2017, ഫെബ്രുവരി 28, ചൊവ്വാഴ്ച

റിൽക്കെ - ഫ്ളോറൻസ് ഡയറിയിൽ നിന്ന്


1898 ഏപ്രിലിലാണ്‌ ലൂ അന്ദ്രിയാസ് -സലോമിയുടെ നിർദ്ദേശപ്രകാരം  റിൽക്കെ ഫ്ളോറൻസിലേക്കു പോകുന്നത്. തിരിച്ചു വരുമ്പോൾ ഒരു ഡയറി കൊണ്ടുവരാം എന്ന ഒരുടമ്പടിയും അവർ തമ്മിൽ ഉണ്ടായിരുന്നു. റിൽക്കേയുടെ ഡയറി പക്ഷേ, തന്റെ ദൈനന്ദിനാനുഭവങ്ങളുടെ ഒരു രേഖയല്ല; പില്ക്കാലത്ത് ഡയറിയെഴുത്തുകാരന്‌ തന്റെ അനുഭവങ്ങൾ ഓർത്തെടുക്കാനുള്ള സൂചകങ്ങളുടെ സമാഹാരമല്ല; അയാളുടെ സൂക്ഷ്മമായ ആത്മപരിശോധനയ്ക്കുള്ള ഉപകരണവുമല്ല. ആദ്യകാലനവോത്ഥാനകലയുടെ കവിഞ്ഞൊഴുകുന്ന സൗന്ദര്യത്തിനു മുന്നിൽ നിന്നുകൊണ്ടുള്ള ധ്യാനങ്ങളും നിരീക്ഷണങ്ങളുമാണവ.



1898 മേയ് 17

മൂന്നു തലമുറകൾ ചാക്രികമായി നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കും. ഒരു തലമുറ ദൈവത്തെ കണ്ടെത്തുന്നു, രണ്ടാമത്തേത് അവനു മേൽ ഒരിടുങ്ങിയ ദേവാലയം പണിയുകയും അവനെ അതിനുള്ളിൽ തളച്ചിടുകയും ചെയ്യുന്നു; മൂന്നാമത്തെ തലമുറ ദരിദ്രമാവുകയും തങ്ങൾക്കു കൂരകൾ പണിയുന്നതിനായി ദേവാലയത്തിന്റെ കല്ലുകൾ ഒന്നൊന്നായി ഇളക്കിക്കൊണ്ടുപോവുകയും ചെയ്യും. തുടർന്ന് വീണ്ടും ദൈവത്തെ കണ്ടെത്തുന്ന തലമുറയുടെ ഊഴമായി. അങ്ങനെയൊരു തലമുറയിൽ പെട്ടവരാണ്‌, ദാന്തേയും ബോത്തിച്ചെല്ലിയും ഫ്രാ ബാർത്തൊലോമ്യോയും.
*

കല എന്നാൽ ഇതാണെന്നറിയുക: സവിശേഷരായ, ഏകാകികളായ വ്യക്തികൾ ആത്മസാക്ഷാല്ക്കാരത്തിനുപയോഗപ്പെടുത്തിയ മാർഗ്ഗം. നെപ്പോളിയൻ പുറമേ എന്തായിരുന്നുവോ, അതാണ്‌ ഉള്ളിൽ ഓരോ കലാകാരനും. ഓരോ വിജയത്തോടുമൊപ്പം അയാൾ കോണിപ്പടിയുടെ ഒരു പടവു കയറുകയാണ്‌. എന്നാൽ പൊതുജനത്തെ സന്തോഷിപ്പിക്കാനായി നെപ്പോളിയൻ ഏതെങ്കിലും യുദ്ധം ജയിച്ചിട്ടുണ്ടോ?


കല എന്നാൽ ഇതാണെന്നറിയുക:  സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു പാത. നാമെല്ലാം ജനിച്ചത് ചങ്ങലകളുമായിട്ടാണ്‌. ചുരുക്കം ചിലർ അത് ചങ്ങലകളാണെന്നുതന്നെ അറിയുന്നില്ല; അവരതിൽ സ്വർണ്ണമോ വെള്ളിയോ പൂശുന്നു. നമുക്കു വേണ്ടത് ആ ചങ്ങലകൾ ഭേദിക്കുകയാണ്‌; വിരൂപവും മൃഗീയവുമായ ബലപ്രയോഗത്തിലൂടെയല്ല; അവയെ കവിഞ്ഞു വളരുക എന്നതാണ്‌ നമ്മുടെ ആഗ്രഹം.

കലാകാരൻ സൃഷ്ടിക്കുന്നത് തനിക്കു വേണ്ടി മാത്രമാണെന്നറിയുക- തനിക്കു വേണ്ടി മാത്രം. നിങ്ങളെ ചിരിപ്പിക്കുകയോ കരയിപ്പിക്കുകയോ ചെയ്യുന്ന ആ വസ്തു ഒരു മല്ലയുദ്ധക്കാരന്റെ കൈകൾ കൊണ്ട് അയാൾ രൂപപ്പെടുത്തിയെടുക്കണം, തന്നിൽ നിന്നു തന്നെ ഉയർത്തിയെടുക്കണം. തന്റെയുള്ളിൽ ഭൂതകാലത്തിനിടമില്ല; അതിനാൽ അയാളതിന്‌ കലാസൃഷ്ടികളിൽ സ്വതന്ത്രമായ ഒരസ്തിത്വം നല്കുന്നു. പക്ഷേ അയാൾ അത് നിങ്ങളുടെ കാലത്തിൽ പ്രതിഷ്ഠിക്കുന്നത് നിങ്ങളുടെ ലോകത്തിന്റേതല്ലാത്ത ഒരു സാമഗ്രി അയാൾക്കറിവില്ലാത്തതു കൊണ്ടാണ്‌. അത് നിങ്ങൾക്കുള്ളതല്ല. അതിൽ തൊടരുത്, ഭയഭക്തികളോടെ വേണം അതിനെ നോക്കാനും.
*

ഇക്കാലത്ത് കലാകാരനും ആൾക്കൂട്ടവും തമ്മിലുള്ള ബന്ധത്തിൽ പറഞ്ഞാൽ തീരാത്ത ഒരു ക്രൂരതയുണ്ട്.
സാധാരണവസ്തുക്കളുടെ രൂപത്തിൽ നിസ്സഹായമായി അഭയം തേടുന്ന അയാളുടെ കുമ്പസാരങ്ങളെ പലരും ആ വസ്തുക്കളിൽ നിന്നന്യമായിട്ടല്ല കാണുന്നത്. എല്ലാവരും അതിൽ കൈ വയ്ക്കുന്നു; തങ്ങൾക്കെന്തിഷ്ടപ്പെട്ടു, എന്തു തങ്ങളുടെ ഹിതത്തിനൊത്തതായില്ല എന്നൊക്കെ ആർക്കും വിളിച്ചുപറയാം. എല്ലാവരും വിശുദ്ധപാത്രം കൈയിലെടുക്കുന്നു, നിത്യോപയോഗത്തിനുള്ള ഒന്നാണതെന്നപോലെ, ആരും ശിക്ഷിക്കുമെന്ന പേടിയില്ലാതെ താഴെയിട്ടു പൊട്ടിക്കാവുന്നതാണതെന്നപോലെ: ദേവാലയം അശുദ്ധമാക്കുന്നവർ!

അതിനാൽ കലാകാരന്റെ വഴി ഇതായിരിക്കണം: തടസ്സങ്ങൾ ഒന്നൊന്നായി കടന്ന്, പടികൾ ഒന്നൊന്നായി ഉയർത്തി ഒടുവിൽ തനിക്കുള്ളിലേക്കു നോട്ടം കിട്ടുമെന്നാവുക. കഴുത്തു നീട്ടിപ്പിടിച്ചിട്ടല്ല, പെരുവിരലിൽ ഉയർന്നുനിന്നിട്ടല്ല, ഒരു ഭൂദൃശ്യത്തിലേക്കെന്നപോലെ തെളിഞ്ഞും ശാന്തമായും. തന്നിലേക്കു തന്നെയുള്ള ആ മടക്കത്തിനു ശേഷം ഓരോ കൃത്യവും അലസമായ ഒരാനന്ദമായിരിക്കും; അയാളുടെ ജീവിതം ഒരു സൃഷ്ടിയായിരിക്കും; തനിക്കു പുറത്തുള്ള വസ്തുക്കൾ അയാൾക്കു പിന്നെ ആവശ്യം വരികയുമില്ല. അയാൾ വിപുലമായിരിക്കും, വളർച്ചയുടെ വിസ്തൃതി അയാൾക്കുള്ളിലായിരിക്കും.

കലാകാരന്റെ ജോലി ഒരു ചിട്ട വരുത്തലാണ്‌: നിസ്സാരവും ക്ഷണികവുമായതെല്ലാം അയാൾ തനിക്കു പുറത്തെടുത്തുവയ്ക്കുന്നു: തന്റെ ഏകാന്തയാതനകൾ, തന്റെ അവ്യക്തകാമനകൾ, തന്റെ ഭീതിദസ്വപ്നങ്ങൾ, മാഞ്ഞുപോകുന്ന ആ സന്തോഷങ്ങളും. അപ്പോൾ അയാൾക്കുള്ളിലുള്ള ഇടം വിശാലവും പ്രസന്നവുമാകുന്നു, തനിക്കർഹമായ ഒരു പാർപ്പിടം അയാൾ സൃഷ്ടിക്കുകയും ചെയ്തുകഴിഞ്ഞു.
*

സർഗ്ഗാത്മകതയില്ലാത്തവരുടെ കലയാണ്‌ മതം; പ്രാർത്ഥിക്കുമ്പോൾ അവർ സർഗ്ഗാത്മകതയുള്ളവരാകുന്നു. തങ്ങളുടെ സ്നേഹത്തിനും കൃതജ്ഞതയ്ക്കും അഭിലാഷങ്ങൾക്കും പ്രാർത്ഥനകളിലൂടെ അവർ രൂപം നല്കുന്നു, അങ്ങനെ അവർ മോചിതരുമാകുന്നു. ഹ്രസ്വായുസ്സെങ്കിലും ഒരുതരം സംസ്കാരവും അപ്പോളവർ ആർജ്ജിക്കുന്നു; പല ലക്ഷ്യങ്ങൾ ഒരേയൊരു ലക്ഷ്യത്തിനായി അവർ ത്യജിക്കുകയാണല്ലോ.
*

കലാകാരന്മാർ അന്യോന്യസമ്പർക്കം ഒഴിവാക്കണം. ഒരിക്കൽ ചില വിമുക്തികൾ കൈവരിച്ചാൽ ആൾക്കൂട്ടം പിന്നെ അവരെ തൊടില്ല. പക്ഷേ ഏകാകികളായരണ്ടു പേർ അന്യോന്യം ആപല്ക്കാരികളായിരിക്കും.

ഒരാൾ മറ്റേയാളുടെ കലയിൽ കൈ വയ്ക്കുകയുമരുത്. തന്നിലും വലിയവനിൽ നിന്നാണയാൾ എടുക്കുന്നതെങ്കിൽ അയാൾക്കു തന്നെ നഷ്ടമാകും; തന്നേക്കാൾ ചെറിയവനിലേക്കാണയാൾ ചായുന്നതെങ്കിൽ അയാൾ സ്വയം അശുദ്ധമാക്കുകയും തന്റെ ഹൃദയത്തിന്‌ അതിന്റെ വിശുദ്ധി നിഷേധിക്കുകയുമായിരിക്കും. എന്നാൽ മറ്റേയാളുടെ സംസ്കാരത്തിൽ ഒരാൾക്ക് ആഹ്ളാദത്തോടെയും കൃതജ്ഞതയോടെയും പങ്കു പറ്റുകയുമാവാം. അപ്പോൾ ഒരാൾ മറ്റേയാളെ കൂടുതലുയർന്ന മാനവികതയിലേക്കും അതു വഴി കൂടുതൽ ശുദ്ധമായ കലയിലേക്കും കൊണ്ടുപോവുകയാണ്‌.
*

കലയ്ക്കു നിങ്ങൾ രക്ഷാകവചം കൊടുക്കൂ; അന്നന്നത്തെ കലഹങ്ങൾ അതറിയാനിട വരാതിരിക്കട്ടെ. എന്തെന്നാൽ കാലത്തിനുമപ്പുറത്താണതിന്റെ സ്വദേശം. വിത്തുകൾ പാറ്റിയെത്തുന്ന കൊടുങ്കാറ്റുകൾ പോലെയാണതിന്റെ സമരങ്ങൾ, അതിന്റെ വിജയങ്ങൾ വസന്തകാലം പോലെയും. അതിന്റെ സൃഷ്ടികൾ: പുതിയൊരുടമ്പടിക്കായുള്ള ചോര ചൊരിയാത്ത കുരുതികൾ.

ജർമ്മൻ ജനതയുടെ മഹത്തായ വിപ്ളവത്തെക്കുറിച്ചു പറയാൻ തന്റെ രചനകളിൽ ഒരു വരി പോലും നീക്കിവച്ചിട്ടില്ലാത്ത ഗെയ്ഥെയെക്കുറിച്ച് എത്ര തവണ ഞാൻ ചിന്തിച്ചിട്ടില്ല. ഭിന്നതയെ പ്രകീർത്തിക്കുന്നതൊന്നിനെ നിർമ്മാണശിലയാക്കുന്നതെങ്ങനെയാണ്‌, അതിനകം അത്രയും സമൃദ്ധവും പക്വവും സ്വച്ഛവുമായിക്കഴിഞ്ഞ ഒരു മനസ്സ്?

ദേശീയകല! സത്യസന്ധമായ ഏതു കലയും ദേശീയമാണ്‌. അതിന്റെ വേരുകൾ ചൂടു വലിച്ചെടുക്കുന്നത് അതു മുളച്ചുവളർന്ന നിലത്തു നിന്നാണ്‌, അതു കരുത്താർജ്ജിക്കുന്നതും അവിടെ നിന്നു തന്നെ. എന്നാൽ പിന്നെയതിന്റെ തായ്ത്തടി ഉയരുന്നത് ഏകാന്തതയിലാണ്‌, അതിന്റെ മകുടം പടരുന്ന മേഖല ആരുടെയും സ്വരാജ്യവുമല്ല. ചില്ലകൾ പൂക്കുന്നതെപ്പോഴെന്ന് മൂഢമായ വേരറിയുന്നതു പോലുമുണ്ടാവില്ല.
*

ഓരോ വ്യക്തിയും വളരുന്നത് പലരിൽ നിന്നു തന്നിലേക്കാണ്‌. എന്നെകിലുമൊരാൾ തന്നെത്തന്നെ കണ്ടെത്തിയാൽ പിന്നെ അയാൾക്കു വേണമെങ്കിൽ ആ പലരിലേക്കു മടങ്ങുകയും അവരുടെ രക്ഷകനാവുകയും ചെയ്യാം; അവർ അയാളെ കുരിശിലേറ്റുകയോ തീയിടു ചുടുകയോ ചെയ്തേക്കാം. അയാളിൽ നിന്നു പിന്നെ ശേഷിക്കുന്നതിൽ നിന്ന്, അതെ, അവർ ഒരു മതം സൃഷ്ടിക്കുകയും ചെയ്യും.

എന്നാൽ അങ്ങനെയൊരാൾ കലാകാരനായിരിക്കില്ല. എന്തെന്നാൽ, സർഗ്ഗാത്മകതയുള്ള ഒരാൾ സ്വയം കണ്ടെത്തിക്കഴിഞ്ഞാൽ അയാൾ തന്റെ ഏകാന്തതയിൽ കുടിയിരിക്കുകയേയുള്ളു; തന്റെ ഏകാന്തതയുടെ സ്വസ്ഥതയിൽ കിടന്നു മരിക്കാനാണ്‌ അയാൾക്കാഗ്രഹം.
*

ദേവന്മാരുണ്ടെങ്കിൽ അവരുടെ അസ്തിത്വം നമുക്കനുഭവമാകാനും പോകുന്നില്ല; കാരണം, അവരുണ്ടെന്നറിയുമ്പോൾ അവരില്ലാതാവുകയുമാണ്‌.
*

പൊതുസമ്മതത്തിൽ അധിഷ്ഠിതമാണ്‌ ഭാഷാപ്രയോഗങ്ങൾ; “ദൈവം” എന്ന വാക്കിന്റെ കാര്യത്തിലും അത് അങ്ങനെയാണ്‌. പ്രപഞ്ചത്തിൽ പ്രവർത്തിക്കുന്നതായി കാണുകയും എന്നാൽ അതിനപ്പുറം ഒരു പേരു കൊടുക്കാനോ മനസ്സിലാക്കാനോ പറ്റാത്ത സർവ്വതിനേയും ഉൾക്കൊള്ളിക്കുക എന്നതാണ്‌ ആ പേരു കൊണ്ടുദ്ദേശിക്കുന്നത്. അതിനാൽ: മനുഷ്യൻ വളരെ സാധുവും അവന്റെ അറിവ് വളരെ പരിമിതവുമായിരുന്നപ്പോൾ ദൈവം വളരെ വലിയവനായിരുന്നു. എന്നാൽ ഓരോ അനുഭവത്തോടുമൊപ്പം അവന്റെ അധികാരവൃത്തത്തിൽ നിന്ന് ഒരു ചെറിയ കഷണം അടർന്നുപൊയ്ക്കൊണ്ടിരുന്നു; ഒടുവിൽ അവന്റേതായി ഒന്നും തന്നെ ശേഷിക്കാതായപ്പോൾ സഭയും രാഷ്ട്രവും കൂടി എല്ലാ ഉദാരഗുണങ്ങളും അവനായി ശേഖരിച്ചു കൊടുത്തു; ഇന്നാർക്കും അവയിൽ തൊടാൻ പാടില്ല.

കഴിവു കെട്ട മനുഷ്യർ എപ്പോഴും ഇങ്ങനെയായിരിക്കും; കഴിയുന്നത്ര കാലം മാതാപിതാക്കൾ തങ്ങളെ പരിപാലിക്കണമെന്നും തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമാണ്‌ അവരുടെ ആഗ്രഹം. ഈ ദൈവം ജീവിച്ചിരിക്കുന്നിടത്തോളം കാലം നാമെല്ലാം കുട്ടികളും ആശ്രിതരുമായിരിക്കും. എന്നെങ്കിലുമൊരിക്കൽ അവനെ മരിക്കാൻ വിടണം. നമുക്കും പിതാക്കന്മാരാകേണ്ടേ?

എന്നാൽ ദൈവം മരിച്ചുകഴിഞ്ഞു; കാര മുസ്തഫയെക്കുറിച്ചുള്ള ആ പഴയ കഥ. സുൽത്താൻ മരിച്ചുവെന്ന് മന്ത്രിമാർ പുറത്തു പറയാൻ പാടില്ല; പറഞ്ഞാൽ സൈന്യം യുദ്ധം നിർത്തി കൊട്ടാരക്കലാപത്തിനൊരുങ്ങും.

ഏറ്റവും പുരാതനമായ കലാസൃഷ്ടിയാണ്‌ ദൈവം. പക്ഷേ അതിന്റെ പരിപാലനം വളരെ മോശമാണ്‌; പല ഭാഗങ്ങളും ഊഹിച്ചു കൂട്ടിച്ചേർത്തതുമാണ്‌. എന്നാൽ അവനെക്കുറിച്ചു സംസാരിക്കാൻ കഴിയുന്നുവെന്നതും അവന്റെ അവശിഷ്ടങ്ങൾ കാണാൻ പോയെന്നു പറയുന്നതും വിദ്യാസമ്പന്നതയുടെ ലക്ഷണം തന്നെ.

തന്റെ ബാല്യകാലദൈവത്തിന്റെ മരണക്കിടക്കയിൽ നിന്ന് വിലാപവേഷം ധരിച്ചും കൊണ്ടാണ്‌ എല്ലാവരും പുറത്തേക്കു വരിക. എന്നാൽ വർദ്ധിച്ചു വരുന്ന ആത്മവിശ്വാസത്തോടെയും ആഹ്ളാദത്തോടെയും അയാൾ നടക്കുമ്പോൾ അയാൾക്കുള്ളിൽ ദൈവത്തിന്റെ ഉയിർത്തെഴുന്നേല്പു നടക്കുകയും ചെയ്യുന്നു.
*

ആളുകളുടെ കരഘോഷം കേട്ട് കർട്ടനു മുന്നിലേക്കു വന്നുനില്ക്കുന്ന എഴുത്തുകാരന്‌ നിരന്തരം അതു തന്നെ ചെയ്യേണ്ടിവരും, മരണം മുതൽ അന്ത്യവിധിയുടെ നാൾ വരെ. തികച്ചും മാനഹാനി വരുത്തുന്ന ഒരനുഭവമായിരിക്കും അയാൾക്കത്; നാടകത്തിന്‌ സ്വാഗതാർഹമായ ഒരന്ത്യം, കാണികൾക്കും.
*

ഏതു വഴിയിലൂടെ പോയിട്ടും എനിക്കിനിയും സംഗീതത്തിനടുത്തു ചെല്ലാൻ കഴിഞ്ഞിട്ടില്ല. എന്നാല്ക്കൂടി, മറ്റു കലകളിൽ നിന്ന് മൗലികമായിത്തന്നെ വ്യത്യസ്തമാണ്‌ അതിന്റെ മേഖലയെന്ന് ഞാൻ വിശ്വസിക്കുന്നു. ശബ്ദത്തിന്റെ കവിയ്ക്ക് തന്റെ കുമ്പസാരങ്ങളെ സാമാന്യലോകത്തിന്റെ നടുക്കു തന്നെ പ്രതിഷ്ഠിക്കേണ്ടി വരുന്നില്ല. തന്റെ വിമുക്തികളിൽ അയാൾ അവതരിപ്പിക്കുന്നത് നിദ്രാണമായ സാദ്ധ്യതകളെയാണ്‌; മാന്ത്രികപദം അറിയുന്ന ഒരാൾക്കേ ഉല്ലാസത്തിലേക്കും ആനന്ദത്തിലേക്കും അവയെ ഉണർത്താനാവൂ.

വ്യത്യസ്തമായ കലകളെ ഒരുമിച്ചണിനിരത്താൻ നോക്കുന്നതും ഒറ്റ ലക്ഷ്യത്തിലേക്ക് അവയെ തളയ്ക്കുന്നതും കലാപരമായ പക്വതയില്ലായ്മയാണ്‌. എല്ലാ കലകളുടേയും ലക്ഷ്യം ഒന്നുതന്നെയാണെന്നതു ശരിയാണെങ്കിലും ഒരേ സമയം ഒരേ വഴിയിലൂടെ അതിലേക്കെത്താൻ അവയ്ക്കു കഴിയില്ല. ആ തരം കൃത്രിമസംയോജനങ്ങളിൽ ഒന്ന് മറ്റൊന്നിനെ ഞെരുക്കുകയും അതിനു മേൽ കോയ്മ നേടാൻ നോക്കുകയും ചെയ്യും.

ഒരു കലാസൃഷ്ടിയിൽ ഒരു കലയുടെ പ്രമാണങ്ങളേ സാക്ഷാല്ക്കരിക്കപ്പെടാവൂ. ചിത്രത്തിന്‌ എഴുത്തിന്റെ ആവശ്യം വരരുത്, ശില്പത്തിന്‌ വർണ്ണത്തിന്റെ (ചിത്രത്തിന്റെ കാര്യത്തിലെന്നപോലെ) ആവശ്യം വരരുത്, കവിതയ്ക്ക് സംഗീതത്തിന്റെയും. ഓരോന്നിലും എല്ലാം അടങ്ങിയിരിക്കണം.

അരങ്ങു പോലെ അത്ര അസംസ്കൃതവും സന്തോഷിപ്പിക്കാൻ വ്യഗ്രവുമായ ഒരു ചട്ടക്കൂടിനു മാത്രമേ കഴിയുമായിരുന്നുള്ളു,  ഓപ്പെറായിലും മറ്റും കാണുന്നപോലെ സാഹിത്യവും സംഗീതവും തമ്മിലുള്ള ഒരു കൂട്ടിച്ചേർക്കൽ മുന്നോട്ടു വയ്ക്കാൻ. അങ്ങനെയൊരു പരിണയത്തിലെ അനീതിയ്ക്കു തെളിവാണ്‌, രണ്ടിലും വച്ചു മിടുക്കു കുറഞ്ഞ സംഗീതമാണു ജയിച്ചുനില്ക്കുന്നതെന്നത്.

അങ്ങനെയൊരു കൊളുത്തിയിടൽ പൊതുജനത്തിനായുള്ള ഒരു സൗജന്യമായിട്ടു തന്നെയാണ്‌ ഉണ്ടായതും; ഒരു കല മറ്റൊന്നിനു വ്യാഖ്യാനം ചമയ്ക്കുന്നതു കാണാൻ അതിനുത്സാഹമാണല്ലോ. സംഗീതത്തിന്റെ അകമ്പടിയോടെയുള്ള അതിദ്രുതചിത്രരചന (മദ്യഷാപ്പുകളിൽ നടക്കുന്ന മട്ടിലുള്ളത്) ഓപ്പെറയിലെ കലകളുടെ പരിണയത്തിനു ചേർന്നതു തന്നെയാണ്‌.

എല്ലാ കലകളേയും ഒരുമിച്ചു കലർത്താനാണ്‌ ആൾക്കൂട്ടത്തിനിഷ്ടം; ആ പ്രക്രിയക്കിടയിൽ കല നഷ്ടമാവുകയും ചെയ്യും. മനോഹരമായ ഒരു മുറിയിലിരുന്നു സംഗീതം കേൾക്കുന്നത് ഇതില്പെടുമെന്നു ഞാൻ പറയുന്നില്ല; കലകളെ വെറുതേ ഒരുമിച്ചു കൊട്ടിയിടുന്നതിൽ നിന്നു വ്യത്യസ്തമായി അലങ്കരണപരമായി അവയെ ഉപയോഗപ്പെടുത്തുകയാണല്ലോ ഇവിടെ. ശ്രദ്ധയോടെ ചെയ്താൽ ഒരിടം നിറയ്ക്കാനുള്ള ഭാവനാപൂർണ്ണമായ വിന്യാസമാവുകയും ചെയ്യുമത്.

കലകളുടെ കാര്യം വരുമ്പോൾ പ്രമാണങ്ങൾ രൂപീകരിക്കുന്നതിൽ ഒരു പ്രത്യേകത പറയാനുണ്ട്. ആദ്യം തന്നെ മഹത്തായ സൃഷ്ടികൾ ഉണ്ടായി വരണം; ഒരിക്കൽ അവ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാൽ പിന്നെ താർക്കികമനസ്സുകൾക്ക് അവയിൽ നിന്നു നിയമങ്ങൾ കണ്ടെടുക്കാം. പക്ഷേ, കലയ്ക്കു മുൻകൂട്ടി നിയമങ്ങൾ സൃഷ്ടിച്ചുവച്ചിരിക്കുന്ന ഒരു കാലഘട്ടം അധഃപതനത്തിന്റേതാണ്‌, അല്ല, അനുകരണത്തിന്റേതാണ്‌.

കലാസൃഷ്ടികളിൽ നിഹിതമായിരിക്കുന്ന നിയമങ്ങളെ നായാടിപ്പിടിക്കണമെന്ന് സാമാന്യജനത്തിനു വാശിയൊന്നുമില്ല; നിരൂപകർക്കു പക്ഷേ, തങ്ങൾ ഗൗരവത്തോടെ അനുഷ്ഠിക്കേണ്ട കടമയാണത്. എന്നാലല്ലേ തീർത്തും വ്യത്യസ്തരായ കലാകാരന്മാരിൽ സമാനതകൾ കണ്ടെത്താനും  അതുവഴി വ്യക്തികളിൽ നിന്ന് സംഘങ്ങളും ശൈലികളും ചിട്ടകളും രൂപപ്പെടുത്താനും അവർക്കു കഴിയൂ; അവർക്കു സ്വസ്ഥത കൊടുക്കുന്നതും ക്രമത്തിനായുള്ള അവരുടെ ദാഹത്തെ തൃപ്തിപ്പെടുത്തുന്നതുമായ ഒരു പ്രവൃത്തിയാണത്.

ഉത്തരം നമ്മുടെ ചെവിയിൽ മന്ത്രിച്ചു തരുന്ന സ്കൂൾകുട്ടികളെപ്പോലെയാണ്‌ നിരൂപകർ; സാമാന്യജനം മൂഢമായ വിശ്വാസത്തോടെ ആ വിവരക്കേടുകൾ ഏറ്റുചൊല്ലുമ്പോൾ അവർ തമ്മിൽത്തമ്മിൽ നോക്കിച്ചിരിക്കുകയാണ്‌.
*
ഒരു കലാസൃഷ്ടിയെ മറ്റുള്ളവയോടു ബന്ധപ്പെടുത്തി വിലയിരുത്താൻ ശ്രമിക്കുന്ന നിമിഷം നാമതിനോട് അനീതി ചെയ്തു തുടങ്ങുകയായി. ഒടുവിൽ ഇങ്ങനെയുള്ള ചോദ്യങ്ങളിലേക്കാണ്‌ അതു ചെന്നെത്തുക: റാഫേലോ മൈക്കലാഞ്ജലോയോ, ഗെയ്ഥെയോ ഷില്ലറോ, സഡർമന്നോ-; ഈ തരം നേരമ്പോക്കുകൾ നമ്മുടെ ജർമ്മൻകാർക്ക് എന്നും ഇഷ്ടമായിരുന്നു.

എത്ര വലിയ പക്വതയില്ലായ്മയുടെ ലക്ഷണമാണ്‌ ആ തരം ചോദ്യങ്ങളെന്ന് ആളുകൾക്കെന്നെങ്കിലും മനസ്സിലായെന്നു വരാം. വിധിയെഴുതുക എന്നത് അത്ര ആവശ്യമാണോ? ഒരു സംഗീതരചനയെടുക്കുക; മുഗ്ധമായ ഒരാസ്വാദനത്തോടെ അതിനോടു ബന്ധപ്പെടാൻ ആർക്കും കഴിയും: നമ്മുടെ ഞരമ്പുകളിലൂടെ സംഗീതം ഹൃദ്യമായി ഒഴുകിപ്പോകുന്നു, നമ്മുടെ കാലടികൾ താളമിടാൻ തുടങ്ങുന്നു, തീർത്തും അതിസാധാരണമായ ഒരു സുഖാനുഭൂതി നമുക്കുണ്ടാവുകയും ചെയ്യുന്നു. ഒരു ചിത്രത്തിനു മുന്നിൽ നില്ക്കുമ്പോൾ പക്ഷേ, നമുക്കു വെപ്രാളമാവുകയായി: എനിക്കപ്പോൾ ഗുളികരൂപത്തിലുള്ള ചില ആശയങ്ങളും ചില സാങ്കേതികപദങ്ങളും ആവശ്യമായി വരുന്നു; പിന്നെ രണ്ടാമത്തെ പേടി: അതിനെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം മറ്റുള്ളവരുടെ കണ്ണിൽ നമ്മെ ചെറുതാക്കുമോയെന്ന്.

ഏതു കലാസൃഷ്ടിയുടേയും യഥാർത്ഥമൂല്യത്തിലേക്കുള്ള വഴി ഏകാന്തതയിലൂടെയാണ്‌. ഒരു പുസ്തകമോ ഒരു ചിത്രമോ ഒരു ഗാനമോ കൊണ്ട് രണ്ടോ മൂന്നോ ദിവസം സ്വയം വലയം ചെയ്യുക, അതിന്റെ ശീലങ്ങൾ പരിചയിക്കുക, അതിന്റെ വൈചിത്ര്യങ്ങൾ കണ്ടെടുക്കുക, അതിനു മുന്നിൽ ആത്മവിശ്വാസമുണ്ടാവുക, അതിന്റെ വിശ്വാസമാർജ്ജിക്കുക, അതിന്റെയൊപ്പം ഒരനുഭവം പങ്കുവയ്ക്കുക, അതിനി എന്തുമാകട്ടെ, ഒരു ശോകമോ ഒരു സ്വപ്നമോ ഒരഭിലാഷമോ എന്തും.
*

കടം വാങ്ങിയ പുസ്തകങ്ങളോട് നമുക്കെപ്പോഴും ഔപചാരികമായ ഒരു ബന്ധമേ സാദ്ധ്യമാകൂ. ഒരു ചെറുപ്പക്കാരി എനിക്കു കടം തന്ന പുസ്തകം ഞാനൊരിക്കലും കിടക്കയിൽ വച്ചോ പ്രഭാതഭക്ഷണസമയത്തോ വായിക്കുകയില്ല; ഒരു സഹപ്രവർത്തകന്റെ കേമമായ ലൈബ്രറിയിൽ നിന്നെടുത്ത ഒരു പുസ്തകം ഞാനെന്റെ മെലിഞ്ഞ ഗ്രന്ഥശേഖരത്തിന്റെ കൂട്ടത്തിൽ വയ്ക്കാതെ എന്റെ മേശപ്പുറത്ത് പ്രത്യേകപരിഗണന നല്കി വയ്ക്കുകയാണു ചെയ്യുക. ഇനി, എനിക്കൊരു മേലുദ്യോഗസ്ഥൻ ഉണ്ടായെന്നിരിക്കട്ടെ- മുറിയ്ക്കു വല്ലാതെ മച്ചുയരം കുറഞ്ഞ ഒരു തോന്നലാണതുണ്ടാക്കുക- , അദ്ദേഹം കടം തന്ന പുസ്തകങ്ങൾ തൊപ്പിയൂരി കൈയിൽ പിടിച്ചുകൊണ്ടല്ലാതെ എനിക്കു വായിക്കാൻ പറ്റില്ല എന്നു വരാനാണു സാദ്ധ്യത. ചുരുക്കത്തിൽ ആ തരം പുസ്തകങ്ങളുമായി നമുക്കൊരടുപ്പം സ്ഥാപിക്കാൻ കഴിയാതെ വരുന്നു; മര്യാദ പാലിക്കുന്ന, അകലം വിട്ടൊരു ബന്ധമേ നമുക്കെന്നും അവയോടുണ്ടാവൂ.
*
ഇതിങ്ങനെയല്ലേ: ഉള്ളിന്റെയുള്ളിൽ ഓരോ ആളും ഒരു പള്ളി പോലെയാണ്‌; അതിന്റെ ഭിത്തികൾ ഉജ്ജ്വലമായ ചുമർചിത്രങ്ങൾ കൊണ്ടലങ്കരിച്ചിരിക്കുന്നു. ബാല്യത്തിന്റെ ആദ്യനാളുകളിൽ ചിത്രങ്ങൾ കാണാൻ പറ്റാത്ത രീതിയിൽ ഉള്ളിൽ ഇരുട്ടാണ്‌. പിന്നീട്, അകം പ്രകാശമാനമായി വരുന്നതോടൊപ്പം കൗമാരമൂഢതകളും അയഥാർത്ഥതൃഷ്ണകളും ലജ്ജയും അവിടം കൈയേറുകയും ഒന്നൊന്നായി ആ ചിത്രങ്ങൾ കുമ്മായം പൂശി മറയ്ക്കുകയും ചെയ്യുന്നു. ആ വിരസമായ ദാരിദ്ര്യത്തിനടിയിൽ ഒരു പഴയ ഔജ്ജ്വല്യം മറഞ്ഞുകിടപ്പുണ്ടെന്നു ശങ്കിക്കുക പോലും ചെയ്യാതെ പലരും ജീവിതത്തിന്റെ അങ്ങേയറ്റം വരെയും ജീവിതത്തിലൂടെയും കടന്നുപോകും. അങ്ങനെയൊന്നുണ്ടെന്നൂഹിക്കുകയും കണ്ടെത്തുകയും രഹസ്യമായി അതിന്റെ മറ നീക്കിക്കാണുകയും ചെയ്യുന്നവൻ എത്ര ഭാഗ്യവാൻ! അയാൾ തനിക്കു തന്നെ ഉപഹാരങ്ങൾ അർപ്പിക്കുന്നു. തന്റെ സ്വദേശമായ തന്നിലേക്കു തന്നെ അയാൾ മടങ്ങുകയും ചെയ്യുന്നു.
*

നാം ജനിക്കുന്ന നിമിഷം തന്നെയാണ്‌ നമ്മുടെ അച്ഛനമ്മമാരും ജനിക്കുന്നതെങ്കിൽ എന്തൊക്കെ വിദ്വേഷങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും നമുക്കൊഴിവു കിട്ടിയേനെ. പക്ഷേ അച്ഛനമ്മമാർക്കും കുട്ടികൾക്കും ഒരിക്കലും ഒരുമിച്ചു പോകാൻ പറ്റില്ല, അവർ പിന്നിൽ പിന്നിലായിത്തന്നെ പോകണം. അവർക്കിടയിൽ ആഴമേറിയ ഒരു കിടങ്ങു കിടക്കുന്നു; അതിനു മുകളിലൂടെ വല്ലപ്പോഴുമൊക്കെ ഒരു ചെറിയ സ്നേഹം കൈ നീട്ടുമെന്നു മാത്രം.
*

അച്ഛനമ്മാർ ഒരിക്കലും നമ്മെ ജീവിതം പഠിപ്പിക്കാൻ തുനിയരുത്; കാരണം അവർ നമ്മെ പഠിപ്പിക്കാൻ പോകുന്നത് അവരുടെ ജീവിതമായിരിക്കും.
*

അമ്മമാർ, പക്ഷേ, കലാകാരന്മാരെപ്പോലെയാണ്‌. സ്വയം കണ്ടെത്തുക എന്നതാണ്‌ കലാകാരന്റെ ദൗത്യം. സ്ത്രീ സാഫല്യം കണ്ടെത്തുന്നത് തന്റെ കുഞ്ഞിലാണ്‌. കലാകാരൻ തന്റെയുള്ളിൽ നിന്ന് ശകലങ്ങളായി വലിച്ചുപറിച്ചെടുക്കുന്നത് അമ്മ ശക്തികളും സാദ്ധ്യതകളും നിറഞ്ഞ ഒരു പൂർണ്ണലോകമായി തന്റെ ഉദരത്തിൽ നിന്നുയർത്തിയെടുക്കുന്നു.
*

നമ്മുടെ മ്യൂസിയങ്ങളെ ഭരിക്കുന്നത് മൂഢതയാണ്‌. വ്യത്യസ്തഭാഷകളിലുള്ള വ്യത്യസ്തപുസ്തകങ്ങളിൽ നിന്ന് ഒരാൾ കണ്ണുമടച്ച് കുറേ പേജുകൾ വലിച്ചുകീറിയെടുത്ത് ഒരു തടിയൻ ബുക്കിൽ ഒട്ടിച്ചപോലെയാണത്. വാസനകളും മനോഭാവങ്ങളും കൊണ്ട് തങ്ങൾ സഹജമായിത്തന്നെ ഒട്ടിച്ചേർന്നു നിന്ന ഒരിടത്തു നിന്നു വലിച്ചുപറിച്ചെടുത്ത ആ കലാവസ്തുക്കൾ ഇപ്പോൾ സ്വന്തമായ ഒരിടമില്ലാതെ, അനാഥക്കുട്ടികളെപ്പോലെ നിരന്നുനില്ക്കുന്നു. ഒരേ വേഷമിട്ട ഒരു സംഘം അനാഥക്കുട്ടികളെ കാണുമ്പോഴുള്ള പ്രതികരണമാണ്‌ നമ്മുടേതും. മുടി ചെമ്പിച്ച ഒരു കുട്ടിയേയോ വിഷാദവാനായ ഒരു കുട്ടിയേയോ ചിന്താധീനനായ ഒരു കുട്ടിയേയോ അടക്കത്തിൽ മിടുക്കനായ ഒരു കുട്ടിയേയോ നാം കാണുന്നില്ല; പകരം നാം പറയുകയാണ്‌: ഇരുപത് അനാഥക്കുട്ടികൾ.
*

1898 ജൂലൈ 6

മാപ്പു തരൂ! എന്നു ഞാൻ പറയേണ്ടതില്ല. എന്തെന്നാൽ എന്റെ ഓരോ മൗനത്തിലും നിന്നോടു ഞാൻ അതു തന്നെയാണു ചോദിക്കുന്നത്. മറക്കൂ! എന്നു ഞാൻ പറയേണ്ടതില്ല. എന്തെന്നാൽ നാണക്കേടോടെ നിന്നിൽ നിന്നു പാഞ്ഞൊളിക്കാൻ ഞാൻ ശ്രമിച്ച ഈ സമയവും നമുക്കോർമ്മയിൽ വയ്ക്കാൻ ആഗ്രഹമുണ്ട്. എന്റെ അന്ധമായ ആ പലായനത്തിൽ ഞാൻ ഓടിവന്നത് നിന്റെ നേർക്കുമായിരുന്നല്ലോ. വിശ്വസിക്കൂ! എന്നു പറയാനും എനിക്കാഗ്രഹമില്ല. എന്തെന്നാൽ ദീർഘമായ ഒരകല്ച്ചയ്ക്കും അവിശ്വാസത്തിന്റേതായ ഒരടുപ്പത്തിനുമൊടുവിൽ (അത് നമ്മുടെ അവസാനത്തെ വേർപെടലായിരുന്നു, എന്റെ അവസാനത്തെ അത്യാഹിതവും) പവിത്രമായ ഈ നവപ്രഭാതങ്ങളിൽ വച്ചു  നാം പരസ്പരം തിരിച്ചറിഞ്ഞ, ആശിസ്സുകളർപ്പിച്ച ഭാഷ ഇതാണെന്നെനിക്കറിയാം.


അഭിപ്രായങ്ങളൊന്നുമില്ല: