തീർച്ചയായും ശരിയാണത്... ഞാൻ ഒന്നും എഴുതുന്നില്ല, എന്റെ എഴുതായ്കയുടെ മാനങ്ങൾ വളരുകയുമാണ്. പക്ഷേ ഇതു നോക്കൂ, നിനക്കു മേൽ വന്നുപതിക്കുന്ന ആ കടുത്ത സംഗതികൾക്കു മുന്നിൽ എന്റെ മെലിഞ്ഞ അനുഭവത്തിന് എന്തു പ്രാധാന്യമാണുള്ളത്? ...എന്നെ ഇവിടെ പിടിച്ചുനിർത്തുന്ന ഒരേയൊരു കാര്യം കാർലോ സീനോയുടെ ജീവിതത്തെ സംബന്ധിച്ച ചില വിശദാംശങ്ങൾ ഇവിടുത്തെ ഗ്രന്ഥശാലകളിൽ നിന്നു കിട്ടിയേക്കാം എന്ന സാദ്ധ്യത മാത്രമാണ്. പക്ഷേ ഒരു ക്ളോവറിന്റെ ഇലയോ സ്ട്രോബറിയോ കണ്ടുപിടിക്കാൻ പറ്റാത്ത എനിക്ക് അതേ ഹതാശമായ നിഷ്ഫലതാബോധം തന്നെയാണ് ഈ പുസ്തകങ്ങൾക്കും കാറ്റലോഗുകൾക്കും മുന്നിലിരിക്കുമ്പോൾ തോന്നുന്നത്. ആളുകൾ ഞാനൊരു വലിയ പണ്ഡിതനാണെന്ന മട്ടിൽ സകലതും എനിക്കു മുന്നിൽ കൊണ്ടുനിരത്തുന്നു; പക്ഷേ പുസ്തകങ്ങൾക്കു മേൽ കയറിയിരിക്കുന്ന ഒരു പൂച്ചയെപ്പോലാകാനേ എനിക്കു കഴിയുന്നുള്ളു: അവയിലെന്തുണ്ടോ, അതിനെ മറയ്ക്കാനേ അവളുടെ ഇരിപ്പു കൊണ്ടു കഴിയുന്നുള്ളു; കൂടിവന്നാൽ ആ സാഹചര്യത്തിന്റെ പുതുമ കൊണ്ട് ഒരാനന്ദം അവൾക്കു തോന്നാമെന്നു മാത്രം. അങ്ങു താഴെ മാർബിളിന്റെ പഴയ അസ്തിവാരത്തിൽ കടൽ തിര തല്ലുമ്പോൾ എന്റെ ശ്രദ്ധ മൊത്തവും ആ ശബ്ദത്തിലേക്കു പോകുന്നു, ഈ പ്രാചീനഗ്രന്ഥങ്ങളിൽ നിന്നെന്നതിനെക്കാൾ അതിൽ നിന്നാണു പഠിക്കാനുള്ളതെന്നപോലെ.
ഇതോടെ എന്നെക്കുറിച്ചു പറയാനുള്ളതൊക്കെ ശരിക്കും ഞാൻ പറഞ്ഞുകഴിഞ്ഞു. ഡുയീനോയിലേത് സൌഹാർദ്ദത്തിന്റെ നാളുകളായിരുന്നു; പ്രിൻസെസ്സുമായുള്ള ബന്ധത്തിന്റെ ഊഷ്മളത സാമാന്യമായി ഞാൻ പാരീസിൽ വച്ചറിഞ്ഞുവെങ്കിൽ വിശേഷിച്ചും അതങ്ങനെ തന്നെയാണെന്ന് ഇവിടെ വച്ചെനിക്കു ബോദ്ധ്യമായി...കാസ് നറോടൊപ്പം മൂന്നു ദിവസം ഉണ്ടായിരുന്നു; പിന്നെ അദ്ദേഹത്തിനു പോകേണ്ടിവന്നു. അദ്ദേഹം ഒരു പരീക്ഷ പോലെയാണ്, എനിക്കാണെങ്കിൽ അതു ജയിക്കാനുള്ള സമയവുമായിരുന്നില്ല. ഈ പരീക്ഷയിൽ സൌമ്യമായ രീതിയിൽ ഞാൻ തോറ്റുപോയി- എന്നു പറഞ്ഞാൽ, ചില വിഷയങ്ങളിൽ. സുനിശ്ചിതവും കൃത്യവും ഗൌരവം തികഞ്ഞതുമായ ഒന്നാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കേൾവി വച്ച് നിങ്ങൾക്ക് നിങ്ങളുടെ ഓരോ വാക്കും പരിശോധിക്കാം; പക്ഷെ അതേ കാരണം കൊണ്ടുതന്നെ നിങ്ങൾക്കു സ്വന്തം വാക്കുകളിൽ സംശയം തോന്നുകയും ചെയ്യും. സ്വർണ്ണം സ്വർണ്ണത്തിന്റെ ഒരു ലക്ഷണവും കാണിക്കാത്തത് ചാണക്കല്ലിൽ അതുരച്ച പാടു നോക്കുമ്പോഴാണെന്ന് പണ്ടു ഫിസിക്സ് ക്ളാസ്സിൽ കേട്ടത് എനിക്കോർമ്മ വരുന്നു.
പിന്നെക്കാണാം, പ്രിയപ്പെട്ടവളേ, അത്രയധികം തന്നതിന് ഇത്ര കുറച്ചേ ഞാൻ തിരിച്ചുതരുന്നുള്ളു എന്നതിൽ വിരോധം തോന്നരുതേ. ഇതിലധികം എനിക്കു തരാനില്ല, അതിനാൽ എന്നും ഞാൻ കടത്തിലുമാണ്...
(റിൽക്കെ 1910 മേയ് 5ന് വെനീസിൽ നിന്നു ക്ളാര റിൽക്കെയ്ക്കെഴുതിയ കത്തിൽ നിന്ന്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ