2024, ഏപ്രിൽ 26, വെള്ളിയാഴ്‌ച

റോബർട്ട് വാൾസർ - എന്റെ നാടിന്‌

 

ഞാനിരുന്നു മനോരാജ്യം കാണുന്ന കുഞ്ഞുമുറിക്കുള്ളിലേക്ക് ഒരു കുഞ്ഞുദ്വാരത്തിലൂടെ സൂര്യപ്രകാശം കടന്നുവരുന്നു. എന്റെ ജന്മദേശത്തെ മണികൾ മുഴങ്ങുന്നു. ഇന്ന് ഞായറാഴ്ചയാണ്‌, ഞായറാഴ്ചത്തെ പ്രഭാതമാണ്‌, പ്രഭാതത്തിലെ കാറ്റു വീശുന്നുണ്ട്, അ കാറ്റിൽ എന്റെ വേവലാതികളെല്ലാം പറന്നുപോകുന്നുമുണ്ട്, കാതരരായ കിളികളെപ്പോലെ. ഒരു ദുഃഖത്തിലും അടയിരിക്കാൻ എന്നെ അനുവദിക്കാത്തവണ്ണം എന്റെ നാടിന്റെ ശ്രുതിമധുരമായ സാമീപ്യം ഞാനറിയുന്നുണ്ട്. പോയ കാലത്ത് ഞാൻ തേങ്ങിക്കരഞ്ഞിരുന്നു. എന്റെ ജന്മദേശത്തു നിന്ന് അത്രയകലെയായിരുന്നു ഞാൻ; അത്രയധികം മലകൾ, തടാകങ്ങൾ, കാടുകൾ, പുഴകൾ, പാടങ്ങൾ എനിക്കും ഞാൻ സ്നേഹിക്കുന്ന, ഞാനാരാധിക്കുന്നവൾക്കുമിടയിലുണ്ടായിരുന്നു. ഈ പ്രഭാതത്തിൽ അവളെന്നെ പുണരുന്നു, അവളുടെയാ മദാലസാശ്ലേഷത്തിൽ ഞാനലിഞ്ഞുപോകുന്നു. ഒരു സ്ത്രീയ്ക്കുമില്ല, അത്രയും മാർദ്ദവവും അത്രയും പ്രതാപവുമുള്ള കൈകൾ; ഒരു സ്ത്രീയ്ക്കുമില്ല, അവളെത്ര സുന്ദരിയായിക്കോട്ടെ, അത്രയും നേർത്ത ചുണ്ടുകൾ; ഒരു സ്ത്രീയും, അവളെത്ര ഹൃദയാർദ്രയായാലും, എന്റെ ജന്മദേശം എന്നെ ചുംബിക്കുന്ന അനന്തതീക്ഷ്ണതയോടെ എന്നെ ചുംബിക്കില്ല. മണികൾ, മുഴക്കം, കാറ്റ്, കളിമ്പം, കാടുകൾ, ഗർജ്ജനം, നിറങ്ങൾ, തിളക്കം- എല്ലാമെല്ലാം എന്റെ ജന്മദേശത്തിന്റെ ഒരേയൊരു ചുംബനത്തിലടങ്ങിയിരിക്കുന്നു, എന്റെ ജന്മദേശത്തിന്റെ ഹൃദ്യവും മധുരവുമായ ചുംബനത്തിൽ; ഈ നിമിഷത്തിൽ എന്റെ ഭാഷയെ വശീകരിക്കുന്നതും അതാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല: