2018, നവംബർ 24, ശനിയാഴ്‌ച

റൂമിയുടെ കവിതകള്‍ - 3


kadapuzha1


40. നിന്റെയൊപ്പമിരിക്കുമ്പോൾ...


നിന്റെയൊപ്പമിരിക്കുമ്പോൾ
പ്രണയം കൊണ്ടെനിക്കുറക്കം വരില്ല,
നിന്നെപ്പിരിഞ്ഞാലോ
കണ്ണീരു കൊണ്ടെനിക്കുറക്കം വരില്ല.
എത്ര വിചിത്രം ദൈവമേ,
രണ്ടുനാളത്തെയുമുറക്കമൊഴിക്കൽ;
എത്ര വ്യത്യസ്തം പക്ഷേ,
രണ്ടുതരമുണർന്നിരിക്കലും!


41. പ്രണയമല്ലാതൊരു സഹചരനെനിക്കില്ല...

പ്രണയമല്ലാതൊരു സഹചരനെനിക്കില്ല,
തുടക്കമില്ല, ഒടുക്കമില്ല, പുലർച്ചയില്ല.
ഉള്ളിലിരുന്നാത്മാവു വിളിയ്ക്കുന്നു:
‘പ്രണയത്തിന്റെ വഴിയറിയില്ല നിനക്കെങ്കിൽ
ഈ കൂടു തുറന്നെന്നെ വിട്ടയയ്ക്കെന്നേ!’


42. സ്വപ്നം കണ്ടു ഞാൻ...

മദിര പകരുമൊരുവനെ ഞാൻ സ്വപ്നം കണ്ടു
അതിമോഹനനൊരുവന്‍,
കരതലത്തിലമൃതം തുടുത്ത ചഷകവുമായി,
സേവകഭാവത്തിന്റെ പാരമ്യവുമായി.
ഇവൻ തന്നെയാവുമോ നമുക്കു യജമാനൻ?


43. പ്രണയം നമ്മുടെ പ്രവാചകനു...
 പ്രണയം നമ്മുടെ പ്രവാചകനു വഴിയും ദിശയും,
നമുക്കു ജന്മം തന്നതു പ്രണയം; പ്രണയം നമുക്കമ്മ.
അമ്മേ, ഉടലിന്റെ പടുതയ്ക്കു പിന്നിൽ നീ മറയുന്നു,
ഞങ്ങളുടെ ദ്വേഷപ്രകൃതം നിന്നെ മറയ്ക്കുന്നു.


44. താനാവണമെങ്കിൽ...

താനാവണമെങ്കിൽ തന്നിൽ നിന്നു പുറത്തുവരൂ,
ആഴം കുറഞ്ഞ ചാലു വിട്ടുപോരൂ,
നിറഞ്ഞൊഴുകുന്ന പുഴയിലൊഴുകിച്ചേരൂ.
ചക്കാലന്റെ ചക്രം തിരിക്കുന്ന കാളയാവരുതേ,
തലയ്ക്കു മേൽ തിരിയുന്ന നക്ഷത്രങ്ങൾക്കൊത്തു തിരിയൂ.


45. മറ്റൊരു തരം

നമുക്കു തന്നിരിക്കുന്നതു മറ്റൊരു തരം ഭാഷ,
സ്വർഗ്ഗവും നരകവുമല്ലാതൊരിടവും;
ഹൃദയങ്ങൾ സ്വതന്ത്രമായവർക്കാത്മാവു മറ്റൊരു തരം,
മറ്റൊരു തരം ഖനിയിൽ നിന്നു കുഴിച്ചെടുത്ത നിർമ്മലരത്നം.


46. അവളാനന്ദിക്കട്ടെ

സ്വർഗ്ഗത്തിൽ നിന്നൊരപ്പത്തിന്റെ പാതി കിട്ടിയവൾ,
സ്വന്തമാത്മാവു കൊണ്ടൊരു കുഞ്ഞുകൂടു നേടിയവൾ,
ആരെയും കാംക്ഷിക്കാത്തവ,ളാരും കാംക്ഷിക്കാത്തവൾ-
അവളാനന്ദത്തോടെ ജീവിക്കട്ടെ,
അവൾക്കുണ്ടല്ലോ ഒരാനന്ദപ്രപഞ്ചം.


47. നഗ്നര്‍ക്കുള്ളിടം


നേരം വളരെ വൈകി, മഴ പെയ്യുകയുമായി.
നമുക്കു വീട്ടിലേക്കു പോകാം, ചങ്ങാതിമാരേ.
കൂമന്മാരെപ്പോലെ നാം തെണ്ടിത്തിരിഞ്ഞ
ഈ പാഴിടങ്ങൾ വിട്ടു നാം പോവുക.
ആ കുരുടന്മാർ നമ്മെ മാടിവിളിയ്ക്കട്ടെ,
ഇവിടം വിട്ടു നാം പോവുക.
യുക്തികളെത്രയെങ്കിലും നിരത്തട്ടെ ബുദ്ധിമാന്മാർ,
അതു കേട്ടിരുട്ടടയ്ക്കാതിരിക്കട്ടെ നമ്മുടെ ഹൃദയങ്ങൾ.
നമ്മെ തടുക്കുകയുമരുത്,
ഈ പ്രണയത്തിന്റെ മായാനാടകം,
ഈ സങ്കല്പസ്വർഗ്ഗവും.
ചിലരൊരു നെന്മണിയേ കാണൂ,
കൊയ്തുകൂട്ടുന്നതവർ കാണില്ല.
‘എങ്ങിനെ’, ‘എന്തിനെ’ന്നുള്ള ചോദ്യങ്ങളും വേണ്ട.
കാലികൾ മേഞ്ഞുനടക്കട്ടെ.
നാം വീട്ടിലേക്കു പോവുക,
അവിടെയാണു വിരുന്നും സദിരും.
നഗ്നരും നിർമ്മലരുമായവർക്കുള്ളൊരു വീടല്ലോ,
അവിടെ പണിതിട്ടിരിക്കുന്നു.


48. നാം കൊതിക്കുന്ന ചുംബനം


പ്രാണന്റെ പ്രാണനെടുത്തും
നാം കൊതിക്കുമൊരു ചുംബനം:
ഉടലിലാത്മാവിന്റെ സ്പർശനം.
കടൽവെള്ളം മുത്തിനോടു യാചിക്കുന്നു  
ചിപ്പി തകർത്തു പുറത്തു വരൂ.
ലില്ലിപ്പൂവിനുമെന്തു ദാഹം,
ഒരു കള്ളക്കാമുകന്റെ കൈകൾക്കായി!
രാത്രിയിൽ ഞാൻ ജനാല തുറന്നിടും,
ചന്ദ്രനെ ഞാൻ മാടിവിളിയ്ക്കും:
നിന്റെ മുഖമെന്റെ മുഖത്തൊന്നമർത്തൂ.
ആ പ്രാണനിശ്വാസമൊന്നു പകരൂ.
ഭാഷയുടെ വാതിലടയ്ക്കൂ,
പ്രണയത്തിന്റെ ജനാല തുറക്കൂ.
വാതിൽ വഴി വരില്ല ചന്ദ്രൻ,
അവൻ വരുന്നതു ജനാല വഴിയേ.


49. നിന്നെക്കണ്ടിട്ടും...


നിന്നെക്കണ്ടിട്ടും പുഞ്ചിരി വരാത്തൊരാൾ,
വിസ്മയപ്പെട്ടു വാപൊളിക്കാത്തൊരാൾ,
സ്വഗുണങ്ങളിരട്ടിയാകാത്തൊരാൾ-
ഒരു തടവറയുടെ കല്ലും കുമ്മായവുമല്ലാതയാളാരാകാൻ?


50. സ്ത്രീസ്നേഹം

സ്ത്രീയുടെ സ്നേഹം പുരുഷനെ വശപ്പെടുത്തും.
ദൈവമാവിധം ചെയ്തുവച്ചിരിക്കെ
നിങ്ങളെങ്ങനെയൊഴിഞ്ഞുമാറും?
ആദാമിനാശ്രയമായി സ്ത്രീയെ സൃഷ്ടിച്ചുവെങ്കിൽ
ആദാമെങ്ങനെ ഹവ്വയെപ്പിരിയും?
സ്ത്രീയെന്നതു ദൈവരശ്മി.
സൃഷ്ടിച്ചതല്ലവളെ,
സൃഷ്ടിക്കുകയാണവൾ.


51. നിസ്സഹായരാവുക


നിസ്സഹായരാവുക,
കണ്ണും കാതുമടഞ്ഞവരാവുക,
അതെയെന്നോ അല്ലയെന്നോ പറയാനാവാതെയാവുക.
എങ്കിലുന്നതത്തിൽ നിന്നൊരു മഞ്ചമിറങ്ങിവരും,
നമ്മെ വാരിയെടുത്തുകൊണ്ടുപോകും.

പാട കെട്ടിയ നമ്മുടെ കണ്ണുകൾക്കാവില്ല
അതിന്റെ സൗന്ദര്യം കാണാൻ.
കഴിയുമെന്നു നാം സമർത്ഥിച്ചാൽ
അതൊരു നുണ.
ഇല്ലെന്നു പറഞ്ഞാൽ
നാമതു കാണുന്നുമില്ല.
ഇല്ല നമ്മെ ഗളഛേദം ചെയ്യും,
കാതലിലേക്കുള്ള വാതിലിറുക്കിയടയ്ക്കും.

അതിനാൽ നാം തീർച്ചകൾ വെടിഞ്ഞവരാവുക,
മതി കെട്ടവരാവുക.
അതുകണ്ടതിശയജീവികളോടിവരട്ടെ
നമ്മെ തുണയ്ക്കാൻ.
മനം മറിഞ്ഞും നാവിറങ്ങിയും
ഒരു വട്ടപ്പൂജ്യത്തിൽ വളഞ്ഞുകിടന്നും
നാമൊടുവിൽ പറഞ്ഞുവെന്നാവും
വമ്പിച്ച വാഗ്വൈഭവത്തോടെയും-
ഞങ്ങളെ നയിച്ചാലും.
ആ സൗന്ദര്യത്തിനടിയറവു പറഞ്ഞതിൽപ്പിന്നെ
വലുതായൊരു കാരുണ്യവുമാവും നാം.


52. അവനെ വശഗനാക്കാൻ

എന്റെ വാഗ്ധാടി കൊണ്ടു ഞാനവനെ വശത്താക്കും,
യുക്തി പറയുന്നു.

എന്റെ മൗനം കൊണ്ടു ഞാനവനെ വശത്താക്കും,
പ്രണയം പറയുന്നു.

എന്റേതൊക്കെ അവന്റേതായിരിക്കെ
എങ്ങനെ ഞാനവനെ വശത്താക്കാൻ?
ആത്മാവു ചോദിക്കുന്നു.

അവനു വേണ്ടതായില്ലൊന്നും,
അവനാവലാതികളില്ലൊന്നും,
സുഖാനുഭൂതികൾ വേണമെന്നില്ലവനും-
എങ്ങനെ ഞാനവനെ വശത്താക്കാൻ,
മധുരിക്കുന്ന മദിര കാട്ടി, പൊന്നും പണവും കാട്ടി?

മനുഷ്യന്റെ വടിവു പൂണ്ടവനെങ്കിലും
മാലാഖയാണവൻ.
മാലാഖമാർ പോലും പറക്കില്ല
അവന്റെ സാന്നിദ്ധ്യത്തിൽ-
എങ്ങനെ പിന്നെ ഞാനവനെ വശത്താക്കാൻ,
സ്വർഗ്ഗീയമായൊരു രൂപമെടുത്തും?

അവൻ പറക്കുന്നതു ദൈവത്തിന്റെ ചിറകുകളിൽ,
നറുംവെളിച്ചമവനു ഭോജനം-
എങ്ങനെ ഞാനവനെ വശത്താക്കാൻ,
ഒരപ്പക്കഷണമെടുത്തുകാട്ടി?

വ്യാപാരിയല്ലവൻ, തൊഴിലുടമയല്ലവൻ,
എങ്ങനെ ഞാനവനെ വശത്താക്കാൻ-
വലിയ ലാഭത്തിന്റെ പദ്ധതികൾ നിരത്തി?

അന്ധനല്ലവൻ, വിഡ്ഢിയുമല്ലവൻ-
എങ്ങനെ ഞാനവനെ വശത്താക്കാൻ-
മരണക്കിടക്കയിലാണു ഞാനെന്നൊരഭിനയം നടത്തി?

ഭ്രാന്തനാവും ഞാൻ, മുടി പിഴുതെടുക്കും ഞാൻ,
ചെളിയിൽ മുഖമുരയ്ക്കും ഞാൻ-
എങ്ങനെയതുകൊണ്ടു ഞാനവനെ വശത്താക്കാൻ?

എല്ലാം കാണുന്നവനവൻ-
എങ്ങനെ ഞാനവനെ കബളിപ്പിയ്ക്കാൻ?

കീർത്തി തേടിപ്പോകില്ലവൻ,
മുഖസ്തുതി കേൾക്കുന്ന രാജാവുമല്ലവൻ-
എങ്ങനെ ഞാനവനെ വശത്താക്കാൻ,
ഒഴുക്കുള്ള പദങ്ങളും കാവ്യാലങ്കാരങ്ങളും പാടി?

പ്രപഞ്ചമെങ്ങും അവന്റെയദൃശ്യരൂപം നിറയവെ
എങ്ങനെ ഞാനവനെ വശത്താക്കാൻ,
വെറുമൊരു സ്വർഗ്ഗത്തിന്റെ വാഗ്ദാനം നൽകി?

ഭൂമി മുഴുവൻ ഞാൻ പനിനീർപ്പൂ വിതറാം,
കണ്ണീരു കൊണ്ടു കടലു നിറയ്ക്കാം,
കീർത്തനങ്ങൾ ചൊല്ലി മാനം കുലുക്കാം-
അതിനൊന്നുമാവില്ലവനെ വശത്താക്കാൻ.

വഴിയൊന്നേയുള്ളു,
അവനെ, എന്റെ പ്രിയനെ വശഗനാക്കാൻ-

അവന്റേതാവുക.


2 അഭിപ്രായങ്ങൾ:

അമ്പി പറഞ്ഞു...

എന്റെ പ്രിയനെ വശഗനാക്കാൻ-

അവന്റേതാവുക. Excellent. ..

Unknown പറഞ്ഞു...

Excellent