2016, മേയ് 13, വെള്ളിയാഴ്‌ച

ഒനോ നോ കൊമാച്ചിയുടെ കവിതകൾ

Komachi



ഒനോ നോ കൊമാച്ചി (Ono no Komachi)
ജപ്പാനിൽ ഇക്കാലത്തു പോലും സ്ത്രീസൗന്ദര്യത്തിന്റെ പര്യായമായി പരിഗണിക്കപ്പെടുന്ന കവി. 825ൽ ജനിച്ചു. കഥകളല്ലാതെ അവരുടെ ജീവിതത്തെക്കുറിച്ച് വിശ്വസനീയമായ വസ്തുതകളൊന്നും അറിയില്ല. തന്റെ സൗന്ദര്യത്തിന്റെ അഹങ്കാരത്തിൽ തനിക്കു വന്ന  പ്രേമാഭ്യർത്ഥനകളൊക്കെ അവർ നിർദ്ദയം നിരസിച്ചുവെന്നും അതിനുള്ള ശിക്ഷയെന്നോണം പടുവൃദ്ധയായി, വിരൂപയായി ഏറെക്കാലം കഴിഞ്ഞിട്ടാണ്‌ അവർ മരിച്ചതെന്നും കഥകൾ പറയുന്നു. നൂറു രാത്രികൾ തുടർച്ചയായി തന്നെ കാണാൻ വന്നാൽ വിവാഹം കഴിക്കാമെന്ന് ഒരു രാജസദസ്യന്‌ അവർ വാഗ്ദാനം നല്കിയതായി മറ്റൊരു കഥയിൽ പറയുന്നു. ഒരു രാത്രി മാത്രം ശേഷിക്കെ ഹതാശനായി അയാൾ വീണുമരിച്ചുവത്രെ. 900ത്തിനടുത്തു രചിക്കപ്പെട്ടതെന്നു കരുതാവുന്ന കോക്കിൻഷു, ഇസെ മൊണാഗതാരി എന്നീ കൃതികളിലാണ്‌ കോമാച്ചിയുടെ പ്രശസ്തമായ 22 ടാങ്ക കവിതകൾ സമാഹരിക്കപ്പെട്ടിരിക്കുന്നത്.


1
എനിക്കു നിശ്ചയമത്രമേൽ
വരാനല്ലവനെന്നാലും
സന്ധ്യക്കു ചീവീടു കരയുമ്പോൾ
വാതിലെത്തി ഞാൻ നില്ക്കുന്നു.



2
വരാത്തൊരാൾക്കു വേണ്ടി ഞാൻ
കാത്തിരുന്ന കഥയിങ്ങനെ,
തോരാതെ തോരാതെ
മഴ നിന്നുപെയ്തതുമിങ്ങനെ.



3
വിസ്മൃതിയുടെ പൂവിറുക്കാ-
മെന്നു ഞാനോർത്തതേയുള്ളു,
അവന്റെ ഹൃദയത്തിൽ
അതു വളരുന്നതു ഞാൻ കണ്ടു!



4
കതിരിട്ട പാടത്തു കാറ്റിന്റെ താണ്ഡവം.
എനിക്കു പേടിയാവുന്നു-
ഒരു കതിരു ശേഷിക്കുമോ
എനിക്കു കൊയ്തെടുക്കാൻ?



5
ശരല്ക്കാലരാത്രി ദീർഘമെന്നാരു പറഞ്ഞു?-
അന്യോന്യം നോക്കിയിരിക്കയല്ലാതെ
മറ്റൊന്നും നാം ചെയ്തില്ല;
എന്നിട്ടിതാ, പുലരിയുമായി!



6
വേരു പറിഞ്ഞ ഓടത്തണ്ടു പോലെ
ബലം കെട്ട ഈയുടൽ...
പോരൂ, എന്നൊഴുക്കു ക്ഷണിച്ചാൽ
പോകാമെന്നു ഞാനോർക്കും.



7
എന്താണ്‌ പ്രണയം?
ഉത്കണ്ഠകളുടെ ഈ ലോകത്ത്
നമ്മെ കുടുക്കിയിടുന്ന
മറ്റൊരു തുടൽ.



8
തണുത്തുറഞ്ഞ അവന്റെ ഹൃദയം
എന്റെയുടലിന്റെ ശരല്ക്കാലമായി;
വാക്കുകളനവധി പിന്നെയും കൊഴിയാം,
കലപില വയ്ക്കുന്ന പഴുക്കിലകൾ പോലെ.



9
നീ തന്നുപോയ സമ്മാനങ്ങൾ
എനിക്കു ശത്രുക്കളായിക്കഴിഞ്ഞു;
അവയില്ലായിരുന്നുവെങ്കിൽ
ഒരു നിമിഷമെനിക്കു വിസ്മൃതി കിട്ടിയേനെ.



10
പാറക്കെട്ടിനടുത്തൊരു പൈൻമരം;
അതിനെത്ര ഓർമ്മകളുണ്ടായിരിക്കണം.
ഒരായിരം കൊല്ലം കഴിഞ്ഞിട്ടും, നോക്കൂ,
അതിന്റെ ചില്ലകൾ ചായുന്നത് മണ്ണിലേക്ക്!



11
മരച്ചില്ലകൾക്കിടയിലൂടെ
നിലാവരിച്ചിറങ്ങുന്നതു കാണുമ്പോൾ
എന്റെ ഹൃദയവും തുളുമ്പുന്നു,
ശരല്ക്കാലം കൊണ്ടു നിറയുന്നു.



12
നിനക്കു വഴങ്ങുകയെന്നോ?
കാറ്റിളകുമ്പോൾ
പുഴയിലലകൾ പോലെ?
നിനക്കു വേണ്ടതതാണെന്നോ?


13
വരാമെന്നു പറഞ്ഞവൻ
മറന്നുപോയ ഈയുടൽ-
എനിക്കൊരു ചിന്തയേയുള്ളു:
അതിനിപ്പോഴും ജീവനുണ്ടോ?


14
ദാരുണം, എന്നെക്കാത്തിരിക്കുന്ന മരണം-
നെല്പാടങ്ങൾക്കു മേൽ
വിളർത്ത പച്ചനിറത്തിലൊരു മൂടലായി
ഞാനൊടുങ്ങുമെന്നോർക്കുമ്പോൾ...


15
എന്റെ ഹൃദയത്തിലൊഴുകിനടക്കുന്നു
പ്രണയഭംഗത്തിന്റെ കൊതുമ്പുവള്ളം;
ഞാനതിൽ കയറിയിരുന്നതേയുള്ളു,
തുവാനമടിച്ചു ഞാനാകെക്കുളിച്ചു!



http://www.gotterdammerung.org/japan/literature/ono-no-komachi/

അഭിപ്രായങ്ങളൊന്നുമില്ല: