അവർ ഒരുമിച്ചാണ് പടിയിറങ്ങിവന്നത്. വാതില്ക്കലെത്തിയപ്പോൾ അപരിചിതൻ അയാളോട് സംഭാഷണത്തിനു മുതിർന്നു. അയാളുടെ ചുടുന്ന, നാറുന്ന നിശ്വാസം ആ തെരുവുകച്ചവടക്കാരന്റെ മുഖത്തുരുമ്മി. നല്ല ചൂടുള്ള രാത്രിയായിരുന്നു, കാറ്റോ കടല്ക്കാറ്റോ ഇല്ലാത്ത രാത്രിയായിരുന്നു; എന്നിട്ടും അപരിചിതൻ തണുത്തിട്ടെന്നപോലെ വിറയ്ക്കുകയായിരുന്നു; ഓവർക്കോട്ടിന്റെ പോക്കറ്റിൽ നിന്ന് അയാൾ കൈകൾ പുറത്തെടുത്തില്ല. വെളിച്ചം കെട്ട വലിയ കണ്ണുകളും കൂർത്ത താടിയെല്ലും അയാൾക്കുണ്ടായിരുന്നു.
“നിങ്ങൾ ഇവിടെയാണോ താമസിക്കുന്നത്, മിസ്റ്റർ?”
“ഇവിടെത്തന്നെ. മൂന്നാമത്തെ നിലയിൽ.”
“വാടകയെങ്ങനെ, കൂടുതലാണോ?”
“കൂടുതലോ? ങ്ഹാ, കൂടുതൽ തന്നെ; അല്ല, കുറഞ്ഞ വാടകയ്ക്ക് എവിടെക്കിട്ടാൻ?”
“എങ്ങും കിട്ടില്ല?”
ആ ചോദ്യം ചോദിക്കുമ്പോൾ അയാളുടെ മുഖത്തെ ഹതാശമായ ഭാവം ഒന്നുകൂടി കനത്തപോലെ തോന്നി. കച്ചവടക്കാരന്റെ മുഖത്തു നിന്നു കണ്ണെടുക്കാതെ അയാൾ ചോദ്യം ആവർത്തിച്ചു.
“കുറഞ്ഞ വാടകയ്ക്ക് ഒരു സ്ഥലവും ഇല്ലെന്നാണോ പറയുന്നത്, ങ്ഹേ? എല്ലായിടത്തും …?”
“മുകളിൽ തട്ടുമ്പുറത്തുള്ള മുറികൾ നോക്കിയിരുന്നോ?”
“നോക്കി. അവിടെയുമില്ല. എല്ലാറ്റിലും ആളായി.”
അയാൾ തെരുവിലേക്കു നോക്കിക്കൊണ്ടു നിന്നു. ഒരു കാറ്റു പോലും വീശാതെ കനത്തു നില്ക്കുകയായിരുന്നു അന്തരീക്ഷമെങ്കിലും അയാൾ വിറയ്ക്കുകയായിരുന്നു. അയാൾ പോക്കറ്റിൽ നിന്നു കൈയെടുത്ത് കൂട്ടിത്തിരുമ്മി.
“മിസ്റ്റർ,” പെട്ടെന്നയാൾ പറഞ്ഞു, “അങ്ങനെയാണ് കാര്യങ്ങൾ. കുറഞ്ഞിട്ടൊന്നുമില്ല. എനിക്കിപ്പോൾത്തന്നെ രണ്ടു മാസത്തെ വാടക കുടിശ്ശികയാണ്…അപ്പുറത്ത് ക്യാപ്റ്റൻ സ്ട്രീറ്റിലാണ് ഞാൻ താമസിക്കുന്നത്. അതെ, അവിടെത്തന്നെ. ആ സ്ത്രീ എല്ലാ ദിവസവും വാടക എന്നും പറഞ്ഞ് കയറിവരികയാണ്. ഞങ്ങളെ അവർ ഇടം വംലം വിടുന്നില്ല. ഞങ്ങൾ നാലു പേരുണ്ട്- ഞാൻ, എന്റെ ഭാര്യ മരിയ ക്ളാര (അവൾ സെറിജിപാൻകാരിയാണ്), പിന്നെ രണ്ടു കുട്ടികളും. വൈകാതിനി തെണ്ടാൻ ഇറങ്ങേണ്ടി വരുമെന്നു തോന്നുന്നു.”
മടുത്തിട്ടെന്നോണം ഒന്നു നിർത്തിയിട്ട് അയാൾ കാറിത്തുപ്പി; പിന്നെ കണ്ണിനു മുകളിലേക്കു തൊപ്പി വലിച്ചു താഴ്ത്തിയിട്ട് അയാൾ തുടർന്നു: “അടച്ചുപൂട്ടുന്നതു വരെ ഞാൻ അറോറ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ മൂന്നു മാസമായി- ജോലിയില്ലാതെ ഞാൻ ഇങ്ങനെ അലഞ്ഞുനടക്കുകയാണ്. ഭാര്യ ഇപ്പോൾ അലക്കുപണി ചെയ്യുന്നുണ്ട്. അതുകൊണ്ടു പക്ഷേ, വലുതായൊന്നും കിട്ടാനില്ല. ഹും, ഇന്നൊഴിഞ്ഞു കൊടുക്കണമെന്നാണു പറഞ്ഞിരിക്കുന്നത്- എല്ലായിടത്തും വലിയ വാടകയല്ലേ…എല്ലാവർക്കും അഡ്വാൻസും വേണം. ഇതൊക്കെ എവിടെയാ ചെന്നവസാനിക്കുക?”
അയാൾ കൈകൾ പോക്കറ്റിലാഴ്ത്തി.
“അടുത്ത വീട്ടിൽ മുറി കാണുമോ?”
“വഴിയില്ല. പിന്നിലെ ചേരിയിൽ ഒന്നു പോയി നോക്കാമായിരുന്നില്ലേ?”
“അവിടെ പോയിരുന്നു. അവിടെയും ആളായി…”
ഒന്നും മിണ്ടാതെ തെരുവിലേക്കു നോക്കിനിന്നിട്ട് അയാൾ കാറിത്തുപ്പി; തുപ്പൽ അയാൾ ചെരുപ്പു കൊണ്ട് മണ്ണിലിട്ടു തേച്ചു. കച്ചവടക്കാരൻ ആകെയുണ്ടായിരുന്ന അരപ്പെനിയിൽ വിരലോടിച്ചു. അത് അയാൾക്കു കൊടുക്കാമെന്ന് ആദ്യം തോന്നിയെങ്കിലും പിന്നെ നാണക്കേടോടെ അയാളത് വേണ്ടെന്നു വച്ചു. അത്രയും ചെറിയ ഒരു നാണയം കൊടുത്ത് മറ്റേയാളുടെ നാണം കെടുത്തേണ്ടെന്ന് അയാൾ തീരുമാനിച്ചു. അപരിചിതൻ കോണിപ്പടിയിലേക്ക് ഒന്നുകൂടി നോക്കിയിട്ട് പോകാനായി തിരിഞ്ഞു.
“ശല്യപ്പെടുത്തിയത് ക്ഷമിക്കണം. ഗുഡ് നൈറ്റ്.”
കുന്നിനു മുകളിലേക്കോ താഴേക്കോ പോകേണ്ടതെന്നു തീരുമാനിക്കാനാവാതെ ഒരു നിമിഷം അയാൾ നിന്നു. ഒടുവിൽ അയാൾ മുകളിലേക്കു തന്നെ നടന്നു. കച്ചവടക്കാരൻ അയാൾ പോകുന്നത് ദൂരെ നിന്നു നോക്കിനിന്നു. ആ മനുഷ്യന്റെ ഒരു ശബ്ദവും കേൾക്കാനില്ലെങ്കിലും അയാളുടെ വിറയൽ മാറിയിട്ടില്ലെന്ന്, അയാളുടെ കൂർത്ത താടി തന്റെ മുന്നിലുണ്ടെന്ന്, ആ തളർന്ന ശബ്ദം തന്നോടു സംസാരിക്കുകയാണെന്ന്, പൊള്ളുന്ന, നാറുന്ന ഒരു നിശ്വാസം തന്റെ മുഖത്തുരുമ്മുകയാണെന്ന് അയാൾക്കു തോന്നി. ഹതാശനായി അയാൾ കൈ വീശി; പിന്നെ ആ ചൂടുള്ള, ഒട്ടുന്ന സന്ധ്യനേരത്തെ കാറ്റിൽ അയാൾക്കും കുളിരു തോന്നിത്തുടങ്ങി.
***
രണ്ടാം നിലയിലെ മുറികൾ വാടകയ്ക്കു കൊടുത്തിരുന്ന ഇറ്റലിക്കാരിയുടെ വേഷം കഴുത്തും കൈകളും മൂടുന്നതായിരുന്നു. തറയിൽ കിടന്നിഴയുന്നത്ര നീണ്ടതായിരുന്നു അവരുടെ വസ്ത്രങ്ങൾ.
വയ്പുപല്ലു വച്ച ആ ഉയരക്കാരിയെ സാധാരണ കാണുക കറുത്ത ഷൂസും സ്വർണ്ണച്ചട്ടമുള്ള കണ്ണടയും ധരിച്ചിട്ടാണ്. ധാർഷ്ട്യക്കാരിയായ ആ സ്ത്രീ ആരോടെങ്കിലും മിണ്ടുന്നുണ്ടെങ്കിൽ അത് ബാറിലെ ഫെർണാണ്ടസിനോടാണ്; അതാകട്ടെ ഹലോ എന്നു പറയാനും. വല്ലപ്പോഴും ഭിക്ഷക്കാരനെ വാതില്ക്കൽ കണ്ടാൽ അവർ ഒരു നാണയമെടുത്ത് അയാളുടെ പാത്രത്തിലേക്കെറിഞ്ഞു കൊടുക്കും. നന്ദിയും തെറിയും കലർന്ന ഒരു മിശ്രിതം മുറുമുറുപ്പായി അയാളുടെ വായിൽ നിന്നു കേൾക്കാം:
“എന്നെങ്കിലും ദൈവം സഹായിച്ച് ആ പടിയിൽ നിന്നു വീണു നിന്റെ കഴുത്തൊടിയട്ടെ, കൂത്തിച്ചിമോളേ…”
ചോളപ്പൊരി വില്ക്കുന്ന നീഗ്രോ സ്ത്രീ അതു കേട്ടിട്ട് തലയറഞ്ഞു ചിരിക്കും; പക്ഷേ ഇറ്റലിക്കാരിയുടെ കാതിൽ അതു പെട്ടിരിക്കില്ല. അവർ അപ്പോഴേക്കും അകലെ എത്തിക്കഴിഞ്ഞിരിക്കും; മരിച്ചവരുടെ ആത്മാക്കൾ മനുഷ്യരുമായി സംസാരിക്കാൻ വരുന്ന ഒരു സ്ഥലത്തേക്കാണ് അവരുടെ ആ യാത്ര. മരിച്ചവർക്കു കൂടു മാറാൻ ഇഷ്ടപ്പെട്ട ഒരു മീഡിയമായിരുന്നു അവർ. ആത്മാവാവേശിക്കുമ്പോൾ അവർ ഡാൻസ് ചെയ്യുകയും സ്വന്തം ഭാഷയിൽ മനസ്സലിയിക്കുന്ന പാട്ടുകൾ പാടുകയും അശ്ളീലചേഷ്ടകൾ കാണിക്കുകയും ചെയ്യുമത്രെ. പാപത്തിൽ വീണ പുരോഹിതന്മാരുടെയും അധഃപതിച്ച സ്ത്രീകളുടേയും ആത്മാക്കൾ തങ്ങളുടെ സാന്നിദ്ധ്യം വെളിവാക്കാൻ തിരഞ്ഞെടുത്തിരുന്നത് അവരെയാണ്. ആ സ്ത്രീയുടെ മാദ്ധ്യസ്ഥത്തിലൂടെ അവർ തങ്ങളുടെ കഥകൾ വിവരിച്ചു; തങ്ങളുടെ വികൃതജീവിതങ്ങൾ ഏറ്റുപറഞ്ഞ് അവർ കരുണയ്ക്കു യാചിച്ചു. പാപത്തിന്റെ കറ പറ്റാത്ത നിർമ്മലരായ ആത്മാക്കൾ അപൂർവ്വമായേ അവരുടെ ദേഹത്തു വന്നുകൂടിയുള്ളു; അപ്പോൾപ്പക്ഷേ, പ്രബലരായ പാപാത്മാക്കൾ അവരെ കീഴടക്കുകയും ചെയ്തിരുന്നു. അങ്ങനെ സെയിന്റ്. മൈക്കിൾ സ്ട്രീറ്റിലെ ആത്മീയധ്യാനങ്ങളിൽ ഇറ്റലിക്കാരിക്ക് ഒരു വിശുദ്ധയുടെ പരിവേഷം കിട്ടിത്തുടങ്ങിയിരുന്നു.
ഇറ്റലിക്കാരി കച്ചവടക്കാരന്റെ വാതിലിൽ കൈ മുറുക്കി തട്ടി. കല്പനകളുടെ ധാർഷ്ട്യം നിറഞ്ഞതായിരുന്നു ആ മുട്ടുകളെങ്കിലും വാതിൽ തുറക്കപ്പെട്ടില്ല. ഒച്ച വച്ചുകൊണ്ട് അവർ മുട്ടൽ തുടർന്നു.
“സിയോ ജൊആവോ! സിയോ ജൊആവോ!”
മുറിക്കുള്ളിൽ നിന്ന് ഒരു ശബ്ദം മറുപടി പറഞ്ഞു, “ഒരു നിമിഷം. ഞാനിതാ വന്നു.”
വാതിൽ തുറന്നപ്പോൾ രണ്ടു കൈയും പിന്നിലാക്കി, ഒരു പുഞ്ചിരിയോടെ ഇറ്റലിക്കാരി നില്പുണ്ടായിരുന്നു. താടി കാടു കയറിയ ഒരു മുഖം വാതില്ക്കൽ നിന്ന് അവരെത്തന്നെ നോക്കി.
“ഇതാ, വാടകയുടെ ബില്ല്. അഞ്ചാം തീയതി അടയ്ക്കാനുള്ളതായിരുന്നു, അറിയാമല്ലോ, ഇന്ന് പതിനെട്ടായി.”
ഒരു കൈ കൊണ്ട് താടി കൂട്ടിപ്പിടിച്ചിട്ട് അയാൾ ബില്ല് വാങ്ങി; അതിലെ അക്കങ്ങൾ അയാളുടെ കണ്ണുകൾക്കു മുന്നിൽ നീന്തിനടന്നു.
“ഒന്നു ക്ഷമിക്ക്, സെനോറ! അല്പം കൂടി സമയം തരൂ. കുറച്ചു സമയം കൂടി…ഒരു…ഈ ആഴ്ചയവസാനം വരെ ഒന്നു ക്ഷമിച്ചുകൂടേ? എനിക്ക് ഒരു സ്ഥിരം ജോലി കിട്ടുമെന്ന മട്ടായിട്ടുണ്ട്.”
അവരുടെ മുഖത്തു നിന്ന് പുഞ്ചിരി മാഞ്ഞു. അതിനു പകരം കടുത്ത ഒരു വിദ്വേഷഭാവം മുഖത്തു നിറഞ്ഞു. ചുണ്ടുകൾ കൂട്ടിപ്പിടിച്ചുകൊണ്ട് അവർ പറഞ്ഞു:
“വേണ്ടതിലധികം ഞാൻ ക്ഷമിച്ചുകഴിഞ്ഞു, സിയോ ജൊആവോ. ഈ മാസം അഞ്ചാം തീയതി മുതൽ. എന്നു വന്നാലും അതേ പല്ലവി തന്നെയേ തനിക്കു പറയാനുള്ളു. ക്ഷമിക്ക്, ക്ഷമിക്ക്… എന്റെ മാതാവേ! ക്ഷമിച്ചു ക്ഷമിച്ചെനിക്കു മടുത്തു! എനിക്ക് വീട്ടുകാരനു കാശു കൊടുക്കണ്ടേ? എനിക്കു ഭക്ഷണം കഴിക്കണ്ടേ? ഇനിയെനിക്കു ക്ഷമിക്കാനൊന്നും പറ്റില്ല, കേട്ടല്ലോ? ഞാൻ എല്ലാവരുടെയും അമ്മയൊന്നുമല്ല.”
അവരുടെ ‘അമ്മയല്ല’ എന്ന വാക്ക് കേൾക്കാൻ പറ്റുന്ന ഒച്ചയിലല്ല പറഞ്ഞതെങ്കിലും അതിന് ഒരു ദുരന്തസ്വരമുണ്ടായിരുന്നു. മുറിക്കുള്ളിൽ ഒരു കുഞ്ഞു കരഞ്ഞു. അയാൾ താടിയിൽ വിരലോടിച്ചു.
“അതു കേട്ടു കാണുമല്ലോ, സെനോറ,” അയാൾ വിശദീകരിച്ചു. “എന്റെ ഭാര്യം കഴിഞ്ഞയാഴ്ചയാണ് മോനെ പ്രസവിച്ചത്…ചെലവ്, ഞാൻ പറയാതെ അറിയാമല്ലോ…അതുകൊണ്ടാണ് വാടക തരാൻ പറ്റാഞ്ഞത്. പിന്നെ- എനിക്കു ജോലിയും ഇല്ലാതായി…“
”അതൊക്കെ ഞാനെന്തിനറിയണം? ഞാൻ പറഞ്ഞിട്ടാണോ തനിക്കു കുട്ടിയുണ്ടായത്? എനിക്ക് മുറി ഒഴിഞ്ഞുതരണം. വേറെ സ്ഥലം കിട്ടുമോയെന്നു നോക്ക്. അല്ലെങ്കിൽ ഞാൻ എല്ലാമെടുത്ത് റോഡിലേക്കെറിയും. ഇനി ക്ഷമിക്കാൻ എനിക്കു മനസ്സില്ല!“
അവർ നെട്ടനെ നടന്നുപോയി; പശ വച്ചൊട്ടിച്ചപോലെ അവരുടെ വസ്ത്രങ്ങൾ ദേഹത്തു പറ്റിപ്പിടിച്ചു കിടന്നിരുന്നു. വാതിലടച്ചിട്ട് അയാൾ കൈകകളിൽ മുഖം പൂഴ്ത്തി; കുഞ്ഞിനടുത്ത് കരഞ്ഞുകൊണ്ടു കിടക്കുന്ന ഭാര്യയെ നോക്കാൻ അയാൾക്കു ധൈര്യം വന്നില്ല.
“എനിക്കു പിന്നെയും അവരോടു മുട്ടാതെ പറ്റില്ല,” അയാൾ തന്നത്താൻ പിറുപിറുത്തു.
രാത്രിയിൽ ഏറെ വൈകിയാണ് അയാൾ ഇപ്പോൾ വീട്ടിൽ വരുന്നത്; ഇറ്റലിക്കാരി ഉറക്കമായെന്ന് ഉറപ്പു വരുത്തിയിട്ട്. കുറച്ചു പണം സ്വരൂപിക്കാനോ മറ്റൊരു മുറിയെടുത്ത് അങ്ങോട്ടു മാറാനോ ഉള്ള അയാളുടെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. അയാൾ തെരുവുകളലയുകയായിരുന്നു; ഒരാളോടയാൾ സിഗററ്റ് ഇരന്നു വാങ്ങി; ഭാര്യക്ക് എന്തെങ്കിലും ആഹാരം വാങ്ങാനായി മറ്റൊരാളോട് കുറച്ചു പണം കടം വാങ്ങി. അവൾക്ക് ജീവിതം പെട്ടെന്ന് നരകമായി മാറി. ആ ഇറ്റലിക്കാരിയുടെ അലർച്ച കേൾക്കാതെ കുളിമുറിയിലേക്കു പോകാൻ പറ്റില്ല: “ഇറങ്ങിപ്പോ! ഇറങ്ങിപ്പോ! വേറേ എവിടെയെങ്കിലും പോയി കുളിക്ക്!”
വെള്ളം കിട്ടാതായിക്കഴിഞ്ഞിരുന്നു. കുഞ്ഞിനെ കുളിപ്പിക്കണമെങ്കിൽ പിന്നിൽ സ്ത്രീകൾ തുണിയലക്കുന്ന ചേരിയിലേക്കു പോകണം. അവളെ വേട്ടയാടുന്നതിൽ ഇറ്റലിക്കാരി ക്രൂരമായ ഒരു സംതൃപ്തി അനുഭവിക്കുന്നപോലെ തോന്നി. അവൾ വരുന്നതു കാണുന്ന നിമിഷം അവർ കുളിമുറി പൂട്ടി താക്കോൽ ഒളിപ്പിച്ചു വയ്ക്കും. മുറി സഹിക്കാൻ പറ്റാത്തപോലെ വൃത്തികേടായി; മനുഷ്യമൂത്രത്തിന്റെയും മലത്തിന്റെയും ഓക്കാനം വരുത്തുന്ന രൂക്ഷഗന്ധം അസഹ്യമായിരുന്നു. ജൊആവോ ഹതാശനായി തന്റെ കൂറ്റൻ താടിയിലൂടെ വിരലോടിച്ചു. ഒരു ദിവസം രാത്രിയിൽ അയാൾ വീട്ടിലെത്തുമ്പോൾ ഇറ്റലിക്കാരി കാത്തു നില്പുണ്ടായിരുന്നു. പാതിരാത്രി കഴിഞ്ഞിരിക്കുന്നു. അയാൾ കടന്നുപോകാനായി ഭിത്തിയിൽ ചാരിക്കൊണ്ട് അവർ മാറിക്കൊടുത്തു.
“ഗുഡ് ഈവനിംഗ്!”
“എന്നെ പ്രതീക്ഷിച്ചില്ല, അല്ലേ? തരാനുള്ള വാടക തന്നിട്ട് മുറി ഒഴിഞ്ഞുതരണം. ഇല്ലെങ്കിൽ ഞാൻ നാളെ പോലീസിനെ വിളിക്കും.”
“അല്ല…”
“എനിക്കൊരല്ലയും വേണ്ട. തന്റെ ഒഴികഴിവുകളും വേണ്ട. പകലു മുഴുവൻ കിടന്നുറങ്ങിയിട്ട് രാത്രിയാവുമ്പോൾ പുറത്തുപോയി കുടിച്ചു ബോധം കെടുക. എന്നിട്ടെന്നോടു ജോലിയുടെ കാര്യം പറയാനുള്ള ധൈര്യവും! തെണ്ടികളെ സംരക്ഷിക്കേണ്ട ബാദ്ധ്യതയൊന്നും എനിക്കില്ല…ഇറങ്ങ്! ഇറങ്ങ്! തെരുവിലേക്കിറങ്ങ്!”
“എന്റെ ഭാര്യ…”
“തന്റെയൊരു ഭാര്യ! ഒരു പന്നിയെപ്പോലെ എന്റെ മുറി വൃത്തികേടാക്കുകയല്ലാതെ വേറെന്താ അവൾ ചെയ്യുന്നത്! അവൾക്കെന്തെങ്കിലും ചെയ്യാനറിയാമോ…തുണി കഴുകാനെങ്കിലും? അവൾക്കെന്താ, മറ്റു പെണ്ണുങ്ങളെപ്പോലെ പോയി ഏതെങ്കിലുമൊരുത്തനെ വല വീശിക്കൂടേ? അല്ലാതവളെ വേറെന്തിനു കൊള്ളാം?”
ഒരു നിമിഷത്തേക്ക് അയാൾ കണ്ണുരുട്ടിക്കൊണ്ട് അവരെത്തന്നെ നോക്കിനിന്നുപോയി. പിന്നെ അവർ പറഞ്ഞ ആ വാക്കുകളുടെ ആഘാതം അയാളുടെ ബോധത്തിലേക്കെത്തിയപ്പോൾ അയാളുടെ കണ്ണുകൾക്കു മുന്നിൽ മുറിയാകെ ഇരുട്ടടച്ചു; ഉഗ്രരോഷത്തോടെ കൈ ചുരുട്ടി അയാൾ ആഞ്ഞിടിച്ചു. അവർ തറയിലേക്കു ചടഞ്ഞുവീണു; ദുർബ്ബലമായി ഞരങ്ങിക്കൊണ്ട് ഒരു മിനുട്ട് അവർ അവിടെ കിടന്നു; എന്നാൽ പിന്നെ അയാളുടെ കൈ തന്റെ തൊണ്ടയുടെ നേർക്കു നീളുന്നതു കണ്ടപ്പോൾ അവർ ചാടിപ്പിടഞ്ഞെഴുന്നേറ്റ് രക്ഷിക്കണേയെന്നലറിക്കൊണ്ട് കോണിപ്പടി ഇറങ്ങിയോടി. ജൊആവോ മടുപ്പോടെ കൈകൾ താഴ്ത്തിയിട്ട് താടി ചൊറിഞ്ഞു; എന്നിട്ടയാൾ മുറിയിൽ പോയി പോലീസ് വരുന്നതും കാത്തിരുന്നു. പോലീസുകാരും പത്രക്കാരും ഇറ്റലിക്കാരിയുടെ വാദം പൂർണ്ണമായി ശരി വച്ചു. ഒരു പത്രം അവരുടെ ഒരു ചിത്രം കൂടി പ്രസിദ്ധീകരിച്ചു- അവർക്കു പതിനെട്ടു വയസ്സുള്ളപ്പോൾ മിലാനിൽ വച്ചെടുത്തത്. ജൊആവോ ജയിലിലായി; മുറിയിൽ ആകെയുണ്ടായിരുന്ന ഒരു കട്ടിലും കസേരയും തുണിയിടാനുള്ള റാക്കും വാടകക്കുടിശ്ശിക ഈടാക്കാനായി പിടിച്ചെടുക്കുകയും ചെയ്തു.
***
ഷോർഷ് അമാദു Jorge Amado (1912-2001)- ആധുനിക ബ്രസീലിയൻ സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ നോവലിസ്റ്റ്. ഫുട്ബോൾ ദൈവമായ ഒരു ദേശം അദ്ദേഹത്തെ വിളിച്ചിരുന്നത് സാഹിത്യത്തിലെ പെലെ എന്നായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ