ദൈവമേ, എന്റെ ഹൃദയം...
ദൈവമേ, തുള്ളിവെള്ളം,
നിന്റെ ദാഹം കാത്തിരിക്കുന്ന
ഒരിറക്ക്.
ദൈവമേ, തെളിനാളം,
നിന്റെയടുപ്പിൽ
വെടിച്ചുകത്താനഗ്നി.
ദൈവമേ, എന്റെ ഹൃദയം,
നിന്റെ കാലടി ചവിട്ടിമെതിക്കുന്ന
മുന്തിരിപ്പഴം.
*
ഉദാസീനത
അയാളെന്നെ നോക്കുകയായിരുന്നു,
ഒരു ജനാലയിലൂടെ നോക്കുമ്പോലെ,
അല്ലെങ്കിൽ വായുവിലേക്ക്,
അല്ലെങ്കിൽ ഒന്നുമില്ലായ്മയിലേക്ക്.
അപ്പോഴെനിക്കു മനസ്സിലാവുകയും ചെയ്തു:
ഞാനവിടെയില്ല, എവിടെയുമില്ല,
ഞാനുണ്ടായിട്ടേയില്ല, ഇനിയുണ്ടാവുകയുമില്ല.
ഒരു മഹാമാരിക്കിടെ മരിക്കുന്നൊരാളെപ്പോലെയായി ഞാൻ,
പൊതുശവക്കുഴിയിലേക്കു വലിച്ചെറിയപ്പെടുന്ന
ഒരജ്ഞാതശവം.
*
മേഘം
മേഘം-
അതിനാഗ്രഹം, ആകാശത്തൊരമ്പാവാൻ,
അല്ലെങ്കിൽ ദൈവത്തിൻ്റെ പ്രഭാവലയമാകാൻ,
അല്ലെങ്കിലൊരു മിന്നല്പിണരാവാൻ.
ഓരോ കാറ്റു വീശുമ്പോഴുമതിൻ്റെ രൂപം മാറുന്നു,
അതു മാഞ്ഞുപോകുന്നു,
ഓരോ കാറ്റുമതിനെ തൻ്റെ ദിശയിലേക്കടിച്ചുകൊണ്ടുപോകുന്നു,
അതിനെ വഴിതെറ്റിക്കുന്നു.
പിഞ്ഞിക്കീറിയ പഴന്തുണി, അഴുക്കു പിടിച്ച കമ്പിളി,
കാതലിലില്ലാത്ത, കരുത്തില്ലാത്ത, ഒന്നുമില്ലാത്ത
മേഘം.
*
ചെസ്
സ്നേഹിതരായിരുന്നു നാമെന്നതിനാൽ,
ഇടയ്ക്കൊക്കെ നാമന്യോന്യം സ്നേഹിക്കുകയും ചെയ്തിരുന്നുവെന്നതിനാലും,
നമ്മെ ബന്ധിച്ചിരുന്ന മറ്റനേകം കെട്ടുകൾക്കൊപ്പം
മറ്റൊന്നു കൂടി ചേർക്കാനാവാം,
ബുദ്ധിയുടെ പ്രയോഗം വേണ്ടിവരുന്ന കളികൾ
കളിക്കാൻ നാം തീരുമാനിച്ചു.
നമുക്കിടയിൽ നാമൊരു ബോർഡെടുത്തുവച്ചു,
തുല്യമായി വിഭജിച്ച കളങ്ങൾ, കരുക്കൾ, സാദ്ധ്യമായ നീക്കങ്ങൾ.
കളികളുടെ നിയമങ്ങൾ നാം പഠിച്ചു,
അവയെ മാനിക്കുമെന്നു നാം പ്രതിജ്ഞ ചെയ്തു,
അങ്ങനെ നാം കളി തുടങ്ങുകയും ചെയ്തു.
ഇവിടെ നാമിരിക്കാൻ തുടങ്ങിയിട്ടു നൂറ്റാണ്ടുകളായിരിക്കുന്നു,
ചുഴിഞ്ഞുചുഴിഞ്ഞു ചിന്തിക്കുകയാണു നാം,
എങ്ങനെയാണു മറ്റേയാളെ എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യുന്നതെന്ന്,
എങ്ങനെയായിരിക്കണം അവസാനത്തെ ആ നീക്കമെന്ന്.
*
പന
കാറ്റുകളുടെ പ്രഭ്വീ,
സമതലങ്ങളിലെ കൊറ്റീ,
നീയുലയുമ്പോൾ
നിന്റെയുടൽ പാടുന്നു.
പ്രാർത്ഥനയുടെ ചേഷ്ടയോ,
ചിറകടിയുടെ നാന്ദിയോ?
ആകാശങ്ങളൊന്നൊന്നായി വന്നൊഴിയുന്ന
ചഷകമാണു നീ.
മനുഷ്യരുടെ ഇരുണ്ട മണ്ണിൽ നിന്നു
മുട്ടുകാലിലിഴഞ്ഞു ഞാൻ വരുന്നു,
ആരാധനയോടെ നിന്നെ നോക്കിനില്ക്കാൻ,
നെടിയ, നഗ്നയായ, ഒറ്റയായ നിന്നെ.
കവിതേ.
*
താരാട്ട്
വലുതാണോ ലോകം?
“വലുതാണത്. പേടി പോലെ വലുത്.”
ദീർഘമാണോ കാലം?
“ദീർഘമാണത്. വിസ്മൃതി പോലെ ദീർഘം.”
കടലഗാധമാണോ?
“മുങ്ങിച്ചത്തവനോടു ചോദിക്കൂ.”
(കൊടുങ്കാറ്റ് പുഞ്ചിരിക്കുന്നു. എന്റെ മുടിയിൽ തലോടിയിട്ട് എന്നോടുറങ്ങാൻ പറയുന്നു.)
*
മുന്നറിയിപ്പ്
എന്റെ ഇടതുകയ്യിൽ തൊടരുതേ.
മുറിപ്പാടുകൾ കൊണ്ടു നീറുകയാണത്.
അതൊരാത്മഹത്യാശ്രമമായിരുന്നുവെന്ന്
ആളുകൾ പറയുന്നു.
എനിക്കെന്നാലൊന്നുറങ്ങണമെന്നേ ഉണ്ടായിരുന്നുള്ളു,
ദീർഘമായി, ഗാഢമായി,
സന്തോഷവതിയായ ഒരു സ്ത്രീ ഉറങ്ങുന്നപോലെ.
റൊസാരിയോ കാസ്റ്റെലാനോസ് Rosario Castellanos (1925-1974) ആധുനിക മെക്സിക്കൻ സാഹിത്യത്തിലെ പ്രധാനപ്പെട്ട ഒരു സാന്നിധ്യമാണ്. കവിയും നോവലിസ്റ്റും ഫെമിനിസത്തിന്റെ അഗ്രഗാമികളിൽ ഒരാളുമാണ്. മായൻ സാംസ്കാരികപാരമ്പര്യത്തിന്റെ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ