറ്റു പറ്റിയിട്ടില്ലെന്ന്,

കുട്ടികൾക്കും,

സ്ത്രീകൾക്കും,

പുരുഷന്മാർക്കും.

തേൻ പോലെ മധുരിക്കുന്നവളാണു നീയെന്ന്,

വജ്രം പോലെ നിർമ്മലയാണു നീയെന്ന്,

ഒരു ദിവ്യാത്ഭുതം നീയെന്ന്.


3

“ഞാൻ നിന്നെ പ്രേമിക്കുന്നു”വെന്ന്

ഞാൻ നിന്നോടു പറഞ്ഞപ്പോൾ

എനിക്കറിയാമായിരുന്നു,

ഗോത്രനിയമങ്ങൾക്കെതിരെ

ഒരു കലാപം നയിക്കുകയാണു ഞാനെന്ന്,

അപവാദത്തിന്റെ

മണി മുഴക്കുകയാണു ഞാനെന്ന്.

അധികാരം പിടിച്ചെടുക്കാൻ ഞാനാഗ്രഹിച്ചത്

കാട്ടിൽ മരങ്ങൾക്കിലകളുടെ

എണ്ണം കൂട്ടാനായിരുന്നു.

കടലിന്റെ നീലിമ കൂട്ടാനും

കുഞ്ഞുങ്ങളുടെ നിഷ്കളങ്കത കൂട്ടാനുമായിരുന്നു.

കിരാതയുഗത്തിനന്ത്യം കുറിക്കാനും

അവസാനത്തെ ഖലീഫയെ

വധിക്കാനും ഞാനാഗ്രഹിച്ചു.

നിന്നെ പ്രേമിച്ചപ്പോൾ

ഞാൻ ലക്ഷ്യം വച്ചത്

അന്ത:പുരത്തിന്റെ വാതിലുകൾ തകർക്കാനായിരുന്നു,

പുരുഷന്മാരുടെ പല്ലുകളിൽ നിന്ന്

സ്ത്രീകളുടെ മുലകളെ രക്ഷിക്കാനായിരുന്നു:

അവരുടെ മുലക്കണ്ണുകൾ

ആഹ്ലാദത്തോടെ നൃത്തം വയ്ക്കട്ടെ എന്നതിനായി.

*

“നിന്നെ ഞാൻ പ്രേമിക്കുന്നു”

എന്നു ഞാൻ പറയുമ്പോൾ

എനിക്കറിയാമായിരുന്നു

വായിക്കാനറിയാത്ത ഒരു നഗരത്തിനായി

പുതിയൊരക്ഷരമാല കണ്ടുപിടിക്കുകയാണു ഞാനെന്ന്,

ആളൊഴിഞ്ഞ മുറിയിൽ

കവിത വായിക്കുകയാണു ഞാനെന്ന്,

ലഹരിയുടെ ആനന്ദങ്ങളറിയാത്തവർക്കു മുന്നിൽ

വീഞ്ഞൊഴിച്ചുവയ്ക്കുകയാണു ഞാനെന്ന്.

*

പനിനീർപ്പൂക്കളുടെ നോട്ടുബുക്കിൽ

നിന്റെ പേരെഴുതുമ്പോൾ

എനിക്കറിയാമായിരുന്നു

നിരക്ഷരരും രോഗികളും ഷണ്ഡന്മാരുമായ

എല്ലാ പുരുഷന്മാരും

എനിക്കെതിരു നില്ക്കുമെന്ന്.

അവസാനത്തെ ഖലീഫയെ കൊല്ലാൻ

ഞാൻ തീരുമാനിച്ചപ്പോൾ,

പ്രണയത്തിന്റെ രാഷ്ട്രം സ്ഥാപിക്കാനും

നിന്നെയതിന്റെ റാണിയായി അവരോധിക്കാനും

ഞാൻ തീരുമാനിച്ചപ്പോൾ

എനിക്കറിയാമായിരുന്നു,

ആ വിപ്ലവത്തെ വാഴ്ത്തിപ്പാടാൻ

എന്നോടൊപ്പം കിളികൾ മാത്രമേയുണ്ടാകൂയെന്ന്.


6

നീയെന്തിനു ചരിത്രത്തെ തുടച്ചുമാറ്റുന്നു,

കാലത്തെ പിടിച്ചുനിർത്തുന്നു,

എനിക്കുള്ളിൽ

മറ്റെല്ലാ സ്ത്രീകളേയും

ഒന്നൊന്നായി കൊല്ലുന്നു?

*

മറ്റൊരു സ്ത്രീക്കുമല്ലാതെ

നിനക്കു ഞാനെന്തിനു തരുന്നു,

ഒരു ദുഷ്പ്രഭുവിനു മുന്നിലും കവാടങ്ങൾ തുറക്കാത്ത,

മറ്റൊരു സ്ത്രീക്കു വേണ്ടിയും തുറക്കാത്ത

എന്റെ നഗരങ്ങളുടെ താക്കോലുകൾ?

ഞാനെന്റെ ഭടന്മാരോടെന്തിനാജ്ഞാപിക്കുന്നു,

പൂക്കളും പാട്ടുകളും കൊണ്ടു നിന്നെയെതിരേല്ക്കാൻ,

ആജീവനാന്തമെന്റെ റാണിയായി

ഈണങ്ങളും മണികളും ചാർത്തി നിന്നെയവരോധിക്കാൻ?


7

നിന്റെ പേരുച്ചരിക്കാൻ

കുഞ്ഞുങ്ങളെ ഞാൻ പഠിപ്പിച്ചു,

അവരുടെ ചുണ്ടുകൾ

ചെറിമരങ്ങളായി മാറി.

നിന്റെ മുടി കോതാൻ

കാറ്റിനോടു ഞാൻ പറഞ്ഞു.

കാറ്റു പക്ഷേ, വഴിമാറിപ്പോയി,

ഇത്ര നീണ്ട മുടി കോതാൻ

അതിനു നേരമില്ലത്രെ.

8

ഒരു മുല്ലപ്പൂമാല പോലെ നിർമ്മലമായി,

ഞാവൽപ്പഴത്തൊലി പോലെ മൃദുലമായി,

ഒരു കഠാരമുന പോലെ പ്രബലമായി

എന്റെ ജീവിതത്തിലേക്കു നീ കയറിവന്നു,

എന്റെ നോട്ടുബുക്കുകളുടെ താളുകൾ വിട്ടുപോകൂ,

എന്റെ കിടക്കവിരികൾ വിട്ടുപോകൂ,

എന്റെ കാപ്പിക്കപ്പുകളും

പഞ്ചാരക്കരണ്ടികളും വിട്ടുപോകൂ,

എന്റെ കുപ്പായക്കുടുക്കുകളും

എന്റെ തൂവാലത്തുന്നലുകളും വിട്ടുപോകൂ,

എന്റെ കൊച്ചുകൊച്ചുകാര്യങ്ങൾ വിട്ടുപോകൂ,

എനിക്കു ജോലി തുടരാനാവട്ടെ.


9

നിന്നെ ഞാൻ പ്രേമിക്കുന്നു

പ്രണയമെന്ന കളിയിലെന്നാൽ

ഞാൻ കൂടുന്നുമില്ല.

കുട്ടികൾ കടൽമീനിനെന്നപോലെ

നിന്നോടു ശണ്ഠ കൂടാനും ഞാനില്ല.

നിനക്കൊരു ചുവന്ന മീൻ.

എനിക്കൊരു നീലമീൻ.

നീലമീനെല്ലാം നീയെടുത്തോളൂ,

ചുവന്ന മീനെല്ലാം നീയെടുത്തോളൂ.

എന്നാലെന്നുമെന്റെ കാമുകിയായിരിക്കേണമേ.

കടലും തോണിയും യാത്രക്കാരെയും

നീയെടുത്തോളൂ,

എന്നാലെന്നുമെന്റെ കാമുകിയായിരിക്കേണമേ.

എന്റെ സമ്പാദ്യങ്ങളെല്ലാമെടുത്തോളൂ,

ഈ കവിയ്ക്കു സ്വന്തമെന്നു പറയാൻ

എന്റെ നോട്ടുബുക്കുകളേയുള്ളു,

നിന്റെ മനോഹരനയനങ്ങളേയുള്ളു.

12

എന്റെ കുഞ്ഞുകുഞ്ഞുകാര്യങ്ങളുടെ സാമ്രാജ്യം

നീ വന്നതോടെ അസ്തമിച്ചു.

ഇപ്പോഴെന്റേതുമാത്രമല്ല കാര്യങ്ങൾ,

ഇന്നു പൂക്കളൊരുക്കുന്നതു ഞാനൊറ്റയ്ക്കല്ല,

പുസ്തകം വായിക്കുന്നതൊറ്റയ്ക്കല്ല.

നീ വന്നുകയറിയല്ലോ,

എന്റെ കണ്ണുകൾക്കും എന്റെ കടലാസ്സിനുമിടയിൽ,

എന്റെ നാവിനും എന്റെ ശബ്ദത്തിനുമിടയിൽ,

എന്റെ ശിരസ്സിനും എന്റെ തലയിണയ്ക്കുമിടയിൽ,

എന്റെ വിരലുകൾക്കും എന്റെ സിഗരറ്റിനുമിടയിൽ.

*

എനിക്കു പരാതിയുമില്ല പൊന്നേ,

എന്റെയുള്ളിൽ നീ കുടിയേറിയതിൽ,

എന്റെ കൈകളെ,

എന്റെ കണ്ണിമവെട്ടലിനെ,

എന്റെ ചിന്തയുടെ വേഗതയെ

നീ നിയന്ത്രിക്കുന്നതിൽ:

അത്തിമരങ്ങൾ പരാതിപ്പെടാറില്ലല്ലോ,

ചേക്കയേറിയ കിളികൾ കൂടിപ്പോയെന്ന്,

ചഷകങ്ങൾ പരാതിപ്പെടാറില്ലല്ലോ

ഒഴിച്ച വീഞ്ഞു കൂടിപ്പോയെന്ന്.

13

എന്റെ തൃഷ്ണകൾക്കു പുറത്തു
നിനക്കു ജീവിതമില്ല.
ഞാനാണു നിനക്കു കാലം.
എന്റെ കൈയകലത്തിനു പുറത്തു
നിനക്കർത്ഥവുമില്ല.
ഞാനാണു നിന്റെയളവുകൾ,
നിന്റെ കോണുകൾ, നിന്റെ വൃത്തങ്ങൾ,
നിന്റെ വളവുകളും നിന്റെ വരകളും.
എന്റെ നെഞ്ചിലെ കാട്ടിലേക്കു
നീ കാലെടുത്തുവച്ച നാളത്രേ,
സ്വാതന്ത്ര്യത്തിലേക്കു നീ കടന്നതും.
എന്നെ വിട്ടു  പോയ നാൾ
നീയടിമയായി,
ഏതോ ഗോത്രത്തലവൻ
നിന്നെ വിലയ്ക്കു വാങ്ങി.
*

നിന്നെ ഞാൻ മരങ്ങളുടെ പേരുകൾ  പഠിപ്പിച്ചു,

രാപ്രാണികളുടെ സംവാദങ്ങൾ പഠിപ്പിച്ചു.

വിദൂരതാരങ്ങളുടെ മേൽവിലാസങ്ങൾ നിനക്കു ഞാൻ തന്നു.

വസന്തത്തിന്റെ വിദ്യാലയത്തിൽ നിന്നെ ഞാൻ ചേർത്തു,

കിളികളുടെ ഭാഷയും പുഴകളുടെ അക്ഷരമാലയും നിന്നെ ഞാൻ പഠിപ്പിച്ചു.

മഴയുടെ നോട്ടുപുസ്തകങ്ങളിൽ,

പുതമഞ്ഞിന്റെ വിരിപ്പുകളിൽ,

പൈന്മരക്കായകളിൽ

നിന്റെ പേരു ഞാനെഴുതിവച്ചു.

മുയലുകളോടും കുറുനരികളോടും സംഭാഷണം ചെയ്യാൻ,

വസന്തത്തിന്റെ കമ്പിളിരോമങ്ങൾ കോതിവയ്ക്കാൻ

നിന്നെ ഞാൻ പഠിപ്പിച്ചു.

കിളികളുടെ പ്രസിദ്ധീകരിക്കാത്ത കത്തുകൾ നിനക്കു ഞാൻ കാട്ടിത്തന്നു.

വസന്തത്തിന്റെയും ഹേമന്തത്തിന്റെയും ഭൂപടങ്ങൾ നിനക്കു ഞാൻ തന്നു,

ഗോതമ്പു കതിരിടുന്നതെങ്ങിനെയെന്ന്,

വെളുത്ത കോഴിക്കുഞ്ഞുങ്ങൾ തല നീട്ടുന്നതെങ്ങിനെയെന്ന്,

മീനുകൾ പരിണയിക്കുന്നതെങ്ങിനെയെന്ന്

നിനക്കു മനസ്സിലാവുന്നതിനായി.

*
നിനക്കു പക്ഷേ സ്വാതന്ത്ര്യത്തിന്റെ കുതിരയെ മടുപ്പായി.
അതിനാൽത്തന്നെ സ്വാതന്ത്ര്യത്തിന്റെ കുതിര
നിന്നെ കുടഞ്ഞുതാഴെയിട്ടതും.
എന്റെ മാറത്തെ കാടുകളും നിനക്കു മടുപ്പായി,
രാപ്രാണികളുടെ സദിരും നിനക്കു മടുത്തു.
നിലാവിന്റെ വിരികളിൽ നഗ്നയായി കിടന്നുറങ്ങുന്നതും
നിനക്കു മടുത്തു.
അതിനാൽ കാടു വിട്ടു നീ പുറത്തുപോയി,
ഏതോ ഗോത്രത്തലവന്റെ ബലാൽക്കാരത്തിനു വിധേയയാവാൻ,
ചെന്നായ്ക്കൾക്കു തീറ്റയാവാൻ.


17

നിന്നോടൊപ്പമിരിക്കുമ്പോൾ
കവിത വരാത്ത വിഷമമാണെനിക്ക്;
നിന്റെ സൗന്ദര്യത്തെക്കുറിച്ചോർക്കുമ്പോൾ
ശ്വാസവേഗം നിലയ്ക്കുകയാണെനിക്ക്.
എന്റെ ഭാഷ പതറുന്നു,
എന്റെ വാക്കുകളെങ്ങോ പോകുന്നു.
ഈ ധർമ്മസങ്കടത്തിൽ നിന്നെന്നെ രക്ഷിക്കൂ.
ഇത്രയും സൗന്ദര്യമരുതേ,
പൊട്ടു തൊടുന്ന,
പരിമളം പൂശുന്ന,
പ്രസവിക്കുന്നൊരു സ്ത്രീയാവൂ.
അന്യസ്ത്രീകളെപ്പോലെയാവൂ,
എനിക്കെഴുത്തു തുടരാനാവട്ടെ.


18

പ്രേമിക്കുന്നതെങ്ങനെയെന്നു പഠിപ്പിക്കാൻ
ഞാൻ നിനക്കു ഗുരുവല്ല.
നീന്തുന്നതെങ്ങനെയെന്നു പഠിക്കാൻ
മീനുകൾക്കൊരു ഗുരു വേണ്ടല്ലോ.
പറക്കുന്നതെങ്ങനെയെന്നു പഠിപ്പിക്കാൻ
കിളികൾക്കുമൊരു ഗുരു വേണ്ടല്ലോ.
നീന്താനും പറക്കാനും നീ തന്നെ പഠിച്ചാലും,
പ്രണയത്തിനു പാഠപുസ്തകങ്ങളെവിടെ?
ചരിത്രത്തിൽ പേരു കേൾപ്പിച്ച കമിതാക്കൾ
നിരക്ഷരരായിരുന്നുവെന്നറിയില്ലേ!


25

ഞാൻ നിനക്കെഴുതിയ കത്തുകളാണ്‌
നാമിരുവരെക്കാൾ പ്രഥമവും പ്രധാനവും.
വിളക്കിനെക്കാൾ പ്രധാനമാണ്‌ വെളിച്ചം,
കവിതയാണതെഴുതിയ നോട്ടുബുക്കിനെക്കാൾ പ്രധാനം,
ചുണ്ടുകളെക്കാൾ പ്രധാനം ചുംബനവും.
ഞാൻ നിനക്കെഴുതിയ കത്തുകളാണ്‌
നാമിരുവരെക്കാൾ പ്രഥമവും പ്രധാനവും.
രേഖകൾ അതുമാത്രമേയുള്ളു,
നിന്റെ സൗന്ദര്യവുമെന്റെയുന്മാദവും
ആളുകൾക്കു കണ്ടുപിടിക്കാൻ.


28

വേനൽക്കാലത്തു കടൽക്കരയിൽ
നിന്നെയോർത്തു കിടക്കുമ്പോൾ
നീയെനിക്കെന്താണെന്ന്
കടലിനോടൊന്നു പറഞ്ഞാലോ?
എങ്കില്‍ കടലതിന്റെ കര വിട്ട്‌,
ചിപ്പിയും മീനും വിട്ട്‌
എന്റെ പിന്നാലെ പോന്നേനെ!


33

ദീർഘമായൊരിടവേളക്കു ശേഷം
നിന്നെ ചുംബിക്കുമ്പോഴൊക്കെയും
എനിക്കു തോന്നുന്നു,
തിടുക്കത്തിലെഴുതിയ ഒരു പ്രണയലേഖനം
ഒരു ചുവന്ന തപാൽപെട്ടിയിൽ
നിക്ഷേപിക്കുകയാണു ഞാനെന്ന്.


35

നിന്റെ നേർക്കെന്റെ പ്രണയം കുതിച്ചുവരുന്നു
സഞ്ചാരിയെക്കുടഞ്ഞുകളഞ്ഞൊരു വെള്ളക്കുതിരയെപ്പോലെ.
പ്രിയപ്പെട്ടവളേ,
കുതിരകളുടെ തൃഷ്ണകളറിയുമായിരുന്നെങ്കിൽ
എന്റെ വായിൽ നീ നിറച്ചേനെ,
ചെറിപ്പഴങ്ങൾ, ബദാം കായകൾ, പിസ്റ്റാഷിയോയും.


37

എനിക്കു ശേഷം നിന്നെ ചുംബിക്കുന്ന
പുരുഷന്മാർ കണ്ടെത്തട്ടെ,
നിന്റെ ചുണ്ടുകൾക്കു മേലെയായി
ഞാൻ നട്ട മുന്തിരിവള്ളി.


39

നാമിരുവർക്കും മേൽ മഴ പെയ്തപ്പോൾ
നമ്മുടെ മേലുടുപ്പുകൾക്കു മേൽ
ഒരായിരം ചെടികൾ പൊടിച്ചു.
നീ പോയതില്പിന്നെ
ഞാനൊരാൾക്കു മേൽ മഴ പെയ്യാൻ തുടങ്ങി;
എന്റെ മേലുടുപ്പിൽ പക്ഷേ,
യാതൊന്നും പൊടിച്ചില്ല.


40

നിന്റെ മാറിടത്തിന്റെ തീരത്തു
ചുരുണ്ടുകൂടി ഞാൻ കിടന്നു,
പിറന്നിട്ടൊരുനാൾ പോലു-
മുറക്കം കിട്ടാത്ത കുഞ്ഞിനെപ്പോലെ.


43

പുതുവസ്ത്രവുമണിഞ്ഞ്
നീയെന്നെക്കാണാൻ വരുമ്പോൾ
ഒരു തോട്ടക്കാരനു തോന്നുന്നതെനിക്കു തോന്നുന്നു:
തന്റെ തോട്ടത്തിൽ ഒരു മരം പൂവിട്ടപോലെ.


47

നീ യാത്ര പോകുമ്പോഴൊക്കെയും
നിന്റെ വാസനത്തൈലമെന്നോടു
നിന്നെക്കുറിച്ചു ചോദിക്കും,
അമ്മയെപ്പോൾ മടങ്ങിവരുമെന്നു
ചോദിക്കുന്ന കുഞ്ഞിനെപ്പോലെ.
കണ്ടില്ലേ,
വാസനത്തൈലങ്ങൾക്കു പോലുമറിയാം
നാടുകടത്തലിനെയും പ്രവാസത്തിനെയും പറ്റി.


48

നീയെന്നെങ്കിലുമോർത്തുനോക്കിയിട്ടുണ്ടോ,
നാമെവിടെയ്ക്കാണു പോകുന്നതെന്ന്.
തോണികൾക്കറിയാം,
എവിടെയ്ക്കാണവ തുഴയുന്നതെന്ന്,
മീനുകൾക്കറിയാം,
എവിടെയ്ക്കാണവ നീന്തുന്നതെന്ന്,
കിളികൾക്കറിയാം
എവിടെയ്ക്കാണവ പറക്കുന്നതെന്ന്.
നാം വെള്ളത്തിൽക്കിടന്നുരുളുന്നതേയുള്ളു,
മുങ്ങുന്നില്ല;
നാം യാത്രാവസ്ത്രങ്ങളണിയുന്നതേയുള്ളു,
യാത്ര ചെയ്യുന്നില്ല;
നാം കത്തുകളെഴുന്നതേയുള്ളു,
അയക്കുന്നില്ല.
പുറപ്പെടാൻ നിൽക്കുന്ന വിമാനങ്ങൾക്കെല്ലാം
നാം ടിക്കറ്റു വാങ്ങുന്നുണ്ട്,
വിമാനത്താവളത്തിൽ നിന്നു നാമനങ്ങുന്നില്ല.
ഇത്രയും ഭീരുക്കളായ യാത്രക്കാർ
ഇതിനു മുമ്പുണ്ടായിട്ടില്ല,
എന്നെയും നിന്നെയും പോലെ.


49

ഞാൻ നിന്നെക്കണ്ട നാൾ
എന്റെ ഭൂപടങ്ങളും എന്റെ പ്രവചനങ്ങളും
ഞാൻ കീറിക്കളഞ്ഞു,
ഞാനൊരറബിക്കുതിര പോലായി.
നിന്റെ മഴയുടെ ചൂരു ഞാൻ മണക്കുന്നു,
അതെന്നെ നനയ്ക്കും മുമ്പേ;
നിന്റെ ശബ്ദത്തിന്റെ താളം ഞാൻ കേൾക്കുന്നു,
നീ സംസാരിക്കും മുമ്പേ;
നിന്റെ മുടിപ്പിന്നൽ ഞാനഴിച്ചിടുന്നു,
നീയതു മെടയും മുമ്പേ.


50

ഞാനെഴുതിയ പുസ്തകങ്ങളെല്ലാമടച്ചുവയ്ക്കൂ,
എന്റെ മുഖത്തെഴുതിയ വരികൾ വായിക്കൂ.
നിന്നെ നോക്കി ഞാൻ നില്ക്കുന്നു,
ക്രിസ്തുമസ് മരത്തിനു മുന്നിൽ
ഒരു കുട്ടിയുടെ ആശ്ചര്യത്തോടെ.


51

എനിക്കു നിന്നോടുള്ള പ്രണയത്തെക്കുറി-
ച്ചിന്നലെ ഞാനോർത്തു.
നിന്റെ ചുണ്ടിലെ തേൻതുള്ളിക-
ളെനിക്കോർമ്മ വന്നു,
ഓർമ്മയുടെ ചുമരുകളിൽ നിന്നു ഞാൻ
പഞ്ചാരത്തരികൾ നക്കിയെടുത്തു.


52

എന്റെ മൗനത്തെയൊന്നു മതിക്കരുതോ?
മൗനമാണെന്റെ
ഏറ്റവും മൂർച്ചയുള്ള ആയുധം.
ഞാൻ മൗനത്തിലാകുമ്പോൾ
എന്റെ വാക്കുകൾ നീയറിയുന്നില്ലേ?
ഞാനൊന്നും മിണ്ടാതിരിക്കുമ്പോൾ
ഞാൻ പറഞ്ഞതിന്റെ സൗന്ദര്യം നീയറിയുന്നില്ലേ?


57

എന്റെ പാർശ്വത്തിൽ നിന്നീ കഠാര വലിച്ചൂരൂ.
ഞാനൊന്നു ജീവിച്ചോട്ടെ.
എന്റെ ചർമ്മത്തിൽ നിന്നു നിന്റെ പരിമളം പിൻവലിയ്ക്കൂ.
ഞാനൊന്നു ജീവിച്ചോട്ടെ.
എനിക്കൊരവസരം തരൂ,
മറ്റൊരു സ്ത്രീയെ കണ്ടുമുട്ടാൻ,
എന്റെ ഡയറിയിൽ നിന്നു നിന്റെ പേരു വെട്ടിക്കളയാൻ,
എന്റെ കഴുത്തിൽ ചുറ്റിപ്പടർന്ന
നിന്റെ മുടിയിഴകളറുത്തുമാറ്റാൻ.
എനിക്കു കണ്ടെത്താനൊരവസരം തരൂ,
നീയും ഞാനുമൊരുമിച്ചു നടക്കാത്ത പാതകൾ,
നാമൊരുമിച്ചിരിക്കാത്ത കസേരകൾ,
നിന്റെയൊരോർമ്മയുമില്ലാത്ത ഇടങ്ങൾ.
എനിക്കൊരവസരം തരൂ,
നിനക്കു വേണ്ടി ഞാൻ ത്യജിച്ച,
നിനക്കു വേണ്ടി ഞാൻ കൊല ചെയ്ത സ്ത്രീയെ
തിരഞ്ഞുപിടിയ്ക്കാൻ,
എനിക്കു ജീവിതം വീണ്ടെടുക്കാൻ.


59

ഒറ്റയ്ക്കാണെന്റെ യാത്രയെന്നു കരുതിയ
ഞാനെന്തൊരു വിഡ്ഢി!
ഞാൻ ചെന്നിറങ്ങിയ ഓരോ വിമാനത്താവളത്തിലും
എന്റെ ബ്രീഫ്കേസിൽ കസ്റ്റംസുകാർ കണ്ടെത്തി,
നിന്നെ!


69

അന്നു രാത്രിയിലെന്നോടൊപ്പം നീ നൃത്തം വച്ചപ്പോൾ
വിചിത്രമായതെന്തോ സംഭവിച്ചു.
ഒരു ദീപ്തതാരമാകാശം വിട്ടിറങ്ങിയെന്നും
എന്റെ മാറത്തതഭയം തേടിയെന്നുമെനിക്കു തോന്നി.
എന്റെയുടയാടകൾക്കടിയിൽ
ഒരു കാടങ്ങനെതന്നെ വളരുന്നതായെനിക്കു തോന്നി.
ഒരു മൂന്നുവയസ്സുകാരിക്കുട്ടി
എന്റെ കുപ്പായത്തുണിയിൽ
അവളുടെ വീട്ടുപാഠം ചെയ്തെന്നെനിക്കു തോന്നി.
*
നൃത്തം ചെയ്തെനിക്കു ശീലമില്ല.
അന്നു രാത്രിയിൽ പക്ഷേ,
ഞാൻ നൃത്തം വയ്ക്കുകയായിരുന്നില്ല,
നൃത്തം തന്നെയായിരുന്നു ഞാൻ.


71

മറ്റൊരു പുരുഷനെ നീ കണ്ടെത്തിയെന്നിരിക്കട്ടെ,
നിന്റെ അംഗോപാംഗങ്ങളെ
കവിതയാക്കി മാറ്റുന്നവൻ,
നിന്റെ മുടിയിഴയോരോന്നിനെയും
കവിതയുടെ ഈരടികളാക്കുന്നവൻ,
മറ്റൊരു പുരുഷനെ നീ കണ്ടെത്തിയെന്നിരിക്കട്ടെ,
കവിതയിൽ നിന്നെ നീരാടിക്കാൻ,
കവിത കൊണ്ടു നിന്നെയണിയിക്കാൻ,
അതിനെന്നെപ്പോലെ കെൽപ്പുറ്റവൻ,
എങ്കിൽ ഞാനപേക്ഷിക്കുന്നു,
അയാളോടൊപ്പം പോവുക,
വിസമ്മതമൊന്നും കൂടാതെ.
നീ എനിക്കോ അയാൾക്കോ എന്നതല്ല,
നീ കവിതയ്ക്കുള്ളതെന്നതത്രേ പ്രധാനം.


86

നീ കാപ്പി കുടിയ്ക്കൂ,
ഞാൻ പറയുന്നതു മിണ്ടാതെ കേൾക്കൂ.
ഇനി നാമൊരുമിച്ചു കാപ്പി കുടിച്ചില്ലെന്നു വരാം,
ഇനി സംസാരിക്കാനെനിയ്ക്കവസരം കിട്ടിയില്ലെന്നു വരാം.
*
നിന്നെക്കുറിച്ചു ഞാൻ സംസാരിക്കില്ല,
എന്നെക്കുറിച്ചു ഞാൻ സംസാരിക്കില്ല,
പ്രണയത്തിന്റെ മാര്‍ജിനിലെ രണ്ടു പൂജ്യങ്ങളാണു നാം,
പെൻസിലു കൊണ്ടു വരച്ച രണ്ടു വരകൾ.
ഞാൻ സംസാരിക്കാം,
എന്നെക്കാളും നിന്നെക്കാളും
സുതാര്യമായതൊന്നിനെക്കുറിച്ച്,
പ്രണയത്തെക്കുറിച്ച്,
തൂത്തുകളയാൻ മാത്രമായി
നമ്മുടെ ചുമലിൽ വന്നിരിക്കുന്ന
ഈ വിസ്മയപ്പൂമ്പാറ്റയെക്കുറിച്ച്,
ചവിട്ടു കൊണ്ടരയാൻ മാത്രമായി
കടലിന്റെ കയങ്ങളിൽ നിന്നുയർന്നുവന്ന
ഈ സ്വർണ്ണമത്സ്യത്തെക്കുറിച്ച്,
തട്ടിയകറ്റാൻ മാത്രമായി
നമുക്കു നേർക്കു കൈനീട്ടുന്ന
ഈ നീലനക്ഷത്രത്തെക്കുറിച്ച്.
*

നീ സഞ്ചിയുമെടുത്തു പുറപ്പെട്ടാൽ
അതല്ല പ്രധാനം,
കോപം വന്നാൽ സഞ്ചിയുമെടുത്തു പുറപ്പെടുകയാണ്‌
എല്ലാ സ്ത്രീകളും ചെയ്യുക.
കസേരയുടെ മെത്തയിൽ
ഞാൻ സിഗരറ്റു കുത്തിക്കെടുത്തിയാൽ
അതും പ്രധാനമല്ല,
കോപം വന്നാൽ എല്ലാപുരുഷന്മാരും
അതാണു ചെയ്യുക.
അത്രയും സരളമല്ല സംഗതി.
കാര്യങ്ങൾ നമ്മുടെ കൈവിട്ടുപോയിരിക്കുന്നു.
പ്രണയത്തിന്റെ മാര്‍ജിനിലെ രണ്ടു പൂജ്യങ്ങളാണു നാം.
പെൻസിലു കൊണ്ടു വരച്ച രണ്ടു വരകൾ.
ഇതാണു പ്രധാനം:
കടൽ നമുക്കെറിഞ്ഞുതന്ന സ്വർണ്ണമത്സ്യം
നമ്മുടെ കൈവിരലുകൾക്കിടയിൽക്കിടന്നു
ചതഞ്ഞുപോയിരിക്കുന്നു.


87

ശഹരിയാരെപ്പോലെയാണു ഞാനെന്നവരെന്നെപ്പഴിക്കുന്നു,

എന്റെ ചങ്ങാതിമാർ,

എന്റെ വിരോധികളും;

സ്ത്രീകളെ കൂട്ടിവയ്ക്കുകയാണത്രേ ഞാൻ,

തപാൽമുദ്രകള്‍ പോലെ,

തീപ്പെട്ടിപ്പടങ്ങള്‍ പോലെ,

എന്റെ മുറിയുടെ ചുമരുകളിൽ

ഒട്ടിച്ചുവയ്ക്കുകയാണത്രെ ഞാനവരെ.

അവരെന്നെപ്പഴിക്കുന്നു,

ആത്മരതിക്കാരനാണു ഞാനെന്ന്,

പീഡിപ്പിച്ചുരസിക്കുന്നവനാണു ഞാനെന്ന്,

മാതൃകാമിയാണു ഞാനെന്ന്,

മനക്കലക്കം പറ്റിയവനാണു ഞാനെന്ന്;

സംസ്കാരസമ്പന്നരാണു തങ്ങളെന്ന്,

വഴി വിട്ടവനാണു ഞാനെന്നും

അവർക്കു തെളിയിക്കണം.

*

ആർക്കുമെന്റെ പ്രിയേ,

ആർക്കും കേൾക്കേണ്ട എന്റെ സത്യവാങ്മൂലം.

മുൻവിധിക്കാരാണു ന്യായാധിപന്മാർ,

സാക്ഷികൾ പണം പറ്റിയവരും.

എനിക്കു പറയാനുള്ളതു കേൾക്കാതെതന്നെ

എന്നെ അപരാധിയെന്നവർ വിധിക്കുന്നു.

ആർക്കുമെന്റെ പ്രിയേ,

ആർക്കും മനസ്സിലാവില്ല,

ഞാൻ കഴിച്ചുകൂട്ടിയ ബാല്യം.

ഞാൻ പിറന്ന നഗരം

കുട്ടികളെ സ്നേഹിക്കാത്തതായിരുന്നു,

നിഷ്കളങ്കതയെ മാനിക്കാത്തതായിരുന്നു,

ചരിത്രത്തിലൊരിക്കൽപ്പോലും

ഒരു പനിനീർപ്പൂവോ,

ഒരു കവിതാപുസ്തകമോ വാങ്ങാത്തതായിരുന്നു.

ഞാൻ വളർന്ന നഗരത്തിന്റെ കൈകള്‍

തഴമ്പു വീണു പരുക്കനായിരുന്നു,

അതിന്റെ ഹൃദയവും വികാരങ്ങളും

ആണികളും കുപ്പിച്ചില്ലുകളും വിഴുങ്ങി കല്ലിച്ചതായിരുന്നു.

മഞ്ഞുകട്ട കൊണ്ടു ചുമരു പടുത്തതും

കുഞ്ഞുങ്ങൾ തണുത്തുമരിക്കുന്നതുമാണെന്റെ നഗരം.

*

ആരോടും ഞാൻ മാപ്പു ചോദിക്കുന്നില്ല.

കൊലക്കയറിൽ നിന്നു തലയൂരാൻ

വക്കീലിനെ വയ്ക്കാനും എനിക്കുദ്ദേശമില്ല.

ഒരായിരം തവണ ഞാൻ കൊലമരമേറിയിരിക്കുന്നു;

കുരുക്കു വീണെന്റെ കഴുത്തിനു പഴക്കമായിരിക്കുന്നു,

ആംബുലൻസുകളിൽ സഞ്ചരിച്ചെന്റെയുടലിനും പരിചയമായിരിക്കുന്നു.

*

മാപ്പിരക്കുകയല്ല എന്റെ ഉദ്ദേശം.

എന്നെ വെറുതെവിട്ടുകൊണ്ടുള്ള വിധിയുമെനിക്കു വേണ്ട.

എന്നാലെന്റെ പ്രിയേ,

ഒരു പൊതുവിസ്താരവേളയിൽ,

ഒന്നിലധികം സ്ത്രീകളെ വെച്ചുകൊണ്ടിരുന്നുവെന്ന്,

സുഗന്ധലേപനങ്ങളും മോതിരങ്ങളും ചീർപ്പുകളും

യുദ്ധകാലത്തു ഞാൻ പൂഴ്ത്തിവച്ചുവെന്നെന്നെ വിചാരണ ചെയ്യുന്നവർ,

അവർക്കു മുന്നിൽ വച്ചെനിക്കു നിന്നോടു മാത്രമായി പറയണം:

നിന്നെ മാത്രമേ ഞാൻ സ്നേഹിക്കുന്നുള്ളുവെന്ന്,

നിന്നോടു പറ്റിച്ചേർന്നിരിക്കുകയാണു ഞാനെന്ന്,

മാതളത്തിലതിന്റെ തൊലി പോലെ,

കണ്ണിൽ കണ്ണീർത്തുള്ളി പോലെ,

മുറിവിൽ കഠാര പോലെ.

*

ഇപ്പോഴെങ്കിലുമെനിക്കു പറയണം,

ശഹരിയാരുടെ ശിഷ്യനല്ല ഞാനെന്ന്.

ഘാതകനല്ല ഞാനെന്ന്,

ഗന്ധകാമ്ളത്തിലിട്ടുരുക്കിയിട്ടില്ല സ്ത്രീകളെ ഞാനെന്ന്.

അതല്ല, ഞാനൊരു കവിയത്രെ,

വലിയൊരൊച്ചയിലെഴുതുന്നവൻ,

വലിയൊരൊച്ചയിൽ പ്രണയിക്കുന്നവൻ.

കണ്ണുകൾ പച്ചയായൊരു ബാലനാണു ഞാൻ,

ബാല്യത്തെ മാനിക്കാത്തൊരു നഗരത്തിന്റെ

കവാടത്തിൽ കവിളമർത്തി നില്ക്കുന്നവൻ.

ശഹരിയാർ - അറബിക്കഥകളിൽ ശഹരെസാദെ കഥ പറഞ്ഞുകൊടുത്ത രാജാവ്.

100

ഇതാണെന്റെയവസാനത്തെക്കത്ത്,
ഇനിമേലൊന്നും പ്രതീക്ഷിക്കുകയുമരുത്.
ഇതു നിന്റെ മേൽ പെയ്യുന്ന
അവസാനത്തെ ധൂസരമേഘം,
ഇനി മേൽ മഴയെന്തെന്നു
നീയറിയുകയുമില്ല.
ഇതെന്റെ പാനപാത്രത്തിലെ
അവസാനത്തെത്തുള്ളി,
ഇനി മേലില്ലൊരു മദ്യലഹരിയും.
*
ഇതെന്റെയുന്മാദത്തിന്റെ അവസാനത്തെക്കത്ത്,
എന്റെ ബാല്യത്തിന്റെ അവസാനത്തെക്കത്ത്.
ഇനിമേൽ നീയറിയില്ല,
യൗവനത്തിന്റെ നൈർമ്മല്യം,
ഉന്മാദത്തിന്റെ സൗന്ദര്യവും.
കീശയിലൊളിപ്പിച്ച കിളികളും കവിതകളുമായി
സ്കൂൾ വിട്ടോടിവരുന്നൊരു കുട്ടിയെപ്പോലെ
നിന്നെ ഞാൻ പ്രേമിച്ചു.
നിനക്കു മുന്നില്‍ ഞാനൊരു ശിശുവായിരുന്നു,
മതിഭ്രമങ്ങള്‍,
വിഹ്വലതകള്‍,
വൈരുദ്ധ്യങ്ങള്‍ ബാധിച്ചവന്‍.
കവിതയും തന്റേടം കെട്ട എഴുത്തും
സ്വന്തമായവന്‍.
നീയോ,
കിഴക്കൻ ചിട്ടക്കാരിയൊരു സ്ത്രീയായിരുന്നു നീ,
കാപ്പിക്കപ്പുകളുടെ രേഖകളില്‍
തന്റെ ജാതകം വായിച്ചുനോക്കുന്നവൾ.
*
എത്ര ഭാഗ്യഹീനയാണു നീ സ്ത്രീയേ.
ഇനി മേൽ നീയുണ്ടാവില്ല,
എന്റെ നോട്ടുപുസ്തകത്താളുകളിൽ,
നീലിച്ച കത്തുകളിൽ,
മെഴുകുതിരികളുടെ നിലവിളികളിൽ,
തപാൽക്കാരന്റെ സഞ്ചിയിൽ.
നീയുണ്ടാവില്ല,
കുട്ടികളുടെ മിഠായികൾക്കുള്ളിൽ,
ചായം തേച്ച പട്ടങ്ങളിൽ.
നീയുണ്ടാവില്ല,
കത്തുകളുടെ നോവുകളിൽ,
കവിതകളുടെ നോവുകളിൽ.
എന്റെ ബാല്യത്തിന്റെ പൂന്തോപ്പുകളിൽ നിന്നും
നീ സ്വയം ഭ്രഷ്ടയായിപ്പോയി.
ഇനിമേൽ നീ കവിതയുമല്ല.