2024, ഏപ്രിൽ 11, വ്യാഴാഴ്‌ച

ലാറ്റിനമേരിക്കയുടെ ആത്മീയരാജ്ഞി

 എൽക്വിസ് താഴ്വരയിലെ ഒരു ചെറിയ ഗ്രാമത്തിൽ, പല ദശകങ്ങൾക്കു മുമ്പ്, ഭാവിയിൽ ഒരു സ്കൂളദ്ധ്യാപികയാവേണ്ട ലൂസില ഗൊദോയ് വൈ അൽക്കായേഗ എന്ന പെൺകുഞ്ഞ് ജനിച്ചു. ഗൊദോയ് അവളുടെ അച്ഛന്റെ പേരായിരുന്നു; അൽക്കായെഗ അമ്മയുടേതും. ഇരുവരും ബാസ്ക് ദേശത്ത് വേരുകളുള്ളവരായിരുന്നു. സ്കൂളദ്ധ്യാപകനായ അച്ഛൻ ക്ഷിപ്രകവിയുമായിരുന്നു. കവികൾക്കു പൊതുവായിട്ടുള്ള ഉത്കണ്ഠയും അസ്ഥിരതയും കലർന്നതായിരുന്നു അദ്ദേഹത്തിന്റെ കഴിവുകളെന്നു തോന്നുന്നു. മകളുടെ ബാല്യം കഴിയും മുമ്പേ (അവൾക്കദ്ദേഹം ഒരു ചെറിയ പൂന്തോട്ടം ചെയ്തുകൊടുക്കുകകൂടിച്ചെയ്തിരുന്നു) കവി കുടുംബമുപേക്ഷിച്ചുപോയി. ഏകാകിനിയായ തന്റെ കൊച്ചുമകൾ തോട്ടത്തിലെ കിളികളോടും പൂക്കളോടും സ്വകാര്യസംഭാഷണത്തിൽ മുഴുകി നടക്കുന്നത് അവളുടെ സുന്ദരിയായ അമ്മ ഓർമ്മിക്കുന്നു. പുരാവൃത്തത്തിന്റെ ഒരു പാഠാന്തരത്തിൽ അവളെ സ്കൂളിൽ നിന്നു പുറത്താക്കുന്നുണ്ട്. മന്ദബുദ്ധിയായ അവളെ പഠിപ്പിക്കാൻ എന്തിനു സമയം പാഴാക്കണമെന്ന് അദ്ധ്യാപകർ ചിന്തിച്ചിരിക്കാം. എന്നാൽ അവൾ തന്റേതായ രീതികളിലൂടെ സ്വയം പഠിപ്പിച്ചു; കാന്റെറായിലെ ചെറിയ സ്കൂളിൽ അദ്ധ്യാപികയാവുന്നിടത്തോളം അവൾ വിദ്യാഭ്യാസം ചെയ്തു. അവിടെ വച്ച്, ഇരുപതാമത്തെ വയസ്സിൽ, അവളുടെ ഭാഗധേയം സഫലമായി; എന്നുപറഞ്ഞാൽ, ഒരു റെയിൽവേ ജോലിക്കാരനും അവൾക്കുമിടയിൽ ഒരു തീവ്രപ്രണയം ഉടലെടുത്തു.

അവരുടെ കഥ നമുക്കു കാര്യമായിട്ടറിയില്ല. അയാൾ അവളെ വഞ്ചിച്ചു എന്നുമാത്രം നമുക്കറിയാം. 1909 നവംബറിൽ ഒരു ദിവസം അയാൾ സ്വന്തം തലയ്ക്കു നിറയൊഴിച്ചു. ആ യുവതി അനുഭവിച്ച കൊടുംതാപം അതിരറ്റതായിരുന്നു. ഇങ്ങനെയൊന്നു സംഭവിക്കാൻ വരുതി കൊടുത്ത ദൈവത്തിനു നേരേ അവൾ ഇയ്യോബിനെപ്പോലെ തന്റെ വിലാപമുയർത്തി. ചിലിയിലെ വന്ധ്യവും ഊഷരവുമായ മലകൾക്കടിയിലെ പാഴടഞ്ഞ താഴ്വാരത്തു നിന്ന് ഒരു ശബ്ദമുയർന്നു; അങ്ങകലെയുള്ള മനുഷ്യർ അതു കേട്ടു. നിത്യജീവിതത്തിൽ സംഭവിക്കുന്ന ഒരു സാധാരണദുരന്തം അതിന്റെ സ്വകാര്യത നഷ്ടപ്പെട്ട് ലോകസാഹിത്യത്തിലേക്കു പ്രവേശിച്ചു. ലൂസില ഗൊദോയ് വൈ അൽക്കായെഗ ഗബ്രിയേല മിസ്ത്രൽ ആയി. നാട്ടുമ്പുറത്തെ ഒരു സ്കൂളദ്ധ്യാപിക ലാറ്റിനമേരിക്കയുടെ ആത്മീയരാജ്ഞിയായി.
(ഗബ്രിയേല മിസ്ത്രലിന്‌ നൊബേൽസമ്മാനം സമർപ്പിക്കുന്നതിന്‌ 1945 നവംബർ 10നു സംഘടിപ്പിച്ച ചടങ്ങിൽ അവരെ സ്വാഗതം ചെയ്തുകൊണ്ട് സ്വീഡിഷ് അക്കാദമി അംഗമായ ഹ്ജാമെൽ ഗുല്ബർഗ് ചെയ്ത പ്രസംഗത്തിൽ നിന്ന്.)