2016, മേയ് 27, വെള്ളിയാഴ്‌ച

യൊസ ബുസോൺ - ഹൈക്കു

buson2

ബഷോയ്ക്കു ശേഷം വന്ന പ്രമുഖനായ ഹൈക്കുകവിയാണ്‌ യൊസ ബുസോൺ . അദ്ദേഹം കവി മാത്രമല്ല, പേരെടുത്ത ചിത്രകാരൻ കൂടിയായിരുന്നു 1716-ൽ സെത്‌സുപ്രവിശ്യയിലെ കെമാഗ്രാമത്തിലാണ്‌ ജനനം.ബുസോണിന്ന്‌ എട്ടുവയസ്സുള്ളപ്പോൾ അച്ഛനമ്മമാർ വേർപിരിഞ്ഞു. ഇരുപതാമത്തെ വയസ്സിൽ കവിതയും ചിത്രകലയും പഠിക്കാനായി ഇഡോവിലെത്തി. ചൈനീസ്‌ ക്ലാസ്സിക്കുകളും കലയും പഠനവിഷയമാക്കുന്നതും ഇക്കാലത്തു തന്നെ. ഇരുപത്താറാമത്തെ വയസ്സിൽ ബുസോൺ തന്റെ നാടു കാണാനിറങ്ങി. മുൻഗാമിയായ ബഷോയുടെ വടക്കുദിക്കിലെ ഉൾനാടുകളിലേക്ക്‌ ഊടുവഴികളിലൂടെ എന്ന കൃതിയിലെ അതേ സഞ്ചാരപഥത്തിലൂടെ തല മുണ്ഡനം ചെയ്ത്‌ ഒരു ഭിക്ഷുവിനെപ്പോലെയായിരുന്നു ആ യാത്ര. ഭിക്ഷുവെങ്കിലും സാകിയും ഗെയ്ഷയും അദ്ദേഹത്തിന്റെ ദൗർബല്യങ്ങളായിരുന്നു. മുപ്പത്താറാമത്തെ വയസ്സിൽ ബുസോൺ ക്യോട്ടോവിൽ സ്ഥിരതാമസമാക്കി. ചിത്രകാരനെന്ന നിലയിൽ അദ്ദേഹം പേരുനേടുന്നത്‌ ഇക്കാലത്താണ്‌.
വിവാഹം കഴിക്കുന്നത്‌ നാൽപ്പത്തേഴാമത്തെ വയസ്സിലാണ്‌. അതിനു ശേഷവും പക്ഷേ, സാകി, ഗെയ്ഷ അഭിനിവേശം വിട്ടുപോയില്ല. അദ്ദേഹത്തിന്റെ ഹൈക്കുകാലമെന്നു പറയാവുന്നത്‌ അമ്പത്തഞ്ചു വയസ്സു മുതലാണ്‌. 1783-ൽ അറുപത്തേഴാമത്തെ വയസ്സിൽ ഒരു നെഞ്ചുവേദനയെത്തുടർന്ന് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചു. മരണസമയത്തെഴുതിയ ഹൈക്കുവാണിത്‌:



വെളുത്ത പൂക്കളിൽ
നാളത്തെ പകലായി
രാവു മാറുന്നു.


ബഷോവിന്റെ ഹൈകുവിൽ നിന്നു വ്യത്യസ്തമായി ബുസോണിന്റെ കവിതകളിൽ പ്രകടമായ തത്വചിന്തയല്ല കാണുക. ഒരു ചിത്രകാരന്റെ നോട്ടങ്ങളാണതിൽ. ഹൈക്കുവിന്റെ രഹസ്യമെന്താണെന്ന് ഒരു ശിഷ്യൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിതാണ്‌: സാധാരണത്വത്തെ സാധാരണത്വം കൊണ്ട്‌ അതിവർത്തിക്കുക.



images
1
വാത്തുകളുടെ ചിത്രലേഖ
മാനത്ത്‌-
അതിൽ മുദ്ര വയ്ക്കുന്നു
ചന്ദ്രൻ.

2
മിന്നിമിന്നിക്കത്തുന്ന പകൽ-
ഒരു പേരറിയാപ്രാണിയുടെ
വെള്ളിച്ചിറകുകൾ.

3
ആകാശത്തൊരു പട്ടം പറക്കുന്നു-
ഇന്നലെ പറന്ന
അതേ സ്ഥാനത്ത്‌.

4
അഞ്ചാറുപേർ വട്ടത്തിൽ നൃത്തം വയ്ക്കുന്നു-
അവർക്കുമേലിറുന്നുവീഴാനെന്നപോലെ
ചന്ദ്രൻ.

5
മാനത്തിന്നുന്നതിയിൽ
ചേരി കടന്നുപോകുന്നു
തെളിഞ്ഞ ചന്ദ്രൻ.

6
കടൽക്കരയിൽ ഒരു കുഞ്ഞുചിപ്പി-
അതിനെ നനയ്ക്കാനില്ല
വസന്തത്തിലെ ചാറ്റമഴ.

7
ഇക്കിഴവന്റെ പ്രണയചാപല്യം-
അതു മറക്കാൻ നോക്കുമ്പോൾ
നശിച്ചൊരു മഴയും!

8
കടുകുപാടം-
കിഴക്കു ചന്ദ്രൻ
എതിരെ സൂര്യൻ.

9
മണി വിട്ടുപോകുന്ന
മണിയൊച്ച-
എന്തു കുളിരാണതിന്‌!

10
മങ്ങിയ നിലാവത്ത്‌
അകലെനിന്നൊരു
പൂവിൻമണം.

11
ക്രിസാന്തമത്തിന്റെ മുന്നിൽ
കത്രിക
തെല്ലൊന്നറച്ചു.

12
ശകടം കടന്നുപോയപ്പോൾ
പൂക്കളൊന്നു
വിറപൂണ്ടു.

13
അന്തിമഴ പൊട്ടിവീണപ്പോൾ
വിറകൊണ്ട പൊന്തയ്ക്കുള്ളിൽ
കുരുവിക്കൂട്ടം കൂനിക്കൂടി.

14
കാട്ടിൻനടുവിൽ കേട്ടത്‌-
മരംവെട്ടി മരം വെട്ടുന്നു
മരംകൊത്തി മരം കൊത്തുന്നു.

buson3










15
ചെരുപ്പൂരി കൈയിൽപ്പിടിച്ച്‌
വേനൽപ്പുഴ കടക്കുമ്പോൾ
എന്തു സുഖം!

16
ഒരു മഴത്തുള്ളി തട്ടി
ഒരൊച്ചുരുണ്ടുകൂടി.

17
അതാ ഒരൊച്ച്‌-
ഒരു കൊമ്പു വലുത്‌
ഒരു കൊമ്പു ചെറുത്‌-
എന്താണതിന്റെ മനസ്സിൽ!

18
ഓരോ മുള്ളിൽ
ഓരോ തുള്ളി-
മഞ്ഞുതുള്ളി.

19
വേനൽമഴ പെയ്തപ്പോൾ
നടവഴി
അതിൽ മുങ്ങി.

20
ഈ തെക്കൻനാട്ടുപാതകളിൽ
കോവിലിൽ, കുടിലിൽ
എങ്ങും മീവൽപ്പക്ഷികള്‍.

21
ഒരു വഴിയോരക്കോവിലിൽ
ഒരു ശിലാബുദ്ധനു മുന്നിൽ
ഒരു മിന്നാമിനുങ്ങെരിയുന്നു.

22
അമ്പലമണിയിൽ
ഒരു പൂമ്പാറ്റ
മയങ്ങുന്നു.

23
ശരൽക്കാലസന്ധ്യയ്‌-
ക്കൊറ്റയ്ക്ക്‌-
അതുമൊരു സുഖം!

24
പൂത്ത മരത്തിൻ ചോട്ടിൽ
ചന്ദ്രന്റെ വെളിച്ചത്തിൽ
ഒരുവൾ കത്തു വായിക്കുന്നു.

25
മലയിൽ വഴികാട്ടാൻ വന്നവൻ
ചെറിപ്പൂക്കളെ കാണുന്നതേയില്ല.

26
മേഘങ്ങൾ കുടിച്ചിറക്കി
ചെറിപ്പൂക്കൾ തുപ്പുന്നു
യോഷിനോമല.
pic54

27
ചെറിപ്പൂക്കൾ കൊഴിഞ്ഞപ്പോൾ
ചില്ലകൾക്കും ചുള്ളികൾക്കുമിടയിൽ
അതാ, ഒരമ്പലം.

28
ശരൽക്കാലസന്ധ്യയ്ക്ക്‌
ഒറ്റയ്ക്കിറങ്ങിപ്പോകുന്നു ഞാൻ
ഒറ്റയാനൊരാളെക്കാണാൻ.

29
പുഴക്കരെ ഒരു പൂമരം-
പുഴയിൽ വീണ നിഴൽപ്പൂവുകൾ
ഒഴുക്കിൽപ്പെട്ടുപോകുമോ?

30
വലയിൽ കുരുങ്ങാതെ
വലയിൽ പെടാതെ-
പുഴയിൽ വീണ ചന്ദ്രൻ.

31
പുകഞ്ഞ ചന്ദ്രന്റെ ചോടെ
കൈ തലയിണയാക്കിക്കിടക്കുമ്പോൾ
എന്നെയെനിക്കെന്തിഷ്ടം!

32
കടത്തുവള്ളം യാത്രയായി-
അമാന്തക്കാരനൊരാൾ
മഴയും നനഞ്ഞിക്കരെ.

33
വസന്തനാളുകലസം നീങ്ങവെ
എത്രയകലെയാക്കാലം-
പണ്ടുപണ്ടെന്ന കാലം.

34
ഈ തണുത്ത രാത്രിയിൽ
തീകായാൻ കേമം
ബുദ്ധന്റെ മരത്തല.

35
ഉച്ചമണി മുട്ടുമ്പോൾ
ഞാറ്റുപാട്ടു
നിലയ്ക്കുന്നു.

36
കൊയ്ത്തുപാടത്തൊരു കിഴവൻ-
അരിവാൾ പോലെ
വളഞ്ഞിട്ട്‌.

37
വസന്തകാലമഴയത്ത്‌
വിശേഷങ്ങൾ പറഞ്ഞു പോകുന്നു-
ഒരു ശീലക്കുടയും ഒരു തൊപ്പിക്കുടയും.

38
തന്നാണ്ടത്തെ ആദ്യത്തെ കവിതയുമെഴുതി
തൃപ്തമായ മുഖത്തോടെ
ഒരു ഹൈക്കുകവി.

39
പുകഞ്ഞ നിലാവത്ത്‌
ആരിത്‌
പേരമരങ്ങൾക്കടിയിൽ?

40
ഒന്നു മയങ്ങിയുണർന്നപ്പോൾ
കഴിഞ്ഞൂ വസന്തത്തിന്റെ
മറ്റൊരു നാൾ.
images (1)
41
വസന്തത്തിലെ മഴച്ചാറലിൽ
പുരപ്പുറത്തൊരു
കുഞ്ഞുപാവ നനയുന്നു.

42
വിരുന്നുകാരൊ-
ന്നൊഴിയുമ്പോൾ
അരിപ്പൂവതാ,
തല നീട്ടുന്നു.

43
എന്റെയോലക്കുടിലിൽ
ബുദ്ധന്റെ മൂർത്തിക്കു മുന്നിൽ
ഒരു തിരി കത്തിക്കാതെ
ഒരു പൂവുമർപ്പിക്കാതെ
ഒറ്റയ്ക്കിരിക്കുന്നു ഞാൻ-
എത്രയനർഘമീ സന്ധ്യ!

44
പടിഞ്ഞാറു നിന്നു
പാറിവീണ കരിയിലകൾ
കിഴക്കു തൂന്നുകൂടുന്നു.

45
കാട്ടുപനിനീർപ്പൂക്കൾ-
എന്റെ നാട്ടിലേക്കുള്ള വഴി പോലെ
അതോ എന്റെ നാട്ടിലെ വഴി പോലെയോ?

46
വേനൽരാവൊടുങ്ങുമ്പോൾ
ചന്ദ്രക്കലയുടെ ചില്ലുകൾ
പുഴവെള്ളത്തിൽ.

47
പേരില്ലാത്ത പുഴയിലൂടെ
മഴയത്തെ യാത്ര-
പേരില്ല ഭയത്തിനും.

48
ഒരു മിന്നൽ പാളി!
മുളംകാവിനുള്ളിൽ
മഴത്തുള്ളിയിറ്റുന്നു.

49
കവിടിപ്പിഞ്ഞാണത്തിൽ
എലിയുടെ കാൽപ്പെരുമാറ്റം-
മഞ്ഞുകാലച്ചാറൽ പോലെ.

50
കമേലിയ ചാഞ്ഞപ്പോൾ
ഇന്നലെപ്പെയ്ത
മഴ വീഴുന്നു.

51
അന്തിമഴയത്തൊരു
ചൂണ്ടക്കാരൻ-
പേടിച്ചുപോകുന്ന
ജാഗ്രത.

52
പുഴവെള്ളത്തിലൊഴുകിവരുന്നു
ബുദ്ധനു നേദിച്ച
പൂവുകൾ.

53
തൊപ്പി പോയ
നോക്കുകുത്തിക്ക്‌
മുഖവും പോയി.

54
സന്ധ്യനേരത്ത്‌
രണ്ടമ്പലമണികൾ-
കുളിരുന്ന സംവാദം.

55
പുണ്യം നിറഞ്ഞ സന്ധ്യയ്ക്ക്‌
നാമം ചൊല്ലുന്നു കുരുവികൾ-
ആഹാ,
അത്താഴത്തിനു മണിയും മുട്ടി!

56
മഴയത്തു
പുഴയും പൂഴിയും-
വരകളില്ലാത്ത ചിത്രം.

57
തണുത്ത രാത്രിയിൽ
ഒരറുക്കവാൾ കരയുന്നു
ഇല്ലായ്മയുടെ താളത്തിൽ.

buson1

Essay on Buson

ഇക്ക്യു - ഒരു ഭ്രാന്തൻ മേഘം

ikkyu3

ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വിഗ്രഹഭഞ്ജകനും അസാധാരണനുമായ സെൻ ഗുരുവാണ്‌ ഇക്ക്യു സോജുൺ Ikkyu Sojoun(1394-1481). സെൻ വ്യവസ്ഥാപിതമതമാവുകയും അങ്ങനെ അതു ജീർണ്ണിക്കുകയും ചെയ്തപ്പോൾ പഴയ കാലത്തെ സെൻ പാരമ്പര്യത്തെ തിരിച്ചു കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങളാണ്‌ അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്.

ഗോക്കോമാറ്റ്സു ചക്രവർത്തിക്ക് കൊട്ടാരത്തിലെ പരിചാരികയിൽ പിറന്ന ഇക്ക്യു അഞ്ചാമത്തെ വയസ്സിൽ ക്യോട്ടോയിലെ അങ്കോകു-ജി ക്ഷേത്രത്തിൽ സെൻ പഠിക്കാൻ ചേർന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ കവിത രചിക്കാൻ മാത്രം ക്ളാസ്സിക്കൽ ചൈനീസ് സാഹിത്യത്തിലും അവിടെ വച്ചു പരിജ്ഞാനം നേടി. പതിനാറാമത്തെ വയസ്സിൽ കെനോ സോയി എന്ന സെൻ ഗുരുവിന്റെ ശിഷ്യനായി. അഞ്ചു കൊല്ലം കഴിഞ്ഞ്, ഗുരുവിന്റെ മരണശേഷം, ബീവ തടാകക്കരയിൽ കസോ സോഡൊൻ എന്ന ഗുരുവിന്റെ ശിഷ്യനായി. ദൈടോകു-ജി എന്ന പ്രശസ്തമായ ക്ഷേത്രത്തിന്റെ പരമ്പരയിൽ പെട്ട ആളായിരുന്നു ഗുരുവെങ്കിലും, സർക്കാരിന്റെയും ഉന്നതസമൂഹത്തിന്റെയും സ്ഥാപിതതാല്പര്യങ്ങൾക്ക് ക്ഷേത്രം വശംവദമാകാൻ തുടങ്ങിയപ്പോൾ അദ്ദേഹം അവിടം വിട്ട് പഴയ ചിട്ടകൾ പാലിക്കുന്ന ചെറിയ ഒരാശ്രമം തുടങ്ങുകയായിരുന്നു.
ഇരുപത്താറാം വയസ്സിൽ ബീവ തടാകത്തിൽ ഒരു തോണിയിൽ ധ്യാനിച്ചിരിക്കെ പെട്ടെന്ന് ഒരു കാക്ക കരയുന്നത് അദ്ദേഹം കേട്ടു.  അതായിരുന്നു അദ്ദേഹത്തിനു ജ്ഞാനോദയം നല്കിയ അനുഭവം. പിന്നീടദ്ദേഹം സകായ് എന്ന കച്ചവടനഗരത്തിൽ സ്ഥിരതാമസമാക്കി. ഒരു സെൻ ഗുരുവിന്റെ പതിവുമര്യാദകൾ ലംഘിക്കുന്നതിൽ അദ്ദേഹത്തിന്‌ വലിയ ഔത്സുക്യമായിരുന്നു. മദ്യശാലകളും വേശ്യാലയങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ വിഹാരരംഗം.

വ്യവസ്ഥാപിതസെൻമതത്തെ തുറന്നുകാട്ടിക്കൊണ്ട് പിന്നീടദ്ദേഹം രാജ്യം മുഴുവൻ യാത്ര ചെയ്തു. കലാകാരന്മാരിലും കവികളിലും അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നു. 1450ലെയും 60ലെയും ആഭ്യന്തരകലാപങ്ങളിൽ ക്യോട്ടോനഗരം തകർന്നടിഞ്ഞപ്പോൾ ദൈടോകു-ജി ക്ഷേത്രം പുനർനിർമ്മിക്കാനുള്ള നിയോഗം അദ്ദേഹത്തിനാണു വന്നുചേർന്നത്. ക്ഷേത്രത്തിന്റെ ഭരണാധികാരികളോട് കടുത്ത വെറുപ്പുണ്ടായിരുന്നിട്ടും അദ്ദേഹം അതിന്റെ പുനർനിർമ്മാണം വിജയകരമായി നിർവഹിച്ചു. അതേ സമയം മോരി എന്നു പേരുള്ള അന്ധയായ ഒരു യുവഗായികയുമായി എഴുപതാമത്ത വയസ്സിൽ കടുത്ത പ്രണയത്തിൽ വീണുകൊണ്ട് സമൂഹത്തെ അദ്ദേഹം ഞെട്ടിക്കുകയും ചെയ്തു. കാമാവേശം നിറഞ്ഞുനില്ക്കുന്ന സെൻ കവിതകളെഴുതിക്കൊണ്ടാണ്‌ അദ്ദേഹം ആ ബന്ധത്തെ ആഘോഷിച്ചത്.

ഇക്ക്യുവിന്റെ രചനകൾ പല മാദ്ധ്യമങ്ങളിലായി പരന്നു കിടക്കുന്നു- ചൈനീസ്, ജാപ്പനീസ് കവിതകൾ, കാലിഗ്രാഫി, ചിത്രങ്ങൾ എന്നിങ്ങനെ. ‘ഭ്രാന്തൻ മേഘം’ എന്ന കവിതാസമാഹാരവും ‘അസ്ഥികൂടങ്ങൾ’ എന്ന ഗദ്യകവിതയുമാണ്‌ ഏറ്റവും പ്രശസ്തം.

ഒരു ഭ്രാന്തൻ മേഘമെഴുതിയ കവിതകൾikkyu



എന്റെ സെന്നിനൊറ്റ വരി,
നീറുന്ന മുറിവിൽ
തറയ്ക്കുന്ന മുള്ളുപോലെ.

*
പൈൻമരങ്ങളിൽ
കാറ്റിന്റെ ചിത്രവേല-
ആരുണ്ടതു കേൾക്കാൻ?

*
അതെയതെ, വസ്തുക്കളുണ്ട്‌-
വന്മലയ്ക്കടിയിൽ നിന്നു കൂക്കുമ്പോൾ
അതിന്റെ മാറ്റൊലി പോലെ.

*
രണ്ടല്ല, ഒന്നല്ല-
ചിത്രത്തിൽ വരയാത്ത
തെന്നലു കൊണ്ടെനിക്കു
കുളിരുകോരുന്നു!

*
മരങ്ങൾക്കും കല്ലുകൾക്കും മുന്നിൽ
ഞാനാരുമായിരുന്നില്ല;
മരിച്ചുപോയാൽപ്പിന്നെ
ഒരിടത്തും ഞാൻ ഒന്നുമാവില്ല.

*
നിങ്ങൾ കൊളുത്തിയ തീയിൽ
പുര വെന്തുതീരുമ്പോൾ
അതിൽ ദഹിക്കുന്നു നിങ്ങളും.

*
നല്ലതെന്നാൽ
കെട്ടതിനെ വെറുക്കലാണെന്നു
കരുതുന്നു നിങ്ങൾ-
വെറുക്കുന്ന മനസ്സു തന്നെ
കെട്ടതാണെന്നറിയണം നിങ്ങൾ.

*
ബുദ്ധനെ നേരാംവണ്ണ-
മറിഞ്ഞുകഴിഞ്ഞാൽ
താനൊട്ടും മാറീട്ടില്ലെ-
ന്നറിയും നിങ്ങൾ.

*
എങ്ങും തിരഞ്ഞിട്ടൊടുവിൽ
ഒരുനാളും പ്രായമേശാത്തൊരാളെ
നിങ്ങൾ കണ്ടെടുക്കുന്നു -
"അഹം"-എന്തൊരത്ഭുതം!

*
വാളുകൾ വളരുന്ന,
കത്തിമരങ്ങൾ തിങ്ങിയ
കുന്നു പോലാണു ജീവിതം-
രാവും പകലും
എന്തോ നിങ്ങളെ കുത്തിക്കീറുന്നു.

.*
എങ്ങും പോകാനല്ലെങ്കിൽ
ഏതു വഴിയും നേരായ വഴി.

*
മനുഷ്യർക്കില്ല ശത്രുക്കൾ-
തുടക്കമാണങ്ങനെ.
ശരിതെറ്റുകളിഴക്‌Iറി
നിങ്ങളവരെ സൃഷ്ടിക്കും.

*
ആരും പറഞ്ഞിട്ടല്ല
പൂക്കൾ വന്നത്‌;
വസന്തത്തിനൊപ്പം
അവരും പോകും-
ആരും പറയാതെതന്നെ.

*
അതിനെക്കുറിച്ചെത്ര വാക്കുകൾ-
വേണ്ടതൊരു ഭാഷ-
മൗനം.

*
ഒരു സൂചിമുനയിൽ
പെരുവിരലൂന്നിനിൽക്കൂ
വെയിലിൽത്തിളങ്ങുന്ന
മണൽത്തരി പോലെ.

*
ഭിക്ഷുക്കൾ നിത്യവും
ധർമ്മത്തെ വ്യാഖ്യാനിക്കുന്നു,
ദുരൂഹസൂത്രങ്ങൾ
നിർത്താതെ ചൊല്ലുന്നു-
അവരറിയേണ്ടതൊന്നുണ്ട്‌:
കാറ്റും മഴയും
മഞ്ഞും നിലാവുമയക്കുന്ന
പ്രേമലേഖനങ്ങൾ വായിക്കാൻ.

*
സ്വന്തം ജീവൻ പണയം വച്ചും
സ്വർണ്ണം വാരിക്കൂട്ടും നിങ്ങൾ-
അതു വെറും മൺകട്ടയെന്ന്
മരണം കൊണ്ടറിയും നിങ്ങൾ.

*
ഒഴുക്കിൽപ്പെട്ടൊരീലോകം
അയഥാർത്ഥമെന്നിരിക്കെ
ഉള്ളിലൊന്നും വയ്ക്കേണ്ടാ,
പോയിപ്പാടൂ ചങ്ങാതീ!

*
നിങ്ങൾ തെറ്റു ചെയ്യുമ്പോൾ
ചെയ്യുന്ന ബുദ്ധി നിങ്ങളുടേത്‌-
അതിനാൽ
പുറത്തില്ലൊരു നരകം.

*
നരകത്തെ വെറുത്തും
സ്വർഗ്ഗത്തിനു ദാഹിച്ചും
സുഖിക്കേണ്ട ലോകത്ത്‌
തപിക്കുന്നു നിങ്ങൾ.

*
ഞാൻ ചെയ്ത ദുഷ്ചെയ്തികളൊക്കെ
ചിതയിലെ പുകയാകും-
അതുപോലെ ഞാനും പോകും.

*
മഴ പെയ്യട്ടെ,പെയ്യാതിരിക്കട്ടെ
നനഞ്ഞ മുണ്ടിന്നറ്റം
പൊക്കിപ്പിടിച്ചു നടന്നോളൂ.
*
ഒരു മണവും മണക്കുന്നില്ല ഞാൻ
ഒരു നിറവും കാണുന്നില്ല ഞാൻ-
വസന്തമൊന്നു വന്നോട്ടെ
ചില്ലകളിൽ കാണാമവയെ.

*
സുഖവും ദുഃഖവും
തെളിഞ്ഞ മനസ്സിനൊന്നു പോലെ--
ഒരു മലയും മറയ്ക്കില്ല ചന്ദ്രനെ.

*
തോണിയുണ്ട്‌
തോണിയില്ല-
തോണി മുങ്ങിയാൽ
രണ്ടുമില്ല.

*
നിങ്ങൾ നിങ്ങളല്ലാതെ
മറ്റാരാകാൻ?
അതിനാൽ
നിങ്ങൾ സ്നേഹിക്കുന്ന മറ്റേയാളും
നിങ്ങൾ തന്നെ.

*
വാളിന്നിരുതലകൾ
ജീവിതവും മരണവും;
ഏതേതെന്നറിയില്ലാർക്കും.

*
മിന്നുന്ന വാളുറയിൽ
മരം കൊണ്ടൊരു വാൾ-
അതാരെയും കൊല്ലില്ല
ആരെയും രക്ഷിക്കില്ല.
*

ഇനിയും കുഴിക്കാത്ത കിണറിൽ
അലയിളക്കുന്ന വെള്ളം-
നിഴലില്ലാത്തൊരാൾ
അതു കോരിക്കുടിക്കുന്നു.

*
ചോദ്യങ്ങളെഴുതിവച്ച്‌
നിങ്ങളുറങ്ങാൻ കിടക്കുന്നു-
ഉണരുമ്പോൾ
നിങ്ങളുമില്ല.

*
ഈ പാഴ്ക്കിനാവും ഉന്മാദവും
ഇത്ര മനോഹരമായതെങ്ങനെ?

*
അന്യന്റെ വീട്ടുവഴി
ഇരുളടഞ്ഞതാണെന്നു
നിങ്ങൾ പറയുന്നു -
സ്വന്തം ഹൃദയത്തിന്റെവഴി
പായൽ പിടിച്ചതിനു
നിങ്ങളെന്തു പറയും?

*
വീണു കിട്ടുന്നതല്ല മനശ്ശാന്തി-
ഉരിയാട്ടമില്ലാത്ത ചുമരും നോക്കി
ആറുകൊല്ലമിരിക്കുക;
നിങ്ങളുടെ മുഖത്തെ നിങ്ങൾ
മെഴുകുതിരിയെരിയുമ്പോലെ
എരിഞ്ഞുതീരട്ടെ.

*
പോരിനു പോകുമ്പോളെന്തു സെൻ?-
വടിയെടുത്തടിയ്ക്കുക
ശത്രുക്കളെ.

*
"ഒറ്റയ്ക്കു വന്നു ഞാൻ,
മടങ്ങുന്നതൊറ്റയ്ക്ക്‌"-
അതുമൊരു മായ തന്നെ.
വരൂ, പഠിപ്പിക്കാം ഞാൻ-
വരാതിരിക്കാൻ
പോകാതിരിക്കാൻ.

*
തിന്നും കുടിച്ചും
ഉറങ്ങിയും വീണ്ടുമുണർന്നും
നമുക്കു ജീവിതം തീരുന്നു.
അതിൽപ്പിന്നെന്തു ചെയ്യാൻ?
മരിക്കുക തന്നെ.

*
കിളികൾക്കും ചൊല്ലാനുണ്ട്
നിർവാണത്തിന്റെ സൂത്രങ്ങൾ.
മരങ്ങളിലവ കോരിനിറയ്ക്കുന്നു
അപൂർവരാഗങ്ങൾ.
കാട്ടുപൂക്കൾ ബോധിസത്വന്മാർ-
ഒരു കിളിബുദ്ധനു ചുറ്റും
അവർ കൂട്ടം കൂടി നില്ക്കുന്നു.

. *
ഒരേയൊരു പാട്ടിലുണ്ട്
പതിനായിരം സൂത്രങ്ങളരിച്ചെടുത്തത്.


*
മുട്ടുകുത്തിക്കിടന്നു പ്രാർത്ഥിച്ചോളൂ;
എന്തിന്‌?

നാളെ ഇന്നലെയായി.
*
എത്ര തവണ ഞാൻ നിങ്ങളോടു പറഞ്ഞതാണ്‌,
ഒരു വഴിയുമില്ല,
നിങ്ങളായതല്ലാതെയാവാനെന്ന്.

*
എനിക്കു ജീവനുണ്ടെന്നേ!
ശരിതന്നെ.
ചവിട്ടിനടക്കുന്ന എല്ലിൻകഷണങ്ങളെ
കാണാറുമില്ല നാം.

*
ഒരു കുഞ്ഞുപാവയ്ക്കുള്ളിടമേ,
ആ കുടത്തിനുള്ളു;
അച്ഛന്റെ ചിതാഭസ്മമാണതിനുള്ളിൽ.

*
എനിക്കു മുളകളിഷ്ടം,
മനുഷ്യരതു ചെത്തി
ഓടക്കുഴലാക്കുന്നതിനാൽ.

*
ആരുമറിയുന്നില്ല,
ഞാനൊരു കൊടുങ്കാറ്റാണെന്ന്,
മലമുകളിലെ പുലരിയാണെന്ന്,
നഗരത്തിനു മേൽ സന്ധ്യയാണെന്ന്.

*
എന്റെ മരണക്കിടക്കയ്ക്കരികിൽ
ബുദ്ധൻ വന്നു മുട്ടുകുത്തിയാലും,
പുല്ലോളം മതിയ്ക്കില്ല ഞാനയാളെ.

*
നാൽപ്പത്തേഴെനിക്കായപ്പോൾ
സകലരും വന്നെന്നെക്കണ്ടു;
അതിനാൽ ഞാനിവിടം വിട്ടന്നേ പോയി.

*
കുറേനാളായിട്ടെനിക്കില്ല,
മോക്ഷത്തിന്‍റെ ചിന്തകൾ.
അതുകൊണ്ടെന്താ,
രാവിലെയെഴുന്നേൽക്കാനെന്തു സുഖം!

*
ഒരുനാളിൽ മരിച്ചെന്റെ
കുരുവിക്കുഞ്ഞ്‌-
അതിനെ ഞാനടക്കിയെൻ
മകളെപ്പോലെ.

*
ഈ ദേഹമിവന്റെ ദേഹമെന്ന്
ഇവനു വിചാരമില്ലതിനാൽ-
നാടാവട്ടെ,നഗരമാവട്ടെ
ഒരേയിടത്താണിവന്റെ വാസം.
*

ഒരുന്മാദിയെപ്പോലെ പാപം ചെയ്യുക-
ഇനിയൊന്നും ചെയ്യാനില്ലെന്നു വരുംവരെ,
ഇനിയൊന്നിനുമിടമില്ലെന്നു വരുംവരെ.

*
കൊണ്ടുനടന്ന വേദങ്ങളൊക്കെ
ചുട്ടെരിച്ചു ഞാൻ-
കവിതകളാളുന്നെൻ
നെഞ്ചിലെന്നാൽ.

*
ഞാൻ പാർക്കുമിടത്തിനു
തൂണുകളില്ല,
കൂരയുമില്ല.
അതിനാൽ-
മഴയതിനെ നനയ്ക്കില്ല,
കാറ്റതിനെ വീഴ്ത്തില്ല.

*
ആരും വരാനില്ലെങ്കിൽ
അതാണെനിക്കേറെയിഷ്ടം.
കൂട്ടിരിക്കാനെനിക്കു
കരിയിലകൾ മതി,
കൊഴിഞ്ഞ പൂക്കൾ മതി.
തന്നിഷ്ടം നടത്തുന്ന
കിഴവനൊരു സെൻഗുരു-
പടുമരം പൊടുന്നനേ പൂവിടുന്നു!

*
കാടും പാടവും കല്ലും പുല്ലും-
അവരാണെന്നിഷ്ടതോഴന്മാർ.
ഇതേവരെ നടന്ന വഴി
മാറിനടക്കില്ലീ ഭ്രാന്തമേഘം.
ഈ ലോകത്തു ഞാന്‍ പിശാചെങ്കിൽ
എന്തിനു  ഞാൻ
വരാനുള്ള ലോകത്തെ ഭയക്കണം.

*
എന്നെക്കാണണോ?
വരൂ, വേശ്യാലയങ്ങളിൽ
കള്ളുകടയിൽ
മീഞ്ചന്തയിൽ!

*
തേവിടിശ്ശിത്തെരുവിനറ്റത്തൊരു
കൂരയിലാണെന്റെ വാസം.
ഞാൻ, ശരൽക്കാലം, ഒറ്റവിളക്ക്.

*
ഒരു യതിയുടെ ചെയ്തികളെ ആരളക്കും?
അതാണു സെൻ, ഇതാണു സെൻ എന്നു പക്ഷേ,
സന്ന്യാസിമാർ വായിട്ടലയ്ക്കുന്നു.
ഈ കിഴവൻ കള്ളഭിക്ഷുവല്ല.
ബുദ്ധന്റെ മുന്നിലെ ധൂപം മണക്കുമ്പോൾ
എനിക്കെന്റെ മൂക്കു ചൊറിയുന്നു.

*
എൻപതു കഴിഞ്ഞു
ബലം കെട്ട ഞാൻ
ബുദ്ധനു നിവേദിക്കുന്നു-
സ്വന്തം മലം.

*
ഇലകൊഴിഞ്ഞ പടുമരത്തിൽ
വസന്തമായി വന്നു നീ.
പുതുമുളകൾ,തളിരിലകൾ,
പൂവിൻ നറുമൊട്ടുകൾ.
ഒരുനാളെങ്കിലും നിന്നെ-
യോർക്കാതെ പോയെങ്കിൽ
മോരീ, ഞാൻ വീഴട്ടെ
നരകത്തിന്നെരിതീയിൽ.

*
(യോനി)

ആദിയിലെ വായ-
എന്നാൽ വാക്കുകളില്ലാത്തത്‌.
അതിനു വരമ്പിടുന്നു,
പ്രതാപത്തോടൊരു രോമക്കാട്‌.
ജ്ഞാനികൾ ജീവികൾ പലർ
അതിൽപ്പോയിത്തുലഞ്ഞിരിക്കുന്നു.
പതിനായിരം ലോകത്തേക്കുള്ള
ബുദ്ധന്മാർ പിറവിയെടുത്തതും
അവിടെത്തന്നെ.
*

(ലിംഗം)

എട്ടിഞ്ചു ബലത്തിൽ
ഇതാണെന്റെ പ്രിയവസ്തു.
രാത്രിയിലൊറ്റയ്ക്കാകുമ്പോൾ
ഞാനതിനെപ്പുണരുന്നു.
ഒരുവളിതിനെത്തൊട്ടിട്ടു
യുഗങ്ങളെത്ര കഴിഞ്ഞിരിക്കുന്നു.
എന്റെ കോണകത്തിനുള്ളിലുണ്ട്,
ഒരു പ്രപഞ്ചമങ്ങനെത്തന്നെ.

*
പൂമ്പാറ്റ മുഖം തൊട്ടു
പാറിനിൽക്കെ
എത്രനേരമുറങ്ങുമവൾ?

*
ഉറയിൽക്കിടക്കുമ്പോഴും
നിന്നെക്കാണുന്നുണ്ട്,
എന്റെ ഉടവാൾ!

*
ദാഹിക്കുമ്പോൾ നിങ്ങൾ
തണുത്ത വെള്ളം സ്വപ്നം കാണും,
തണുക്കുമ്പോൾ തീയും.
എനിക്കു വേണ്ടതൊരു യോനിയുടെ നനവും,
ഉറച്ച മുലകളുടെ ചൂടും.

*
പിരിയുമ്പോളെന്റെ ഹൃദയം തകർന്നു;
വാസന്തപുഷ്പങ്ങളെക്കാൾ ചന്തമായിരുന്നല്ലോ
ആ വാസനിക്കുന്ന കവിളുകൾക്ക്.
ഇന്നൊരന്യനോടൊപ്പമാണെന്റെയോമന;
അവൾ പാടുന്നതതേ പ്രണയഗാനം,
വേറെയാണീണമെന്നു മാത്രം.

*



അസ്ഥികൂടങ്ങൾindex



[ഈ നേർത്തുകറുത്ത രേഖകൾ വെളിച്ചപ്പെടുത്തുന്നു,
അറിയാനുള്ള നേരൊക്കെയും.]


ശിഷ്യരേ,
ഏകാന്തധ്യാനത്തിലുറച്ചിരിയ്ക്കൂ, എങ്കിൽ നിങ്ങളറിയും, ഈ ലോകത്തു പിറക്കുന്നതെന്തും, താനും ജീവിതവുമൊക്കെ, ശുദ്ധശൂന്യമെന്ന്. ശൂന്യത്തിൽ നിന്നുതന്നെ സർവതിനുമാവിർഭാവം. ഈ ആദിമനിരാകാരം തന്നെ ബുദ്ധൻ; ബുദ്ധപ്രകൃതി, ബുദ്ധമാനസം, തഥാഗതൻ, ഗുരു, ദൈവം- ഒരേ ശൂന്യത്തിന്റെ പലേ പേരുകളാണൊക്കെയും. ഇതു ശരിയായി ധരിക്കാതിരിക്കുക, നിങ്ങൾ നരകത്തിൽ ചെന്നുവീഴുന്നു.


നിർവേദം കൊണ്ടു നിറഞ്ഞും, ഈ സംസാരചക്രത്തിൽ നിന്നൊരു മോചനത്തിനായുള്ള കാംക്ഷ കൊണ്ടു വലഞ്ഞും ഞാനൊരുനാളിറങ്ങിനടന്നു. ഒരു രാത്രിയിൽ ഞാൻ ചെന്നുകേറിയത് ഏകാന്തമായൊരമ്പലത്തിൽ. പൊതുവഴിയിൽ നിന്നകലെ, ഒരു മലയടിവാരത്തിൽ, വിശ്രാന്തിയുടെ വിശാലമായൊരു താഴ്വാരത്താണത്. ചുറ്റും കുഴിമാടങ്ങളായിരുന്നു. പെട്ടെന്നതാ, ദൈന്യം തോന്നിക്കുന്നൊരസ്ഥികൂടം എനിക്കു മുന്നിലാവിർഭവിച്ചു. അതു പറഞ്ഞു:

ലോകം വീശിക്കടന്നുപോകുന്നു,
ശരൽക്കാലത്തിന്റെ വിഷാദവാതം.
പുല്പരപ്പലഞൊറിയുന്നു,
ചതുപ്പിലേക്കു നാമൊഴുകുമ്പോൾ,
കടലിലേക്കു നാമൊഴുകുമ്പോൾ.


സർവതും അവയുടെ ഉറവയിലേക്കു മടങ്ങി ശൂന്യമാവുന്നു. ബോധിധർമ്മൻ ചുമരും നോക്കി ധ്യാനത്തിലിരുന്നു; പക്ഷേ അദ്ദേഹത്തിന്റെ മനസ്സിലുറന്ന ഒരു ചിന്തയും യഥാർത്ഥമായിരുന്നില്ല. ബുദ്ധൻ ധർമ്മഘോഷണം ചെയ്തുനടന്ന അമ്പതു കൊല്ലത്തിന്റെ ഗതിയും ഇതുതന്നെ. ഈ വിധമുള്ള ഉപാധികളിൽ തളയുന്നതല്ല മനസ്സ്.

ഇങ്ങനെ വിവിധതരം ആലോചനകളാൽ മനസ്സസ്വസ്ഥമായപ്പോൾ എനിക്കുറക്കവും നഷ്ടപ്പെട്ടു. പുലർച്ചയോടടുപ്പിച്ച് ഞാനൊന്നു മയങ്ങി. സ്വപ്നത്തിൽ ഒരുപറ്റം അസ്ഥികൂടങ്ങൾ എനിക്കു ചുറ്റും കൂട്ടം കൂടി. ഒരസ്ഥികൂടം എനിക്കടുത്തു വന്ന് ഇങ്ങനെ പറഞ്ഞു:

ഓർമ്മകൾ പാഞ്ഞുപോകുന്നു,
കാണാതെയാവുന്നു:
അർത്ഥശൂന്യമായ
പൊള്ളക്കിനാക്കളാണൊക്കെയും.
*
യാഥാർത്ഥ്യത്തെ ധിക്കരിക്കുക,
ദൈവം, ബുദ്ധനെന്നൊക്കെപ്പുലമ്പുക,
നേരായ വഴി പിന്നെ നിങ്ങൾ കാണുകയുമില്ല.
*
നിങ്ങൾ ശ്വാസമെടുക്കുന്നുണ്ട്,
കൈകാലുകൾക്കനക്കമുണ്ട്,
അതിനാൽ തുറസ്സിൽ കിടക്കുന്ന ശവമല്ല
നിങ്ങളെന്നും പറയാം.


ഈ അസ്ഥികൂടവുമായി എനിക്കൊത്തുപോകാനായി. സത്യമന്വേഷിച്ചു ലോകം വെടിഞ്ഞതാണയാൾ; ഓളപ്പരപ്പിൽ നിന്നാഴക്കയത്തിലേക്കയാൾ പോയിരിക്കുന്നു. കാര്യങ്ങളെ അവയുടെ സ്വരൂപത്തിൽത്തന്നെ അയാൾ കാണുന്നു. ഞാനവിടെ അങ്ങനെ കിടന്നു, പൈന്മരങ്ങൾ കാതിലോതുന്നതു കേട്ടും, മുഖത്തു നൃത്തം വയ്ക്കുന്ന ശരത്കാലനിലാവിനെ കണ്ടും.
എന്തുണ്ട്, സ്വപ്നമല്ലാതെ? ആരുണ്ട്, ഒരസ്ഥികൂടമായൊടുങ്ങാതെ? തൊലിയിൽ പൊതിഞ്ഞ്, ആണും പെണ്ണുമായി നാം കാണപ്പെടുന്നു; ഒരാൾ മറ്റൊരാൾക്കു പിന്നാലെ ആർത്തി പിടിച്ചോടുന്നു. പ്രാണൻ നിലയ്ക്കുമ്പോൾപ്പക്ഷേ, തൊലി വെടിയ്ക്കുന്നു, ലിംഗഭേദം മറയുന്നു, ഉയർച്ചതാഴ്ചകളില്ലാതാവുന്നു. ഈ നിമിഷം നാം താലോലിക്കുന്ന വ്യക്തിയുടെ തൊലിയ്ക്കടിയിൽ വെറുമൊരുപിടി എല്ലുകളേയുള്ളു. ഒന്നോർത്തുനോക്കൂ- ഉയർന്നതും താഴ്ന്നതും, കുട്ടിയും വയസ്സനും, ആണും പെണ്ണും ഒക്കെ ഒന്നുതന്നെ. ഈ മഹാരഹസ്യത്തിലേക്കൊന്നുണരൂ, അക്ഷണം നിങ്ങൾക്കു ഗ്രഹിക്കാറാവും, ‘ജനനമരണരഹിതം’ എന്നാലെന്താണെന്ന്.

മരിച്ചവർക്കോർമ്മക്കല്ലു വയ്ക്കാൻ
കൃഷ്ണശിലകൾ വേണമെന്നാണെങ്കിൽ,
അതിലും നല്ല തലക്കല്ലല്ലേ, ഒരമ്മിക്കുഴവി?


ശരിക്കും ഭയം ജനിപ്പിക്കുന്ന ജീവികൾ തന്നെ മനുഷ്യർ.

തെളിഞ്ഞ മാനത്തു
ചന്ദ്രൻ തിളങ്ങുമ്പോൾ
ഇരുണ്ട ലോകത്തു നാം
തപ്പിത്തടയുന്നു.


ഒന്നു സൂക്ഷിച്ചുനോക്കൂ- ശ്വാസം നിർത്തൂ, ചർമ്മമൂരിമാറ്റൂ, സർവരും കാണാനൊരുപോലെ. എത്രകാലം നിങ്ങൾ ജീവിച്ചാലും ഫലം മാറുന്നില്ല. ‘ഞാനുണ്ട്’ എന്ന ധാരണയൊക്കെ വലിച്ചെറിയൂ. കാറ്റു പിടിച്ച മേഘങ്ങൾക്കു നിങ്ങൾ സ്വയം വിട്ടുകൊടുക്കൂ.

ഒരു സ്വപ്നമീ ലോകമെങ്കിൽ
സ്വപ്നം പോലതു പോയി മറഞ്ഞോട്ടെ;
അതിൻ പേരിലെന്തിനീ വേവലാതി?


നിങ്ങളുടെ ജീവിതാവധി നിശ്ചിതമായിരിക്കെ, അതൊന്നു നീട്ടിക്കിട്ടാൻ ദൈവങ്ങളോടു നിവേദനം ചെയ്തിട്ടെന്തു ഫലം? ജീവിതവും മരണവുമെന്ന മഹാസത്യത്തിൽ മനസ്സർപ്പിക്കൂ, ജീവിതം മരണത്തിലവസാനിക്കും: അതാണു ലോകഗതി.

ജീവിതത്തിലെ വിപര്യയങ്ങൾ,
ദുഃഖപൂർണ്ണമാണവയെങ്കിലും,
നമ്മെ പഠിപ്പിക്കുന്നു,
ഒഴുകുന്ന ഈ ലോകത്തിൽ
അള്ളിപ്പിടിക്കാതിരിക്കാൻ.
*
ഒരു പാടും വയ്ക്കാതെ
മാഞ്ഞുപോകുന്ന എലുമ്പിൻക്കൂട്ടം
അതിനെ പട്ടും മാലയുമണിയിക്കുന്ന-
തെന്തിണാണാളുകൾ?
*
ഇരുന്നിടത്തേക്കു മടങ്ങുമീയുടൽ.
തിരഞ്ഞുപോവുകയുമരുത്,
തിരഞ്ഞാൽ കിട്ടാത്തതിനെ.
*
ജനനത്തിന്റെ പ്രകൃതിയാരറിയാൻ?
ഉറവിലേക്കു മടങ്ങുന്നു നാം,
പൊടിയായി മാറുന്നു നാം.
*
മലയുടെ മുകളിലേക്കു
വഴികളേറെ;
മുകളെത്തിയാൽപ്പക്ഷേ,
എല്ലാരും കാണുന്ന-
തൊരേ ചന്ദ്രനെ.
*
യാത്രയ്ക്കൊടുവിൽ
വിശ്രമിക്കാനിടമില്ലെങ്കിൽപ്പിന്നെ,
വഴി തെറ്റുമോയെന്നു
ഭയക്കുകയും വേണ്ട നാം.
*
തുടക്കമില്ല, ഒടുക്കമില്ല;
ജനിച്ചതും മരിച്ചതും
നമ്മുടെ മനസ്സ്:
ശൂന്യത്തിന്റെ ശൂന്യം.
*
അഴിച്ചുവിടൂ,
മനസ്സു വഴി വിട്ടു പായും;
പിടിച്ചുനിർത്തൂ,
അതിനെ വേണ്ടെന്നും വയ്ക്കാം.
*
മഴ, മഞ്ഞ്, ആലിപ്പഴം:
ഒക്കെയും വെവ്വേറെ.
വീഴുമ്പോൾപ്പക്ഷേ,
ഒരേ പുഴവെള്ളം.
*
പൈനിലകൾ വാരിമൂടി
പോന്ന വഴി മറയ്ക്കുക;
എവിടെ നിങ്ങളിരിയ്ക്കുമിടമെ-
ന്നറിയാതെ പോകട്ടെ ലോകം.
*
എത്ര വ്യർത്ഥം,
ചുടുകാട്ടിലെ ചടങ്ങുകൾ.
വിലപിക്കുന്നവരറിയുന്നില്ലേ,
വരുമൂഴം തങ്ങളുടേതെന്ന്?
*
‘ജീവിതം നശ്വരം!’
ചിത പുകയുമ്പോൾ
നാമോർക്കുന്നു;
എന്നറിയും നാം പക്ഷേ,
അതേ വഞ്ചിയിലാണു നാമെന്ന്?
*
ഒക്കെയും വ്യർത്ഥം!
ദൃഢഗാത്രനൊരു ചങ്ങാതി,
ഇന്നു രാവിലെ;
ചിതയിലെ പുകച്ചുരുൾ,
ഇന്നു സന്ധ്യക്ക്.
*
എത്ര ദാരുണം!
കാറ്റു വീശിയകറ്റുന്നു,
ചിതയിലെ പുകച്ചുരുൾ.
*
കത്തിച്ചാലതു ചാരമാവുന്നു,
കുഴിച്ചിട്ടാൽ മണ്ണാവുന്നു.
നാം ശേഷിപ്പിച്ചുപോകുന്നതു
നാം ചെയ്തുവച്ച പാപങ്ങളോ?
*
ഇങ്ങനെയാണു ലോകത്തിന്റെ പ്രകാരം. ലോകത്തിന്റെ നശ്വരതയെക്കുറിച്ചു ഗ്രാഹ്യമില്ലാത്തവർ അതു കണ്ടു ചകിതരാവുകയും, ആശ്ചര്യപ്പെടുകയും ചെയ്യുന്നു. ചുരുക്കം പേരേ ഇന്നു ബുദ്ധമാർഗ്ഗത്തിലുള്ളു. ആശ്രമങ്ങൾ മിക്കവയും ശൂന്യം. ഗുരുക്കന്മാർ അജ്ഞന്മാരായിരിക്കുന്നു; അവർ ധ്യാനം ശല്യമെന്നു കരുതി ഉപേക്ഷിച്ചിരിക്കുന്നു. ധ്യാനത്തിലല്ല, ക്ഷേത്രം മോടിപ്പെടുത്തുന്നതിലാണവർക്കു ശ്രദ്ധ. വെറും ജാടയാണവരുടെ ധ്യാനം; അവർ ഭിക്ഷുക്കളെന്ന വേഷം കെട്ടുന്നതേയുള്ളു- അവരുടെ സന്ന്യാസവേഷം പീഡനത്തിന്റെ കനത്ത പടച്ചട്ടയായേക്കാം ഇനിയൊരു നാൾ.


സംസാരചക്രത്തിൽ ജന്മമെടുക്കുക എന്നതു നരകത്തിലേക്കു നയിക്കുന്നു; ദുരാർത്തി വിശപ്പടങ്ങാത്ത ഭൂതമായി നിങ്ങൾക്കു പുനർജ്ജന്മം നൽകുന്നു; അജ്ഞത അടുത്ത ജന്മത്തിൽ നിങ്ങളെ മൃഗമാക്കുന്നു; കോപം പിശാചാക്കുന്നു. ഉപദേശങ്ങളെ പിൻപറ്റുക, മനുഷ്യജന്മം നിങ്ങൾക്കു കിട്ടും. നല്ലതു ചെയ്യുക, ദേവകളുടെ തലത്തിലേക്കു നിങ്ങളുയരും. ഈ ആറു മണ്ഡലങ്ങൾക്കും മുകളിൽ ബുദ്ധന്മാരുടെ മണ്ഡലങ്ങൾ നാലുണ്ട്; അങ്ങനെ പത്തായിട്ടാണ്‌ അസ്തിത്വത്തിന്റെ വിന്യാസം. എന്നാൽ ബോധോദയത്തിന്റെ മുഹൂർത്തത്തിൽ നിങ്ങൾക്കു വെളിപ്പെടുന്നു, അവ രൂപരഹിതങ്ങളാണെന്ന്, അവയ്ക്കിടനിലകളില്ലെന്ന്, അവയെ വെറുക്കുകയോ, ഭയക്കുകയോ, ആഗ്രഹിക്കുകയോ ചെയ്യേണ്ടതില്ലെന്ന്. അസ്തിത്വമെന്നാൽ വിശാലമായ ആകാശത്തു പാറിപ്പോകുന്ന ഒരു മേഘത്തുണ്ടു പോലെയേയുള്ളു, വെള്ളത്തിലെ നുര പോലെയേയുള്ളു. മനസ്സിൽ ഒരു ചിന്തയും അങ്കുരിക്കുന്നില്ല, അതിനാൽ യാതൊന്നും സൃഷ്ടമാവുന്നുമില്ല. സംശയിക്കേണ്ട, മനസ്സും വസ്തുവും ഒന്നുതന്നെ, ഒരേപോലെ ശൂന്യവും.
അഗ്നി പോലെയാണു മനുഷ്യജന്മം- അമ്മയച്ഛന്മാരായ അരണികൾക്കു പിറക്കുന്ന തീപ്പൊരിയാണു മനുഷ്യശിശു. അമ്മയച്ഛന്മാരും എരിഞ്ഞടങ്ങുന്നു - ഒക്കെയും ശൂന്യത്തിൽ നിന്നു പിറന്നവ. രൂപങ്ങളിൽ നിന്നു സ്വയം മുക്തനാവൂ, സത്തയുടെ ആദിമാധാരത്തിലേക്കു മടങ്ങൂ.

ചെറിമരം വെട്ടിപ്പിളർന്നാൽ
പൂക്കളെവിടെ?
വസന്തമെത്തുമ്പോൾപ്പക്ഷേ,
പൂക്കളാണെങ്ങും.
*
ഒരു പാലവും വേണ്ടാതെയല്ലേ,
മേഘങ്ങളുയരത്തിലെത്തി?
തുണയ്ക്കായവയ്ക്കു വേണ്ട,
ഒരു ബുദ്ധന്റെ സാരോപദേശവും.


ഗൗതമബുദ്ധൻ അമ്പതു കൊല്ലം ധർമ്മം പ്രസംഗിച്ചു നടന്നു; ഒരിക്കൽ ശിഷ്യകാശ്യപൻ അദ്ദേഹത്തിന്റെ ഉപദേശങ്ങളിലേക്കുള്ള സൂചകമെന്തെന്നു ചോദിച്ചപ്പോൾ ബുദ്ധൻ പറഞ്ഞു, ‘തുടക്കം മുതലൊടുക്കം വരെ ഒരു വാക്കും ഞാനുരിയാടിയിട്ടില്ല.’ എന്നിട്ടദ്ദേഹം ഒരു പൂവെടുത്തു കാട്ടി. കാശ്യപൻ അതു കണ്ടു മന്ദഹസിച്ചു; ബുദ്ധൻ പൂവെടുത്തു കാശ്യപനു നൽകിക്കൊണ്ടു പറഞ്ഞു, ‘നിത്യസത്യത്തിന്റെ ആശ്ചര്യമാനസം നിനക്കു സ്വന്തം.’ ‘അങ്ങെന്താണർത്ഥമാക്കുന്നത്?’ കാശ്യപൻ ചോദിച്ചു. ബുദ്ധൻ പറഞ്ഞു, ‘എന്റെ അമ്പതു കൊല്ലത്തെ പ്രബോധനത്തിനിടയിൽ നിന്നെ മാടിവിളിയ്ക്കുകയായിരുന്നു ഞാൻ, സമ്മാനം തരാമെന്നു കൊതിപ്പിച്ച് ഒരു കുഞ്ഞിനെ കൈകളിലേക്കു വശീകരിച്ചുവരുത്തുന്നപോലെ.‘

ഈ ധർമ്മപുഷ്പത്തെ ഭൗതികമോ, മാനസികമോ, വാചികമോ ആയി വിവരിക്കാനാവില്ല. അതു വസ്തുവോ, ആത്മാവോ അല്ല. അതു വിജ്ഞാനമല്ല. നമ്മുടെ ധർമ്മം ഭൂതഭാവിവർത്തമാനകാലങ്ങളിലെ ബുദ്ധന്മാരെയൊക്കെ വഹിക്കുന്ന ഏകയാനമത്രെ. അതിലുണ്ട്, ഇരുപത്താറു ഭാരതീയഗുരുക്കുന്മാരും, ആറു ചീനഗുരുക്കന്മാരും. അതത്രേ, സത്തയുടെ ആദിമാധിഷ്ഠാനം. ഒന്നിനും തുടക്കമില്ല, അതിനാൽ തന്നിൽത്തന്നെയടങ്ങുന്നവയാണൊക്കെയും. ആറിന്ദ്രിയങ്ങൾ, നാലു കാലങ്ങൾ, നാലു മഹാഭൂതങ്ങൾ എല്ലാം ഉല്പത്തിയാവുന്നതു ശൂന്യത്തിൽ; ചിലരേ അതറിയുന്നുള്ളു. വായു, ശ്വാസം; അഗ്നി, ചലനം; ജലം, രക്തം; ദേഹം എരിക്കുകയോ, കുഴിച്ചിടുകയോ ചെയ്യുമ്പോൾ അതു മണ്ണുമാവുന്നു. ഈ ഭൂതങ്ങളും പക്ഷേ ആരംഭമില്ലാത്തവയും, അതിനാൽ നിലനിൽക്കാത്തവയുമാണ്‌.

ഈ ലോകത്തു സർവ്വതും
അയഥാർത്ഥം;
മരണം തന്നെയും
മായ.
*
മായ നമ്മെ മോഹിപ്പിക്കുന്നു, ദേഹം മരിച്ചാലും ആത്മാവു ശേഷിക്കുമെന്ന്. പരമാബദ്ധമാണത്. ശരീരവും ആത്മാവും ഒരേപോലെ നശിക്കുമെന്ന് ജ്ഞാനം ലഭിച്ചവൻ പറയുന്നു. ’ബുദ്ധൻ‘ എന്നാൽ ശൂന്യം. എമ്പതിനായിരം വേദഗ്രന്ഥങ്ങൾ മാറ്റിവച്ചിട്ട്, ഈയൊരു ചെറുഗ്രന്ഥത്തിൽ ഒക്കെയും ഞാൻ സംക്ഷേപിച്ചിരിക്കുന്നു. നിങ്ങൾക്കിതു വലുതായ ആനന്ദം വരുത്തും.


മറ്റൊരാൾക്കു വായിക്കാൻ
എഴുതിവച്ചിട്ടുപോവുക:
അതുമൊരു സ്വപ്നം.
ഉണരുമ്പോൾ ഞാനറിയുന്നു,
വായിക്കാനാരുമില്ലെന്ന്.



Ikkyu in English Version
ikkyu2ikkyu1ikkyu

2016, മേയ് 25, ബുധനാഴ്‌ച

ഇസുമി ഷികിബു - കവിതകൾ





ഇസുമി ഷികിബു Izumi Shikibu (970-1030)- പ്രണയബന്ധങ്ങൾ കൊണ്ടും പ്രണയകവിതകൾ കൊണ്ടും പ്രശസ്തയായ ജാപ്പനീസ് കവി. ഭരണവർഗ്ഗത്തിൽ പെട്ട ഒരു കുടുംബത്തിൽ ജനിച്ചു. 22 വയസ്സുള്ളപ്പോൾ ഇസുമി എന്ന പ്രവിശ്യയിലെ അധികാരിയായ തച്ചിബാന നോ മിച്ചിസാദയെ വിവാഹം ചെയ്തു. ഗ്രാമീണജീവിതം മടുത്ത അവർ മൂന്നു കൊല്ലം കഴിഞ്ഞ് തലസ്ഥാനമായ ക്യോട്ടോയിലേക്കു മടങ്ങി. ചക്രവർത്തിയുടെ മകനായ ടാമേടാക്കയുമായുള്ള പരസ്യമായ പ്രണയബന്ധം വിവാഹജീവിതത്തിൽ നിന്നും സ്വന്തം കുടുംബത്തിൽ നിന്നും അവരെ പുറത്താക്കി. പ്ളേഗുബാധയെ തുടർന്ന് കാമുകൻ മരിച്ചപ്പോൾ അയാളുടെ അർദ്ധസഹോദരനായ അറ്റ്സുമിചിയുമായി അവർ പ്രേമത്തിലായി.  രണ്ടു കൊല്ലം കഴിഞ്ഞ് അയാളും മരിച്ചപ്പോൾ അവർ ക്യോട്ടോയിലെ അകികോ രാജ്ഞിയുടെ പരിചാരികയായി. ഇക്കാലത്താണ്‌ അവർ തന്റെ പ്രസിദ്ധമായ ഇസുമി ഷികിബു നിക്കി എന്ന കാവ്യാത്മകമായ ഡയറി എഴുതുന്നത്. പിന്നീടവർ ഫ്യൂജിവാര നോ യസുമാസ എന്ന സൈന്യാധിപനെ വിവാഹം കഴിച്ച് ടാൻഗോ പ്രവിശ്യയിലേക്കു താമസം മാറ്റി. ഇവിടെ വച്ച് മകളും കവിയുമായ കോഷിക്കു നോ നെയ്ഷി മരിച്ചു. തന്റെ മരണസമയത്തെഴുതിയ ഒരു കവിതയിൽ “ഒരിരുട്ടിൽ നിന്നു മറ്റൊരിരുട്ടിലേക്കു കടക്കുന്ന തനിയ്ക്കു വെളിച്ചം നല്കാൻ മലവരമ്പിലെ ചന്ദ്രനോട് (ബുദ്ധനോട്) അവർ പ്രാർത്ഥിക്കുന്നു.




രണ്ടു തോണികളിലാണു
നമുക്കു യാത്രയെന്നറിയുമ്പോൾ
കണ്ണീരും തിരകളുമെന്നെ നനയ്ക്കുന്നു.
*

ഒരു മഞ്ഞുതുള്ളി പോലെ മാഞ്ഞുപോകാൻ
നിങ്ങളെന്നെ വിട്ടിരുന്നുവെങ്കിൽ;
പകരം നിങ്ങളെന്നെ ഒരു രത്നമാക്കി,
ആർക്കുമുപകരിക്കാതെ.
*

മറ്റൊരാളായിരുന്നു,
ചന്ദ്രൻ പുലരി കടക്കുമ്പോൾ
ഇതേ ആനന്ദമൂർച്ഛയോടെ
ആകാശം നോക്കിനിന്നവൾ.
*

ഒരിക്കൽ നീ പറഞ്ഞു,
നീ ചന്ദ്രനെ നോക്കുന്നതു
ഞാൻ കാരണമെന്ന്;
ഇന്നു ഞാൻ തന്നെ വന്നിരിക്കുന്നു,
നീ പറഞ്ഞതു സത്യമോയെന്നറിയാൻ.
*

കവിതയെഴുതുന്ന വഴി
എനിക്കു പഠിക്കണം,
നിന്നിലേക്കുള്ള വഴിയായി.
*

നിനക്കെന്നെ സ്നേഹമെങ്കിൽ,
വരൂ.
എന്റെ വീടു നിൽക്കുന്ന വഴി വിലക്കിയിട്ടില്ല,
പ്രചണ്ഡമനസ്സുകളായ ദേവന്മാർ.
*
 
പുലർച്ചെ, ആകാശമദ്ധ്യത്ത്
ഏകാന്തചന്ദ്രൻ:
അതിനൊളിക്കാൻ ഒരിടവുമില്ല,
എന്നെപ്പോലെ തന്നെ!
*


മഴ പെയ്യുന്ന രാത്രിയിൽ
ഞാനോർത്തതു നിന്നെക്കുറിച്ചായിരുന്നു:
മറ്റാരുമില്ലാത്തൊരു വീട്ടിൽ
മഴയെ മറവിയില്പെടുത്തുന്നതെങ്ങനെ?
*

വഞ്ചകനാണു നീയെങ്കിലും
എനിക്കൊരു പരാതിയുമില്ല:
അലയടങ്ങിയ കടൽ പോലെ
അഗാധമാണെന്റെ വിദ്വേഷം.
*


ഒരു നിമിഷം പോലുമെനിക്കു ജീവിക്കേണ്ട,
മുളമുട്ടുകൾ പോലടുത്തടുത്തായി
ദുഃഖങ്ങളെത്തുന്നൊരു ലോകത്ത്.
*


പ്രണയത്തിന്റെ നാളം കെടുകയില്ല,
ഈയുടലിലൂടൊരു
കണ്ണീർപ്പുഴയൊഴുകിയാലും.
*


ഈ ലോകത്തു
പ്രണയത്തിനു നിറമില്ലെങ്കിലും
നിന്റെയുടൽ
എന്റെയുടലിലെങ്ങനെ
നിറം പറ്റിച്ചു?
*


അഴിഞ്ഞുലഞ്ഞ മുടിയെക്കുറിച്ചോർക്കാതെ
വെറും നിലത്തു കിടന്നു ഞാനോർക്കുന്നു,
അതു മാടിയൊതുക്കിയൊരുന്നൊരാളെ.
*


എണ്ണിനോക്കുമ്പോൾ
വർഷങ്ങൾ പോലും ശേഷിക്കുന്നില്ല;
വാർദ്ധക്യം പോലൊന്നുമില്ല,
വിഷാദമേറ്റുന്നതായി.
*


അമ്മയെന്നെ വിലക്കിയിട്ടും
വാതില്ക്കൽ ഞാൻ വന്നു നിന്നു:
വരാനാരുമില്ല.
*


ചിതയിൽ നിന്നു പുക പൊങ്ങുമ്പോൾ
ഞാനോർത്തുപോയി:
എന്നാണെന്റെ ഊഴമെത്തുക,
അന്യർക്കിതുപോലെന്നെക്കാണാൻ?
*


എല്ലാം ഞാൻ
നെഞ്ചിലൊളിപ്പിച്ചിട്ടും
കണ്ണീരിതെല്ലാമെങ്ങനെ
ആദ്യമറിയുന്നു!
*


മഞ്ഞുതുള്ളികൾ, സ്വപ്നങ്ങൾ,
ഈ ലോകം, വ്യാമോഹങ്ങൾ പോലും:
എത്ര ചിരായുസ്സുകളാണവ,
നമ്മുടെ പ്രണയം വച്ചു നോക്കുമ്പോൾ!
*


ലോകത്തില്ല,
പ്രണയമെന്നൊരു ചായമെങ്കിലും
അതിൽ മുക്കിയെടുത്തതാണെന്നെ!
*


സൂര്യൻ താഴുമ്പോൾ
ആധികളേറുമോ?
എനിക്കതു ചോദിക്കാൻ
ഞാനല്ലാതെ
മറ്റൊരാളുണ്ടായെങ്കിൽ!
*


നീ വരുമ്പോൾ
ഞാനെവിടെയൊളിക്കും?
നിന്റെ ഹൃദയത്തിനൊരു
രഹസ്യമുറിയുണ്ടെങ്കിൽ
അവിടെയാകട്ടെ.
*


എനിക്കവനെക്കാണാൻ,
അവനെന്നെക്കാണാൻ-
ഞാനെന്നും മുഖം നോക്കുന്ന
കണ്ണാടിയായിരുന്നു അവനെങ്കിൽ!
*


ആരു ഭേദം,
നിങ്ങൾ മോഹിക്കുന്ന വിദൂരകാമുകനോ,
ഒരു മോഹവുമില്ലാതെ
നിത്യവും നിങ്ങൾ കാണുന്നവനോ?
*


ഈയൊരിക്കലേ
നിന്നെ ഞാൻ കണ്ടിട്ടുള്ളുവെങ്കിലും,
നിന്നെത്തന്നെ ഞാൻ മോഹിക്കും,
ഈ ലോകത്തും പരലോകത്തും.
*


ഈ ഹൃദയം
നിന്നെ മോഹിച്ചു
നൂറായി നുറുങ്ങുന്നു-
ഒന്നു പോലും
ഞാൻ കളയില്ല.
*


എന്നോടേറ്റവുമടുത്തവൻ,
എന്റെ ഈയുടൽ-
ഇവയുമിനി മേഘങ്ങളാവും,
എതിർദിശകളിലേക്കൊഴുകും.
*


ഈ ലോകത്താരുണ്ടാകരുത്,
മറക്കുന്നയാളോ,
മറക്കപ്പെടുന്നയാളോ?
*


നീ തിടുക്കപ്പെടുന്നതെവിടേയ്ക്ക്?
എവിടെപ്പോയാലും
ഈ രാത്രിയിൽ നീ കാണുക
ഇതേ ചന്ദ്രനെയായിരിക്കും.
*


ഒരു വേനല്പാടമല്ല ഈ ഹൃദയമെങ്കിലും...
എങ്കിലും,
പ്രണയത്തിന്റെ കാട്ടുപുല്ലു വളരുന്നതെത്ര
നിബിഡമായി!
*


മുളയിലകളിൽ
ആലിപ്പഴമൊച്ചപ്പെടുന്ന രാത്രികളിൽ
ഒറ്റയ്ക്കുറങ്ങാൻ
വെറുപ്പാണെനിക്ക്.


ഒരിരുട്ടിൽ നിന്നു
മറ്റൊരിരുട്ടിലേക്കു
ഞാൻ യാത്രയാവുകയായി-
എനിക്കു മേൽ തിളങ്ങുക,
മലവരമ്പിലെ ചന്ദ്ര!
*




2016, മേയ് 13, വെള്ളിയാഴ്‌ച

ഒനോ നോ കൊമാച്ചിയുടെ കവിതകൾ

Komachi



ഒനോ നോ കൊമാച്ചി (Ono no Komachi)
ജപ്പാനിൽ ഇക്കാലത്തു പോലും സ്ത്രീസൗന്ദര്യത്തിന്റെ പര്യായമായി പരിഗണിക്കപ്പെടുന്ന കവി. 825ൽ ജനിച്ചു. കഥകളല്ലാതെ അവരുടെ ജീവിതത്തെക്കുറിച്ച് വിശ്വസനീയമായ വസ്തുതകളൊന്നും അറിയില്ല. തന്റെ സൗന്ദര്യത്തിന്റെ അഹങ്കാരത്തിൽ തനിക്കു വന്ന  പ്രേമാഭ്യർത്ഥനകളൊക്കെ അവർ നിർദ്ദയം നിരസിച്ചുവെന്നും അതിനുള്ള ശിക്ഷയെന്നോണം പടുവൃദ്ധയായി, വിരൂപയായി ഏറെക്കാലം കഴിഞ്ഞിട്ടാണ്‌ അവർ മരിച്ചതെന്നും കഥകൾ പറയുന്നു. നൂറു രാത്രികൾ തുടർച്ചയായി തന്നെ കാണാൻ വന്നാൽ വിവാഹം കഴിക്കാമെന്ന് ഒരു രാജസദസ്യന്‌ അവർ വാഗ്ദാനം നല്കിയതായി മറ്റൊരു കഥയിൽ പറയുന്നു. ഒരു രാത്രി മാത്രം ശേഷിക്കെ ഹതാശനായി അയാൾ വീണുമരിച്ചുവത്രെ. 900ത്തിനടുത്തു രചിക്കപ്പെട്ടതെന്നു കരുതാവുന്ന കോക്കിൻഷു, ഇസെ മൊണാഗതാരി എന്നീ കൃതികളിലാണ്‌ കോമാച്ചിയുടെ പ്രശസ്തമായ 22 ടാങ്ക കവിതകൾ സമാഹരിക്കപ്പെട്ടിരിക്കുന്നത്.


1
എനിക്കു നിശ്ചയമത്രമേൽ
വരാനല്ലവനെന്നാലും
സന്ധ്യക്കു ചീവീടു കരയുമ്പോൾ
വാതിലെത്തി ഞാൻ നില്ക്കുന്നു.



2
വരാത്തൊരാൾക്കു വേണ്ടി ഞാൻ
കാത്തിരുന്ന കഥയിങ്ങനെ,
തോരാതെ തോരാതെ
മഴ നിന്നുപെയ്തതുമിങ്ങനെ.



3
വിസ്മൃതിയുടെ പൂവിറുക്കാ-
മെന്നു ഞാനോർത്തതേയുള്ളു,
അവന്റെ ഹൃദയത്തിൽ
അതു വളരുന്നതു ഞാൻ കണ്ടു!



4
കതിരിട്ട പാടത്തു കാറ്റിന്റെ താണ്ഡവം.
എനിക്കു പേടിയാവുന്നു-
ഒരു കതിരു ശേഷിക്കുമോ
എനിക്കു കൊയ്തെടുക്കാൻ?



5
ശരല്ക്കാലരാത്രി ദീർഘമെന്നാരു പറഞ്ഞു?-
അന്യോന്യം നോക്കിയിരിക്കയല്ലാതെ
മറ്റൊന്നും നാം ചെയ്തില്ല;
എന്നിട്ടിതാ, പുലരിയുമായി!



6
വേരു പറിഞ്ഞ ഓടത്തണ്ടു പോലെ
ബലം കെട്ട ഈയുടൽ...
പോരൂ, എന്നൊഴുക്കു ക്ഷണിച്ചാൽ
പോകാമെന്നു ഞാനോർക്കും.



7
എന്താണ്‌ പ്രണയം?
ഉത്കണ്ഠകളുടെ ഈ ലോകത്ത്
നമ്മെ കുടുക്കിയിടുന്ന
മറ്റൊരു തുടൽ.



8
തണുത്തുറഞ്ഞ അവന്റെ ഹൃദയം
എന്റെയുടലിന്റെ ശരല്ക്കാലമായി;
വാക്കുകളനവധി പിന്നെയും കൊഴിയാം,
കലപില വയ്ക്കുന്ന പഴുക്കിലകൾ പോലെ.



9
നീ തന്നുപോയ സമ്മാനങ്ങൾ
എനിക്കു ശത്രുക്കളായിക്കഴിഞ്ഞു;
അവയില്ലായിരുന്നുവെങ്കിൽ
ഒരു നിമിഷമെനിക്കു വിസ്മൃതി കിട്ടിയേനെ.



10
പാറക്കെട്ടിനടുത്തൊരു പൈൻമരം;
അതിനെത്ര ഓർമ്മകളുണ്ടായിരിക്കണം.
ഒരായിരം കൊല്ലം കഴിഞ്ഞിട്ടും, നോക്കൂ,
അതിന്റെ ചില്ലകൾ ചായുന്നത് മണ്ണിലേക്ക്!



11
മരച്ചില്ലകൾക്കിടയിലൂടെ
നിലാവരിച്ചിറങ്ങുന്നതു കാണുമ്പോൾ
എന്റെ ഹൃദയവും തുളുമ്പുന്നു,
ശരല്ക്കാലം കൊണ്ടു നിറയുന്നു.



12
നിനക്കു വഴങ്ങുകയെന്നോ?
കാറ്റിളകുമ്പോൾ
പുഴയിലലകൾ പോലെ?
നിനക്കു വേണ്ടതതാണെന്നോ?


13
വരാമെന്നു പറഞ്ഞവൻ
മറന്നുപോയ ഈയുടൽ-
എനിക്കൊരു ചിന്തയേയുള്ളു:
അതിനിപ്പോഴും ജീവനുണ്ടോ?


14
ദാരുണം, എന്നെക്കാത്തിരിക്കുന്ന മരണം-
നെല്പാടങ്ങൾക്കു മേൽ
വിളർത്ത പച്ചനിറത്തിലൊരു മൂടലായി
ഞാനൊടുങ്ങുമെന്നോർക്കുമ്പോൾ...


15
എന്റെ ഹൃദയത്തിലൊഴുകിനടക്കുന്നു
പ്രണയഭംഗത്തിന്റെ കൊതുമ്പുവള്ളം;
ഞാനതിൽ കയറിയിരുന്നതേയുള്ളു,
തുവാനമടിച്ചു ഞാനാകെക്കുളിച്ചു!



http://www.gotterdammerung.org/japan/literature/ono-no-komachi/

കാർലോ ബുഗാറിൻ - ഞാൻ

392118_2508149540686_831206972_n



നിന്റെ കൈ നക്കുന്ന സാധുവായ നായ ഞാൻ,
നിന്റെ നെഞ്ചു കീറിപ്പൊളിക്കുന്ന സിംഹവും ഞാൻ.
നിന്നെത്തേടി കരഞ്ഞുവിളിക്കുന്ന ശിശുവാണു ഞാൻ,
നിന്റെ കിടക്കയിൽ നിന്റെയൊപ്പം കിടക്കുന്ന ഭൂതവും.

നിന്റെ പലായനത്തിലൊപ്പമലയുന്ന നിഴലു ഞാൻ,
നിനക്കു കണ്ടിട്ടറിയാതെവരുന്ന സർവമാനജീവികളും.
നിന്റെ മുടി തഴുകിപ്പോകുന്ന മൃദുവായ തെന്നൽ ഞാൻ,
പല ശബ്ദങ്ങൾക്കിടയിലൊരതിവിദൂരശബ്ദവും.

ഒരു മൂകസാക്ഷി ഞാൻ, ഒരു പടർവള്ളി ഞാൻ,
നിന്റെ പൊള്ളുന്ന കണ്ണീരിനൊരു കൂട്ടുകാരൻ;
നീയാളിക്കത്തിക്കുന്ന തീക്കുണ്ഡത്തിനെണ്ണയും നാളവും,
ഇത്ര നാൾ നീ കാത്തിരുന്നവനുമാണു ഞാൻ.

നിന്റെ ചിന്തകൾ ഞാനൌത്സുക്യത്തോടെ വായിക്കുന്നു,
എന്റെ പേരു വരുന്നൊരു വരിയതിൽ ഞാൻ തേടുന്നു ;
നിന്റെ ജീവചരിത്രത്തിൽ ആ നിമിഷമായിരിക്കും ഞാൻ,
ഭ്രാന്തനൊരു ഭൂതത്താൻ നിന്റെ ചുണ്ടിൽ ചുംബിച്ച നിമിഷം…




Carlos Bugarin - I am
--------------------------

I am the gentle dog that licks your hand
and I'm the lion that tears open your chest;
I am also the child who calls you in vain
and the spectre who sleeps in your bed.
I am the wandering shadow that follows your flight.
I am all those beings that you don't recognize.
I am the soft wind that caresses your hair
and a faraway voice among so many others.
I am a mute witness, I am a climbing ivy;
I am the companion of your bitter tears.
I am the flame and fuel of your ardent bonfire;
I am the one you have for so long awaited.
I am an avid reader of your thoughts,
seeking a phrase that invoques my name.
And in your biography, I will be that moment
in which a crazy goblin kissed your lips...

2016, മേയ് 12, വ്യാഴാഴ്‌ച

ഏണെസ്റ്റ് ഡൌസൺ - യാത്രാമൊഴി




നാം പിരിയണമെന്നാണെങ്കിൽ
അതിങ്ങനെയാവട്ടെ:
നെഞ്ചോടു നെഞ്ചമർത്തിയിട്ടല്ല,
ഒരു ചുംബനത്തിന്റെ
വിഫലവേദനയോടെയുമല്ല.
എന്റെ കൈയിൽ തൊട്ടുകൊണ്ടു പറയൂ:
‘നാളെ വരെ, അല്ലെങ്കിൽ
ഇനിയൊരുനാൾ വരെ,
നാം പിരിയണമെന്നാണെങ്കിൽ.’

പ്രണയമത്ര ബലത്തതായിരിക്കെ,
വാക്കുകളെത്ര ബലം കെട്ടു പോകുന്നു:
മൌനം പറയട്ടെ:
‘ജീവിതം ഹ്രസ്വം, പ്രണയം ദീർഘം;
വിതയ്ക്കാനൊരു കാലം,
കൊയ്യാനൊരു കാലം,
മെതി കഴിഞ്ഞാലുറങ്ങാൻ
അതിദീർഘമൊരു കാലം,
പക്ഷേ, വാക്കുകളെത്ര ദുർബലം.’




ഏണെസ്റ്റ് ക്രിസ്റ്റഫർ ഡൗസൺ Ernest Christopher Dowson (1867 ആഗസ്ത് 2-1900 ഫെബ്രുവരി 23)- ഇംഗ്ളീഷ് കവിയും നോവലിസ്റ്റും കഥാകൃത്തും. തിരിച്ചു കിട്ടാത്ത പ്രണയത്തിന്റെ ശോകമാണ്‌ മിക്ക കവിതകളുടെയും ഭാവം. “gone with the wind," "days of wine and roses" തുടങ്ങിയ പ്രയോഗങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ നിന്നുള്ളവയാണ്‌.

If we must part,
Then let it be like this.
Not heart on heart,
Nor with the useless anguish of a kiss;
But touch mine hand and say:
"Until to-morrow or some other day,
If we must part".
Words are so weak
When love hath been so strong;
Let silence speak:
"Life is a little while, and love is long;
A time to sow and reap,
And after harvest a long time to sleep,
But words are weak."

2016, മേയ് 11, ബുധനാഴ്‌ച

മയക്കോവ്സ്കി - ഞാൻ



I

ചവിട്ടിക്കുഴച്ച പെരുവഴിയാ-
ണെന്റെയാത്മാ-
വതിൽ വക്രോക്തികൾ മെടയുന്നു
ഭ്രാന്തന്മാരുടെ ചുവടുകൾ.
നഗരങ്ങൾ കഴുവേറുമിടത്തേക്കു
ഞാൻ പോകുന്നു,
ഒരുകാലം മിന്നിത്തിളങ്ങിയ
ഗോപുരങ്ങളുടെ വെടിപ്പൻ കഴുത്തുകൾ
ഒരു മേഘത്തിന്റെ കൊലക്കുരുക്കിൽ
തണുത്തുപിടഞ്ഞുകിടക്കുമിടത്തേ-
ക്കൊറ്റയ്ക്കു ഞാൻ പോകുന്നു,
കവലകൾ കുരിശ്ശിലേറ്റിയ
പോലീസുകാരെച്ചൊല്ലി
വിലപിക്കാൻ.


II
എന്റെ ഭാര്യയെക്കുറിച്ച് ചില വാക്കുകൾ



അറിയാത്ത കടലുകളുടെ വിദൂരതീരങ്ങളിലൂടെ
അവൾ കടന്നുപോകുന്നു,
ചന്ദ്രൻ, എന്റെ ഭാര്യ.
ചെമ്പൻ മുടിക്കാരി എന്റെ പെണ്ണ്‌.
അവളുടെ വാഹനത്തിനു പിന്നാലെ
പലനിറനാടകളുടുത്ത നക്ഷത്രക്കൂട്ടങ്ങൾ
ഒച്ച വച്ചുകൊണ്ടു പായുന്നു.
ഒരു വർക്ക്ഷോപ്പുമായി
അവളുടെ മനസ്സമ്മതം നടക്കുന്നു,
മാടക്കടകളെ ഉമ്മ വച്ചവൾ നടക്കുന്നു.
കണ്ണു ചിമ്മുന്നൊരു ബാലൻ
ക്ഷീരപഥത്തിൽ, അവളുടെ വസ്ത്രാഞ്ചലത്തിൽ
കിന്നരിപ്പൊട്ടുകളൊട്ടിക്കുന്നു.
അപ്പോൾ ഞാനോ?
ഞാനെരിയുമ്പോൾ
ആഴക്കിണറുകളായ എന്റെ കണ്ണുകളിൽ നിന്നു
മഞ്ഞു പോലെ തണുത്ത വെള്ളം തേവുകയായിരുന്നു
എന്റെ പുരികങ്ങൾ.
പട്ടു പോലെ പൊയ്കകൾ വാരിച്ചുറ്റി
നീയവിടെ തങ്ങിനില്ക്കുമ്പോൾ
നിന്റെ പാടുന്ന തുടകൾ
ആംബറിന്റെ വയലിനുകളായിരുന്നു.
മേല്ക്കൂരകൾ കോപിഷ്ടരായ ഈ ഊഷരദേശത്ത്
നീയെറിഞ്ഞു തരുന്ന വെള്ളിച്ചരടെത്തുകയില്ല.
തെരുവുകളിൽ ഞാൻ മുങ്ങിത്താഴുന്നു,
ആലസ്യത്തിന്റെ പൂഴിയിൽ ഞാനാഴുന്നു.
നോക്കൂ, അതവളാണ്‌,
നിന്റെ മകൾ,
എന്റെ ഗാനം,
വലക്കണ്ണിക്കാലുറയുമിട്ട്,
ഓരോ കഫേയ്ക്കരികിലും!

III
എന്റെ അമ്മയെക്കുറിച്ച് ചില വാക്കുകൾ


ഇളംനീലനിറത്തിൽ ഒരു വോൾപേപ്പറാണെന്റെ അമ്മ.
ഞാനാകട്ടെ,
മയില്പൂവന്റെ കടുംനിറക്കുപ്പായവുമിട്ടു ഞെളിഞ്ഞു നടക്കുന്നു,
വരി തെറ്റിയ ഡെയ്സിപ്പൂക്കളെ
അളന്നുമുറിച്ച ചുവടുകൾ വച്ചു പീഡിപ്പിക്കുന്നു.
തുരുമ്പിച്ച ഒബോകളിൽ സായാഹ്നം ഒരീണമിടുന്നു.
ഇടുങ്ങിയ ജനാലയ്ക്കലേക്കു നടക്കുമ്പോൾ
യാത്രയ്ക്കായി പുരപ്പുറമേറിയൊരു മേഘത്തെ
പിന്നെയും കാണാമെന്നു ഞാനോർക്കുന്നു.
അമ്മ സുഖമില്ലാതെ കിടക്കുന്ന മുറിയിൽ
കിടക്കയ്ക്കരികിൽ നിന്ന്
ഒഴിഞ്ഞ മൂലകളിലേക്കു മാറുന്നവരുടെ മർമ്മരം.
അമ്മയ്ക്കറിയാം-
ഷുസ്റ്റോവ് ഫാക്ടറിയുടെ
മേല്പുരകളിൽ നിന്നിഴഞ്ഞിറങ്ങുന്ന
ഭ്രാന്തൻ ചിന്തകളാണവ.
ഒരു ഫെല്റ്റ് ഹാറ്റ് കിരീടമണിഞ്ഞ എന്റെ നെറ്റിത്തടം
ഇരുളുന്ന ജനാലച്ചട്ടത്തിൽ ചോര പുരളുമ്പോൾ
കാറ്റിന്റെ ഓരിയിടൽ വകഞ്ഞുമാറ്റി
താഴ്ന്ന സ്ഥായിയിൽ ഞാൻ പറയും,
“അമ്മേ,
നൃത്തം വയ്ക്കുന്ന മേഘങ്ങളുടെ മടമ്പുകൾ
നിന്റെ വേദനയുടെ പൂവട്ടക തട്ടിമറിയ്ക്കുമ്പോൾ
ഞാനതിനെച്ചൊല്ലി വ്യസനിക്കാൻ നിന്നാൽ
അവാൻസോ പീടികജനാലയുടെ
പരസ്യപ്പലകകളെടുത്തെറിയുന്ന സ്വർണ്ണക്കൈകളെ
ആരെടുത്തോമനിയ്ക്കും?”



IV
എന്നെക്കുറിച്ചു തന്നെ ചില വാക്കുകൾ


കുഞ്ഞുങ്ങൾ മരിക്കുന്നതു കണ്ടുനില്ക്കാൻ എനിക്കിഷ്ടമാണ്‌.
വിഷാദത്തിന്റെ തുമ്പിക്കൈനീളമുള്ള മൂക്കിനു പിന്നിൽ
ചിരിയുടെ വേലിയേറ്റത്തിന്റെ നുരയുന്ന തിരതള്ളൽ
നിങ്ങളും കണ്ടിട്ടില്ലേ?
ഞാനോ, ഞാൻ തെരുവുകളുടെ വായനമുറിയിൽ വച്ച്
ശവപ്പെട്ടിയുടെ പുസ്തകം താളു മറിച്ചു വായിച്ചിരിക്കുന്ന-
തെത്ര തവണയെന്നോ!
മഴയിറ്റുന്ന വിരലുകളാൽ പാതിരാവെന്നെ തൊട്ടുനോക്കി,
പൊളിഞ്ഞുവീണ മതിലിന്മേൽ പരതി.
മുണ്ഡനം ചെയ്ത കുംഭഗോപുരത്തിനു മേൽ
മഴ ചരലു വാരിയെറിയുമ്പോൾ
വെറി പിടിച്ച ഭദ്രാസനപ്പള്ളി ചാടിയെണീറ്റു നൃത്തം വയ്ക്കുന്നു.
പൊന്നു പൂശിയ തിരുരൂപത്തിൽ നിന്ന്
യേശു ഓടിപ്പോകുന്നതു ഞാൻ കാണുന്നു,
കാറ്റിൽ പാറുന്ന അവന്റെ വസ്ത്രാഞ്ചലത്തിൽ
തെരുവിലെ കുഴഞ്ഞ ചെളി വിതുമ്മിക്കൊണ്ടുമ്മ വയ്ക്കുന്നു.
കല്ക്കെട്ടു നോക്കി ഞാൻ ചീറി,
മാനത്തിന്റെ കൊഴുത്തുതുടുത്ത കവിളത്ത്
വെറി പിടിച്ച വാക്കുകളുടെ കഠാരകൾ ഞാനെറിഞ്ഞു കൊള്ളിച്ചു.
“സൂര്യ!
എന്റെ പിതാവേ!
എന്നോടു കരുണ കാണിക്കേണമേ,
ഈ പീഡനമൊന്നു നിർത്തേണമേ!
വഴിയിലീ ഒഴുകിപ്പരക്കുന്ന ചോര-
അതെന്റെ ചോരയാണ്‌.
കത്തിക്കരിഞ്ഞൊരാകാശത്ത്
മണിമേടയിലെ തുരുമ്പിച്ച കുരിശ്ശിലുടക്കിക്കിടക്കുന്ന
മേഘക്കീറുകൾ-
അതെന്റെ ആത്മാവാണ്‌.
കാലമേ!
മുടന്തനായ ദൈവരൂപം വരപ്പുകാരാ,
ഈ ചപലമായ നൂറ്റാണ്ടിന്റെ രൂപക്കൂടിൽ
നീയെങ്കിലും എന്റെ മുഖമൊന്നു വരച്ചുവയ്ക്കൂ!
ഒറ്റയ്ക്കാണു ഞാൻ,
കാഴ്ച മങ്ങുന്നൊരാളുടെ മുഖത്തു ശേഷിച്ച
ഒറ്റക്കണ്ണു പോലെ!”
(1913)

2016, മേയ് 1, ഞായറാഴ്‌ച

നിദ ഫാസ്ലി - രണ്ടു കവിതകള്‍

nida fazli


***


എന്റെ കരളുരുകുകയാണെന്നു പറയാൻ
എന്റെ ചുണ്ടുകൾക്കൊരുനാളുമായില്ല,
എന്റെ മൗനത്തിന്റെ പൊരുളറിയാൻ
അവൾക്കൊട്ടു കഴിഞ്ഞതുമില്ല.


ഒരു ദിവസം




സൂര്യൻ!
ഒരു വികൃതിക്കുട്ടിയെപ്പോലെ
പകലു മുഴുവനവൻ കാടു കാട്ടിനടക്കും,
കുരുവികളെ ചിതറിച്ചോടിക്കും,
കിരണങ്ങൾ കൊണ്ടു കിരീടമണിയും,
അരിവാളും പേനയും ചുറ്റികയും ബ്രഷും
കണ്ടേടത്തെടുത്തെറിയും.


സന്ധ്യ!
അവശയായൊരമ്മയെപ്പോലെ
ഒരു വിളക്കു കൊളുത്തിവയ്ക്കുന്നു,
ചിതറിക്കിടക്കുന്നവ പെറുക്കിക്കൂട്ടുന്നു.


Muqtida Hasan Nida Fazli നിദ ഫാസ്ലി (1938-2016)- ഹിന്ദി, ഉറുദു കവിയും ഗാനരചയിതാവും സിനിമാസംഭാഷണരചയിതാവും.