ടർക്കിഷ് ഭാഷയിലെ ആദ്യത്തെ ആധുനികകവിയായ നാസിം ഹിക്മെത് 1902 ജനുവരി 15ന് ഇന്നത്തെ ഗ്രീസ്സിൽ പെട്ട സലോനിക്കയിൽ ജനിച്ചു. ചിത്രകാരിയായ അമ്മയും കവിയായ മുത്തശ്ശനും വഴി വളരെ ചെറുപ്പത്തിൽത്തന്നെ സാഹിത്യവുമായി പരിചയപ്പെട്ട ഹിക്മെത്തിന്റെ ആദ്യകവിതകൾ പതിനേഴാം വയസ്സിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം തുർക്കി സഖ്യകക്ഷികളുടെ അധീനത്തിലായപ്പോൾ അദ്ദേഹം ഇസ്താംബുൾ വിട്ട് മോസ്ക്കോ സർവ്വകലാശാലയിൽ പഠനത്തിനു ചേർന്നു. ലോകമെങ്ങു നിന്നുമുള്ള കലാകാരന്മാരെയും എഴുത്തുകാരെയും പരിചയപ്പെടാനുള്ള അവസരമായി അത്. 1924ൽ തുർക്കി സ്വതന്ത്രമായപ്പോൾ സ്വദേശത്തേക്കു മടങ്ങിയെങ്കിലും ഒരു ഇടതുപക്ഷമാസികയിൽ ജോലി ചെയ്തു എന്നതിന്റെ പേരിൽ അദ്ദേഹം അറസ്റ്റിലായി. റഷ്യയിലേക്കു രക്ഷപ്പെട്ട ഹിക്മെത് 1928ൽ ഒരു പൊതുമാപ്പിനെ തുടർന്ന് നാട്ടിലേക്കു മടങ്ങി. തുടർന്നുള്ള പത്തു കൊല്ലത്തിനിടയിൽ ഒമ്പതു കവിതാസമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പേരിൽ വീണ്ടും അറസ്റ്റിലായി, ദീർഘമായ ഒരു ജയിൽ വാസത്തിനു ശേഷം അവസാനമായി നാടു വിട്ട അദ്ദേഹം സോവ്യറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലുമാണ് ശേഷിച്ച കാലം കഴിഞ്ഞത്. 1963ൽ ഹൃദയാഘാതത്തെത്തുടർന്ന് മോസ്ക്കോവിൽ വച്ച് അദ്ദേഹം അന്തരിച്ചു.
1945 സെപ്തംബർ 24
കടലുകളിൽ വച്ചേറ്റവും സുന്ദരമായത്:
നാമതിനിയും താണ്ടിയിട്ടില്ല.
കുഞ്ഞുങ്ങളിൽ വച്ചേറ്റവും സുന്ദരമായത്:
അതിനിയും വളർന്നുവന്നിട്ടില്ല.
നാളുകളിൽ വച്ചേറ്റവും സുന്ദരമായത്:
നാമതിനിയും കണ്ടിട്ടില്ല.
ഞാൻ നിന്നോടു പറയാനാശിക്കുന്ന ഏറ്റവും സുന്ദരമായ വാക്കുകൾ:
ഞാനതിനിയും പറഞ്ഞിട്ടില്ല.
---------------------------------------------------------------------------------------------------
വരൂ, അവൾ എന്നോടു പറഞ്ഞു,
ഇരിക്കൂ, അവൾ എന്നോടു പറഞ്ഞു,
ചിരിക്കൂ, അവൾ എന്നോടു പറഞ്ഞു,
മരിക്കൂ, അവൾ എന്നോടു പറഞ്ഞു.
ഞാൻ വന്നു,
ഞാൻ ഇരുന്നു,
ഞാൻ ചിരിച്ചു,
ഞാൻ മരിച്ചു.
(തൻ്റെ റഷ്യൻ ഭാര്യ വേരയെക്കുറിച്ചെഴുതിയത്)
നമ്മുടെ സ്ത്രീകളുടെ മുഖങ്ങൾ
മറിയം ദൈവത്തിനു ജന്മം കൊടുത്തിട്ടില്ല.
മറിയം ദൈവത്തിനമ്മയുമല്ല.
മറിയം അനേകം അമ്മമാരിൽ ഒരമ്മ മാത്രം.
മറിയം ഒരു പുത്രനു ജന്മം കൊടുത്തു,
അവൻ അനേകം പുത്രന്മാർക്കിടയിൽ ഒരു പുത്രൻ.
അതിനാലത്രേ ചിത്രങ്ങളിൽ മറിയം ഇത്ര മനോഹരിയായത്,
അതിനാലത്രേ മറിയത്തിന്റെ പുത്രൻ നമുക്കിത്രയ്ക്കടുത്തവനായതും,
നമ്മുടെ സ്വന്തം പുത്രന്മാരെപ്പോലെ.
നമ്മുടെ സ്ത്രീകളുടെ മുഖങ്ങൾ
നമ്മുടെ നോവുകളെഴുതിവച്ച പുസ്തകങ്ങൾ..
നമ്മുടെ വേദനകൾ, നമ്മുടെ സ്ഖലിതങ്ങൾ, നാം ചിന്തിയ ചോര
അവ കൊഴുച്ചാലുകൾ കീറുന്നതു നമ്മുടെ സ്ത്രീകളുടെ മുഖങ്ങളിൽ.
നമ്മുടെ ആനന്ദങ്ങൾ പ്രതിഫലിക്കുന്നതു നമ്മുടെ സ്ത്രീകളുടെ മുഖങ്ങളിൽ,
തടാകങ്ങളിൽ വീണു തിളങ്ങുന്ന പ്രഭാതങ്ങൾ പോലെ.
നാം സ്നേഹിക്കുന്ന സ്ത്രീകളുടെ മുഖങ്ങളിൽ കാണാം,
നാം മനസ്സിൽ വിരിയിക്കുന്ന ഭാവനകൾ.
നമുക്കതു കണ്ണില്പെട്ടാലുമില്ലെങ്കിലും,
നമുക്കു മുന്നിലവയുണ്ട്,
നമ്മുടെ യാഥാർത്ഥ്യങ്ങളോടത്രയുമടുത്തായി,
അവയിൽ നിന്നത്രയകലെയായും.
ജീവിക്കുന്നതിനെക്കുറിച്ച്
1
ജീവിക്കുക എന്നത് വെറും തമാശയല്ല.
എത്രയും ഗൌരവത്തോടെ വേണം നാം ജീവിക്കാൻ,
ഉദാഹരണത്തിന് ഒരണ്ണാറക്കണ്ണനെപ്പോലെ.
എന്നു പറഞ്ഞാൽ,
ജീവിക്കുക എന്നതിനപ്പുറമായി യാതൊന്നും നാം പ്രതീക്ഷിക്കരുതെന്നാണ്,
നിങ്ങളുടെ ഒരേയൊരുദ്ദേശ്യം ജീവിക്കുക എന്നതു മാത്രമായിരിക്കണമെന്നാണ്.
ജീവിക്കുക എന്നത് വെറും തമാശയല്ല:
അത്ര ഗൌരവത്തോടെ വേണം നാമതിനെ കാണാൻ,
എത്രയെന്നാൽ-
ഉദാഹരണത്തിന് കൈകൾ പിന്നിൽ കെട്ടിയും
പുറകിൽ ചുമരുമായും
അല്ലെങ്കിൽ, തടിച്ച കണ്ണടയും വെളുത്ത കോട്ടുമായി ഒരു ലബോറട്ടറിക്കുള്ളിൽ വച്ചും
മനുഷ്യർക്കു വേണ്ടി മരിക്കാൻ നിങ്ങൾക്കു കഴിയണം,
നിങ്ങൾ മുഖം പോലും കണ്ടിട്ടില്ലാത്തവരാണവരെങ്കില്ക്കൂടി,
ആരും നിങ്ങളെ നിർബ്ബന്ധിക്കുന്നില്ലെങ്കില്ക്കൂടി,
ഏറ്റവും മനോഹരവും ഏറ്റവും യഥാർത്ഥവുമായ സംഗതി
ജീവിക്കുക എന്നതാണെന്നു നിങ്ങൾക്കറിയാമെങ്കില്ക്കൂടി.
ജീവിക്കുക എന്നതിനെ അത്ര ഗൌരവത്തോടെ വേണം
നിങ്ങൾ കാണാനെന്നാണു ഞാൻ അർത്ഥമാക്കുന്നത്,
അതായത്, ഉദാഹരണത്തിന്, എഴുപതു വയസ്സായി നിങ്ങൾക്കെങ്കില്ക്കൂടി
ഒലീവിന്റെ വിത്തുകൾ നിങ്ങൾ കുഴിച്ചിടും,
അതു നിങ്ങളുടെ കുട്ടികൾക്കു വേണ്ടിയുമല്ല,
മറിച്ച് മരണത്തെ ഭയമാണെങ്കില്ക്കൂടി നിങ്ങളതിൽ വിശ്വസിക്കുന്നില്ല
എന്നതുകൊണ്ടാണ്,
ജീവിക്കുക എന്നതാണു കൂടുതൽ പ്രധാനം എന്നതുകൊണ്ടാണ്
എന്നാണു ഞാൻ അർത്ഥമാക്കുന്നത്.
2
നമുക്കു മാരകമായൊരു രോഗം ബാധിച്ചിരിക്കുകയാണെന്നും
ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണെന്നുമിരിക്കട്ടെ,
എന്നു പറഞ്ഞാൽ ആ വെളുത്ത മേശ മേൽ നിന്ന്
നാം എഴുന്നേറ്റുപോരാനിടയില്ലെന്നുകൂടി ഇരിക്കട്ടെ.
അല്പം നേരത്തേ പോകേണ്ടി വരുന്നതിൽ നമുക്കൊരു വിഷാദം തോന്നാതിരിക്കുക
എന്നതസാദ്ധ്യമാണെങ്കില്ക്കൂടി,
അപ്പോഴും നാം തമാശകൾ കേട്ടു ചിരിക്കും,
മഴ പെയ്യുന്നുവോയെന്ന് ജനാലയിലൂടെ പുറത്തേക്കു നോക്കും,
അടുത്ത റേഡിയോവാർത്തക്കായി അക്ഷമയോടെ കാത്തിരിക്കുകയും ചെയ്യും.
ഇനി, നാമൊരു യുദ്ധമുന്നണിയിലാണെന്നു വയ്ക്കൂ,
ന്യായമായൊരു കാര്യത്തിനു വേണ്ടി യുദ്ധം ചെയ്യുകയാണു നാമെന്നുമിരിക്കട്ടെ.
അതേ ദിവസം തന്നെ, ആദ്യത്തെ ആക്രമണത്തിൽ തന്നെ
നാം മുഖമടിച്ചുവീണു മരിച്ചുവെന്നു വരാം.
വിചിത്രമായൊരു രോഷത്തോടെ നമുക്കതറിയാമെങ്കില്ക്കൂടി
വർഷങ്ങൾ നീണ്ടുനിന്നേക്കാവുന്ന ഈ യുദ്ധം എങ്ങനെയാണവസാനിക്കുക
എന്നതിനെക്കുറിച്ചോർത്തു നാം തല പുണ്ണാക്കുകയും ചെയ്യും.
നാം തടവറയിലാണെന്നിരിക്കട്ടെ,
നമുക്കു പ്രായം അമ്പതോടടുക്കുന്നുവെന്നും,
ഇനി പതിനെട്ടു കൊല്ലം കൂടി കഴിഞ്ഞാലേ
ആ ഇരുമ്പുകവാടം നമുക്കായി തുറക്കുള്ളുവെന്നും വയ്ക്കുക.
അപ്പോഴും നാം ജീവിക്കുക പുറംലോകവുമായിട്ടായിരിക്കും,
അതിലെ ആളുകളും മൃഗങ്ങളുമായി, അതിലെ അദ്ധ്വാനങ്ങളും കാറ്റുമായിട്ടായിരിക്കും,
എന്നു പറഞ്ഞാൽ, ചുമരുകൾക്കപ്പുറത്തുള്ള ആ പുറംലോകവുമായി.
ഞാൻ പറയുന്നത്, നാമെവിടെയാകട്ടെ, എങ്ങനെയാവട്ടെ,
ഒരിക്കലും മരണമില്ലാത്തവരെപ്പോലെ വേണം നാം ജീവിക്കാൻ എന്നാണ്.
3
ഈ ലോകം തണുത്തു മരവിയ്ക്കും,
നക്ഷത്രങ്ങൾക്കിടയിൽ മറ്റൊരു നക്ഷത്രമാകും,
അതും ഏറ്റവും ചെറിയതും,
നീലപ്പട്ടിൽ ഒരു പൊൻതരി പോലെ-
അതെ, നമ്മുടെ ഈ മഹിതഭൂമി.
ഈ ലോകം ഒരുനാൾ തണുത്തു വെറുങ്ങലിയ്ക്കും,
ഒരു മഞ്ഞുകട്ട പോലെയല്ല,
മരിച്ച മേഘം പോലെയുമല്ല-
മറിച്ച്, കറുത്തിരുണ്ട ശൂന്യാകാശത്തിലൂടെ
ഒരു കടുക്കാത്തോടു പോലെ അനന്തകാലമതുരുണ്ടുനടക്കും...
അതിനെക്കുറിച്ചോർത്തിപ്പോഴേ നിങ്ങൾ വിലപിക്കണം,
ആ വേദന ഇപ്പോഴേ നിങ്ങളറിയണം.
അങ്ങനെ വേണം നിങ്ങൾ ഈ ഭൂമിയെ സ്നേഹിക്കാൻ,
എന്നാലേ നിങ്ങൾക്കു പറയാനാകൂ, ‘ഞാൻ ജീവിച്ചിരുന്നു’ എന്ന്.
ഇന്നു ഞായറാഴ്ച
ഇന്നു ഞായറാഴ്ച.
ഇതാദ്യമായി അവരെന്നെ
തടവറയ്ക്കു പുറത്തേക്കിറക്കി.
ജീവിതത്തിലിതാദ്യമായി
ഞാൻ ആകാശം നോക്കിനിന്നു;
ഞാനത്ഭുതപ്പെട്ടു,
എത്രയകലെയാണതെന്ന്,
എത്ര നീലയാണതെന്ന്,
എത്ര വിശാലമാണതെന്ന്.
നിശ്ചേഷ്ടനായി
ഞാൻ നോക്കിനിന്നു,
പിന്നെ ചുമരിൽ ചാരി
ഭക്തിയോടെ ഞാനാ കരിമണ്ണിലിരുന്നു.
ഇപ്പോഴെന്റെ ചിന്തയിലേയില്ല മരണം,
എന്റെ ചിന്തയിലില്ല സ്വാതന്ത്ര്യം,
എന്റെ ഭാര്യയും.
ഭൂമി, സൂര്യൻ, പിന്നെ ഞാനും...
തൃപ്തനാണു ഞാൻ.
(1938)
ആൻജിന പെക്റ്റോറിസ്*
---------------------------------------------എന്റെ പാതിഹൃദയം ഇവിടെയാണെങ്കിൽ,
അതിന്റെ മറ്റേപ്പാതി ചൈനയിലാണു, ഡോക്ടർ,
മഞ്ഞനദിയിലേക്കു പ്രവഹിക്കുന്ന
കാലാൾപ്പടയിൽ.
പിന്നെ, എന്നും കാലത്ത്, ഡോക്ടർ,
എന്നും കാലത്തെന്റെ ഹൃദയത്തെ
ഗ്രീസിലൊരു ഫയറിംഗ് സ്ക്വാഡ് വെടിവച്ചിടുന്നു.
പിന്നെ, തടവുകാർ ഉറങ്ങിക്കഴിഞ്ഞാൽ,
ആശുപത്രിയിൽ ആളൊഴിഞ്ഞാൽ,
കാംലിക്കായിൽ ഒരു പൊളിഞ്ഞ ബംഗ്ലാവിലാണെന്റെ ഹൃദയം.
എന്നും രാത്രിയിൽ, ഡോക്ടർ.
പത്തുകൊല്ലം കഴിഞ്ഞതില്പിന്നെ,
എനിക്കെന്റെ പാവം ജനതയ്ക്കു കൊടുക്കാൻ
ഒരേയൊരാപ്പിളേയുള്ളു, ഡോക്ടർ,
ഒരു ചുവന്ന ആപ്പിൾ:
എന്റെ ഹൃദയം.
ആർട്ടെറിയോസ്ക്ളെറോസിസല്ല, നിക്കോട്ടിനല്ല, തടവറയല്ല,
ഇതാണെന്റെ പൊന്നു ഡോക്ടർ,
എന്റെ ആൻജിന പെക്റ്റോറിസിനു കാരണമായതിതാണ്.
അഴികൾക്കിടയിലൂടെ ഞാൻ രാത്രിയെ നോക്കിനില്ക്കുന്നു,
എന്റെ നെഞ്ച് ചുരുങ്ങിക്കൂടുകയാണെങ്കിലും
എന്റെ ഹൃദയമപ്പോഴും മിടിക്കുന്നു, അതിവിദൂരതാരങ്ങൾക്കൊപ്പം.
* Angina Pectoris- ഹൃദയത്തിലേക്കുള്ള ചോരയോട്ടം കുറയുമ്പോഴുണ്ടാകുന്ന നെഞ്ചുവേദന
എന്റെ ശവസംസ്കാരം
എന്റെ ശവസംസ്കാരം തുടങ്ങുക താഴെ നമ്മുടെ മുറ്റത്തു നിന്നാവുമോ?
എങ്ങനെയാണു നിങ്ങളെന്റെ ശവപ്പെട്ടി മൂന്നു നിലകൾ താഴേക്കിറക്കുക?
ലിഫ്റ്റിലേക്കതു കയറുകയില്ല,
കോണിപ്പടികൾ ഏറെയിടുങ്ങിയതും.
മുറ്റത്തു മുട്ടോളം വെയിലും അരിപ്രാവുകളുമുണ്ടായെന്നു വരാം ,
മഞ്ഞും കുട്ടികളുടെ കൂക്കും വായുവിൽ കലരുന്നുണ്ടാവാം ,
തറക്കല്ലുകളിൽ മഴ തിളങ്ങുന്നുണ്ടാവാം,
കുപ്പത്തൊട്ടികൾ പതിവുപോലെ നിറഞ്ഞുകവിയുന്നുണ്ടാവാം.
ഇവിടത്തെ ആചാരമനുസരിച്ചു ശവപ്പെട്ടിയിൽ മാനം നോക്കി മലർന്നുകിടന്നാണു ഞാൻ പോകുന്നതെങ്കിൽ
ഒരു പ്രാവെന്റെ നെറ്റി മേലെന്തെങ്കിലും കൊത്തിയിട്ടുവെന്നുവരാം, എന്റെ ഭാഗ്യത്തിനായി.
ബാന്റുമേളക്കാരുണ്ടായാലുമില്ലെങ്കിലും കുട്ടികൾ അടുത്തുകൂടിയെന്നുവരാം,
കുട്ടികൾക്കിഷ്ടമാണു ശവസംസ്കാരങ്ങൾ.
അടുക്കളയുടെ ജനാല ഞാൻ പോകുന്നതുറ്റുനോക്കിയിരിക്കും,
മട്ടുപ്പാവിൽ തോരയിട്ട തുണികൾ കൈ വീശി എന്നെ യാത്രയയക്കും,
നിങ്ങൾക്കൂഹിക്കാനാവില്ല എത്ര സന്തുഷ്ടനായിരുന്നു ഞാനിവിടെയെന്ന്,
സ്നേഹിതരേ, ഞാൻ നിങ്ങൾക്കാശംസിക്കട്ടെ, ദീർഘവും സന്തുഷ്ടവുമായൊരു ജീവിതം.
ഒസ്യത്ത്
സഖാക്കളേ, ആ ദിവസം കാണാൻ ഞാൻ ജീവിച്ചിരിപ്പില്ലെങ്കിൽ,
അതായത്, സ്വാതന്ത്ര്യമെത്തും മുമ്പേ ഞാൻ മരിച്ചുപോയെങ്കിൽ,
ഒരനത്തോളിയൻ ഗ്രാമത്തിലെ സിമിത്തേരിയിൽ
എന്നെക്കൊണ്ടുപോയടക്കൂ.
ഹസ്സൻ ബേയുടെ കല്പന പ്രകാരം വെടി വച്ചുകൊന്ന പണിക്കാരൻ ഒസ്മാൻ
എന്റെ ഒരു വശത്തു കിടക്കട്ടെ,
മറ്റേ വശത്ത് രക്തസാക്ഷിയായ അയിഷയും,
വരകുപാടത്തു കുഞ്ഞിനെ പെറ്റ് നാല്പതിനുള്ളിൽ മരിച്ചവൾ.
സിമിത്തേരിക്കു താഴേക്കൂടി ട്രാക്റ്ററുകളും പാട്ടുകളും കടന്നുപൊയ്ക്കോട്ടെ-
പുലർവെളിച്ചത്തിൽ പുതിയ മനുഷ്യർ, പെട്രോളു കത്തുന്ന മണം,
പൊതുസ്വത്തായ പാടങ്ങൾ, വെള്ളം നിറഞ്ഞ കനാലുകൾ,
വരൾച്ചയില്ല, പോലീസുഭീതിയില്ല.
അതെയതെ, ആ പാട്ടുകൾ ഞങ്ങൾ കേൾക്കുകയില്ല:
മരിച്ചവർ മണ്ണിനടിയിൽ നിവർന്നുകിടക്കും,
കറുത്ത ചില്ലകൾ പോലെ ജീർണ്ണിക്കും,
മണ്ണിനടിയിൽ, അന്ധരായി, ബധിരരായി, മൂകരായി.
പക്ഷേ, എഴുതപ്പെടും മുമ്പേ
ആ പാട്ടുകൾ ഞാൻ പാടിയിരുന്നു,
ട്രാക്റ്ററുകളുടെ ബ്ലൂപ്രിന്റുകൾ തയാറാവും മുമ്പേ
പെട്രോളു കത്തുന്ന മണം ഞാൻ ശ്വസിച്ചിരുന്നു.
എന്റെ അയൽക്കാരാണെങ്കിൽ,
പണിക്കാരൻ ഒസ്മാനും രക്തസാക്ഷിയായ അയിഷയും,
ഒരുപക്ഷേ, തങ്ങളറിയാതെതന്നെ,
ജീവിച്ചിരിക്കുമ്പോൾ അവർ അതിനായി മോഹിച്ചിരുന്നു.
സഖാക്കളേ, ആ ദിവസമെത്തും മുമ്പേ ഞാൻ മരിച്ചുപോയാൽ,
-അതിനാണു സാദ്ധ്യതയെന്നെനിക്കു തോന്നുകയാണ്-
ഒരനത്തോളിയൻ ഗ്രാമത്തിലെ സിമിത്തേരിയിൽ എന്നെ അടക്കൂ,
കൈവാക്കിനൊരു മരം കിട്ടിയെന്നാണെങ്കിൽ,
ഒരു പാഴ്മരം എന്റെ തലയ്ക്കൽ വച്ചുപിടിപ്പിച്ചേക്കൂ,
ശിലാഫലകവു മറ്റും എനിക്കാവശ്യമില്ല.
1953 ഏപ്രിൽ 27
[മോസ്ക്കോവിലെ ഒരാശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോൾ എഴുതിയത്]
Nazim Hikmet Archive