2017, ഫെബ്രുവരി 25, ശനിയാഴ്‌ച

റിൽക്കെ - മാൾറ്റെ ലൗറിഡ്സ് ബ്രിഗ്ഗെയുടെ നോട്ടുബുക്കിൽ നിന്ന്



മുഖങ്ങൾ


ഞാനിത് മുമ്പു പറഞ്ഞിട്ടുള്ളതാണോ? ഞാൻ കാണാൻ പഠിക്കുകയാണ്‌. അതെ, ഞാനൊരു തുടക്കം കുറിച്ചിട്ടേയുള്ളു. അത് വേണ്ട രീതിയിലല്ല മുന്നോട്ടു പോകുന്നതും. എന്നാലും ഉള്ള സമയം ഞാൻ പരമാവധി പ്രയോജനപ്പെടുത്താൻ പോവുകയാണ്‌.

ഒരുദാഹരണം പറഞ്ഞാൽ, എത്ര മുഖങ്ങളുണ്ടെന്ന ചിന്ത മുമ്പെന്റെ മനസ്സിലൂടെ പോയിട്ടില്ല. മനുഷ്യർ വളരെയധികമാണ്‌; പക്ഷേ, മുഖങ്ങൾ അതിലുമധികമാണ്‌, കാരണം, ഒരേയാൾക്ക് പല മുഖങ്ങളുണ്ടാവുമല്ലോ. വർഷങ്ങളായി ഒരേ മുഖം തന്നെ വച്ചുനടക്കുന്നവരുണ്ട്; സ്വാഭാവികമായും അതു പഴകിത്തേയും, അതിൽ അഴുക്കു പുരളും, അതിന്റെ വക്കുകൾ പൊടിയും, ഒരു നീണ്ട യാത്രയിൽ ധരിച്ച കൈയുറ പോലത് വലിഞ്ഞുനീളുകയും ചെയ്യും. അവർ മിതവ്യയക്കാരായ, സങ്കീർണ്ണതകളില്ലാത്ത മനുഷ്യരാണ്‌; അവർ മുഖം മാറ്റുകയേയില്ല; ഒരിക്കലെങ്കിലും അവരതൊന്നു വൃത്തിയാക്കിച്ചിട്ടുപോലുമില്ല. ഇതിനൊരു കുഴപ്പവുമില്ല, അവർ പറയുകയാണ്‌; നേരേ മറിച്ചാണു കാര്യമെന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ ആരെക്കൊണ്ടാകും? അവർക്കു വേറെയും മുഖങ്ങളുണ്ടാവുമെന്നതിൽ സംശയമില്ലെന്നതിനാൽ ഒരു ചോദ്യമുയരുന്നു: മറ്റു മുഖങ്ങൾ അവർ എന്തു ചെയ്യുന്നു? അവരത് അടച്ചുപൂട്ടിവച്ചിരിക്കുന്നു. അവരുടെ സന്തതികൾ അവയും വച്ചു നടക്കും. അവരുടെ നായ്ക്കളും ആ മുഖങ്ങളും ധരിച്ചു പുറത്തുപോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടായിക്കൂടാ? മുഖം ഏതായാലും മുഖമാണല്ലോ.

മറ്റുള്ളവർ അവിശ്വസനീയമായ വേഗതയിൽ മുഖങ്ങൾ മാറ്റിമാറ്റി വച്ചുകൊണ്ടിരിക്കും; വൈകാതവ പഴകിത്തേയുകയും ചെയ്യും. എത്രയെടുത്താലും തീരാത്ത ഒരു ശേഖരം തങ്ങളുടെ കൈയിലുണ്ടെന്നാവും ആദ്യമൊക്കെ അവരുടെ വിചാരം; പക്ഷേ കഷ്ടിച്ചു നാല്പതെത്തും മുമ്പേ ഒന്നാണവർക്കു ബാക്കിയുണ്ടാവുക. അതെ, അതിനൊരു ദാരുണമായ വശവുമുണ്ട്. മുഖങ്ങൾ അഴുക്കു പറ്റാതെ, കേടു വരാതെ സൂക്ഷിക്കുക എന്നത് അവർക്കു ശീലമില്ല; അതിനാൽ അവരുടെ അവസാനത്തെ മുഖവും ഒരാഴ്ചക്കുള്ളിൽ പഴകുന്നു, അതിൽ തുള വീഴുന്നു, പലേടത്തും അത് കടലാസ്സു പോലെ നേർത്തുപോകുന്നു, പിന്നെ, പതിയെപ്പതിയെ അതിന്റെ ഉൾപ്പാളി, ആ ‘അമുഖം’ പുറമേ കണ്ടുതുടങ്ങുന്നു; അതും വച്ച് അവർ ചുറ്റിനടക്കുകയും ചെയ്യും.



മരണം

ഈ ആശുപത്രി വളരെ പുരാതനമാണ്‌. ക്ളോവിസ്* രാജാവിന്റെ കാലം മുതലേ ആളുകൾ ഇവിടെക്കിടന്നു മരിക്കുന്നു; അന്നുപക്ഷേ കിടക്കകൾ വളരെ കുറവായിരുന്നു. ഇന്നാകട്ടെ, കിടന്നുമരിക്കാൻ 559 കിടക്കകളാണുള്ളത്. അതെ, ഒരു ഫാക്ടറി പോലെ തന്നെ. ഉല്പാദനം ഇത്ര വൻതോതിലാവുമ്പോൾ എല്ലാ ഉല്പന്നങ്ങളിലും ഒരേ ശ്രദ്ധ കിട്ടണമെന്നില്ലല്ലോ; എന്നാൽ അതു കാര്യമാക്കാനില്ല. എണ്ണത്തിലാണു കാര്യം. ഒരു മരണം പൂർണ്ണതോതിലാണോ നടന്നത്, അതു വേണ്ടവിധത്തിലായോ എന്നൊക്കെ ശ്രദ്ധിക്കാൻ ഇക്കാലത്താരെങ്കിലുമുണ്ടോ? ഒരാളുമില്ല. മരണത്തിന്റെ വിശദാംശങ്ങളിൽ ശ്രദ്ധിക്കാൻ സമയവും സൗകര്യവുമുള്ള പണക്കാർ പോലും അതിൽ അലസതയും ഉദാസീനതയും കാണിക്കാൻ തുടങ്ങിയിരിക്കുന്നു. സ്വന്തമായ ഒരു മരണത്തിനായുള്ള ആഗ്രഹം പോകെപ്പോകെ അപൂർവ്വമായി വരികയാണ്‌. അധികകാലം കഴിയേണ്ട, സ്വന്തമായൊരു ജീവിതം പോലെ അതപൂർവ്വമായിക്കോളും. എന്റെ ദൈവമേ! ഒക്കെ തയാറാക്കി വച്ചിരിക്കുകയല്ലേ! നിങ്ങൾ കയറിവരുന്നു, പെഗ്ഗുകളിൽ തൂക്കിയിട്ടിരിക്കുന്ന ജീവിതങ്ങളിൽ നിന്ന് ഒരെണ്ണം നോക്കിയെടുക്കുന്നു, പിന്നെ അതെങ്ങെടുത്തിട്ടാൽ മതി. നിങ്ങൾക്കിഷ്ടമുള്ളപ്പോഴോ അല്ലെങ്കിൽ നിർബ്ബന്ധിച്ചു പറഞ്ഞുവിടുമ്പോഴോ നിങ്ങൾക്കു സ്ഥലം വിടുകയും ചെയ്യാം: ഒരു പ്രയാസവുമില്ല: ഇതാ, സർ, താങ്കളുടെ മരണം. നിങ്ങൾ നിങ്ങൾക്കാവുന്നത്ര ഭംഗിയായി നിങ്ങളുടെ മരണം മരിക്കുന്നു; നിങ്ങൾ നിങ്ങളുടെ രോഗത്തിനു ചേർന്ന മരണം മരിക്കുന്നു (രോഗങ്ങൾ എല്ലാവർക്കും അറിയുന്നതാണ്‌; അതുപോലെ എല്ലാവർക്കും അറിയുന്നതാണ്‌, മരണങ്ങൾ വ്യത്യസ്തമാകുന്നത് മനുഷ്യർക്കനുസരിച്ചല്ല, രോഗങ്ങൾക്കനുസരിച്ചാണെന്ന്; രോഗിക്കതിൽ കാര്യമായിട്ടൊന്നും ചെയ്യാനില്ല).

സാനിട്ടോറിയങ്ങളിൽ, സംതൃപ്തിയോടെയും ഡോക്ടർമാരോടും നഴ്സുമാരോടുമുള്ള അകമഴിഞ്ഞ കൃതജ്ഞതയോടെയും ആളുകൾ കിടന്നു മരിക്കുമ്പോൾ ആ മരണം ആ സ്ഥാപനം നല്കുന്നതാണ്‌; അതിൽ ആർക്കും പരാതിയില്ല. എന്നാൽ വീട്ടിൽ കിടന്നാണ്‌ ഒരാൾ മരിക്കുന്നതെങ്കിൽ ഉന്നതവും കുലീനവുമായ മരണമാണയാൾ തിരഞ്ഞെടുക്കുക എന്നത് സ്വാഭാവികം മാത്രം; അതോടെ വിശിഷ്ടമായ ചിട്ടവട്ടങ്ങളുടെ പരമ്പരയായ ഒരൊന്നാന്തരം ശവസംസ്കാരത്തിനു തുടക്കവുമായിക്കഴിഞ്ഞു. അപ്പോൾ പാവപ്പെട്ടവർ അങ്ങനെയൊരു വീടിനു മുന്നിൽ തടിച്ചുകൂടുന്നു, കാണാനാഗ്രഹിച്ചതെല്ലാം കണ്ണു നിറയെ കാണുന്നു. അതെ, അവർക്കുള്ള മരണം പഴഞ്ചനും വലിയ മോടികളൊന്നുമില്ലാത്തതുമായിരിക്കും. ഏറെക്കുറെ തങ്ങൾക്കു യോജിക്കുന്നതൊന്നു കിട്ടിയാൽ അവർക്കു സന്തോഷമായി. കുറച്ചൊന്നു വലുതായാലും കാര്യമാക്കാനില്ല: അത്രയുമൊക്കെ ഒരാൾക്കു വളരാവുന്നതേയുള്ളു. ബട്ടണിടാൻ പറ്റാത്ത രീതിയിൽ അത്ര ചെറുതോ ശ്വാസം മുട്ടിക്കുന്നത്ര ഇറുകിപ്പിടിച്ചതോ ആവുമ്പോഴേ അതൊരു പ്രശ്നമാകുന്നുള്ളു.


*Clovis II(634-657)- റിൽക്കെ പറയുന്ന Hotel -Dieu എന്ന ആശുപത്രിയുടെ സ്ഥാപകൻ.


അവനവന്റെ മരണം


അവർക്കോരോ ആൾക്കും അവനവന്റെ മരണമുണ്ടായിരുന്നു. തങ്ങളുടെ പടച്ചട്ടയ്ക്കുള്ളിൽ ഒരു തടവുകാരനെപ്പോലെ അതിനെ കൊണ്ടുനടന്ന ആ പുരുഷന്മാർ; വളരെ പ്രായമായി, തീരെ ശുഷ്ക്കിച്ച്, ഒടുവിൽ ഒരു നാടകവേദിയിലെന്നപോലെ, വലിയൊരു കിടക്കയിൽ, കുടുംബാംഗങ്ങൾക്കും തടിച്ചുകൂടിയ വേലക്കാർക്കും നായകൾക്കും നടുവിൽ അവരുടെ ശ്രദ്ധയില്പെടാതെ, എത്രയും കുലീനതയോടെ ജീവിതം വിട്ടുപോയ സ്ത്രീകൾ. കുട്ടികളുടേതു പോലും, ഒരു കൈക്കുഞ്ഞിന്റേതു പോലും, വെറുമൊരു കുട്ടിയുടെ മരണമായിരുന്നില്ല; അവർ സ്വയം സജ്ജരായി തങ്ങളുടെ മരണം വരിച്ചു, തങ്ങളാരാണോ അവരായി, തങ്ങൾ ആരാകുമായിരുന്നോ അവരായി.

വലിയ വയറിനു മേൽ അത്ര സ്വാഭാവികമായി മെലിഞ്ഞ കൈകൾ വച്ചു നിന്ന ഗർഭിണികൾക്ക് എത്ര വിഷാദാത്മകമായ സൗന്ദര്യമാണതു പകർന്നത്; ആ ഉദരത്തിനുള്ളിൽ രണ്ടു കനികളാണുണ്ടായിരുന്നത്: ഒരു ശിശുവും മരണവും. ...രണ്ടും തന്റെയുള്ളിൽ കിടന്നു വളരുകയാണെന്ന ചിന്തയിൽ നിന്നാവില്ലേ, ആ നിർവികാരമുഖങ്ങളിൽ ചിലനേരം കണ്ടിരുന്ന ആ സാന്ദ്രമായ മന്ദഹാസത്തിനു കാരണമാകുന്നതും?


ഭയത്തിനെതിരെ


ഭയത്തിനെതിരെ വേണ്ട മുൻകരുതലുകൾ ഞാൻ  കൈക്കൊണ്ടു കഴിഞ്ഞു. രാത്രി മുഴുവൻ ഞാനിരുന്നെഴുതുകയായിരുന്നു; ഇപ്പോൾ ഉൾസ്ഗാർഡിലെ* പാടങ്ങളിലൂടെ നീണ്ടൊരു നടത്തം കഴിഞ്ഞപോലെ ഞാൻ തളർന്നിരിക്കുന്നു. എന്നാലും, എന്റെ ലോകം ഇപ്പോഴില്ലെന്നോർക്കുമ്പോൾ, ആ പഴയ, വലിയ മാളികവീട്ടിൽ ഇപ്പോൾ അന്യരാണു താമസിക്കുന്നതോർക്കുമ്പോൾ എനിക്കതു സഹിക്കാൻ പറ്റാതെവരുന്നു. മച്ചുമ്പുറത്തെ വെളുത്ത മുറിയിൽ ഇപ്പോൾ വേലക്കാരികൾ പ്രഭാതം വരെ നീളുന്ന ഈറനായ ഗാഢനിദ്രയിലായിരിക്കും.

നിങ്ങൾക്കു സ്വന്തമായി ആരുമില്ല, ഒന്നുമില്ല; ഒരു ട്രങ്കും ഒരു ബയന്റുപെട്ടി നിറയെ പുസ്തകങ്ങളുമായി, വാസ്തവത്തിൽ ഒരു ജിജ്ഞാസയുമില്ലാതെ, ലോകത്തിലൂടെ നിങ്ങൾ യാത്ര ചെയ്യുന്നു. എന്തു തരം ജീവിതമാണിത്: വീടില്ലാതെ, പൈതൃകമായിക്കിട്ടിയതൊന്നുമില്ലാതെ, നായ്ക്കളില്ലാതെ. ഓർമ്മകളെങ്കിലുമുണ്ടായിരുന്നെങ്കിൽ. അതാർക്കിരിക്കുന്നു? ബാല്യമുണ്ടായിരുന്നെങ്കിൽ: അതെവിടെയോ മൂടിക്കിടക്കുന്നു. അതിലേക്കൊക്കെയെത്താൻ വൃദ്ധനാകണമെന്നായിരിക്കും. വൃദ്ധനാകുന്നത് നല്ലതാണെന്നെനിക്കു തോന്നുന്നു.

*Ulsgaard- റിൽക്കെയുടെ നോവലിലെ നായകനായ മാൾറ്റെ ലൗറിഡ്സ് ബ്രിഗ്ഗെ ബാല്യം ചിലവിട്ട ഡെന്മാർക്കിലെ ഗ്രാമീണവസതി


ഒരേയൊരു കവിതയ്ക്കായി...


ഹാ, അത്ര ചെറുപ്പത്തിലേ എഴുതാനാണെങ്കിൽ കവിതകൾ എത്ര തുച്ഛമായിപ്പോകുന്നു. ഒരായുസ്സ്, കഴിയുമെങ്കിൽ ദീർഘമായ ഒരായുസ്സു മുഴുവൻ കാത്തിരുന്ന് അർത്ഥവും മാധുര്യവും സഞ്ചയിച്ചതിനൊടുവിൽ കൊള്ളാവുന്ന പത്തു വരി നിങ്ങൾക്കെഴുതാനായെങ്കിലായി. കവിതകൾ, ആളുകൾ കരുതുമ്പോലെ, വെറും വികാരങ്ങളല്ലല്ലോ (വികാരങ്ങൾ നേരത്തേ തന്നെ നിങ്ങൾക്കുള്ളതുമാണ്‌)- അനുഭവങ്ങളാണവ. ഒരേയൊരു കവിതയ്ക്കായി നിരവധി നഗരങ്ങൾ നിങ്ങൾ കാണണം, നിരവധി മനുഷ്യരെ കാണണം, വസ്തുക്കൾ കാണണം, മൃഗങ്ങളുടെ ഗ്രഹിതങ്ങൾ നിങ്ങളറിയണം, പക്ഷികൾ പറക്കുന്നതറിയണം, പ്രഭാതത്തിൽ വിടരുമ്പോൾ ചെറുപൂക്കളുടെ ചേഷ്ടകളും നിങ്ങളറിയണം. പരിചയമില്ലാത്തിടങ്ങളിലെ തെരുവുകൾ ഓർത്തെടുക്കാൻ നിങ്ങൾക്കാവണം; പ്രതീക്ഷിക്കാത്ത സമാഗമങ്ങളും പണ്ടേ പ്രതീക്ഷിച്ചിരുന്ന വേർപാടുകളും; നിഗൂഢതയുടെ ചുരുളഴിഞ്ഞുതീരാത്ത ബാല്യത്തിന്റെ നാളുകൾ, ഒരാഹ്ളാദവും കൊണ്ടു വരുമ്പോൾ അതു കൈ നീട്ടിവാങ്ങാതെ (അത് മറ്റാർക്കോ വേണ്ടിയുള്ളതായിരുന്നു-)നിങ്ങൾ നോവിച്ചുവിട്ട അച്ഛനമ്മമാർ; വളരെ വിചിത്രമായി തുടങ്ങി ഒടുവിൽ ഗഹനവും ദുഷ്കരവുമായ നിരവധി പരിണാമങ്ങളിലേക്കു പോയ ബാലാരിഷ്ടകൾ; ഒച്ചയനക്കമില്ലാതെ മുറികളിൽ ഒറ്റയ്ക്കടച്ചിരുന്ന നാളുകൾ; കടല്ക്കരയിലെ പുലരികൾ; തലയ്ക്കു മേൽ കൂടി പാഞ്ഞുപോവുകയും നക്ഷത്രങ്ങൾക്കൊപ്പം പറക്കുകയും ചെയ്ത യാത്രകളുടെ നാളുകൾ- ഇതൊക്കെയും ഓർത്തെടുക്കാൻ കഴിഞ്ഞതുകൊണ്ടുമായില്ല. പ്രണയനിർഭരമായ രാത്രികളുടെ (ഒന്നിനൊന്നവ വ്യത്യസ്തവുമായിരുന്നു) ഓർമ്മകൾ നിങ്ങൾക്കുണ്ടാവണം; പ്രസവവേദനയെടുത്തു നിലവിളിയ്ക്കുന്ന സ്ത്രീകളെ, പിറവി കൊടുത്തുകഴിഞ്ഞു വീണ്ടുമടയുന്ന മെലിഞ്ഞുവിളറിയ സ്ത്രീകളെ നിങ്ങൾക്കോമ്മയുണ്ടായിരിക്കണം. മരിക്കാൻ കിടക്കുന്നവർക്കരികിലും നിങ്ങൾ പോയിരിക്കണം. തുറന്നിട്ട ജനാലയും ഒറ്റപ്പെട്ട ശബ്ദങ്ങളുമുള്ള മുറിയിൽ മരിച്ചുകിടക്കുന്നവർക്കൊപ്പം നിങ്ങളുണ്ടായിരിക്കണം; ഓർമ്മകൾ ഉണ്ടായതുകൊണ്ടുമായില്ല; അത്രയധികമാവുമ്പോൾ മറക്കാൻ നിങ്ങൾക്കു കഴിയണം; പിന്നൊരിക്കൽ അവ മടങ്ങിവരുന്നതുവരെ കാത്തിരിക്കാനുള്ള വിപുലമായ സഹനശക്തിയും നിങ്ങൾ കാണിക്കണം. ഓർമ്മകൾക്കു മാത്രമായിട്ടൊരു പ്രാധാന്യവുമില്ല. അവ നമ്മുടെ ചോരയായി, നോട്ടവും ചേഷ്ടയുമായി മാറിയതിനു ശേഷം മാത്രമാണ്‌, പേരില്ലാതായി, നമ്മിൽ നിന്നു വേറിട്ടറിയാതായതിനു ശേഷം മാത്രമാണ്‌- അതിനു ശേഷം മാത്രമാണ്‌ ഒരത്യപൂർവ്വമുഹൂർത്തത്തിൽ ഒരു കവിതയുടെ ആദ്യത്തെ പദം അവയ്ക്കിടയിൽ നിന്നുദിക്കുകയും പുറത്തേക്കു വരികയും ചെയ്യുക എന്നതുണ്ടാവുന്നുള്ളു.



എന്നു വരാം

യഥാർത്ഥവും പ്രധാനവുമായതൊന്നും നാമിതേവരെ കാണുകയോ അറിയുകയോ പറയുകയോ ചെയ്തിട്ടില്ലെന്നു വരുമോ? നോക്കാനും ചിന്തിക്കാനും രേഖപ്പെടുത്തി വയ്ക്കാനും ആയിരക്കണക്കിനു വർഷങ്ങളുണ്ടായിരുന്നുവെന്നും ആ ആയിരക്കണക്കിനു വർഷങ്ങൾ സാന്റ്‌വിച്ചും ഒരാപ്പിളും തിന്നാൻ മാത്രം ഇട കിട്ടുന്ന സ്കൂളിലെ ഉച്ചഭക്ഷണവേള പോലെ നമ്മുടെ കൈയിൽ നിന്നൂർന്നുപോവുകയായിരുന്നുവെന്നും വരുമോ?
അതെ, അങ്ങനെ വരാം.

ഇത്രയും കണ്ടുപിടുത്തങ്ങളും പുരോഗതിയുമുണ്ടായിട്ടു തന്നെ, മതവും സംസ്കാരവും ശാസ്ത്രവുമുണ്ടായിട്ടു തന്നെ നാമിപ്പോഴും ജീവിതത്തിന്റെ മുകൾപ്പരപ്പിൽത്തന്നെയാണെന്നു വരുമോ? അങ്ങനെയാണെങ്കിലും എന്തെങ്കിലുമായിരിക്കാവുന്ന ആ ഉപരിതലം പോലും ഇപ്പോൾ അവിശ്വസനീയമായ വിധം മുഷിപ്പനായതെന്തോ കൊണ്ടു മൂടി വേനലവധിക്കാലത്തെ സ്വീകരണമുറിയിലെ ഫർണ്ണീച്ചർ പോലെ തോന്നുമെന്നു വരുമോ?
അതെ, അങ്ങനെ വരാം.

ലോകചരിത്രമപ്പാടെ തെറ്റിദ്ധരിക്കപ്പെട്ടുവെന്നു വരുമോ? ഭൂതകാലത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളൊക്കെ പിശകിയെന്നു വരുമോ, അവിടെ ആൾക്കൂട്ടങ്ങളെ മാത്രമേ നാം കണ്ടുള്ളു എന്നതിനാൽ? തടിച്ചുകൂടിയ ആൾക്കൂട്ടത്തെക്കുറിച്ചാണ്‌, അല്ലാതെ, അവർക്കു നടുവിൽ കിടന്നു മരിക്കുന്ന അപരിചിതനായ ആ മനുഷ്യനെക്കുറിച്ചല്ല നാം പറയുന്നത് എന്നതിനാൽ?
അതെ, അങ്ങനെ വരാം.

നാം ജനിക്കും മുമ്പു നടന്നതൊക്കെ വീണ്ടെടുക്കണമെന്നു നാം വിശ്വസിക്കുന്നുവെന്നു വരുമോ? തനിക്കു മുമ്പുണ്ടായിരുന്നവരിൽ നിന്നാണു തന്റെ സൃഷ്ടിയെന്നും അതിനാൽ ആ ഭൂതകാലം തന്റെയുള്ളിലുണ്ടെന്നും അതിൽക്കവിഞ്ഞൊരു ജ്ഞാനം തങ്ങൾക്കുണ്ടെന്നു വാദിക്കുന്നവരിൽ നിന്നു തനിക്കു പഠിക്കാനായിട്ടൊന്നുമില്ലെന്നും നാമോരോരുത്തരും ഓർമ്മിക്കേണ്ടതാണെന്നു വരുമോ?
അതെ, അങ്ങനെ വരാം.

ഒരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത ഒരു ഭൂതകാലത്തെക്കുറിച്ച് കൃത്യമായ ഒരറിവ് ഇവർക്കെല്ലാമുണ്ടെന്നു വരുമോ? ഒരു യാഥാർത്ഥ്യവും അവർക്കൊന്നുമല്ലെന്നു വരുമോ; ഒന്നിനോടും ഒരു ബന്ധവുമില്ലാതെ അവരുടെ ജീവിതം ചോർന്നുപോവുകയാണെന്നു വരുമോ. ആളൊഴിഞ്ഞ മുറിയിലെ ഘടികാരം പോലെ?
അതെ, അങ്ങനെ വരാം.

പെൺകുട്ടികളെക്കുറിച്ചു നമുക്കൊന്നുമറിയില്ലെന്നു വരുമോ, അതുകൊണ്ടവർ ജീവിക്കാതിരിക്കുന്നില്ലെങ്കിലും? ‘സ്ത്രീകൾ,’ ‘കുട്ടികൾ,’ ‘ബാലന്മാർ’ എന്നൊക്കെ പറയുമ്പോൾ ആ വാക്കുകൾ ബഹുവചനങ്ങളല്ലാതാവുകയും എണ്ണമില്ലാത്ത ഏകവചനങ്ങളാവുകയും ചെയ്തിട്ട് കാലമേറെക്കഴിഞ്ഞിരിക്കുന്നുവെന്ന് (ഇത്രയൊക്കെ വിദ്യാഭാസമുണ്ടായിട്ടും) നാം സംശയിക്കുന്നതേയില്ലെന്നു വരുമോ?
അതെ, അങ്ങനെ വരാം.

‘ദൈവം’ എന്നു പറയുമ്പോൾ ആ ദൈവം എല്ലാവർക്കും പൊതുവായിട്ടുള്ളതാണെന്നു വിശ്വസിക്കുന്നവരുണ്ടെന്നു വരുമോ? രണ്ടു സ്കൂൾ കുട്ടികളുടെ കാര്യമെടുക്കുക: ഒരാൾ ഒരു പേനക്കത്തി വാങ്ങുന്നു, അതേ ദിവസം തന്നെ അവന്റെ കൂട്ടുകാരനും അതുപോലെ തന്നെയുള്ള മറ്റൊരു കത്തിയും വാങ്ങുന്നു. ഒരാഴ്ച കഴിഞ്ഞ് അവർ രണ്ടു കത്തികളും താരതമ്യം ചെയ്തു നോക്കുമ്പോൾ അവ തമ്മിൽ അതിവിദൂരമായ ഒരു സാമ്യമേ കാണാനുള്ളു- വ്യത്യസ്തമായ കൈകളിൽ വ്യത്യസ്തമായ വികാസമാണ്‌ അവയ്ക്കുണ്ടായത്. (‘കണ്ടില്ലേ,’ ഒരു കുട്ടിയുടെ അമ്മ പറയുകയാണ്‌, ‘എന്തു കിട്ടിയാലും ഒരു ദിവസം കൊണ്ട് നീയതിന്റെ പണി കഴിക്കും!’) ഞാൻ പറഞ്ഞുവന്നത്: ഒരു ദൈവം നമുക്കുണ്ടെന്ന്, അവനെ ഉപയോഗപ്പെടുത്തുന്നില്ലെങ്കിലും, നമുക്കു വിശ്വസിക്കാമെന്നു വരുമോ?
അതെ, അങ്ങനെ വരാം.

പക്ഷേ, ഇങ്ങനെയെല്ലാം വരാമെന്നാണെങ്കിൽ, അതിനുള്ള വിദൂരസാദ്ധ്യതയെങ്കിലുമുണ്ടെന്നാണെങ്കിൽ,- എങ്കിൽ നിശ്ചയമായിട്ടും ഈ ലോകത്തെയോർത്ത് എന്തെങ്കിലും ചെയ്തേ മതിയാവൂ. ഈ അപായചിന്തകളുമായി ആദ്യമെത്തുന്നയാൾ അവഗണിക്കപ്പെട്ടു കിടന്നവയുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ തുടങ്ങണം; അയാൾ വെറുമൊരാളാണെങ്കിലും, ഈ ദൗത്യമേറ്റെടുക്കാൻ ഒട്ടും യോജിക്കാത്തയാളാണെങ്കിലും: എന്തെന്നാൽ, അതിനു മറ്റൊരാളെ കിട്ടാനില്ല.



വായനക്കാരൻ

ബിബ്ളിയോത്തെക് നാഷണൽ*
ഞാൻ ഇവിടെ ഒരു കവിയെ വായിച്ചുകൊണ്ടിരിക്കുകയാണ്‌. മുറിയിൽ കുറേയധികം ആളുകളുണ്ട്, എന്നാൽ ഞാനവരെ ശ്രദ്ധിക്കുന്നതേയില്ല; എല്ലാവരും പുസ്തകങ്ങൾക്കുള്ളിലാണ്‌. ചില നേരത്തവർ താളുകൾക്കിടയിലൂടെ നീങ്ങുന്നുണ്ട്, ഉറക്കത്തിൽ ഒരു സ്വപ്നത്തിൽ നിന്നു മറ്റൊന്നിലേക്കു തിരിഞ്ഞുകിടക്കുന്നവരെപ്പോലെ. ആഹ, വായിക്കുന്നവർക്കിടയിൽ ഇങ്ങനെയിരിക്കുക എന്തു സുഖമുള്ള കാര്യമാണ്‌! എന്തുകൊണ്ടവർ എപ്പോഴും ഇങ്ങനെയാവുന്നില്ല? നിങ്ങൾ അയാൾക്കടുത്തു ചെന്ന് പതുക്കെ ഒന്നു തൊടുന്നു, അയാൾ അതറിയുന്നതേയില്ല. ഇനി, എഴുന്നേല്ക്കുമ്പോൾ നിങ്ങൾ അറിയാതെ അടുത്തിരിക്കുന്നയാളെ ഒന്നു മുട്ടുകയും നിങ്ങൾ അതിനു ക്ഷമാപണം പറയുകയും ചെയ്യുമ്പോൾ അയാൾ നിങ്ങളുടെ ശബ്ദം കേട്ട ദിക്കിലേക്കു നോക്കി ഒന്നു തലയാട്ടുന്നതേയുള്ളു; അയാളുടെ മുഖം നിങ്ങളുടെ നേർക്കു തിരിഞ്ഞുവെന്നല്ലാതെ അയാൾ നിങ്ങളെ കാണുന്നില്ല, അയാളുടെ മുടിയാകട്ടെ, ഉറങ്ങിക്കിടക്കുന്നവരുടെ പോലെയുമാണ്‌. അതെ, ഞാൻ ഇവിടെയിരുന്ന് ഒരു കവിയെ വായിക്കുകയാണ്‌. എന്റെ ഭാഗ്യം നോക്കൂ. ഒരു മുന്നൂറു പേർ ഈ മുറിയിൽ വായിച്ചുകൊണ്ടിരിക്കുന്നുണ്ടാവും; എന്നാൽ അവർ ഓരോ ആൾക്കും ഒരു കവിയുണ്ടാവുക എന്നത് അസാദ്ധ്യമായിരിക്കും. (അവർക്കെന്താണുള്ളതെന്ന് ദൈവത്തിനേ അറിയൂ.) മുന്നൂറു കവികൾ എങ്ങനെയുണ്ടാവാൻ. എന്നാൽ എന്റെ ഭാഗ്യം ഒന്നാലോചിച്ചുനോക്കൂ: എനിക്ക്, ഈ വായനക്കാരിൽ വച്ചേറ്റവും മുഷിഞ്ഞ, വിദേശിയും കൂടിയായ ഞാൻ: എനിക്ക് ഒരു കവിയുണ്ട്.....കവി എന്നാൽ എന്താണെന്നു നിങ്ങൾക്കറിയില്ല? - വെർലെയ്ൻ*...ഇല്ല? ഒരോർമ്മയും വരുന്നില്ല? ഇല്ല. അയാളും നിങ്ങളറിയുന്ന മറ്റുള്ളവരും തമ്മിൽ ഒരു വ്യത്യാസവും നിങ്ങൾ കാണുന്നില്ല? നിങ്ങൾക്കങ്ങനെ വേർതിരിവൊന്നുമില്ല, അതെനിക്കറിയാം. പക്ഷേ ഞാൻ വായിക്കുന്നത് വ്യത്യസ്തനായ ഒരു കവിയെയാണ്‌: പാരീസുകാരനല്ലാത്ത, തീർത്തും വ്യത്യസ്തനായ ഒരു കവി. മലകൾക്കിടയിൽ പ്രശാന്തമായ ഒരു വീട്ടിൽ കഴിയുന്നൊരാൾ. തെളിഞ്ഞ വായുവിൽ ഒരു മണിനാദം പോലെ മുഴങ്ങുന്ന ഒരു കവി.* തന്റെ ജനാലയെക്കുറിച്ചും പ്രിയതരവും ഏകാന്തവുമായ ഒരു വിദൂരതയെ ചിന്താമൂകമായി പ്രതിഫലിപ്പിക്കുന്ന ബുക്കലമാരകളുടെ ചില്ലുവാതിലുകളെക്കുറിച്ചുമെഴുതുന്ന കവി. ഇങ്ങനെയൊരു കവിയാവാനാണ്‌ ഞാൻ ഇഷ്ടപ്പെടുക; എന്തെന്നാൽ അയാൾക്ക് പെൺകുട്ടികളെക്കുറിച്ച് ഒരുപാടൊക്കെ അറിയാം; എനിക്കും പെൺകുട്ടികളെക്കുറിച്ച് ഒരുപാടറിയാൻ ഇഷ്ടമാണ്‌. ഒരു നൂറു കൊല്ലം മുമ്പു ജീവിച്ചിരുന്ന പെൺകുട്ടികളെക്കുറിച്ച് അയാൾക്കറിയാം; അവർ മരിച്ചുകഴിഞ്ഞതാണെന്നതു കാര്യമാക്കേണ്ട, അവരെക്കുറിച്ചെല്ലാം അയാൾക്കറിയാം. അതാണു പ്രധാനം. അവരുടെ പേരുകൾ, പഴയ മട്ടിലുള്ള ചുനിപ്പുകളോടെ നീണ്ട അക്ഷരങ്ങളിലെഴുതിയ സൗമ്യവും സുന്ദരവുമായ പേരുകൾ അയാൾ ഉച്ചരിക്കുന്നതു കേൾക്കണം; അതുപോലെ അവരുടെ മുതിർന്ന കൂട്ടുകാരികളുടെ മുതിർന്ന പേരുകളും; അവർക്കു വരാനിരിക്കുന്ന വിധിയുടെ, നൈരാശ്യത്തിന്റെ, മരണത്തിന്റെ വളരെ നേർത്തൊരു ധ്വനി നിങ്ങൾക്കതിൽ കേൾക്കാം. അയാളുടെ മഹാഗണിമേശയുടെ ഒരു വലിപ്പിൽ അവരെഴുതിയ നിറം മങ്ങിയ കത്തുകളും പിറന്നാളുകൾ കുറിച്ചിട്ട, വേനലവധിക്കാലത്തെ വിനോദയാത്രകളും പിറന്നാളുകളും കുറിച്ചിട്ട അവരുടെ ഡയറിത്താളുകളും നിങ്ങൾ കണ്ടുവെന്നു വരാം. അതല്ലെങ്കിൽ അയാളുടെ കിടപ്പുമുറിയുടെ പിന്നറ്റത്തെ ഒരു തടിയൻ അലമാരയുടെ ഒരറയിൽ അവർ വസന്തകാലത്തു ധരിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടേക്കാം- ഈസ്റ്ററിന്‌ ആദ്യമായി ധരിച്ച വെളുത്ത ഉടുപ്പുകൾ, നേർത്ത പട്ടു കൊണ്ടുള്ള പുള്ളിയുടുപ്പുകൾ; വേനല്ക്കാലത്തേക്കുള്ളതാണെങ്കിലും അത്രയും കാത്തിരിക്കാൻ അവർക്കു ക്ഷമയുണ്ടായിരുന്നില്ല. എത്ര സുഖദമായ ഒരു സൗഭാഗ്യമാണത്- ഒരു പഴയ തറവാടിന്റെ ഒച്ചയടങ്ങിയ മുറിയിൽ പ്രശാന്തവും നിഷ്പന്ദവുമായ വസ്തുക്കൾക്കിടയിലിരിക്കുക, വെളിയിൽ തെളിഞ്ഞ പച്ചപ്പു നിറഞ്ഞ ഉദ്യാനത്തിൽ കുരുവികൾ ഒരു ഗാനത്തിന്റെ ആദ്യസ്വരങ്ങൾ പരിശീലിക്കുന്നതും അകലെ ഗ്രാമത്തിലെ ഘടികാരത്തിൽ മണി മുഴങ്ങുന്നതും കേൾക്കുക. സായാഹ്നസൂര്യന്റെ ഊഷ്മളമായ ഒരു വെയില്ച്ചീളിൽ നോക്കിയിരിക്കുക, പൊയ്പ്പോയൊരു കാലത്തെ പെൺകുട്ടികളെക്കുറിച്ചൊരുപാടറിയുക, കവിയാവുക. ഞാനും അതുപോലൊരു കവിയായേനെ, എവിടെയെങ്കിലും, ലോകത്തെവിടെയെങ്കിലുമുള്ള, ആരും നോക്കാനില്ലാതെ അടച്ചിട്ടിരിക്കുന്ന അങ്ങനെയൊരു പഴയ വീട്ടിൽ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നോർക്കുക. ഒരു മുറിയേ എനിക്കു വേണ്ടൂ (ധാരാളം വെളിച്ച കിട്ടുന്ന മച്ചുമ്പുറത്തെ ഒരു മുറി); എന്റെ പഴയ വസ്തുക്കളുമായി, എന്റെ കുടുംബചിത്രങ്ങളുമായി, എന്റെ പുസ്തകങ്ങളുമായി ഞാൻ അവിടെ കഴിയുമായിരുന്നു. ഒരു ചാരുകസേരയും പൂക്കളും നായ്ക്കളും കല്പാതകൾക്കു പറ്റിയ ബലത്ത ഒരൂന്നുവടിയും എനിക്കുണ്ടാകുമായിരുന്നു. വേറെയൊന്നുമില്ല. ആനക്കൊമ്പിന്റെ നിറമുള്ള മഞ്ഞിച്ച തുകലു കൊണ്ടു പൊതിഞ്ഞ ഒരു ബുക്കു മാത്രം: അതിലാണു ഞാനെഴുതുക. എനിക്കെഴുതാൻ ഒരുപാടുണ്ടായേനെ, ഒരുപാടു ചിന്തകളും ഒരുപാടു മനുഷ്യരെക്കുറിച്ചുള്ള ഓർമ്മകളും എനിക്കുണ്ടായിരുന്നതാണല്ലോ.

പക്ഷേ ആ വഴിക്കല്ല ജീവിതം പോയത്. അതെന്തുകൊണ്ടെന്ന് ദൈവത്തിനു മാത്രമറിയാം. എന്റെ പഴയ മേശയും കസേരയുമൊക്കെ ഞാനവ വിട്ടുപോന്ന കളപ്പുരയിൽ കിടന്നു ദ്രവിക്കുന്നു; എനിക്ക്, എന്റെ ദൈവമേ, എനിക്ക് തലയ്ക്കു മേൽ ഒരു കൂരയില്ല, മഴ എന്റെ കണ്ണുകളിൽത്തന്നെ വീഴുകയുമാണ്‌.


*Bibliotheque national de France- പാരീസിലെ ദേശിയഗ്രന്ഥശാല
*Paul Verlaine(1844-96)- ഫ്രഞ്ച് സിംബലിസ്റ്റ് കവി
*റിൽക്കെ പരാമർശിക്കുന്നത് ഫ്രാൻസിനും സ്പെയിനിനും ഇടയിലുള്ള പിറെനീസ് മലമ്പ്രദേശത്തുകാരനായ Francis Jammes(1868-1938) എന്ന കവിയെയാണ്‌.



ഭീതികൾ

അഞ്ചു നിലകൾ കയറിച്ചെല്ലുന്ന ഉയരത്തിൽ എന്റെ കട്ടിലിൽ കിടക്കുകയാണു ഞാൻ; എന്റെ പകൽ (അതിനെ യാതൊന്നും തടസ്സപ്പെടുത്തുന്നുമില്ല) സൂചികളില്ലാത്ത ഒരു ക്ളോക്കു പോലെ. വളരെപ്പണ്ടെന്നോ നഷ്ടമായ ഒരു സംഗതി ഒരു പ്രഭാതത്തിൽ, അതിരുന്ന അതേ സ്ഥാനത്ത്, ആരോ അതിനെ കാത്തു സൂക്ഷിക്കുകയായിരുന്നെന്നപോലെ, ഒരു കേടും പറ്റാതെ, കാണാതായപ്പോഴത്തേതിനേക്കാൾ പുതുതായി, പ്രത്യക്ഷമാകുന്നപോലെ-: അതുപോലെ എനിക്കു നഷ്ടപ്പെട്ട ബാല്യകാലാനുഭൂതികൾ എന്റെ പുതപ്പിൽ അവിടവിടെ വീണുകിടക്കുന്നതായി ഞാൻ കാണുന്നു, പണ്ടേക്കാൾ പുതുമയോടെ. പൊയ്പ്പോയ ഭീതികളൊക്കെ മടങ്ങിയെത്തിയിരിക്കുന്നു.

എന്റെ പുതപ്പിന്റെ തുഞ്ചത്തെറിച്ചുനില്ക്കുന്ന ചെറിയൊരു കമ്പിളിനൂൽ കട്ടിയുള്ളതാവുമോയെന്ന, ഒരിരുമ്പാണി പോലെ കട്ടിയുള്ളതും കൂർത്തതുമാകുമോയെന്ന പേടി; രാത്രിയിൽ ഞാനിട്ടിരിക്കുന്ന ഈ ഉടുപ്പിന്റെ ചെറിയൊരു ബട്ടൺ എന്റെ തലയേക്കാൾ വലുതാവുമോയെന്ന, വലുതും ഭാരിച്ചതുമാകുമോയെന്ന പേടി; എന്റെ കട്ടിലിൽ നിന്ന് ഇപ്പോൾത്തന്നെ താഴെ വീണ ഈ റൊട്ടിക്കഷണം ഒരു കണ്ണാടിച്ചില്ലായി മാറി തറയിലിടിച്ചു ചിതറുമോയെന്ന പേടിയും അങ്ങനെ വരുമ്പോൾ സർവ്വതും എന്നെന്നേക്കുമായി തകർന്നുപോകുമോയെന്ന കുടലെരിക്കുന്ന ആധിയും; പൊട്ടിച്ചു വായിച്ച വക്കു ചുളിഞ്ഞ കത്ത് മുറിയുടെ ഒരു കോണും സുരക്ഷിതമല്ലാത്ത വിധം അത്ര അമൂല്യമാണെന്നും അതാരുടെയെങ്കിലും കണ്ണില്പെടുന്നത് നിഷിദ്ധമാണെന്നുമുള്ള പേടി; ഉറങ്ങിപ്പോയാൽ സ്റ്റൗവിനു മുന്നിൽ തറയിൽ കിടക്കുന്ന കരി ഞാനെടുത്തു തിന്നുമോയെന്ന പേടി; ഒരക്കം, ഏതെങ്കിലുമൊരക്കം, എന്റെ തലച്ചോറിനുള്ളിൽ വളരാൻ തുടങ്ങുകയും ഒടുവിൽ ഇടം പോരാത്തത്ര വലുതാവുകയും ചെയ്യുമോയെന്ന പേടി; കരിങ്കല്ലിലാണ്‌, നരച്ച കരിങ്കല്ലിലാണു ഞാൻ കിടക്കുന്നതെന്ന പേടി; ഞാൻ വിളിച്ചുകൂവുമെന്നും ആളുകൾ ഓടിക്കൂടി വാതിൽ ചവുട്ടിപ്പൊളിക്കുമെന്നുമുള്ള പേടി, ഞാൻ എന്നെത്തന്നെ ഒറ്റിക്കൊടുക്കുമെന്നും ഞാൻ ഭയക്കുന്നതെല്ലാം   തുറന്നുപറയുമെന്നുമുള്ള പേടി, പറയാൻ പറ്റാത്തതാണെല്ലാമെന്നതിനാൽ എനിക്കൊന്നും പറയാൻ പറ്റാതെ വരുമോയെന്ന പേടി,- പിന്നെ മറ്റു പേടികൾ...പേടികൾ.

എന്റെ ബാല്യത്തിന്റെ വീണ്ടെടുപ്പിനായി ഞാൻ പ്രാർത്ഥിച്ചു, അതു മടങ്ങിയെത്തുകയും ചെയ്തു; ഇപ്പോൾ ഞാനറിയുന്നു,പണ്ടേപ്പോലെ തന്നെ ദുർവഹമാണതെന്ന്, മുതിർന്നതുകൊണ്ട് വിശേഷിച്ചു ഫലമൊന്നുമുണ്ടായിട്ടില്ലെന്നും.



രാത്രി

വിഷയങ്ങളില്ലാത്ത രാത്രീ. പുറത്തേക്കു നോക്കുന്ന അന്ധമായ ജാലകമേ; കരുതലോടടച്ച വാതിലുകളേ; അതിപുരാതനകാലത്തു നിന്നും പകർന്നുകിട്ടിയ, വിശ്വസിച്ചുവെങ്കിലും പിടികിട്ടാത്ത സംവിധാനങ്ങളേ; കോണിത്തളത്തിലെ നിശ്ശബ്ദതേ, അടുത്തുള്ള മുറികളിലെ നിശ്ശബ്ദതേ, അങ്ങു മുകളിൽ മച്ചുമ്പുറത്തെ നിശ്ശബ്ദതേ. അമ്മേ: അനന്യേ, വളരെപ്പണ്ട്, എന്റെ ബാല്യത്തിൽ ഈ നിശ്ശബ്ദതകളെല്ലാം എന്റെ കണ്ണിൽ നിന്നു മറച്ചുപിടിച്ചവൾ. പേടിക്കേണ്ട, ഞാൻ കൂടെയുണ്ടല്ലോ എന്നു പറയാൻ സന്നദ്ധയായവൾ. വിരണ്ടുപോയ കുട്ടിയ്ക്ക്, പേടിച്ചു മരിക്കാറായ കുട്ടിക്ക് രാത്രിയിൽ ഈ നിശ്ശബ്ദതയാവാൻ ധൈര്യം കാണിച്ചവൾ. നീ ഒരു തീപ്പെട്ടിക്കൊള്ളിയുരയ്ക്കുന്നു, ആ ശബ്ദം നീയായിക്കഴിഞ്ഞു. വിളക്കു മുന്നിൽ പിടിച്ചുകൊണ്ടു നീ പറയുന്നു: ഞാൻ കൂടെയുണ്ട്; പേടിക്കേണ്ട. നീ വിളക്ക് സാവധാനം താഴെ വയ്ക്കുന്നു, സംശയമില്ല: അതു നീ തന്നെ, എളിമയും നന്മയും സാരള്യവുമല്ലാതെ മറ്റൊരു ഗൂഢാർത്ഥവുമില്ലാത്ത പ്രിയപ്പെട്ട പരിചിതവസ്തുക്കളെ വെളിച്ചപ്പെടുത്തുന്ന വെളിച്ചം. ചുമരിലോ തറപ്പലകകളിലോ ഒരനക്കം കേട്ടാൽ നീയൊന്നു മന്ദഹസിക്കുന്നതേയുള്ളു- ഉത്കണ്ഠയോടെ നിന്നെ നോക്കുന്ന ആ പേടി പൂണ്ട മുഖത്തെ നോക്കി നീ മന്ദഹസിക്കുന്നു; പാതി മന്ത്രിക്കപ്പെട്ട ഓരോ വാക്കിന്റെയും രഹസ്യം നിനക്കറിയാമെന്ന്, നിനക്കറിയാത്ത രഹസ്യങ്ങളില്ലെന്ന് അവനു തോന്നുന്നു. ഭൂമിയിലെ രാജാക്കന്മാരിൽ നിന്റെ അധികാരത്തോടു കിട പിടിക്കുന്ന അധികാരം ആർക്കിരിക്കുന്നു? നോക്കൂ: രാജാക്കന്മാർ മിഴിച്ചുനോക്കിക്കിടക്കുന്നു, അവരെ വിനോദിപ്പിക്കാൻ കഥ പറയുന്നവനു കഴിയുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ട വെപ്പാട്ടിമാരുടെ മാറുകളിൽ നിർവൃതി നുകർന്നു കിടക്കുമ്പോഴും ഭീതി അവർക്കു മേലിഴഞ്ഞുകയറുന്നു, അവരുടെ കാമമടങ്ങുന്നു, അവരുടെ ഉടലുകൾ തളരുന്നു. പക്ഷേ നീയോ, നീ വന്ന് ആ ബീഭത്സതയ്ക്കു മുന്നിൽ നില്ക്കുന്നു, അതിനെ പൂർണ്ണമായി മറയ്ക്കുന്നു; ചിലേടത്തൊക്കെ ഉയർന്നുകാണാവുന്ന തിരശ്ശീല പോലെയല്ല. അല്ല: കുട്ടി നിന്നെ നോക്കി കരഞ്ഞപ്പോഴേ നീയതിനു മുന്നിൽക്കയറി നിന്നതുപോലെയാണ്‌. വരാവുന്നതിനെല്ലാം മുന്നേ നീ വന്നപോലെയാണ്‌, നിനക്കു പിന്നിൽ ഇവിടെയ്ക്കുള്ള നിന്റെ തിടുക്കപ്പെട്ട യാത്രയേയുള്ളു, നിന്റെ നിത്യമായ നടവഴി, നിന്റെ സ്നേഹത്തിന്റെ പറന്നെത്തൽ.



പ്രശസ്തി

ചെറുപ്പക്കാരാ, നിങ്ങൾ ലോകത്തെവിടെയുമായിക്കോട്ടെ, നിങ്ങളെ വിറ കൊള്ളിച്ചുകൊണ്ട് നിങ്ങൾക്കുള്ളിലൂടെ എന്തോ ഒന്നിരച്ചുകേറുന്നുണ്ടെങ്കിൽ- ആരും നിങ്ങളെ അറിയാത്തതെത്ര നന്നായി എന്നോർക്കുക. നിങ്ങളെ പുച്ഛത്തോടെ കാണുന്നവർ നിങ്ങളെ ഖണ്ഡിക്കുകയാണെങ്കിൽ, നിങ്ങൾ സ്നേഹിതരെന്നു കരുതിയവർ നിങ്ങളെ വിട്ടെറിഞ്ഞു പോവുകയാണെങ്കിൽ, നിങ്ങൾ നെഞ്ചോടു ചേർക്കുന്ന ആശയങ്ങളുടെ പേരിൽ നിങ്ങളെ അവർ നശിപ്പിക്കാൻ നോക്കുകയാണെങ്കിൽ: ആ പ്രകടമായ അപകടം (നിങ്ങൾക്കത് ഉൾക്കരുത്തു പകരുകയാണ്‌)എത്ര നിസ്സാരമാണ്‌, സർവ്വത്ര ചിതറിച്ചുകൊണ്ട് പില്ക്കാലം നിങ്ങളെ നിരുപദ്രവിയാക്കുന്ന ആസന്നപ്രശസ്തിയുടെ കുടിലമായ ശത്രുതയ്ക്കു മുന്നിൽ?

അവജ്ഞയോടെ പോലും, നിങ്ങളെക്കുറിച്ചു സംസാരിക്കാൻ ആരോടും പറയരുത്. കാലം കടന്നുപോവുകയും ആളുകളുടെ ചുണ്ടുകളിൽ നിങ്ങളുടെ പേരുള്ളതായി നിങ്ങളുടെ ശ്രദ്ധയിൽ വരികയും ചെയ്താൽ, അവരുടെ ചുണ്ടുകളിൽ നിന്നു വരുന്ന മറ്റേതു വാക്കിനും കൊടുക്കുന്ന ഗൗരവമേ നിങ്ങൾ അതിനും കൊടുക്കാവൂ. നിങ്ങളുടെ പേരു കെട്ടുപോയെന്ന വിചാരത്തോടെ അതു വലിച്ചെറിയുക, മറ്റൊരു പേരു സ്വീകരിക്കുക, അതേതായാലും മതി; രാത്രിയിൽ ദൈവത്തിനു നിങ്ങളെ വിളിക്കാൻ. എല്ലാവരിൽ നിന്നും അതു മറച്ചുവയ്ക്കുകയും വേണം.

എത്രയും ഏകാകിയായ, എല്ലാവരിൽ നിന്നും അകന്നു കഴിഞ്ഞിരുന്ന മനുഷ്യാ, പ്രശസ്തനായെന്നതിന്റെ പേരിൽ എത്ര പെട്ടെന്നാണവർ നിങ്ങളെ കൈപ്പിടിയിലൊതുക്കിയത്! അല്പനേരം മുമ്പു വരെ അവർക്കു നിങ്ങളെ അടിമുടി വിരോധമായിരുന്നു; ഇപ്പോഴാകട്ടെ, അവർ നിങ്ങളെ തങ്ങളിലൊരാളായി പരിഗണിക്കുന്നു. അവർ നിങ്ങളുടെ വാക്കുകളെ കാപട്യത്തിന്റെ കൂടുകളിൽ അടച്ചിട്ടുകൊണ്ടു നടക്കുന്നു, കവലകളിൽ പ്രദർശനത്തിനു വയ്ക്കുന്നു, സുരക്ഷിതമായ ഒരകലത്തു മാറിനിന്നുകൊണ്ട് അവയെ കുത്തിയിളക്കി വെറി പിടിപ്പിക്കാനും നോക്കുന്നു. പേടിപ്പെടുത്തുന്ന വന്യമൃഗങ്ങളായ നിങ്ങളുടെ വാക്കുകളെ.



സ്ത്രീയുടെ സ്നേഹം, പുരുഷന്റെ സ്നേഹം

എല്ലാം മാറുകയാണെന്നതിനാൽ തങ്ങൾക്കും മാറണമെന്ന് അവർ ആഗ്രഹിക്കുന്നു. തങ്ങളെത്തന്നെ പരിത്യജിക്കാനും തങ്ങളുടെ അഭാവത്തിൽ പുരുഷന്മാർ തങ്ങളെക്കുറിച്ചെന്തു സംസാരിക്കുമോ, അതേപോലെ സ്വയം കാണാനും അവർ തയാറായിക്കഴിഞ്ഞു. പുരോഗമനമെന്നാൽ അതാണെന്ന് അവർ കരുതുന്നു. ഒന്നിനൊന്നു മികച്ച സുഖങ്ങൾ തേടിപ്പിടിക്കുകയാണു വേണ്ടതെന്നും ജീവിതം കൊണ്ട് അതാണർത്ഥമാക്കേണ്ടതെന്നും അങ്ങനെയല്ലെന്നാണു നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ ആ ബുദ്ധിമോശം കൊണ്ട് നിങ്ങൾ ജീവിതം നഷ്ടപ്പെടുത്തിക്കഴിഞ്ഞുവെന്നും അവർ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നു.  അവർ ചുറ്റും നോക്കാനും അന്വേഷിക്കാനും തുടങ്ങിക്കഴിഞ്ഞു- തങ്ങൾ കണ്ടെത്തപ്പെടുന്നത് കരുത്തായിരുന്ന അവർ.

തളർന്നിട്ടാണ്‌ അവർ ഇങ്ങനെയായതെന്നു ഞാൻ വിശ്വസിക്കുന്നു. പ്രേമം എന്ന ഏർപ്പാടിന്റെ സകല ചുമതലകളും നൂറ്റാണ്ടുകളായി അവർ ഒറ്റയ്ക്കു നടത്തിക്കൊണ്ടുപോരുകയാണല്ലോ. രണ്ടു ഭാഗവും അവർ തന്നെയാണഭിനയിക്കുന്നത്, സംഭാഷണത്തിന്റെ രണ്ടു വശവും അവർ തന്നെയാണു പറയുന്നത്. പുരുഷൻ അവരുടെ വാക്കുകൾ വെറുതേ ആവർത്തിക്കുകയേ ചെയ്തിട്ടുള്ളു; അതും മഹാമോശമായും. സ്വന്തം ഭാഗം ശരിക്കു പഠിച്ചവതരിപ്പിക്കാനുള്ള അവരുടെ ശ്രമത്തെ തന്റെ അശ്രദ്ധയും അവഗണനയും അസൂയയും (അവഗണനയുടെ മറ്റൊരു രൂപമാണത്) കൊണ്ട്  അയാൾ ദുഷ്കരമാക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടു കൂടി രാവും പകലും നീളുന്ന യത്നത്തിലൂടെ അവർ പിടിച്ചുനില്ക്കുന്നു, അവരുടെ സ്നേഹവും ദുരിതവും വർദ്ധിക്കുകയും ചെയ്യുന്നു. തീരാത്ത യാതനകളുടെ സമ്മർദ്ദത്തിൽ പ്രണയത്തിൽ പ്രബലരായ കാമുകിമാർ അവർക്കിടയിൽ നിന്നുയർന്നുവന്നു; താൻ വിളിച്ചടുപ്പിച്ച പുരുഷനെ അതിവർത്തിച്ചവർ; മടങ്ങിവരാത്തവനെ കടന്നുവളർന്നവർ, ഗസ്പാറ സ്റ്റാമ്പയെപ്പോലെ, ആ പോർച്ചുഗീസ് കന്യാസ്ത്രീയെപ്പോലെ; തങ്ങളുടെ യാതന തിക്തവും ശീതവുമായ ഒരു ഗാംഭീര്യമായി, ഒന്നിലുമൊതുങ്ങാത്തതൊന്നായി പരിവർത്തിക്കപ്പെടാതെ അവർ അടങ്ങിയുമില്ല. ഈ രണ്ടു സ്ത്രീകളെക്കുറിച്ചു നമുക്കറിയാമെന്നായത് ദിവ്യാത്ഭുതം കൊണ്ടെന്നപോലെ സംരക്ഷിക്കപ്പെട്ട ചില കത്തുകൾ കാരണമാണ്‌, കുറ്റപ്പെടുത്തുകയോ വിലപിക്കുകയോ ചെയ്യുന്ന കവിതകളുടെ പുസ്തകങ്ങൾ കാരണമാണ്‌, ഏതോ ചിത്രശാലയുടെ ചുമരിലിരുന്ന് കണ്ണീരു തടുത്ത മുഖഭാവത്തോടെ നമ്മെ നോക്കുന്ന ചില ഛായാപടങ്ങൾ കാരണമാണ്‌; (ആ ഭാവം ചിത്രകാരനു പിടിച്ചെടുക്കാനായത് അതയാൾക്കു പിടി കിട്ടാത്തതുകൊണ്ടു മാത്രവുമാണ്‌.) വേറെയും സ്ത്രീകളുണ്ടായിരുന്നു, എണ്ണമെടുക്കാനാവാത്തവർ- തങ്ങളുടെ കത്തുകൾ കത്തിച്ചുകളഞ്ഞവർ, കത്തെഴുതാനുള്ള ശക്തി ക്ഷയിച്ചവർ. ആർദ്രതയുടെ ഒരു കഴമ്പ് ഉള്ളിലൊളിപ്പിച്ച് കല്ലിച്ചുപോയ വൃദ്ധകൾ. ക്ഷീണം കൊണ്ടു സ്ഥൂലിച്ച, കോലം കെട്ട സ്ത്രീകൾ; ഭർത്താക്കന്മാരെപ്പോലെയാകാൻ സ്വയം വിട്ടുകൊടുത്ത സ്ത്രീകൾ; എന്നാൽ ഉള്ളിൽ, പ്രണയം പ്രവർത്തിക്കുന്ന ആ ഇരുണ്ട ഇടത്തിൽ, അവർ തീർത്തും വ്യത്യസ്തരുമായിരുന്നു. ഗർഭം ധരിക്കാൻ ആഗ്രഹമില്ലാതിരുന്ന ഗർഭിണികൾ, ഒടുവിൽ എട്ടാമത്തെ പ്രസവത്തിൽ മരിക്കുമ്പോഴും പ്രണയത്തിനു കാത്തിരിക്കുന്ന ഒരു പെൺകുട്ടിയുടെ ചേഷ്ടകളും ലാഘവവും സ്വന്തമായിരുന്നവർ. തെമ്മാടികളുടേയും കുടിയന്മാരുടേയും ഭാര്യമാരായി, അവരിൽ നിന്നേറ്റവും അകലം പാലിക്കാൻ ഉള്ളു കൊണ്ടൊരു വഴി കണ്ടതിനാൽ മാത്രം, ജീവിച്ചുപോന്ന സ്ത്രീകൾ; വിശുദ്ധന്മാർക്കൊപ്പമാണവർ ജീവിക്കുന്നതെന്നു തോന്നും, മറ്റുള്ളവർക്കിടയിലായിരിക്കുമ്പോൾ അവരുടെ മുഖം തിളക്കുന്ന ഉൾവെളിച്ചം കാണുമ്പോൾ. അവരുടെ എണ്ണമെടുക്കാനോ ആരൊക്കെയാണവരെന്നു പറയാനോ സാദ്ധ്യമല്ല. മറ്റുള്ളവർക്കു തങ്ങളെ മനസ്സിലാക്കാനുതകുന്ന വാക്കുകൾ അവർ മുൻകൂട്ടിത്തന്നെ നശിപ്പിച്ച പോലെയാണത്.

***

ഇത്രയൊക്കെ മാറുകയാണെന്ന സ്ഥിതിയ്ക്ക് ഇനി മാറാനുള്ള ഊഴം നമ്മുടേതല്ലേ? വികാസം പ്രാപിക്കാനുള്ള ശ്രമത്തിന്‌ ചെറിയ രീതിയിലെങ്കിലും നാം തുടക്കമിടേണ്ടേ, പ്രണയമെന്ന മഹാദൗത്യത്തിൽ പതുക്കെപ്പതുക്കെയാണെങ്കിലും നമ്മുടെ ഭാഗം നാം എടുക്കേണ്ടേ? അതിന്റെ ബുദ്ധിമുട്ടുകളനുഭവിക്കാൻ ഇതേവരെ നമുക്കവർ ഇട വരുത്തിയില്ല; അതുകൊണ്ടാണ്‌ നമുക്കതു മറ്റൊരു നേരമ്പോക്കു മാത്രമായത്, ഒരു കുട്ടിയുടെ കളിപ്പാട്ടപ്പെട്ടിയിൽ അറിയാതെ വന്നുപെടുന്ന ഒരു ലേസ് കഷണം കുറേക്കാലം അവനിഷ്ടപ്പെടുകയും പിന്നെയത് അവനിഷ്ടമില്ലാതാവുകയും ഒടുവിൽ ഉടഞ്ഞതും അംഗഭംഗം വന്നതുമായ കളിപ്പാട്ടങ്ങൾക്കിടയിൽ അവയേക്കാൾ നികൃഷ്ടമായ സ്ഥിതിയിൽ കിടക്കുകയും ചെയ്യുന്നതുപോലെ. മുകൾപ്പരപ്പിൽ പൊന്തിക്കിടന്ന് തുടിച്ചുപതയ്ക്കാനായിരുന്നു നമുക്കു രസം; എന്നാൽ ആഴങ്ങളിൽ മുങ്ങിനിവർന്നവരാണെന്ന ഭാവം നാം കൈവിട്ടതുമില്ല. എന്നാൽ ആ നിരായാസവിജയങ്ങളെ നാം തള്ളിപ്പറയുകയാണെങ്കിൽ? ഇതേവരെ നമുക്കു വേണ്ടി മറ്റുള്ളവർ ചെയ്തുതന്ന പ്രണയത്തിന്റെ പാഠങ്ങൾ ഇനി മുതൽ നാം തന്നെ പഠിച്ചുതുടങ്ങുകയാണെങ്കിൽ? ഇത്രയൊക്കെ മാറുകയാണെന്ന സ്ഥിതിയ്ക്ക് തുടക്കക്കാരാവുക എന്നു നിശ്ചയിച്ചു നാം മുന്നിട്ടിറങ്ങുകയാണെങ്കിൽ?

*Gaspara Stampa (1523-54)- ഇറ്റാലിയൻ കവി; അവരുടെ പ്രണയകവിതകൾ പ്രസിദ്ധമാണ്‌.
*പോർച്ചുഗീസ് കന്യാസ്ത്രീ- Mariana Alcoforado (1640-1723)- അവർ തന്റെ അവിശ്വസ്തകാമുകനെഴുതിയ കത്തുകളിൽ ചിലത് റിൽക്കെ പരിഭാഷപ്പെടുത്തിയിരുന്നു.


പിറന്നാളുകൾ


എന്റെ ഗ്രാഹ്യത്തിനപ്പുറത്തുള്ളതെന്നു തോന്നിയ അനുഭവങ്ങൾ ഏറ്റവും സമൃദ്ധമായി തന്നത് പിറന്നാളുകളായിരുന്നു. വേർതിരിവുകൾ വയ്ക്കാതിരിക്കുന്നതാണ്‌ ജീവിതത്തിന്റെ പതിവും അതിനു ഹിതവുമെന്ന് നിങ്ങൾക്കറിയാത്തതല്ല; എന്നാൽ തനിക്കവകാശപ്പെട്ട ഒരു സന്തോഷമുണ്ടെന്നും അതിൽ സംശയം വേണ്ടെന്നുമുള്ള ഒരു ബോധത്തോടെയാണ്‌  ആ ദിവസം നിങ്ങൾ ഉറക്കം വിട്ടെഴുന്നേല്ക്കുക. അങ്ങനെയൊരവകാശത്തെക്കുറിച്ചുള്ള ഒരു തോന്നൽ വളരെച്ചെറുപ്പത്തിലേ നിങ്ങളിൽ വളർന്നുവന്നിട്ടുണ്ടാവണം; ആ പ്രായത്തിൽ നിങ്ങൾക്കെന്തും ആഗ്രഹിക്കാമായിരുന്നു, ആഗ്രഹിക്കുന്നതെന്തും നിങ്ങൾക്കു കിട്ടുകയും ചെയ്തിരുന്നു;  തനിയ്ക്കു നേരത്തേ സ്വന്തമായവയെ പിഴവു പറ്റാത്ത ഭാവനാശേഷിയിലൂടെ  പുതിയ തൃഷ്ണകളുടെ തീവ്രതയിലേക്കുയർത്താൻ നിങ്ങൾക്കന്നു കഴിഞ്ഞിരുന്നു.

പിന്നീടു പക്ഷേ പെട്ടെന്നാണ്‌, പിറന്നാളുകളുടെ സ്വഭാവം മാറുക; തന്റെ അവകാശത്തെക്കുറിച്ചു പണ്ടേപ്പോലെ നിങ്ങൾ അത്ര ബോധവാനാണെങ്കിലും മറ്റുള്ളവർക്കിപ്പോൾ അത്ര ഉറപ്പില്ലാത്തതായി നിങ്ങൾ കാണുന്നു. മുൻവർഷങ്ങളിൽ പതിവുള്ളപോലെ നിങ്ങളെ ആരെങ്കിലും പുതിയ ഉടുപ്പുകൾ ധരിപ്പിക്കുന്നതും തുടർന്നുള്ള ചടങ്ങുകളിലേക്കു നിങ്ങളെ ആനയിക്കുന്നതുമൊക്കെ ഇപ്പോഴും നിങ്ങൾക്കിഷ്ടമാണ്‌. പക്ഷേ ഉറക്കം ശരിക്കും തെളിയുന്നതിനും മുമ്പേ വാതിലിനു പുറത്താരോ ഒച്ച വയ്ക്കുന്നതു നിങ്ങൾ കേൾക്കുന്നു, കേയ്ക്ക് ഇനിയും എത്തിയിട്ടില്ലെന്ന്; അല്ലെങ്കിൽ അടുത്ത മുറിയിലെ മേശ മേൽ സമ്മാനങ്ങൾ നിരത്തിവയ്ക്കുമ്പോൾ എന്തോ താഴെ വീണുടയുന്നതു നിങ്ങൾ കേൾക്കുന്നു; അതുമല്ലെങ്കിൽ ആരോ മുറിയിൽ കയറിവന്നിട്ട് വാതിൽ ചാരാതെ പോയതിനാൽ പിന്നീടു മാത്രം കാണേണ്ടത് നിങ്ങൾക്കിപ്പോൾത്തന്നെ കാണാമെന്നാകുന്നു. ശസ്ത്രക്രിയ പോലെന്തിനോ നിങ്ങൾ വിധേയനാവുന്നത് ആ നിമിഷത്തിലാണ്‌. ഒരു നിമിഷം മാത്രം നീണ്ടുനില്ക്കുന്നതും കൊടിയ വേദനയുളവാക്കുന്നതുമായ ഒരു ഛേദനം. എന്നാൽ അതു ചെയ്യുന്ന കൈ തഴക്കം കിട്ടിയതും പതറാത്തതുമാണ്‌. നൊടിയിടയിൽ കാര്യം കഴിഞ്ഞു. അടുത്ത നിമിഷം നിങ്ങൾ ചിന്തിക്കുന്നത് നിങ്ങളെക്കുറിച്ചല്ല, തന്റെ പിറന്നാളിനെ അധികം പരിക്കേല്പിക്കാതെ എങ്ങനെ രക്ഷിച്ചെടുക്കാമെന്നാണ്‌; മറ്റുള്ളവരിൽ ഒരു കണ്ണു വേണം, അവരുടെ തെറ്റുകൾ മുൻകൂട്ടിക്കണ്ടു തടുക്കണം, തങ്ങൾ സകലതും വളരെ നന്നായി നടത്തിക്കൊണ്ടുപോവുകയാണെന്ന അവരുടെ മിഥ്യാബോധത്തെ ഊട്ടിയുറപ്പിക്കുകയും വേണം. അവർ നിങ്ങളുടെ പണി എളുപ്പമാക്കില്ല. അവരെ ഒന്നിനും കൊള്ളില്ലെന്നും മന്ദബുദ്ധികളാണവരെന്നുപോലും നിങ്ങൾക്കു തോന്നുന്നു. മറ്റുള്ളവർക്കുദ്ദേശിച്ചിരുന്ന സമ്മാനങ്ങളുമായി കയറിവരിക എന്ന പ്രശംസനീയമായ കൃത്യത്തിൽ അവർ വിജയിക്കുന്നു; നിങ്ങൾ അവരുടെ നേർക്കോടിച്ചെല്ലുന്നു, എന്നിട്ടുപിന്നെ താൻ അല്പം വ്യായാമത്തിനു വേണ്ടി മുറിക്കുള്ളിൽ ഒന്നോടിനടന്നതാണെന്നും വിശേഷിച്ചൊന്നിനും നേർക്കല്ല എന്നും നിങ്ങൾക്കഭിനയിക്കേണ്ടിയും വരുന്നു. അടുത്തതായി അവർ നിങ്ങളെ ആശ്ചര്യപ്പെടുത്താൻ നോക്കുന്നു: പ്രതീക്ഷയുടെ വലിയൊരു ഭാവം മുഖത്തു വരുത്തിക്കൊണ്ട് അവർ സമ്മാനപ്പെട്ടിയുടെ മൂടി തുറക്കുന്നു; അടിയിൽ പായ്ക്കിംഗിനുള്ള കുറച്ചു കടലാസ്സല്ലാതെ മറ്റൊന്നും അതിലില്ല; അമ്പരപ്പിൽ നിന്ന് അവരെ നിവർത്തിപ്പിക്കേണ്ട ചുമതല ഇപ്പോൾ നിങ്ങൾക്കാകുന്നു. അല്ലെങ്കിൽ ഒരു യന്ത്രപ്പാവയാണ്‌ അവർ നിങ്ങൾക്കു സമ്മാനമായി തരുന്നതെന്നു കരുതുക; ഒന്നാമത്തെ മുറുക്കലിൽ തന്നെ അവർ അതിന്റെ സ്പ്രിങ്ങ് പൊട്ടിച്ചുകളയും. അതിനാൽ സ്പ്രിങ്ങ് മുറുക്കിയ ഒരെലിയോ അതുപോലെന്തെങ്കിലും കളിപ്പാട്ടമോ ആരും കാണാതെ കാലു കൊണ്ടു നിരക്കി മുന്നിലേക്കിടാൻ മുൻകൂട്ടി പരിശീലിച്ചുവയ്ക്കുന്നത് നല്ലതായിരിക്കും: ആ കബളിപ്പിക്കൽ കൊണ്ട് അവരെ നാണക്കേടിൽ നിന്നു രക്ഷിക്കാൻ നിങ്ങൾക്കു കഴിഞ്ഞെന്നു വരും.

അങ്ങനെ, നിങ്ങൾ ചെയ്യേണ്ടതായിട്ടുള്ളതൊക്കെ നിങ്ങൾ ചെയ്തുകഴിഞ്ഞു; അതിനെന്തെങ്കിലും വിശേഷാൽ വൈദഗ്ധ്യമൊന്നും വേണ്ട. വൈദഗ്ധ്യം വേണ്ടത് ഒരാൾ വളരെയൊക്കെ കഷ്ടപ്പെട്ട്, അഭിമാനത്തോടെയും വാത്സല്യത്തോടെയും നിങ്ങൾക്കൊരാനന്ദം കൊണ്ടുവരികയും നിങ്ങളിൽ നിന്നു തീർത്തും വ്യത്യസ്തനായ ഒരാൾക്കുള്ള ആനന്ദമാണത്, തീർത്തും അന്യമായ ഒരാനന്ദമാണത് എന്ന് ദൂരെ നിന്നേ നിങ്ങൾക്കു മനസ്സിലാവുമ്പോഴാണ്‌. ആ ആനന്ദത്തിനു പറ്റിയ ഒരാളുണ്ടോയെന്നുതന്നെ നിങ്ങൾക്കറിയില്ല; അത്രയ്ക്കുമന്യമായിരുന്നു അത്.


അയല്ക്കാരൻ


തികച്ചും നിരുപദ്രവിയായ ഒരു ജീവിയുണ്ട്; കണ്ണില്പെട്ടാൽ കഷ്ടിച്ചതു നിങ്ങളുടെ ശ്രദ്ധയിൽ വന്നുവെന്നുവരാം; അടുത്ത നിമിഷം നിങ്ങളതിനെ മറക്കുകയും ചെയ്യും. പക്ഷേ അതേതോ രീതിയിൽ, അദൃശ്യമായി, നമ്മുടെ കാതിനുള്ളിൽ കടന്നാൽ അതവിടെക്കിടന്നു വളരും, മുട്ടയിട്ടു പെരുകും; അതു പിന്നെ അവിടെ നിന്നിഴഞ്ഞ് തലച്ചോറിനുള്ളിലേക്കു കടക്കുന്നതായും അവിടെ നാശം വിതച്ചുകൊണ്ട് തഴച്ചുവളരുന്നതായും പറഞ്ഞുകേട്ടിട്ടുണ്ട്; മൂക്കിലൂടെ നായ്ക്കൾക്കുള്ളിൽ കടക്കുന്ന ന്യൂമോക്കോച്ചിയുടെ* സ്വഭാവവും ഇതു തന്നെ.

ഈ ജീവിയാണ്‌ നിങ്ങളുടെ അയല്ക്കാരൻ.

ഇന്നതെന്നൊരിടമില്ലാതെ ഒഴുകിനടക്കുകയാണു ഞാനെന്നതിനാൽ എണ്ണമറ്റ അയല്ക്കാർ എനിക്കുണ്ടായിട്ടുണ്ട്; താഴെയുള്ളവർ, മുകളിലുള്ളവർ, ഇടതുവശത്തുള്ളവർ, വലതുവശത്തുള്ളവർ, ചിലപ്പോഴൊക്കെ ഒരേ നേരം ഈ നാലു തരവും. എനിക്കു വേണമെങ്കിൽ എന്റെ അയല്ക്കാരുടെ ഒരു ചരിത്രമെഴുതാം; അതിന്‌ ഒരായുസ്സെടുക്കുമെന്നേയുള്ളു. അവരുടെ ചരിത്രമെന്നു പറയുന്നതിനേക്കാൾ അവർ എന്നിലുണ്ടാക്കിയ രോഗലക്ഷണങ്ങളുടെ ചരിത്രം എന്നു പറയുകയാവും കൂടുതൽ ശരി. എന്തെന്നാൽ, ചില ശരീരകലകളിൽ വരുത്തുന്ന വ്യതിയാനങ്ങളിലൂടെ മാത്രം സ്വന്തം സാന്നിദ്ധ്യം വെളിപ്പെടുത്തുക എന്നൊരു സ്വഭാവവിശേഷം സമാനപ്രകൃതികളായ മറ്റു ജീവികളുമായി പങ്കുവയ്ക്കുന്നുണ്ട് അയല്ക്കാരെന്ന ഈ ജീവികളും.

പ്രവചനങ്ങൾക്കു വഴങ്ങാത്ത അയല്ക്കാരും ശീലങ്ങളിൽ ബഹുകണിശക്കാരായ അയല്ക്കാരും എനിക്കുണ്ടായിട്ടുണ്ട്. ആദ്യം പറഞ്ഞ തരക്കാരെ ഭരിക്കുന്ന ഒരു നിയമം കണ്ടെത്താൻ മണിക്കൂറുകൾ കുത്തിപ്പിടിച്ചിരുന്നു ഞാൻ ശ്രമിച്ചിരുന്നു; ഏതെങ്കിലും തരത്തിലുള്ള ഒരു നിയമത്തിനനുസരിച്ചായിരിക്കണമല്ലോ, അവരുടെ പോലും നടപടികളും. നിഷ്ഠകളിൽ തെറ്റു വരുത്താത്ത എന്റെ അയല്ക്കാർ എന്നെങ്കിലും രാത്രിയിൽ പതിവുനേരത്ത് വീട്ടിലെത്താതിരുന്നാലാകട്ടെ, അവർക്കു വന്നുഭവിച്ചിരിക്കാവുന്ന അത്യാഹിതങ്ങളെക്കുറിച്ചു ഞാൻ ഭാവന ചെയ്യാൻ തുടങ്ങും; അവരെയും കാത്ത് ഉറങ്ങാതെ വിളക്കും കത്തിച്ചുവച്ചു ഞാനിരിക്കും, നവധുവിനെപ്പോലെ ഉത്കണ്ഠപ്പെടും. അന്യോന്യം കൊടുംപക വച്ചുപുലർത്തിയിരുന്ന അയല്ക്കാർ എനിക്കുണ്ടായിരുന്നു; അതുപോലെ തീവ്രസ്നേഹത്തിലായിരുന്നവരും. രാത്രിയുടെ മദ്ധ്യത്തിൽ, പെട്ടെന്നൊരു മുഹൂർത്തത്തിൽ ഇതിലൊരു വികാരം മറ്റേതാവുന്ന അനുഭവവും എനിക്കുണ്ടായിട്ടുണ്ട്; അന്നു പിന്നെ ഉറങ്ങാമെന്ന പ്രതീക്ഷയും വേണ്ട. ഉറക്കം നാം കരുതുമ്പോലെ ഇടമുറിയാത്ത ഒരു പ്രതിഭാസമല്ല എന്നൊരു പൊതുനിയമവും ഇതിൽ നിന്നു രൂപീകരിക്കാമെന്ന് എനിക്കു തോനുന്നു.

*pneumococci- ശ്വാസത്തിലൂടെ നായ്ക്കളിലേക്കു പകരുന്ന ഒരു ബാക്ടീരിയ



ഏകാകി

ഒരുപാടു മുൻധാരണകൾ വച്ചുകൊണ്ടാണ്‌ നാം ഏകാകികളെക്കുറിച്ചു സംസാരിക്കുക. എന്തിനെക്കുറിച്ചാണു സംസാരിക്കുന്നതെന്ന് കേൾക്കുന്നവർക്കെല്ലാം അറിയാമെന്നു നാം കരുതുന്നു. അവർക്കൊരു വസ്തുവും അറിയില്ല എന്നതാണു വസ്തുത. അങ്ങനെയൊരാളെ അവർ കണ്ടിട്ടേയില്ല; ആളെ അറിയാതെ തന്നെ അവർ അയാളെ വെറുക്കുകയായിരുന്നു. അവർ അയാളുടെ ചോരയൂറ്റിക്കുടിച്ച അയൽവാസികളായിരുന്നു, അയാളെ പ്രലോഭിപ്പിച്ചുകൊണ്ട് അടുത്ത മുറിയിൽ നിന്നുയർന്ന ശബ്ദങ്ങളായിരുന്നു. ഒച്ചയും ബഹളവുമുണ്ടാക്കി അയാളെ അതിൽ മുക്കിത്താഴ്ത്താൻ അവർ വസ്തുക്കളെ ഇളക്കിവിട്ടു. അയാൾ ആർദ്രത നിറഞ്ഞ ഒരു ബാലനായിരുന്നപ്പോൾ മറ്റു കുട്ടികൾ സംഘം ചേർന്ന് അയാളെ നേരിട്ടിരുന്നു; വളർച്ചയുടെ ഓരോ ഘട്ടത്തിലും മുതിരന്നവർക്കെതിരെയാണ്‌ അയാൾ വളർന്നത്. ഒരു വേട്ടമൃഗത്തെയെന്നപോലെ അവർ അയാളെ തന്റെ മാളത്തിലേക്കോടിച്ചുകയറ്റി; അയാളുടെ ദീർഘയൗവനത്തിൽ ആ വേട്ട നടക്കാത്ത ഒരു കാലവുമുണ്ടായിട്ടില്ല. സ്വയം തളരാൻ വിടാതെ വല്ല വിധേനയും രക്ഷപ്പെടാൻ അയാൾക്കായപ്പോൾ അയാളിൽ നിന്നുണ്ടായതിനെ അവർ പുലഭ്യം പറഞ്ഞു, വികൃതമെന്ന് അതിനെ പഴിച്ചു, അതിനെ സംശയത്തിൽ നിർത്തി. അവർ പറയുന്നതൊന്നിനും അയാൾ ശ്രദ്ധ കൊടുക്കാതായപ്പോൾ അവർ എല്ലാ മറവും ഭേദിച്ചു പുറത്തേക്കു വന്നു, അയാൾക്കുള്ള ഭക്ഷണം തിന്നുതീർത്തു, അയാൾക്കുള്ള വായു ശ്വസിച്ചുതീർത്തു, അയാൾക്കറയ്ക്കട്ടെ എന്നതിനായി അയാളുടെ ദാരിദ്ര്യത്തിൽ അവർ കാർക്കിച്ചുതുപ്പുകയും ചെയ്തു. പകർച്ചവ്യാധി പിടിച്ചവനെപ്പോലെ അവരയാളെ അകറ്റിനിർത്തി, എത്രയും വേഗം അവിടെ നിന്നോടിപ്പോകാനായി അവരയാളെ കല്ലെടുത്തെറിഞ്ഞു. പുരാതനമായ ആ ജന്മവാസനയുടെ പ്രേരണയിൽ അവർ ചെയ്തതു തെറ്റായിരുന്നില്ല:അതെ, അവർക്കയാൾ ശത്രു തന്നെയായിരുന്നു.

പിന്നെ, അയാൾ മുഖമുയർത്തി നോക്കാതിരുന്നപ്പോൾ പക്ഷേ, അവർക്കു ചിന്ത തുടങ്ങി. തങ്ങളുടെ പ്രവൃത്തികൾ അയാളാഗ്രഹിച്ച പോലെയായോ എന്നവർക്കു സംശയമായി; അയാളുടെ ഏകാന്തതയ്ക്ക് ഉറപ്പു കൂട്ടുകയാണോ തങ്ങൾ ചെയ്തത്? തങ്ങളിൽ നിന്നെന്നെന്നേക്കുമായി സ്വയം വിച്ഛേദിക്കാൻ അയാളെ തുണയ്ക്കുകയാണോ ചെയ്തത്? അപ്പോഴവർ അടവുകൾ മാറ്റി, അന്തിമായുധം അവർ പുറത്തെടുത്തു, പ്രതിരോധത്തിന്റെ ഇതരമാർഗ്ഗം: പ്രശസ്തി. ആ ഒച്ചപ്പാടിൽ തലയുയർത്തി നോക്കാത്തതായി, ഏകാഗ്രത നഷ്ടമാവാത്തതായി ഒരാളു പോലുമുണ്ടായില്ല.


അഭിനേതാക്കൾ


വെളിയിൽ ഒരുപാടു മാറിക്കഴിഞ്ഞു. എങ്ങനെയെന്ന് എനിക്കറിയില്ല. എന്നാൽ ഉള്ളിലും നിനക്കു മുന്നിലും ദൈവമേ, ഉള്ളിൽ നിനക്കു മുന്നിൽ, പ്രേക്ഷകാ: അഭിനയം മറന്നു ഞങ്ങൾ നില്ക്കുകയാണോ? ഏതു ഭാഗമാണെടുക്കേണ്ടതെന്നു പോലുമറിയില്ല എന്നു ഞങ്ങൾക്കു ബോദ്ധ്യമായിക്കഴിഞ്ഞു. ഞങ്ങൾ ഒരു കണ്ണാടി തേടുകയാണ്‌: മുഖത്തെ ചായവും ചമയവും ഞങ്ങൾക്കു തുടച്ചുമാറ്റണം, കൃത്രിമമായതൊക്കെ മാറ്റിക്കളഞ്ഞ് യഥാർത്ഥത്തിലുള്ളവരാകണം. പക്ഷേ എത്ര തുടച്ചുകളഞ്ഞിട്ടും എല്ലാമഴിച്ചുകളഞ്ഞിട്ടും ആ പഴയ വേഷത്തിൽ നിന്നെന്തോ ചിലത് ഞങ്ങളറിയാതെ ഞങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നു. അമിതാഭിനയത്തിന്റെ അവശിഷ്ടം ഞങ്ങളുടെ പുരികക്കൊടികളിൽ തങ്ങിനില്ക്കുന്നു; വായ്ക്കോണുകൾ പിടഞ്ഞിരിക്കുന്നത് ഞങ്ങളറിയുന്നില്ല. ഈ മട്ടിലാണ്‌ ഞങ്ങളുടെ നടപ്പ്, പരിഹാസപാത്രങ്ങളായി, അർത്ഥസത്യങ്ങളായി: യഥാർത്ഥജീവികളല്ലാതെ, അഭിനേതാക്കളുമല്ലാതെ.
*


മരണഭയം


മരണഭയത്തെക്കുറിച്ച് ഞാൻ വളരെയധികം ചിന്തിച്ചിട്ടുണ്ട്; എന്റെ ചില അനുഭവങ്ങൾ അപ്പോൾ ഞാൻ കണക്കിലെടുക്കാതെയുമില്ല. ആ ഭയം ഞാനറിഞ്ഞിട്ടുണ്ടെന്ന് സത്യസന്ധമായി എനിക്കു പറയാം. നഗരങ്ങളിൽ, ആളുകൾക്കു നടുവിൽ നില്ക്കുമ്പോൾ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അതെന്നെ പിടി കൂടിയിട്ടുണ്ട്. എന്നാൽ ആവശ്യത്തിലധികം കാരണങ്ങളുണ്ടായിരുന്ന ചില സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്: ഉദാഹരണത്തിന്‌ ബഞ്ചിലിരിക്കുന്ന ഒരാൾ പെട്ടെന്നു മരിക്കുകയും ആളുകൾ ചുറ്റും കൂടി അയാളെ നോക്കിനില്ക്കുകയും അയാൾ ആ ഭയത്തിനെല്ലാമപ്പുറത്തെത്തുകയും ചെയ്യുമ്പോൾ: അപ്പോൾ അയാളുടെ ഭയം എന്റേതാകുന്നു. അല്ലെങ്കിൽ, അന്ന് നേപ്പിൾസിൽ വച്ച് ട്രാമിൽ എനിക്കെതിരേയിരുന്ന യുവതി മരിച്ചപ്പോൾ. അവൾക്കു മോഹാലസ്യം വന്നപോലെയാണ്‌ ആദ്യം തോന്നിയത്; ട്രാം കുറച്ചു ദൂരം കൂടി മുന്നോട്ടു പോവുകയും ചെയ്തു. പക്ഷേ ട്രാം നിർത്താതെ പറ്റില്ലെന്ന് വൈകാതെ ഞങ്ങൾക്കു ബോദ്ധ്യമായി. ഞങ്ങൾക്കു പിന്നിൽ മറ്റു ട്രാമുകൾ വന്നടിയുകയായിരുന്നു, ആ ദിശയിലേക്ക് ഇനി ഒരു യാത്രയും നടക്കില്ലെന്നപോലെ. തടിച്ചു വിളറിയ ആ കുട്ടി അടുത്തിരിക്കുന്ന സ്ത്രീയെ ചാരിയിരുന്ന് സമാധാനത്തോടെ മരിച്ചുപോയേനെ; പക്ഷേ അവളുടെ അമ്മ അതു സമ്മതിക്കില്ല. അവളുടെ വഴിയിൽ സാദ്ധ്യമായ എല്ലാ തടസ്സങ്ങളും അവർ കൊണ്ടിട്ടു. അവർ അവളുടെ ഉടുപ്പുകളിൽ പിടിച്ചു വലിച്ചു, ഒന്നും തങ്ങിനില്ക്കാതായിക്കഴിഞ്ഞ വായിൽ എന്തോ ഒന്നൊഴിച്ചുകൊടുത്തു. ആരോ കൊണ്ടുകൊടുത്ത ഒരു കുഴമ്പ് അവർ അവളുടെ നെറ്റിയിൽ തേച്ചുപിടിപ്പിച്ചു; കൃഷ്ണമണികൾ അല്പമൊന്നു മുകളിലേക്കു ചാഞ്ഞപ്പോൾ അവ വീണ്ടും മുന്നിലേക്കു വരാനായി അവർ അവളെ പിടിച്ചുകുലുക്കാൻ തുടങ്ങി. കേൾക്കാൻ പറ്റാത്ത ആ കണ്ണുകളിലേക്കവർ അലറി, ആ പിണ്ഡത്തെ ഒരു പാവയെന്ന പോലെ അവർ അങ്ങോട്ടുമിങ്ങോട്ടും പിടിച്ചുരുട്ടി, ഒടുവിൽ കൈ വീശി ആ സ്ഥൂലിച്ച മുഖത്ത് ആഞ്ഞൊരടി കൊടുത്തു, അതു മരിക്കാതിരിക്കാൻ. അന്നു ഞാൻ ഭയന്നു.

എന്നാൽ അതിനു മുമ്പും ഞാൻ ഭയന്നിട്ടുണ്ട്. ഉദാഹരണത്തിന്‌, എന്റെ നായ ചത്തപ്പോൾ. എന്നെ നിത്യമായ കുറ്റബോധത്തിലേക്കു തള്ളിവിട്ട ആ നായ. അവനു തീരെ സുഖമില്ലായിരുന്നു. അന്നു മുഴുവൻ ഞാൻ അവനടുത്തു തന്നെ മുട്ടുകുത്തി ഇരിക്കുകയായിരുന്നു; പെട്ടെന്നാണവൻ മുഖമുയർത്തിനോക്കി തെറിച്ചുതെറിച്ചുപോകുന്ന മട്ടിൽ കുരച്ചത്; പരിചയമില്ലാത്ത ആരെങ്കിലും മുറിയിൽ കയറിവരുമ്പോൾ അങ്ങനെയാണവൻ കുരയ്ക്കുക. അങ്ങനെയുള്ള സന്ദർഭങ്ങൾക്കായി ഞങ്ങൾ പറഞ്ഞുറപ്പിച്ച ഒരടയാളം പോലെയാണത്; അറിയാതെ തന്നെ എന്റെ നോട്ടം വാതിലിനടുത്തേക്കു ചെന്നു. പക്ഷേ അപ്പോഴേക്കും അത് അവന്റെയുള്ളിൽ കടന്നിരുന്നു. ആപച്ഛങ്കയോടെ ഞാൻ തിരിഞ്ഞ് അവന്റെ കണ്ണുകളിലേക്കു നോക്കി, അവൻ എന്റെ കണ്ണുകളിലേക്കൂം; അതു പക്ഷേ വിട പറയാനായിരുന്നില്ല. അമ്പരപ്പും അനിഷ്ടവും കലർന്ന ഒരു ഭാവത്തോടെയാണ്‌ അവൻ എന്നെ നോക്കിയത്. അതിനെ ഉള്ളിൽ കടക്കാൻ അനുവദിച്ചതിന്‌ അവൻ എന്നെ കുറ്റപ്പെടുത്തുകയായിരുന്നു. അതിനെ തടയാൻ എനിക്കു കഴിയുമായിരുന്നുവെന്ന് അവനു ബോദ്ധ്യമായിരുന്നു. എന്റെ കഴിവുകൾ അവൻ എന്നും കൂട്ടിക്കണ്ടിരുന്നു. അങ്ങനെയൊന്നുമില്ലെന്ന് വിശദീകരിക്കാൻ ഇനിയിപ്പോൾ സമയവുമില്ല. അമ്പരപ്പും ഏകാന്തതയും നിറഞ്ഞ ആ നോട്ടം എന്നിൽ തറച്ചുനിർത്തിക്കൊണ്ടാണ്‌ അവൻ ജീവൻ വെടിഞ്ഞത്.

അതുപോലെ ആദ്യമായി മഞ്ഞു വീഴുന്ന ശരല്ക്കാലരാത്രികളിൽ ഈച്ചകൾ മുറിയിലേക്കു പറന്നുവന്ന് ഉള്ളിലെ ചൂടിൽ അവസാനമായി ഒരിക്കല്ക്കൂടി ജീവൻ വയ്ക്കുന്നതു കാണുമ്പോഴും ഞാൻ ഭയന്നിരുന്നു. അവ വല്ലാതെ ഉണങ്ങിച്ചുരുണ്ടിരുന്നു, സ്വന്തം മുരളൽ കൊണ്ടുതന്നെ അവ പേടിച്ചരണ്ടപോലെയുമായിരുന്നു. അവയ്ക്കെന്തു ചെയ്യണമെന്നറിയാത്ത മട്ടായിരുന്നു. മണിക്കൂറുകൾ നിശ്ചേഷ്ടമായിട്ടിരുന്നതിനൊടുവിലാണവ്യ്ക്കു തോന്നുക, തങ്ങൾക്കിപ്പോഴും ജീവനുണ്ടെന്ന്; അപ്പോഴവ തോന്നിയ ദിക്കിലേക്ക് അന്ധമായി പറക്കാൻ തുടങ്ങി; അവിടെ ചെന്നിട്ട് എന്താണു ചെയ്യുക എന്നവയ്ക്കറിയില്ല. അവിടെയും ഇവിടെയുമൊക്കെ അവ നിലത്തിടിച്ചു വീഴുന്നതു ഞാൻ കേട്ടു. പിന്നെ അവ എല്ലായിടത്തും ഇഴഞ്ഞു നടക്കാൻ തുടങ്ങുകയും മുറിയാകെ തങ്ങളുടെ മരണത്തിന്റെ കറ പറ്റിക്കുകയും ചെയ്തു.

എന്നാൽ ഒറ്റയ്ക്കായിരിക്കുമ്പോൾപ്പോലും ഞാൻ ഭയന്നിരുന്നു. മരണഭയം കൊണ്ട് ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്ന ആ രാത്രികൾ ഉണ്ടായിട്ടില്ലെന്നു ഞാൻ എന്തിനു നടിക്കണം; ജീവനുള്ളവർക്കേ എന്തായാലും എഴുന്നേറ്റിരിക്കാൻ കഴിയൂ എന്ന ആശയത്തിലാണ്‌ ഞാനന്ന് അള്ളിപ്പിടിച്ചത്- മരിച്ചവർ എഴുന്നേറ്റിരിക്കില്ലല്ലോ. യാദൃച്ഛികമായി താമസിക്കേണ്ടിവരുന്ന മുറികളിലാണ്‌ അങ്ങനെ സംഭവിച്ചിട്ടുള്ളത്; എന്റെ കാര്യങ്ങൾ പിശകുമെന്നാകുമ്പോൾ അവ ആ നിമിഷം എന്നെ കൈയൊഴിയുകയായി; എന്റെ പ്രശ്നങ്ങളിൽ തങ്ങളും പങ്കാളികളാകുമെന്നും തങ്ങളും ചോദ്യം ചെയ്യപ്പെടും എന്ന പേടി കൊണ്ടാണെന്നപോലെയാണത്. ഞാനവിടെ അങ്ങനെയിരിക്കും; ആ ഇരിപ്പു കണ്ടു പേടിച്ചിട്ടാവണം, ഐക്യദാർഢ്യം പ്രകടിപ്പിച്ച് എനിക്കടുത്തു വരാൻ ഒരു വസ്തുവിനും കഴിയാതിരുന്നത്. കൊളുത്തുക എന്ന ഉപകാരം തൊട്ടു മുമ്പു ഞാൻ ചെയ്തുകൊടുത്ത ആ മെഴുകുതിരി പോലും എന്നെ അറിയില്ലെന്ന മട്ടിൽ ഇരുന്നുകളഞ്ഞു. ആളില്ലാത്ത ഒരു മുറിയിലെന്നപോലെ അത് തനിക്കായി മാത്രം എരിയുകയായിരുന്നു. എന്റെ അവസാനത്തെ പ്രതീക്ഷകൾ എപ്പോഴും ജനാലയിലായിരുന്നു. ഇപ്പോഴും, മരണത്തിനു മുന്നിലെ പെട്ടെന്നുള്ള ഈ നികൃഷ്ടതയ്ക്കു നടുവിലും എന്റെ സ്വന്തമെന്നു പറയാവുന്നതെന്തെങ്കിലും പുറത്തുണ്ടാവുമെന്നു ഞാൻ ഭാവന ചെയ്തു. പക്ഷേ ജനാലയുടെ നേർക്കൊന്നു നോക്കിയതും, അത് ചുമരു പോലെ കെട്ടിയടച്ചതായിരുന്നെങ്കിൽ എന്നു ഞാൻ മോഹിച്ചുപോയി. എന്തെന്നാൽ ഉള്ളിലേ അതേ ഉദാസീനത തന്നെയാണ്‌ പുറത്തുമെന്നും അവിടെയും എന്റെ ഏകാന്തതയല്ലാതെ മറ്റൊന്നുമില്ലെന്നും അപ്പോഴാണെനിക്കു മനസ്സിലാകുന്നത്. ഞാൻ എനിക്കു മേൽ സ്വയം കയറ്റിവച്ചതും ഇപ്പോൾ എന്റെ ഹൃദയത്തിനു താങ്ങാൻ പറ്റാത്ത രീതിയിൽ വിപുലമായതുമായ ഏകാന്തത. ഒരിക്കൽ ഞാൻ വിട്ടുപോന്നവരെ എനിക്കോർമ്മ വന്നു; എങ്ങനെയാണ്‌ ഒരാൾക്കു മറ്റൊരാളെ ഉപേക്ഷിക്കാൻ കഴിയുക എന്നെനിക്കു മനസ്സിലായതുമില്ല.

എന്റെ ദൈവമേ, എന്റെ ദൈവമേ, ഈതരം രാത്രികളാണ്‌ ഇനിയും എന്നെ കാത്തിരിക്കുന്നതെങ്കിൽ ഇടയ്ക്കൊക്കെ എനിക്ക് ചിന്തിക്കാൻ കഴിഞ്ഞിരുന്ന ചിന്തകളിൽ ഒന്നെനിക്കനുവദിക്കേണമേ. എന്റെ ആവശ്യം അത്ര അന്യായമല്ല; എനിക്കറിയാം, ആ ചോദ്യങ്ങൾ എന്റെ ഭീതിയിൽ നിന്നു നേരിട്ടു വരുന്നതാണെന്ന്, അത്ര വലുതാണെന്റെ ഭീതിയെന്ന്. കുട്ടിയായിരിക്കുമ്പോൾ എന്റെ മുഖത്തടിച്ചിട്ട് ഞാനൊരു ഭീരുവാണെന്ന് അവർ പറഞ്ഞിരുന്നു. അതിനു കാരണം എന്റെ ഭീതി പൂർണ്ണമായിരുന്നില്ല എന്നതായിരുന്നു. പക്ഷേ യഥാർത്ഥഭീതി കൊണ്ടു ഭീതനാകാൻ പിന്നീടു ഞാൻ പഠിച്ചു; ആ ഭീതി അതു ജനിപ്പിക്കുന്ന ശക്തിക്കൊപ്പം വളരുന്നതായിരുന്നു. ആ ശക്തിയെക്കുറിച്ച് ആ ഭീതിയിലൂടെയല്ലാതെ നമുക്കൊരു ധാരണയും കിട്ടില്ല. കാരണം, അത്രയ്ക്കു നമുക്കു പിടി കിട്ടാത്തതാണത്, നമുക്കെതിരാണത്, അതിനെക്കുറിച്ചു ചിന്തിക്കാൻ നോക്കുമ്പോൾ നമ്മുടെ മസ്തിഷ്കം പൊടിഞ്ഞുതകർന്നുപോവുകയും ചെയ്യുന്നു. എന്നാല്ക്കൂടി കുറേക്കാലമായി ഞാൻ വിശ്വസിക്കുന്നത് നമ്മുടെ ശക്തിയാണ്‌, നമ്മിലാകെയുള്ള ശക്തിയാണ്‌ നമുക്കു താങ്ങാൻ പറ്റാതെയുള്ളതെന്നാണ്‌. അതെന്താണെന്നു നമുക്കറിയില്ല എന്നതു സത്യം തന്നെ; അതേ സമയം, അത്രയും നമ്മുടെ സ്വന്തമായതിനെയലേ, നമുക്കൊട്ടുമറിയാത്തതും? ചിലപ്പോൾ ഞാൻ ആലോചിച്ചുനോക്കിയിട്ടുണ്ട്, ആകാശവും മരണവും എങ്ങനെ ഉണ്ടായിവന്നുവെന്ന്; നമുക്കേറ്റവും അമൂല്യമായതിൽ നിന്നു നാം അകലം പാലിച്ചതുകൊണ്ടാണത്, അതിനും മുമ്പ് ഒരുപാടു കാര്യങ്ങൾ നമുക്കു ചെയ്യാനുണ്ടായിരുന്നു എന്നതുകൊണ്ടാണത്, നമ്മുടെ പലകാര്യവ്യഗ്രതയ്ക്കിടയിൽ അതു നമ്മിൽ സുരക്ഷിതമായിരുന്നില്ല എന്നതുകൊണ്ടാണ്‌. അതില്പിന്നെ കാലങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു, അതിലും ചെറിയ കാര്യങ്ങളോടായി നമ്മുടെ ഇടപാടുകളെന്നും വന്നു. നമുക്കിപ്പോൾ നമ്മുടേതായതിനെ കണ്ടിട്ടറിയുന്നില്ല, അതിന്റെ വൈപുല്യം നമ്മെ ഭയവിഹ്വലരാക്കുകയും ചെയ്യുന്നു. ഇതല്ലേ ശരി?



അഭിപ്രായങ്ങളൊന്നുമില്ല: