അസ്തിത്വവാദത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡാനിഷ് തത്ത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായ സോറെൻ കീർക്കെഗോറിന്റെ ജീവിതത്തെ നിർണ്ണായകമായി സ്വാധീനിച്ച ഒരു സംഭവമാണ് റെഗിനെ ഓൾസെനുമായുള്ള ബന്ധം. 1837ൽ ആദ്യമായി പരസ്പരം കാണുമ്പോൾത്തന്നെ അവർ പ്രണയബദ്ധരായി. 1840 സെപ്തംബറിൽ കീർക്കെഗോർ വിവാഹാഭ്യർത്ഥന നടത്തുമ്പോൾ അതു സ്വീകരിക്കാൻ അവർക്കു വിസമ്മതമുണ്ടായില്ല. പക്ഷേ അധികം വൈകാതെ അദ്ദേഹത്തിനു സംശയങ്ങളായി; ഒരു കൊല്ലത്തിനുള്ളിൽ അദ്ദേഹം തന്റെ തീരുമാനത്തിൽ നിന്നു പിന്മാറുകയും ചെയ്തു. ആ പിന്മാറ്റത്തിനു പിന്നിലുള്ള കാരണമെന്തെന്ന് ആരും ഇനിയും കണ്ടെത്തിക്കഴിഞ്ഞിട്ടില്ല. പിതാവിനെപ്പോലെ കീർക്കെഗോറും വിഷാദത്തിനടിമയായിരുന്നു. പിതൃശാപമേറ്റ താൻ വിവാഹത്തിനർഹനല്ലെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവാം. എന്നാൽ അവർ തമ്മിലുള്ള പ്രേമം ഉത്കടമായിരുന്നുവെന്നതും റെഗിനെ പിന്നീട് യൊഹാൻ ഫ്രെഡെറിക് ഷ്ളെഗെലിനെ വിവാഹം ചെയ്തതിനു ശേഷവും അതിന്റെ തീവ്രതയ്ക്കു കുറവു വന്നിരുന്നില്ലെന്നതും സത്യമാണ്. ഇരുവരും കോപ്പെൻഹേഗനിൽ തന്നെയായിരുന്നു താമസമെങ്കിലും തെരുവുകളിൽ വച്ചു സാന്ദർഭികമായി കണ്ടുമുട്ടുന്നതിൽ ഒതുങ്ങിനിന്നു അവരുടെ പിന്നീടുള്ള ബന്ധം. അവരോടു സംസാരിക്കാൻ അദ്ദേഹം ഒരിക്കൽ ഷ്ളെഗെലിനോടു സമ്മതം ചോദിച്ചുവെങ്കിലും അതനുവദിക്കപ്പെട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ കൃതികൾ പലതിലും റെഗിനെയ്ക്കു മനസ്സിലാകാൻ വേണ്ടിയുള്ള സൂക്ഷ്മപരാമർശങ്ങൾ അടങ്ങിയിരിക്കുന്നു. ഷ്ളെഗെൽ ഡാനിഷ് വെസ്റ്റ് ഇൻഡീസിന്റെ ഗവർണറായി നിയമിക്കപ്പെട്ടതിനെ തുടർന്ന് റെഗിനെ രാജ്യം വിട്ടു. അവർ തിരിച്ചു വരുമ്പോഴേക്കും കീർക്കെഗോർ മരിച്ചിരുന്നു. 1904ൽ മരിച്ച റെഗിനെയെ കോപ്പെൻഹേഗനിലെ അസിസ്റ്റൻസ് സിമിത്തേരിയിൽ കീർക്കെഗോറിനു സമീപം തന്നെയാണ് അടക്കിയിരിക്കുന്നത്.
(1839 ഫെബ്രുവരി 2ലെ ഡയറിയില്‍ നിന്ന്‍)
എന്റെ ഹൃദയത്തിന്റെ പരമാധികാരമേറ്റവളേ, റെഗീനാ, എന്റെ നെഞ്ചിലെ രഹസ്യവിലങ്ങളിൽ, സ്വർഗ്ഗത്തേക്കെന്നപോലെ നരകത്തിലേക്കും തുല്യദൂരമായ എന്റെ ജീവിതാശയത്തിനു നടുവിലൊളിച്ചിരിക്കുന്നവളേ- അജ്ഞാതദേവതേ! ഹാ, എനിക്കിപ്പോൾ കവികൾ പറയുന്നതു വിശ്വാസമാകുന്നു: തന്റെ പ്രണയഭാജനത്തെ ആദ്യമായി കാണുമ്പോൾ അവളെ പണ്ടേ തന്നെ താൻ കണ്ടിരിക്കുന്നുവെന്നു കാമുകനു തോന്നുമെന്ന്; ഏതു ജ്ഞാനത്തെപ്പൊലെയും പ്രണയവും പ്രത്യഭിജ്ഞയാണെന്ന്; ഒരേയൊരു വ്യക്തിയിലാണെങ്കിലും പ്രണയത്തിനുമുണ്ട് അതിന്റെ പ്രവചനങ്ങളും അതിന്റെ പ്രകാരങ്ങളും അതിന്റെ പുരാണങ്ങളും അതിന്റെ പഴയ നിയമവുമെന്ന്. എവിടെയും, ഏതു സ്ത്രീയുടെ മുഖത്തും ഞാൻ കാണുന്നത് നിന്റെ സൗന്ദര്യത്തിലെ ലക്ഷണങ്ങളാണ്; എന്നാൽ ലോകത്തുള്ള എല്ലാ സ്ത്രീകളുടെയും സൗന്ദര്യം വാറ്റിയെടുത്താലേ നിന്റെ സൗന്ദര്യം ലഭിക്കൂ എന്നെനിക്കു തോന്നുന്നു; എന്റെ ആത്മാവിന്റെ നിഗൂഢതത്വം കാന്തസൂചി പോലെ കൈ ചൂണ്ടുന്ന ദേശം കണ്ടെത്തണമെങ്കിൽ കടലായ കടലെല്ലാം അലയേണ്ടിവരുമെന്നും എനിക്കു തോന്നുന്നു...അന്ധയായ രതിദേവതേ! രഹസ്യത്തിൽ പ്രത്യക്ഷയാവുന്നവളേ, എനിക്കു നീയതു വെളിപ്പെടുത്തുമോ? ഞാൻ തേടി നടക്കുന്നത് ഈ ലോകത്തു തന്നെ എനിക്കു ലഭിക്കുമോ, എന്റെ ജീവിതമെന്ന ഭ്രാന്തൻ തർക്കവാദങ്ങൾ ഇവിടെ വച്ചു തന്നെ ഒരു നിഗമനത്തിലെത്തുമോ, എന്റെ കൈകൾക്കുള്ളിൽ എനിക്കു നിന്നെ കിട്ടുമോ? : അതോ കല്പന ഇങ്ങനെയായിരിക്കുമോ: മുന്നോട്ടു തന്നെ പോവുക! നീ മുമ്പേ പൊയ്ക്കഴിഞ്ഞോ, എന്റെ അഭിനിവേശമേ, മറ്റൊരു രൂപത്തിൽ മറ്റൊരു ലോകത്തിരുന്നെന്നെ മാടിവിളിക്കുകയാണോ നീ? ഹാ, എങ്കിൽ നിന്നെ പിന്തുടരാനും മാത്രം ഭാരരഹിതനാവാൻ വേണ്ടി സകലതും ഞാൻ വലിച്ചെറിയും.
1841ലെ ഈ ഡയറിക്കുറിപ്പ് റെഗിനെയുമായുള്ള വിവാഹനിശ്ചയത്തിന്റെയും അതിൽ നിന്നുള്ള പിന്മാറ്റത്തിന്റെയും ഒരു വിവരണമാണ്. കീർക്കെഗോർ മരിച്ചതിനു ശേഷം അവരുമായുള്ള ബന്ധത്തിന്റെ മറ്റു രേഖകൾക്കൊപ്പം ഇതും അവർക്കയച്ചുകൊടുത്തിരുന്നു. 1904ൽ അവരുടെ മരണശേഷമാണ് ഇത് പ്രസിദ്ധീകരിക്കപ്പെടുന്നത്.
“അവളു”മായുള്ള എന്റെ ബന്ധം
റെഗിനെ ഓൾസെൻ- അവളെ ഞാൻ ആദ്യമായി കാണുന്നത് റോർഡമിന്റെ വീട്ടിൽ വച്ചാണ്. അവളുടെ വീട്ടുകാരെ പരിചയപ്പെടുന്നതിനു മുമ്പുള്ള നാളുകളിൽ ഇവിടെ വച്ചാണ് ഞാൻ ശരിക്കവളെ കാണുന്നത്. (ഒരർത്ഥത്തിൽ ബോലെറ്റെ റോർഡമിനോട് എനിക്കൊരു കടപ്പാടുമുണ്ട്. മുമ്പൊരു കാലത്ത് എനിക്ക് ബോലെറ്റെയോട് ഒരനുഭാവം തോന്നിയിരുന്നു, അതവൾക്ക് എന്നോടും തോന്നിയിരിക്കാം. അതെല്ലാം പക്ഷേ നിഷ്കളങ്കമായിരുന്നു, വെറും ബൗദ്ധികമായിരുന്നു.)
എന്റെ അച്ഛൻ മരിക്കുന്നതിനു മുമ്പു തന്നെ അവളുടെ കാര്യത്തിൽ ഞാൻ ഒരു തീരുമാനമെടുത്തിരുന്നു. അദ്ദേഹം 1838 ആഗസ്റ്റ് 9നു മരിച്ചു. ഞാൻ പരീക്ഷയ്ക്കു തയാറെടുത്തു. ഇക്കാലമത്രയും അവളുടെ ജീവിതം എന്റെ ജീവിതത്തിൽ പിണഞ്ഞുചേരാൻ ഞാൻ വിട്ടുകൊടുത്തു.
1840 വേനല്ക്കാലത്താണ് ദൈവശാസ്ത്രത്തിലുള്ള അവസാനപ്പരീക്ഷ ഞാൻ എഴുതുന്നത്.
സമയം കളയാതെ ഞാൻ അവളെ കാണാൻ പോയി. പിന്നെ ഞാൻ ജട്ട് ലാന്റിലേക്കു പോയി. പുസ്തകങ്ങൾ വായിക്കാൻ കൊടുത്തും വായിക്കാനുള്ള ഭാഗങ്ങൾ നിർദ്ദേശിച്ചും അക്കാലത്തു തന്നെ ഞാനവളെ ചൂണ്ടയിടാൻ തുടങ്ങിയിരിക്കണം.
ആഗസ്റ്റിൽ ഞാൻ തിരിച്ചുപോന്നു. കൃത്യമായി പറഞ്ഞാൽ ആഗസ്റ്റ് 9 മുതൽ സെപ്തംബർ വരെയുള്ള കാലത്താണ് ഞാൻ അവളുമായി കൂടുതൽ അടുക്കുന്നത്.
ഇക്കാര്യത്തിൽ ഒരു തീരുമാനമാകണമെന്നുള്ള ദൃഢനിശ്ചയത്തോടെ സെപ്തംബർ 8ന് ഞാൻ വീട്ടിൽ നിന്നിറങ്ങി. അവളുടെ വീടിനു പുറത്തുള്ള തെരുവിൽ വച്ച് ഞങ്ങൾ പരസ്പരം കണ്ടു. വീട്ടിൽ ആരുമില്ലെന്ന് അവൾ പറഞ്ഞു. ഞാൻ കാത്തിരുന്ന ക്ഷണമാണതെന്നു ധരിക്കാനും മാത്രം മുഠാളനായിപ്പോയി ഞാൻ. അവളോടൊപ്പം ഞാൻ ഉള്ളിലേക്കു ചെന്നു. സ്വീകരണമുറിയിൽ ഞങ്ങൾ നിന്നു, ഞങ്ങൾ രണ്ടു പേർ മാത്രം. അവൾ അല്പം അസ്വസ്ഥയായിരുന്നു. അവൾ സാധാരണ ചെയ്യാറുള്ള പോലെ പിയാനോയിൽ എന്തെങ്കിലും വായിക്കാൻ ഞാൻ പറഞ്ഞു. അവൾ അതനുസരിച്ചു; പക്ഷേ എനിക്കതിൽ താല്പര്യം തോന്നിയില്ല. ഞാൻ പാട്ടുപുസ്തകമെടുത്ത്, അല്പം ഊക്കോടെയല്ലാതെയല്ല, പിയായാനോയ്ക്കു മുകളിലേക്കിട്ടിട്ട് അവളോടു പറഞ്ഞു, “ഓ, ഇപ്പോൾ സംഗീതം ആർക്കു വേണം! എനിക്കു വേണ്ടത് നിന്നെയാണ്, രണ്ടു കൊല്ലമായി ഞാൻ തേടി നടന്നത് നിന്നെയാണ്.” അവൾ നിശബ്ദയായിരുന്നു. ഞാൻ പക്ഷേ, അവളെ ആകർഷിക്കാൻ വേണ്ടി ഒന്നും പറയാൻ പോയില്ല; എന്നെ വേട്ടയാടുന്ന വിഷാദത്തെക്കുറിച്ചു പറഞ്ഞ് ഞാനവൾക്കു മുന്നറിയിപ്പു കൊടുക്കുക കൂടിച്ചെയ്തു. എന്നാൽ അവൾ ഷ്ളെഗെലുമായുള്ള ബന്ധത്തെക്കുറിച്ചു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, “ആ ബന്ധം ബ്രായ്ക്കറ്റിൽ കിടക്കട്ടെ; മുൻഗണന എനിക്കു തന്നെ.”
അവൾ തീർത്തും നിശബ്ദയായിരുന്നു. ഞാൻ ഒടുവിൽ അവിടെ നിന്നു പോന്നു; ഞങ്ങൾ രണ്ടു പേർ മാത്രം അവിടെ അങ്ങനെ നില്ക്കുന്നത് ആരെങ്കിലും കണ്ടാലോ എന്ന പേടിയായിരുന്നു എനിക്ക്; അവളുടെ മനസ്സ് സ്വസ്ഥമല്ലെന്നതിന്റെ ഉത്കണ്ഠയും ഉണ്ടായിരുന്നു. ഞാൻ നേരെ അവളുടെ അച്ഛനെ കാണാൻ പോയി. ഞാനവളെ അത്ര ആഴത്തിൽ സ്വാധീനിച്ചുവോ എന്ന വല്ലാത്ത പേടി എനിക്കുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഞാൻ അവളെ കാണാൻ ചെന്നത് തെറ്റിധാരണകൾക്കു വഴി കൊടുക്കുമോ, അവളുടെ പേരു ചീത്തയാക്കുമോ എന്നും ഞാൻ ഭയന്നു. അവളുടെ അച്ഛൻ എതിർത്തോ അനുകൂലിച്ചോ ഒന്നും പറഞ്ഞില്ല; എന്നാൽ എതിരഭിപ്രായമല്ലെന്നത് എനിക്കു കാണാൻ പറ്റിയിരുന്നു. ഒരു കൂടിക്കാഴ്ചയ്ക്ക് ഞാൻ സമയം ചോദിച്ചു; പത്താം തീയതി ഉച്ച തിരിഞ്ഞ് അതു നടക്കുകയും ചെയ്തു. അവളെ വശത്താക്കാനുദ്ദേശിച്ചുള്ള യാതൊന്നും ഞാൻ പറഞ്ഞില്ല- അവൾ സമ്മതം മൂളി.
ആ കുടുംബത്തിലുള്ള എല്ലാവരുമായി പെട്ടെന്നു തന്നെ ഞാൻ ഒരടുപ്പം സ്ഥാപിച്ചു. എനിക്കെന്നും വലിയ കാര്യമായിരുന്ന അവളുടെ അച്ഛന്റെ മേൽ എന്റെ എല്ലാ അറിവും കഴിവും ഞാൻ കൊണ്ടു ചൊരിയുകയും ചെയ്തു.
പക്ഷേ എന്റെ ഉള്ളിൽ അതായിരുന്നില്ല; തെറ്റായ ചുവടു വയ്പാണു നടത്തിയതെന്ന് പിറ്റേ ദിവസം എനിക്കു ബോദ്ധ്യമായി. എന്നെപ്പോലൊരു പാപിയ്ക്ക്, അതിനു പശ്ചാത്തപിക്കുന്നവന്, എന്റെ പൂർവജീവിതം, എന്റെ ഇതു വരെയുള്ള ജീവിതം, എന്റെ വിഷാദം തന്നെ മതിയാകും.
അന്നത്തെ എന്റെ മനോവേദന പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.
അവൾ അതൊന്നും ശ്രദ്ധിച്ചില്ലെന്നു തോന്നി. അവൾ വലിയ ഉത്സാഹത്തിലായിരുന്നു; എന്റെ വിവാഹാഭ്യർത്ഥന താൻ സ്വീകരിച്ചത് എന്നോടു കരുണ തോന്നിയിട്ടാണെന്നു കൂടി ആ ഉത്സാഹത്തള്ളിച്ചയുടെ ഒരു നിമിഷത്തിൽ അവൾ പറഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ അത്ര ഉത്സാഹവതിയായി അവളെ മുമ്പു ഞാൻ കണ്ടിട്ടില്ല.
ഒരർത്ഥത്തിൽ അതായിരുന്നു അപകടം. അവളുടെ വാക്കുകൾ വെളിവാക്കുന്നതിൽ കൂടുതലായി അവളതിനെ കാര്യമായിട്ടെടുക്കാതിരുന്നെങ്കിൽ; അവളതു കാര്യമായിട്ടെടുക്കാതിരുന്നാൽ ഞാൻ രക്ഷപെട്ടു. എനിക്കു വീണ്ടും ധൈര്യം തിരിച്ചുകിട്ടി.
പിന്നെ ഞാൻ എന്റെ കരുത്തെല്ലാം പ്രയോഗിച്ചു- അവൾ ശരിക്കും കീഴടങ്ങി; പക്ഷേ ഞാൻ പ്രതീക്ഷിച്ചതിനു നേരേ എതിരാണു സംഭവിച്ചത്: അവൾ നിരുപാധികമായി എനിക്കു സ്വയം വിട്ടു തന്നു, അവൾ എന്നെ ആരാധിച്ചു. ഒരു പരിധി വരെ അതിനു കുറ്റക്കാരൻ ഞാൻ തന്നെ...എന്റെ വിഷാദപ്രവണത വീണ്ടും കണ്ണു തുറന്നു. അവൾക്കെന്നോടുള്ള സമർപ്പണം എല്ലാ ഉത്തരാവാദിത്തവും എന്റെ മേൽ ചുമത്തുമ്പോൾത്തന്നെ അവളുടെ സ്വാഭിമാനം ആ ഉത്തരവാദിത്തത്തിൽ നിന്ന് എന്നെ മോചിപ്പിക്കുകയുമായിരുന്നു. എന്റെ അഭിപ്രായം, എന്റെ ചിന്തയും, അതു ദൈവം എനിക്കു തന്ന ശിക്ഷയാണ് എന്നായിരുന്നു.
വൈകാരികമായി അവൾ എങ്ങനെയാണ് എന്നെ സ്വാധീനിച്ചതെന്ന് ഖണ്ഡിതമായി പറയാൻ എനിക്കു കഴിയില്ല. ഒരു കാര്യം തീർച്ചയാണ്: അവൾ എനിക്കു സ്വയം സമർപ്പിച്ചു, എന്നെ ആരാധിക്കുക കൂടി ചെയ്തു; അതെന്നെ അത്രയ്ക്കു സ്പർശിച്ചതിനാൽ അവൾക്കു വേണ്ടി ഏതറ്റം വരെ പോകാനും ഞാൻ തയാറുമായിരുന്നു. പാപപരിഹാരം ചെയ്യുന്നവനായിരുന്നില്ല ഞാനെങ്കിൽ, എനിക്കൊരു പൂർവജീവിതമില്ലായിരുന്നുവെങ്കിൽ, വിഷാദപ്രകൃതി ആയിരുന്നില്ല ഞാനെങ്കിൽ അവളുമായുള്ള ഐക്യം ഞാൻ സ്വപ്നം കണ്ടതിനെക്കാളൊക്കെ എന്നെ സന്തോഷവാനാക്കുമായിരുന്നു. കഷ്ടമെന്നു പറയട്ടെ, ഞാൻ എന്താണോ അതായതിനാൽ, അവളോടൊപ്പമുള്ളതിനേക്കാൾ അവളില്ലാത്ത അസന്തുഷ്ടിയിലായിരിക്കും ഞാൻ സന്തുഷ്ടനാവുക എന്നു പറയേണ്ടി വരുന്നു. അവളെന്നെ അത്രമേൽ വശീകരിച്ചിരിക്കുന്നു; അവൾക്കു വേണ്ടി എന്തു ചെയ്യാനും എനിക്കിഷ്ടമായിരുന്നു.
പക്ഷേ ദൈവത്തിൽ നിന്ന് ഒരു പ്രതിഷേധം ഉണ്ടായി, അങ്ങനെയാണ് ഞാനതു മനസ്സിലാക്കുന്നത്. വിവാഹം. അവളിൽ നിന്ന് അത്രയധികം എനിക്കൊളിപ്പിക്കണമായിരുന്നു, സത്യമല്ലാത്തതൊന്നിനെ എനിക്കാധാരമാക്കണമായിരുന്നു.
മോതിരം തിരിച്ചയച്ചുകൊടുത്തുകൊണ്ട് ഞാനവൾക്കു കത്തെഴുതി. ആ കത്ത് ഒരു വാക്കും കുറയാതെ “മനഃശാസ്ത്രപരീക്ഷണങ്ങ”ളിൽ കാണാം. ആരോടും, ഒറ്റ മനുഷ്യനോടും അതിനെക്കുറിച്ചു ഞാൻ മിണ്ടിയില്ല; ഒരു കുഴിമാടത്തെക്കാൾ നാവിറങ്ങിയ ഞാൻ. ആ പുസ്തകം അവളുടെ കൈകളിലെത്താനിടയായാൽ അവൾക്കതോർമ്മ വരണമെന്ന് ഞാൻ ആഗ്രഹിച്ചു.
അവൾ എന്തു ചെയ്തു? സ്ത്രീസഹജമായ നൈരാശ്യത്തിന്റെ പരകോടിയിൽ അവൾ പരിധിക്കപ്പുറത്തേക്കു കാലെടുത്തു വച്ചു. ഞാൻ വിഷാദരോഗിയാണെന്ന് അവൾക്കറിയാമായിരുന്നിരിക്കണം; ആകാംക്ഷ എന്നെ അറ്റകൈയെടുക്കാൻ പ്രേരിപ്പിക്കുമെന്ന് അവൾ കരുതിയിരിക്കും. നേരേ മറിച്ചാണു സംഭവിച്ചത്. അറ്റകൈയെടുക്കുന്ന ഘട്ടത്തിലേക്ക് ഉത്കണ്ഠ എന്നെ തള്ളിക്കൊണ്ടു പോയിരുന്നുവെന്നത് ശരിയാണ്; പക്ഷേ പിന്നെ ഞാൻ ചെയ്തത് അവളെന്നെ സ്വയം വിട്ടുപോകാൻ എന്റെ പ്രകൃതത്തെ കഴിയുന്നത്ര ചുരുക്കാനായി സർവശക്തിയും പ്രയോഗിക്കുകയാണ്.ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളു, സർവശക്തിയും ഉപയോഗിച്ച് അവളെ പിന്തിരിപ്പിക്കുക.
കാപട്യത്തിന്റെ ആ രണ്ടുമാസക്കാലം അവളോടു ഞാൻ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു: വിട്ടുകളയുക, എന്നെ വിട്ടയക്കുക. നിനക്കിതു താങ്ങാൻ പറ്റില്ല. അതിന് വികാരതീക്ഷ്ണമായ അവളുടെ മറുപടി എന്തു സഹിക്കേണ്ടി വന്നാലും എന്നെ വിട്ടയക്കുകയില്ല എന്നായിരുന്നു.
വിവാഹത്തിൽ നിന്നു പിന്മാറിയതു താനാണെന്ന ധാരണയുണ്ടാക്കാൻ ഞാനൊരു നിർദ്ദേശം വച്ചു; അങ്ങനെയെങ്കിൽ അവൾക്ക് അപമാനത്തിൽ നിന്നു രക്ഷപ്പെടാമല്ലോ. അതും അവൾക്കു സമ്മതമായില്ല. അവളുടെ മറുപടി ഇങ്ങനെയായിരുന്നു: മറ്റേതു താങ്ങാമെങ്കിൽ ഇതും താങ്ങാവുന്നതേയുള്ളു. സോക്രാട്ടിക് വാദം പോലെ അവൾ പറഞ്ഞു: തന്റെ സാന്നിദ്ധ്യത്തിൽ ആരും യാതൊന്നും ശ്രദ്ധിക്കാൻ പോകുന്നില്ല, തന്റെ അഭാവത്തിൽ ആളുകൾ എന്തു പറഞ്ഞാലും അതു തന്നെ സംബന്ധിക്കുന്നതുമല്ല.
കഠിനമായ മാനോയാതനയുടെ കാലമായിരുന്നു അത്: അത്ര ക്രൂരനാവുക, അതേ സമയം എന്നെപ്പോലെ അത്ര സ്നേഹിക്കുക. ഒരു പെൺപുലിയെപ്പോലെ അവൾ ചെറുത്തുനിന്നു. ദൈവം വീറ്റോ ചെയ്തിരുന്നില്ലെങ്കിൽ അവൾ വിജയിക്കുമായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.
അങ്ങനെ രണ്ടു മാസം കഴിഞ്ഞപ്പോൾ അതു തകർന്നു. അവൾ നൈരാശ്യത്തിലാണ്ടു. ജീവിതത്തിൽ ആദ്യമായി ഞാൻ ഒരാളെ ശാസിച്ചു. അതേ എനിക്കു ചെയ്യാനുണ്ടായിരുന്നുള്ളു.
അവളെ കണ്ടിട്ട് ഞാൻ നേരെ തിയേറ്ററിലേക്കു പോയി; എനിക്ക് എമിൽ ബോസെനെ കാണണമായിരുന്നു. നാടകം കഴിഞ്ഞിരുന്നു. ഞാൻ അവിടെ നിന്നിറങ്ങുമ്പോൾ എറ്റാസ്ട്രാഡ് ഓൾസെൻ അടുത്തുവന്നു ചോദിച്ചു, “എനിക്കൊന്നു സംസാരിക്കാമോ?” ഞങ്ങൾ ഒരുമിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയി. “അവൾ മരിച്ചുപോകും, ആകെ നൈരാശ്യത്തിലാണവൾ.” “അവളെ ഞാൻ സമാധാനിപ്പിച്ചു കൊള്ളാം; പക്ഷേ ഞാൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞു“ ഞാൻ പറഞ്ഞു. അദ്ദേഹം പറഞ്ഞു, ”ഞാനല്പം അഭിമാനിയാണ്, ഇതു പറയാൻ എനിക്കു വിഷമമുണ്ട്, എന്നാലും ഞാൻ അപേക്ഷിക്കുകയാണ്, നിങ്ങൾ അവളെ ഉപേക്ഷിക്കരുത്.“ അദ്ദേഹം മഹാമനസ്കനായിരുന്നു, അദ്ദേഹം പറഞ്ഞത് എന്നെ പിടിച്ചു കുലുക്കുകയും ചെയ്തു. പക്ഷേ വഴങ്ങിക്കൊടുക്കാൻ ഞാൻ തയാറായിരുന്നില്ല. അടുത്ത ദിവസം കാലത്ത് അവളുടെ ഒരു കത്തു കിട്ടി, രാത്രി മുഴുവൻ താൻ ഉറങ്ങിയിട്ടില്ലെന്നും ഞാൻ ഒന്നു ചെന്നു കാണണമെന്നും പറഞ്ഞുകൊണ്ട്. ഞാൻ അവളെ പോയിക്കണ്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അവൾ ചോദിച്ചു: ”നിങ്ങൾ ഒരിക്കലും വിവാഹം കഴിക്കില്ലേ?“ ഞാൻ പറഞ്ഞു, ”പത്തുകൊല്ലം അടിച്ചുപൊളിച്ചു ജീവിക്കണം, അതു കഴിഞ്ഞാൽ ചിലപ്പോൾ ചെയ്തെന്നു വരാം; കിളിന്തു മാംസം വേണ്ടേ, ഒന്നുഷാറാവാൻ!“ അത് ഒഴിവാക്കാൻ പറ്റാത്ത ഒരു ക്രൂരതയായിരുന്നു. അപ്പോൾ അവൾ പറഞ്ഞു: ”നിങ്ങളെ വേദനിപ്പിച്ചതിന് എനിക്കു മാപ്പു തരണം.“ ഞാൻ പറഞ്ഞു: ”മാപ്പു ചോദിക്കേണ്ടത് ഞാനാണ്.“ അവൾ പറഞ്ഞു: ”എന്നെ മറക്കില്ലെന്ന് ഉറപ്പു തരൂ.“ ഞാൻ ഉറപ്പു കൊടുത്തു. ”എന്നെ ചുംബിക്കൂ,“ അവൾ പറഞ്ഞു. ഞാൻ ചുംബിച്ചു, എന്നാൽ വികാരമില്ലാതെ. ദയാപരനായ ദൈവമേ!
അങ്ങനെ ഞങ്ങൾ പിരിഞ്ഞു. അന്നു രാത്രി മുഴുവൻ കട്ടിലിൽ കിടന്നു ഞാൻ കരഞ്ഞു. എന്നാൽ കാലത്തായപ്പോൾ ഞാൻ എന്റെ പൂർവ്വസ്ഥിതി വീണ്ടെടുത്തിരുന്നു; കളിയും തമാശയുമൊക്കെ വേണ്ടതിലധികമായിരുന്നു. താൻ അവളുടെ വീട്ടിൽ ചെന്ന് ഞാൻ ഒരു തെമ്മാടിയല്ലെന്നു തെളിയിക്കാൻ പോവുകയാണെന്ന് എന്റെ സഹോദരൻ പറഞ്ഞു. “അങ്ങനെയെന്തെങ്കിലും ചെയ്താൽ നിന്റെ തല ഞാൻ തെറിപ്പിക്കും.” എത്ര ആഴത്തിലാണ് ആ സംഭവം എന്നെ ഉത്കണ്ഠാകുലനാക്കിയിരിക്കുന്നതെന്നതിന് ഏറ്റവും നല്ല തെളിവ്. ഞാൻ ബെർലിനിലേക്കു പോയി. എന്റെ മനോവേദന തടുക്കരുതാത്തതായിരുന്നു. അവൾക്കു കൊടുത്ത വാഗ്ദാനം ഇതുവരെ ഞാൻ ലംഘിച്ചിട്ടില്ല; എന്നും അവളെകുറിച്ചാലോചിക്കുന്നതിനു പുറമേ ദിവസത്തിലൊരിക്കലെങ്കിലും, പലപ്പോഴും രണ്ടു വട്ടവും, എന്റെ പ്രാർത്ഥനയിൽ അവളെ ഉൾപ്പെടുത്താറുണ്ട്.
“സ്ത്രീലമ്പടന്റെ ഡയറി” അവൾക്കു വേണ്ടി, അവൾക്കെന്നോടു വെറുപ്പു തോന്നാൻ വേണ്ടി എഴുതിയതാണ്. ആമുഖം അവളെയാണ് ലക്ഷ്യം വയ്ക്കുന്നത്, അതുപോലെ പലതും: പുസ്തകത്തിന്റെ തീയതി, അവളുടെ അച്ഛനുള്ള സമർപ്പണം. പുസ്തകത്തിൽ തന്നെ പരിത്യാഗത്തെക്കുറിച്ച് ചെറിയൊരു സൂചനയുമുണ്ട്: അയാളുടെ ദൃഢവിശ്വാസത്തിനു വിരുദ്ധമായി പ്രവർത്തിക്കാൻ പ്രേരിപ്പിച്ചു വിജയിക്കുമ്പോഴേ കാമുകിയ്ക്കു കാമുകനെ നഷ്ടപ്പെടുന്നുള്ളുവെന്ന്. അവൾ അതു വായിച്ചിട്ടുണ്ടെന്ന് എനിക്കറിയാം.
ബെർലിനിൽ ഞാൻ ആറു മാസമേ ഉണ്ടായുള്ളു. ഒന്നരക്കൊല്ലമാണ് ഞാൻ ശരിക്കും ഉദ്ദേശിച്ചിരുന്നത്. ഞാൻ അത്ര വേഗം മടങ്ങിവന്നത് അവൾ ശ്രദ്ധിച്ചുകാണണം. അതു ശരിയായിരുന്നു; ഈസ്റ്റർ കഴിഞ്ഞ് ആദ്യത്തെ ഞായറാഴ്ച പള്ളിയിൽ നിന്നിറങ്ങുമ്പോൾ അവൾ എന്നെ കാത്തു നിന്നിരുന്നു. പക്ഷേ ഞാൻ ഒഴിഞ്ഞു മാറിക്കളഞ്ഞു. അവൾക്കെന്നോട് അകല്ച തോന്നിക്കുകയായിരുന്നു എന്റെ ലക്ഷ്യം; വിദേശത്തായിരുന്നപ്പോൾ ഞാൻ അവളെക്കുറിച്ചു ചിന്തിക്കുകയായിരുന്നുവെന്ന് അവളറിയുന്നത് എനിക്കിഷ്ടമായിരുന്നില്ല...
അവളുടെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ കാൽവയ്പ് എന്റെ കാർമ്മികത്വത്തിലാണ് നടന്നതെന്നതിൽ സംശയമില്ല. ഷ്ളെഗെലുമായുള്ള വിവാഹനിശ്ചയത്തിനു തൊട്ടു മുമ്പൊരു ദിവസം പള്ളിയിൽ വച്ച് ഞങ്ങൾ കാണാൻ ഇടയായിരുന്നു. ഞാൻ നോട്ടം മാറ്റാൻ പോയില്ല. രണ്ടു തവണ അവൾ തലയാട്ടിക്കാണിച്ചു. ഞാൻ തല കുലുക്കി. അതിനർത്ഥം “നീയെന്നെ വിട്ടുകളഞ്ഞേ പറ്റൂ” എന്നായിരുന്നു. അവൾ പിന്നെയും തലയാട്ടി; ഞാൻ ആവുന്നത്ര സൗഹൃദഭാവത്തിൽ തല കുലുക്കി. അതിനർത്ഥം “നിന്നോടുള്ള സ്നേഹം പോയിട്ടില്ല” എന്നുമായിരുന്നു.
പിന്നീട്, ഷ്ളെഗെലുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷം, തെരുവിൽ വച്ച് അവൾ എന്നെ കണ്ടു; കഴിയുന്നത്ര സ്നേഹത്തിലാണ് അന്നവൾ എന്നോടു സംസാരിച്ചത്. എനിക്ക് അവൾ പറഞ്ഞതു പിടി കിട്ടിയില്ല; കാരണം വിവാഹനിശ്ചയത്തെക്കുറിച്ച് ഞാൻ കേട്ടിരുന്നില്ല. ചോദ്യരൂപത്തിൽ അവളുടെ മുഖത്തു നോക്കിക്കൊണ്ട് ഞാൻ തല കുലുക്കി. എനിക്കതിനെക്കുറിച്ചറിയാമെന്ന് അവൾ കരുതിയിരിക്കണം; അവൾ എന്റെ സമ്മതം ചോദിച്ചതാവണം.
അവൾക്കു ദീപ്തമായ ആ ദിവസം പള്ളിയിൽ ഞാനുണ്ടായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ