2017, ജനുവരി 5, വ്യാഴാഴ്‌ച

ജോൺ ബർജെർ

john berger




2017 ജനുവരി രണ്ടിന്‌ പാരീസിൽ വെച്ചന്തരിച്ച ജോൺ ബർജറെ നാം ഓർമ്മിക്കുക സാമ്പ്രദായികകലാവിമർശനത്തിന്റെ മുഖമടച്ച് ഒരടി കൊടുത്ത Ways of Seeing എന്ന ടെലിവിഷൻ സീരിയലിന്റെ സ്രഷ്ടാവായിട്ടാണ്‌. ആ ബി.ബി.സി സീരിയലും പിന്നീട് അതാധാരമാക്കി എഴുതിയ പുസ്തകവും ചിത്രകലയേയും കലാവിമർശനത്തെയും ആളുകൾ എങ്ങനെ കാണുന്നുവെന്നതിനെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. നാം ഒരു കലാവസ്തുവിനെ കാണുമ്പോൾ അത് അമൂർത്തമോ കേവലമോ ആയ ഒരു പ്രവൃത്തിയല്ല, മറിച്ച് സൗന്ദര്യം, യാഥാർത്ഥ്യം, സംസ്കാരം, രൂപം, അഭിരുചി, വർഗ്ഗലിംഗഭേദങ്ങൾ എന്നിങ്ങനെ ഒരു കൂട്ടം ധാരണകളുടെ സ്വാധീനത്തിൻ കീഴിലുള്ള ഒരു സങ്കീർണ്ണപ്രക്രിയയാണെന്ന് അദ്ദേഹം നമുക്കു ബോദ്ധ്യപ്പെടുത്തിത്തന്നു. കാണുമ്പോൾ നാം വെറുതേ നോക്കുക മാത്രമല്ല, ബിംബങ്ങളുടേതായ ഒരു ഭാഷ വായിക്കുക കൂടിയാണ്‌.

1926 നവംബർ 5ന്‌ ലണ്ടനിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ജോൺ പീറ്റർ ബർജെർ (John Peter Berger)പതിനാറാമത്തെ വയസ്സിൽ സ്കൂൾ പഠനം ഉപേക്ഷിച്ച് ചിത്രരചന പഠിക്കാൻ ചേർന്നു. എന്നാൽ എഴുത്താണ്‌ തനിക്കു കൂടുതൽ വഴങ്ങുക എന്നു മനസ്സിലാക്കി അദ്ദേഹം കലാവിമർശനത്തിലേക്കു തിരിഞ്ഞു. പത്തു കൊല്ലത്തോളം The New Statesmanന്റെ കലാനിരൂപകനായിരുന്ന അദ്ദേഹം തന്റെ നിശിതവും നിർദ്ദയവുമായ എഴുത്തിലൂടെ ശത്രുവാക്കാത്ത ഒരാളും കലാലോകത്തുണ്ടായില്ല. അബ്സ്‌ട്രാക്റ്റ് എക്സ്പ്രഷനിസത്തിന്റെ ആ കാലത്ത് റിയലിസത്തെയാണ്‌ അദ്ദേഹം പിന്തുണച്ചത്. ‘താനുൾപ്പെടുന്ന സംസ്കാരത്തിന്റെ ജീർണ്ണതയ്ക്കപ്പുറത്തേക്കു കാണാനോ ചിന്തിക്കാനോ കഴിവില്ലാത്ത’ പരാജിതജന്മങ്ങളായിട്ടാണ്‌ പൊള്ളോക്കിനെപ്പോലുള്ള അമൂർത്തകലാകാരന്മാരെ ബർജെർ കണ്ടത്. അതേ സമയം തനിക്കിഷ്ടപ്പെട്ട ചിത്രകാരന്മാരെ- വാൻ ഗോഗ്, റെംബ്രാന്റ്, ഫ്രിഡ കാലോ, വെലാസ്ക്വെസ് തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു- തന്റെ തലമുറയിലെ മറ്റൊരു കലാചിന്തകനും കഴിയാത്തത്ര ആവേശത്തോടെയും ആഴത്തോടെയും അദ്ദേഹം ആഘോഷിക്കുകയും ചെയ്തു.

berger ways of seeing

1972ലാണ്‌ അദ്ദേഹത്തിന്റെ മാസ്റ്റർപീസ് ആയ The Ways of Seeing പുറത്തു വരുന്നത്. അതേ വർഷം തന്നെ G എന്ന നോവലും പ്രസിദ്ധീകൃതമായി. ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ആ രാഷ്ട്രീയനോവലിന്‌ ബൂക്കർ സമ്മാനം ലഭിച്ചു. ആ സമ്മാനം സ്പോൺസർ ചെയ്യുന്ന കമ്പനി കരീബിയൻ തൊഴിലാളികളെ ചൂഷണം ചെയ്യുന്നവരാണ്‌ എന്ന പേരിൽ അദ്ദേഹം അതിനെയും വിമർശിക്കാതിരുന്നില്ല; സമ്മാനത്തുകയുടെ പകുതി ബ്ളായ്ക്ക് പാന്തേഴ്സ് എന്ന അമേരിക്കൻ വിപ്ളവസംഘടനയ്ക്ക് നല്കുകയും ചെയ്തു
1974ൽ അദ്ദേഹം ലണ്ടനിൽ നിന്നു പാരീസിലേക്കും ജനീവയിലേക്കും താമസം മാറ്റി. പിന്നീട് നഗരങ്ങളുമായി വിട പറഞ്ഞ് ഫ്രഞ്ച് ആൽപ്സിലെ ക്വിൻസി എന്ന വിദൂരഗ്രാമത്തിൽ കുടുംബവുമൊത്ത് താമസമായി. ഇവിടെ വെച്ചാണ്‌ Into Their Labours എന്ന പേരിൽ കഥയും കവിതയും ലേഖനവും ചേർന്ന ഒരു മിശ്രിതരൂപത്തിൽ ഒരു പുസ്തകത്രയം എഴുതുന്നത്. ഇക്കാലത്തു തന്നെ സിനിമയിലേക്കു തിരിഞ്ഞ ബർജെർ Alain Tanner എന്ന സംവിധായകന്റെ മൂന്നു ചിത്രങ്ങൾക്ക് തിരക്കഥയെഴുതുകയും ചെയ്തു. എന്നാൽ കലാവിമർശനമാണ്‌ അദ്ദേഹത്തിന്റെ ചിരസ്ഥായിയായ സംഭാവന; സൗന്ദര്യശാസ്ത്രവും നീതിശാസ്ത്രവും ഒന്നിനോടൊന്നു ബന്ധപ്പെട്ടു കിടക്കുന്നുവെന്നും ആ കൂടിപ്പിണയൽ അഴിച്ചെടുക്കാൻ നോക്കുന്നത് അസാദ്ധ്യമാണെന്നുമാണ്‌ അദ്ദേഹം എന്നും മുന്നോട്ടു വെച്ച പ്രമേയം.

18061037

“നമുക്കു ചുറ്റുമുള്ള പ്രകൃതിയിലെ യാതൊന്നും ക്രൂരമല്ല,” അദ്ദേഹം എഴുതി; “ഇക്കാര്യം ആവര്‍ത്തിച്ചു പറയേണ്ടി വരുന്നു, കാരണം, മനുഷ്യത്വരഹിതമായ പ്രവൃത്തികൾ ചെയ്തിട്ട് അതിനെ ന്യായീകരിക്കാൻ മനുഷ്യൻ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് പ്രകൃതിയിൽ ഉള്ളതായി പറയപ്പെടുന്ന ക്രൂരതയാണ്‌.”

അഭിപ്രായങ്ങളൊന്നുമില്ല: