2017, ഫെബ്രുവരി 14, ചൊവ്വാഴ്ച

റിൽക്കെ - ജീവിതത്തെയും കലയേയും കുറിച്ചുള്ള കുറിപ്പുകൾ




ഒരു വ്യക്തി തന്റെ പുറംമോടിയിൽ നിന്നു പുറത്തുകടന്ന് തെളിമയോടെ, മൗനത്തോടെ നിങ്ങളുടെ മുന്നിൽ വന്നുനില്ക്കുന്ന ചില നിമിഷങ്ങളുണ്ട്. നിങ്ങൾ ഒരിക്കലും മറക്കരുതാത്ത അപൂർവ്വമായ ആഘോഷവേളകളാണവ. അപ്പോൾ മുതൽ നിങ്ങൾ അയാളെ സ്നേഹിക്കുകയായി. മറ്റൊരു വിധം പറഞ്ഞാൽ, ആ നിമിഷത്തിൽ നിങ്ങൾക്കറിയാനിടവന്ന വ്യക്തിത്വത്തിന്റെ ബാഹ്യരേഖകളിലൂടെ നിങ്ങളുടെ തരളമായ കൈവിരലുകൾ സഞ്ചരിച്ചുതുടങ്ങുന്നു.
*

മിക്ക സമയത്തും നാം വീണുകിടക്കുന്ന കാലുഷ്യത്തെ വിളിച്ചുകാട്ടുകയല്ലാതെ കല പ്രത്യേകിച്ചൊന്നും കൈവരിച്ചിട്ടില്ല. നമുക്കു മനസ്സമാധാനം തരുന്നതിനു പകരം നമ്മെ വിരട്ടിവിടുകയാണതു ചെയ്യുന്നത്. വേറേ വേറേ തുരുത്തുകളിലാണു നാം ജീവിക്കുന്നതെന്ന് അതു കാണിച്ചുതരുന്നു; അതേ സമയം അലട്ടില്ലാതെ ഏകാകികളായി കഴിയാൻ നമുക്കു പറ്റുന്നത്ര ദൂരം അവയ്ക്കിടയിലില്ല താനും. ഒരു തുരുത്തിലുള്ള ഒരാൾക്ക് മറ്റൊന്നിലുള്ള മറ്റൊരാളെ ശല്യപ്പെടുത്തുകയോ പേടിപ്പെടുത്തുകയോ കുന്തമെറിഞ്ഞു വീഴ്ത്തുകയോ ഒക്കെയാവാം- ഒരാൾക്കും മറ്റൊരാളോടു ചെയ്യാൻ പറ്റാത്തത് അയാളെ സഹായിക്കുക എന്നതു മാത്രമാണ്‌.
*

രണ്ടോ മൂന്നോ പേർ അടുത്തിരുന്നാൽ അവർ ഒരുമിച്ചാണെന്നർത്ഥമാകുന്നില്ല. ചരടുകൾ പലരുടെ കൈകളിലായ നൂല്പാവകളെപ്പോലെയാണവർ. ഒരേ കൈ അവരെ നയിക്കുമ്പോഴേ അവർക്കു പൊതുവായി എന്തെങ്കിലുമുണ്ടാകുന്നുള്ളു; അപ്പോഴാണവർ തല മണ്ണിൽ മുട്ടിച്ചു വണങ്ങുകയോ അന്യോന്യം തല്ലു പിടിക്കുകയോ ചെയ്യുക. ഒരു വ്യക്തിയുടെ ബലവും അതിലാണ്‌- എല്ലാ ചരടുകളുടെയും തുമ്പുകൾ കൂട്ടിപ്പിടിക്കുന്ന ഒരേയൊരു കൈയിൽ.
*

രാത്രി. വിസ്താരം കുറഞ്ഞ ഒരു മുറി. തീന്മേശയ്ക്കിരുപുറവുമായി, വിളക്കുവെട്ടത്തിനടിയിൽ മടിയോടെ പുസ്തകങ്ങൾ തുറന്നുവച്ച് രണ്ടു കുട്ടികൾ. ഇരുവരും അകലെയാണ്‌- വളരെയകലെയാണ്‌. പുസ്തകങ്ങൾ അവരുടെ പലായനങ്ങൾക്കു മറ പിടിക്കുന്നു. ഇടയ്ക്കിടെ അവർ പരസ്പരം പേരു പറഞ്ഞു വിളിക്കുന്നുമുണ്ട്; തങ്ങളുടെ സ്വപ്നങ്ങളിലെ വിപുലവനങ്ങളിൽ അന്യോന്യം കാണാതെപോകാതിരിക്കാൻ വേണ്ടിയാണത്. ആ ഇടുക്കുമുറിക്കുള്ളിൽ അവർ തങ്ങളുടെ വിചിത്രവും വർണ്ണാഭവുമായ ഭാഗധേയങ്ങൾ ജീവിച്ചുതീർക്കുന്നു. അവർ യുദ്ധങ്ങൾക്കിറങ്ങുന്നു; വിജയങ്ങൾ കൊയ്യുന്നു. സ്വദേശത്തു മടങ്ങിയെത്തി അവർ വിവാഹം  ചെയ്യുന്നു. വീരരും ധീരരുമാകാൻ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നു. അവര്‍ മരിക്കുക പോലും ചെയ്യുന്നുണ്ട്.

ഇതൊരു കഥാവസ്തുവല്ലെന്നു കരുതാനും മാത്രം യാഥാസ്ഥിതികനല്ല ഞാൻ!
*

കനികൾ പോലെയാണു നാം. വിചിത്രമായ വിധം കുടിലമായ കൊമ്പുകളിൽ ഉയരത്തിൽ നാം തൂങ്ങിക്കിടക്കുന്നു, പലതരം കാറ്റുകളുടെ പ്രഹരങ്ങൾ സഹിക്കുന്നു. വിളവും മധുരവും  ഭംഗിയുമാണ്‌ നമ്മുടെ സമ്പാദ്യങ്ങൾ. എന്നാൽ ആ സമ്പാദ്യങ്ങൾ നേടാനുള്ള ബലം നമ്മിലേക്കൊഴുകിയെത്തിയത് ഒരേയൊരു തായ്ത്തടിയിലൂടെയാണ്‌, പലലോകങ്ങളിലേക്കു നീളുന്ന ഒരേയൊരു തായ്‌വേരിലൂടെയാണ്‌. ആ ബലത്തിന്റെ സാക്ഷ്യങ്ങളാണു നാമെങ്കിൽ നാമോരോരുത്തരും ആ ബലം ഉപയോഗപ്പെടുത്തുകയും വേണം, ആ വാക്കുകളുടെ ഏറ്റവും പൂർണ്ണമായ അർത്ഥത്തിൽ വ്യക്തികളായി, ഏകാകികളായി. ഏകാകികൾ കൂടുന്തോറും സമൂഹത്തിന്റെ ഗൗരവവും സ്ഥിരതയും ബലവും കൂടുന്നു.
*

ഒരേ പോലൊതുങ്ങിയ രണ്ടു പേർ തങ്ങളുടെ നേരത്തെ നിർവചിക്കുന്ന സംഗീതത്തെക്കുറിച്ചു മിണ്ടരുത്. ആ സംഗീതം തന്നെയാണ്‌ അവർക്കു പൊതുവായിട്ടുള്ളത്. ഒരു യാഗാഗ്നി പോലെ അതവർക്കിടയിൽ എരിയുന്നു, ഭക്തിയോടെ, അപൂർവ്വമായി ഉച്ചരിക്കുന്ന ചില സ്വരങ്ങളോടെ ആ പവിത്രാഗ്നിയെ അവർ കെടാതെ കാക്കുന്നു.

ഇനി, ഈ രണ്ടു പേരെ ഞാൻ ഒരു വേദിയിൽ കയറ്റി നിർത്തുകയും അവരുടെ വെറും ജീവിതത്തിനു മേൽ കലാപരമായ ഒരു രൂപം അടിച്ചേല്പിക്കുകയുമാണെന്നിരിക്കട്ടെ, രണ്ടു കമിതാക്കളെ എടുത്തുകാട്ടുകയും അവർ ഇത്രയും ധന്യരാവാൻ കാരണം എന്താണെന്നു വിശദീകരിക്കുകയുമാണ്‌ എന്റെ ഉദ്ദേശ്യമെന്ന് നിങ്ങൾക്കു തോന്നാം. എന്നാൽ വേദിയിൽ അൾത്താര അദൃശ്യമാണ്‌, അവർ അനുഷ്ഠിക്കുന്ന യജ്ഞത്തിന്റെ വിചിത്രചേഷ്ടകൾ ഒരാൾക്കും മനസ്സിലാവുകയുമില്ല.

ഈ വിഷമസന്ധി രണ്ടു വിധത്തിൽ പരിഹരിക്കാം:

ഒന്നുകിൽ ആ രണ്ടു പേർ എഴുന്നേറ്റു നിന്ന് കാണികളെ അഭിമുഖീകരിക്കുകയും കുറേയധികം വാക്കുകളുടേയും മനസ്സിലാകാത്ത ചേഷ്ടകളുടേയും സഹായത്തോടെ പറയാൻ ശ്രമിക്കുകയും ചെയ്യുക, തങ്ങൾ ലളിതമായി ജീവിക്കുന്നതിന്നതാണെന്ന്.
അല്ലെങ്കിൽ:
അവരുടെ ഗഹനമായ പ്രവൃത്തികളിൽ ഞാൻ യാതൊന്നും കൂട്ടിച്ചേർക്കുന്നില്ല; പകരം, ഞാൻ പറയുകയാണ്‌:
ഇതാ, ഒരൾത്താര, അതിൽ യാഗാഗ്നി എരിയുന്നുണ്ട്. ഈ രണ്ടുപേരുടെ മുഖത്ത് അതിന്റെ വെളിച്ചം നിങ്ങൾക്കു കാണാം.



(1898)

അഭിപ്രായങ്ങളൊന്നുമില്ല: