2017, മാർച്ച് 2, വ്യാഴാഴ്‌ച

റിൽക്കെ - ഷ്മാർജെൻഡോർ ഡയറിയിൽ നിന്ന്



ബർലിനു തെക്കുപടിഞ്ഞാറായി ഗ്രൂൺവാൽഡ് വനത്തിനരികിലുള്ള അവധിക്കാലസങ്കേതമാണ്‌ ഷ്മാർജെൻഡോർ (Schmargendorf). ലൂ അന്ദ്രിയാസ് സലോമി ഭർത്താവുമൊത്തു താമസിച്ചിരുന്നത് ഇവിടെയാണ്‌. ഫ്ളോറൻസിൽ നിന്നു വന്നതിനു ശേഷം റിൽക്കെ ഇവിടേക്കു താമസം മാറ്റി.


1898 ജൂലൈ 11

ഇന്നലെയുടേയും അതിനു തലേന്നാളിന്റേയും നിശ്വാസത്തിന്‌ എന്തിനിത്രയും വ്യഗ്രതയോടെ കാതോർക്കുന്നു-രണ്ടും ഉറക്കത്തിലാണെന്നിരിക്കെ, വർത്തമാനകാലനിമിഷം ഉണർന്നിരുപ്പുണ്ടെന്നിരിക്കെ? പ്രബലവും ധൃഷ്ടവുമായ ഒരു കരിമ്പാറക്കെട്ടിനു മുന്നിൽ നിന്നുകൊണ്ട് ഇന്നലെ അതിനു മേൽ പെയ്ത മഴയെക്കുറിച്ചു ചിന്തിക്കുന്നതുപോലെയല്ലേ അത്?

ആളുകൾ തങ്ങൾ യഥാർത്ഥത്തിൽ തറവാടികളല്ലെന്നു തെളിയിക്കുന്നതും ഈ വിധത്തിലാണ്‌. മണ്മറഞ്ഞ മഹാന്മാരായ പൂർവ്വികരുടെ അപദാനങ്ങൾ പാടിക്കൊണ്ടിരുന്നാൽ തങ്ങൾ കുലീനരായി എന്നവർ കരുതുന്നു. ആ നേരം കൊണ്ട് സ്വന്തം സാദ്ധ്യതകളെ ആഘോഷിക്കുകയും വാഴ്ത്തുകയും ചെയ്തിരുന്നെങ്കിൽ അതിലുമെത്രയോ കുലീനരായേനേ അവർ.

മണ്മറഞ്ഞുപോയ മഹാനായ ഒരു പൂർവ്വികനെക്കുറിച്ചു പറയുന്ന ഒരാൾക്ക് അദ്ദേഹത്തെക്കുറിച്ചുള്ള ചില ഉപാഖ്യാനങ്ങളല്ലാതെ ഒന്നും അറിയില്ല. എന്നാൽ ആർക്കുള്ളിൽ മഹാനായ ഒരു പൂർവ്വികൻ ഉയിർത്തെഴുന്നേല്ക്കുന്നു, അയാൾ പൂർവ്വകഥകൾ ഉരുക്കഴിക്കുന്നില്ല.

അതുകൊണ്ടാണ്‌ ഉൾക്കാതലുള്ള ഒരാൾക്ക് താൻ ആദിമനുഷ്യനാണെന്ന തോന്നലുണ്ടാകുന്നതും. കാരണം, തന്നിൽ നിന്നു തുടങ്ങുന്ന ലോകത്തിനു പിന്നിൽ ഒരു ചരിത്രം അയാൾ കാണുന്നില്ല; അയാൾക്കു സംസ്കാരവും ശക്തിയും രീതിയും അഭിരുചികളും നല്കിയ ആ പിതാക്കന്മാരും പൂർവ്വികരും അയാളുടെ സമകാലികരാണ്‌, അവർ പ്രവർത്തിക്കുന്നത് അയാളിലാണ്‌, അയാൾക്കു മുമ്പല്ല. ശേഷമുള്ളവർ, കഷ്ടം, അവർ ജീവിച്ചതു മറ്റു നക്ഷത്രങ്ങളിലായിരുന്നു; അവർ മരിച്ചതും മറ്റു നക്ഷത്രങ്ങളിലായിരുന്നു!

ഒരു കാലഘട്ടത്തോടു ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണനാർഹമാകുന്നത് ആ കാലഘട്ടത്തിന്റെ പരിസരത്തിൽ മാത്രമാണ്‌. ചരിത്രമൂല്യം പുരാവസ്തുക്കൾ ശേഖരിക്കുന്നവർക്കു മാത്രം താങ്ങാൻ പറ്റുന്ന വൻവിലയാണ്‌, അത്രയും വില കൊടുക്കാൻ എല്ലാവർക്കും താല്പര്യമില്ല.

ചരിത്രത്തിന്റെയും അതിന്റെ ഫലങ്ങളുടേയും കാര്യത്തിൽ പിന്നെ പേടിക്കാനുള്ളതിതാണ്‌: ഭൂതകാലത്തിൽ നിന്നുള്ള സംഗതികൾക്കരികിൽ ഓരോ സമകാലികനിമിഷവും (അതിനി എത്ര സമീപസ്ഥവും ചലനാത്മകവുമായിക്കോട്ടെ) തീരെച്ചെറുതായി, ഞെരുങ്ങി, നിസ്സഹായമായി നില്ക്കുന്നതായിട്ടാണു കാണപ്പെടുക. പോയ കാലത്തുനിന്നുള്ള മഹദ്‌രൂപങ്ങൾ അനുകരണോത്സുകികളായ വരുംതലമുറകൾക്കു നല്കുന്ന പ്രോത്സാഹനവും ഉത്കർഷേച്ഛയുമൊക്കെ വന്ധ്യവും അഗണ്യവുമായിത്തോന്നും,  ഓരോ വീരപുരുഷനും ശേഷിപ്പിച്ചുപോയ ഒഴിഞ്ഞ ഇടങ്ങളെ തൊഴുകൈകളുമായി പ്രദക്ഷിണം വയ്ക്കുകയാണ്‌ അലസഭക്തി എന്നു കാണുമ്പോൾ.

തങ്ങൾക്കിടയിൽ നിന്ന് ശക്തനും മഹാനുമായ ഒരാൾ ഉയർന്നുവരുമ്പോൾ ആളുകൾ ആശ്ചര്യചകിതരായിപ്പോകുന്നു; അയാൾ മണ്മറഞ്ഞേറെക്കാലം കഴിഞ്ഞും അവർ ആ ഒഴിഞ്ഞ ഇടത്തിനു ചുറ്റും കൂട്ടം കൂടി നില്ക്കും, കനപ്പെട്ട വാക്കുകളും പൊള്ളയായ ചേഷ്ടകളുമായി.

അലസതയും ഇവിടെ കടന്നുവരുന്നുണ്ട്. ആളുകൾ തങ്ങളുടെ ഊർജ്ജത്തിന്റെ ഒരോഹരി വ്യയം ചെയ്യണമെന്നേയുള്ളു, അതെങ്ങനെ വേണമെന്നതു പ്രശ്നമേയല്ല. ഇനി, ഒരു രാഷ്ട്രതന്ത്രജ്ഞനോ ഒരു സൈനികമേധാവിയോ ഒരു രാജാവോ ഇച്ഛാശക്തിയുടെ വീര്യം ഒന്നെടുത്തു പ്രയോഗിച്ചാൽ ബാക്കിയുള്ളവർക്ക് ഒരു ഭാരമൊഴിഞ്ഞ പ്രതീതിയാണ്‌, തങ്ങളുടെ കടമ നിർവഹിക്കേണ്ട ഭാരത്തിൽ നിന്ന് അവർക്കൊഴിവു കിട്ടിക്കഴിഞ്ഞു. കാരണം, അവർ വിശ്വസിക്കുന്നതിങ്ങനെയാണ്‌: തങ്ങൾ തന്നെയാണല്ലോ തങ്ങളിൽ നിന്ന് ഇങ്ങനെയൊരു വീരനായകനു ജന്മം കൊടുത്തത്; കുറേക്കാലത്തേക്ക് ഇതു മതിയാവും!

നിത്യജീവിതം തള്ളിനീക്കിക്കൊണ്ടു പോകുന്നവരിൽ നിന്നാണ്‌ ചരിത്രവാദത്തിന്‌ അതിന്റെ ഏറ്റവും നല്ല അനുയായികളെ കിട്ടുക. വർത്തമാനകാലത്തിന്‌ തങ്ങളോടെത്ര മമതയാണെന്നറിയാവുന്ന അവർക്ക് കാലം കഴിഞ്ഞ ഒരു മഹത്വത്തിന്റെ സംരക്ഷകരാണു തങ്ങളെന്ന ബോധത്തിൽ നെഞ്ചു വിരിച്ചു നില്ക്കാനാകുന്നു.

ഉദാഹരണത്തിന്‌, വർത്തമാനകാലലോകത്ത് തങ്ങളുടെ രാജ്യത്തിനു വലിയ പ്രമാണിത്തമൊന്നുമില്ല എന്ന നാണക്കേടിൽ നിന്ന് ഫ്രഞ്ചുകാർ സ്വയം കുറ്റവിമുക്തരാക്കുന്നത് തങ്ങൾക്കു നെപ്പോളിയൻ ഉണ്ടായിരുന്നു എന്ന വസ്തുത പറഞ്ഞുകൊണ്ടാണ്‌. അങ്ങനെയൊരു മനോഭാവത്തിന്‌ അടിസ്ഥാനമില്ലെന്നും പറഞ്ഞുകൂടാ. ദേശീയനായകന്മാർക്കും രാഷ്ട്രതന്ത്രജ്ഞന്മാർക്കും തങ്ങളുടെ മഹത്തായ ഇച്ഛാശക്തിയല്ലാതെ മറ്റൊന്നും നല്കാനില്ല; എന്നാൽ അവരുടെ സമൃദ്ധിയും ഊർജ്ജവുമാണ്‌ ജനങ്ങളുടെ ശക്തി. നൂറ്റാണ്ടുകളായി ചപലമായ ഭ്രമങ്ങൾക്കു വേണ്ടി സ്വന്തം കരുത്തുകൾ തുലച്ച ഒരു ജനതയ്ക്കു മേൽ നെപ്പോളിയൻ ഒന്നാമനെപ്പോലൊരാൾ സ്വയം പ്രതിഷ്ഠിക്കുമ്പോൾ ഒരു മുഴുവൻ നൂറ്റാണ്ടിന്റെയും ശക്തി ജനങ്ങളിൽ നിന്നയാൾ മുൻകൂറായി കൈവശപ്പെടുത്തുന്നു, ഒരു മുഴുവൻ ഭാവിയുടെ ആസ്തികൾ വലിയ ഒരൊറ്റ മുഹൂർത്തത്തിനായി ഉപയോഗപ്പെടുത്തുന്നു.
*

1899 നവംബർ 3

തുടക്കങ്ങൾ എനിക്കിഷ്ടമാണ്‌, എല്ലാ തുടക്കങ്ങൾക്കുമൊപ്പം ഭീതിയും അനിശ്ചിതത്വവുമുണ്ടെങ്കിലും. ഒരാഹ്ളാദത്തിനോ പ്രതിഫലത്തിനോ ഞാൻ അവകാശിയായാൽ, എന്തെങ്കിലുമൊന്നില്ലായിരുന്നുവെങ്കിൽ എന്നെനിക്കാഗ്രഹം തോന്നിയാൽ, ഒരനുഭവത്തിന്‌ എന്റെ ഭൂതകാലത്തിൽ ഞാൻ അവകാശം നിഷേധിച്ചാൽ- ആ നിമിഷം ഞാൻ തുടങ്ങുകയായി. എന്തിലേക്ക്? തുടങ്ങുന്നു- അതു തന്നെ. ഒരായിരം ജീവിതങ്ങൾക്ക് ഇതുവരെ ഞാൻ തുടക്കമിട്ടു കഴിഞ്ഞു. ഈ ജീവിതങ്ങളെല്ലാം ജീവിച്ചു തീർക്കണമെങ്കിൽ ഒരു തലമുറ അങ്ങനെതന്നെ വരേണ്ടിവരും...

എന്നാൽക്കൂടി, എന്റെ ജീവിതം തുടങ്ങുക എന്ന പ്രക്രിയക്ക് ഞാൻ തുടക്കം കുറിച്ചുകഴിഞ്ഞു എന്നുവരാം. മുഴുമിച്ചിട്ടല്ലാതെ നാം കൈവിടാത്ത ആ ജീവിതം; അല്ലെങ്കിൽ സത്യസന്ധമായ ആ ജോലിക്കിടയിൽ നാം മരിക്കണം. അപ്പോൾ നാം സ്വന്തമായി കരുതിയ ആ ജീവിതം മറ്റൊരാളിലോ ഒരു ഭൂദൃശ്യത്തിലോ ദൈവത്തിലോ അവരോഹണം ചെയ്യും. ഒരു ഘട്ടം വരെ നിങ്ങളതിനെ കൊണ്ടെത്തിച്ചാൽ പിന്നെയത് ഏതു വിധേനയും സ്വയം പൂർത്തിയാക്കിക്കോളും- നിങ്ങളുടെ വർത്തമാനകാലത്തോ മറ്റൊരു കാലത്തോ. എങ്കിൽ എന്തിനു പേടിക്കുന്നു?
*

ഒരുപാടു കാര്യങ്ങളെക്കുറിച്ചു ഞാൻ ചിന്തിച്ചുപോകുന്നു; വെടിക്കെട്ടു കാണാൻ നില്ക്കുന്ന കുട്ടികളെപ്പോലെയാണ്‌ എന്റെ ചിന്തകളെന്നേയുള്ളു. അടുത്തുകൂടി, അമിട്ടുകൾ ഉയരുന്നതും കാത്ത്, ഇരുട്ടിലേക്കു കണ്ണുകളയച്ച് അവർ നില്ക്കുന്നു. ഹൃദയങ്ങളോടിക്കിതയ്ക്കുന്നതും നീട്ടിപ്പിടിച്ച കഴുത്തുകളിലേക്കു ചോര യിരച്ചെത്തുന്നതും ചിലനേരം തങ്ങളുടെ കണ്ണിമകളില്പോലും ചോര തിര തല്ലുന്നതും അവർ അറിയുന്നുണ്ട്. എന്നാൽ നിലത്തു നിന്നമിട്ടുയർന്ന്, ആകാശത്തേക്കു പൊങ്ങി, അവിടെ വച്ചു പൊട്ടിച്ചിതറുന്ന നിമിഷം അവർക്ക് തിരിഞ്ഞ് തങ്ങളിൽത്തങ്ങളിൽ എന്തിനെക്കുറിച്ചോ സംസാരിക്കേണ്ടിവരുന്നു; അതോടെ അതെല്ലാം അവർക്കു നഷ്ടമായിക്കഴിഞ്ഞു. അവർ പിന്നെയും അവിടെ നില്ക്കുന്നു, വ്യഗ്രമായ ഹൃദയവുമായി അവർ കാത്തുനില്ക്കുന്നു; പക്ഷേ അവർക്കു കാണാൻ രാത്രിയേയുള്ളു, സൗഹൃദം ഭാവിക്കുന്ന നിശ്ശബ്ദനക്ഷത്രങ്ങളും.

എന്നാൽ, അഗ്നിഗോളങ്ങളുടെ ചുവപ്പും നീലയും വെള്ളിയും നിറത്തിലുള്ള വെളിച്ചപ്പൂരം കൊണ്ട് അമിതലാളന കിട്ടിയ മറ്റുള്ളവർക്കെന്നതിനേക്കാൾ എത്രയോ വലുതാണ്‌ ആ നക്ഷത്രങ്ങൾ അവർക്ക്. ചിലനേരത്തെന്റെ ചിന്തകൾ നക്ഷത്രങ്ങളേയും കടന്ന്, അവയ്ക്കു പിന്നിൽ രാത്രികൾ ഇരുളുകയും കനക്കുകയും ചെയ്യുന്ന മേഖലയിലേക്കു പോകാറുണ്ട്. അപ്പോൾ ആരോ ഇങ്ങനെ ജപിക്കുന്നതെനിക്കു കേൾക്കാം:

അന്ത്യഗാനവും പാടിക്കഴിഞ്ഞേറെനേരത്തില്പിന്നെ,
ഒരു നിശ്ശബ്ദത ശേഷിക്കുന്നു, അഗാധവും വിശാലവുമായി:
ഒരേയൊരന്ധകാരത്തിനുള്ള നിരവധി നാമങ്ങൾ,
നക്ഷത്രങ്ങൾ.
*

എന്റെ ഏറ്റവും നല്ല നേരങ്ങളിൽ നിന്റെ പുഞ്ചിരിയെ ഞാനൊരു നഗരമായിക്കരുതും, ദീപ്തവും സജീവവുമായ ഒരു വിദൂരനഗരം- നിന്നിൽ നിന്നൊരു വാക്കിനെ ഞാനൊരു ദ്വീപായി തിരിച്ചറിയും, ബെർച്ചുമരങ്ങൾ, അല്ലെങ്കിൽ പൈനുകൾ, പ്രശാന്തവും ഉല്ലാസഭരിതവുമായ മരങ്ങൾ നിറഞ്ഞ ഒരു ദ്വീപ്. നിന്റെ നോട്ടം ഞാനൊരു കിണറായി കരുതും, വസ്തുക്കൾ മുങ്ങിത്താണു കാണാതെയാവുന്ന, വീണുപോകുമെന്ന ഭീതിദവും ധന്യവുമായ ചിന്തകൊണ്ട് സൂര്യൻ പോലും വിറ കൊണ്ടുപോകുന്ന കിണറ്‌.


*
1899 നവംബർ 25

തനിക്കു ജന്മം തന്നു വളർത്തിയ ദേശത്തേക്കു കവി ചെല്ലുന്നില്ലെങ്കിൽ ആ ദേശം എല്ലാ വസ്തുക്കളിലൂടെയും കവിയിലേക്കു ചെല്ലും.
*

1900 ഏപ്രിൽ 7

നഗരത്തിന്റെ കലാപത്തിനു ശേഷം ഉന്നതവും ക്ഷമാശീലവുമായ ഈ കാടുകൾ പിന്നെയും കാണുമ്പോൾ!എത്ര അഭിജാതമാണ്‌ ഈ നില്പ്, ഈ ശാന്തത. മനുഷ്യജീവികളുടെ ഭീഷണമായ ചേഷ്ടകൾ കണ്ടു മനസ്സു കലങ്ങിനില്ക്കുമ്പോൾ ചലനങ്ങളിൽ മഹത്തായതായി രണ്ടെണ്ണമേയുള്ളുവെന്നു നമുക്കു തോന്നിപ്പോകുന്നു- ഉയർന്നുപറക്കുന്ന ഒരു കിളിയുടെ ചിറകടിയും മരത്തലപ്പുകളുടെ ഉലച്ചിലും. എങ്ങനെ ചലിക്കണമെന്ന് നമ്മുടെ ആത്മാവുകളെ പഠിപ്പിക്കുകയാണ്‌ ഈ രണ്ടു ചേഷ്ടകളും.

 

1900 ഏപ്രിൽ 7

നിങ്ങൾക്കൊപ്പമായിരിക്കുമ്പോൾ നിങ്ങളിൽ മുഴുകിപ്പോവുകയാണു ഞാൻ, മനുഷ്യരേ. എന്തെന്നാൽ, ഈ തെരുവുകൾ നിങ്ങളുടേതാണല്ലോ; അവയിലൂടെ നടക്കുകയുമസാദ്ധ്യം- നിങ്ങൾക്കു പിന്നിലായല്ലാതെ, നിങ്ങൾക്കു മുന്നിലായല്ലാതെ, നിങ്ങൾക്കടുത്തായല്ലാതെ, തിടുക്കപ്പെടുന്ന അനേകർക്കിടയിൽ തിടുക്കപ്പെടുന്ന മറ്റൊരാൾ, വ്യത്യസ്തരായവർക്കിടയിൽ ഒരൊറ്റയാൻ. ഇനിയൊരു നാൾ, നിങ്ങൾക്കു വൈദേശികതയായ ഒരു ദേശത്തു നിന്നു ഞാൻ മടങ്ങിയെത്തുമ്പോൾ, അന്ധാളിക്കാതെ ഞാൻ നിങ്ങളുടെ തെരുവുകളിലൂടെ കടന്നുപോകും, വ്യത്യസ്തരായവർക്കിടയിൽ വ്യത്യസ്തനായ മറ്റൊരാൾ.

മൂഢമായ ഈ തെരുവുകളിൽ കാണുന്ന പൂപ്പൽ പിടിച്ച ശീലങ്ങൾ
നിങ്ങൾ പിന്നിൽ വെടിഞ്ഞുപോകണം,
നിങ്ങളിന്നുമാശ്രയിക്കുന്ന മൂകമായ വഴങ്ങലുകൾക്കു നേരെ
നിങ്ങൾ വാതിൽ കൊട്ടിയടയ്ക്കണം;
നിങ്ങൾക്കെന്നും വിശ്വാസമായ ആ നുണകളൊക്കെക്കെടുത്തുക,
എന്നാലല്ലാതെ സ്വന്തമാത്മാവിന്റെ തുടക്കത്തിൽ നിങ്ങളെത്തില്ല,
മനുഷ്യരിൽ നിന്നെല്ലാക്കാലത്തേക്കുമായി നിങ്ങളെ വിച്ഛേദിക്കുന്ന
അത്ഭുതപ്രവൃത്തികൾ നടത്തുകയാണെന്നറിയാതെ
കടലിനു മീതേ കൂടി ശാന്തനായി നിങ്ങൾ നടന്നുപോകില്ല.

പുറത്തേക്കു കണ്ണും പായിച്ചിരിക്കുന്നവരൊക്കെ ഇന്നലെങ്കിൽ നാളെ മരുഭൂമിയിലേക്കിറങ്ങിപ്പോകാനുള്ള വ്യഗ്രതയ്ക്കു വശംവദരാകും. അരിഷ്ടിച്ച ഭക്ഷണവുമായി ഒരു പാറയ്ക്കു മേൽ ചെന്നിരിക്കാൻ, കണ്ണുകളെ വലിച്ചുതാഴ്ത്തുന്നത്ര ഭാരമേറിയ ചിന്തകൾ ചിന്തിച്ചിരിക്കാൻ. എന്നിട്ടും മരുഭൂമി തേടിപ്പോയവരൊക്കെ ഇന്നല്ലെങ്കിൽ നാളെ തങ്ങൾ വിട്ടുപോയവരിലേക്കു തിരിച്ചെത്തുകയും ചെയ്തിരിക്കുന്നു. സമൂഹജീവികളെ ഏകാന്തതയുടെ പാഠം പഠിപ്പിക്കാൻ അവർ ശ്രമിച്ചു; അ ശ്രമത്തിൽ അവർ തളർന്നു, അവരുടെ മനസ്സിടിഞ്ഞു, യാതനപ്പെട്ട നിസ്സാരമരണം വരിച്ചു. പക്ഷേ നാം പോകേണ്ടത് മരുഭൂമിക്കുമപ്പുറത്തേക്കാണ്‌, ഉദ്ദിഷ്ടദിശയിൽ നിന്നു നാം കണ്ണെടുക്കുകയുമരുത്. അതിനാവുന്നവനേ ഏകാന്തതയ്ക്കുമപ്പുറത്ത് എന്താണെന്നറിയുന്നുള്ളു- മരുഭൂമി തേടിപ്പോകുന്നതെന്തിനാണെന്നും അറിയുന്നുള്ളു. അവനു വഴി തെറ്റില്ല, അവനു തളർച്ച പറ്റില്ല, അവനുണ്ടായിരുന്നതേയില്ല എന്ന വിധത്തിലായിരിക്കില്ല അവന്റെ മരണവും.

മരുഭൂമി ഒരു കവാടം മാത്രമാണെന്നോർമ്മ വയ്ക്കുക, അവിടെ നിന്നു തിരിച്ചുവരുന്നവർ ഭിക്ഷ കിട്ടിയതില്പിന്നെ ദേവാലയവാതില്ക്കൽ നിന്നു തിരിഞ്ഞുനടക്കുന്നവരാണെന്നും. അങ്ങനെയൊരു ഭിക്ഷ കിട്ടിയത് അവരെ ഒന്നുകൂടി ദരിദ്രരാക്കിയിട്ടേയുള്ളു, അവരുടെ കൈയിലിരിക്കുന്ന ചെമ്പുതുട്ട് ദാരിദ്ര്യത്തിനു കിട്ടിയ മൂർത്തരൂപവുമാണ്‌. ദേവാലയത്തിനുള്ളിലേക്കു കടന്നുചെന്നിരുന്നുവെങ്കിൽ അൾത്താരയും കടന്ന് പൂർവ്വദിക്കിലേക്ക് ഒഴിഞ്ഞ കൈകളുമായി അവർക്കു പോകാമായിരുന്നു, അവർ പിന്നെ കാണപ്പെടുകയുമില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ പക്ഷേ,  യാചകർ കൂടിയായ ഗുരുക്കന്മാരെപ്പോലെയാണവർ: ഭിക്ഷ കിട്ടിയതുമായി അവർ തിരിച്ചുവന്നിരിക്കുന്നു; അവരുടെ ചുണ്ടുകളിലെ നന്ദിവാക്കുകൾ തങ്ങളുടെ ഉപകാരികളുടെ പിന്നാലെ തിടുക്കപ്പെട്ടും നിസ്സഹായമായും ഒട്ടിനടക്കുന്നു; അതവർക്കൊരു മനശ്ശല്യമാവുകയുമാണ്‌.

 

1900 ഏപ്രിൽ

ഒരു പെൺകുട്ടിയുടെ കത്തിൽ നിന്ന്

...എല്ലാവരും ഉറക്കമായപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റുചെന്ന് ജനാല തുറന്നു. വീട്ടിലെ മറ്റു ജനാലകളെപ്പോലെ അതു കിരുകിരുത്തു ശബ്ദമുണ്ടാക്കിയില്ല. വിജാഗിരിയിൽ സൗമ്യമായി തിരിഞ്ഞ് അതു തുറന്നു; എന്റെ കൈകൾ വലിച്ചുതുറന്നപോലെയല്ല, മറുവശത്ത് ഈട്ടം കൂടിയ പരിമളം തള്ളിത്തുറന്നപോലെ. ഈ ജനാല തുറന്നത് ഒരു പൂമൊട്ടു പോലെയായിരുന്നു...അതിന്റെ പാളികൾ വിടർന്നത് ഒരു പൂവിനു പുറമേയുള്ള കട്ടിയുള്ള, തിളക്കം കുറഞ്ഞ ഇലകൾ പോലെയായിരുന്നു. പൂവിന്റെ ആഴങ്ങളിലേക്കു ഞാൻ നോട്ടമയച്ചു, എണ്ണമറ്റ ഇതളുകൾ രഹസ്യമാക്കി വയ്ക്കുന്ന രാത്രിയുടെ ഇരുണ്ട ദളപുടത്തിലേക്കെന്റെ നോട്ടമിറങ്ങിച്ചെന്നു.

അപ്പോൾ ഇതിനാണല്ലേ ‘യാത്ര ചെയ്യൽ’ എന്നു പറയുന്നത്, ഹെലൻ. ഇങ്ങനെയൊരു മാന്ത്രികഗ്രന്ഥത്തിന്‌ എത്ര സാധാരണവും വിരസവുമായ ഒരു പേരാണത്! അതിന്റെ ആദ്യത്തെ താൾ മറിക്കാൻ എനിക്കു കഴിയുന്നില്ല; അത്ഭുതങ്ങളോട് കുട്ടിക്കാലം മുതലേയുള്ള പേടി കാരണമാണത്. ഇതിനെയാണോ ആളുകൾ വെറുതേ ‘യാത്ര ചെയ്യൽ’ എന്നു വിളിക്കുന്നത്! അതിനു മറ്റൊരു പേരു കണ്ടെത്തേണ്ടതാണെന്ന് നിനക്കു തോന്നുന്നില്ലേ? അതിനെന്നെ നീ സഹായിക്കില്ലേ? അതു വേണ്ട: ഇപ്പോഴോ അല്ലെങ്കിൽ സ്വപ്നം കാണുമ്പോഴോ വിചാരിച്ചിരിക്കാതെ അങ്ങനെയൊന്നെനിക്കു കിട്ടിയാൽ അതു രഹസ്യമാക്കി വയ്ക്കാൻ സഹായിച്ചാൽ മതി. എന്താണ്‌ സ്വപ്നം കാണുക എന്നു പറഞ്ഞാൽ? മുറികളിലൂടലസമായി, സാവധാനമായി, തളർച്ചയുടെ വലകളിൽ കുരുങ്ങിയവരായി നാമലഞ്ഞ ആ ദീർഘാപരാഹ്നങ്ങളിൽ നാമന്യോന്യം പറഞ്ഞുകേൾപ്പിച്ച സ്വപ്നങ്ങൾ എന്തൊക്കെയായിരുന്നു? പ്രിയപ്പെട്ട ഹെലൻ, ആർഭാടവും സൗന്ദര്യവും കൊണ്ടെന്റെ സ്വപ്നങ്ങളുടെ ശോഭ കെടുത്തുന്നതാണു നിന്റെ സ്വപ്നങ്ങളെങ്കിലും, ഇവിടെ അവ പകൽവെളിച്ചത്തിലെ ക്രിസ്തുമസ്സ് മരം പോലെ വിളറിയതും നിസ്സാരവുമായിരിക്കും. ക്ഷമിക്കണേ: സ്വപ്നങ്ങളെ ഇത്ര നീ ആശ്രയിക്കുന്നത് ബുദ്ധിമോശമാണെന്ന് എനിക്കു തോന്നുന്നു. പലപ്പോഴും എത്ര പ്രയാസപ്പെട്ടിട്ടാണ്‌ നീ എഴുന്നേല്ക്കുന്നത്; എന്നിട്ട് ഉച്ച കഴിയുന്നതു വരെ നിന്റെ മുഖം പിന്നിലേക്കു തിരിഞ്ഞിരിക്കുകയാവും, നിന്റെ നെറ്റിക്കൊരു വിളറിയ വെളിച്ചമായിരിക്കും, ഇനിയുമസ്തമിക്കാത്ത മറ്റൊരു വെളിച്ചമാണതിനെ തിളക്കുന്നതെന്നപോലെ. നിന്റെ ചിന്തകളും ആ ദിക്കിലേക്കാണു പോവുക; നിന്റെ കണ്ണുകളിൽ പകലിനിടമില്ല; നിന്റെ കൈകളാവട്ടെ (എത്ര മെലിഞ്ഞതാണവ!), ആരും നോക്കാനില്ലാത്ത അനാഥക്കുട്ടികളെപോലെയും! കൂട്ടിയടച്ച നിന്റെ വായ ഒരു പാത്രവും കൈ നീട്ടാനില്ലെങ്കിലും ഭയമില്ലാതെ, സ്വയം ശോഷിപ്പിച്ചും, അരുവികളൊഴുകിയിറങ്ങുന്ന ആ മനോഹരമായ വെണ്ണക്കല്ലിന്റെ വദനങ്ങൾ പോലെ. ആ നേരങ്ങളിൽ നിന്റെ ചുണ്ടുകളിൽ നിന്നുമുണ്ട് ഒരു നീരോട്ടം. വിചിത്രവസന്തങ്ങൾ നിന്നെ താലോലിക്കുന്ന ഉദ്യാങ്ങൾക്കു നീരു പകരുന്നതതാണ്‌.

എന്നോടു ദേഷ്യം തോന്നരുതേ, ഹെലൻ. ആ സ്വപ്നാവസ്ഥ എനിക്കും എത്ര ഇഷ്ടമായിരുന്നുവെന്നു മനസ്സിലായപ്പോൾ മാത്രമാണ്‌ അതിലെ വലിയ അപകടം ഞാൻ തിരിച്ചറിഞ്ഞതും. നമ്മുടെ കണ്ണും കാതുമൊക്കെ മറ്റേതോ ദിക്കിലേക്കു തിരിച്ചുവച്ചാണു നാം ജീവിച്ചത്, ഹെലൻ. നമ്മുടെ അമ്മമാർ നമ്മുടെ കണ്ണുകളിൽ പെട്ടതേയില്ല, നമ്മുടെ അച്ഛന്മാരുടെ വിരളമായ സ്നേഹചേഷ്ടകളാവട്ടെ, നമ്മിലേക്കെത്തിയതുമില്ല. നമ്മുടെ മുറിയുടെ ചുമരുകൾക്ക് എന്തു നിറമാണെന്നു പറയട്ടെ? എനിക്കറിയില്ല. ആൾതാമസമില്ലാത്ത നമ്മുടെ വീട്ടിൽ ഒന്നു പോയി നോക്കിയിട്ട് എനിക്കെഴുതൂ. നമ്മുടെ ചുമരുകൾ സുതാര്യമാണെന്നു നാം കരുതി. എത്ര വലിയൊരു തെറ്റിദ്ധാരണയുമായിട്ടാണ്‌ നാം വളർന്നത്! മിനിയാന്ന് എനിക്കു സംഭവിച്ചൊരു സംഗതി പറയാം. ഇവിടെ, ഈ തെളിഞ്ഞ, പൊള്ളുന്ന ഉച്ചവെയിലിൽ മുന്തിരിത്തോപ്പുകൾക്കിടയിലുള്ള ഊഷരമായ കൊച്ചു വഴിത്താരകളെല്ലാം കണ്ണഞ്ചിക്കുന്നപോലെ വെട്ടിത്തിളങ്ങും- ഈ നേരത്ത് തീരെ നിർജ്ജനമാണെന്നതിനാൽ വിശേഷിച്ചും. എന്റെ തലയ്ക്കു മേലെത്തുന്ന (അതിനാൽ നിന്റെയും!) കന്മതിലുകൾ ഇരുപുറവുമായി നിങ്ങൾ അതിലൂടെ നടന്നുപോകുന്നു. വഴിയിലെ വെളുത്ത പൊടി കാരണം കണ്ണുകൾ തളരുമ്പോൾ ചുമരുകളിൽ ചാരി മയങ്ങിയിട്ടെന്നപോലെ നിങ്ങൾ നിന്നുപോകുന്നു. അവയും കണ്ണഞ്ചിക്കുന്നപോലെ വെട്ടിത്തിളങ്ങുന്നുണ്ട്. അവയുടെ ഉയരങ്ങളിൽ നിന്നു പാതയിലേക്കു നോക്കുന്ന സൂര്യൻ പക്ഷേ, ഒരു ദീപ്തലാഞ്ഛന മാത്രമേ വിട്ടുപോകുന്നുള്ളു. തന്നെയുമല്ല, കുമ്മായക്കൂട്ടടർന്നുപോയ ഭാഗങ്ങളിൽ പരുക്കനും ഊഷ്മളമായ നിറവുമാണവയ്ക്കെന്നതിനാൽ നിങ്ങളുടെ നോട്ടത്തിന്‌ അവിടെ ഒരു പിടുത്തം കിട്ടുകയുംചെയ്യുന്നു. ഒരു ക്രിസാന്തമപ്പൂവു വച്ചു തേച്ചപോലെ ചിലേടങ്ങളിൽ ഒരു ചുവപ്പുരാശി കാണുന്നു. കല്ലുകൾക്കിടയിലെ വിടവുകളിൽ നിന്നു തെറിച്ചുനില്ക്കുന്ന നേർത്ത, ചെറിയ കുറ്റികൾ താഴെ നിഴൽ വീഴ്ത്തുന്നു. നിങ്ങളുടെ കണ്ണുകൾ നടന്നുപോകുന്ന പരവതാനി പോലെയാണത്. ആ വിടവുകൾ അതിലുമിരുണ്ടതാണ്‌, വിളുമ്പോളം രാത്രി നിറഞ്ഞ ചഷകങ്ങൾ പോലെയാണവ. ഓരോ ചഷകത്തിൽ നിന്നും നുകരാനെന്നപോലെ നിങ്ങളുടെ കണ്ണുകൾ ഒന്നിൽ നിന്നൊന്നിലേക്കു ചാടിക്കടക്കുന്നു. പൊടുന്നനെയാണ്‌ ആ അഗാധമായ അന്ധകാരം പിൻവലിയുന്നത്; ആ ചെറിയ ചഷകങ്ങളിലൂടെ ഒരു തിര നീങ്ങിപ്പോയ പോലെയാണത്- ഇപ്പോഴവ ഒഴിഞ്ഞിരിക്കുന്നു, നിങ്ങൾ നോക്കുന്നത് അവയുടെ പരന്ന, നരച്ച അടിത്തട്ടിലേക്കാണ്‌. കിരുകിരു ശബ്ദമുണ്ടാക്കുന്ന കുഞ്ഞുജീവികൾ ഇരുട്ടും കൊണ്ടു കടന്നുകളഞ്ഞു; ഒച്ച കൂടിയ ഒരു ചലനത്താൽ നിങ്ങളതു നഷ്ടപ്പെടുത്തി. എവിടെയാണെന്റെ നോട്ടം പിന്നെയും പിന്നെയും ചെന്നു തങ്ങിയതെന്നറിയാമോ: കണ്ണുകളിൽ. ജാഗരൂകമായ ഒരായിരം കണ്ണുകളിൽ. ഓരോ പഴുതിലും ഒരു ഗൗളി ഉണർന്നിരിപ്പുണ്ടായിരുന്നു; അവിടങ്ങളിൽ ഞാൻ കണ്ട കറുപ്പ് അവ എന്നെ നോക്കുന്ന കണ്ണുകളായിരുന്നു. ഒരായിരം ഗൗളികൾ എന്നെയും നോക്കി ഇരിക്കുകയായിരുന്നു.

അറിയാമോ: എല്ലാ ചുമരുകളും ഇതുമാതിരി തന്നെ. എല്ലാ ചുമരുകളുമെന്നല്ല: എല്ലാ വസ്തുക്കളും! ഭാരമില്ലെന്നു തോന്നിയതിനാൽ നാം മുകളിലേക്കുയർത്തിയ നോട്ടമാകട്ടെ, പൊള്ളുന്ന ഭാരം പോലെ നാം താഴേക്കിട്ട നോട്ടമാകട്ടെ- അതിനെ കടന്നുപിടിയ്ക്കാനും പിടിച്ചുവയ്ക്കാനും ഒരു കണ്ണു തുറന്നുവരാനുണ്ടാവും; കൂടുതൽ തെളിച്ചമുള്ള മറ്റൊരു നോട്ടം അതു നമ്മൾക്കെറിഞ്ഞുതരികയും ചെയ്യും.ആ പുതിയ നോട്ടവുമായി നാം നോക്കിനടക്കും, അടുത്ത വസ്തുവിൽ നിന്ന് കൂടുതൽ മനോഹരമായ മറ്റൊരു നോട്ടം നമുക്കു കിട്ടും...വലിയൊരു ഭാഗ്യമല്ലേ അത്? നാം നോക്കിക്കൊണ്ടേയിരിക്കുന്നിടത്തോളം നമുക്കു പകരം കിട്ടുന്ന നോട്ടങ്ങൾ ഉജ്ജ്വലവുമായിർക്കും, ഒന്നിനൊന്നു മെച്ചവുമായിരിക്കും. ഹെലൻ, കഴിയുന്നിടത്തോളം കണ്ണുകളിലേക്കു നമുക്കു നോക്കാം!

എന്നാൽ ഒരു കണ്ണുമില്ലാത്തൊരിടത്തേക്കു നോക്കുന്നതിൽ വിലക്കുണ്ടെന്നു നിനക്കു തോന്നുന്നില്ലേ? നമ്മുടെ കണ്ണുകൾ ഊറ്റിക്കുടിക്കൂന്ന അന്ധരായ ശത്രുക്കളുണ്ടെന്നു നിനക്കറിയാമോ? നമ്മുടെ നോട്ടമെല്ലാം വറ്റി ഒഴിഞ്ഞ കൺപോളകളുമായിട്ടാവും പിന്നെ നാം നടക്കുക. സ്വപ്നത്തിന്റെ ചുണ്ടുകളിൽ നിന്നു നിന്റെ കണ്ണുകൾ പറിച്ചെടുക്കുക, ഹെലൻ. വസ്തുക്കളിലേക്കും സൂര്യനിലേക്കും നല്ലവരായ മനുഷ്യരിലേക്കും തിരിയട്ടെ നിന്റെ കണ്ണുകൾ; നോട്ടം കൊണ്ട് അവ പിന്നെയും നിറയട്ടെ...എന്റെ പ്രിയപ്പെട്ട കൂട്ടുകാരീ, നീയിപ്പോൾ എന്റെ കൂടെയുണ്ടായിരുന്നെങ്കിൽ! എന്റെയൊപ്പം വരാൻ നിന്റെ അച്ഛനമ്മമാർ സമ്മതിച്ചിരുന്ന്ങ്കിൽ; എങ്കിൽ ഞാൻ എത്ര മാറിപ്പോയെന്നു നിനക്കു കാണാമായിരുന്നു. എന്റെ കണ്ണുകളിലിപ്പോൾ ഒരായിരം കണ്ണുകളുണ്ട്. അവയിലേക്കു നോക്കാൻ നിനക്കായാൽ എല്ലാം നിനക്കു മനസ്സിലാകും, ഒറ്റ നിമിഷത്തിൽ എന്റെ മനസ്സ് നിനക്കു വായിക്കാനാകും. നീയെന്നെ ഉമ്മ വയ്ക്കും. നീ തേങ്ങിക്കരയും. ഞാനിപ്പോൾ കരയുന്നപോലെ; എന്റെ ചിരി തീരെ സാധാരണവും തീരെ ബാലിശവും വളരെ ഉച്ചത്തിലുമാണെന്നു തോന്നുന്നതിനാൽ ഇപ്പോൾ ഞാൻ കരയുന്നപോലെ.


നിന്റെ...

 

1900 സെപ്തംബർ 13

ഏകാകിയായ ഒരാളെ ചിലനേരമെന്തോ തേടിവരുന്നു, അത്ഭുതരോഗശാന്തി നല്കുന്ന ഒരൗഷധം പോലെ അതയാൾക്കു മേൽ പ്രവർത്തിക്കുന്നു; അതൊരു ശബ്ദമല്ല, ഒരു ശോഭയല്ല, ഒരു സ്വരം പോലുമല്ല. എന്നോ മണ്മറഞ്ഞ സ്ത്രീകളുടെ മന്ദഹാസമാണത്- കെട്ടുപോയ നക്ഷത്രങ്ങളുടെ വെളിച്ചം പോലെ യാത്ര ചെയ്തുതീരാത്ത ഒരു മന്ദഹാസം.

 

1900 സെപ്തംബർ 15

ഓരോ ആൾക്കും അയാൾക്കായി ഒരു ഗുരു എവിടെയോ ഉണ്ടെന്നതിൽ സംശയമില്ല. താൻ ഒരദ്ധ്യാപകനാണെന്നു കരുതുന്ന ഓരോ ആൾക്കുമായി എവിടെയോ ഒരു  വിദ്യാർത്ഥിയുമുണ്ടാവണം. അതിനാൽ തുറന്നു പറയൂ, ഗുരുക്കന്മാരേ, നിങ്ങൾക്കു സ്വരം കിട്ടിക്കഴിഞ്ഞെന്നാണെങ്കിൽ. രാത്രിയിലേക്കു കാതോർക്കൂ, കേൾവിക്കാരേ. ഓരോ ചുണ്ടും ആളുകളേയും കടലുകളും കടന്ന് അതിനുദ്ദിഷ്ടമായ കാതിലേക്കെത്തുന്ന ഒരു കാലം വരും. നാമിപ്പോഴും ആമുഖത്തിന്റെയും പ്രതീക്ഷയുടെയും കാലത്തു തന്നെയാണ്‌.



അഭിപ്രായങ്ങളൊന്നുമില്ല: