2017, മാർച്ച് 23, വ്യാഴാഴ്‌ച

മഹമൂദ് ദർവീഷ് - ഒരു പുഴ ദാഹിച്ചുമരിക്കുന്നു.



മഹമൂദ് ദർവീഷിന്റെ അവസാനത്തെ കവിതാസമാഹാരമാണ്‌ ‘ ഒരു പുഴ ദാഹിച്ചു മരിക്കുന്നു.’ മരിക്കുന്നതിന്‌ ആറു മാസം മുമ്പാണ്‌ ഈ പുസ്തകം അറബിയിൽ പ്രസിദ്ധീകരിക്കുന്നത്. ഒരു ഡയറിയുടെ സ്വഭാവത്തിലുള്ള ഈ സമാഹാരത്തിൽ ഡയറിക്കുറിപ്പുകളുണ്ട്, ഗദ്യകവിതകളുണ്ട്, കവിതാശകലങ്ങളുണ്ട്, പൂർണ്ണരൂപത്തിലെത്താത്ത ആശയങ്ങളുണ്ട്, ഉജ്ജ്വലമായ ചിന്തകളും രൂപഭദ്രത തികഞ്ഞ കവിതകളുമുണ്ട്. നിത്യതയിൽ തന്റെ ഇടം ഉറപ്പാക്കിയ ഒരു കവിയുടെ  അന്തിമരചനകളാണിവ.


ഒരു പുഴ ദാഹിച്ചുമരിക്കുന്നു


ഇവിടെയൊരു പുഴയുണ്ടായിരുന്നു
പുഴയ്ക്കു രണ്ടു കരകളുണ്ടായിരുന്നു
മേഘത്തുള്ളികൾ കൊണ്ടതിനെ ഊട്ടാൻ
മാനത്തൊരമ്മയുമുണ്ടായിരുന്നു.
അലസമായൊഴുകുന്ന ഒരു കൊച്ചുപുഴ,
മലമുടികളിൽ നിന്നോടിയിറങ്ങിയ പുഴ,
ജീവസ്സുറ്റൊരതിഥിയെപ്പോലെ
ഗ്രാമങ്ങളും കൂടാരങ്ങളും കയറിയിറങ്ങിയ പുഴ,
അരളിമരങ്ങളും ഈന്തപ്പനകളും
താഴ്വരയിലേക്കു കൊണ്ടുവന്ന പുഴ,
തന്റെ തടങ്ങളിൽ രാത്രികൾ കൊണ്ടാടിയവരോട്
ചിരിച്ചും കൊണ്ടതു പറഞ്ഞിരുന്നു:
‘മേഘങ്ങൾ ചുരത്തുന്ന പാലു കുടിക്കൂ,
കുതിരകൾക്കു വെള്ളം കൊടുക്കൂ,
പിന്നെ ജറുസലേമിലേക്കോ ദമാസ്കസിലേക്കോ കുതിക്കൂ.‘
ചിലനേരമതു വീരഗാഥകൾ പാടി,
മറ്റുചില നേരങ്ങളിൽ വികാരം കൊണ്ടു പാടി.
രണ്ടു കരകളുള്ള പുഴ,
മേഘത്തുള്ളികൾ കൊണ്ടൂട്ടിവളർത്താൻ
മാനത്തൊരമ്മയുള്ള പുഴ.
ആ അമ്മയെപ്പക്ഷേ അവര്‍ തട്ടിക്കൊണ്ടുപോയി,
അങ്ങനെയതു വരണ്ടു,
പിന്നെയതു മരിച്ചു,
ദാഹിച്ചുദാഹിച്ചു മരിച്ചു.


ശിഷ്ടജീവിതം


ഒരാളെന്നോടു ചോദിച്ചുവെന്നിരിക്കട്ടെ:
‘ഇന്നു വൈകുന്നേരം നിങ്ങള്‍ മരിക്കാന്‍ പോവുകയാണെന്നു വയ്ക്കൂ,
ശേഷിച്ച നേരം കൊണ്ടു നിങ്ങളെന്തു ചെയ്യും?’
അതിനു മറുപടിയായി ഞാനിങ്ങനെ പറയും:
‘ഞാനെന്റെ വാച്ചു നോക്കും
ഒരു ഗ്ളാസ് പഴച്ചാറു മോന്തും
ഒരാപ്പിൾ കറുമുറാ കടിച്ചുതിന്നും
തന്റെ നിത്യാന്നം കണ്ടെത്തിയ ഒരുറുമ്പിനെ
ദീർഘനേരം നിരീക്ഷിച്ചിരിക്കും
പിന്നെ ഞാൻ വാച്ചു നോക്കും:
സമയം പിന്നെയും കിടക്കുന്നു
ഷേവു ചെയ്യാൻ
വിസ്തരിച്ചൊരു കുളി കഴിക്കാൻ.
എനിക്കൊരു ചിന്ത പോകും:
നല്ല വേഷത്തിലിരുന്നു വേണമെഴുതാൻ
അങ്ങനെ ഞാൻ നല്ലൊരു നീലഷർട്ടെടുത്തിടും
ഉച്ച വരെ മേശക്കു മുന്നിൽ ഞാൻ വ്യാപൃതനാവും
വാക്കുകളിൽ നിറമെന്നതേ ഞാൻ കാണില്ല
ഒക്കെ വെള്ള, വെള്ള, വെള്ള

ഞാനെന്റെ അവസാനത്തെ ആഹാരം തയ്യാറാക്കും
രണ്ടു ഗ്ളാസുകളിലേക്കു വീഞ്ഞു പകരും:
ഒന്നെനിക്ക്
ഓർക്കാതെ കയറിവരുന്നൊരു വിരുന്നുകാരനു മറ്റേത്
പിന്നെ ഞാൻ രണ്ടു സ്വപ്നങ്ങൾക്കിടയിൽ കിടന്നൊന്നു മയങ്ങും
പക്ഷേ സ്വന്തം കൂർക്കംവലി കേട്ടുതന്നെ ഞാനുണരും
പിന്നെ ഞാൻ വാച്ചു നോക്കും
വായിക്കാനുള്ള സമയമുണ്ട്
ദാന്തേയുടെ ഒരു സർഗ്ഗവും
ഒരു ബദൂയിൻ കവിതയുടെ പാതിയും ഞാൻ വായിക്കും
പിന്നെ എന്റെ ജീവൻ എന്നിൽ നിന്നിറങ്ങിപ്പോകുന്നതും
അന്യരിൽ ചെന്നുചേരുന്നതും ഞാൻ നോക്കിയിരിക്കും,
അതാരെന്നു ഞാൻ കാര്യമാക്കുകയുമില്ല.’
‘ഇങ്ങനെ തന്നെയായിരിക്കും?’
‘ഇങ്ങനെ തന്നെയായിരിക്കും.’
‘പിന്നെയെന്തുണ്ടാവും?’
‘പിന്നെ ഞാൻ മുടി കോതും
ഈ കവിത, ഈ കവിതയെടുത്തു കുപ്പത്തൊട്ടിയിലേക്കെറിയും
ഇറ്റലിയിൽ നിന്നു വരുത്തിയ ഏറ്റവും പുതിയ ഷർട്ടെടുത്തിടും
സ്പാനിഷ് വയലിനുകളുടെ പിന്നണിസംഗീതത്തോടെ

എന്നോടു ഞാനന്ത്യയാത്ര പറയും
പിന്നെ ഞാന്‍
ശ്മശാനത്തിലേക്കു
നടക്കും!’


ഉദാസീനൻ


ഒന്നുമയാൾ കാര്യമാക്കില്ല.
വീട്ടിലേക്കുള്ള വെള്ളം മുടക്കിയാൽ അയാൾ പറയും:
‘അതിനെന്താ! മഞ്ഞുകാലം വരാറായല്ലോ!’
ഒരു മണിക്കൂർ കറണ്ടു കൊടുത്തില്ലെങ്കിൽ അയാൾ കോട്ടുവായിടും:
‘അതിനെന്താ, പകൽവെളിച്ചം തന്നെ ധാരാളം!’
ശമ്പളം കുറയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയാൽ പറയും:
‘അതിനെന്താ! ഒരു മാസത്തേക്കു ഞാൻ
കള്ളും പുകയും വേണ്ടെന്നു വയ്ക്കും.’
അയാളെ ജയിലിലടച്ചാൽ പറയും:
‘അതിനെന്താ, ഓർമ്മകളുടെ കൂട്ടുമായി
കുറച്ചുനേരം ഞാനൊറ്റയ്ക്കിരിക്കട്ടെ.’
ഇനി വീട്ടിൽ കൊണ്ടു വിട്ടാൽ പറയും:
‘അതിനെന്താ, ഇതെന്റെ വീടാണല്ലോ!’

ദേഷ്യം വന്നിട്ട് ഒരിക്കൽ ഞാൻ അയാളോടു ചോദിച്ചു:
‘നാളെ താൻ എങ്ങനെ ജീവിക്കും?’
അയാൾ പറഞ്ഞു:‘ നാളെ എന്റെ പ്രശ്നമേയല്ല.
എന്നെ വശീകരിക്കുന്ന ആശയമല്ലത്.
ഞാൻ ഞാനല്ലാതെയാരാവാൻ:
ഒന്നു കൊണ്ടും ഞാൻ മാറില്ല,
ആരെയും ഞാൻ മാറ്റുകയുമില്ല;
അതിനാൽ എനിക്കു വെയിലു വിലക്കാതെ ഒന്നു മാറിനിന്നാട്ടെ.’
ഞാൻ പറഞ്ഞു: ‘ഞാൻ മഹാനായ അലക്സാൻഡറല്ല,
ഡയോജനിസുമല്ല.’
അപ്പോളയാൾ പറഞ്ഞു: ‘ഉദാസീനത ഒരു തത്ത്വശാസ്ത്രമാണ്‌,
പ്രത്യാശയുടെ ഒരു വശമാണത്.‘


കുട്ടികൾ മരങ്ങളായിരുന്നെങ്കിൽ


മരം മരത്തിനു സഹോദരിയാണ്, അല്ലെങ്കിൽ അതിന്റെ നല്ല അയല്ക്കാരി. വന്മരം ചെറുമരത്തോടു കരുണ കാണിക്കും, വേണ്ടുമ്പോളതിനു തണലു നല്കും. ഉയരമുള്ള മരം ഉയരം കുറഞ്ഞതിനോടു കരുണ കാണിക്കും, രാത്രിയിൽ കൂട്ടിരിക്കാനായി അതൊരു കിളിയെ അയക്കുന്നു. ഒരു മരവും മറ്റൊരു മരത്തിന്റെ ഫലത്തെ ആക്രമിക്കാറില്ല; ഒരു മരം കായ്ച്ചില്ലെങ്കിൽ മറ്റു മരങ്ങൾ അതിനെ കളിയാക്കാറുമില്ല. ഒരു മരവും മറ്റൊരു മരത്തെ ആക്രമിക്കാറില്ല, മരംവെട്ടിയെ അനുകരിക്കാറില്ല. മരം തോണിയാകുമ്പോൾ അതു നീന്താൻ പഠിക്കുന്നു. അതു വാതിലാകുമ്പോൾ രഹസ്യങ്ങൾ സൂക്ഷിക്കുന്നു. അതു കസേരയാകുമ്പോൾ ഒരിക്കൽ തനിക്കു മേലുണ്ടായിരുന്ന ആകാശത്തെ അതു മറക്കുന്നില്ല. മേശയാകുമ്പോൾ മരംവെട്ടിയാകരുതെന്ന് കവിയെ അതുപദേശിക്കുന്നു. മരം ക്ഷമയാണ്‌, ജാഗ്രതയാണ്‌. അതുറങ്ങാറില്ല, സ്വപ്നം കാണാറുമില്ല; സ്വപ്നം കാണുന്നവരുടെ രഹസ്യങ്ങൾ സൂക്ഷിച്ചുവയ്ക്കുകയാണത്, വഴി നടക്കുന്നവരോടും ആകാശത്തോടും ബഹുമാനം കാണിച്ചുകൊണ്ട് രാവും പകലും കാവൽ നില്ക്കുകയാണത്. മുകളിലേക്കു കൈ കൂപ്പിക്കൊണ്ടൊരു പ്രാർത്ഥനയാണു മരം. കൊടുങ്കാറ്റത്തതൊന്നു കുനിയുമ്പോൾ കുലീനമായിട്ടാണതു കുനിയുന്നത്, ഉയരത്തിലേക്കുള്ള നോട്ടം വിടാതെ,  ഒരു കന്യാസ്ത്രീയെപ്പോലെ. പണ്ടൊരു കവി പറഞ്ഞു: “കുട്ടികൾ ശിലകളായിരുന്നെങ്കിൽ.” അദ്ദേഹം പറയേണ്ടതിങ്ങനെയായിരുന്നു: “കുട്ടികൾ മരങ്ങളായിരുന്നെങ്കിൽ!”

 


ജീവിതം, ഒരു തുള്ളി വയ്ക്കാതെ


ഒരാൾ പിന്നെയും എന്നോടിങ്ങനെ ചോദിച്ചുവെന്നിരിക്കട്ടെ:“നിങ്ങൾ നാളെ മരിക്കുമെന്നു വയ്ക്കൂ, എങ്കിൽ നിങ്ങൾ എന്തു ചെയ്യും?” അതിനു മറുപടി പറയാൻ എനിക്കേറെ നേരമൊന്നും വേണ്ട. ഉറക്കം വന്നാൽ ഞാനുറങ്ങും. ദാഹം തോന്നിയാൽ എന്തെങ്കിലും കുടിക്കും. എഴുതുന്ന നേരമാണെങ്കിൽ അപ്പോഴെഴുതുന്നതിനെ എനിക്കിഷ്ടമായെന്നും ചോദ്യം ഞാനവഗണിച്ചുവെന്നും വരും. ആഹാരത്തിന്റെ നേരമാണെങ്കിൽ ഇറച്ചി പൊരിച്ചതിന്റെ കൂടെ അല്പം കടുകും കുരുമുളകും കൂട്ടിയെന്നു വരാം. ഷേവു ചെയ്യുകയാണെങ്കിൽ കാതൊന്നു മുറിഞ്ഞുവെന്നുമാവാം. കാമുകിയെ ചുംബിക്കുകയാണെങ്കിൽ അത്തിപ്പഴങ്ങൾ പോലവളുടെ ചുണ്ടുകൾ ഞാൻ ആർത്തിയോടെ കവരും. വായിക്കുകയാണെങ്കിൽ ചില താളുകൾ ഞാൻ തള്ളിവിടും. ഉള്ളി തൊലിക്കുകയാണെങ്കിൽ കണ്ണു നനഞ്ഞേക്കാം. നടക്കുകയാണെങ്കിൽ നടത്തയുടെ വേഗത ഞാനൊന്നു കുറച്ചുവെന്നു വരാം. നാളെ ഞാനുണ്ടെങ്കിൽ, ഇന്നത്തെപ്പോലെ, ഇല്ലാതാവുന്നതിനെക്കുറിച്ചു ഞാൻ ചിന്തിക്കുകയില്ല. ഇനി, ഞാനില്ലെങ്കിൽ ആ ചോദ്യം എന്നെ ബാധിക്കുകയുമില്ല. മൊസാർട്ടിന്റെ സംഗീതം കേൾക്കുകയാണെങ്കിൽ ഞാൻ മാലാഖമാരുടെ ദേശത്തായിരിക്കും. ഉറക്കമാണെങ്കിൽ ഞാൻ ആ ഉറക്കം തുടരുകയും ഗാർഡേനിയാപ്പൂക്കളെക്കുറിച്ചു സുന്ദരസ്വപ്നങ്ങൾ കാണുകയും ചെയ്യും. ചിരിക്കുകയാണെങ്കിൽ ആ വാർത്തയോടുള്ള ആദരസൂചകമായി ഞാൻ ചിരി പാതിക്കു വച്ചു നിർത്തിയെന്നും വരാം. ഇതല്ലാതെ ഞാനെന്തു ചെയ്യാൻ, ഒരു വിഡ്ഡിയെക്കാൾ ധൈര്യവാനും ഹെർക്കുലീസിനെക്കാൾ ബലവാനുമാണു ഞാനെങ്കിൽക്കൂടി?

 


ഞാനൊരു വേട്ടക്കാരനായിരുന്നെങ്കിൽ


ഞാനൊരു വേട്ടക്കാരനായിരുന്നെങ്കിൽ
മാൻപേടയ്ക്കു ഞാനൊരവസരം കൊടുത്തേനെ,
അതിനു കിടന്നുറങ്ങാൻ
രണ്ടാമതും മൂന്നാമതും പിന്നെ പത്താമതും.
മയങ്ങുമ്പോളവൾക്കു കിട്ടുന്ന മനസ്സമാധാനത്തിന്റെ
ഒരോഹരി കൊണ്ട്
ഞാൻ തൃപ്തനായേനേ.
കഴിവുണ്ടെങ്കിലും
വേണ്ടെന്നു വയ്ക്കുകയാണു ഞാൻ.
നിർമ്മലനാണു ഞാൻ
അവൾ മറഞ്ഞിരിക്കുന്നിടത്തെ
നീരുറവ പോലെ.

ഞാനൊരു വേട്ടക്കാരനായിരുന്നെങ്കിൽ
മാൻപേടയ്ക്കു ഞാനൊരാങ്ങളയായേനെ.
‘തോക്കിനെ ഭയക്കരുതേ
എന്റെ പാവം കുഞ്ഞുപെങ്ങളേ.’
അകലെയുള്ള പാടങ്ങളിൽ
ചെന്നായ്ക്കൾ ഓരിയിടുന്നതു കാതോർത്ത്
പിന്നെ ഞങ്ങൾ നില്ക്കും,
സുരക്ഷിതരായി, ശാന്തചിത്തരായി.


ഒരു ഗദ്യകവിത പോലെ


കുന്നുകളിൽ വേനല്ക്കാലത്തിന്റെ ഒടുവുകാലം ഒരു ഗദ്യകവിത പോലെയാണ്‌. എന്റെ ഉടലു തൊടുന്നൊരു സൌമ്യതാളമാണു തെന്നലെങ്കിലും തലയെടുപ്പില്ലാത്ത മരങ്ങളിൽ എനിക്കതു കാതില്പെടുന്നില്ല. മഞ്ഞ പടർന്ന ചില്ലകൾ പ്രതീകങ്ങൾ കൊഴിക്കുന്നു, വാചാലത നയശാലികളായ ക്രിയകളെക്കൊണ്ട് ഉപമകളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. ഈ മലമ്പാതകളിൽ ആകെയുള്ളൊരാഘോഷം പ്രസരിപ്പുള്ള കുരുവികളുടെ വകയാണ്‌: അർത്ഥത്തിനും അർത്ഥശൂന്യതയ്ക്കുമിടയിൽ അവ തത്തിക്കളിക്കുന്നു. അത്തികളും മുന്തിരികളും മാതളങ്ങളും വിളയുന്ന കാലം വരെ, മറവിയിൽപ്പെട്ട തൃഷ്ണകളെ പുതുമഴ വിളിച്ചുണർത്തുന്ന കാലം വരെ ആഭരണങ്ങളഴിച്ചുവയ്ക്കുന്നൊരുടലാണു പ്രകൃതി. “എന്തെന്നെനിക്കറിയാത്തൊരു കാരണത്താൽ കവിത എനിക്കു വേണ്ടപ്പെട്ടതായതുകൊണ്ടാണ്‌, ഇല്ലെങ്കിൽ എനിക്കൊന്നിന്റെയും ആവശ്യം വരുമായിരുന്നില്ല,” കവി പറയുന്നു; പഴയ ഉത്സാഹമില്ലാത്തതിനാൽ പഴയ പോലെ അയാൾ പിശകുകളും വരുത്തുന്നില്ല. അയാൾ നടക്കുന്നുവെങ്കിൽ ഡോക്ടർമാർ അതു ശുപാർശ ചെയ്തതു കൊണ്ടാണ്‌, പ്രത്യേകിച്ചെവിടെയ്ക്കുമല്ലാതെയാണ്‌, ആരോഗ്യത്തിനു ഹിതകരമായ ഒരുതരം ഉദാസീനത ഹൃദയത്തെ പരിശീലിപ്പിക്കാൻ വേണ്ടിയാണ്‌. അയാളുടെ മനസ്സിൽ എന്തെങ്കിലും ഒരാശയം വരുന്നുവെങ്കിൽ അതൊരു ദാക്ഷിണ്യം പോലെ അയാൾക്കു വീണുകിട്ടുന്നതു മാത്രമാണ്‌. വേനൽ അപൂർവ്വമായേ കവിതയ്ക്കു വഴങ്ങാറുള്ളു. വേനൽ ഒരു ഗദ്യകവിതയാണ്‌; അങ്ങു മുകളിൽ വട്ടം ചുറ്റിപ്പറക്കുന്ന കഴുകന്മാരിൽ അതിനൊരു താല്പര്യവുമില്ല.

 


വധം


നിരൂപകന്മാർ ചിലനേരമെന്നെ കൊന്നുകളയുന്നു:
അവർക്കു വേണ്ടത് ഇന്ന തരത്തിലൊരു കവിത
ഇന്ന തരത്തിലൊരു രൂപകവും
ഒരിടറോഡിലേക്കൊന്നു ഞാൻ തെന്നിയാൽ
അവർ പറയുകയായി:
‘അയാൾ പാതയെ വഞ്ചിച്ചു.’
ഒരു പുല്ക്കൊടിയുടെ വാചാലത ഞാൻ കണ്ടുപോയാൽ
അവർ പറയും:‘ ഓക്കുമരത്തിന്റെ വേരുറപ്പയാൾ വേണ്ടെന്നു വച്ചല്ലോ.’
വസന്തകാലത്തു പനിനീർപ്പൂവിനെ ഞാൻ മഞ്ഞയായിക്കണ്ടുവെന്നിരിക്കട്ടെ,
അവർ ചോദിക്കും:‘എവിടെ, അതിന്റെ ഇതളുകളിൽ പെറ്റനാടിന്റെ ചോരത്തുള്ളികൾ?’
ഞാൻ ഇങ്ങനെയൊന്നെഴുതിപ്പോയാൽ:
‘ഉദ്യാനത്തിന്റെ പടി കയറി ആ വരുന്നതെന്റെ കുഞ്ഞനിയത്തി, പൂമ്പാറ്റ’
അവരുടനേ ഒരു കരണ്ടിയെടുത്തതിളക്കിനോക്കും, അർത്ഥമെന്താണെന്നറിയാൻ.
‘അമ്മയെന്നും അമ്മ തന്നെ,
തന്റെ കുഞ്ഞിനെ കാണാതായാൽ അവർ വാടിത്തളരും,
ഉണക്കച്ചുള്ളി പോലെ വരണ്ടുണങ്ങും’
എന്നു ഞാനൊന്നു പതുക്കെപ്പറഞ്ഞാൽ അവർ പറയും:
‘ആഹ്ളാദം കൊണ്ടു പാടുകയാണവർ,
അവന്റെ ശവമടക്കത്തിൽ നൃത്തം വയ്ക്കുകയാണവർ,
അവന്റെ ശവമടക്കം അവർക്കവന്റെ വിവാഹമത്രെ.’

കാണാത്തതിനെ കാണാനായി
മാനത്തേക്കു ഞാനൊന്നു കണ്ണുയർത്തിയാൽ അവർ പറയും:
‘കവിത അതിന്റെ ലക്ഷ്യങ്ങളിൽ നിന്നു വ്യതിചലിച്ചുപോയിരിക്കുന്നു.’

നിരൂപകന്മാർ ചിലനേരമെന്നെ കൊന്നുകളയുന്നു,
അവരുടെ വായനയിൽ നിന്നു ഞാൻ രക്ഷ തേടിയോടുന്നു,
അവരുടെ തെറ്റിദ്ധാരണയ്ക്കു നന്ദി പറഞ്ഞുകൊണ്ട്
ഞാനെന്റെ പുതിയ കവിതയെ തേടിപ്പോവുകയും ചെയ്യുന്നു.


നിശബ്ദതയുടെ ഗർജ്ജനം


നിശബ്ദതയ്ക്കു ഞാൻ കാതു കൊടുക്കുന്നു. നിശബ്ദത എന്നൊരു വസ്തുവുണ്ടോ? നാം അതിന്റെ പേരു മറക്കുകയും എന്താണതിലുള്ളതെന്നതിനു ശ്രദ്ധയോടെ കാതു കൊടുക്കുകയും ചെയ്താൽ സ്ഥലരാശിയിലലയുന്ന കാറ്റുകളുടെ ശബ്ദവും ആദിമഗുഹകളിലേക്കു മടങ്ങുന്ന ഒച്ചകളും നമുക്കു കേൾക്കാറാകും. കാറ്റത്താവിയായി ലയിച്ച ശബ്ദമാണു നിശബ്ദത; പ്രപഞ്ചവിപുലമായ തണ്ണീർക്കുടങ്ങളിലിട്ടടച്ചു വച്ചിരിക്കുന്ന മാറ്റൊലികളായിച്ചിതറിയ ശബ്ദമാണത്. ശ്രദ്ധയോടെ കാതു കൊടുത്താൽ നമുക്കു കേൾക്കാറാകും, ദൈവത്തിന്റെ ഉദ്യാനത്തിൽ ഒരു കല്ലിന്മേൽ ആപ്പിൾ വന്നുവീഴുന്ന ചതഞ്ഞ ശബ്ദം, സ്വന്തം ചോര ആദ്യമായി കണ്ട ആബേലിന്റെ ഭയന്ന നിലവിളി, തങ്ങൾ എന്താണു ചെയ്യുന്നതെന്നറിയാത്ത ഒരാണിനും പെണ്ണിനുമിടയിലെ തൃഷ്ണയുടെ ആദിമരോദനങ്ങൾ. തിമിംഗലത്തിന്റെ ഉദരത്തിലിരുന്നുള്ള യോനായുടെ ചിന്തകളും ആദിദേവതകൾ തമ്മിലുള്ള രഹസ്യസംഭാഷണങ്ങളും നമുക്കു കേൾക്കാം. നിശബ്ദതയുടെ മൂടുപടത്തിനു പിന്നിലെന്താണുള്ളതെന്നതിനു നാം ശ്രദ്ധയോടെ കാതു കൊടുത്താൽ നമുക്കു കേൾക്കാറാകും, പ്രവാചകന്മാരും ഭാര്യമാരും തമ്മിലുള്ള രാത്രിസംഭാഷണങ്ങൾ, പ്രാക്തനകവിതയുടെ താളങ്ങൾ, സുഖങ്ങൾ മടുത്ത സിബറൈറ്റുകളുടെ പരാതികൾ, ഏതെന്നറിയാത്തൊരു സ്ഥലത്തും കാലത്തും നടന്ന ഒരു പടയുടെ കുളമ്പടിശബ്ദങ്ങൾ, വിഷയാസക്തി എന്ന പാവനാനുഷ്ഠാനത്തിന്റെ പിന്നണിസംഗീതം, തന്റെ സ്നേഹിതനായ എങ്കിഡുവിനെച്ചൊല്ലി ഗിൽഗമേഷിന്റെ കണ്ണീർത്തുള്ളികൾ, ഗോത്രസിംഹാസനമേറ്റെടുക്കാനായി മരങ്ങൾക്കിടയിൽ നിന്നു പുറത്തു ചാടുമ്പോൾ വാനരന്റെ സംഭ്രാന്തികൾ, സാറായും ഹഗാറും പരസ്പരം ചൊരിഞ്ഞ അധിക്ഷേപങ്ങളും. നിശബ്ദതയുടെ ശബ്ദത്തിനു ശ്രദ്ധയോടെ കാതു കൊടുത്താൽ നാം ഇത്ര തന്നെ സംസാരിക്കുകയുമില്ല.


ആബേൽ- ഭ്രാതൃഹത്യയുടെ ആദ്യത്തെ ഇര
യോന- മൂന്നു രാപകലുകൾ ഒരു തിമിംഗലത്തിന്റെ വയറ്റിൽ കഴിച്ച പഴയനിയമത്തിലെ പ്രവാചകൻ
സിബറൈറ്റുകൾ- സിബറിസ് എന്ന പ്രാചീന ഗ്രീക്കുനഗരത്തിലെ സുഖലോലുപരായ നിവാസികൾ
ഗിൽഗമേഷ്, എങ്കിഡു- സുമേറിയൻ ഇതിഹാസകഥാപാത്രങ്ങൾ
സാറാ, ഹഗാർ- പഴയ നിയമത്തിൽ അബ്രഹാമിന്റെ ഭാര്യയും വേലക്കാരിയും


എന്റെ ഭാവന...വിശ്വസ്തനായ വേട്ടനായ


സൌമ്യമായ ഒരു ചാറ്റമഴയിൽ ചെറുതായി നനഞ്ഞുകൊണ്ട് വിശേഷിച്ചെവിടെക്കുമല്ലാതെ നടന്നുപോകുമ്പോഴാണ്‌ ന്യൂട്ടന്റെ ആപ്പിളിനോട് ഒരു സാദൃശ്യവുമില്ലാത്ത ഒരാപ്പിൾ മേഘങ്ങളിൽ നിന്ന് എന്റെ മേൽ വന്നു വീഴുന്നത്. അതെടുക്കാൻ കൈ എത്തിക്കുമ്പോൾ എനിക്കതു തൊടാനോ കാണാനോ പറ്റിയില്ല. ഞാൻ മേഘങ്ങളെ സൂക്ഷിച്ചുനോക്കി; മേല്ക്കൂരകളിൽ കുത്തിയിരിക്കുന്ന ജലസംഭരണികളിൽ നിന്നകലേക്ക് വടക്കോട്ടു കാറ്റടിച്ചുപായിക്കുന്ന പഞ്ഞിക്കെട്ടുകൾ ഞാൻ കണ്ടു. താറിട്ട റോഡിലേക്കു കുത്തിയൊലിക്കുന്ന വെളിച്ചം ആളുകളുടെയും വണ്ടികളുടെയും അഭാവത്തിൽ ഇളിച്ചുകൊണ്ടൊഴുകിപ്പരന്നിരുന്നു; എന്റെ തട്ടിത്തടഞ്ഞുള്ള പുരോഗതി കണ്ടു കളിയാക്കിച്ചിരിക്കുകയാണതെന്നും തോന്നി. എനിക്കു മേൽ വന്നുവീണ ആ ആപ്പിൾ എവിടെപ്പോയി? ഞാനത്ഭുതപ്പെട്ടു. എന്റെ നിയന്ത്രണത്തിലല്ലാത്ത എന്റെ ഭാവന അതും തട്ടിയെടുത്തുകൊണ്ടോടിപ്പോയതാവാം. ഞാൻ പറഞ്ഞു: ‘അടുത്തടുത്ത മുറികളിൽ ഞങ്ങൾ ഒരുമിച്ചു താമസിക്കുന്ന വീട്ടിലേക്ക് അതിന്റെ പിന്നാലെ ഞാൻ പോകുന്നു.’ അവിടെ മേശപ്പുറത്ത് ഒരു ഷീറ്റു കടലാസ്സിൽ പച്ചമഷിയിൽ ഇങ്ങനെ ഒരു വരി എഴുതിവച്ചിരിക്കുന്നതു ഞാൻ കണ്ടു: ‘മേഘങ്ങളിൽ നിന്ന് ഒരാപ്പിൾ എന്റെ മേൽ വീണു;’ എന്റെ ഭാവന വിശ്വസ്തനായ ഒരു വേട്ടനായ ആണെന്നും ഞാനറിഞ്ഞു.

 


മർമ്മരം


മറഞ്ഞുകിടക്കുന്നൊരു പ്രചോദനത്തിന്റെ വിളി കേൾക്കുന്നൊരാളെപ്പോലെ വേനൽമരങ്ങളിൽ ഇലകളുടെ മർമ്മരശബ്ദത്തിനു ഞാൻ കാതു കൊടുക്കുന്നു...നിദ്രയുടെ അധിത്യകകളിൽ നിന്നിറങ്ങിവരുന്ന കാതരവും സൌമ്യവുമായ ഒരു ശബ്ദം...ഒരുൾനാട്ടുപാടത്തെ ഗോതമ്പു മണക്കുന്ന നേർത്ത ശബ്ദം...ഇളംതെന്നലിന്റെ അലസമായ തന്ത്രികൾ വായിക്കുന്ന നാതിദീർഘമായ മനോധർമ്മസംഗീതത്തിന്റെ ശകലിതശബ്ദം. വേനലിൽ ഇലകൾ മന്ത്രിക്കുന്നത് ഒതുക്കത്തോടെയാണ്‌, പേരു പറഞ്ഞുവിളിക്കുന്നത് സങ്കോചത്തോടെയാണ്‌, എന്നെ മാത്രമാണെന്നപോലെ; പ്രാരബ്ധങ്ങളുടെ നടുവിൽ നിന്ന് സൌമ്യദീപ്തി നിറഞ്ഞൊരിടത്തേക്ക് ആരും കാണാതെ എന്നെ വിളിച്ചിറക്കിക്കൊണ്ടു പോവുകയാണത്. അവിടെ, കുന്നുകൾക്കു പിന്നിൽ, ഭാവനയ്ക്കുമപ്പുറം, ദൃശ്യവും അദൃശ്യവും ഒന്നു മറ്റൊന്നാകുന്ന അവിടെ, സൂര്യന്റേതല്ലാത്ത ഒരു വെളിച്ചത്തിൽ ഞാൻ എന്റെ ഉടലിനു വെളിയിലൊഴുകിനടക്കുന്നു. ഉണർച്ച പോലെ ഒരു മയക്കം കഴിഞ്ഞതില്പിന്നെ, അഥവാ, മയക്കം പോലെ ഒരുണർച്ച കഴിഞ്ഞതില്പിന്നെ മരങ്ങളുടെ മർമ്മരം ആശങ്കകളും ഭീതികളും കഴുകിക്കളഞ്ഞ് എന്നെ എനിക്കു വീണ്ടെടുത്തുതരുന്നു. ആ ശബ്ദത്തിന്റെ അർത്ഥമെന്താണെന്നു ഞാൻ ചോദിക്കുന്നതേയില്ല: ശൂന്യതയിൽ തന്റെ കൂടപ്പിറപ്പിനോടു രഹസ്യങ്ങൾ മന്ത്രിക്കുന്ന ഒരിലയാണോ, അതോ ഒരുച്ചമയക്കത്തിനു കൊതിക്കുന്ന ഇളംകാറ്റാണോ എന്നൊന്നും. വാക്കുകളില്ലാത്ത ഒരു ശബ്ദം എന്നെ പാടിയുറക്കുന്നു, എന്നെ കുഴച്ചെടുക്കുന്നു, എന്നെ മെനഞ്ഞെടുക്കുന്നു, അതിലുള്ളതോ അതിൽ നിന്നുള്ളതോ ആയ ഒരു വസ്തു കിനിയുന്ന പാത്രമായി, തന്നെ അറിയാന്‍ ഒരാളെത്തേടുന്ന ഒരനുഭൂതിയായി.

 


രണ്ടപരിചിതർ


അയാൾ മുകളിലേക്കു നോക്കുന്നു
ഒരു നക്ഷത്രം തന്നെ നോക്കുന്നത്
അയാൾ കാണുന്നു

അയാൾ താഴ്വാരത്തേക്കു നോക്കുന്നു
തന്റെ കുഴിമാടം തന്നെ നോക്കുന്നത്
അയാൾ കാണുന്നു

അയാൾ ഒരു സ്ത്രീയെ നോക്കുന്നു
തന്റെ യാതനയും ആനന്ദവുമായവളെ
അവൾ അയാളെ നോക്കുന്നതുമില്ല

അയാൾ കണ്ണാടിയിൽ നോക്കുന്നു
തന്നെപ്പോലൊരപരിചിതൻ
തന്നെ നോക്കുന്നതയാൾ കാണുന്നു


വിവരണം


ഒരു സംഭവം പോലെ അവളെന്നെക്കടന്നുപോയി
ചുമലുകളിലോരോ പ്രാപ്പിടിയനുമായി
സുരതവേളയിലെന്നപോലുയർന്നുതാഴുന്ന നെഞ്ചിൽ
ഒന്നിനൊന്നിടയുന്ന വെണ്ണക്കല്ലിണയുമായി
അന്ധനും ദൃശ്യമായ മിന്നല്പിണറുകളെറ്റുന്ന കാൽമുട്ടുകളുമായി
വെൺകല്ലിൽ പടുത്ത ക്ഷേത്രസ്തംഭങ്ങൾ പോലിരുകാലുകളുമായി
രണ്ടു കുസൃതിക്കുരുവികളെപ്പോലിരുചുവടുകളുമായി
മണൽക്കാടു കീഴടക്കുന്ന സേനയുടെ വൈജയന്തി പോലെ
പിന്നിലേക്കൊഴുകിപ്പാറുന്ന മുടിയുമായി
തന്റെ ഇരകളിലേക്കവളുടെ കണ്ണുകൾ വീഴുന്നില്ല
അതിനാലാരുമവളുടെ കണ്ണുകൾ കാണുന്നുമില്ല
അതിനാലവളരിഞ്ഞുവീഴ്ത്തിയ പൂക്കളുടെ കഥ പറയാനുമാരുമില്ല
അവൾ, ഒരു സംഭവം പോലെ കടന്നുപോയ
ആ സ്ത്രീ-യക്ഷി-വിധി
ഞാൻ പക്ഷേ രക്ഷപ്പെട്ടു, എനിക്കൊരപായം പറ്റിയതുമില്ല
ഈ കവിതയിലെ വിവരണം ദുർബലമായെന്നല്ലാതെ.


ആദം കരുതിയ പോലെയല്ല


ആദം കരുതിയ പോലെയല്ല കാര്യം!

പാപമെന്നൊന്നുണ്ടായിരുന്നില്ലെങ്കിൽ
മണ്ണിലേക്കുള്ള പതനമുണ്ടായിരുന്നില്ലെങ്കിൽ
ദുരിതവും വേദനയുമറിഞ്ഞിരുന്നില്ലെങ്കിൽ
ഹവ്വായുടെ പ്രലോഭനമുണ്ടായിരുന്നില്ലെങ്കിൽ
ഒരു നഷ്ടസ്വർഗ്ഗത്തെക്കുറിച്ചുള്ള തേക്കമുണ്ടായിരുന്നില്ലെങ്കിൽ
കവിതയുണ്ടാവുകയില്ല
ഓർമ്മയുണ്ടാവുകയില്ല
നിത്യത സാന്ത്വനമാവുകയുമില്ല.


മഞ്ഞും വേനലും


ഋതുക്കളിവിടെ രണ്ടേയുള്ളു
വിദൂരമീനാരം പോലെ ദീർഘിച്ച ഒരു വേനല്ക്കാലം
മുട്ടു കുത്തി പ്രാർത്ഥിക്കുന്ന കന്യാസ്ത്രീയെപ്പോലെ ഒരു മഞ്ഞുകാലവും
വസന്തമാണെങ്കിൽ
ഉയിർപ്പുനാളിന്റെ വരവറിയിച്ചും കൊണ്ടതോടിപ്പോകുന്നു
ശരല്ക്കാലമാവട്ടെ
മടക്കയാത്രയിൽ എത്ര ജീവിതം നമുക്കു നഷ്ടപ്പെട്ടു
എന്നൊറ്റയ്ക്കിരുന്നോർക്കാനൊരിടം മാത്രം
‘നാം നമ്മുടെ ജീവിതത്തെ എവിടെ വിട്ടുപോന്നു?’
വിളക്കു ചുറ്റിപ്പറക്കുന്ന പൂമ്പാറ്റയോടു ഞാൻ ചോദിച്ചു
സ്വന്തം കണ്ണീരിലതെരിഞ്ഞുതീർന്നു.


സുന്ദരികളായ പെൺകുട്ടികളുടെ അയല്ക്കാരൻ


എന്നും ഒരേ വഴിയിലൂടെ ഒരേ നേരത്ത് അയാൾ നടക്കാനിറങ്ങുന്നു; അലസമായി സാന്ധ്യവായു നുകരാൻ ഒരവസരം കിട്ടുന്നതുകൊണ്ട് അയാൾ തൃപ്തനുമാണ്‌. ഒലീവ് മരങ്ങളുടെ എണ്ണം കാണെക്കാണെ കുറയുന്നതു കാണുമ്പോൾ അയാൾക്കു വിഷമം തോന്നുന്നുണ്ട്; കെട്ടിടങ്ങൾ, നമ്മുടെ യാതനകൾ പോലെ, വലുതാവുകയാണ്‌, വെളിയിടങ്ങൾ കുറയുകയുമാണ്‌. അതേ സമയം പെൺകുട്ടികളുടെ എണ്ണം കൂടുകയാണ്‌, അവരുടെ പ്രായവും പക്വതയും കൂടുകയാണ്‌, താഴ്വരയിലേക്കിറങ്ങിപ്പോകുന്ന പാതയുടെ ഒടുവിൽ തങ്ങളെ കാത്തു പതിയിരിക്കുന്ന കാലത്തെ അവർക്കു പേടിയുമില്ല. ഒരു തൃഷ്ണയുമില്ലാതെ അയാൾ അവരെ നോക്കുന്നു; അവർ കൗതുകത്തോടെ തിരിഞ്ഞുനോക്കിക്കൊണ്ടു പറയുന്നു: ‘ഗുഡ് ഈവനിംഗ്, അങ്കിൾ!’ മാതളപ്പഴത്തിന്റെ വലിപ്പമുള്ളതെന്തോ തന്റെ തൊണ്ടയ്ക്കിരിക്കുന്നുവെന്ന തോന്നലില്ലാതെ അയാൾ അവരെ സ്നേഹിക്കുന്നു; അവരുടെ നവോന്മേഷത്തെ, അതിന്റെ സൗന്ദര്യത്തെ, അവരുടെ പ്രത്യാശകളുടെ പുതുമയെ, അയാൾ കൊണ്ടാടുന്നു, ഒരു ഗാനത്തെ, ഒരു ജലച്ചായത്തെ, ഒരു നീലവാലൻ കിളിയെ കൊണ്ടാടുന്നപോലെ തന്നെ. കാലത്തിനു വേഗത പോരെന്നവർക്കു തോന്നുന്നു; അവർക്കു നഖങ്ങളിൽ പ്രകോപിപ്പിക്കുന്നൊരു ചുവപ്പുനിറം തേയ്ക്കണം, വാൾനട്ടുകൾ ചവിട്ടിപ്പൊട്ടിച്ചു വഴിയാത്രക്കാരെ ഞെട്ടിക്കാൻ അവർക്കു ഹൈഹീലുകളിടണം. അയാൾക്കു പക്ഷേ, കാലം ഒന്നു പതുക്കെപ്പോകട്ടെ എന്നാണാഗ്രഹം; അവർക്കിടയിൽ നടക്കാനാകുന്നതിന്റെ സന്തോഷം, സ്വയംതൃപ്തമായ ആ സൗന്ദര്യത്തിന്റെ സാമീപ്യം അയാൾക്കു കുറച്ചു നേരം കൂടി വേണം. തനിക്കു ചെറുപ്പമായിരുന്നപ്പോൾ മറ്റു വഴികളിൽ സുന്ദരിയായ ഒരു പെൺകുട്ടിയുമൊത്തു നടക്കുമ്പോൾ അസൂയയോടെ അയാൾ സ്വയം ചോദിച്ചിരുന്നു: ‘ഇതെന്റേതു തന്നെയാണോ?’ ആ ഓർമ്മ അയാൾ കാര്യമാക്കുന്നതേയില്ല. പിന്നെ അയാൾ തെരുവിലൂടെ ഒറ്റയ്ക്കു നടന്നുപോകുന്നു. ശേഷിച്ച ഒലീവ് മരങ്ങൾ അയാൾ വിരലിലെണ്ണുന്നു, തനിക്കു ചുറ്റും മറ്റൊരു ചിന്തയില്ലാതെ തുള്ളിക്കളിക്കുന്ന മാൻപേടകളെ ആഹ്ളാദത്തോടെ കാണുന്നു; അയാൾക്കാരോടും അസൂയയില്ല, തന്നോടൊട്ടുമില്ല.

 


അയാൾ പറഞ്ഞു: ‘എനിക്കു പേടിയാവുന്നു’


അയാൾക്കു പേടിയായി. അയാൾ ഉറക്കെപ്പറഞ്ഞു: ‘എനിക്കു പേടിയാവുന്നു.’ ജനാലകൾ ഇറുക്കിയടച്ചിരുന്നു; മാറ്റൊലി ഉയർന്നെങ്ങും പരന്നു: ‘എനിക്കു പേടിയാവുന്നു.’ അയാൾ മിണ്ടിയില്ല, പക്ഷേ ചുമരുകൾ ആവർത്തിച്ചു: ‘എനിക്കു പേടിയാവുന്നു.’ വാതിലും കസേരകളും മേശകളും ജനാലക്കർട്ടനുകളും പരവതാനികളും മെഴുകുതിരികളും പേനകളും ചിത്രങ്ങളുമെല്ലാം പറഞ്ഞു: ‘എനിക്കു പേടിയാവുന്നു.’ പേടിക്കു പേടിയായി, അതലറി: ‘മതി!’ മാറ്റൊലി പക്ഷേ, ‘മതി’ എന്നു തിരിച്ചുപറഞ്ഞില്ല. വീട്ടിലിരിക്കാൻ അയാൾക്കു പേടിയായി; അയാൾ തെരുവിലേക്കിറങ്ങി. മുരടിച്ച ഒരു പോപ്ളാർ മരം അയാൾ കണ്ടു; എന്തു കാരണം കൊണ്ടോ അതിനെ നോക്കാൻ അയാൾക്കു പേടി തോന്നി. ഒരു പട്ടാളവണ്ടി അതിവേഗതയിൽ പാഞ്ഞുപോയപ്പോൾ തെരുവിലൂടെ നടക്കാൻ അയാൾക്കു പേടിയായി. വീട്ടിലേക്കു തിരിച്ചുപോകാൻ പേടി തോന്നിയെങ്കിലും അയാൾക്കു വേറെ വഴിയില്ല. താക്കോൽ താൻ വീട്ടിനുള്ളിൽ മറന്നുവച്ചോയെന്ന് അയാൾ പേടിച്ചു; അത് പോക്കറ്റിൽ തന്നെയുണ്ടെന്നു കണ്ടപ്പോൾ അയാൾക്കാശ്വാസമായി. വീട്ടിലേക്കുള്ള കറണ്ട് കട്ടു ചെയ്തിരിക്കുമോയെന്ന് അയാൾ പേടിച്ചു. കോണിപ്പടിയിലേക്കുള്ള വഴിയിലെ സ്വിച്ചമർത്തിയപ്പോൾ ലൈറ്റ് കത്തി; അയാൾക്കാശ്വാസമായി. കോണിപ്പടിയിൽ കാലിടറി വീണ്‌ തന്റെ ഇടുപ്പെല്ലു പൊട്ടുമെന്ന് അയാൾ പേടിച്ചു; അങ്ങനെയുണ്ടായില്ല എന്നത് അയാൾക്കാശ്വാസമായി. താക്കോൽ താഴിലിട്ടു തിരിക്കുമ്പോൾ വാതിൽ തുറക്കാതെ വരുമോയെന്ന് അയാൾ പേടിച്ചു; പക്ഷേ വാതിൽ തുറന്നു; അയാൾക്കാശ്വാസമായി. അയാൾ അകത്തേക്കു കയറി; താൻ തന്നെ കസേരയിലിരുത്തിയിട്ടാണോ പോയതെന്ന് അയാൾ പേടിച്ചു. മറ്റാരുമല്ല, താൻ തന്നെയാണ്‌ മുറിയിലേക്കു കയറിയതെന്നുറപ്പായപ്പോൾ അയാൾ കണ്ണാടിക്കു മുന്നിൽ നിന്ന് തന്റെ മുഖം നിരീക്ഷിച്ചു; അത് തന്റെ മുഖം തന്നെ; അയാൾക്കാശ്വാസമായി. നിശ്ശബ്ദതക്കയാൾ കാതു കൊടുത്തു; ‘എനിക്കു പേടിയാവുന്നു’ എന്നാരെങ്കിലും പറയുന്നത് അയാൾ കേട്ടില്ല; അയാൾക്കാശ്വാസമായി. എന്തു കാരണം കൊണ്ടെന്നറിയില്ല, അയാൾക്കു പിന്നെ പേടി തോന്നിയതുമില്ല.

 


കാലവുമായി കള്ളക്കളി


ആരും സമയത്തിനു വരാറില്ലെന്നതിനാൽ, കാത്തിരിക്കുന്നത് ചുട്ടുപൊള്ളുന്ന തകരപ്പുറത്തിരിക്കുന്നതു പോലെയാണെന്നതിനാലും, അയാൾ തന്റെ വാച്ച് ഇരുപതു മിനുട്ട് പിന്നിലേക്കു തിരിച്ചുവച്ചു. കാത്തിരിപ്പിന്റെ പീഡനത്തിൽ നിന്ന് കുറച്ചൊരാശ്വാസം കിട്ടിയതായി അയാൾക്കു തോന്നി; അക്കാര്യം അയാൾ പിന്നെ മറക്കുകയും ചെയ്തു. പക്ഷേ ആ കള്ളക്കളി കാരണം അയാൾക്കെവിടെയും സമയത്തിനെത്താൻ പറ്റിയില്ല. വന്നെത്താത്ത ഒരു ട്രെയിനും കാത്ത് അയാൾ സ്റ്റേഷനിൽ തന്റെ സൂട്ട്കേസിനു മേൽ ഇരിക്കുന്നു; അത് അതിന്റെ സമയത്തിനു പോയെന്നും വൈകിയത് താനാണെന്നും അയാൾക്കു ബോദ്ധ്യം വരുന്നില്ല. അയാൾ നിരാശനായി വീട്ടിലേക്കു മടങ്ങുന്നു. അയാൾ സൂട്ട്കേസ് തുറന്നു ഒരു യാത്ര കഴിഞ്ഞുവരുന്ന ഏതൊരാളെയും പോലെ അതിലുള്ളത് മേശവലിപ്പിലേക്കു തിരിച്ചുവയ്ക്കുന്നു. എന്നിട്ടയാൾ കോപത്തോടെ തന്നോടു തന്നെ ചോദിക്കുന്നു: ‘ആളുകൾക്കെന്താ സമയബോധമില്ലാത്തത്?’ മരണം വന്നു വാതിലിൽ മുട്ടി അകത്തേക്കു വരട്ടേയെന്നു ചോദിക്കുമ്പോൾ അയാൾക്കു നീരസമാവുന്നു: ‘നിങ്ങളെന്താ ഇരുപതു മിനുട്ട് നേരത്തേ വന്നത്?’ അയാൾ കുളിമുറിയിൽ കയറി ഒളിക്കുന്നു; അയാൾ അതിന്റെ വാതിൽ തുറക്കുന്നതുമില്ല, അവിടെയിരുന്നുതന്നെ അയാൾ മരിച്ചപോലെ!

 


ചിത്രവും ചട്ടവും


ഒരു ചിത്രത്തിന്റെ ചട്ടം പൊട്ടിപ്പോയാൽ, അതൊരു ചെറുകിട ഭൂകമ്പം കൊണ്ടായിക്കോട്ടെ, നിങ്ങളത് നല്ലൊരു ചട്ടമിടീലുകാരന്റെയടുക്കൽ കൊണ്ടുപോകുന്നു, അയാൾ മുമ്പത്തേതിലും നല്ലൊരു ചട്ടം ഉണ്ടാക്കി ഇടുകയും ചെയ്യുന്നു. അതേ സമയം, ചിത്രം തന്നെ മോശമായിരിക്കുകയും, അതേതോ കലാപരമായ പിശകു കൊണ്ടാവാം, ചട്ടം കുഴപ്പമൊന്നും ഇല്ലാതിരിക്കുകയുമാണെങ്കിൽ നിങ്ങളതു സൂക്ഷിക്കാൻ പോകുന്നില്ല, അടുപ്പിൽ വിറകു കുറവാണെങ്കിലല്ലാതെ. ആശയങ്ങളുടെ കാര്യത്തിലും ഇതു ശരിയാണ്‌: നിങ്ങൾക്കു തോന്നിയ ഒരാശയത്തിന്റെ ചട്ടക്കൂട് പൊട്ടിയതാണെങ്കിൽ കൂടുതൽ ബലമുള്ളതും ഈടുള്ളതുമായ ഒന്ന് നിങ്ങൾ കണ്ടെത്തുന്നു. പക്ഷേ ആശയം തന്നെ പൊട്ടിയതാണെങ്കിൽ ഉറപ്പുള്ള ചട്ടക്കൂടു കൊണ്ട് ഒരു കാര്യവുമില്ല; സങ്കടപ്പെടുത്തുന്ന ഒരോർമ്മയായി നിങ്ങൾക്കതു സൂക്ഷിച്ചു വയ്ക്കാമെന്നു മാത്രം, ആട്ടിടയൻ ചെന്നായ്ക്കൾ കൊന്നുകളഞ്ഞ തന്റെ ഒരാടിന്റെ കുടമണി സൂക്ഷിച്ചുവയ്ക്കുന്നപോലെ.

 


ദയാവധം


കുതിരകളോട് എനിക്കസൂയ തോന്നുന്നു: അവയുടെ കാലൊടിയുകയും കാറ്റിനൊപ്പം കുതിച്ചുപായാൻ അവയ്ക്കു കഴിയാതെ വരികയും ചെയ്യുമ്പോൾ ഒരു വെടിയുണ്ട ആ നാണക്കേട് തീർത്തുകൊള്ളും. അതേപോലെ എന്നിൽ എന്തെങ്കിലും, ശാരീരികമോ ആത്മീയമോ, ഒടിയുകയോ പൊട്ടുകയോ ചെയ്യുകയാണെങ്കിൽ വിദഗ്ധനായ ഒരു കൊലയാളിയെ ചെന്നു കാണുന്നത് നല്ലതായിരിക്കും, അതയാൾ എന്റെയൊരു ശത്രുവാണെങ്കിൽക്കൂടി. ഞാനയാൾക്ക് കൊല്ലുന്നതിന്റെ കൂലിയും വെടിയുണ്ടയുടെ വിലയും കൊടുക്കും, അയാളുടെ കൈയിലും അയാളുടെ തോക്കിലും ഉമ്മ വയ്ക്കും, എഴുതാനുള്ള കഴിവു പോയിട്ടില്ലെങ്കിൽ അപൂർവ്വസൗന്ദര്യം നിറഞ്ഞ ഒരു കവിതയിൽ ഞാനയാളെ സ്തുതിക്കുകയും ചെയ്യും; അതിന്റെ വൃത്തവും താളവും അയാൾക്കു തിരഞ്ഞെടുക്കുകയും ചെയ്യാം.

 


***


എന്റെ ഹൃദയം എന്റേതല്ല, മറ്റാരുടേതുമല്ല; കല്ലായി മാറും മുമ്പേ അതെന്നിൽ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു!

*

അത്രയും വലിയ ഒരുയരത്തിൽ നിന്നു നമുക്കു പതിക്കേണ്ടിയിരുന്നോ, സ്വന്തം ചോര സ്വന്തം കൈകളിൽ കാണേണ്ടിയിരുന്നോ, നാം സ്വയം വിശ്വസിപ്പിച്ചിരുന്നപോലെ, മാലാഖമാരല്ല നാമെന്ന് നമുക്കു ബോദ്ധ്യം വരാൻ?
*

എന്റെ ഉള്ളിന്റെയുള്ളിൽ ഒരു നിഗൂഢസംഗീതമുണ്ട്. അതൊറ്റയ്ക്കു പാടേണ്ടി വരുമോ എന്നാണ്‌ എന്റെ പേടി.
*


From the English version by Catherine Cobham

To buy the book in English

അഭിപ്രായങ്ങളൊന്നുമില്ല: