2017, ജനുവരി 11, ബുധനാഴ്‌ച

റിൽക്കെ - ആദ്യകാലകവിതകൾ


കവിതകളുടെ എണ്ണം വെച്ചു നോക്കിയാൽ റിൽക്കേയുടെ കാവ്യജീവിതത്തിന്റെ ആദ്യവർഷങ്ങൾ സമൃദ്ധിയുടേതായിരുന്നു; കാല്പനികതയുടെയും ജര്‍മ്മന്‍ ഭാവഗീതത്തിന്റെയും പ്രകടസ്വാധീനം  ദൃശ്യമായിരുന്ന ആ കവിതകള്‍ വളരെ ജനപ്രിയവുമായിരുന്നു. പക്ഷേ, അവയിൽ വളരെ കുറച്ചു മാത്രമേ ഇന്നു വായിക്കപ്പെടുന്നുള്ളു. തന്റെ ആദ്യകാലയത്നങ്ങളെക്കുറിച്ച് റിൽക്കെ തന്നെയും സംശയാലുവായിരുന്നു. അവയ്ക്കു കിട്ടിയ സ്വീകാര്യതയെക്കുറിച്ച് നഷ്ടബോധത്തോടെ ചിലപ്പോൾ അദ്ദേഹം ഓർക്കുന്നുണ്ടെങ്കിലും തന്റെ കവിത്വത്തിന്റെ തിരനോട്ടമായി മാത്രമേ അദ്ദേഹം അവയെ ഗണിച്ചിരുന്നുള്ളു. എന്നാൽത്തന്നെയും പിൽക്കാലറില്ക്കേയുടെ കാവ്യശൈലിയുടെ നാമ്പുകൾ ചില കവിതകളിൽ നമുക്കു കണ്ടെടുക്കുകയുമാവാം.


സ്വപ്നം കാണുന്നവൻ

സ്വപ്നങ്ങൾ: വിശദമെന്റെ കണ്ണുകളിലോർക്കിഡുകൾ പോലെ-
ഉജ്ജ്വലം, വർണ്ണാഭം, സമൃദ്ധമവ പോലെ,
തടിച്ച തണ്ടിലൂടെ കൊഴുത്ത നീരുകളൂറ്റിയെടുക്കുമവ പോലെ,
കുടിച്ച ജീവരക്തം പൂക്കളായി വിളിച്ചുകാട്ടുമവ പോലെ,
ഒരു നിമിഷത്തിന്റെ നശ്വരതയിലുല്ലസിക്കും,
പിന്നെയടുത്തതിൽ മരണം പോലെ വിളറും.-
തലയ്ക്കു മേലാകാശഗോളങ്ങൾ മൃദുവായി കടന്നുപോകുമ്പോൾ
ഒരു പരിമളം വീശിയതായി തോന്നാറില്ലേ- പൂക്കളുടേതു പോലെ?
സ്വപ്നങ്ങൾ: വിശദമെന്റെ കണ്ണുകളിലോർക്കിഡുകൾ പോലെ.

(1896)


യൗവനമെനിക്കനുവദിച്ച ഗാനങ്ങൾ


യൗവനമെനിക്കനുവദിച്ച ഗാനങ്ങൾ
തകർന്ന ശേഷിപ്പുകളുടെ ഏകാന്തതയിൽ
സന്ധ്യയുടെ കാതുകളിൽ ഞാനോതിയിരുന്നു.

മുടിയ്ക്കു പൊൻനിറമായവൾ,
ഒരു മുതിർന്ന പെൺകുട്ടിക്കൊരുപഹാരമായി
ഒന്നൊന്നായി ഞാനവ കൊരുത്തിരുന്നു.

ഈ ലോകത്തെന്നാലേകനായി ഞാൻ ശേഷിച്ചു;
കോർക്കാത്ത പവിഴങ്ങൾ പോലെന്റെ
വിരലുകളിൽ നിന്നവയൂർന്നുപോയി,
വിദൂരസന്ധ്യയിലേക്കുരുണ്ടുപോയി.

(1897)



മനുഷ്യരുടെ വാക്കുകളെ ഞാൻ പേടിക്കുന്നു...

മനുഷ്യരുടെ വാക്കുകളെ ഞാൻ പേടിക്കുന്നു;
എത്ര വ്യക്തമാണവരുടെ വിവരണങ്ങൾ!
ഇതൊരു നായ, അതൊരു വീട്,
ഇവിടെ തുടക്കം, അവിടെയൊടുക്കവും.

വാക്കുകൾ കൊണ്ടവരമ്മാനമാടുമ്പോഴെനിക്കു പേടിയാവുന്നു,
വരാനുള്ളതും വന്നുപോയതുമവർക്കറിയാം,
ഒരു മലയും അവർക്കിപ്പോഴൊരത്ഭുതമല്ല,
അവരുടെ വീടും പറമ്പും ദൈവത്തിനു തൊട്ടയലത്തുമാണ്‌!

ഞാനവരെ താക്കീതു ചെയ്യുന്നു: മാറിനില്ക്കൂ!
എന്തു രസമാണ്‌, വസ്തുക്കൾ പാടുന്നതു കേൾക്കാൻ!
നിങ്ങൾക്കു പക്ഷേ, തൊടാതെ പറ്റില്ല;
തൊടുമ്പോഴവ കല്ലിക്കുന്നു, നിശ്ശബ്ദമാവുന്നു-
നിങ്ങളവയെ കൊല്ലുകയാണ്‌!

(1898)


എത്രത്തോളം?

ജീവിതത്തിലെത്രത്തോളമെനിക്കു പോകാം?
ആരെങ്കിലുമെനിക്കൊന്നു പറഞ്ഞുതരൂ.
കൊടുങ്കാറ്റിൽ ദിശ തെറ്റി ഞാനലയുമോ?
പൊയ്കയിലൊരല പോലെ ജീവിക്കുമോ?
അതോ, നിറം വിളറിയൊരു ബിർച്ചുമരമാകുമോ,
വസന്തത്തിലെ തണുത്ത കാറ്റിൽ വിറച്ചും കൊണ്ട്?

(1898)


എന്റെ നാളുകൾ നീങ്ങുന്നതെങ്ങനെയെന്ന്...

എങ്ങനെയാണെന്റെ നാളുകൾ നീങ്ങുന്നതെന്നു നിന്നോടു പറയട്ടെയോ?
വെടിപ്പായ തെരുവുകളിലൂടതികാലത്തു ഞാനിറങ്ങിനടക്കുന്നു,
ചെന്നുകയറുന്ന കൊട്ടാരങ്ങളിലാത്മാവതിന്റെ സീമകൾ ഭേദിക്കുന്നു*;
പിന്നെ ഞാൻ കവലകളിൽ, തെരുവുകളുടെ തുറസ്സുകളിൽ
തൊലിയിരുണ്ട ജനത്തിരക്കിലവരുടെയാരവങ്ങളിൽ കലരുന്നു.

നട്ടുച്ചകളിൽ ചിത്രശാലകളിലെന്റെയാരാധന,
അഭിജാതചാരുതയോടെ വിളങ്ങുന്ന മഡോണകൾക്കു* മുന്നിൽ.
അതില്പിന്നെ, ആ പാവനസങ്കേതം വിട്ടിറങ്ങിയതില്പിന്നെ,
(ആർണോയുടെ* തടങ്ങളിലപ്പോഴേക്കും സന്ധ്യയായിരിക്കും)
ഞാൻ മൗനിയാവുന്നു, സാവധാനമെന്നിൽ തളർച്ച കേറുന്നു,
പൊന്നു കൊണ്ടൊരു ദൈവരൂപം ഞാനെനിക്കായി വരയ്ക്കുന്നു...

(1898 ഏപ്രിൽ 18)
മദ്ധ്യകാലഘട്ടത്തിലെ കലകളെക്കുറിച്ചു പഠിക്കാനായി ഫ്ളോറെൻസിലെത്തിയ ഇരുപത്തിമൂന്നുകാരനായ റിൽക്കെ കാമുകിയായ ലൂ അന്ദ്രിയാസ് സലോമിയ്ക്കു വേണ്ടി എഴുതിയ ഡയറിയിൽ നിന്ന്.
* ചിത്രങ്ങളും ശില്പങ്ങളും നിറഞ്ഞ മെഡിച്ചി (Medicci)കൊട്ടാരങ്ങൾ
* മഡോണകൾ, റാഫേലിന്റെ പ്രത്യേകിച്ചും
*ആർണോ, ഫ്ളോറെൻസിലൂടൊഴുകുന്ന നദി


മഡോണമാരുടെ മന്ദഹാസം

വിളർച്ച സ്വസ്ഥത കെടുത്തിയൊരു പകലിനു ശേഷം
വൈകിയ വേളയിൽ സൂര്യനിൽ നിന്നൊരു പ്രകാശവ്യാപനം;
എവിടെ നിന്നാണതിന്റെ തുടക്കമെന്നെനിക്കറിയില്ല,
എന്നാൽ സർവ്വതും പൊടുന്നനേ, സമൃദ്ധമാവുകയായി-
പള്ളികളായ പള്ളികളിലെല്ലാം മഡോണമാർ
ഒരേ നിമിഷം തന്നെ മന്ദഹസിക്കാൻ കനിഞ്ഞപോലെ.

(1898 ഏപ്രിൽ 18)


പള്ളിത്തലമുറ


വിപുലവും ഗംഭീരവുമായ ആ തേജസ്സിൽ നിന്നും
ദൈവത്തെയവർ തുരന്നെടുത്തു,
തങ്ങളുടെ കാലത്തേക്കവരവനെ തള്ളിവിട്ടു...
പിന്നെയവർ അവനു ചുറ്റും കൂട്ടം കൂടി,
സ്തുതികൾ കൊണ്ടവനെപ്പൊതിഞ്ഞു;
ഇന്നവരുടെയിരുട്ടിലവൻ മറഞ്ഞുപോയിരിക്കുന്നു.

ആയിരുട്ടിലിപ്പോഴവർ
മെഴുകുതിരികൾ കൊളുത്തിവയ്ക്കുന്നു,
ഒരു മിന്നായം പോലെയെങ്കിലും
ദൈവത്തിന്റെ ഹൃദയം തങ്ങൾക്കു കാണാകും മുമ്പേ
നാളങ്ങൾ കെട്ടുപോകരുതേയെന്നവർ
മുട്ടിപ്പായി പ്രാർത്ഥിക്കുന്നു...

(1898 ജൂലൈ 16)


ഒരേയൊരന്ധകാരം


അവസാനനാദവും കൊഴിഞ്ഞുവീണതില്പിന്നെ
ഒരു നിശ്ശബ്ദത ശേഷിക്കുന്നു, അഗാധവും വിശാലവും;
ഒരേയൊരന്ധകാരത്തിന്റെ
നിരവധിയായ നാമങ്ങൾ, നക്ഷത്രങ്ങൾ.

(1899 നവംബർ 3)


കൊടുങ്കാറ്റു വീശുന്ന രാത്രി


കൊടുങ്കാറ്റു വീശുന്ന രാത്രി
ദൈവത്തിന്റെയൊരു ചേഷ്ട പോലെ;
തന്റെ പെരുംകൈകളാൽ
സർവ്വതും തടുത്തുകൂട്ടുകയാണവൻ.
ആകാശം വിളറിയ നക്ഷത്രങ്ങൾ വിക്കുന്നു,
ഈ ചുഴലിയിലൂന്നാനൊരിടം തേടുന്നു.

ദൈവമതൊന്നും ഗൗനിക്കുന്നതേയില്ല;
കാടും ചുമരും വിളറുന്നു, പതറുന്നു,
ഭൂമിയിലെ തെരുവുകളിലൂടെ
കരിമ്പൻ കുതിരപ്പറ്റങ്ങൾ കുതിയ്ക്കുന്നു:
ദൈവത്തിന്റെ കൈ പായുന്ന നിഴലുകൾ.

(1899 നവംബർ 25)


അന്യമായതിൽ നിന്നൊക്കെ...

അന്യമായതിൽ നിന്നൊക്കെ ഞാനെന്നെ നിവർത്തിക്കും,
കല്ലിന്മേൽ കല്ലു വെച്ചു ഞാനെന്റെ ജീവിതം പണിതെടുക്കും,
ധനാഢ്യരുടെ മാളികകള്‍ തകര്‍ന്ന കൂമ്പാരത്തിൽ നിന്നല്ല,
പുഴകളിപ്പോഴും തഴുകിമിനുക്കുന്ന വെൺപാറകളിൽ നിന്ന്,
പുല്പുറങ്ങളിലുറച്ചുനില്ക്കുന്ന മലകളില്‍ നിന്ന്...

(1900 സെപ്തംബർ 1)


ചുവന്ന പനിനീർപ്പൂക്കൾ...


ചുവന്ന പനിനീർപ്പൂക്കളിത്രയും ചുവന്നു കണ്ടിട്ടില്ലിതേവരെ,
മഴയുടെ മേലാടയെടുത്തണിഞ്ഞ ആ സായാഹ്നത്തിലെന്നപോലെ;
നിന്റെ മൃദുമൃദുവായ മുടിയെക്കുറിച്ചേറെ നേരം ഞാനോർത്തിരുന്നു...
ചുവന്ന പനിനീർപ്പൂക്കളിത്രയും ചുവന്നു കണ്ടിട്ടില്ലിതേവരെ.

കാട്ടുപൊന്തകളിത്രയും പച്ചയോടിരുണ്ടുനിന്നിട്ടില്ലിതേവരെ,
മഴ പൊഴിയുന്ന വേളയിലാ സായാഹ്നത്തിലെന്നപോലെ.
നിന്റെ ശാലീനവേഷത്തെക്കുറിച്ചേറെനേരം ഞാനോർത്തിരുന്നു...
കാട്ടുപൊന്തകളിത്രയും പച്ചയോടിരുണ്ടുനിന്നിട്ടില്ലിതേവരെ.

നെടിയ ബിർച്ചുമരങ്ങളിത്രയും വെളുത്തു നിന്നിട്ടില്ലിതേവരെ,
മഴ പെയ്തിരുണ്ടൊരാ സായാഹ്നത്തിലെന്നപോലെ.
പിന്നെയാണു നിന്റെ വടിവൊത്ത കൈകൾ ഞാൻ കാണുന്നതും...
നെടിയ ബിർച്ചുമരങ്ങളിത്രയും വെളുത്തു നിന്നിട്ടില്ലിതേവരെ.

പുഴവെള്ളത്തിലന്നൊരു കറുത്ത ദേശം പ്രതിഫലിച്ചുനിന്നിരുന്നു,
മഞ്ഞു പോലെ മഴ മൂടിനിന്ന അതേ സായാഹ്നത്തിൽ;
നിന്റെ കണ്ണുകളിലെന്നെ ഞാൻ തിരിച്ചറിഞ്ഞതുമങ്ങനെ...
പുഴവെള്ളത്തിലന്നൊരു കറുത്ത ദേശം പ്രതിഫലിച്ചുനിന്നിരുന്നു.

(1900 സെപ്തംബർ 9)


കുട്ടിയായിരിക്കുമ്പോഴേ...

കുട്ടിയായിരിക്കുമ്പോഴേ അവൻ വീടു വിട്ടു.
പണ്ടേയവന്റെ കൈകൾക്കു കളികൾ മടുത്തിരുന്നു;
അച്ഛനമ്മമാർ നിരന്തരസംസാരത്തിലായിരുന്നപ്പോൾ
ഒരിരുണ്ടയാത്രാമൊഴി പോലവനവരെപ്പിരിഞ്ഞു.
അലയുന്ന സഞ്ചാരിയായപ്പോളവനോർത്തതിങ്ങനെ:
തന്നെത്താലോലിച്ച ഏകാന്തതകളെ വിട്ടുപോവുക,
ഒച്ചകളിൽ നാളുകൾ മുങ്ങിത്താഴ്ന്നവർക്കൊപ്പം ചേരുക,
കടലിനോടു നടന്നടുക്കുമ്പോലെ മറ്റൊരാളോടടുക്കുക...

(1900 സെപ്തംബർ 16)


തന്നെത്താനറിയാതെ...

തന്നെത്താനറിയാതൊരുപാതി ജീവിക്കുക,
താനെന്തു കണ്ടുവെന്നും കണ്ടതെവിടെയെന്നും എങ്ങനെയെന്നും
വ്യഗ്രതയോടെ പകർത്തിവയ്ക്കാൻ മറുപാതിയും.
ഉന്നങ്ങൾക്കു പിന്നാലെ പോവുക,
പിന്നെ വീണ്ടും അനിശ്ചിതത്വത്തിന്റെ നാട്ടിലെ നാടോടിയാവുക,
ഏകാന്തതയുടെ ധന്യതയറിയുക-
ഇവിടെ ഈ പെൺകുട്ടികൾ ജീവിക്കുന്നതുമിതുപോലെ:
പാതി മോഹിതകളായി, പാതി മോഹിനികളായി....

(1900 സെപ്തംബർ 21)


 

അഭിപ്രായങ്ങളൊന്നുമില്ല: