2017, ജനുവരി 18, ബുധനാഴ്‌ച

ഹെർണാണ്ടോ റ്റെല്ലെസ് – പത, അതു മാത്രം

കയറിവന്നപ്പോൾ അയാൾ ഒന്നും മിണ്ടിയില്ല. ഞാൻ എന്റെ ഏറ്റവും നല്ല ക്ഷൗരക്കത്തിയെടുത്ത് വാറിന്മേൽ തേയ്ച്ചു മൂർച്ച വരുത്തുകയായിരുന്നു. അയാളെ മനസ്സിലായ ഉടനേ എനിക്കൊരു വിറ തുടങ്ങി. പക്ഷേ അയാൾ അതു ശ്രദ്ധിച്ചിട്ടില്ല. പരിഭ്രമം മറച്ചുവയ്ക്കാനായി ഞാൻ കത്തി മൂർച്ചകൂട്ടൽ തുടർന്നുകൊണ്ടിരുന്നു. തള്ളവിരലിന്റെ അറ്റം കൊണ്ട് മൂർച്ച പരിശോധിച്ചിട്ട് ഞാൻ അതൊന്നുകൂടി വെളിച്ചത്തിനെതിരെ പിടിച്ചു നോക്കി.

ഈ സമയത്ത് അയാൾ തന്റെ പിസ്റ്റൾ തൂക്കിയിട്ടിരുന്ന ബുള്ളറ്റ് ബല്റ്റ് അഴിച്ചെടുക്കുകയായിരുന്നു. അയാൾ അത് ചുമരിലെ ഒരു കൊളുത്തിൽ തൂക്കിയിട്ട് തന്റെ തൊപ്പിയും അതിന്മേൽ വെച്ചു. എന്നിട്ടു തിരിഞ്ഞ് എന്നെ നോക്കിയിട്ട് ടൈയുടെ കുടുക്കഴിച്ചുകൊണ്ട് അയാൾ പറഞ്ഞു, “കൊല്ലുന്ന ചൂട്, എനിക്കൊന്നു ഷേവ് ചെയ്യണം.”

അയാൾ കസേരയിൽ കയറി ഇരുന്നു. അയാളുടെ താടിയ്ക്ക് നാലു ദിവസത്തെ വളർച്ചയുണ്ടെന്ന് ഞാൻ കണക്കു കൂട്ടി- ഞങ്ങളുടെ ആൾക്കാരെ തേടിയുള്ള അയാളുടെ ഏറ്റവും ഒടുവിലത്തെ വേട്ടയുടെ നാലു ദിവസം. അയാളുടെ മുഖം വെയിലേറ്റ് കരുവാളിച്ച പോലിരുന്നു. ഞാൻ സോപ്പെടുത്ത് ശ്രദ്ധയോടെ ജോലി തുടങ്ങി. സോപ്പിന്റെ ഒരു കഷണം മുറിച്ചെടുത്ത് മഗ്ഗിലിട്ടിട്ട് അതിൽ അല്പം ഇളംചൂടുള്ള വെള്ളമൊഴിച്ച് ബ്രഷിട്ടു പതപ്പിച്ചു. പത പൊങ്ങിവന്നു.

“ഞങ്ങളുടെ ഗ്രൂപ്പിലെ മറ്റേ ചെക്കന്മാർക്കും ഇത്ര തന്നെ താടി കാണും,” അയാൾ പറഞ്ഞു.

ഞാൻ സോപ്പ് പതപ്പിച്ചുകൊണ്ടിരുന്നു.

“എന്നാലും ഞങ്ങൾ ജോലി ഭംഗിയായി തീർത്തു. നേതാക്കന്മാരെ മൊത്തം പിടിച്ചു. ചിലരെ കൊന്നു, ചിലർ ഇപ്പോഴും ജീവനോടെയുണ്ട്; അവരും വൈകാതെ ചത്തോളും.”

“എത്ര പേരെ പിടിച്ചു?” ഞാൻ ചോദിച്ചു.

“പതിന്നാല്‌. അവരെ കണ്ടുപിടിക്കാൻ കാട്ടിൽ കുറേ ഉള്ളിലേക്കു പോകേണ്ടി വന്നു. അതിനവർ കണക്കു പറയേണ്ടി വരും. ഒറ്റയൊരുത്തനും ജീവനോടെ രക്ഷപ്പെടാൻ പോകുന്നില്ല.”

എന്റെ കൈയിൽ പത നിറഞ്ഞ ബ്രഷ് കണ്ടപ്പോൾ അയാൾ കസേരയിൽ ചാഞ്ഞിരുന്നു. ഞാൻ അയാളെ ഷീറ്റെടുത്തു പുതപ്പിച്ചിട്ടില്ല. അതെ, ഞാൻ അസ്വസ്ഥനായിരുന്നു. ഞാൻ വലിപ്പിൽ നിന്ന് ഒരു ഷീറ്റെടുത്ത് അയാളുടെ കഴുത്തിൽ കെട്ടി. അയാൾ വർത്തമാനം നിർത്തുന്നില്ല.  എന്റെ ചായ്‌വ് തന്റെ കക്ഷിയോടാണെന്ന് അയാൾ കരുതിക്കാണും.

“നാട്ടുകാർ ഒരു പാഠം പഠിച്ചു കാണണം,” അയാൾ പറഞ്ഞു.

“അതെ,” വിയർപ്പു നാറുന്ന പിടലിയുടെ പിന്നിൽ ഷീറ്റ് മുറുക്കിക്കെട്ടിക്കൊണ്ട് ഞാൻ പറഞ്ഞു. “പരിപാടി നന്നായിരുന്നു, അല്ലേ?”

“വളരെ നന്നായിരുന്നു,” ബ്രഷ് എടുക്കാനായി ഞാൻ തിരിഞ്ഞു. 

അയാൾ തളർച്ചയുടെ ഒരു ചേഷ്ടയോടെ കണ്ണുകളടച്ചുകൊണ്ട് സോപ്പിന്റെ തണുത്ത തലോടലിനായി കാത്തിരുന്നു. എനിക്കിതേവരെ അയാളെ ഇത്രയടുത്തു കിട്ടിയിട്ടില്ല. നാലു വിപ്ളവകാരികളുടെ ജഡം തൂക്കിയിട്ടിരുന്ന സ്കൂൾ മുറ്റത്തേക്ക് നാട്ടുകാർ മൊത്തം വരണമെന്ന് അയാൾ ഉത്തരവിട്ട ദിവസം ഒരു നിമിഷനേരത്തേക്ക് അയാളെ ഞാൻ നേർക്കുനേർ കണ്ടിരുന്നു. നാനാവിധമാക്കിയ ആ നാലു ജഡങ്ങൾ കണ്ട ആഘാതത്തിൽ ഇതിനൊക്കെ നിർദ്ദേശം നല്കിയ ആ മനുഷ്യന്റെ മുഖം ശ്രദ്ധിക്കാൻ ഞാൻ വിട്ടുപോയിരുന്നു; അയാളെയാണ്‌ ഇന്നെനിക്കെന്റെ കൈയിൽ കിട്ടിയിരിക്കുന്നത്. അരോചകമായി തോന്നുന്ന മുഖമായിരുന്നില്ല അയാളുടേത്; പ്രായം അല്പം കൂട്ടിക്കാണിക്കുമെങ്കിലും താടി അയാൾക്കിണങ്ങാതെയുമിരുന്നില്ല. അയാളുടെ പേര്‌ ടോറെസ് എന്നായിരുന്നു- ക്യാപ്റ്റൻ ടോറെസ്. നല്ല ഭാവനാശേഷിയുള്ളയാൾ; ആ വിപ്ളവകാരികളെ നഗ്നരാക്കി കെട്ടിത്തൂക്കിയിട്ട് അവരുടെ ഓരോരോ അവയവങ്ങളിൽ തോക്കിന്റെ ഉന്നം പരിശീലിക്കാമെന്ന് മറ്റാർക്കാണു തോന്നുക?

ഞാൻ മുഖത്ത് സോപ്പ് തേയ്ക്കാൻ തുടങ്ങി. കണ്ണടച്ചുപിടിച്ചുകൊണ്ട് അയാൾ സംസാരം തുടർന്നു.

“നന്നായിട്ടൊന്നുറങ്ങാൻ തോന്നുന്നു,” അയാൾ പറഞ്ഞു, “എവിടെ നടക്കാൻ, ഇന്നു വൈകിട്ട് കുറേ പരിപാടി നടത്താനുണ്ട്.”

ഞാൻ ബ്രഷെടുത്തിട്ട് താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു, “ഫയറിങ്ങ് സ്ക്വാഡ്?”

“അതുപോലൊരെണ്ണം,” അയാൾ പറഞ്ഞു, “എന്നാൽ കുറച്ചുകൂടി സാവധാനത്തിൽ.”

ഞാൻ അയാളുടെ താടിയിൽ സോപ്പ് പതയ്ക്കാൻ തുടങ്ങി. എന്റെ കൈകൾക്ക് വീണ്ടും വിറ തുടങ്ങി. എന്റെ ഭാഗ്യത്തിന്‌ അയാൾക്കതു മനസ്സിലാവുന്നുണ്ടാവില്ല. അയാളെന്തിന്‌ ഇങ്ങോട്ടു കയറിവരാൻ പോയി? അയാൾ വരുന്നത് ഞങ്ങളുടെ കൂട്ടത്തിൽ പലരും കണ്ടിരിക്കണം. സ്വന്തം പുരയ്ക്കുള്ളിൽ ഒരു ശത്രുവുണ്ടാവുക എന്നാൽ അത് നിങ്ങൾക്കു മേൽ ഒരു ഉത്തരവാദിത്തം ചുമത്തുകയാണ്‌. മറ്റാരുടേതും പോലെ വേണം ഞാൻ അയാളുടെയും താടി വടിയ്ക്കാൻ: ശ്രദ്ധയോടെ, വെടിപ്പായി, ഒരു രോമകൂപത്തിൽ നിന്നുപോലും ഒരു തുള്ളി രക്തം പൊടിയ്ക്കാതെ നോക്കിക്കൊണ്ട്. രോമച്ചുഴികളിൽ പെട്ട് കത്തിയുടെ വഴി തെറ്റാതെ. ഷേവു കഴിഞ്ഞ് കൈപ്പുറം കൊണ്ടു തടവുമ്പോൾ ഒരു രോമം പോലും തടയുന്നതായി തോന്നാത്തത്ര വൃത്തിയും മിനുസവുമുള്ളതായി …അതെ, രഹസ്യമായി ഞാനും വിപ്ളവകാരികളുടെ പക്ഷത്താണ്‌; അതേ സമയം ജോലിയിൽ ആത്മാർത്ഥതയുള്ള ഒരു ബാർബറുമാണ്‌ ഞാൻ; സൂക്ഷ്മത ആവശ്യപ്പെടുന്നതാണ്‌ എന്റെ തൊഴിൽ എന്നതിൽ അഭിമാനിക്കുന്നയാളുമാണ്‌. ഞാൻ കത്തിയെടുത്ത് മലർക്കെ തുറന്നിട്ട് ജോലി തുടങ്ങി- ഒരു കൃതാവിൽ നിന്നു താഴേക്ക്. കത്തിയുടെ പ്രതികരണം പിഴവറ്റതായിരുന്നു. അയാളുടെ മുരത്ത താടി കട്ടി പിടിച്ചതായിരുന്നു; നീളക്കൂടുതലില്ലെങ്കിലും ഇട തിങ്ങിയതായിരുന്നു. അല്പാല്പമായി തൊലി പുറത്തേക്കു കണ്ടുതുടങ്ങി. സോപ്പുപതയും രോമശകലങ്ങളും വായ്ത്തലയിൽ പറ്റിപ്പിടിച്ചതു വൃത്തിയാക്കിയിട്ട് ഞാൻ വീണ്ടും വാറിൽ തേയ്ച്ച് കത്തി മൂർച്ചയാക്കി; പ്രവൃത്തിയുടെ കാര്യത്തിൽ കണിശക്കാരനായ ഒരു ബാർബറാണല്ലോ ഞാൻ. അതേ വരെ കണ്ണടച്ചിരിക്കുകയായിരുന്ന ആ മനുഷ്യൻ കണ്ണു തുറന്നിട്ട് ഷീറ്റിനടിയിൽ നിന്നു കൈ പുറത്തേക്കെടുത്ത് സോപ്പ് തുടച്ചുകളഞ്ഞ ഭാഗത്തു തൊട്ടു നോക്കി; എന്നിട്ടു പറഞ്ഞു, “വൈകിട്ടാറു മണിയ്ക്ക് സ്കൂളിലേയ്ക്കു വാ.“

”അന്നത്തെപ്പോലെ തന്നെയാണോ?“ പേടിച്ചു മരവിച്ച പോലെയായിക്കൊണ്ട് ഞാൻ ചോദിച്ചു.

”അതിലും ഭംഗിയായിരിക്കും,“ അയാൾ പറഞ്ഞു.

”എന്താ ചെയ്യാൻ പോകുന്നത്?“ 

”ഒന്നും തീരുമാനിച്ചിട്ടില്ല. എന്തായാലും നല്ല രസമായിരിക്കും.“

അയാൾ പിന്നെയും ചാഞ്ഞുകിടന്നിട്ട് കണ്ണുകളടച്ചു. കത്തി ഉയർത്തിപ്പിടിച്ചുകൊണ്ട് ഞാൻ അടുത്തേക്കു ചെന്നു.

”അവരെല്ലാവരെയും ശിക്ഷിക്കുന്നുണ്ടോ?“ പേടിയോടെ ഞാൻ ചോദിച്ചു.

”സകലതിനെയും.“

സോപ്പ് അയാളുടെ മുഖത്ത് ഉണങ്ങിപ്പിടിക്കുകയായിരുന്നു. ഇനി വൈകരുത്. കണ്ണാടിയിൽ ഞാൻ തെരുവു കണ്ടു. ഒന്നിനും ഒരു മാറ്റവുമില്ല- പലചരക്കുപീടികയും അവിടെ സാമാനം വാങ്ങാൻ വന്ന രണ്ടുമൂന്നു പേരും.  ഞാൻ ക്ളോക്കിലേക്കു നോക്കി- ഉച്ച തിരിഞ്ഞ് രണ്ടര. കത്തി ഇറക്കം തുടർന്നു. ഇപ്പോൾ മറ്റേ കൃതാവിൽ നിന്നു താഴേക്ക്. നീലിച്ച കട്ടിത്താടി. ചില കവികളും പുരോഹിതന്മാരും ചെയ്യുന്നപോലെ അയാളത് വളരാൻ വിടേണ്ടതായിരുന്നു. അതയാൾക്കു നന്നായി ചേരുമായിരുന്നു. കുറേപ്പേർക്ക് അയാളെ മനസ്സിലാവുകയുമില്ല. അതയാൾക്കു പ്രയോജനപ്പെട്ടേനെ, തൊണ്ടയ്ക്ക് മയത്തിൽ കത്തിയോടിക്കുമ്പോൾ  ഞാനോർത്തു. ഈ ഭാഗത്ത് കത്തി പിടിയ്ക്കുന്നത് നല്ല നൈപുണ്യത്തോടെ വേണം; കാരണം, ഇവിടെ രോമവളർച്ച കുറവാണെങ്കിലും ഉള്ളത് ചുഴികളായി കൂടിപ്പിരിഞ്ഞു കിടക്കുകയായിരിക്കും. ഒരു രോമകൂപം തുറന്ന് ചുവന്ന മുത്തു പോലൊരു ചോരത്തുള്ളി പുറത്തേക്കു വന്നുവെന്നു വരാം. ഒരു നല്ല ബാർബറുടെ പേരിരിക്കുന്നത് അങ്ങനെയൊന്ന് തന്റെയൊരു കസ്റ്റമറുടെ കാര്യത്തിൽ വരാതെ നോക്കുന്നതിലാണ്‌. ഞങ്ങളിൽ എത്ര പേരെയാണ്‌ അയാളുടെ ഉത്തരവു പ്രകാരം വെടി വെച്ചു കൊന്നിരിക്കുന്നത്? എത്ര ജഡങ്ങളാണ്‌ അയാൾ വികൃതമാക്കിയത്? അതൊന്നും ഓർക്കാതിരിക്കുന്നതാണ്‌ ഭേദം. ഞാൻ അയാളുടെ ശത്രുവാണെന്ന് ടോറെസ്സിനറിയില്ല. അയാൾക്കുമറിയില്ല, മറ്റുള്ളവർക്കുമറിയില്ല. വളരെ ചുരുക്കം പേർ മാത്രം പങ്കു വയ്ക്കുന്ന ഒരു രഹസ്യമാണത്; ടോറെസ്സിന്റെ ഇവിടുത്തെ പരിപാടികളെക്കുറിച്ചും അയാളുടെ വേട്ടകളെ കുറിച്ചും വിപ്ളവകാരികൾക്കു വിവരം നല്കാൻ എനിക്കു കഴിഞ്ഞിരുന്നത് അതുകൊണ്ടു തന്നെയാണ്‌. അതിനാൽ അയാളെ കൈയിൽ കിട്ടിയിട്ടും എന്തുകൊണ്ട് ഞാൻ അയാളെ ജീവനോടെ, വടിച്ചുമിനുക്കിയ മുഖത്തോടെ പോകാൻ അനുവദിച്ചു എന്നതു വിശദീകരിക്കാൻ ഞാൻ പണിപ്പെടേണ്ടി വരും.

ഇപ്പോഴേക്കും അയാളുടെ താടി മിക്കവാറും പൊയ്ക്കഴിഞ്ഞു. അയാൾ ഒന്നുകൂടി ചെറുപ്പമായ പോലെ കാണപ്പെട്ടു- കയറിവന്നതിനേക്കാൾ കുറേ വർഷം കുറഞ്ഞ പോലെ. ബാർബർഷാപ്പിൽ വന്നിട്ടുപോകുന്ന എല്ലാ പുരുഷന്മാർക്കും ഇതു സംഭവിക്കാറുണ്ടെന്നാണ്‌ എന്റെ തോന്നൽ. എന്റെ കത്തിയുടെ തലോടലിൽ അയാൾക്കു നവയൗവനം കൈവരികയാണ്‌- അതെ, ഞാൻ നല്ലൊരു ബാർബറായതിനാൽ, അഹങ്കാരമില്ലാതെ പറയട്ടെ, ഈ ടൗണിലെ ഏറ്റവും നല്ല ബാർബറായതിനാൽ.

ഹൊ, എന്തൊരു ചൂടാണിത്! എന്നെപ്പോലെ തന്നെ ടോറെസ്സും വിയർക്കുന്നുണ്ടാവും. എന്നാൽ അയാൾ ഒന്നിലും കുലുങ്ങാത്ത ഒരു മനുഷ്യനാണ്‌; ഇന്നു വൈകിട്ട് തടവുകാരെ എന്തു ചെയ്യാൻ പോകുന്നു എന്നാലോചിക്കുക പോലും ചെയ്യാത്തയാൾ. എന്നാൽ ഞാനാകട്ടെ, കൈയിൽ കത്തിയും പിടിച്ചു നില്ക്കുന്ന ഈ ഞാൻ- അയാളുടെ തൊലിയിൽ ഒരു തുള്ളി ചോര പോലും പൊടിയാതെ ഞാൻ എന്റെ ജോലി ചെയ്യുമ്പോൾ എനിക്കെന്റെ ചിന്തകളെ നിയന്ത്രിക്കാനാവാതെ വരുന്നു.

നാശം പിടിക്കാൻ, എന്തിനാണിയാൾ ഇപ്പോഴിങ്ങോട്ടു കയറിവന്നത്! ഞാൻ വിപ്ളവകാരിയാണ്‌, കൊലയാളിയല്ല. അയാളെ കൊല്ലാൻ എനിക്കൊരു പ്രയാസവുമില്ല. അയാൾ അതർഹിക്കുന്നതുമാണ്‌. അതോ ഇല്ലേ?  ഇല്ല! ഒരു കൊലയാളിയാവുക എന്ന ത്യാഗം മറ്റൊരാളെക്കൊണ്ടു ചെയ്യിക്കാൻ ഒരാൾക്കും അവകാശമില്ല. അതുകൊണ്ട് നിങ്ങളെന്തു നേടാൻ? ഒന്നുമില്ല. ഒരാൾ പോയാൽ മറ്റൊരാൾ വരുന്നു, ആദ്യത്തെയാൾ രണ്ടാമത്തെയാളെ കൊല്ലുന്നു, പിന്നാലെ വരുന്നവർ അവർക്കും പിന്നിൽ വരുന്നവരെ കൊല്ലുന്നു, ഒടുവിൽ ഒരു ചോരക്കടൽ മാത്ര ശേഷിക്കുകയും ചെയ്യുന്നു.

എനിക്കയാളുടെ തൊണ്ട ദാ, ഇങ്ങനെ ഒറ്റ വലിയ്ക്കു മുറിക്കാം! ഒന്നു ഞരങ്ങാനുള്ള നേരം പോലും അയാൾക്കു കിട്ടില്ല; കണ്ണടച്ചിരിക്കുന്നതിനാൽ കത്തിയുടെ തിളക്കമോ എന്റെ കണ്ണുകളിലെ മിന്നലോ അയാൾ കാണുകയുമില്ല. എന്നാൽ ശരിക്കുമൊരു കൊലപാതകിയെപ്പോലെ ഞാൻ നിന്നു വിറയ്ക്കുകയാണ്‌. അയാളുടെ കഴുത്തിൽ നിന്നു ചോര ധാരയായി അയാളെ പുതപ്പിച്ചിരിക്കുന്ന ഷീറ്റിലൂടെ, കസേരയിലൂടെ, എന്റെ കൈകളിലൂടെ തറയിലേക്കൊഴുകും. എനിക്കു കതകടയ്ക്കേണ്ടി വരും. എന്നാൽ ചോര നിലയ്ക്കില്ല; അത് തറയിലൂടൊഴുകും, ചൂടോടെ, മായ്ക്കാൻ പറ്റാതെ, തടുക്കരുതാതെ; ഒടുവിലത് കടുംചുവപ്പുനിറത്തിലൊരരുവി പോലെ തെരുവിലേക്കെത്തും.

ഒറ്റക്കൊത്ത്, ആഴത്തിലൊരു കീറൽ കൊടുത്താൽ അയാൾ വേദനയറിയില്ല എന്ന് എനിക്കു നിശ്ചയമുണ്ട്. ഒരു ക്ളേശവും അയാൾ സഹിക്കേണ്ട. എന്നാൽ ജഡം ഞാൻ പിന്നെന്തു ചെയ്യാൻ? ഞാൻ അതെവിടെ ഒളിപ്പിക്കും? എനിക്ക് ഒളിച്ചോടേണ്ടി വരും, എനിക്കുള്ളതെല്ലാം പിന്നിൽ വിട്ട് ദൂരെ, ദൂരെ എവിടെയെങ്കിലും പോയി അഭയം തേടേണ്ടി വരും. എന്നാൽ അവർ എന്നെത്തേടി വരിക തന്നെ ചെയ്യും. “ക്യാപ്റ്റൻ ടോറെസ്സിന്റെ കൊലയാളി. ഷേവു ചെയ്യുന്നതിനിടെ തൊണ്ട മുറിച്ചു കൊന്നു- ഭീരു!”

അപ്പോൾ മറ്റേ വശത്തു നിന്ന്. “നമുക്കെല്ലാവർക്കും വേണ്ടി പ്രതികാരം ചെയ്തവൻ. നാം മറക്കരുതാത്ത പേര്‌. അയാൾ ടൗണിലെ ബാർബറായിരുന്നു. അയാൾ നമ്മുടെ പക്ഷത്തിനു വേണ്ടി പൊരുതിയിരുന്നുവെന്നത് ആർക്കുമറിയില്ലായിരുന്നു.”

കൊലയാളിയോ വീരനായകനോ? എന്റെ വിധി തൂങ്ങിനില്ക്കുന്നത് ഈ കത്തിയുടെ വായ്ത്തലയിലാണ്‌. എന്റെ കൈ അല്പമൊന്നു തിരിച്ചാൽ മതി, കത്തിയിൽ അല്പം കൂടി ബലം കൊടുത്താൽ മതി, അതാഴ്ന്നിറങ്ങിക്കോളും. പട്ടു പോലെ, റബ്ബർ പോലെ, ആട്ടിൻതൊലി പോലെ തൊലി വഴങ്ങിത്തരും. മനുഷ്യന്റെ ചർമ്മം പോലെ മാർദ്ദവമുള്ള മറ്റൊന്നില്ല; കുതിച്ചൊഴുകാൻ തയ്യാറായി ചോരയുമുണ്ട്. എന്നാൽ എനിക്കു കൊലയാളിയാകാൻ വയ്യ. വേണ്ട, സർ. നിങ്ങൾ വന്നത് ഷേവു ചെയ്യാനാണ്‌. ഞാനത് വേണ്ട വിധം ചെയ്തു തരികയും ചെയ്യും. എന്റെ കൈയിൽ ചോര പറ്റുന്നത് എനിക്കിഷ്ടമല്ല. പത, അതു മാത്രം. നിങ്ങൾ ഒരാരാച്ചാരാണ്‌, ഞാൻ ഒരു ബാർബറും. പ്രപഞ്ചത്തിന്റെ ക്രമത്തിൽ ഓരോ ആൾക്കും ഓരോ ഇടമുണ്ട്.

ഇപ്പോഴേക്കും അയാളുടെ കീഴ്ത്താടി രോമമെല്ലാം പോയി മിനുസമായിക്കഴിഞ്ഞിരുന്നു. അയാൾ നേരേയിരുന്ന് കണ്ണാടിയിൽ മുഖം നോക്കി. തൊലിയിലൂടെ കൈയോടിച്ച് അയാളതിന്റെ പുതുമയും മാർദ്ദവവും അറിഞ്ഞു.

“നന്ദി,” അയാൾ പറഞ്ഞു. അയാൾ കൊളുത്തിൽ തൂക്കിയിട്ടിരുന്ന ബല്റ്റും പിസ്റ്റളും തൊപ്പിയുമെടുത്തു. ഞാൻ വിളറി വെളുത്തു കാണണം; എന്റെ ഷർട്ടാകെ വിയർപ്പിൽ കുളിച്ചിരുന്നു. ടോറെസ് ബല്റ്റിന്റെ ബക്കിൾ മുറുക്കി പിസ്റ്റൾ ഉറയിലിട്ട് യാന്ത്രികമായി മുടിയിലൂടെ ഒന്നു വിരലോടിച്ചിട്ട് തൊപ്പി തലയിൽ വെച്ചു. എന്നിട്ട് പോക്കറ്റിൽ കൈയിട്ട് കുറച്ചു നാണയങ്ങൾ എനിക്കു തന്നിട്ട് അയാൾ വാതിലിനു നേർക്കു നടന്നു.

പുറത്തേക്കിറങ്ങുന്നതിനു മുമ്പ് ഒന്നു നിന്നിട്ട് അയാൾ പറഞ്ഞു, “താൻ എന്നെ കൊല്ലുമെന്ന് അവർ പറഞ്ഞിരുന്നു. അതു സത്യമാണോയെന്നറിയാനാണ്‌ ഞാൻ വന്നത്. കൊല്ലുന്നത് അത്ര എളുപ്പമല്ലെടോ. ഞാൻ അനുഭവസ്ഥനാണ്‌.” എന്നിട്ടയാൾ തിരിഞ്ഞു നടന്നകന്നു.






ഹെർണാണ്ടോ റ്റെല്ലെസ് Hernando Tellez (1908-1966)- കൊളംബിയയിലെ ബൊഗോട്ടോയിൽ ജനിച്ചു. കഥാകൃത്തും ലേഖകനും പത്രപ്രവർത്തകനും കലാ,സാഹിത്യവിമർശകനുമായിരുന്നു. 1950ൽ ഇറങ്ങിയ Cenizas al viento (കാറ്റിൽ പറന്ന ചാരം)എന്ന കഥാസമാഹാരമാണ്‌ പ്രധാനകൃതി.


Published in the January issue of Malayalanatu web magazine

2017, ജനുവരി 14, ശനിയാഴ്‌ച

കമല ദാസിന്റെ കവിതകള്‍





1. ഒരു മുഖവുര


രാഷ്ട്രീയമെന്തെന്ന് എനിക്കറിയില്ല,
എന്നാൽ അധികാരത്തിലിരിക്കുന്നവരുടെ പേരുകൾ എനിക്കറിയാം,
നെഹ്രുവിൽ നിന്നു തുടങ്ങി
അവരുടെ പേരുകൾ ഉരുക്കഴിക്കാനും എനിക്കറിയാം,
ആഴ്ചകളുടെ, മാസങ്ങളുടെ പേരുകൾ പോലെ.
ഞാൻ ഇന്ത്യക്കാരിയാണ്‌,
തൊലിനിറം ഇരുണ്ടവൾ, മലബാറിൽ ജനിച്ചവൾ,
ഞാൻ മൂന്നു ഭാഷകൾ സംസാരിക്കുന്നു,
രണ്ടിൽ എഴുതുന്നു,
ഒന്നിൽ സ്വപ്നം കാണുന്നു.
ഇംഗ്ളീഷിൽ എഴുതരുത്, അവർ പറഞ്ഞു,
ഇംഗ്ളീഷ് നിന്റെ മാതൃഭാഷയല്ലല്ലോ?
നിങ്ങൾക്കെന്നെ വെറുതെ വിട്ടുകൂടേ,
വിമർശകരേ, സ്നേഹിതരേ, വിരുന്നു വരുന്ന ബന്ധുക്കളേ?
എനിക്കിഷ്ടമുള്ള ഭാഷ ഞാൻ സംസാരിച്ചോട്ടെന്നേ.
ഞാൻ സംസാരിക്കുന്ന ഭാഷ എന്റേതാണ്,
അതിന്റെ വൈകല്യങ്ങളും അതിന്റെ വൈചിത്ര്യങ്ങളും
എന്റേതാണ്, എന്റേതു മാത്രമാണ്.
അതു പാതി ഇംഗ്ളീഷും പാതി ഇന്ത്യനുമാണ്‌,
പരിഹാസ്യമെങ്കിലും സത്യസന്ധമാണത്,
എന്നെപ്പോലെ തന്നെ മാനുഷികമാണതെന്നു കണ്ടുകൂടേ?
അതു ശബ്ദം കൊടുക്കുന്നത്
എന്റെ ആഹ്ളാദങ്ങൾക്കും എന്റെ അഭിലാഷങ്ങൾക്കും
എന്റെ പ്രത്യാശകൾക്കുമാണ്‌,
കാക്കകൾക്കു കരച്ചിൽ പോലെ,
സിംഹത്തിനലർച്ച പോലെ
എനിക്കതുപയോഗപ്രദവുമാണ്‌,
അതു മനുഷ്യഭാഷയാണ്‌,
ഇവിടെ, ഇപ്പോഴുള്ള ഒരു മനസ്സിന്റെ,
കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്ന
ഒരു മനസ്സിന്റെ മൊഴിയാണത്.
കൊടുങ്കാറ്റിലുലയുന്ന മരങ്ങളുടെയോ
കാലവർഷമേഘങ്ങളുടെയോ മഴയുടെയോ
ബധിരവും അന്ധവുമായ മൊഴിയല്ല,
എരിയുന്ന പട്ടടത്തീയുടെ അസ്പഷ്ടജല്പനവുമല്ല.
ഞാൻ കുട്ടിയായിരുന്നു,
ഞാൻ മുതിർന്നുവെന്ന് പിന്നീടവർ എന്നോടു പറഞ്ഞു,
എന്തെന്നാൽ എനിക്കുയരം വച്ചിരുന്നു,
എന്റെ അവയവങ്ങൾക്കു പുഷ്ടി വന്നിരുന്നു,
ഒന്നുരണ്ടിടങ്ങളിൽ രോമം കിളിർത്തിരുന്നു.
ഞാൻ സ്നേഹത്തിനു ചോദിച്ചപ്പോൾ
(മറ്റെന്തു ചോദിക്കണമെന്ന് എനിക്കറിയില്ലായിരുന്നു)
അയാൾ ഒരു പതിനാറുകാരി പെൺകുട്ടിയെ
കിടപ്പുമുറിക്കുള്ളിലേക്കു വലിച്ചിട്ടിട്ട് വാതിലുമടച്ചു.
അയാൾ എന്നെ തല്ലിയിട്ടില്ല,
എന്നാൽ തല്ലു കൊണ്ടപോലെ എന്റെ സ്ത്രൈണശരീരം തളർന്നു.
എന്റെ മുലകളുടെയും ഗർഭപാത്രത്തിന്റെയും ഭാരത്തിൽ
ഞാൻ ഞെരിഞ്ഞമർന്നു.
ഞാൻ ദയനീയമായി ശുഷ്കിച്ചു.
പിന്നെ...പിന്നെ ഞാനൊരു ഷർട്ടെടുത്തിട്ടു,
എന്റെ സഹോദരന്റെ ട്രൗസറിട്ടു, മുടി ക്രോപ്പു ചെയ്തു,
എന്റെ സ്ത്രൈണതയെ ഞാൻ അവഗണിച്ചു.
സാരിയുടുക്കൂ, സ്ത്രീയാകൂ, ഭാര്യയാകൂ, അവർ പറഞ്ഞു.
തുണി തുന്നൂ, പാചകം ചെയ്യൂ,
വേലക്കാരോടു വഴക്കിടൂ. ഒതുങ്ങൂ, ഉൾപ്പെടൂ,
കള്ളി തിരിക്കുന്നവർ ആക്രോശിച്ചു.
ചുമരിൽ കയറി ഇരിക്കരുത്,
നേർത്ത ജനാലക്കർട്ടനുകൾക്കിടയിലൂടെ
പാളി നോക്കരുത്.
ആമിയാവൂ, കമലയാവൂ.
മാധവിക്കുട്ടിയായാൽ ഭേഷായി.
ഒരു പേരു കണ്ടെത്താൻ കാലമായിരിക്കുന്നു,
ഒരു റോളെടുക്കാൻ.
നാട്യങ്ങളൊന്നും വേണ്ട,
സ്കിസോഫ്രേനിയ അഭിനയിക്കരുത്,
നിംഫോമാനിയാക്കുമാകരുത്.
പ്രണയത്തിൽ വഞ്ചിക്കപ്പെട്ടാൽ
ആവശ്യത്തിലധികം ഉച്ചത്തിൽ കരയരുത്...
ഞാനൊരാണിനെ കണ്ടു, ഞാനയാളെ സ്നേഹിച്ചു.
അയാളുടെ പേരെന്തെന്നോടു ചോദിക്കരുത്,
പെണ്ണിനെ വേണ്ട ഏതൊരാണുമാണയാൾ,
പ്രണയം തേടുന്ന ഏതു പെണ്ണുമാണ്‌ ഞാനെന്നപോലെ.
അയാളിലുണ്ട്...പുഴകളുടെ ദാഹാർത്തമായ തിടുക്കം,
എന്നിലുണ്ട്...കടലിന്റെ തളരാത്ത കാത്തിരുപ്പ്.
ആരാണു നിങ്ങൾ,
ഒരാളുമൊഴിയാതെല്ലാവരോടും ഞാൻ ചോദിക്കുന്നു.
ഇതു ഞാനാണ്‌, അതാണുത്തരം.
എന്നും എവിടെയും ഞാൻ കാണുന്നത്
സ്വയം ഞാൻ എന്നു വിളിക്കുന്നയാളെ;
ഉറയിൽ വാളെന്നപോലെ
ഈ ലോകത്തയാൾ ഇറുകിപ്പിടിച്ചുകിടക്കുന്നു.
ഞാനാണ്‌ പാതിരാത്രിയിൽ,
അപരിചിതമായ നഗരങ്ങളിലെ ഹോട്ടൽമുറിയിൽ
ഒറ്റയ്ക്കിരുന്നു കുടിക്കുന്നവൾ,
ഞാനാണ്‌ ചിരിക്കുന്നവൾ,
ഞാനാണ്‌ സുരതത്തിനു ശേഷം നാണക്കേടു തോന്നുന്നവൾ,
ഞാനാണ്‌ ഊർദ്ധ്വൻ വലിച്ചു മരിക്കാൻ കിടക്കുന്നവൾ.
പാപിയാണു ഞാൻ, പുണ്യവതിയാണു ഞാൻ.
പ്രേമഭാജനമാണു ഞാൻ, വഞ്ചിക്കപ്പെടുന്നവളാണു ഞാൻ.
നിങ്ങളുടേതല്ലാത്ത ഒരാഹ്ളാദവും എനിക്കില്ല,
നിങ്ങളുടേതല്ലാത്ത ഒരു വേദനയും എനിക്കില്ല.
ഞാനും എന്നെ ഞാൻ എന്നു വിളിക്കുന്നു.
(1965)



2. ഹിജഡകളുടെ നൃത്തം


ഉഷ്ണമായിരുന്നു,
ഹിജഡകൾ നൃത്തം ചെയ്യാൻ വരും മുമ്പ് അത്യുഷ്ണമായിരുന്നു...
വിടർന്ന പാവാടകൾ പമ്പരം കറങ്ങി,
കൈമണികൾ കൊഴുപ്പോടെ മുഴങ്ങി,
കാൽച്ചിലങ്കകൾ കിലുകിലെക്കിലുങ്ങി...
ജ്വലിക്കുന്ന ഗുൽമൊഹറുകൾക്കടിയിൽ
നീട്ടിപ്പിന്നിയ മുടി പറത്തിയും
ഇരുണ്ട കണ്ണുകളെറിഞ്ഞും
അവർ നൃത്തം ചെയ്തു,
ഹാ, കാലടി വിണ്ടു ചോരയൊഴുകും വരെ നൃത്തം ചെയ്തു...
അവർ കവിളുകളിൽ പച്ച കുത്തിയിരുന്നു,
അവർ മുടിയിൽ മുല്ലപ്പൂ ചൂടിയിരുന്നു,
ചിലർ ഇരുണ്ടവരായിരുന്നു,
ചിലർക്കു വെളുപ്പുനിറം കലര്‍ന്നിരുന്നു.
അവരുടെ സ്വരം പരുഷമായിരുന്നു,
അവരുടെ പാട്ടുകൾ വിഷാദം നിറഞ്ഞതായിരുന്നു,
അവർ പാടിയത് മരണം വരിക്കുന്ന കമിതാക്കളെക്കുറിച്ചായിരുന്നു,
പിറക്കാൻ അവസരം കിട്ടാതെപോയ കുഞ്ഞുങ്ങളെക്കുറിച്ചായിരുന്നു...
ചിലർ ചെണ്ടകൾ കൊട്ടി,
ചിലർ മാറത്തടിച്ചു നിലവിളിച്ചു,
നിർവികാരമായ ഹർഷോന്മാദത്തിൽ ഞെളിപിരിക്കൊണ്ടു.
അവരുടെ കൈകാലുകൾ മെലിഞ്ഞതും ശുഷ്കിച്ചതുമായിരുന്നു,
പട്ടടയിലെ പാതി വെന്ത വിറകുകൊള്ളികൾ പോലെ;
അതിലോരോന്നിലുമുണ്ടായിരുന്നു,
ഒരു വരൾച്ച, ഒരു ചീയലും.
കാക്കകൾ പോലും മരക്കൊമ്പുകളിൽ നിശ്ശബ്ദമായിരുന്നു,
കുട്ടികൾ വിടർന്ന കണ്ണുകളുമായി നിശ്ചേഷ്ടരായിരുന്നു.
സകലരും ആ പാവങ്ങളുടെ കോച്ചിവിറകൾ കണ്ടുനില്ക്കുകയായിരുന്നു.
പിന്നെ ആകാശം വെടിച്ചുകീറി,
ഇടിയും  മിന്നലുമുണ്ടായി,
മഴയും-
മച്ചുമ്പുറത്തെ പൊടിയും എലിയുടെയും പല്ലിയുടെയും മൂത്രവും മണക്കുന്ന
ഒരു ശുഷ്കിച്ച മഴ.
(1965)



3. വാക്കുകൾ


എനിക്കു ചുറ്റും വാക്കുകളാണ്‌, വാക്കുകളും വാക്കുകളുമാണ്‌,
ഇലകളെന്നപോലെ അവ എന്നിൽ മുളയ്ക്കുന്നു,
അവസാനമെന്നതില്ലാതെ ഉള്ളിൽ നിന്നവ വളരുന്നു...
എന്നാൽ എന്നോടു തന്നെ ഞാൻ പറയുന്നു:
വാക്കുകൾ ഒരു ശല്യമാണ്‌, അവയെ കരുതിയിരിക്കുക,
അവ പലതുമാകാം, ഒരു നോട്ടം,
ഓടിച്ചെല്ലുന്ന പാദങ്ങളെ പിടിച്ചുനിർത്തുന്ന ഒരു ഗർത്തം,
മരവിപ്പിക്കുന്ന തിരകളിളകുന്ന സമുദ്രം,
പൊള്ളുന്ന കാറ്റിന്റെ ആകസ്മികാഘാതം,
ഉറ്റ ചങ്ങാതിയുടെ കഴുത്തറുക്കാനൊരു മടിയുമില്ലാത്ത ഒരു കത്തി...
വാക്കുകൾ ഒരു ശല്യം തന്നെ,
എന്നിട്ടും മരത്തിൽ ഇലകളെന്നപോലെ
എന്നിലവ വളരുന്നു,
അതിനൊരവസാനവുമില്ല,
ഉള്ളിന്റെയുള്ളിലെവിടെയോ ഒരു മൗനത്തിൽ നിന്ന്
അവ പുറത്തു വന്നുകൊണ്ടേയിരിക്കുന്നു...
(1965)




4. വികലജീവികൾ


വെയിലേറ്റു കരുവാളിച്ച കവിൾ
എനിക്കു നേരെ തിരിച്ച്,
വലതുകൈ എന്റെ കാല്മുട്ടിൽ വച്ച്
അയാൾ സംസാരിക്കുന്നു,
അയാളുടെ വായ ഒരിരുണ്ട ഗഹ്വരം,
വരി തെറ്റിയ പല്ലുകൾ
ചുണ്ണാമ്പുപാറകൾ പോലെ അതിനുള്ളിൽ തിളങ്ങുന്നു,
പ്രണയത്തിലേക്കു കുതിച്ചോടാൻ തയാറായി
ഞങ്ങളുടെ മനസ്സുകൾ.
എന്നാലവ വെറുതേ അലഞ്ഞുനടന്നതേയുള്ളു,
ആസക്തിയുടെ ചെളിക്കുണ്ടുകൾക്കു മേൽ
തെന്നിവീഴാൻ പോയതേയുള്ളു...
ഈ മനുഷ്യന്റെ നിപുണമായ വിരൽത്തുമ്പുകൾക്ക്
തൊലിയുടെ അലസദാഹങ്ങളെക്കാൾ ചൊടിയുള്ള മറ്റൊന്നിനെയും
അഴിച്ചുവിടാൻ കഴിയില്ലേ?
ഇത്ര കാലം ജീവിച്ചിട്ടും
പ്രണയത്തിൽ പരാജയം മാത്രമറിഞ്ഞ ഞങ്ങളെ
ആരാണു സഹായിക്കാനെത്തുക?
ഹൃദയം, ഒരൊഴിഞ്ഞ ജലപാത്രം,
ദീർഘനേരത്തില്പിന്നെ
മൗനനാഗങ്ങളിഴഞ്ഞുകേറി അതിൽ ചുറയിടുന്നു.
ഞാനൊരു വികലജീവിയാണ്‌.
കേമമായൊരു കാമം ചിലനേരം ഞാനെടുത്തുവീശുന്നുവെങ്കിൽ
അതെന്റെ മുഖം രക്ഷിക്കാൻ മാത്രമാണ്‌.

(1965)



5. എന്റെ മുത്തശ്ശിയുടെ വീട്


ഇന്നേറെ അകലെയായ ഒരു വീട്ടിൽ വച്ച്
സ്നേഹം ഞാൻ അറിഞ്ഞിരുന്നു...
അവർ, എന്റെ മുത്തശ്ശി, മരിച്ചു,
വീട് മൗനത്തിലേക്കു പിൻവാങ്ങി,
ആ പ്രായത്തിൽ എനിക്കപ്രാപ്യമായിരുന്ന പുസ്തകങ്ങൾക്കിടയിൽ
പാമ്പുകൾ ഇഴഞ്ഞുകയറി,
എന്റെ ചോര ചന്ദ്രനെപ്പോലെ തണുത്തുകഴിഞ്ഞു.
അവിടെയ്ക്കൊന്നു പോകാൻ
എത്ര തവണ ഞാനാഗ്രഹിച്ചുവെന്നോ,
ചത്ത ജനാലക്കണ്ണുകളിലൂടുള്ളിലേക്കെത്തിനോക്കാൻ,
മരവിച്ച വായുവിനൊന്നു കാതോർക്കാൻ,
അവിടെനിന്നൊരു പിടി ഇരുട്ടു വാരി
ഇവിടെ കൊണ്ടു വരാൻ,
എന്റെ കിടപ്പുമുറിയുടെ വാതിലിനു പിന്നിൽ
ചിന്താമഗ്നയായ ഒരു നായയെപ്പോലതിനെ കിടത്താൻ...
നിനക്കു വിശ്വാസം വരുന്നില്ല, അല്ലേ, പ്രിയനേ,
അങ്ങനെയൊരു വീട്ടിൽ ഞാൻ ജീവിച്ചിരുന്നുവെന്ന്,
എനിക്കവിടെ സ്നേഹവും പരിഗണനയും ലഭിച്ചിരുന്നുവെന്ന്?
ഞാൻ, വഴി തെറ്റിപ്പോയ ഞാൻ,
ചില്ലറത്തുട്ടായിട്ടെങ്കിലും സ്നേഹം കിട്ടാൻ
ഇന്നന്യരുടെ വാതില്ക്കൽ മുട്ടി യാചിക്കുന്ന ഞാൻ...
(1965)



6. രാധ കൃഷ്ണൻ



ഈ നേരം മുതൽ ഈ പുഴ നമ്മുടെ സ്വന്തം,
ഈ പഴയ കടമ്പുമരം നമ്മുടേതു മാത്രം,
അഗതികളായ നമ്മുടെ ആത്മാക്കൾക്ക്
ഒരു നാൾ വന്നു ചേക്കയേറാൻ,
അതിന്റെ കേവലഭൗതികതയിൽ
കടവാതിലുകൾ പോലെ തൂങ്ങിക്കിടക്കാൻ...
(1965)




7. ബോംബേയോടു വിട



നിന്നോടു വിട വാങ്ങട്ടെ ഞാൻ, സുന്ദരനഗരമേ,
എന്റെ മുതിർന്ന കണ്ണുകളിലെവിടെയോ കണ്ണീരൊളിക്കുമ്പോൾ,
പുഴയുടെ നിശ്ചേഷ്ടഹൃദയത്തിലൊരു ശില പോലെ
ശോകം നിശ്ശബ്ദമാവുമ്പോൾ...

വിട, വിട, വിട,
മഴയ്ക്കും താന്തോന്നികളായ തൃഷ്ണകൾക്കും നേർക്കടച്ചിട്ട
ജനാലച്ചില്ലുകൾക്കു പിന്നിലെ മെലിഞ്ഞ രൂപങ്ങൾക്ക്;
ആരും നോക്കാനില്ലാത്ത, ആരും സ്നേഹിക്കാനില്ലാത്ത
മഞ്ഞച്ചന്ദ്രന്മാർക്ക്;
മാംസദാഹം തീരാതെ കാറിക്കരഞ്ഞുകൊണ്ടാകാശത്തു
വട്ടം ചുറ്റിപ്പറക്കുന്ന പക്ഷികൾക്ക്;
ഇരുന്നാലും നടന്നാലും സംസാരിച്ചു തീരാത്ത
കടല്ക്കരയിലെ ജനക്കൂട്ടങ്ങൾക്ക്;
നിന്നോടു വിട വാങ്ങട്ടെ ഞാൻ, സുന്ദരനഗരമേ,
നിന്റെ കണ്ണീരും നിന്റെ കോപവും നിന്റെ പുഞ്ചിരിയും
ഇനി വരുന്നവർക്കായി കാത്തുവയ്ക്കുക,
കണ്ണുകൾ പാട കെട്ടാത്ത യൗവനങ്ങൾക്ക്;
അവർക്കു നല്കുക,
കണ്ണുകളിൽ വിഷാദവും മുടിയിൽ മുല്ലപ്പൂവും കിന്നരിയും ചൂടിയ
നിന്റെ ഗണികകളെ,
നിന്റെ ശവമുറികളിലെ മാർബിൾപലകകളും
തൊട്ടാൽ പൊടിയുന്ന നിന്റെ വഴിയോരച്ചിരികളും അവര്‍ക്കു നല്‍കുക...
വിട, വിട, വിട...
നിശ്ശബ്ദതയ്ക്കും ശബ്ദങ്ങൾക്കും;
സ്വപ്നത്തിലല്ലാതെ ഞാൻ നടന്നിട്ടില്ലാത്ത തെരുവുകൾക്ക്;
സ്വപ്നത്തിലല്ലാതെ ഞാൻ ചുംബിച്ചിട്ടില്ലാത്ത ചുണ്ടുകൾക്ക്;
എന്നിൽ നിന്നിന്നേവരെ പിറന്നിട്ടില്ലാത്ത
പൂക്കൾ പോലത്തെ കുഞ്ഞുങ്ങൾക്ക്...
(1965)



8. എന്റെ പ്രഭാതവൃക്ഷം


പ്രിയവൃക്ഷമേ, വിരൂപവൃക്ഷമേ, നീയെനിക്കു പ്രഭാതവൃക്ഷം,
ഉണരുമ്പോൾ ഓടിവന്നു ഞാൻ നിന്നെ നോക്കുന്നു...
ഇലകളില്ല, മൊട്ടുകളില്ല, പൂക്കളില്ല, ചില്ലകൾ മാത്രം,
ഊഷരാകാശത്തിനു നേർക്കു നീളുന്ന ശോഷിച്ച വേരുകൾ പോലെ.
ഒരു കിഴവിയുടെ നീരു വറ്റിയ കൈകാലുകൾ,
നൈരാശ്യത്തോടെ മുകളിലേക്കെറിഞ്ഞ കൈകൾ,
ആശയില്ല, ആശയില്ല, ആശിക്കാൻ യാതൊന്നുമില്ല...

ചില നാളുകളിൽ മൂടല്മഞ്ഞിന്റെ മാറാമ്പൽ നിന്നെ പൊതിയുന്നു,
പിന്നെച്ചിലപ്പോൾ ഇരുണ്ട കഴുകുകൾ നിന്മേൽ ചിറകൊതുക്കുന്നു,
കുടിലഫലങ്ങൾ പോലവയെ കാണുമ്പോൾ ഞാനോർത്തുപോകുന്നു,
ഒരുനാളവയും വിളഞ്ഞുപാകമാകുമോ, അവയിലും ചാറു നിറയുമോ,
നിന്റെ നിശ്ചേഷ്ടമായ ഉടലിൽ അവയുടെ ചാറൊലിച്ചിറങ്ങുമോ,
നിന്റെ നിഷ്ക്രിയമായ തടിയിൽ ചുടുചോര തുള്ളിതുള്ളിയായിറ്റുമോ?
പ്രഭാതവൃക്ഷമേ, നിന്റെ എല്ലിച്ച ചില്ലയിലൊരുനാൾ
ഒരാകസ്മികപുഷ്പം ഞാൻ കാണും,
എന്റെ മരണം വെറുമൊരു പൂവാണെന്നന്നേരം ഞാനറിയും,
ചുവന്നു, ചുവന്നു, ചുവന്നു തുടുത്തൊരു പ്രഭാതപുഷ്പം,
ഈ ജനാലച്ചില്ലിനു പിന്നിൽ നിന്നു ഞാനന്നു മന്ദഹസിക്കും,
പിന്നെ മന്ദഹസിക്കാനെനിക്കു പ്രഭാതങ്ങളുണ്ടാവുകയുമില്ല.
(1965)



9. മറ്റാരുടെയോ ഗാനം


ഒരു കോടി മനുഷ്യരാണു ഞാൻ,
ഒരുമിച്ചൊരേ നേരം സംസാരിക്കുന്ന ഒരു കോടി മനുഷ്യർ,
കിണറ്റിൻകരയിൽ പെണ്ണുങ്ങളെപ്പോലെ
ഉച്ചത്തിൽ കലപില കൂട്ടുന്നവർ.

ഒരു കോടി മരണങ്ങളാണു ഞാൻ,
വസൂരിക്കല കുത്തിയ ഒരു കോടി മരണങ്ങൾ,
ഓരോ മരണവും ഒരുനാൾ കൊഴിയാനുണങ്ങുന്ന കായ,
മറ്റാർക്കോ വളരാനുള്ള ഓർമ്മ.
ഒരു കോടി ജനനങ്ങളാണു ഞാൻ,
സഫലമായ ചോര തുടുപ്പിച്ച ഒരു കോടി ജനനങ്ങൾ,
നഖം നീണ്ട കൈകൾ കൊണ്ട്
പൊള്ളയായ വായുവിൽ മാന്തിപ്പറിക്കുന്ന ജീവികൾ.
ഒരു കോടി മൗനങ്ങളാണു ഞാൻ,
മറ്റാരുടെയോ ഗാനത്തിൽ
പളുങ്കുമണികൾ പോലെ കൊരുത്തിട്ട
ഒരു കോടി മൗനങ്ങൾ.
(1965)


10. അപരിചിതനും ഞാനും

കണ്ണുകളിൽ നൈരാശ്യം വഴിയുന്ന അപരിചിതാ,
നിന്നെ ഞാൻ കണ്ടിരിക്കുന്നതിവിടെ മാത്രമല്ല,
പരദേശനഗരങ്ങളിൽ വച്ചും നിന്നെ ഞാൻ കണ്ടു;
ചുറ്റുമുള്ള മുഖങ്ങൾ നോക്കിയല്ല, അല്ല,
കടകളുടെ പേരുകൾ നോക്കി നീ നടന്ന തെരുവുകൾക്കു പോലും
വിദ്വേഷത്തിന്റെ ആകാശമാണു മേല്ക്കൂരയായിരുന്നത്.
സർവ്വതും അത്ര നരച്ചുവെളുത്തിരുന്നു, അത്ര പഴകിയിരുന്നു,
കീശയിലാഴ്ത്തിയ വിരലുകൾ ചുരുട്ടിയും വിടർത്തിയും
പക്ഷേ, നീ നടന്നു നടന്നു മുന്നോട്ടു പോയി.
മുഖത്തെ മറുകു പോലെ നിന്റെ ഏകാന്തത നീലിച്ചുകിടന്നു...

ഉല്ലാസവും സിഗററ്റുപുകയും നിറഞ്ഞ റസ്റ്റാറന്റുകളിൽ വച്ച്
നിന്നെ ഞാൻ കണ്ടിരിക്കുന്നു;
തൂണിനു പിന്നിലെ കസേരയിലിരുന്ന്
ഒരുന്മേഷവുമില്ലാതെ മധുരമിട്ട ചായ കുടിക്കുമ്പോൾ
മേശവിരിപ്പിന്മേലിരുന്നു നിന്റെ കൈ വിറ കൊണ്ടു,
മുറിപ്പെട്ട ഒരു പക്ഷിയെപ്പോലെ...
ഉദ്യാനങ്ങളിൽ ചുറ്റിനടക്കുന്ന നിന്നെ ഞാൻ കണ്ടിരിക്കുന്നു,
കിളരം വച്ച മരങ്ങളുടെ തൊലിയിൽ
പണ്ടെന്നോ കത്തി കൊണ്ടു വരഞ്ഞിട്ട പേരുകൾ വായിക്കാനായി
ഇടയ്ക്കിടെ നീ നിന്നു നോക്കുന്നതും;
കടലോരങ്ങളിൽ താഴേക്കു നോക്കി നടക്കുന്നതായി,
വിരുന്നുകളിൽ കൈകളിലൊരു ഗ്ളാസ്സുമായി
ചെടിച്ചട്ടികൾക്കു പിന്നിൽ മുഖം മുഷിഞ്ഞു നില്ക്കുന്നതായി;
നീ കടിച്ചുകാർന്ന നഖങ്ങളും
നിന്റെ വിളറിയ പുഞ്ചിരിയും ഞാൻ കണ്ടിരിക്കുന്നു,
മുറിഞ്ഞു മുറിഞ്ഞുപോകുന്ന നിന്റെ സംസാരം ഞാൻ കേട്ടിരിക്കുന്നു.
നിന്നെ തിരിച്ചറിയാതിരിക്കാൻ പറ്റാത്ത വിധം അത്ര നന്നായി
എനിക്കു നിന്നെ അറിയാം...
(1965)

11.മലബാറിലെ ഒരു പൊള്ളുന്ന നട്ടുച്ച


ഈ നട്ടുച്ച ആവലാതി പറയുന്ന യാചകരുടേത്,
കാലത്തിന്റെ കറ പറ്റിയ ഭാഗ്യച്ചീട്ടുകളും കൂട്ടിലടച്ച തത്തയുമായി
കുന്നിറങ്ങിവരുന്ന കുറവന്മാരുടേത്,
താളത്തിൽ, നേർത്ത ഒച്ചയിൽ കൈ നോക്കിപ്പറയുന്ന,
കണ്ണുകളിൽ വൃദ്ധകളായ ഇരുണ്ട കുറത്തിപ്പെൺകുട്ടികളുടേത്,
പാതയുടെ പൊടി പറ്റിയ, പച്ചയും ചുവപ്പും നീലയുമായ കുപ്പിവളകൾ
തണുത്ത, കറുത്ത തറയിൽ നിരത്തിയിടുന്ന വളച്ചെട്ടികളുടേത്,
പരുക്കൻ നാഴികകൾ താണ്ടി, മടമ്പു വിണ്ട ചുവടുകളുമായി
വിചിത്രമായ, ഉരയുന്ന ഒച്ചയിൽ വരാന്തയിലേക്കു കയറിവന്നിരുന്നവരുടേത്,
...
ഈ നട്ടുച്ച ജനാലവിരികൾ വകഞ്ഞ് ഉള്ളിലേക്കെത്തിനോക്കുന്ന,
വെയിലു നിറഞ്ഞു കണ്ണുകൾ പൊള്ളുന്ന അപരിചിതരുടേത്,
നിഴലടഞ്ഞ മുറികളിൽ നിന്നൊന്നും കാണാൻ കിട്ടാത്തതിനാൽ
കിണറിന്റെ ഇഷ്ടിക കെട്ടിയ ആൾമറയിലേക്കവർ
തൃഷ്ണയോടുറ്റുനോക്കിയിരുന്നു.
ഈ നട്ടുച്ച കണ്ണുകളിൽ അവിശ്വാസം നിറഞ്ഞ അപരിചിതരുടേത്,
നിശബ്ദരായ, എപ്പോഴെങ്കിലും വായ തുറക്കുന്ന ഇരുണ്ട മനുഷ്യർ,
മിണ്ടുമ്പോൾ അവരുടെ ശബ്ദങ്ങൾ വന്യമായിരുന്നു, കാടിന്റേതുപോലെ.
അതെ, ഈ നട്ടുച്ച വന്യരായ മനുഷ്യരുടേത്, 
വന്യചിന്തകളുടേത്, വന്യപ്രണയത്തിന്റേത്.
എന്തു പീഡനമാണ്‌, ഇത്രയുമകലെ, ഇവിടെയായിരിക്കുക!
ഈ പൊള്ളുന്ന നട്ടുച്ചയിൽ, മലബാറിലെ എന്റെ വീട്ടിൽ,
പൊടി തൊഴിച്ചുയർത്തുന്ന കാടൻചുവടുകൾ,
ഞാൻ ഇത്രയകലെയും...

12. ഒരുനാൾ ഞാൻ


ഒരുനാൾ ഞാനുപേക്ഷിച്ചുപോകും,
രാവിലത്തെ ചായയും
വാതില്ക്കൽ വച്ചെറ്റിവിടുന്ന പ്രണയവചനങ്ങളും
പിന്നെ നിന്റെ തളർന്ന കാമവും കൊണ്ട്

എനിക്കു ചുറ്റും നീ പണിത കൊക്കൂൺ
ഒരുനാൾ ഞാനുപേക്ഷിച്ചു പോകും.
ഒരുനാൾ ഞാൻ ചിറകെടുക്കും,
വിമുക്തമായ പൂവിതളുകളെപ്പോലെ
പറന്നുനടക്കും,
എന്റെ പ്രിയനേ, നീയോ,
നീ ഒരു വേരിന്റെ ദയനീയമായ ശേഷിപ്പു മാത്രമായി
പിന്നിൽ ഒരിരട്ടക്കട്ടിലിൽ കിടക്കണം,
അഭിമാനഹീനനായി വ്യസനിക്കണം.
എന്നാൽ, പിന്നെയൊരുനാൾ
ഞാൻ മടങ്ങിവരും,
മിക്കവാറുമെല്ലാം നഷ്ടപ്പെട്ട്,
കാറ്റിനാൽ, മഴയാൽ, വെയിലാൽ മുറിപ്പെട്ട്,
മറ്റൊരുലാത്തലോ,
സ്വാതന്ത്ര്യത്തിന്റെ മറ്റൊരിടവേളയോ
ആഗ്രഹിക്കാൻ തോന്നാത്തത്ര
പ്രചണ്ഡാനന്ദത്താൽ മുറിപ്പെട്ട്...
മാംസമുതിർന്ന്, സിരകളഴിഞ്ഞ്, ചോര വാർന്ന്
വെറുമൊരെല്ലിൻകൂടാണെന്റെ ലോകമെന്ന്
അന്നു ഞാൻ കാണും.
അപ്പോൾ കണ്ണുകളിറുക്കിയടച്ചു ഞാനഭയം തേടും,
മറ്റെങ്ങുമല്ലെങ്കിൽ,
പരിഹാസം പരിചിതമായ നിന്റെ കൂട്ടിൽ...
(1965)



13. കാട്ടുബൊഗെയിൻവില്ലകൾ


വിഷാദവതിയായി നടന്ന ഒരു കാലം
കല്ക്കട്ടയിൽ എനിക്കുണ്ടായിരുന്നു,
ശവമഞ്ചത്തെ അനുഗമിക്കുന്നവരെപ്പോലെ
മന്ദമായി, മ്ളാനമായി കടന്നുപോയ ചില നാളുകൾ...
അന്നെന്റെ കിടക്ക പോലും എനിക്കു വിശ്രമം തന്നിരുന്നില്ല,
കോളു കൊണ്ട കടലെന്നപോലെ അതെന്നെ തട്ടിയുരുട്ടിയിരുന്നു,
അന്നു ഞാനെത്ര കരഞ്ഞു, എത്ര വിലപിച്ചു,
അന്യനാട്ടുകാരനായ ഒരു പുരുഷനായി എത്ര ഞാൻ ദാഹിച്ചു...
പിന്നെ, പതിയെപ്പതിയെ, എന്റെ പ്രണയം വാടിത്തളർന്നു,
ഞാൻ നടക്കാനിറങ്ങി, അറിയാത്ത വഴികളിലൂടെ ഞാൻ നടന്നു,
ഇഷ്ടം തോന്നുന്ന മുഖങ്ങൾ ഞാൻ കണ്ടു.
അതൊരു നല്ല ലോകമായിരുന്നു,
ശ്രദ്ധ പതറിക്കാൻ പലതുമതിലുണ്ടായിരുന്നു,
കടലോരം ചേർന്ന തെരുവുകളിലൂടെ ഞാൻ നടന്നു,
പൊന്തിക്കിടക്കുന്ന ബാർജ്ജുകൾ ഞാൻ കണ്ടു,
അവയുടെ അടിഭാഗങ്ങൾ അഴുകിയിരുന്നു,
അഴുക്കും ചണ്ടിയും കിടന്നഴുകിയിരുന്നു,
ചത്ത മീനുകൾ അഴുകിക്കിടന്നിരുന്നു,
ചാവുന്ന വസ്തുക്കളുടെ മണം ഞാൻ മണത്തു,
ചത്തു ചീയുന്നവയുടെ കൊടുംനാറ്റം ഞാൻ മണത്തു,
രാത്രിയിൽ തെരുവുകളിലൂടെ ഞാൻ നടന്നു,
കണ്ണിൽ കുത്തുന്ന പോലെ മുലകൾ തുറുപ്പിച്ചുകൊണ്ട്
വേശ്യകളവിടെ ചുറ്റിയടിച്ചിരുന്നു,
വിളറിയ മന്ദഹാസങ്ങൾ ആണുങ്ങൾക്കു നേർക്കെറിഞ്ഞുകൊണ്ട്
മഞ്ഞിച്ച തെരുവിളക്കുകൾക്കടിയിലൂടവർ നടന്നിരുന്നു.
പുരാതനമായ ശവപ്പറമ്പുകൾക്കരികിലൂടെ ഞാൻ നടന്നു,
മരണമത്രമേൽ കീഴടക്കിയവർ അവിടെയടങ്ങുന്നു,
അവരുടെ തലക്കല്ലുകളിൽ കൊത്തിയ പേരുകൾ
മഴയത്തൊലിച്ചു പോയിരിക്കുന്നു,
വിരൂപമായ പല്ലുകൾ പോലെ മഞ്ഞിച്ച കല്ലുകൾ,
ഒരു പൂവിതളും ഒരു കണ്ണീർത്തുള്ളിയും അവയ്ക്കു മേൽ വീഴുന്നില്ല.
എന്നാൽ ആ പുരാതനമായ മക്ബറകൾക്കരികിൽ ഞാൻ കണ്ടു,
ചില ജമന്തിച്ചെടികൾ പൂത്തുനില്ക്കുന്നത്,
അവയുടെ മീനാരങ്ങളിൽ ചുവന്ന കാട്ടുബൊഗൈൻവില്ല പടർന്നുകയറുന്നത്.
ഞാൻ നടന്നു, ഞാൻ കണ്ടു, ഞാൻ കേട്ടു,
നഗരം എനിക്കായി മെരുങ്ങിത്തന്നു,
പ്രത്യേകിച്ചൊരാളുടെ സ്പർശത്തിനായുള്ള എന്റെ ദാഹം
പിന്നെ കുറഞ്ഞുകുറഞ്ഞുവന്നു,
പിന്നെയൊരു ദിവസം ഞാനയാൾക്കൊരു പനിനീർപ്പൂച്ചെണ്ടു കൊടുത്തയച്ചു,
എന്നിട്ടു രാത്രി മുഴുവൻ ഞാൻ കിടന്നുറങ്ങി,
സ്വപ്നരഹിതമായ നിശ്ശബ്ദനിദ്ര,
രാവിലെ ഞാനുണർന്നു, സ്വതന്ത്രയായി.

(1965)



14. കല്ക്കട്ടയിലെ വേനല്ക്കാലം


മറ്റെന്താണീ പാനീയം,
എന്റെ ഗ്ളാസ്സിൽ
ഓറഞ്ചു പോലെ പിഴിഞ്ഞൊഴിച്ച
ഏപ്രിൽ സൂര്യനല്ലാതെ?
ആ അഗ്നി ഞാൻ മൊത്തിക്കുടിക്കുന്നു,
ഞാൻ മോന്തുന്നു,
പിന്നെയും പിന്നെയും മോന്തുന്നു,
ഒടുവിലെനിക്കു മത്തു പിടിക്കുന്നു,
അതെ, സൂര്യന്റെ പൊന്നു കുടിച്ചെനിക്കു
മത്തു പിടിക്കുന്നു.
ഏതു കുലീനവിഷമാണിപ്പോഴെന്റെ
സിരകളിലൂടൊഴുകുന്നതും
അലസഹാസം കൊണ്ടെന്റെ
മനസ്സു നിറയ്ക്കുന്നതും?
എന്റെ വേവലാതികളുറക്കമാവുന്നു.
ഒരു വധുവിന്റെ അധീരമായ പുഞ്ചിരി പോലെ
എന്റെ ഗ്ളാസ്സിൽ പതയുന്ന കുഞ്ഞുനുരകൾ
എന്റെ ചുണ്ടുകളെ വന്നുതൊടുന്നു.
പ്രിയനേ,
ഈ നിമിഷത്തിൽ
എനിക്കു നിന്നെ ആവശ്യമില്ലാതായെങ്കിൽ
എനിക്കു മാപ്പു തരൂ,
ഓർമ്മയിൽ നിന്ന് ഒരു നിമിഷത്തേക്ക്
നീ മാഞ്ഞുപോയെങ്കിൽ.
എത്ര ഹ്രസ്വമാണെന്റെ
അടിയറവിന്റെ കാലം,
എത്ര ഹ്രസ്വമാണ്‌ നിന്റെ കോയ്മയും,
കൈയിൽ ഗ്ളാസ്സുമേന്തി ഞാനിരിക്കുമ്പോൾ,
ഏപ്രിൽ സൂര്യന്റെ ചാറു ഞാൻ മോന്തുമ്പോൾ,
പിന്നെയും പിന്നെയും മോന്തുമ്പോൾ.

(1965)



15. മഞ്ഞുകാലം



അതിനു പുതുമഴയുടെ മണമായിരുന്നു,
ഇളംകൂമ്പുകളുടെ മണമായിരുന്നു,
അതിന്റെ ഊഷ്മളത
വേരുകൾക്കു പരതുന്ന മണ്ണിന്റേതുമായിരുന്നു...
എന്റെ ആത്മാവും, ഞാനോർത്തു,
എവിടെയ്ക്കോ വേരുകൾ നീട്ടുന്നുണ്ടാവും,
അവന്റെയുടലിനെ ഞാൻ പ്രണയിക്കുകയും ചെയ്തു,
ലജ്ജയേതുമില്ലാതെ...
വെളുത്ത ജനാലച്ചില്ലുകളിൽ
തണുത്ത കാറ്റുകൾ അടക്കിച്ചിരിക്കുന്ന
മഞ്ഞുകാലരാത്രികളിൽ.

(1965)




16. പേര്‌ കേടാക്കരുത്


എനിക്കൊരു പേരുണ്ട്,
മുപ്പതു കൊല്ലമായി എന്നോടൊപ്പമുള്ളത്,
തങ്ങളുടെ സൗകര്യത്തിനു വേണ്ടി
മറ്റാരോ തിരഞ്ഞെടുത്തത്...
എന്നാൽ സ്വന്തം പേരു കേടാക്കരുതെന്ന്
നിങ്ങൾ എന്നോടു പറയുമ്പോൾ
എനിക്കു ചിരിക്കാതെ പറ്റില്ലെന്നാവുന്നു,
എന്തെന്നാൽ എനിക്കറിയാം,
എനിക്കു ജീവിക്കാനൊരു ജീവിതമുണ്ടെന്ന്,
എന്നിലെ പേരില്ലാത്ത ഓരോ രക്താണുവിനുമുണ്ട്
ജിവിക്കാനൊരു ജിവിതമെന്ന്...
കേൾക്കാനത്രയും മാധുര്യമുള്ള ആ പേര്‌
എന്തിനെന്നോടൊപ്പം വരണം,
തന്നെത്തന്നെയല്ലാതെ മറ്റൊന്നും എനിക്കു തരാത്ത,
തന്റെ സ്വകാര്യനിമിഷങ്ങളിൽ
എന്നെ വിളിക്കാൻ ഒരു പേരും വേണ്ടാത്ത
ഒരു പുരുഷനെ കാണാൻ
ഞാൻ ഒരു മുറിയിലേക്കു ചെല്ലുമ്പോൾ
എന്തിനതെന്റെ കൂടെ കയറിവരണം?
പൊടിയടിഞ്ഞ നഗരത്തെരുവുകളിൽ
പഴയ പുസ്തകങ്ങളും പുരാതനവസ്തുക്കളും
പ്രതീക്ഷിക്കാതെ കിട്ടുന്ന പുളകങ്ങളും തേടി
ഞാൻ നടക്കുന്ന സായാഹ്നങ്ങളിൽ
എന്തിനതൊപ്പം വരണം?
ഞാനാകെ ജ്വലിച്ചു നില്ക്കുന്ന നിമിഷങ്ങളിൽ
എന്തിനു ഞാനാ മധുരനാമമോർക്കണം,
അർഹിക്കാതെ കിട്ടിയ പതക്കം പോലെ
ഞാനതു കുത്തി നടക്കണം?
തീരെ ബാലിശമായതൊന്നു ചെയ്യാനാണ്‌
നിങ്ങൾ എന്നോടു പറയുന്നത്...
ആ പേരെന്ന പാരിതോഷികം
ഒരു ജഡത്തെപ്പോലെ പേറിനടക്കാൻ,
അതിന്റെ ഭാരം താങ്ങി വേയ്ച്ചുവേയ്ച്ചു നടക്കാൻ,
അതു താങ്ങാനാവാതെ താഴെ വീഴാൻ...
ഈ ജീവിതമെന്ന പാരിതോഷികത്തെ
മറ്റെന്തിലുമേറെ സ്നേഹിക്കുന്ന എന്നോട്!

(1965)



17. പ്രണയം



നിന്നെ കണ്ടെത്തും വരെ
ഞാൻ കവിതയെഴുതി,
ചിത്രം വരച്ചു,
കൂട്ടുകാരുമൊത്തു നടക്കാൻ പോയി...
ഇപ്പോൾ,
നിന്നോടു പ്രേമമായതിൽ പിന്നെ,
എന്റെ ജീവിതം
നിന്റെ കാല്ക്കൽ ചുരുണ്ടുകൂടിക്കിടക്കുന്നു,
തൃപ്തയായി,
ഒരു കൊടിച്ചിപ്പട്ടിയെപ്പോലെ...

(1967)

18. പുഴു



സന്ധ്യക്ക് പുഴക്കരയിൽ വച്ച്
അവളെ അവസാനമായി ചുംബിച്ചിട്ടു കൃഷ്ണൻ പോയി.
അന്നു രാത്രിയിൽ ഭർത്താവിനൊപ്പം കിടക്കുമ്പോൾ
അവൾ മരിച്ചപോലെ തണുത്തിരുന്നു.
നിനക്കെന്തു പറ്റി, അയാൾ ചോദിച്ചു,
എന്റെ ചുംബനങ്ങൾ നിനക്കു വിലയില്ലാതായോ?
ഇല്ല, ഇല്ലേയില്ല, അവൾ പറഞ്ഞു;
എന്നാൽ അവൾ ഓർക്കുകയായിരുന്നു,
പുഴുവരിച്ചാൽ ശവത്തിനെന്ത്?

(1967)

19. അനെറ്റ്


കണ്ണാടിയ്ക്കു മുന്നിൽ
അനെറ്റ്.
കണ്ണാടിപ്പാടങ്ങൾക്കു മേൽ
വിളറിയ വിരലുകൾ
ഗോതമ്പുനിറമായ
മുടിയിഴകൾ കൊയ്യുന്നു.
എല്ലാ നഗരങ്ങളിലും
കലണ്ടറുകൾ മറിയുമ്പോൾ
പഴകിയ കണ്ണാടികളിൽ
പതിരു പോലെ
കൊഴിയുന്ന സൗന്ദര്യം...

(1967)



20. തടവുപുള്ളികൾ


ഞങ്ങളുടെ തൃഷ്ണകൾ
പ്രത്യേകിച്ചൊരു രാജ്യത്തിന്റേതുമല്ലാത്ത
ബഹുവർണ്ണപതാകയായിരുന്ന ഒരു കാലമുണ്ടായിരുന്നു.
വെളിച്ചം കെട്ട കണ്ണുകളോടെ, ക്ഷീണിതരായി
ഞങ്ങൾ കട്ടിലിൽ കിടന്നു,
മരിച്ച കുട്ടികൾ ശേഷിപ്പിച്ചുപോയ കളിപ്പാട്ടങ്ങൾ കണക്കെ.
ഞങ്ങൾ അന്യോന്യം ചോദിച്ചു,
എന്തു പ്രയോജനം,
ഇതുകൊണ്ടൊക്കെ എന്തു പ്രയോജനം?

ഞങ്ങൾ പരിചയിച്ച പ്രണയം ഇതായിരുന്നു,
നട്ടുച്ചയ്ക്കു മൺകട്ടയുടയ്ക്കുന്ന തടവുപുള്ളികളെപ്പോലെ
അന്യോന്യം ഉടലു കൊത്തിപ്പറിയ്ക്കുക.
ഉച്ചവെയിലിൽ പൊരിയുന്ന മണ്ണായിരുന്നു ഞങ്ങൾ.
ഞങ്ങളുടെ സിരകൾ പൊള്ളുകയായിരുന്നു,
അതു തണുപ്പിക്കാൻ മലമുകളിലെ കുളിരുന്ന രാത്രികൾക്കായില്ല.
അവനും ഞാനും ഒന്നായിരുന്നപ്പോൾ
ഞങ്ങൾ സ്ത്രീയോ പുരുഷനോ ആയിരുന്നില്ല.
വാക്കുകൾ ബാക്കിയുണ്ടായിരുന്നില്ല,
നീളുന്ന രാത്രിയുടെ കൈകളിൽ
തടവില്പെട്ടു കിടക്കുകയായിരുന്നു
എല്ലാ വാക്കുകളും.
ഇരുട്ടത്തു ഞങ്ങൾ മുതിർന്നു,
മൗനത്തിൽ ഞങ്ങൾ പാടി,
ഓരോ സ്വരവും ഓരോ നോവായി ഉയർന്നു,
കടലിൽ നിന്ന്, കാറ്റിൽ നിന്ന്, മണ്ണിൽ നിന്ന്,
ഓരോ ദാരുണരാത്രിയിൽ നിന്നും..
(1967)
.

21. നാണി


വയറ്റിലുണ്ടായ നാണി എന്ന വേലക്കാരി
ഒരു ദിവസം മറപ്പുരയിൽ കെട്ടിത്തൂങ്ങി മരിച്ചു.
പോലീസ് എത്തുന്നതു വരെ നീണ്ട മൂന്നു മണിക്കൂർ
അവൾ അവിടെ തൂങ്ങിക്കിടന്നു,
ചേലു കെട്ട ഒരു ബൊമ്മ.
ഇളംകാറ്റിൽ കയറിൻതുമ്പത്തു കിടന്നവളാടുമ്പോൾ
അന്നു കുട്ടികളായിരുന്ന ഞങ്ങൾ കരുതി,
നാണി ഞങ്ങളെ ചിരിപ്പിക്കാൻ വേണ്ടി
ഒരു കോമാളിനൃത്തം നടത്തുകയാണെന്ന്.
പിന്നെ അവിടെ കാടു കയറി.
വേനൽ കഴിയും മുമ്പേ
വാതിലിലും ചുമരുകളിലും
മഞ്ഞപ്പൂക്കൾ പൊത്തിപ്പിടിച്ചിരുന്നു.
ആരും പോകാതെയായ മറപ്പുര
പിന്നെയൊരു ബലിത്തറയായി,
പ്രാണൻ വെടിഞ്ഞൊരു ഭഗവതിയ്ക്ക്
വെയിലു വീഴുന്നൊരു ശ്രീകോവിൽ.
ഒന്നുരണ്ടു കൊല്ലം കഴിഞ്ഞൊരു നാൾ
മുത്തശ്ശിയോടു ഞാൻ ചോദിച്ചു,
നമ്മുടെ നാണിയെ ഓർമ്മയില്ലേ,
കിണറ്റിങ്കരയിൽ നിർത്തി എന്നെ കുളിപ്പിച്ചിരുന്ന
കൊഴുത്തിരുണ്ട നാണി?
മുത്തശ്ശി കണ്ണട മൂക്കിൽ ഇറക്കിവച്ചിട്ട്
എന്നെ തുറിച്ചുനോക്കി.
നാണി, അവർ ചോദിച്ചു, ഏതാണവൾ?
ആ ചോദ്യത്തോടെ നാണിയുടെ കഥ കഴിഞ്ഞു.
ഓരോ സത്യവും അങ്ങനെ ഓരോ ചോദ്യത്തോടെ തീരുന്നു.
മനഃപൂർവ്വമെടുത്തുപയോഗിക്കുന്ന ഈ ബാധിര്യമാണ്‌
നശ്വരതയെ അനശ്വരമാക്കുന്നത്,
നിയതമായതിനെ അനിയതമാക്കുന്നത്.
ഭാഗ്യം ചെയ്തവരാണവർ,
ചോദ്യം ചോദിച്ചിട്ട്
ഉത്തരത്തിനു കാക്കാതെ മുന്നോട്ടു പോകുന്നവർ,
സന്ദേഹങ്ങളുടെ പോറലേല്ക്കാതെ
മൗനത്തിന്റെ നീലിച്ച മണ്ഡലത്തിൽ താമസമാക്കിയവർ.
കുയിലിന്റെ മുട്ടയിൽ സംഗീതം പോലെ,
ചോരയിൽ തൃഷ്ണ പോലെ,
മരത്തിൽ നീരു പോലെ
ജീവനിൽ നിഹിതമായ സമാധാനം
അവർക്കുള്ളതല്ലോ...

(1973)



22. ചില്ല്


അര മണിക്കൂർ നേരത്തേക്ക്
ഞാൻ അയാൾക്കടുത്തേക്കു പോയി,
വെറുമൊരു സ്ത്രീയായി, വെറും വേദനയായി,
തൊട്ടാൽ പൊട്ടുന്ന, തകർന്നുടയുന്ന ചില്ലായി...
ഉഷ്ണത്ത് വീടു നിശ്ശബ്ദമായിരുന്നു
പഴകിയ കഴുക്കോലുകൾ മാത്രം കിടുകിടുത്തിരുന്നു
ഒരു കാമുകന്റെ തിടുക്കത്തോടെ
അയാളെന്നെ പരുഷമായി വലിച്ചടുപ്പിച്ചു
ഒരു പിടി ചീളുകളായിരുന്നു ഞാൻ
തറഞ്ഞാൽ നോവുന്നവ,
നോവു കൊണ്ടു നിറഞ്ഞവ
എന്തുകൊണ്ടന്നു ഞാൻ വിളിച്ചു പറഞ്ഞില്ല,
ഉടഞ്ഞ കുപ്പിച്ചില്ലാണ്‌, സൂക്ഷിക്കണമെന്ന്?
എന്തുകൊണ്ടന്നു ഞാനയാളോടു പറഞ്ഞില്ല,
പ്രണയം കൊണ്ട്, പലപ്പോഴുമതില്ലാതെയും,
ആരെയാണു മുറിപ്പെടുത്തുന്നതെന്നു
ഞാനിപ്പോൾ ശ്രദ്ധിക്കാറില്ലെന്ന്?
വില കുറഞ്ഞ ഒരു കളിപ്പാട്ടത്തിന്റെ നിസ്സംഗതയോടെ
ഞാൻ അന്യരുടെ ജീവിതങ്ങളിൽ കടന്നുചെല്ലുന്നു,
കാമത്തിന്റെ ഓരോ കെണിയും
ഒരു വാടകവീടാക്കി മാറ്റുന്നു.
അവരുടെ വിരലുകൾ എനിക്കു മേലോടുമ്പോൾ
പഴയകാലത്തു നിന്നൊരിഷ്ടരാഗം
എന്നിലുണർന്നുവന്നുവെന്നു വരാം
അവരുടെ സ്വപ്നങ്ങൾ പൊതിയാൻ
ഞാനൊരു ഗില്റ്റുകടലാസ്സായെന്നു വരാം,
ഒരു പെണ്ണിന്റെ ശബ്ദമായി,
ഒരു പെണ്ണിന്റെ മണമായി.
എന്തിനു ഞാനവരോടു പറയാൻ മിനക്കെടണം:
ഞാൻ ഒരച്ഛനെ എവിടെയോ മറന്നുവച്ചുവെന്ന്,
അദ്ദേഹത്തെ തേടിനടക്കുകയാണ്
ഞാനിപ്പോളെവിടെയുമെന്ന്?

(1973)



23. തടവുകാരി



ജയില്‍പുള്ളി
തന്റെ തടവറയുടെ ഭൂമിശാസ്ത്രം
നോക്കിപ്പഠിക്കുമ്പോലെ
നിന്റെ ഉടലിന്റെ ഭൂഷകൾ
ഞാൻ പഠിച്ചു വയ്ക്കുന്നു, പ്രിയനേ,
എന്നെങ്കിലുമൊരുനാൾ
അതിന്റെ കെണിയിൽ നിന്നു പുറത്തു കടക്കാൻ
ഞാനൊരു രക്ഷാമാർഗ്ഗം കണ്ടുവയ്ക്കണമല്ലോ.

(1973)


24. ശിലായുഗം


വാത്സല്യമൂർത്തിയായ ഭർത്താവേ,
എന്റെ മനസ്സിലെന്നോ കയറിപ്പറ്റിയ കുടിയേറ്റക്കാരാ,
ആശയക്കുഴപ്പത്തിന്റെ വലകൾ നെയ്യുന്ന തടിയൻ ചിലന്തീ,
കരുണ കാണിക്കുക.
നിങ്ങളെന്നെ കല്ലു കൊണ്ടൊരു പക്ഷിയാക്കുകയാണല്ലോ,
കൃഷ്ണശിലയിലൊരു മാടപ്രാവ്,
നിങ്ങൾ എനിക്കു ചുറ്റും മുഷിഞ്ഞൊരു സ്വീകരണമുറി പണിയുന്നു.
വായിച്ചു കൊണ്ടിരിക്കെ
കുത്തു വീണ എന്റെ മുഖത്തു നിങ്ങൾ അന്യമനസ്ക്കനായി തലോടുന്നു.
വെളുക്കും മുമ്പുള്ള എന്റെ ഉറക്കത്തെ
ഉച്ചത്തിലുള്ള വർത്തമാനം കൊണ്ടു നിങ്ങൾ മുറിവേല്പിക്കുന്നു.
സ്വപ്നം കാണുന്ന എന്റെ കണ്ണിൽ
നിങ്ങൾ വിരലു കൊണ്ടു കുത്തുന്നു.
എന്നിട്ടുമെന്റെ ദിവാസ്വപ്നങ്ങളിൽ
കരുത്തരായ ആണുങ്ങൾ നിഴലു വീഴ്ത്തുന്നു,
എന്റെ ദ്രാവിഡരക്തമിളകിമറിയുമ്പോൾ
വെൺസൂര്യന്മാരെപ്പോലവരതിൽ മുങ്ങിത്താഴുന്നു.
പുണ്യനഗരങ്ങൾക്കടിയിൽ അഴുക്കുചാലുകളൊളിച്ചൊഴുകുന്നു.
പിന്നെ നിങ്ങൾ മടങ്ങിപ്പോകുമ്പോൾ
ഞാനെന്റെ ക്ഷതം പറ്റിയ നീലിച്ച കാറുമെടുത്ത്
അതിലും നീലിച്ച കടലോരത്തു കൂടി പായുന്നു.
ഒച്ചയുണ്ടാക്കുന്ന നാല്പതു കോണിപ്പടികളോടിക്കയറി
മറ്റൊരാളുടെ വാതില്ക്കൽ ഞാൻ മുട്ടുന്നു.
അയല്ക്കാർ വാതില്പഴുതുകളിലൂടൊളിഞ്ഞു നോക്കിയിരിക്കുന്നു,
മഴ പെയ്തൊഴിയുന്നതുപോലെ
ഞാൻ വന്നുപോകുന്നതവർ നോക്കിയിരിക്കുന്നു.
എന്നോടു ചോദിക്കൂ, സകലരുമെന്നോടു ചോദിക്കൂ,
എന്താണവനെന്നിൽ കാണുന്നതെന്നോടു ചോദിക്കൂ,
സിംഹമെന്നും താന്തോന്നിയെന്നും
അവനെ വിളിക്കുന്നതെന്തുകൊണ്ടെന്നെന്നോടു ചോദിക്കൂ,
അവന്റെ ചുണ്ടിന്റെ ചുവയെന്താണെന്നെന്നോടു ചോദിക്കൂ,
എന്റെ ഗുഹ്യഭാഗത്തു കൊളുത്തിപ്പിടിക്കും മുമ്പവന്റെ കൈ
പത്തിയെടുത്ത സർപ്പം പോലാടുന്നതെന്തുകൊണ്ടെന്നു ചോദിക്കൂ.
വെട്ടി വീഴ്ത്തിയ വന്മരം പോലെ
അവനെന്റെ മാറിലേക്കു ചടഞ്ഞുവീഴുന്നതും
അവിടെക്കിടന്നുറങ്ങുന്നതുമെന്തിനെന്നെന്നോടു ചോദിക്കൂ.
ജീവിതമിത്ര ഹ്രസ്വമായതും പ്രണയമതിലും ഹ്രസ്വമായതു-
മെന്തുകൊണ്ടെന്നെന്നോടു ചോദിക്കൂ,
എന്താണു നിർവൃതിയെന്നും എന്താണതിന്റെ വിലയെന്നും
എന്നോടു ചോദിക്കൂ...

(1973)



25. കൂടെ നീന്തുന്നവർക്കുള്ള ഉപദേശം


നീന്താൻ പഠിക്കുമ്പോൾ
ഒഴുകിയെത്താൻ കടലില്ലാത്ത പുഴയിലിറങ്ങരുത്:
അതിനു ലക്ഷ്യമെന്തെന്നറിയില്ല,
ഒഴുകുകയാണു തന്റെ വിധിയെന്നേ അതിനറിയൂ,
പ്രാക്തനസ്മൃതികളുടെ മാലിന്യങ്ങൾ പേറിയൊഴുകുന്ന
ചോരയുടെ തളർന്ന പുഴകൾ പോലെയാണത്.
പോകൂ, പോയി കടലിൽ നീന്തൂ,
നീലമഹാസമുദ്രത്തിൽ പോയി നീന്തൂ,
അവിടെ നിങ്ങളെ എതിരേല്ക്കുന്ന ആദ്യത്തെ വൻതിര
നിങ്ങളുടെ ഉടലു തന്നെയായിരിക്കും,
നിങ്ങൾക്കത്രമേൽ പരിചിതമായ ആ ഒഴിയാബാധ.
അതിനെ തരണം ചെയ്യാൻ പഠിച്ചുകഴിഞ്ഞാൽ
നിങ്ങൾ സുരക്ഷിതയായി,
അതെ, അതിനപ്പുറം നിങ്ങൾ സുരക്ഷിതയാണ്‌,
അവിടെ മുങ്ങിത്താണാലും നിങ്ങൾക്കതൊരുപോലെയാണ്‌...



26. എന്റെ തറവാട്ടിൽ ചന്ദ്രനില്ല


അവർ അടുത്തടുത്തു വരുന്നു,
സ്വപ്നാടകരായ മരങ്ങൾ,
അവരുടെ ചുമലുകളിൽ കൂമന്മാർ,
ഇളങ്കാറ്റിലിളകുന്ന തൂവലുകളുമായി ധ്യാനസ്ഥരായവർ,
ആ ഗൂഢാലോചനയിൽ പങ്കാളിയായി
കുളമതിന്റെ തണുത്ത ശവക്കോടി എനിക്കു മേലിടുന്നു.
ജനാലപ്പടിയിലെ പൊടിയിൽ
ക്ഷമാശീലരായ പ്രേതങ്ങളുടെ കൈയൊപ്പുകൾ
ഞാൻ കണ്ടെടുക്കുന്നു,
മരങ്ങളവയുടെ മേല്പുരകൾ
കട്ടിയിരുട്ടു കൊണ്ടു മേഞ്ഞുകഴിഞ്ഞു;
നഗരങ്ങളിലെ ചന്ദ്രൻ,
തീവണ്ടികൾക്കു പിന്നിലേക്കോടിമറയുന്ന
നെല്പാടങ്ങളിലെ ചന്ദ്രൻ,
അതിവിടെയെവിടെയുമില്ല.
മിന്നാമിനുങ്ങുകൾ മാത്രം പൂമുഖത്തു വെളിച്ചം പരത്തുന്നു,
നിശ്ശബ്ദത മാത്രം എന്നോടു പറയുന്നു,
ഇനി നിന്റെ ജീവിതം ഇവിടെയാണെന്ന്...



27. ഘനശ്യാം



ഘനശ്യാം,
എന്റെ ഹൃദയത്തിലെ വള്ളിക്കുടിലിൽ കുയിലിനെപ്പോലെ നീ കൂടു കൂട്ടിയല്ലോ.
ഉറങ്ങുന്ന കാടു പോലെ കിടന്ന എന്റെ ജീവിതം
ഇന്നിതാ, സംഗീതം കൊണ്ടു സജീവമായിരിക്കുന്നു.
മുമ്പറിയാത്തൊരു പാതയിലൂടെ നീയെന്നെ നടത്തുന്നു
ഞാൻ നിനക്കടുത്തായെന്നു തോന്നുന്ന ഓരോ തിരിവിലും പക്ഷേ,
ഒരു മായികജ്വാല പോലെ നീ മാഞ്ഞുപോകുന്നു.
ഞാൻ കൊളുത്തിയ നിലവിളക്കിന്റെ നാളം
എന്റെ ഭാവിയെ ബന്ധനസ്ഥയാക്കുന്നു.
മരണത്തിന്റെ ചുവന്ന കണ്ണിലേക്കു ഞാൻ കണ്ണയച്ചു,
മറ നീക്കിയ സത്യത്തിന്റെ
പൊള്ളുന്ന തുറിച്ചുനോട്ടമായിരുന്നു അത്.
ജീവൻ ഈർപ്പമാണ്‌
ജീവൻ ജലവും രേതസ്സും രക്തവുമാണ്‌.
മരണം വരൾച്ചയാണ്‌
മരണം വിശ്രമമുറിയിലെ കുളിർമ്മയ്ക്കു മുമ്പുള്ള
ഉഷ്ണജലസ്നാനമാണ്‌
മരണം മോർച്ചറിയുടെ ചുവന്ന ചുമരിനരികിൽ
ബന്ധുവിന്റെ അവസാനത്തെ വിധുരരോദനമാണ്‌.
ശ്യാം, എന്റെ ഘനശ്യാം,
വാക്കുകൾ കൊണ്ടു നീയെനിക്കൊരുടയാട നെയ്തുവല്ലോ
പാട്ടുകൾ കൊണ്ടൊരാകാശവും
ആ സംഗീതമൊന്നുകൊണ്ടല്ലേ
കടലുകൾക്കവയുടെ പ്രചണ്ഡനൃത്തം ഞാൻ വീണ്ടെടുത്തതും.
ഒരിക്കൽ ഞങ്ങളൊരു പൊള്ളക്കളി കളിച്ചിരുന്നു,
ഞാനും എന്റെ കാമുകനും
അവന്റെയുടലിന്‌ എന്റെയുടൽ വേണമായിരുന്നു
പ്രായമേറിവരുന്ന അവന്റെയുടലിന്റെ പുരുഷാഹന്തയ്ക്ക്
എന്റെയുടൽ വേണമെന്നായിരുന്നു
അവന്റെ കാമം ശമിക്കുമ്പോൾ
അവൻ എനിക്കു പുറം തിരിഞ്ഞു കിടക്കുമ്പോൾ
ഉൾക്കിടിലത്തോടെ ഞാൻ ചോദിക്കും
ഇനിയെന്നെ വേണ്ടേ എന്നെ വേണ്ടേ
വേണ്ടേ വേണ്ടേ?
പ്രണയത്തിൽ പിന്നെ മഞ്ഞു വീണു തുടങ്ങിയപ്പോൾ
ഒരു ദേശാടനക്കിളിയായി ഞാൻ ഉഷ്ണമേഖയിലേക്കു പറന്നു
എനിക്കറിയുന്ന അതിജീവനോപായം അതായിരുന്നു
ദുരന്തപൂർണ്ണമായ ഈ കളിയിൽ
ബുദ്ധിഹീനർ കുട്ടികളെപ്പോലെ കളിക്കുന്നു
പലപ്പോഴുമവരതിൽ തോൽവിയറിയുകയും ചെയ്യുന്നു.
പുലർച്ചെ മൂന്നു മണിയ്ക്ക്
തനിവെളുപ്പായ ഏകാന്തതയുടെ സ്വപ്നത്തിൽ നിന്ന്
കിടുങ്ങിവിറച്ചുകൊണ്ട് ഞാനുണരുന്നു,
ഉഷ്ണഭൂമിയിൽ വെടിയ്ക്കുന്ന വെള്ളെലുമ്പുകളെപ്പോലെയായിരുന്നു
എന്റെ ഏകാന്തത,
അപ്പോഴൊക്കെ എന്റെ ഭർത്താവെന്നെ ചുംബിക്കുന്നു
ഉറക്കത്തിന്റെ ചുവ മാറാത്ത ചുണ്ടുകൾ കൊണ്ട്
സ്നേഹത്തെക്കുറിച്ചെന്തോ പുലമ്പിക്കൊണ്ട്.
എന്നാൽ അയാൾ നീയാണെങ്കിൽ
ഞാൻ നീയാണെങ്കിൽ
ആരാരെയാണു പ്രേമിക്കുന്നത്
ആരാണു പുറംതോട് ആരാണകക്കാമ്പ്
എവിടെയാണുടൽ എവിടെയാണാത്മാവ്
വിചിത്രരൂപങ്ങളിൽ നീ വന്നെത്തുന്നു
നിന്റെ പേരുകളുമനവധി.
എങ്കിൽ നിന്നെക്കാളേറെ ഞാൻ സ്നേഹിക്കുന്നത്
നിന്റെ വേഷപ്പകർച്ചകളെയാണോ നിന്റെ പേരുകളെയാണോ?
ബന്ധങ്ങളെ ദുർബലമാക്കാൻ അറിഞ്ഞുകൊണ്ടെനിക്കു കഴിയുമോ?
കുഞ്ഞിന്റെ പൊക്കിൾക്കൊടി ഉണങ്ങിച്ചുരുണ്ട് കൊഴിഞ്ഞുവീഴുന്നു
പക്ഷേ പുതിയ ബന്ധങ്ങൾ തളിർക്കുകയായി,
പുതിയ കെണികളൊരുങ്ങുകയായി,
പുതിയ നൊമ്പരങ്ങളും
ഘനശ്യാം,
നിത്യസൂര്യന്റെ കോശമേ,
നിത്യാഗ്നിയുടെ രക്തമേ,
ഗ്രീഷ്മവാതത്തിന്റെ വർണ്ണമേ,
എനിക്കു ശാന്തി വേണം
ഒരു കൈക്കുഞ്ഞിനെപ്പോലെനിക്കെടുത്തുനടക്കാവുന്നത്
എനിക്കു ശാന്തി വേണം
ഞാൻ ചിരിക്കുമ്പോഴെന്റെ കണ്ണിന്റെ വെള്ളയിൽ മയങ്ങുന്നത്
കാഷായം ധരിച്ചവർ നിന്നെക്കുറിച്ചെന്നോടു പറഞ്ഞിരുന്നു
അവർ പറയാതെ പോയതെന്തായിരുന്നുവെന്ന്
അവർ പോയപ്പോൾ ഞാനോർത്തുപോയി
ജ്ഞാനം നിശ്ശബ്ദമായി കയറിവരണം
വിരുന്നുകാർ പിരിഞ്ഞുകഴിഞ്ഞ്
പിഞ്ഞാണങ്ങൾ കഴുകിക്കഴിഞ്ഞ്
വിളക്കുകൾ കെടുത്തിയും കഴിഞ്ഞാൽ
ജ്ഞാനം പതുങ്ങിക്കയറിവരണം
അടച്ച കതകിനടിയിലൂടെ ഇളംകാറ്റെന്നപോലെ
ശ്യാം ഘനശ്യാം
എന്റെ മനസ്സിന്റെ ഇടുക്കുതോടുകളിലേക്കൊരു മുക്കുവനെപ്പോലെ
നീ നിന്റെ വല വീശിയല്ലോ
ഇന്നെന്റെ ചിന്തകൾ നിന്നിലേക്കു കുതിക്കുകയും വേണം
വശീകൃതരായ മത്സ്യങ്ങളെപ്പോലെ...
(1973)




28. ഒരു ദേവദാസിയോട്


അങ്ങനെയങ്ങനെ ഒരു കാലം വന്നുചേരും,
അന്നെല്ലാ മുഖങ്ങളുമൊരുപോലിരിക്കും,
എല്ലാ മനുഷ്യർക്കുമൊരേ സ്വരമായിരിക്കും,
മലകളും മരങ്ങളും തടാകങ്ങളും
ഒരേ മുദ്ര വഹിക്കുന്നതായി കാണപ്പെടും,
അന്നാണു കൂട്ടുകാരെ കടന്നുപോകുമ്പോഴും
നിങ്ങളവരെ തിരിച്ചറിയാതിരിക്കുക,
അന്നാണവരുടെ ചോദ്യങ്ങൾ കേട്ടിട്ടും
നിങ്ങൾക്കതെന്താണെന്നു മനസ്സിലാകാതിരിക്കുക,
അന്നാണു നിങ്ങൾക്കു തൃഷ്ണകൾ നശിക്കുകയും
ഒരു നഷ്ടബോധം തോന്നിത്തുടങ്ങുകയും ചെയ്യുക.
അങ്ങനെ നിങ്ങൾ അമ്പലപ്പടവുകളിലിരിക്കുന്നു,
പ്രണയത്യക്തയായൊരു ദേവദാസിയെപ്പോലെ,
നിശ്ശബ്ദയായി, തന്റെ വിധിയെക്കുറിച്ചു ബോധവതിയായി




29. കൃഷ്ണൻ



നിന്റെയുടൽ കൃഷ്ണാ, എനിക്കു തടവറയാവുന്നു,
എന്റെ നോട്ടം അതിനുള്ളിൽ മുട്ടിത്തിരിയുന്നു,
നിന്റെ കറുപ്പിൽ എന്റെ കണ്ണുകളന്ധമാവുന്നു,
സമർത്ഥരുടെ ലോകത്തിന്റെ ആരവത്തെ
നിന്റെ പ്രണയവചനങ്ങൾ പുറത്തിട്ടടയ്ക്കുന്നു.




30. ഒരപേക്ഷ



മരിച്ചു കഴിഞ്ഞാൽ
എന്റെ അസ്ഥിയും മാംസവും വലിച്ചെറിയരുതേ
അവ കൂന കൂട്ടിവയ്ക്കൂ
അതിന്റെ ഗന്ധം നിങ്ങളോടു പറയട്ടെ
ഈ മണ്ണിൽ
ജീവിതത്തിനെന്തു വിലയാണുണ്ടായിരുന്നതെന്ന്
ഒടുവിൽ നോക്കുമ്പോൾ
പ്രണയത്തിനെന്തു വിലയാണുണ്ടായിരുന്നതെന്ന്





31. വാക്കുകൾ പറവകളാണ്‌


വാക്കുകൾ പറവകളാണ്‌.
എവിടെയാണവ ചേക്കേറിയത്,
കുഴഞ്ഞുതൂങ്ങുന്ന ചിറകുകളുമായി,
അസ്തമയത്തിന്റെ കണ്ണില്പെടാതെ?
അസ്തമയമെന്റെ മുടിയിൽ,
അസ്തമയമെന്റെ തൊലിയ്ക്കു മേൽ;
ഉറങ്ങാൻ കിടക്കുമ്പോൾ
എനിക്കുറപ്പു തോന്നുന്നുമില്ല,
നാളത്തെ പ്രഭാതം കാണാൻ
ധന്യയാണു ഞാനെന്ന്.



32. കടത്തുവള്ളം


നിന്റെ മെലിഞ്ഞ ഉടൽ
എനിക്കൊരു കടത്തുവള്ളമാകുമോ,
ആ നിശ്ശബ്ദതീരത്തേക്കെന്നെ കൊണ്ടുപോകാൻ,
പകൽ വിളറിച്ച ഗ്രഹം പോലെ
മുഖമില്ലാത്തവളായി അവിടെയെനിക്കു കിടക്കാൻ?
പ്രവാചകരുടെ കണ്ണീരിനാൽ
ഉപ്പുരസം കലർന്നതാണെന്റെ ചോരയെങ്കിലും
ഒരു വന്ധ്യയുടെ തുടകൾക്കിടയിലൂടെ
‘നാളെ’ പൊട്ടിപ്പുറത്തുവരികയും വേണമല്ലോ...




33. ഉന്മാദം എന്ന ദേശം


ഉന്മാദം എന്ന ദേശം
തൊട്ടപ്പുറത്തു തന്നെ
അതിന്റെ തീരം
ഒരു വിളക്കും തെളിയാത്തതും
നൈരാശ്യത്തിന്റെ തോണിയേറി
നിങ്ങളവിടെ ചെന്നാലാകട്ടെ
കാവല്ക്കാർ നിങ്ങളോടു പറയും
ആദ്യം തുണിയുരിയാൻ
പിന്നെ മാംസവും
ഒടുവിൽ നിങ്ങളുടെ അസ്ഥികളും
സ്വാതന്ത്ര്യം എന്ന
ഒരു നിയമമേ അവർക്കുള്ളു
എന്തിനു പറയുന്നു,
വിശന്നാൽ
നിങ്ങളുടെ ആത്മാവിനെപ്പോലും
അവർ തിന്നുകളയും
എന്നാലും ആ തീരത്തെത്തിയാൽ
വെളിച്ചമില്ലാത്ത ആ തീരത്തെത്തിയാൽ
തിരിച്ചുവരരുതേ,
ഒരിക്കലും തിരിച്ചുവരരുതേ...




34. സൗന്ദര്യം ദൈർഘ്യം കുറഞ്ഞ ഋതുവായിരുന്നു


സന്തോഷം,
അതെ,
അതൊന്നോ രണ്ടോ നിമിഷങ്ങളായിരുന്നു,
സൗന്ദര്യം
ദൈർഘ്യം കുറഞ്ഞ ഒരു ഋതുവും...
ഏതറിയാത്തകാരണം കൊണ്ടാണു നാം
ഫലോല്പാദനകാലം കഴിഞ്ഞും
ആയുസ്സു നീട്ടിക്കൊണ്ടുപോകുന്നത്,
മുരടിച്ചു കോലം കെട്ട ഞാവൽമരങ്ങളെപ്പോലെ?





35. ഏറ്റവും പുതിയ കളിപ്പാട്ടം


അന്നത്തേക്കുള്ള കളികൾ നന്നായി കളിച്ചുകഴിഞ്ഞതില്‍പിന്നെ
തന്റെ ഏറ്റവും പുതിയ കളിപ്പാട്ടം സംസാരിക്കാൻ തുടങ്ങിയപ്പോൾ
അയാൾക്കതിൽ അസ്വസ്ഥത തോന്നിയെങ്കിൽ അത്ഭുതമില്ല;
കളിപ്പാട്ടങ്ങൾ, കൂടി വന്നാൽ, ഒന്നു ഞരങ്ങാനേ പാടുള്ളു,
അയാളുടെ ഏറ്റവും വില പിടിച്ച കളിപ്പാട്ടങ്ങൾ,
നടക്കുകയും മിണ്ടുകയും ചെയ്യുന്ന ആ കൊഴുത്ത പാവകൾ,
അവയും അത്രയേ ചെയ്തിട്ടുള്ളു.
എന്നാൽ കണ്ണീരു കൊണ്ടാർദ്രമായ സ്വരത്തിൽ
ഈ കുഞ്ഞുപാവ സംസാരിക്കുകയാണ്‌.
ഇരുണ്ട നെറ്റി ചുളിച്ചുകൊണ്ടയാൾ പറഞ്ഞു,
ദയവു ചെയ്തു വികാരാധീനയാവരുതേ,
വികാരമാണ്‌ ആനന്ദത്തിന്റെ യഥാർത്ഥശത്രു.




36. ഒരു പഴയ കഥ


ഇതിപ്പോൾ
പറഞ്ഞു പഴകിയ ഒരു കഥയായിരിക്കുന്നു:
ഒരിക്കൽ ഞാൻ മുടി കറുപ്പിച്ചു,
അതിൽ വാസനത്തൈലം പുരട്ടി,
മൃദുവചനങ്ങൾ ചൊല്ലി
ഞാനയാളെ എന്റെ ആശ്ളേഷത്തിലൊതുക്കി.
അയാൾ പ്രണയത്തിന്റെ കെണിയിൽ പെട്ടു.
ഒന്നോ രണ്ടോ കൊല്ലം
ഞങ്ങൾ ആനന്ദമറിയുകയും ചെയ്തു.
എന്നാൽ കെണിയിൽ വീണ എല്ലാ മൃഗങ്ങളെയും പോലെ
പുറത്തു പോകാനൊരു വഴി കണ്ടെത്താനായി
ഒരുനാളയാൾ മാന്തിപ്പറിച്ചു.
ഞാൻ ശാന്തയായി വാതിൽ തുറന്നുകൊടുത്തു,
അയാൾക്കിറങ്ങിപ്പോകാനായി.




37. തോല്ക്കുമെന്നുറപ്പായ യുദ്ധം


മറ്റവൾ നിറപ്പകിട്ടുള്ളൊരു കാമമെടുത്തു വീശുമ്പോൾ,
അവന്റെ നെഞ്ചത്തൊരു പെൺസിംഹമാവുമ്പോൾ
എന്റെ പ്രണയമെങ്ങനെ അവനെ പിടിച്ചുനിർത്താൻ?
പുരുഷന്മാർ വില കെട്ടവരാണ്‌,
അവരെക്കുടുക്കാൻ ഏറ്റവും വില കുറഞ്ഞ ചൂണ്ട മാത്രമിടൂ,
ഒരിക്കലുമതിനു പ്രണയമുപയോഗിക്കരുതേ,
സ്ത്രീയ്ക്കു കണ്ണീരും
സിരകളിൽ മൗനവുമായ പ്രണയം.




38. എനിക്കായി ഒരവധിദിവസം


എനിക്കാദ്യമായി ഒറ്റയ്ക്കു കിട്ടിയ അവധിദിനത്തിൽ
ഞാൻ കയറാൻ പോകുന്ന കുന്നുകൾ
എത്ര ദയാപൂർണ്ണം, എത്ര നീലിമയാർന്നതും!
എനിക്കാദ്യമായി ഒറ്റയ്ക്കു കിട്ടിയ അവധിദിനത്തിൽ
അഗാധനീലമായ ആ കുന്നുകളിൽ
ഒരു തെന്നൽ പോലെ ഞാൻ പിടിച്ചുകയറും.
എനിക്കു മാത്രമായുള്ള മഹത്തായ ഈ അവധിദിനത്തിൽ
എനിക്കു ശേഷിച്ച ഒരേയൊരു മലനിരകൾ.
കനത്ത ഭാണ്ഡക്കെട്ടുകളെല്ലാം ഞാൻ പിന്നിൽ വിടും
രണ്ടു പാവക്കരടികളേയും ഒരു കുട്ടിയേയും ഞാൻ പിന്നിൽ വിടും
എനിക്കു യാത്ര പറയുന്നവരെ പറഞ്ഞയക്കുന്ന കാര്യം
എന്റെ അന്ധത നോക്കിക്കോളും,
വിലപിക്കുന്നവരുടെ കാര്യം, എന്റെ ബധിരതയും.
ഒരു ചിരി മാത്രമേ ഞാൻ കൂടെക്കൊണ്ടുപോവുകയുള്ളു...
കഴിയുന്നത്ര ഭാരം കുറച്ചു ഞാൻ യാത്ര ചെയ്യും...




39. പുരുഷൻ ഒരു ഋതു


പുരുഷൻ ഒരു ഋതു പോലെയേയുള്ളു,
നീ നിത്യതയാണ്‌,
ഇതെന്നെപ്പഠിപ്പിക്കാൻ
എന്റെ യൗവനം നാണയം പോലെ പല കൈകൾ മറിയാൻ
നിങ്ങളെന്നെ വിട്ടു,
നിഴലുകളോടിണ ചേരാൻ
നിങ്ങളെന്നെ വിട്ടു,
പ്രതിഷ്ഠയില്ലാത്ത ശ്രീകോവിലുകളിൽ
നിങ്ങളെന്നെ പാടാൻ വിട്ടു,
അന്യരുടെ കൈകളിൽ നിർവൃതി തേടാൻ
നിങ്ങൾ സ്വന്തം ഭാര്യയെ പറഞ്ഞുവിട്ടു.
പക്ഷേ എന്റെ കണ്ണാടിയിൽ പതിഞ്ഞ നിഴലോരോന്നിലും
ഞാൻ കണ്ടതു നിങ്ങളുടെ അവ്യക്തബിംബമായിരുന്നു.
അതെ, ഞാൻ പാടിയതൊറ്റയ്ക്കായിരുന്നു,
എന്റെ ഗാനങ്ങൾ ഏകാന്തമായിരുന്നു,
എന്നാലുമവ ഇരുണ്ട ചക്രവാളത്തിനുമപ്പുറത്തേക്കു
മാറ്റൊലിച്ചിരുന്നു.
അന്നസ്വസ്ഥമാകാതൊരു നിദ്രയുമുണ്ടായിരുന്നില്ല,
പ്രാചീനതൃഷ്ണകളെല്ലാമന്നുണർന്നിരിക്കുകയുമായിരുന്നു.
അന്നെനിക്കു വഴി നിശ്ചയമില്ലാതെ വന്നിരിക്കാം,
അല്ലെങ്കിലെനിക്കു വഴി തെറ്റിപ്പോയിരിക്കാം.
അന്ധയായ ഭാര്യ എങ്ങനെ തന്റെ ഭർത്താവിനെ തേടിപ്പിടിക്കാൻ,
ബധിരയായ ഭാര്യ എങ്ങനെ തന്റെ ഭർത്താവിന്റെ വിളി കേൾക്കാൻ?




40. മദ്ധ്യവയസ്ക


നിങ്ങളുടെ കുട്ടികളിപ്പോൾ
നിങ്ങളുടെ കൂട്ടുകാരല്ലാതായിക്കഴിഞ്ഞുവെങ്കിൽ,
മുഖത്തു കനിവില്ലാത്ത, നാവിനു മയമില്ലാത്ത
വിമർശകരാണവരിപ്പോഴെങ്കിൽ, അറിയുക,
നിങ്ങൾ മദ്ധ്യവയസ്കയായിരിക്കുന്നു.
ശലഭപ്പുഴുക്കളെപ്പോലെ കൊക്കൂണുകൾ പൊട്ടിച്ചവർ
യൗവനത്തിന്റെ പരുഷശോഭയിലേക്കു
പുറത്തുവന്നിരിക്കുന്നു.
ചായ പകരാനും ഇസ്തിരിയിടാനുമല്ലാതെ
അവർക്കിപ്പോൾ നിങ്ങളെ വേണ്ട;
എന്നാൽ നിങ്ങൾക്കവരെ വേണം,
പണ്ടത്തേതിലുമധികം വേണം,
അതിനാൽ ഒറ്റയ്ക്കാവുമ്പോൾ
അവരുടെ പുസ്തകങ്ങളിലും സാധനങ്ങളിലും
നിങ്ങൾ വിരലോടിക്കുന്നു,
ആരും കാണാതെ നിങ്ങളൊന്നു തേങ്ങിപ്പോകുന്നു.
പണ്ടൊരിക്കൽ രാത്രിയിൽ
നിങ്ങൾ മകനു കത്തയച്ചിരുന്നു,
അണ്ണാറക്കണ്ണന്മാർ തങ്ങളുടെ കാട്ടുവിരുന്നിന്‌
അവനെ ക്ഷണിക്കുന്നതായി.
അതേ മകൻ നീരസത്തോടെ തിരിഞ്ഞുനിന്ന്
അമ്മയിത്രനാൾ സ്വപ്നലോകത്താണു ജീവിച്ചത്,
ഇനി ഉണരാൻ കാലമായിരിക്കുന്നമ്മേ,
പണ്ടത്തെപ്പോലെ ചെറുപ്പമല്ലെന്നറിയില്ലേ
എന്നലറുന്നുവെങ്കിൽ, അറിയുക,
നിങ്ങൾ മദ്ധ്യവയസ്കയായിരിക്കുന്നു.




41. ഭ്രാന്താശുപത്രി


ഭ്രാന്താശുപത്രിയിൽ
രാത്രി മുഴുവൻ കത്തിക്കിടക്കുന്ന
ഒരു ലൈറ്റുണ്ട്,
കണ്ണീർത്തുള്ളിയുടെ ആകൃതിയിൽ
ഷെയ്ഡില്ലാത്ത
ഒരു ബൾബ്;
ഹാളിന്റെ വെളുത്തു മരവിച്ച
മച്ചിൽ തൂങ്ങിക്കിടന്നുകൊണ്ടത്
രോഗികളുടെ കിടക്കകളിൽ നിന്ന്
മ്ളാനമായ നിഴലുകളെ ആട്ടിയോടിക്കുമ്പോൾ
അവർ പേടിയില്ലാതെ
കണ്ണു തുറന്നു കിടക്കുന്നു.
അതു പരുഷമായെരിയുന്നു,
ഒരിക്കലും അസ്തമിക്കാത്തൊരു സൂര്യൻ;
എന്നാൽ അതിലും പരുഷമായെരിയുന്ന വിളക്കുകൾ
അവരുടെ തലയോടുകൾക്കുള്ളിലുണ്ട്;
ബ്രോമൈഡുകൾക്കോ
ആഴ്ച തോറുമുള്ള ഷോക്കിന്റെ
ചാട്ടയടികൾക്കോ
കെടുത്താനാവാത്ത ലൈറ്റുകൾ.
ആ പൊള്ളുന്ന കൂറ്റൻ വിളക്കുകളുടെ
കണ്ണിമയ്ക്കാത്ത ജാഗ്രതയ്ക്കടിയിൽ
അവരുടെ മനസ്സുകളുടെ വിഷണ്ണനൃത്തശാലകളിൽ
നരച്ച പ്രേതരൂപങ്ങൾ നൃത്തം വയ്ക്കുന്നു.
അരുതേ, അവരോടു സഹതാപമരുതേ,
രക്ഷപ്പെടാൻ ധൈര്യം കാട്ടിയവരാണവർ,
ബ്യൂഗിളുകളെയും സൈറണുകളുടെ ഓലിയിടലുകളെയും
ലെഫ്റ്റ് റൈറ്റ്, ലെഫ്റ്റ് റൈറ്റ്, ലെഫ്റ്റ് റൈറ്റ് എന്ന
യന്ത്രമനുഷ്യരുടെ നിശിതമായ കുരകളെയുമവഗണിച്ച്
സുബോധത്തിന്റെ പട്ടാളച്ചിട്ടകളിൽ നിന്നു
പുറത്തു കടക്കാൻ ധൈര്യം കാണിച്ചവർ...

(1984)



42. കൊറ്റിക



മയക്കത്തിനുള്ള ഗുളിക കഴിച്ചു കിടക്കുമ്പോൾ
എന്റെ സൗന്ദര്യമിരട്ടിക്കുന്നുവത്രെ
എന്റെ ഭർത്താവ് പറഞ്ഞതാണ്‌
എന്റെ സംസാരം മഞ്ഞു മേയുന്ന നിലമാകുന്നു
എന്റെ വാക്കുകളിൽ നിദ്രയുടെ നിറം കലരുന്നു
സ്വപ്നങ്ങളുടെ നിശ്ചലമായ അഴിമുഖത്തു നിന്ന്
കൊറ്റികളെപ്പോലലസമവ പറന്നുയരുന്നു...
തുണിപ്പാവയുടേതു പോലായ എന്റെ കൈകാലുകൾ
അയാളുടെ നിപുണഭോഗത്തിനിപ്പോൾ
കൂടുതൽ വഴങ്ങുന്നതുമാകുന്നു...
പാടാനറിയാഞ്ഞിട്ടാണ്‌,
അല്ലെങ്കിലയാൾ തന്റെ ഭാര്യയുടെ ആത്മാവിനെ
താരാട്ടുപാട്ടുകൾ പാടി കേൾപ്പിച്ചേനെ,
അതിനെ കൂടുതൽ മയക്കത്തിലാഴ്ത്തുന്ന ഓമനപ്പാട്ടുകൾ...
മയക്കത്തിനുള്ള ഗുളിക കഴിച്ചു കിടക്കുമ്പോൾ
എന്റെ സൗന്ദര്യമിരട്ടിക്കുന്നുവത്രെ
എന്റെ ഭർത്താവ് പറയുകയാണ്‌
(1984)





43. മനുഷ്യരുടെ പ്രണയം



പ്രണയത്തിൽ ആത്മാർത്ഥത
അമരർക്കു മാത്രം പറഞ്ഞതാണ്‌,
നിഗൂഢസ്വർഗ്ഗങ്ങളിൽ
തളർച്ചയറിയാതെ ക്രീഡിക്കുന്ന
കാമചാരികളായ ദേവകൾക്ക്.
എന്റെയും നിന്റെയും കാര്യമെടുത്താൽ,
പൂർണ്ണനിർവൃതി അറിയാനും മാത്രം
നമ്മൾ ദീർഘായുസ്സുകളായില്ല,
അന്യോന്യം വഞ്ചിക്കാതിരിക്കാനും മാത്രം
നമ്മൾ അല്പായുസ്സുകളുമായില്ല.
(1991)




44. സെറിബ്രൽ ത്രോംബോസിസ്


അയാളുടെ തൊണ്ടയിൽ പ്രാണൻ കുറുകുന്നത്
ചരല്പാതയിൽ കാളവണ്ടിച്ചക്രങ്ങളുരയുന്ന പോലെയായിരുന്നു.
കക്കകളുടെ തുള വീണ ഹൃദയത്തിൽ
സമുദ്രഗാഥകൾ മയങ്ങുന്നു.
അയാൾക്കെമ്പതു കടന്നിരുന്നു,
അയാളുടെ മനസ്സിന്റെ ചെളിപ്പാതകളിൽ പരുങ്ങിനടന്നതു പക്ഷേ,
ഒരു കൗമാരസ്വപ്നമായിരുന്നു.
അവരാകെക്കൊതിച്ചതുറക്കമായിരുന്നു,
അവരുറങ്ങിയിട്ടു മൂന്നു നാളായിരുന്നു,
ഒരു തലയിണ പോലും അവർക്കുണ്ടായില്ല,
ആടിയും ഇടറിയും
ഒരു കാളവണ്ടി മാത്രം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.





45. മടക്കമില്ലാത്ത യാത്ര


ഇന്നു രാത്രിയിൽ, എന്റെ സിരകളിലെ പുഴവെള്ളത്തിൽ
ഒരു ഡോൾഫിൻ പോലെന്റെ തൃഷ്ണ നീന്തിത്തുടിക്കുന്നു,
പൊടുന്നനേ കുതിച്ചുചാടിയും ഊളിയിട്ടും
ഒരു ഡോൾഫിൻ പോലതു കളിയാടുന്നു.
പാരവശ്യത്താലെന്റെയുടലു വലിഞ്ഞുമുറുകുന്നു,
നിന്റെ മുഖത്തേക്കു നോക്കാനെനിക്കു ലജ്ജയാകുന്നു.
വിവാഹനാളിലെ പ്രതിജ്ഞകളെനിക്കു മാറ്റിവയ്ക്കണം,
ഒരു വീട്ടമ്മയുടെ ഭൂതകാലമധുരമെനിക്കു മറക്കണം.
ഒരു മറവിരോഗിയുടെ നില വിടാത്ത നോട്ടത്തോടെ
ഈ പൊള്ളുന്ന പ്രണയത്തിലേക്കു ഞാൻ നടക്കും...
നിന്റെ വീട്ടിലേക്കിനി രണ്ടു ഫർലോങ്ങേയുള്ളു,
എന്നാലതൊരു മടക്കമില്ലാത്ത യാത്രയായിരിക്കും,
എന്തെന്നാൽ,
ഇന്നു രാത്രിയിൽ നിന്റെ കിടക്കയ്ക്കു ചൂടു പകരാൻ
ഞാൻ കൊണ്ടുവരുന്ന ഈ അഗ്നി തന്നെ
എന്റെ വീടിന്റെ പ്രാകാരങ്ങളും ചുട്ടെരിയ്ക്കും.

(1991)



46. വൃന്ദാവനം


ഓരോ സ്ത്രീയുടെ ഹൃദയത്തിലും
വൃന്ദാവനം ഇന്നും ജീവിക്കുന്നു
വീട്ടിൽ നിന്നും ഭർത്താവിൽ നിന്നും
അവളെ വിളിച്ചിറക്കിക്കൊണ്ടുപോകുന്ന പുല്ലാങ്കുഴലും.
മാറിടത്തിലെ തവിട്ടുവട്ടത്തിൽ
ആ നീണ്ട പോറലെങ്ങനെ വന്നുവെന്ന്
പിന്നീടയാൾ ചോദിക്കുമ്പോൾ
തുടുത്ത കവിൾ മറച്ചുകൊണ്ട്
നാണത്തോടവൾ പറയുന്നു
പുറത്തു നല്ല ഇരുട്ടായിരുന്നു
കാട്ടിലെ മുൾച്ചെടി മേൽ ഞാൻ തട്ടിവീഴുകയായിരുന്നു...
(1991)




47. ഫാത്തിമ



ഫാത്തിമയ്ക്ക് ക്യാൻസറാണ്‌.
ഒരു മുല ഛേദിക്കപ്പെട്ട്,
പേവാർഡിലെ ദീർഘസല്ലാപങ്ങളിൽ മയങ്ങിക്കിടക്കെ
മരണത്തിന്റെ ആ വിത്തിനു ചുറ്റുമായി അവൾ കൊഴുത്തു,
മണൽത്തരിയ്ക്കു ചുറ്റും മുത്തു പോലെ...
കവരാൻ പാകമായൊരു മുത്ത്,
കടല്ക്കാക്കയുടെ ചിറകിന്റെ തിളക്കവുമായി,
കടലിന്റെ ശരല്ക്കാലദീപ്തിയുമായി.

(1996)



48. ഒരു ഫെമിനിസ്റ്റിന്റെ വിലാപം


ഒരാദർശസ്ത്രീ, അവർ പറഞ്ഞു,
മസോക്കിസ്റ്റ് ആകാതെ വയ്യ.
ചർമ്മത്തിനു പുറമേ ഭീരുത്വത്തിന്റെ കമ്പിളിവസ്ത്രങ്ങളണിയാൻ
ബാല്യത്തിൽ നിന്നേ പരിശീലനം കിട്ടിയവൾ,
അവളെ ഊട്ടാമെന്നും ഉടുപ്പിക്കാമെന്നും
ആയിരം ചതുരശ്ര അടിയുള്ള ഒരു ഫ്ളാറ്റ് വാങ്ങിക്കൊടുക്കാമെന്നും
(പോയ വർഷങ്ങളുടെ ജീർണ്ണാവശിഷ്ടങ്ങൾ കൂട്ടിവയ്ക്കാൻ പാകത്തിൽ
ഒരു തട്ടിൻപുറവും അതിനുണ്ടാകും)
അഗ്നിസാക്ഷിയായി പ്രതിജ്ഞയെടുത്ത ഒരു പുരുഷനടിയിൽ
നിശ്ചേഷ്ടയായി കിടക്കാൻ പരിശീലിച്ചവൾ.
ഞാൻ ആ ആദർശസ്വപ്നമായിരുന്നില്ല.
അയാൾ എനിക്കൊരു ഫ്ലാറ്റ് വാങ്ങിത്തന്നിട്ടുമില്ല.
വിധവ, പ്രമേഹരോഗി,
കൈപ്പക്ക പോലെ ചുളുങ്ങിക്കൂടിയവൾ,
ഇനിയെന്റെ കോട്ടം തീർക്കാൻ മരണത്തിനു പോലുമാവില്ല.
ഒടുവിൽ കണക്കു നോക്കിക്കഴിയുമ്പോൾ, ചോദിക്കട്ടെ,
ധൈര്യം കാട്ടിയിട്ടെന്തു ഫലമുണ്ടായി?
കൊള്ളക്കാരുടെ റാണിയായ ഫൂലൻ ദേവി പോലും
ഒടുവിൽ തോക്കുകൾ വലിച്ചെറിഞ്ഞില്ലേ,
പ്രതിവാരരതിമൂർച്ഛയാണു ഭേദമെന്നു കണ്ടിട്ട്?

(1996)



49. ഒരു ദിവ്യയഷ്ടി*


ഞാൻ എവിടെയോ മറന്നുവച്ച
ദിവ്യയഷ്ടിയാണ്‌
എന്റെ കവിത
ഞാനിപ്പോൾ നാവിറങ്ങിയവൾ
ഒറ്റപ്പെട്ടവൾ
ആ നഷ്ടത്താൽ ദരിദ്രയായവൾ
ഇരുട്ടടച്ച കണ്ണുകളാൽ
ഞാനെന്റെ ഭൂതകാലത്തിന്റെ നിധികൾ തേടുന്നു
സ്നേഹിതരെയോ വിരോധികളെയോ
എനിക്കു തിരിച്ചറിയാനാകുന്നില്ല
പൂർവ്വജന്മത്തിന്റെ
മൂകാവശേഷം മാത്രമാണു ഞാൻ
ഞാനല്ലാതെ മറ്റാരോ ചവിട്ടിക്കെടുത്തിയ
ഒരഗ്നിയുടെ കനലുകൾ 

(1998)
*Divining rod -ഈ വടി ഉപയോഗിച്ച് മണ്ണിനടിയിൽ ജലത്തിന്റെയോ ധാതുക്കളുടെയോ സാന്നിദ്ധ്യം കണ്ടെത്താമെന്ന് വിശ്വാസം



50. എനിക്കു ധൈര്യം വരുന്നില്ല


നിന്റെ മുഖം തിരിക്കരുതേ
എന്റെ നേർക്കു നോക്കരുതേ, പ്രിയപ്പെട്ടവനേ
ഏകാന്തവാപികളുടെ കയങ്ങളിലേക്കൊന്നുകൂടി നോക്കാൻ
എനിക്കു ധൈര്യം വരുന്നില്ല
തണുത്ത ചർമ്മത്തിന്റെ അടരുകൾക്കടിയിൽ
നിദ്രാണസൂര്യന്മാർ മറഞ്ഞുകിടപ്പുണ്ടാവാം
നഗ്നരായ കുട്ടിപ്പിശാചുക്കളെപ്പോലെ
വെള്ളത്തിനടിയിൽ നിന്നവ ഉയർന്നുവന്നേക്കാം
വശീകരിക്കാൻ
പ്രീതിപ്പെടുത്താൻ...
മുതിർന്നവരുടെ കളികൾ കളിക്കാൻ
എനിക്കിപ്പോൾ ധൈര്യം വരുന്നില്ല
പ്രലോഭനം എന്ന കളി
ചിരി എന്ന കളി
പരിത്യാഗം എന്ന അവസാനത്തെ കളിയും

(2000)



51. ശസ്ത്രക്രിയയ്ക്കുള്ള കത്തികൾ


നീയെനിക്കു വിവാഹമോതിരം തന്നില്ല
പ്രത്യാശയുടെ കിന്നരി പിടിപ്പിച്ച ഒരു വാഗ്ദാനം പോലും തന്നില്ല
എന്നെ കൈകളിലണച്ചുനിർത്തി
നീയെനിക്കു പകർന്നുതന്നതു നിന്റെ ചുമയായിരുന്നു
അരക്കൊല്ലത്തിനിപ്പുറം
ആ ചുമ ഇന്നും ബാക്കിനില്ക്കുന്നു:
നിന്റെ പ്രേമവുമതുപോലെ...എന്നു ഞാൻ മോഹിക്കട്ടെ...
ആശുപത്രിയിൽ നിന്നു നീ ഫോൺ ചെയ്യുമ്പോൾ
എന്റെ കുടലും പണ്ടവും ചികയുന്ന ഉരുക്കുകത്തിയായിരുന്നു
നിന്റെ സ്വരം
നിന്റെ ലോകത്തിന്റെ ബാഹ്യപരിധിയിലേക്ക്
അതെന്നെ ആട്ടിപ്പായിക്കുന്നു
തീണ്ടലുള്ളവളെപ്പോലെ ഞാൻ നിന്നു വിറയ്ക്കുന്നു
പരാജയത്തിന്റെ തണുത്ത വായ്ത്തല ഞാനറിയുന്നു
എന്റെ കൈകളിൽ മാത്രമായിരിക്കാം
നീയൊന്നൊതുങ്ങിയത്
മനുഷ്യരൂപം നീയെടുത്തത്
ആ നിമിഷങ്ങളിലാണ്‌ നീയെനിക്കു നിശ്ശബ്ദത വിളമ്പിത്തന്നത്
വലിയ കോരികകളിൽ
സാവകാശമായി
നിന്റെ തറവാട്ടുവളപ്പിനരികു വയ്ക്കുന്ന
നിന്റെ കുട്ടിക്കാലമോർമ്മയുള്ള
പ്രാചീനവൃക്ഷങ്ങളുടെ നിശ്ശബ്ദത
മരങ്ങളിലദൃശ്യരായി ചേക്കയേറുന്ന
കിളികളുടെ നിശ്ശബ്ദത
കൊടുങ്കാറ്റുരുണ്ടുകൂടുമ്പോൾ
അകലക്കുന്നുകളുടെ നിശ്ശബ്ദത

(2000)



52. സർപ്പക്കാവ്


വർഷങ്ങൾക്കു മുമ്പ്
തറവാട്ടിലെ സർപ്പക്കാവിൽ
നാം കൊളുത്തിയ തിരി പോലെ
ആസക്തി എരിഞ്ഞുനില്ക്കുന്നു.
ഭഗത്തിന്റെ പട്ടുമടക്കുകൾക്കുള്ളിലെവിടെയോ
ഒരു നാളം കെടാതെ നില്ക്കുന്നു
പ്രായത്തെ ചെറുത്തും
മരണത്തെ ധിക്കരിച്ചും...

(2004)



53. പ്രശസ്തി


പ്രശസ്തി വെറും പുകയാണ്‌
അടുക്കളയിൽ നിങ്ങൾ പാചകം ചെയ്യുമ്പോൾ
ചിമ്മിനിയിലൂടെ പുറത്തേക്കു വരുന്നത്.
അതിനു മുന്നിൽ ചൂളരുത്
അതിലഹങ്കരിക്കുകയുമരുത്.
പ്രശസ്തിയിൽ വിശേഷിച്ചൊന്നുമില്ല,
അതാകെ ചെയ്യുന്നത്
നിങ്ങളുടെ കാഴ്ച മങ്ങിക്കുക മാത്രം.

(2007)



54. ഒരാടിന്റെ മരണം

വീട്ടിൽ ആകെയുള്ള സ്ത്രീയ്ക്ക് സുഖമില്ലാതായി,
കലി കയറിയ വെളിച്ചപ്പാടിനെപ്പോലെ
ഓടിനടന്നു വീട്ടുജോലി ചെയ്തിരുന്നവർ,
അവരുടെ ഒട്ടിയ കവിളും ചുള്ളി പോലത്തെ കാലും കണ്ട്
മക്കൾ പറയാറുണ്ടായിരുന്നു,
“അമ്മേ, അമ്മയെ കണ്ടാൽ ഒരാടിനെപ്പോലെ തന്നെ.”
വീൽചെയറിലിരുത്തി ആശുപത്രിയിൽ കയറ്റിയപ്പോൾ
ജ്വരം കൊണ്ട കണ്ണു തുറന്നവർ നിലവിളിച്ചു.
“എന്നെ വിടൂ, എന്നെ വിടൂ,
അടുപ്പിൽ പരിപ്പു കരിയുന്ന മണം വരുന്നു...”




55. അന്ത്യയാത്ര




അതെ, മരങ്ങളിതാ മാഞ്ഞുപോകുന്നു,
കരയെ കുടുക്കെറിയുന്ന തെളിഞ്ഞ കടലും,
നീലിമയിലലിയുന്ന കുന്നുകൾ,
ഇലച്ചാർത്തിലൊളിക്കുന്ന കിളികൾ,
പശുവും വാതിലിനരികിലെ നായയും,
എനിക്കു മേലെ ചുളി വീണ മുഖം പോലും.
ഇലച്ചാർത്തു പാടുന്നതു ഞാൻ കേൾക്കുന്നു,
എങ്കിൽ കടലതിന്റെ കളിയൊച്ച നിർത്തിയോ?
ആരോയെന്റെ വിരലുകളമർത്തിപ്പിടിക്കുന്നു,
എന്റെ കിടക്കയ്ക്കരികിലാരോ തേങ്ങുന്നു.
ഇതു പക്ഷേ, തോണിയിൽ കയറാനുള്ള നേരമത്രേ,
ഇരുളു വീണ തോണിയുടെ അടിത്തട്ടിൽ
പഞ്ഞിക്കെട്ടുകൾ പോലെന്റെ ചിന്തകൾ ഞാനട്ടിയിടും,
കണ്ണീരൊലിപ്പിക്കുന്ന മുഖത്തെപ്പോലും
തണുപ്പു കേറുന്ന വിരൽത്തുമ്പുകൾ കൊണ്ടു ഞാൻ മായ്ക്കും.
ഓർമ്മയുടെ അലക്കിവെളുപ്പിച്ച വിരിപ്പുകളിൽ
മറുകരയെത്തും വരെയിരുന്നു ഞാൻ നേരം വെളുപ്പിക്കും.