2017, മാർച്ച് 17, വെള്ളിയാഴ്‌ച

വില്യം ബട്ളർ യേറ്റ്സ്– കവിതകള്‍

William_Butler_Yeats_by_George_Charles_Beresford


ഇല കൊഴിയും കാലം

ശരല്ക്കാലം, നമ്മെ സ്നേഹിക്കും നീളിലകൾക്കു മേൽ,
ബാർലിക്കതിരുകൾക്കിടയിലെലികൾക്കും മേൽ;
മഞ്ഞ, ആഷ്മരത്തിന്റെയിലകൾ നമുക്കു മേൽ,
മഞ്ഞ, നനഞ്ഞിറ്റുന്ന കാട്ടു ഞാവലിന്നിലകള്‍ക്കും.

നമ്മെ വന്നുവളയുന്നു പ്രണയം ക്ഷയിക്കുന്ന കാലം,
ശോകാകുലം, നമ്മുടെ പരിക്ഷീണഹൃദയങ്ങള്‍;
നാം പിരിയുക, തൃഷ്ണയുടെ ഋതു നമ്മെ മറക്കും മുമ്പേ,
ഒരു ചുംബനവും നിന്റെ കവിളത്തിറ്റുന്ന കണ്ണീരുമായി.

(1889)


കുടിച്ചിരിക്കുമ്പോൾ പാടിയത്

മദിരയുള്ളിൽ കടക്കുന്നതു ചുണ്ടിലൂടെ,
പ്രണയമുള്ളിൽ കടക്കുന്നതു കണ്ണിലൂടെ;
നേരെന്നു നാമറിയുന്നതിത്രയൊക്കെ,
ജരയും നരയും വന്നു നാം മരിക്കുംമുമ്പേ.
മദിരയുടെ ചഷകം ഞാൻ ചുണ്ടിൽ വച്ചു,
നിന്നെയൊന്നു നോക്കി ഞാൻ നിശ്വസിച്ച

(1910)


കാലത്തിനൊപ്പമെത്തുന്ന അറിവ്


ഇലകളനവധിയെങ്കിലും വേരൊന്നുതന്നെ;
എന്റെ യൗവനത്തിന്റെ നുണകളുടെ നാളുകളിൽ
വെയിലത്തിലകളും പൂക്കളുമുലച്ചു ഞാൻ മദിച്ചു;
ഇന്നിനി ഞാൻ വാടിക്കൊഴിയട്ടെ, നേരിലേക്ക്.

(1910)


ഒരു ഐറിഷ് വൈമാനികൻ തന്റെ മരണം മുൻകൂട്ടി കാണുന്നു

അങ്ങു മുകളിൽ മേഘങ്ങൾക്കിടയിലെവിടെയോ
എന്റെ മരണത്തെ ഞാൻ കണ്ടുമുട്ടുമെന്നെനിക്കറിയാം.
ഞാൻ പൊരുതുന്നവരോടൊരു വെറുപ്പുമെനിക്കില്ല,
ഞാൻ സംരക്ഷിക്കുന്നവരോടെനിക്കു സ്നേഹവുമില്ല..
കിൽട്ടാർട്ടൻ ക്രോസ്സാണെന്റെ ജന്മദേശം,
കിൽട്ടാർട്ടനിലെ പാവങ്ങളാണെന്റെ ദേശക്കാർ.
എന്റെ മരണം കൊണ്ടവർക്കൊരു നഷ്ടവുമുണ്ടാവില്ല,
ഉള്ളതിലധികം സന്തോഷമവർക്കുണ്ടാവുകയുമില്ല.
നിയമമല്ല, എന്നെ പടയ്ക്കു പറഞ്ഞയച്ചതു കടമയല്ല,
നേതാക്കളല്ല, ആർത്തട്ടഹസിക്കുന്ന ജനക്കൂട്ടവുമല്ല.
ഒരേകാന്തനിമിഷത്തിൽ പൊടുന്നനേയൊരു പ്രചോദനം-
മേഘങ്ങളിലെ വിക്ഷുബ്ധതയിലേക്കെന്നെപ്പായിച്ചതതായിരുന്നു.
എല്ലാം ഞാനോർത്തുനോക്കി, എല്ലാം ഞാൻ കണക്കു കൂട്ടി:
വ്യർത്ഥമാണിനി വരാനുള്ള കാലമെന്നെനിക്കു തോന്നി,
വ്യർത്ഥമായിരുന്നു, കഴിഞ്ഞ കാലവുമെന്നെനിക്കു തോന്നി.
ഈ ജീവിതത്തിനു നിരക്കുന്നതു തന്നെ, ഈ മരണവും.

(1919)


മനുഷ്യന്റെ നാലു കാലങ്ങൾ

ഉടലുമായിട്ടയാളൊരു യുദ്ധം നടത്തി;
ജയിച്ചതുടലായിരുന്നു, ഇന്നുമതു നിവർന്നുനടക്കുന്നു.

പിന്നയാൾ ഹൃദയവുമായി പൊരുതാൻ പോയി;
ശാന്തിയും നിഷ്കളങ്കതയും അയാളെ വിട്ടുപോയി.

പിന്നയാൾ പോരിനിറങ്ങിയതു മനസ്സിനോടായിരുന്നു;
അഭിമാനിയായ ഹൃദയത്തെ അയാൾ പിന്നിലുപേക്ഷിച്ചു.

ഇനി ദൈവത്തോടുള്ള യുദ്ധങ്ങൾ തുടങ്ങുകയായി;
കൃത്യം പാതിരാത്രിയാകുമ്പോൾ ദൈവം ജയിക്കും.

(1935)


അഭിപ്രായങ്ങളൊന്നുമില്ല: