2024, മാർച്ച് 31, ഞായറാഴ്‌ച

വീസ്വാവ ഷിംബോർസ്ക്ക - എന്താണ്‌ സ്വപ്നം കാണൽ?

 

ഫെല്ലിനിയുടെ സിനിമകളിലൊന്നിൽ ഇങ്ങനെയൊരു രംഗമുണ്ട്: സബ്‌വേ ലൈനിടുന്ന പണിക്കാർ ഉജ്ജ്വലമായ പെയിന്റിങ്ങുകൾ നിറഞ്ഞ ഒരു എട്രൂസ്കൻ ഭൂഗർഭശവക്കല്ലറ കാണുന്നു. നിർഭാഗ്യമെന്നു പറയട്ടെ, മറ്റാളുകൾ സ്ഥലത്തെത്തും മുമ്പേ, ഫോട്ടോഗ്രാഫർമാർ ക്യാമറകൾ പുറത്തെടുക്കും മുമ്പേ പെയിന്റിങ്ങുകൾ മങ്ങാൻ തുടങ്ങുന്നു, അവ നിറം കെട്ടുപോകുന്നു. ഒടുവിൽ, ഒരു നിമിഷത്തിനു ശേഷം ഒഴിഞ്ഞ ചുമരുകളാണ്‌ മൂകരായ, നിസ്സഹായരായ കാഴ്ചക്കാർക്കു മുന്നിൽ പ്രത്യക്ഷമാകുന്നത്...സ്വപ്നങ്ങളുടെ കാര്യത്തിലും ഇതാണ്‌ ശരി: നാം ഉറക്കം വിട്ടെഴുന്നേല്ക്കുന്ന നിമിഷം അവ ചിതറിപ്പോവുകയും തിരിച്ചുകിട്ടാത്തവിധം മറഞ്ഞുപോവുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ, അതും പക്ഷേ അല്പനേരത്തേക്ക്, അവയുടെ ഒരു മാനസികചിത്രം നമ്മളിൽ തങ്ങിനില്ക്കാറുണ്ട്. ഒരേയൊരു ബിംബമോ ഒരു സന്ദർഭമോ നമുക്കു പിടിച്ചുവയ്ക്കാൻ കഴിയുക അതിലും അപൂർവ്വം. അതങ്ങനെതന്നെയാണ്‌ വേണ്ടതെന്ന് സൈക്കോ-അനലിസ്റ്റുകൾ പറയും- നമുക്കോർമ്മ വരാത്ത സ്വപ്നങ്ങൾ സ്വാഭാവികമായും നമുക്കോർമ്മയുള്ള സ്വപ്നങ്ങളെക്കാൾ അപ്രധാനമായിരിക്കും. എനിക്കെന്തോ, അത്ര തീർച്ചയില്ല. നാം എങ്ങനെയാണ്‌ ഉറക്കമുണരുന്നത് എന്നതിന്റെ സാഹചര്യത്തെ ആശ്രയിച്ചായിരിക്കാം കാര്യങ്ങൾ. നമുക്കോർമ്മിക്കാൻ കഴിയുന്ന സ്വപ്നങ്ങൾ തന്നെയായിരിക്കാം കണ്ടതിനു ശേഷം നാം തിരിഞ്ഞുകിടക്കുന്ന സ്വപ്നങ്ങൾ. സൈക്കോ-അനാലിസിസിലെ മൂപ്പന്മാർ എന്നെ അലട്ടുന്നത് മറ്റൊരു കാരണം കൊണ്ടാണ്‌. അവർക്ക് ഒരു സ്വപ്നം സ്വപ്നം തന്നെ; എന്നാൽ അവർ യഥാർത്ഥത്തിൽ പഠിക്കുന്നത് സ്വപ്നങ്ങളുടെ പുനരാഖ്യാനങ്ങളെയാണ്‌; ഇവിടെ ശരിക്കും ഒരു വ്യത്യാസം പറയാനുണ്ട്. കണ്ട സ്വപ്നങ്ങളെക്കുറിച്ചു നാം പറയുമ്പോൾ അവയെ ക്രമപ്പെടുത്താനും യുക്ത്യനുസൃതമാക്കാനും എന്തെങ്കിലും തരത്തിലുള്ള പദവിന്യാസം നാം ഉപയോഗിക്കുന്നുണ്ട്, എന്നു പറഞ്ഞാൽ, പ്രഹേളികപ്പരുവത്തിലുള്ള അവയുടെ അവ്യവസ്ഥയെ ഭേദപ്പെടുത്താൻ. നമ്മുടെ ആഖ്യാനത്തിന്റെ കൃത്യത നാം കയ്യാളുന്ന പദാവലിയേയും നാം ഉൾക്കൊണ്ട സാഹിത്യപാരമ്പര്യങ്ങളേയും പോലും ആശ്രയിച്ചിരിക്കും. ഒരു ഭാഷയുടെ പലതരം സൂക്ഷ്മാർത്ഥങ്ങളെ, ഉച്ചാരണഭേദങ്ങളെ, ഭാവങ്ങളെ മറ്റൊരു ഭാഷയിലേക്കു കൊണ്ടുവരിക എത്ര ദുഷ്കരമാണെന്ന് ഏതു നല്ല വിവർത്തകനും അറിയാം. സ്വപ്നങ്ങളെ ജാഗരഭാഷയിലേക്കു വിവർത്തനം ചെയ്യുക അതിലും അനായാസമാകണമെന്നുണ്ടോ? ചൈന, സൗദി അറേബ്യ, പാപ്പുവ ന്യൂഗിനി എന്നിവിടങ്ങളിലെ മൂന്നു മാന്യദേഹങ്ങൾ ഒരു രാത്രിയിൽ ശരിക്കും ഒരേ സ്വപ്നം തന്നെ കണ്ടുവെന്നു വയ്ക്കുക. അത് നടക്കാത്ത കാര്യമാണെന്ന് എനിക്കറിയാം; എന്നാലും ഒരു തവണ ഒന്നു സമ്മതിച്ചുതരൂ. ഉണർന്നുവരുമ്പോൾ അവർക്കു പറയാനുള്ളത് തീർത്തും വ്യത്യസ്തമായ മൂന്നു വിവരണങ്ങളായിരിക്കും. വ്യത്യസ്തമായ ഭാഷാവ്യവസ്ഥകൾ, വ്യത്യസ്തമായ ആഖ്യാനരീതികൾ, ആശയങ്ങളുടേയും സങ്കല്പങ്ങളുടേയും വ്യത്യസ്തമായ കലവറകൾ... സൈക്കോ-അനാലിസിസ് എന്ന വിഷയത്തെക്കുറിച്ച് അത്രയധികം എഴുതപ്പെട്ടിട്ടുള്ളതിനാൽ ഈതരം സംശയങ്ങൾ മുമ്പൊരിക്കലും പ്രകടിപ്പിക്കപ്പെട്ടിട്ടില്ല എന്നു വിശ്വസിക്കാൻ പ്രയാസമായിരിക്കും. ഈ മേഖലയിലെ എന്റെ പരിമിതമായ വായനയിൽ അങ്ങനെയൊന്ന് ഇതുവരെ പൊങ്ങിവന്നിട്ടില്ല എന്നുമാത്രം ഞാൻ പറയട്ടെ. യുങ്ങിന്റെ പ്രാതിനിദ്ധ്യസ്വഭാവമുള്ള മൂന്നു ലേഖനങ്ങൾ ഉൾക്കൊള്ളുന്ന ഈ പുസ്തകത്തിൽ കണ്ട സ്വപ്നവും പറഞ്ഞ സ്വപ്നവും ഒന്നുതന്നെയാണ്‌, സംശയമില്ലാത്ത മാതിരി...അതെന്റെ വിവേചനരഹിതമായ മതിപ്പിൽ ഒരു നിഴൽ വീഴ്ത്തുകയും ചെയ്യുന്നു.
(യുങ്ങിന്റെ ‘സ്വപ്നങ്ങളുടെ സ്വഭാവം’ എന്ന പുസ്തകത്തിന്റെ പോളിഷ് പരിഭാഷയെക്കുറിച്ചെഴുതിയത്. )

അഭിപ്രായങ്ങളൊന്നുമില്ല: