2017, മാർച്ച് 20, തിങ്കളാഴ്‌ച

ഹെർമ്മൻ ഹെസ്സെ - കവിതകൾ




 ഞാൻ ചോദിച്ചു

നിന്നോടന്നു ഞാൻ ചോദിച്ചു,
ഇരുൾ പെരുകിയ മാനത്തു
സ്വച്ഛമായൊരു നക്ഷത്രം പോലെ
നിന്റെ കണ്ണുകളെന്നിൽ തങ്ങിനില്ക്കാൻ
എന്താണു നീയെന്നിൽ കണ്ടതെന്ന്.

ഒരു കുഞ്ഞിനെയെന്നപോലെ
ഏറെനേരം നീയെന്നെ നോക്കിനിന്നു;
പിന്നൊരു മന്ദഹാസത്തോടെ നീ പറഞ്ഞു:
അത്ര വിഷാദമയമാണു നിന്റെ മുഖം,
അതാണെനിക്കു നിന്നെ ഇത്ര ഇഷ്ടം.. 



ദയവായി

നീ നിന്റെയക്കൈയെനിക്കു തരുമ്പോൾ
(നീയൊരിക്കലും പറയാത്തതൊക്കെ-
പ്പകർന്നുതന്നതതായിരുന്നു)
ഞാനെന്നെങ്കിലും, ഏതു വിധത്തിലെങ്കിലും
നിന്നോടു ചോദിച്ചിട്ടുണ്ടോ,
നീയെന്നെ സ്നേഹിക്കുന്നുണ്ടോയെന്ന്,
നിനക്കതിനു കഴിയുമോയെന്ന്?

നിന്റെ സ്നേഹത്തിനു ഞാൻ‍ വാശി പിടിക്കില്ല,
നീയരികിലുണ്ടെന്നറിഞ്ഞാൽ മതിയെനിക്ക്,
ഇടയ്ക്കെപ്പോഴെങ്കിലുമൊരിക്കൽ
ആ കൈയൊന്നു തന്നാൽ മതി,
സൌമ്യമായി, നിശബ്ദമായി. 



നാളുകളെത്ര വിരസമായി

നാളുകളെത്ര വിരസമായി,
എനിക്കു ചൂടു പകരാനൊരു തീയുമില്ല,
എന്നോടൊത്തു ചിരിക്കാനൊരു സൂര്യനുമില്ല;
ഒക്കെയും ശൂന്യം, നിരുന്മേഷം, നിർദ്ദയം...
ആ സ്വച്ഛനക്ഷത്രങ്ങൾ പോലുമെത്ര വിഷണ്ണം,
പ്രണയത്തിനു മരണമുണ്ടെ-
ന്നുള്ളു കൊണ്ടു ഞാനറിഞ്ഞതില്പിന്നെ.



ഞാൻ സ്ത്രീകളെ സ്നേഹിക്കുന്നുവെങ്കിൽ

ഞാൻ സ്ത്രീകളെ സ്നേഹിക്കുന്നുവെങ്കിൽ
അതൊരായിരം കൊല്ലം മുമ്പു ജീവിച്ചിരുന്നവരെ,
പ്രാക്തനഗാനങ്ങളിൽ വാഴ്ത്തപ്പെട്ടവരെ.
ഞാൻ നഗരങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ
അതു പ്രാചീനരാജഗൃഹങ്ങളെയോർത്തു വിലപിക്കുന്നവയെ,
കോട്ടമതിലുകൾ തകർന്നടിഞ്ഞവയെ.
ഞാൻ സ്നേഹിക്കുന്ന നഗരങ്ങളിനിയൊരു കാലത്തുയർന്നുവരും,
ഇന്നത്തെ മനുഷ്യരന്നീ മണ്ണിലുണ്ടാവുകയുമില്ല.
ഞാൻ സ്നേഹിക്കുന്ന സ്ത്രീകൾ- മെലിഞ്ഞുസുന്ദരികളായവർ,
കാലത്തിന്റെ ഗർഭത്തിൽ അജാതരായി മയങ്ങുന്നവർ-
എന്റെ സ്വപ്നങ്ങളുടെ സൗന്ദര്യത്തിനു തുല്യമാകും,
ഒരുനാളവരുടെ വിളർത്ത നക്ഷത്രസൗന്ദര്യവും.




നീയില്ലാതെ

കുഴിമാടത്തിന്റെ കല്പലക പോലെ ശൂന്യമായി
രാത്രിയിൽ എന്റെ തലയിണ എന്നെ നോക്കിക്കിടക്കുന്നു;
ഞാനോർത്തതേയില്ല,
ഇത്ര കഠിനമാകും ഒറ്റയ്ക്കാവുകയെന്നാലെന്ന്,
നിന്റെ മുടിയിഴകളിൽ നിന്നു വേർപെട്ടുപോയാലെന്ന്.
നിശബ്ദമായൊരു വീട്ടിൽ ഒറ്റയ്ക്കു ഞാൻ കിടക്കുന്നു,
വിളക്കുകളണഞ്ഞു കഴിഞ്ഞു,
നിന്റെ കൈ കവരാനായി
പതുക്കെ ഞാനെന്റെ കൈ നീട്ടുന്നു,
ഊഷ്മളമായ ചുണ്ടുകൾ നിന്റെ മുഖത്തേക്കടുപ്പിക്കുന്നു,
എന്റെ ചുണ്ടുകളമരുന്നതു പക്ഷേ,
ബലം കെട്ട, തളർന്ന എന്നിൽത്തന്നെ.
ഞെട്ടിയുണരുമ്പോൾ
തണുത്ത രാത്രിയുടെ മൌനം എന്നെപ്പുണരുന്നു.
ജനാലയിൽ ഒരു നക്ഷത്രത്തിന്റെ തിളക്കം-
എവിടെ, നിന്റെ പൊൻമുടിയിഴകൾ?
എവിടെ നിന്റെ തേനിറ്റുന്ന ചുണ്ടുകൾ?
ഇന്നെന്റെ ചഷകത്തിലെല്ലാം വിഷം കലർന്നിരിക്കുന്നു,
എന്റെ ആഹ്ളാദങ്ങളിലെല്ലാം ശോകം കലർന്നിരിക്കുന്നു.
ഞാനോർത്തതേയില്ല,
ഇത്ര കഠിനമാകും ഒറ്റയ്ക്കാവുകയെന്നാലെന്ന്,
നീയില്ലാതൊറ്റയ്ക്കാവുകയെന്നാലെന്ന്. 



കഷ്ടകാലം
നാം നിശബ്ദരായിരിക്കുന്നു,
നാമിപ്പോൾ പാട്ടുകൾ പാടുന്നില്ല,
നമ്മുടെ കാൽവെയ്പ്പുകൾ കനത്തുപോയിരിക്കുന്നു;
രാത്രിയായിരിക്കുന്നു,
അതു വരാനുള്ളതുമായിരുന്നു.

നിന്റെ കൈ തരൂ,
ഇനിയുമൊരുപാടു ദൂരം
നമുക്കു പോകാനുണ്ടെന്നു വരാം.
മഞ്ഞു പെയ്യുന്നു, മഞ്ഞു പെയ്യുന്നു.
ഒരന്യദേശത്തു മഞ്ഞുകാലമെത്ര കഠിനം.

ഒരു ദീപം, ഒരു തീന്മുറിയിലെ വെളിച്ചം,
അതു നമുക്കായെരിഞ്ഞ കാലമെവിടെ?
നിന്റെ കൈ തരൂ!
ഇനിയുമൊരുപാടു ദൂരം
നമുക്കു പോകാനുണ്ടെന്നു വരാം.



വസന്തം
ഒരു ശവമാടത്തിന്റെ നിഴലുകൾക്കുള്ളിൽ
എത്രനാൾ നിന്നെ ഞാൻ സ്വപ്നം കണ്ടു കിടന്നു:
നിന്റെ മരങ്ങൾ, നിന്റെ നീലാകാശം,
നിന്റെ പരിമളങ്ങൾ, നിന്റെ കിളിയൊച്ചകൾ.

ഇന്നിതാ, നീയെനിക്കു മുന്നിൽ പ്രത്യക്ഷയാകുന്നു,
സർവാലങ്കാരഭൂഷിതയായി,
വെളിച്ചത്തിലാകെക്കുളിച്ചവളായി,
ദിവ്യമായൊരത്ഭുതമായി!

നീയെന്നെ കണ്ടറിയുന്നു,
ഹൃദയാർദ്രയായെന്നെ ക്ഷണിക്കുന്നു.
നിന്റെ ധന്യസാന്നിദ്ധ്യത്തിൽ
എന്റെ കൈകാലുകൾ വിറകൊള്ളുന്നു. 



കവി
എന്റെ കാവ്യദേവത സന്നിഹിതമായ മുഹൂർത്തമേ,
ചിറകടികൾ കൊണ്ടെന്നെ മുറിപ്പെടുത്തി
എവിടെയ്ക്കു നീ പറന്നകലുന്നു?
ഇനിയെന്തുച്ചരിക്കാൻ ഞാനെന്റെ ചുണ്ടുകളുപയോഗപ്പെടുത്തും?
ഇനിയെങ്ങനെ ഞാനെന്റെ പകലുകൾ കഴിയ്ക്കും?
എന്റെ രാത്രികളും?
എനിക്കു സ്നേഹിക്കാനാരുമില്ല.
എനിക്കെന്റേതായൊരു വീടില്ല.
എന്റെ ജീവിതം നിലനിർത്താനൊരു ബിന്ദുവില്ല.
ഞാൻ ജീവൻ കൊടുത്തതൊക്കെ തഴയ്ക്കുന്നു.
ഞാനോ, ഞാൻ പക്ഷേ തളരുന്നു,
ദരിദ്രനാകുന്നു, ഏകാകിയാകുന്നു. 



കവി
എനിക്കു മേൽ മാത്രം,
എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങൾ തിളങ്ങുന്ന-
തേകാകിയായ എനിക്കു മേൽ മാത്രം,
കൽത്തളിമത്തിൽ ജലധാരയതിന്റെ
മാന്ത്രികഗാനം മന്ത്രിക്കുന്നതെനിക്കായി മാത്രം,
പരന്ന പാടങ്ങൾക്കു മേൽ സ്വപ്നങ്ങളെപ്പോലെ
നാടോടിമേഘങ്ങളുടെ നിറമുള്ള നിഴലുകൾ നീന്തുന്ന-
തെനിക്കായി മാത്രം,
ഏകാകിയായ എനിക്കായി മാത്രം.
എനിക്കില്ല നാടും വീടും കാടും,
കാട്ടിൽ വേട്ടയാടാനുള്ള അവകാശവും;
എന്നാലെനിക്കുള്ളതു മറ്റൊരാൾക്കുമില്ല:
കാടിന്റെ മൂടുപടത്തിനുള്ളിൽ
അരുവിയുടെ എടുത്തുചാട്ടം,
പേടിപ്പെടുത്തുന്ന കടൽ,
കളിക്കുന്ന കുട്ടികളുയർത്തുന്ന കിളികളുടെ കലപില,
പ്രണയം രഹസ്യമാക്കി വയ്ക്കുന്നൊരാൾ
സായാഹ്നത്തിന്റെ ഏകാന്തതയിൽ
തേങ്ങിക്കൊണ്ടു പാടുന്ന ഗാനം.
ദേവാലയങ്ങളും എന്റേതു തന്നെ,
പൊയ്പ്പോയ കാലത്തെ കുലീനോദ്യാനങ്ങളും.
ഭാവിയുടെ ദീപ്തചക്രവാളമാണെന്റെ ഭവനം:
ചിലനേരമാർത്തിയോടാത്മാവു കുതിച്ചുയരുമ്പോൾ
ധന്യരായ മനുഷ്യരുടെ ഭാവി ഞാൻ കാണുന്നു,
പ്രമാണങ്ങളെ മാനിക്കാത്ത പ്രണയം ഞാൻ കാണുന്നു,
മനുഷ്യനിൽ നിന്നു മനുഷ്യനിലേക്കുള്ള സ്നേഹവും.
കർഷകൻ, വ്യാപാരി, ചക്രവർത്തി, നാവികൻ,
ആട്ടിടയൻ, തോട്ടക്കാരൻ:
വരാനുള്ളൊരു ലോകത്തെ നന്ദിയോടവർ കൊണ്ടാടുന്നു.
കവി മാത്രം അവിടെയില്ല,
എല്ലാം കണ്ടുനിന്ന ഏകാകി,
മനുഷ്യാഭിലാഷങ്ങൾ ചുമന്നുനടന്നവൻ;
ലോകത്തിന്റെ സാഫല്യമായ ഭാവികാലത്തിന്‌
അയാളെ ഇനി ആവശ്യവുമില്ല.
അയാളുടെ കുഴിമാടത്തിൽ
ഒരുപാടു പൂമാലകൾ വാടുന്നു,
എന്നാൽ ആരുടെ ഓർമ്മയിലും അയാളില്ല. 



കണ്ടും കേട്ടും
അത്രമേൽ കാതു കുളുർപ്പിക്കുന്നൊരു സ്വരം,
അത്രമേൽ നാണം കുണുങ്ങിയായൊരു തെന്നൽ-
നരച്ച പകൽവെളിച്ചത്തിലൂടവയൊഴുകിവരുന്നു,
ആകാശത്തു ചിറകെടുക്കുന്ന കിളികളെപ്പോലെ,
വസന്തത്തിന്റെ സൌമ്യസൌരഭങ്ങൾ പോലെ.

ജീവിതത്തിന്റെ പുലർകാലവേളകളിൽ നിന്നും
ഒരു പഴയ കാലത്തിന്റെ ഓർമ്മകളെത്തുന്നു,
വെള്ളിത്തൂവാനമെറ്റുന്ന തിരകൾ പോലെ,
മിന്നിക്കെടുന്ന വെളിച്ചങ്ങൾ പോലെ.

എത്രയകലെയാണിന്നലെയെന്നു തോന്നുന്നു,
എത്രയടുത്തായി അതീതഭൂതമെന്നു തോന്നുന്നു.
പ്രാഗ്ചരിത്രത്തിന്റെ ഇന്ദ്രജാലം
എനിക്കു മുന്നിൽ പരന്നുകിടക്കുന്നൊരുദ്യാനം.

ആയിരം വർഷങ്ങളുടെ നിദ്രയിൽ നിന്നും
എന്റെ പൂർവ്വികനുണർന്നെത്തുകയാണെന്നാവാം,
എന്റെ നാവു കൊണ്ടയാൾ സംസാരിക്കുകയാവാം,
എന്റെ ചോരയുടെ ചൂടു പങ്കിടുകയാവാം.

എനിക്കും മടങ്ങേണ്ട കാലമായെന്നാവാം,
ദൂതനെന്നെയും കാത്തു നില്ക്കുകയാവാം,
വൈകാതെന്റെ കതകിലയാൾ മുട്ടിയെന്നുമാവാം;
ഈ പകലു തീരാനയാൾ കാക്കില്ലെന്നുമാവാം. 



പുല്പരപ്പിൽ മലർന്നുകിടക്കുമ്പോൾ
ഇതൊക്കെ,
ഈ പൂക്കളുടെ ക്ഷണികേന്ദ്രജാലം,
വേനല്പകലിന്റെ തെളിമയിൽ പുൽത്തകിടിയുടെ തൂവൽസ്പർശം,
ആകാശത്തു വലിച്ചുകെട്ടിയ സൌമ്യനീലിമ,
തേനീച്ചകളുടെ മർമ്മരം-
ഇതൊക്കെയുമേതോ ദേവന്റെ സ്വപ്നജല്പനമാണെന്നോ?
മോചനത്തിനു കൊതിക്കുന്ന അബോധശക്തികളുടെ രോദനമാണെന്നോ?
നീലിമയിലാഴത്തിലെഴുതിയ മലകളുടെ വിദൂരരേഖ:
അതുമൊരുടലിന്റെ പിടച്ചിലോ?
മഥനം കൊള്ളുന്ന പ്രകൃതിയുടെ വന്യസംക്ഷോഭം?
ഒരു വേദന, ഒരു യാതന, ഒരവ്യക്തപ്രലാപം?
അസ്വസ്ഥതയുടെ അശുഭനിമിഷം?
പോകൂ! എന്നെ വിട്ടുപോകൂ,
പ്രപഞ്ചശോകത്തിന്റെ അശുദ്ധസ്വപ്നമേ!
സായാഹ്നദീപ്തിയിൽ തുമ്പികൾ നൃത്തം വയ്ക്കുമ്പോൾ
അതിൽ നിന്നെ കാണുന്നു.
കിളികൾ പാടുമ്പോൾ അതിൽ നിന്റെ സ്വരം കേൾക്കുന്നു.
ഇളംകാറ്റു മുഖസ്തുതിയുമായി
എന്റെ നെറ്റിത്തടം കുളിർപ്പിക്കുന്നു.
എന്നെ വിട്ടുപോകൂ, പ്രാക്തനശോകമേ!
വേദനയാണെല്ലാമെങ്കിൽ അങ്ങനെയാവട്ടെ.
ദുരിതവും യാതനയുമാണെല്ലാമെങ്കിലങ്ങനെയാവട്ടെ.
ഈയൊരു വേനലിന്റെ മധുരനിമിഷം മാത്രമെനിക്കു തരൂ,
ഈ ചുവന്ന തൃണപുഷ്പത്തിന്റെ പരിമളവും,
ഹൃദയത്തിനാഴത്തിൽ ഞാനറിയുന്ന
ഈ ആർദ്രവിശ്രാന്തിയും!



മരണങ്ങളെല്ലാം
മരണമായ മരണമെല്ലാം ഞാൻ മരിച്ചുകഴിഞ്ഞു,
ഇനിയും മരിക്കാൻ മരണങ്ങളെനിക്കു ശേഷിക്കുന്നു:
മരത്തിൽ കാടിന്റെ  മരണം,
മലയിൽ കല്ലിന്റെ മരണം,
ചൊരിമണലിൽ മണ്ണിന്റെ മരണം,
വേനല്പുല്ലിന്റെ മർമ്മരത്തിനിടയിൽ ഇലയുടെ മരണം,
മനുഷ്യന്റെ രക്തസ്നാതമായ ദാരുണമരണവും.

ഇനിയുമനവധി ജന്മങ്ങൾ ഞാനെടുക്കും:
പൂവായി, പുല്ലായി, മരവും മീനുമായി,
കിളിയും പൂമ്പാറ്റയുമായി.
ജീവരൂപങ്ങളുടെ കോണിപ്പടിയിലൂടെ
തൃഷ്ണയെന്നെ വലിച്ചുകേറ്റും,
ദുഃഖങ്ങളിൽ ഒടുവിലത്തേതിൽ ഞാനെത്തും-
മനുഷ്യന്റെ ദുഃഖത്തിൽ.

കുലച്ചുനിന്നു വിറയ്ക്കുന്ന വില്ലേ!
(തൃഷ്ണയുടെ രുഷ്ടമായ മുഷ്ടി ശാസിക്കുമ്പോൾ
ജീവിതത്തിന്റെ ഇരുധ്രുവങ്ങൾ വളഞ്ഞടുക്കുന്നു!)
പിന്നെയും പിന്നെയും നീയെന്നെ വേട്ടയാടും,
മരണത്തിൽ നിന്നു ജീവിതത്തിലേക്കു
നീയെന്നെ ആട്ടിയോടിക്കും,
ജന്മങ്ങളുടെ ദാരുണമായ പാതയിലൂടെ,
ജന്മങ്ങളുടെ വിസ്മയം നിറഞ്ഞ പാതയിലൂടെ. 



ഒരു യാത്രയ്ക്കിടെ

വിഷാദം വേണ്ട, രാത്രിയെത്തുകയായി,
കുളിരുന്ന ചന്ദ്രനെ നമുക്കു കാണാം,
നിഴലടഞ്ഞ ഗ്രാമത്തിനു മേൽ
ഒളിവായി ചിരിച്ചും കൊണ്ടവനുണ്ടാവും.
കൈയിൽ കൈയുമായി
നമുക്കു വിശ്രമിക്കുകയുമാവാം.

വിഷാദം വേണ്ട, കാലമെത്തുകയായി,
നമുക്കു വിശ്രമിക്കാൻ.
തെളിഞ്ഞ പാതയോരത്ത്
നമ്മുടെ കൊച്ചുകുരിശ്ശുകൾ
അടുത്തടുത്തു നില്ക്കും.
മഴ പെയ്യും, മഞ്ഞു പെയ്യും,
കാറ്റുകൾ വീശിപ്പോകും.