2018, ജൂലൈ 6, വെള്ളിയാഴ്‌ച

കീര്‍ത്തിക് ശശിധരന്‍ -നോക്കിക്കാണല്‍


klimt-alte-frau-1909Klimt- Old Woman (1909)

അമ്മമ്മ മരിച്ചുകൊണ്ടിരിക്കുകയാണ്-

ദീര്‍ഘവും വിരസവുമായ ഒരു വാക്യത്തിനറ്റത്തെ കോമ പോലെ തന്റെ കട്ടിലില്‍ ചുരുണ്ടുകൂടിക്കിടന്നുകൊണ്ട് നാളുകള്‍ തള്ളിനീക്കുകയാണവര്‍. ഇടയ്ക്കാരെങ്കിലും കട്ടിലിനു മേല്‍ കുനിഞ്ഞുനിന്നുകൊണ്ട് കുട്ടികളോടെന്നപോലെ അവരോട് ചോദിക്കുന്നത് കേള്‍ക്കാം: അമ്മ എന്തെങ്കിലും കഴിച്ചോ, വിശപ്പുണ്ടോ, ഒരു തലയിണകൂടി വയ്ക്കട്ടെ? നേരിയ ഉത്ക്കണ്ഠയോടെയും അല്പം ഒച്ച ഉയര്‍ത്തിയും ചോദ്യം ചെയ്യുന്നപോലെയുമുള്ള ആ അന്വേഷണങ്ങള്‍ കേട്ടാല്‍ത്തന്നെ അറിയാം, തിരിച്ചെന്തെങ്കിലും അവര്‍ പ്രതീക്ഷിക്കുന്നില്ലെന്ന്. ആകാംക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും ആ മൂകാഭിനയച്ചടങ്ങുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഓട്ടുപാത്രങ്ങളോ ഭൂതങ്ങള്‍ കുടിയേറിയ ഇരുണ്ട ഇടനാഴികളോ പോലെ ആ വീടിന്റെ ഒരു ഭാഗം മാത്രമാണവര്‍. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ വീടിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ വരിക, അവരുടെ ചടച്ച ശരീരവും അതിനെ കവിഞ്ഞുനില്ക്കുന്ന അവരുടെ പ്രബലസാന്നിദ്ധ്യവുമായിരുന്നു. ഇപ്പോള്‍ രോഗവും പ്രായവുമൊക്കെയായപ്പോള്‍ ആ കൈകള്‍ ജരയോടി ബലംകെട്ടിരിക്കുന്നു. കട്ടിലിനരികിലെ ബള്‍ബിന്റെ രൂക്ഷവെളിച്ചത്തില്‍ കാണുമ്പോള്‍ നീലിച്ച ഞരമ്പുകള്‍ നെയ്തെടുത്ത വലപോലെയായിരിക്കുന്നു അവരുടെ ഉടല്‍; അന്യോന്യം കീറിമുറിച്ചുപായുന്ന പെരുവഴികള്‍. ഒരു ഞരമ്പിലൂടെ വിരലോടിച്ചുപോയാല്‍ മുഴപ്പുകളും സന്ധികളും പിന്നിട്ട്, അവരുടെ ശരീരത്തിലൂടെ ഒരു പരിക്രമണം ചെയ്തു നാമെത്തുക പുറപ്പെട്ടേടത്തുതന്നെയാവും. നിര്‍ദ്ദയമായ വേനല്‍ച്ചൂടില്‍ നീരു വലിഞ്ഞുണങ്ങിയ കരിയില പോലെ അവര്‍ കിടക്കുന്നു, ഇനിയെന്തുചെയ്യണമെന്നു തീര്‍ച്ചയില്ലാതെ. ഫാനിന്റെ കറക്കത്തില്‍ അവരുടെ മുടിയിഴകള്‍ മുഖത്തിനു ചുറ്റും പാറിക്കിടക്കുന്നു, കൊടുങ്കാറ്റില്‍പ്പെട്ട കടല്പായല്‍പോലെ. ഒരുകാലത്ത് തന്റെ ഉരുക്കുമുഷ്ടികൊണ്ട് അവര്‍ അടക്കിഭരിച്ചിരുന്ന ആ കുടുംബം ഇന്ന് അവരുടെ ഭാഗത്തുനിന്നുള്ള ഒരു സഹായവും കൂടാതെ തന്നെ പ്രവൃത്തിനിരതമായിരിക്കുന്നു. എമ്പത്തിരണ്ടു കൊല്ലത്തിനുള്ളില്‍ ഒമ്പതു തവണ പ്രസവവേദനയറിഞ്ഞ, എണ്ണമറ്റ മരണങ്ങള്‍ ഹൃദയം തകര്‍ത്ത ആ ഉടലിന് ഇനി അനുഭവങ്ങള്‍ വേണ്ടന്നായിരിക്കുന്നു. അവര്‍ പൊടിഞ്ഞുപോവുകയാണ്, ഭിത്തിയില്‍ ആണിയടിച്ചിട്ട ആ പഴയ ഫോട്ടോകള്‍ പോലെതന്നെ: വിവാഹങ്ങളുടെ, ജനനങ്ങളുടെ, തീര്‍ത്ഥാടനങ്ങളുടെ, ഇന്നാരും പേരുപോലുമോര്‍മ്മിക്കാത്ത അമ്മാമന്‍മാരുടെ, അമ്മായിമാരുടെ. എടുത്തുമാറ്റാന്‍ ആര്‍ക്കും ധൈര്യമില്ലാത്തതിനാല്‍ ചുമരില്‍ അവ തൂങ്ങിക്കിടക്കുന്നുവെന്നുമാത്രം. അരികടര്‍ന്ന, മഞ്ഞപടര്‍ന്ന, തൊട്ടാല്‍ പൊടിയുമെന്നു തോന്നുന്ന ആ ഫോട്ടോകള്‍പോലെ, ഉറപ്പില്ലാതായിരിക്കുന്നു അവരുടെ ശരീരം. ഒന്നുകൂടി സൂക്ഷിച്ചുനോക്കുമ്പോള്‍ നമുക്ക് മനസ്സിലാവുകയാണ്, ഇന്നവര്‍ ആ ശരീരം മാത്രമാണെന്ന്. അവരുടെ മനസ്സെന്നത് ഇല്ലാതായിരിക്കുന്നു. ഒരര്‍ത്ഥത്തില്‍ അവര്‍ ഒരു വ്യക്തി അല്ലാതായിക്കഴിഞ്ഞിരിക്കുന്നു. അല്‍ഷയ്മേഴ്സ്, മറവിരോഗം : അമ്മമ്മയെ കാണാന്‍ പോകുന്ന വഴി അമ്മ പറഞ്ഞിരുന്നു. ആ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ അമ്മ ശബ്ദം താഴ്ത്തിയിരുന്നു, പറയരുതാത്തൊരു രഹസ്യമാണ് താന്‍ പുറത്തുവിടുന്നതെന്നപോലെ. അതുറക്കെപ്പറയുന്നത് ഭാഗ്യദോഷം വിളിച്ചുവരുത്താനാണെന്നപോലെ. അമ്മമ്മയുടെ തലയ്ക്കകം ഒരു കുഴഞ്ഞ പിണ്ഡമായിരിക്കുന്നു. മാങ്ങയും ഉപ്പും എണ്ണയും ചേര്‍ത്ത് അവര്‍ ഭരണിയില്‍ ഇട്ടുവയ്ക്കുമായിരുന്ന, വാത്സല്യത്തോടെ എനിക്കെടുത്തു തരുമായിരുന്ന ആ എരിവുള്ള അച്ചാറുപോലെതന്നെ. ക്രൂരമാണ് ആ താരതമ്യമെങ്കിലും മനസ്സില്‍നിന്ന് ആ ചിത്രം എടുത്തുകളയാന്‍ എനിക്ക് കഴിയുന്നില്ല. ആ കൂടിക്കുഴഞ്ഞ ഓര്‍മകള്‍ക്കടിവരയിടുകയാണ്, ദൈവത്തെയും എന്നോ മരിച്ചുപോയ മുത്തശ്ശനെയും കുറിച്ചുള്ള അവരുടെ സ്വകാര്യമായ ഉത്ക്കണ്ഠകള്‍. അവരുടെ ന്യൂറോണുകള്‍ തന്നിഷ്ടം കാണിക്കുകയാണ്, പതിമൂന്നാമത്തെയോ പതിനാലാമത്തെയോ വയസ്സില്‍ കല്ല്യാണം കഴിയുന്നതുവരെ പൊള്ളുന്ന ഉച്ചച്ചൂടില്‍ മുറ്റത്തു കുന്തിക്കളിച്ചിരുന്ന ആ മിടുക്കിപ്പെണ്‍കുട്ടിയെപ്പോലെ തന്നെ. എന്നാണവരുടെ ജനനമെന്ന് കൃത്യമായി ആര്‍ക്കുമറിയില്ല. അവരുടെ വ്യക്തിസത്തയുടെ വലിയൊരു ഭാഗം അടര്‍ന്നുപോയിരിക്കുന്നു. അന്ധകാരത്തിലേക്ക്, എന്ന് കൂട്ടിച്ചേര്‍ക്കാതിരിക്കാനും എനിക്ക് കഴിയുന്നില്ല. അതുപക്ഷേ, അമ്മമ്മയുടെ അവസ്ഥയെക്കുറിച്ചുള്ള എന്റെ അജ്ഞതയെ മൂടിയിടാനുള്ള ഭാഷാപരമായ ഒരു സൗകര്യമെന്നേയുള്ളൂ. തിരിച്ചറിയാനാവാത്തവിധം അവര്‍ മാറിപ്പോയിരിക്കുന്നുവെന്നു മാത്രം എനിക്കറിയാം. അവരുടെ ജീവിതത്തെ നയിച്ച ശീലങ്ങള്‍, ആശയങ്ങള്‍, വിശ്വാസങ്ങള്‍ - അന്യരും പിന്തുടരുമെന്ന് അവര്‍ കരുതിയവ, തല്ലുപേടിച്ച് എന്റെ അമ്മയും അമ്മാമമാരും അനുസരിച്ചവ - ഇന്നവയൊക്കെ വീണ്ടെടുപ്പസാധ്യമായ ഒരപൂര്‍വതയിലേക്ക് വീണുപോയിരിക്കുന്നു. അറിഞ്ഞതിനെയും അറിയാത്തതിനെയും വിഭജിക്കുന്ന ചക്രവാളരേഖ കരിപുരണ്ട് അവ്യക്തമായിരിക്കുന്നു. ആരോ ഒരു റബ്ബറെടുത്ത് മായ്ച്ചുകളഞ്ഞപോലെ. മുടികോതാനോ, നഖംവെട്ടാനോ പല്ലുതേക്കാന്‍ പോലുമോ അവരിപ്പോള്‍ മിനക്കെടാറില്ല. അവരെ പരിചരിക്കാന്‍ ഒരു ആയയെ വച്ചിട്ടുണ്ട്; അവര്‍ക്കുപോലും പിടിപ്പതു പണിയാണ് അമ്മമ്മയെ നോക്കുക. ഒരു പുണ്യവതിയുടെ അത്രയും ക്ഷമയുള്ള ആയമ്മയ്ക്കുപോലും. ധൃഷ്ടമായ ആത്മനിയന്ത്രണവും നിര്‍മ്മമതയും നിറഞ്ഞ ഒരായുസ്സിനുശേഷം, മനസ്സിന്റെ പിടിവിടുമ്പോള്‍, ദുശ്ശാഠ്യവും മുന്‍കോപവും കാണിക്കുകയാണ് അമ്മമ്മയിപ്പോള്‍. ഒടുവില്‍ മയക്കം വിടുമ്പോള്‍ അവര്‍ വരാന്തയില്‍ വന്നിരിക്കുന്നു. അവരുടെ ആ ഒഴിഞ്ഞ കണ്ണുകള്‍ നിസ്സഹായമായി, ലക്ഷ്യഹീനമായി എന്നെത്തന്നെ ഉറ്റുനോക്കുകയാണ്. ഞാന്‍ ആരാണെന്നു മനസ്സിലാക്കിയെടുക്കാന്‍ ശ്രമിക്കുകയാണ് അവരെന്നെനിക്കു തോന്നുന്നു. അതും പക്ഷേ, എന്റെയൊരു തോന്നലാവാനേ വഴിയുള്ളൂ. ഞാന്‍ നിശ്ശബ്ദത ഭഞ്ജിക്കാന്‍ പോയില്ല. പാടത്ത് ഉച്ചച്ചൂടില്‍ കാക്കകള്‍ കാറിക്കരയുന്നതും പുഴ വീശിവരുന്ന കാറ്റില്‍ തെങ്ങോലകള്‍ ഇളകുന്നതും ഞാന്‍ കേട്ടു; വീട്ടിനുള്ളിലെവിടെയോ ഒരു ഫ്രിഡ്ജ് മയക്കം വിട്ടുണരുകയും ചെയ്യുന്നു. ഈ പ്രശാന്തതയില്‍ കാര്യമായൊന്നും ചെയ്യാനില്ല. പിന്നെ ഗാഢനിദ്രയില്‍നിന്ന് ഞെട്ടിയുണര്‍ന്നതു പോലെ പെട്ടെന്ന് അവര്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങുകയാണ്; എന്റെ അമ്മാമന്റെ മകന്‍, മീശവച്ച തടിയനായ ഒരു പൊലീസുകാരനാണ് ഞാനെന്നവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. അവരുടെ ആശയക്കുഴപ്പം കണ്ട് ഞാന്‍ ഒരു വിഡ്ഡിച്ചിരി ചിരിച്ചു. അവര്‍ക്കും ഒരു പുഞ്ചിരി വന്നു. പിന്നെ ഞങ്ങള്‍ ഉറക്കെച്ചിരിച്ചു; ഒരാള്‍ മറ്റെയാള്‍ക്ക് മനസ്സിലാവാത്ത കാരണങ്ങളാല്‍. മുത്തശ്ശിയും ചെറുമകനും. ഞങ്ങളെ വേര്‍പെടുത്തുന്ന ആ കൊടുംഗര്‍ത്തത്തിന്റെ മറ്റേത്തലയ്ക്കലേക്ക് ഞാനും ഒരുനാള്‍ തീര്‍ത്ഥയാത്ര നടത്തിയേക്കാം. ന്യൂറോണുകളുടെ അടരുകളിലൂടെ അരിച്ചിറങ്ങി വന്നിട്ട് വല്ലാത്തൊരു തെളിച്ചത്തോടെ അവര്‍ ചോദിക്കുകയാണ് :

അമേരിക്കയില്‍ തണുപ്പാണോ?

ആയിരുന്നു. കഴിഞ്ഞ തവണ കാണാന്‍ ചെന്നപ്പോള്‍ ഞാന്‍ അങ്ങനെ പറഞ്ഞിരുന്നു. അല്ല, ന്യൂയോര്‍ക്കിലിപ്പോൾ ചൂടാണെന്നു പറയാന്‍ എനിക്കു നേരംകിട്ടും മുമ്പേ അവര്‍ താന്‍ വന്നിടത്തേക്കു തന്നെ തിരിച്ചു പോയിരിക്കുന്നു. എന്റെ സാന്നിദ്ധ്യം ഇപ്പോള്‍ അവരുടെ ബോധത്തിലേയില്ല. ഒരു ശിശുവിന്‍റേതു പോലെ അല്പായുസ്സായിരിക്കുന്നു വര്‍ത്തമാന കാലത്തോടുള്ള അവരുടെ ചാര്‍ച്ച. ആറുമാസം മുമ്പ് അവരെ ഒടുവില്‍ കാണുമ്പോള്‍ അവരുടെ ആ പഴയ സത്ത ഇന്നത്തേതിലും കൂടുതലായി മിന്നിമറഞ്ഞിരുന്നു. അതില്പിന്നെ ന്യൂറോണുകളുടെ സേനാവ്യൂഹങ്ങള്‍ കളം മാറിച്ചവിട്ടിയിരിക്കുന്നു. ഓര്‍മ്മയോടല്ല, ആത്മാഹുതിയോടാണ് ഇപ്പോഴവര്‍ക്കു കൂറെന്നിരിക്കെ അവര്‍ പുറത്തേക്കു വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. ത ക ധി മി. ചിട്ടയോടെ, ക്ഷമയോടെ, മുന്നേറുകയാണവര്‍ : ഇവിടെയൊരു എന്‍സൈമിനെ തകര്‍ത്ത്, അവിടെയൊരു സന്ധിബന്ധമഴിച്ച് എവിടെയും തങ്ങളുടെ പരമാധികാരം സ്ഥാപിക്കുകയാണവര്‍. മാനസികാവസ്ഥകള്‍ ഇല്ലാത്തതായിരിക്കുന്നു അവരുടെ മനസ്സിപ്പോള്. കഴിഞ്ഞ രണ്ടുകൊല്ലമായി പാറിനടക്കുന്നൊരു ശലഭത്തെപ്പോലെ ആയിരിക്കുന്നു അവര്‍: ഒന്നിനോടും മമതയില്ലാതെ, ഒന്നിലും അധികം തങ്ങിനില്ക്കാതെ, ഒന്നിനെയും തേടിനടക്കാതെ; വേരുപറിഞ്ഞൊഴുകുന്ന ഒരു സത്ത. മൂന്നു കൊല്ലം മുമ്പാണ് തന്റെ ഭര്‍ത്താവിനോട്, എന്റെ മുത്തശ്ശനോട്, നാട്ടിലെ അമ്പലത്തിലെ അക്കൊല്ലത്തെ ഉത്സവത്തെക്കുറിച്ച് അവര്‍ സംസാരിക്കാന്‍ തുടങ്ങുന്നത്. അന്നുപക്ഷേ മുത്തശ്ശന്‍ മരിച്ചിട്ട് ആറുകൊല്ലമായിരിക്കുന്നു. അവര്‍ക്കു തമ്മില്‍ സംസാരിക്കാന്‍ എന്തൊക്കെയുണ്ടായിരുന്നു : അദ്ദേഹത്തിന് കാലത്ത് പതിവുള്ള കഞ്ഞിയും അല്പനേരം കഴിഞ്ഞുള്ള ചായയും; ഒരു കാലത്ത് അല്പം പോക്കിരിത്തരമൊക്കെ കാണിച്ച് നടന്നിരുന്ന തങ്ങളുടെ വത്സലപുത്രന്റെ, എന്റെ ഇളയ അമ്മാമന്റെ കത്തിനു വേണ്ടിയുള്ള തീരാത്ത പ്രതീക്ഷ; തന്റെ ഇഷ്ട ദൈവമായ ഗുരുവായൂരപ്പനോട് നിത്യവുമുള്ള പ്രാര്‍ത്ഥനകള്‍; ജീവിതം കഷ്ടപ്പാടിലായ തന്റെ സഹോദരിമാരുടെ ക്ഷേമം; ആര്‍ക്കും കൃഷി വേണ്ടാതായതില്‍പ്പിന്നെ നിരുപയോഗമായിത്തീര്‍ന്ന കളങ്ങള്‍; ഐശ്വര്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ മാറ്റി മറിച്ചു കൊണ്ട് ഓരോ മാസവും ആകാശത്തുദിക്കുന്ന പുതിയ നക്ഷത്രരാശികള്‍. മരിച്ചുപോയ എന്റെ മുത്തശ്ശനുമായുള്ള അവരുടെ ആ സംഭാഷണങ്ങള്‍ അപൂര്‍വമായ ഒരു ചരിത്രരേഖ തന്നെയായിരുന്നു : ഇങ്ങിനി വരാതെവണ്ണം മറഞ്ഞുപോയ അനുഭവങ്ങളുടെ ഉത്തമപുരുഷവിവരണം, ഒരു നരവംശശാസ്ത്രജ്ഞന് അതമൂല്യമായിരിക്കും. അവരുടെ ആ ചരിത്രവിവരണം തുടങ്ങുന്നത് ഇന്ത്യയിലെ മിക്കഭാഗത്തും വൈദ്യുതി എത്തുന്നതിനുമുമ്പാണ്, വീടുകളില്‍ റേഡിയോ ശബ്ദിച്ചു തുടങ്ങുന്നതിനും മുമ്പാണ്, ഒരതികായനെപ്പോലെ നെഹ്റു കാല്‍ നീട്ടിവച്ചു നടക്കുന്നതിനും മുമ്പാണ്, അതിലൊക്കെ അവിശ്വസനീയമായി, അവര്‍ ജനിക്കുന്നതിനും മുമ്പാണ്. മരിച്ചുപോയ മുത്തശ്ശിയായി അവര്‍ സ്വയം തെറ്റിദ്ധരിക്കുകയായിരുന്നു. അവിടെ നിന്നാണ് അവരുടെ സൃഷ്ടികഥകള്‍ തുടങ്ങുന്നത്. ഋഗ്വേദാര്‍ത്ഥത്തില്‍ അവര്‍ ഒരു സ്വയംഭൂ തന്നെയായിരുന്നു. സ്വയം ആവിര്‍ഭൂതമാകുന്ന ഒരതീതമനസ്സ്, ഒരജ്ഞാതഭൂതകാലത്തില്‍ നിന്നുരുവം കൊള്ളുന്ന ഒരു സ്വത്വം, ഈ മണ്ണില്‍ത്തന്നെ വേരുകളുറപ്പിച്ച ഒരാദിമാസ്തിത്വം. കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കാന്‍ അത്ര ഇഷ്ടമായിരുന്ന അമ്മമ്മ തന്റെ ആ സ്മൃതിലോപത്തിലും എന്റെ മുത്തശ്ശനോട് നിത്യവും സംസാരത്തിലായിരുന്നു; വിവാഹവും കുട്ടികളും പേരക്കുട്ടികളും സന്തോഷവും ദുഃഖവുമൊക്കെ നിറഞ്ഞ ആ അറുപതു കൊല്ലക്കാലമെന്നപോലെ. അവരുടെ മനസ്സില്‍ മുത്തശ്ശന്‍ അതിനൊക്കെ ഉത്തരം പറഞ്ഞിരുന്നോ എന്നെനിക്കറിയില്ല. അതാരറിയാന്‍? അവര്‍ക്കുപോലും അതറിയില്ല. പേശികളുടെ ഒരു വിചിത്രപിണ്ഡമാണ് മസ്തിഷ്കം. കണ്ണാടികള്‍ അനന്തമായി പ്രതിഫലിക്കുന്ന ഒരു ഒരിടനാഴി. അതിനെ സംബന്ധിച്ച് ഏറ്റവും അസാധാരണമായ ഒരുകാര്യം, പ്രപഞ്ചം, ആറ്റം, സൗന്ദര്യം, വൈരൂപ്യം, സ്നേഹം, യുദ്ധം ഇവയെക്കുറിച്ചൊക്കെ അവ ചിന്തിക്കുന്നുവെന്നതല്ല, ന്യൂറോ സയന്‍റിസ്റ്റായ വി.എസ്. രാമചന്ദ്രന്‍ പറയുന്നപോലെ, സ്വന്തം ചിന്താപ്രക്രിയതന്നെ അതിനു ചിന്താവിഷയമാവുന്നു എന്നതാണ്. വലിയൊരു പരിധിവരെ, തന്നെത്തന്നെ പരാമര്‍ശിക്കാന്‍, ഒരഭിജ്ഞാനപ്രക്രിയ നടക്കുന്നുണ്ട് എന്ന് തിരിച്ചറിയാനുള്ള കഴിവ് - അതാണ് മസ്തിഷ്കത്തെയും അതിന്റെ ഉപകരണങ്ങളായ ഇന്ദ്രിയങ്ങളെയും സോഫിസ്റ്റിക്കേറ്റഡായിട്ടുള്ള ഒരു സിഗ്നല്‍ പ്രോസസിംഗ് യന്ത്രത്തില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. അതിന്റെ ഏറ്റവും രഹസ്യസ്വഭാവമുള്ള ഗുണമാണ് ബോധം. എവിടെനിന്നാണ് അതാവിര്‍ഭവിക്കുന്നത്? എന്താണ് അതിനെ നിയന്ത്രിക്കുന്നത്?

അതുണ്ടാവണമെന്നുണ്ടായതെന്തുകൊണ്ട്? ഇതൊക്കെ സരളവും സ്വാഭാവികവുമായ ചോദ്യങ്ങളാണ്. അമ്മമ്മയെ അടുത്തു കണ്ടതില്‍പ്പിന്നെ ഞാന്‍ പലപ്പോഴും സ്വയം ചോദിച്ചുപോയ ചോദ്യങ്ങള്‍. എന്റെ

തലയ്ക്കുള്ളില്‍ വാസ്തവത്തില്‍ എന്താണ് നടക്കുന്നത് എന്ന് എനിക്ക് മനസ്സിലാവാറില്ല എന്നേ എനിക്ക് പറയാനുള്ളൂ. ബോധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു നാം മുന്നോട്ടുവയ്ക്കുന്ന ഉത്തരങ്ങള്‍ സ്വഭാവേനതന്നെ പല

മാനങ്ങളുള്ളതും തെന്നിമാറുന്നതും വിശാലമനസ്കവുമായിരിക്കും. ബോധം ഉരുത്തിരിയുന്നതിനെക്കുറിച്ചുള്ള യാന്ത്രികമായ വിശദീകരണത്തിന് അതിന്‍േറതായ പ്രലോഭനങ്ങളും ചാരുതകളുമുണ്ട്. അതുപക്ഷേ, നമുക്ക് പരസ്പരം മനസ്സിലായി എന്നതിന് ഏതെങ്കിലും തരത്തിലുള്ള ഉറപ്പു തരുന്നുമില്ല. അതൊരു ചവിട്ടുപടിയായി നമുക്കെടുക്കാം. വാച്ചിന്റെ ലിവറുകളും സ്ക്രൂവുമൊക്കെ നോക്കി കാലമെന്ന സങ്കല്പത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന കുട്ടികളെപ്പോലെയായിപ്പോവും നാം. ഒരു സിദ്ധാന്തം കൈയിലുണ്ട് എന്നതുകൊണ്ട് ഉള്‍ക്കാഴ്ച ഉറപ്പു കിട്ടി എന്നാവുന്നില്ല. കാഴ്ചയുള്ളപ്പോള്‍ത്തന്നെ അസാധാരണമായ അന്ധതയ്ക്കും കഴിവുള്ളവനാണ് മനുഷ്യന്‍. വി.എസ്.നെയ്പ്പോള്‍ തന്റെ "ആഗമനം എന്ന പ്രഹേളിക" എന്ന പുസ്തകത്തില്‍ പിടിച്ചുകുലുക്കുന്ന ആത്മാവബോധത്തോടെ എഴുതുന്നു: "ഞാന്‍ കണ്ടത് വളരെ വ്യക്തമായിത്തന്നെ ഞാന്‍ കണ്ടു. പക്ഷേ, എനിക്കറിയില്ലായിരുന്നു എന്തിനെയാണ് ഞാന്‍ നോക്കിയതെന്ന്. അതിനെ എവിടെ കൊള്ളിക്കണമെന്ന് എനിക്കറിയില്ലായിരുന്നു.” അച്ഛന്‍ ഒരിക്കല്‍ എന്നോടു പറഞ്ഞപോലെ, കഥകളിയിലെ കഥാപാത്രങ്ങളായി രാമന്റെയോ രാവണന്റെയോ ഹനുമാന്റെയോ വേഷമെടുക്കുന്നതുപോലെയല്ല, രാമായണം എന്നു നാം വിളിക്കുന്ന ഒരിതിഹാസം മെനഞ്ഞെടുക്കുന്നതിനു വേണ്ടത് മറ്റൊരുതരം നൈപുണ്യമാണ്. അസാമാന്യമായ മാനസികാവസ്ഥകളില്‍നിന്ന് ഇങ്ങനെയൊരു സാകല്യം, ഒരേയൊരാഖ്യാനം സൃഷ്ടിക്കാനുള്ള കഴിവ് - അതാണ് കഥനത്തിന്റെ, ബോധത്തിന്റെ തന്നെ ഏറ്റവും നിഗൂഢമായ ഭാവം എന്നെനിക്കു തോന്നുന്നു. അനുഭവങ്ങളുടെ ഒരു സങ്കീര്‍ണ്ണഗണത്തെ ഒരു മണ്ഡലത്തിലേക്കോ ഒരു പ്രക്രിയയിലേക്കോ ചുരുക്കാനാവുമോ? എനിക്കറിയില്ല. ആയേക്കാം. ആവില്ലെന്നുമാവാം. എല്ലാ ഞായറാഴ്ചയും മാന്‍ഹട്ടനു കിഴക്കുള്ള ഒരു കഫേയില്‍ ഞാന്‍ കുറച്ചുനേരം ചെലവഴിക്കാറുണ്ട്. സ്ഥലത്തിനു പൊന്നുംവിലയുള്ള ഒരു ദ്വീപില്‍ തുറസ്സായൊരിടംകിട്ടുന്ന അപൂര്‍വം സ്ഥലങ്ങളില്‍ ഒന്നാണിത്. മര്യാദയുള്ളവരാണ് ജോലിക്കാര്‍. ഒരു സബ്വേ സ്റ്റേഷന്റെ ഒരു കോണില്‍ ഒതുങ്ങിയിരിക്കുന്ന ആ കഫേയിലെ പതിവുകാര്‍ മിക്കവരും ടൗണിന്റെ മറ്റൊരു ഭാഗത്തേക്കോ മറ്റൊരു മീറ്റിങ്ങിലേക്കോ പാഞ്ഞുപോകുന്നവരായിരിക്കും. എത്ര തിരക്കുപിടിച്ച നേരമായാലും പക്ഷേ, ഒരുതരം ഉറക്കംതൂങ്ങിസ്വഭാവമുണ്ട് ആ സ്ഥലത്തിന്. ഞായറാഴ്ചയാണെങ്കില്‍ പറയുകയും വേണ്ട. ഒരാഴ്ചകൊണ്ട് കുമിഞ്ഞുകൂടിയ ജോലികള്‍ ഞാന്‍ തീര്‍ക്കുന്നത് അവിടെ വച്ചാണ് : മെയിലുകള്‍ക്ക് മറുപടി കൊടുക്കുക, നിര്‍ത്തിവച്ച വായന തുടരുക, ഫോണ്‍ വിളിക്കുക, അങ്ങനെയങ്ങനെ. എത്ര നേരത്തേയവിടെ എത്തുന്നുവോ, അത്രയും സന്തോഷവാനായിരിക്കും ഞാന്‍. കാലത്ത് എട്ടുമണിയോടടുപ്പിച്ച് തലേ രാത്രിയിലെ ഒച്ചപ്പാടുനിറഞ്ഞ പാര്‍ട്ടികള്‍ക്കുശേഷം (കുടി പരിചയിച്ചുതുടങ്ങിയ ചെറുപ്പക്കാര്‍ വഴിയില്‍നിന്ന് ഛര്‍ദ്ദിക്കുന്നുണ്ടാവും, തെരുവ് മൂകമായിരിക്കും; ഹൈ ഹീലുകളും മൈക്രോ സൈസിലുള്ള സ്കേര്‍ട്ടുകളും ധരിച്ച ചെറുപ്പക്കാരികള്‍ വേയ്ച്ചുവേയ്ച്ചു വീട്ടിലേക്ക് മടങ്ങിയിട്ടുണ്ടാവും.) ഒരു കൊടുങ്കാറ്റ് കടന്നുപോയതിനുശേഷമുള്ള നിശ്ശബ്ദതപോലെ. പോയ രാത്രി വിസ്മൃതിയില്‍പ്പെട്ടു കഴിഞ്ഞു. വേനല്‍ക്കാലമായിട്ടും ഒരു കുളിര് വായുവില്‍ തങ്ങിനില്ക്കുന്നുണ്ട്. നഗരത്തിന്റെ തലങ്ങും വിലങ്ങും ഒരു പാര്‍ട്ടിയില്‍നിന്നും മറ്റൊരു പാര്‍ട്ടിയിലേക്ക് ആളുകളെ കടത്തുകയായിരുന്ന ടാക്സിഡ്രൈവര്‍മാര്‍ കിട്ടിയ നേരംകൊണ്ട് ഒന്ന് കണ്ണടയ്ക്കാന്‍ നോക്കുകയാണ്. സാമ്പത്തികമാന്ദ്യത്തിന്റെ ഈ കാലത്ത് എണ്ണം കൂടിവരികയാണെന്ന് തോന്നുന്ന ഭിക്ഷക്കാരും ഈ നേരത്ത് നല്ല ഉറക്കത്തിലാണ്. ആഴ്ചയവസാനത്തിലെ രാത്രികളില്‍ അവര്‍ക്ക് നല്ല കോളാണ്; കുടിച്ചു ലക്കുകെട്ട കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഭക്ഷണവും സിഗരറ്റും പങ്കുവയ്ക്കാന്‍ സന്തോഷമേയുള്ളൂ. ഭാഗ്യമുണ്ടെങ്കില്‍ കാശും കിട്ടിയെന്നുവരും. മിക്കവരും പക്ഷേ, രോഗികളും മയക്കുമരുന്നിന്നടിമകളും വീടില്ലാത്തവരുമാണ്. ഈ കഫേയില്‍നിന്ന് വളരെ അകലെയാണ് അവരുടെ ലോകം. ഉള്ളില്‍ വൃത്തിയുണ്ട്, മോടിയുണ്ട്, സ്വന്തം പ്രതിച്ഛായയെപ്പറ്റി ഒരു കോര്‍പ്പൊറേറ്റ് ബോധം തങ്ങിനില്ക്കുന്നുമുണ്ട്. രാവിലെ ചെറുപ്പക്കാര്‍ ഷെല്ഫുകള്‍ വൃത്തിയാക്കുകയും മേശയും കസേരയും പിടിച്ചിടുകയും കോഫീ പോഡുകളും പേസ്ട്രികളും നിരത്തിവയ്ക്കുകയും തറയില്‍നിന്ന് ഭക്ഷണശകലങ്ങള്‍ തൂത്തുമാറ്റുകയുമാണ്. എന്റെ തലയ്ക്കുള്ളിലെവിടെയോ ഒരു പ്രത്യഭിജ്ഞ ഉദയംകൊള്ളുന്നു. ഞാന്‍ ഡിഗ്രിക്കു പഠിച്ചിരുന്ന ഒരു കാലം എനിക്കോര്‍മ വരുന്നു. കൈയില്‍ കാശില്ലാത്ത ഒരു കോളേജു വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ ഇതേ പണി അന്നു ചെയ്തിരുന്നു. സ്കോളര്‍ഷിപ്പും മറ്റും വഴി ലഭിക്കുന്നതിനേക്കാള്‍ അല്പംകൂടി പണമുണ്ടാക്കാന്‍. കോളേജ് പബ്ബിലെ പാത്രങ്ങള്‍ അഴുക്കും മെഴുക്കുമിളക്കി വൃത്തിയാക്കുമ്പോള്‍ ഞാന്‍ സമ്പാദിച്ചിരുന്ന ഡോളറുകള്‍ കാര്യമായിട്ടൊന്നുമില്ലായിരുന്നു. പക്ഷേ, ഇന്നെനിക്ക് വാള്‍സ്ട്രീറ്റില്‍നിന്നു കിട്ടുന്ന ബോണസിനേക്കാള്‍ എനിക്കിന്ന് മമതയോടെ ഓര്‍ക്കാന്‍ കഴിയുന്നത് അതിനെയാണ്. ഈ കഫേ ജോലിക്കാര്‍ യുഎസ്സിലും കാനഡയിലും പരിചിതമായ ഒരു കാഴ്ചയാണ്. അതിരാവിലെ തറ തുടയ്ക്കുകയും പാത്രം കഴുകുകയും ചെയ്യുന്ന കണ്ണുവിങ്ങിയ ചെറുപ്പക്കാരായ വിദ്യാര്‍ത്ഥികള്‍; മറ്റാരെയും പോലെ അവര്‍ക്കും ഇഷ്ടം കിടക്കയില്‍ ചുരുണ്ടുകൂടിക്കിടക്കാനായിരിക്കും. അവര്‍ ജോലിയില്‍ മുഴുകുന്നതു കണ്ടിരിക്കെ എന്റെ മനസ്സ് വല്ലാതിളകിപ്പോകുന്നു. പ്രഭാതം, അതിന്റെ പ്രശാന്തത, ഇനിയും ചുരുളു നിവരാനിരിക്കുന്ന പകലിന്റെ വിസ്തൃതി - പ്രതീക്ഷകള്‍ക്കിടം നല്കാന്‍ അതുമതി. ഇന്നെന്റെ പണികളൊക്കെ മുഴുമിക്കാം, ഞാന്‍ എന്നോടുതന്നെ പറയുകയാണ്. പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ തീരുക എനിക്ക് സന്തോഷമുള്ള സംഗതിയാണ്. ഒരു സങ്കുചിതമനസ്കന്‍റെ ആഹ്ലാദപ്രതീക്ഷയാണത്. ആയിക്കോട്ടെ, തല്‍ക്കാലത്തേക്ക് ആസ്വാദ്യവുമാണത്. പ്രഭാതത്തിന്റെ ആ പ്രശാന്തതയിലേക്കും നിശ്ചലതയിലേക്കുമാണ് ഒരു വൃദ്ധയായ സ്ത്രീ കയറിവരുന്നത്. കഴിഞ്ഞ രണ്ട് കൊല്ലമായി തെരുവുകളില്‍വച്ച് പലപ്പോഴും ഞാന്‍ അവരെ കണ്ടിരിക്കുന്നു. ഇന്നാകട്ടെ, ഷോപ്പിങ്ങിനുപയോഗിക്കുന്ന ഒരുന്തുവണ്ടി അവര്‍ പിന്നില്‍ വലിച്ചിഴച്ചുകൊണ്ടുവരുന്നുണ്ട്; അതിലില്ലാത്തതായി ഒന്നുമില്ല. പഴയതും ഉപയോഗിച്ചതുമായ തുണികള്‍, പാത്രങ്ങള്‍, മാക്കറോണി നിറച്ച പെട്ടികള്‍, പീസ്സായുടെ കഷണങ്ങള്‍, അടിയില്‍ ചെളിപറ്റിപ്പിടിച്ച ചെരുപ്പുകള്‍, പാതിയൊഴിഞ്ഞ കൊക്കോകോള, പെപ്സി ടിന്നുകള്‍, ഒരു ലാന്‍ഡ്ഫോണിന്റെ കാര്‍ഡ്ബോര്‍ഡു പെട്ടി, ചവറ്റുതൊട്ടികളില്‍ ഉപയോഗിക്കുന്ന ഒരുതരം കറുത്ത പ്ലാസ്റ്റിക് കവറുകള്‍. പിഞ്ഞിയ സ്വെറ്ററുകള്‍, അവരുടെ മുടിയിഴകള്‍ കുരുങ്ങിക്കിടക്കുന്ന പല ബ്രഷുകള്‍. വേനല്‍ക്കാലമായിട്ടും വേവെടുക്കുന്നുണ്ടായിട്ടും ഉടുപ്പുകള്‍ അടുക്കുകളായിട്ടാണ് അവര്‍ ഇട്ടിരുന്നത്. അവരുടെ കണംകൈകള്‍ മൂടിയിരുന്നു. ശരിക്കും വിയര്‍ത്തൊഴുകുകയാണവര്‍. കഫേയുടെ വൃത്തിയും, അവരുടെ മുഷിഞ്ഞതും നാറുന്നതുമായ രൂപവും കൂടിയാവുമ്പോള്‍ തുടച്ചുമാറ്റാനാവാത്തൊരു സാന്നിദ്ധ്യമാവുകയാണവര്‍. മറ്റൊരുതരം അമേരിക്കയുടെ കുലചിഹ്നം : ദരിദ്രമായ, വീടില്ലാത്ത, രോഗിയായ അമേരിക്ക. അവര്‍ വേച്ചുവേച്ചു കടന്നുവന്ന് എനിക്കരികിലെ ഒരു മേശയ്ക്കടുത്ത് ഇരിപ്പു പിടിച്ചു. ഞാന്‍ ഭവ്യമായിട്ടൊന്നു പുഞ്ചിരിച്ചു : അവരെപ്പോലെ ഒരാളുമായി ഇടപെടുന്നതിന്റെ ചിട്ട എനിക്ക് തീര്‍ച്ച വന്നിട്ടില്ല. ഞാന്‍ കോഫി വാങ്ങാനായി അവര്‍ക്കടുത്തുകൂടി കടന്നുപോയപ്പോള്‍ ദുഷിച്ച ഒരു നാറ്റം എന്റെ മൂക്കിലേക്കടിച്ചുകയറി. വളിച്ച ഭക്ഷണത്തിന്റെയും വിയര്‍പ്പിന്റെയും കൂടിക്കലര്‍ന്ന ഗന്ധം. അവര്‍ മേലു കഴുകിയിട്ട് നാളുകളായിരിക്കുന്നുവെന്നതില്‍ സംശയിക്കാനില്ല. കഴിഞ്ഞ രണ്ടുകൊല്ലമായി അവര്‍ അലഞ്ഞുനടക്കുന്നത് ഞാന്‍ കാണുന്നു എന്നതുവച്ചു നോക്കുമ്പോള്‍ - വ്യക്തമാണ്, അവര്‍ രോഗിയാണെന്നും ഒറ്റയ്ക്കാണെന്നും അവരെ നോക്കാന്‍ ആരുമില്ലെന്നും. സൌജന്യമായി കിട്ടുന്ന എവിടെന്നെങ്കിലും നിന്നാവാം അവര്‍ ആഹാരം കഴിക്കുന്നത്; ആരെങ്കിലും അവര്‍ക്ക് പണം നല്കുന്നുമുണ്ടാവാം. അതെങ്ങനെയായിരുന്നാലും, കാണാന്‍ അവരുടെ ആരോഗ്യത്തിന് തരക്കേടില്ലെങ്കിലും, അവരുടെ തല മന്ദിച്ചുപോയിരിക്കുന്നു. അവര്‍ അവിടേക്ക് കയറിവന്നതിന്റെ കോലാഹലം ഒട്ടൊന്നടങ്ങിയതില്‍പ്പിന്നെ പുതിയൊരുതരം സമതുലനം അവിടെ വന്നുവീണിരിക്കുന്നു. പുലര്‍ച്ചയുടെ ജാഡ്യത്തോടെ കോഫീഷോപ്പിനു പതുക്കെ ജീവന്‍വച്ചു തുടങ്ങുകയാണ്. ഞാന്‍ എന്റെ ജോലിയില്‍ മുഴുകി; ഇടയ്ക്കൊക്കെ എന്റെ കണ്ണുകള്‍ അലഞ്ഞുചെന്ന് അവരെത്തന്നെ നോക്കുന്നില്ലെന്നുമില്ല. ആ കിഴവി എന്തോ പരതിയെടുക്കുകയാണ്. ആ ഉന്തുവണ്ടിക്കുള്ളില്‍നിന്ന് ഒരു ആര്‍ക്കിയോളജിസ്റ്റിന്റെ സ്ഥിരോത്സാഹത്തോടെ അവര്‍ വലിച്ചെടുത്ത് പുറത്തിടുകയാണ്; എത്രയെന്നില്ലാത്തതെന്തൊക്കെയോ. ഒരു ചവറ്റുപെട്ടിയില്‍ കാണുന്ന തരമാണതൊക്കെ; ഓഹരികളുടെ നിയമാവലികള്‍, പേനകള്‍, ഉപയോഗിച്ച അടിവസ്ത്രങ്ങള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ എന്നിങ്ങനെ. അടുത്തുള്ള മേശകളുടെ പുറത്തേക്ക് അതൊക്കെ കൊട്ടിയിടുകയാണവര്‍. പൂരപ്പറമ്പിലെ വാണിഭക്കാരെപ്പോലെ സകലതും ചുറ്റും നിരത്തിവയ്ക്കുകയാണവര്‍. ഇവിടെ അതൊന്നും വാങ്ങാന്‍ ആരുമില്ലെന്നേയുള്ളൂ. അവരെപ്പോലെതന്നെ ചേതംപറ്റിയവയാണ് ആ വസ്തുക്കളും. ഈ ഗ്രഹത്തിലെ ഏറ്റവും ശക്തരും ധനികരുമായവരില്‍പ്പെടുന്നവരാണ് നഗരത്തിന്റെ ഈ ഭാഗത്തു ജീവിക്കുന്ന സ്ത്രീകളും പുരുഷന്മാരും. എന്റെ അയല്‍വാസിയായ ഒരു പൊലീസുകാരന്‍ പറഞ്ഞത് ശരിയാണെങ്കില്‍ ഹെന്റി കിസ്സിന്‍ജര്‍ ഇവിടെയാണ് താമസിക്കുന്നത്. കോടിക്കണക്കിനു ഡോളര്‍ സമ്പാദിക്കുന്ന ഹെഡ്ജു ഫണ്ടു മാനേജര്‍മാര്‍ ആഹാരം കഴിക്കാന്‍ വരുന്നത് എന്റെ ഫ്ളാറ്റിനു ചുവട്ടിലുള്ള റസ്റ്റാറണ്ടിലാണ്. ഇറാക്കിലെയും അഫ്ഗാനിസ്താനിലെയും അമേരിക്കന്‍ യുദ്ധങ്ങള്‍ നിയന്ത്രിക്കുന്ന വിദേശനയപ്രമാണിമാര്‍, ഐക്യരാഷ്ട്രസഭയിലേക്കുള്ള നയതന്ത്രദൌത്യസംഘത്തിന്റെ തലവന്മാര്‍ ഇവരൊക്കെ ഈ ഭാഗത്ത് താമസക്കാരാണ്. ഈ ചങ്ങാതിമാര്‍ ഈ ചുറ്റുവട്ടത്തെയും ഈ ഗ്രഹത്തെത്തന്നെയും ഭരിക്കുന്നത് അധൃഷ്യരാണ് തങ്ങളെന്ന ഭാവത്തോടെയാണ്. അവകാശമാണ് അവരുടെ മതം, അധികാരം അവര്‍ക്ക് മോക്ഷവും. പക്ഷേ, ആ തെരുവുകളിലൂടെത്തന്നെയാണ് രോഗിണിയായ ഈ കിഴവിയും രാവും പകലും ഭേദമില്ലാതെ അലഞ്ഞുനടക്കുന്നതെന്നോര്‍ക്കുമ്പോള്‍ ക്ഷയവും ജീര്‍ണ്ണതയും അധികമകലെയല്ല എന്ന് എനിക്കെങ്കിലും ബോധ്യമാവുന്നുണ്ട്. ഏടുകള്‍ മറിക്കുന്ന കൈ ഒരു പേരിനുമേല്‍ ചൂണ്ടുവിരല്‍ വയ്ക്കുന്നു. ഒരു ജീവിതം തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. എന്റെ അമ്മമ്മയെപ്പോലൊരാള്‍ക്ക് ഭേദപ്പെട്ട ശ്രദ്ധയും പരിചരണവും കിട്ടുന്നുണ്ടാവാം; അതിനടിയിലുള്ള മനോരോഗത്തിന്റെയും സ്മൃതിനാശത്തിന്റെയും അല്ഷൈമേഴ്സിന്റെയും വിഭ്രാന്തിയും മയക്കവും പക്ഷേ, നിര്‍ദ്ദയമാണ്. 'ആ നല്ല രാത്രിയിലേക്ക് സൗമ്യമായി കടക്കുക' എന്നതുണ്ടാവാന്‍ പോകുന്നില്ല. അത് ഏകാന്തതയാണ്, നൈരാശ്യമാണ്, മനക്കലക്കവും ഭീതിയുമാണ്. വൃദ്ധ ഇതിനകം തറയിലും മേശകളിലുമായി തന്‍റെ മാറാപ്പിലുള്ളതൊക്കെ നിരത്തിയിട്ടു കഴിഞ്ഞു. തന്റെ പ്രവൃത്തി അവര്‍ക്ക് തൃപ്തിയായതായി തോന്നുന്നു. അടുത്ത നീക്കം എന്താണെന്നുള്ളതിനെക്കുറിച്ച് ഒരു സന്ദേഹവും. ഞാന്‍ ജോലിക്കാരെ സൂക്ഷിച്ചുനോക്കിയിട്ട് എന്താ ചെയ്യേണ്ടതെന്ന അര്‍ത്ഥത്തില്‍ പുരികം ചുളിച്ചു. അവര്‍ക്കും അതത്ര തീര്‍ച്ചയില്ല. ആരെങ്കിലും ചെന്ന് അവരോടെന്തെങ്കിലും പറയുകയാണോ വേണ്ടത്, അതോ, അങ്ങനെയൊരാള്‍ ഇല്ലെന്ന മട്ടില്‍ തന്‍റെ പാടു നോക്കുകയോ? അവര്‍ നിന്ന നില്പില്‍ അപ്രത്യക്ഷയായെങ്കില്‍ എന്നു ഞാന്‍ ആശിച്ചുപോയി. ആരെയെങ്കിലും വിളിച്ചുവരുത്താനാണെങ്കില്‍ ആരെ? ഒടുവില്‍ അവര്‍ എങ്ങനെയൊക്കെയോ തന്റെ ഉന്തുവണ്ടിയില്‍ നിന്ന് ഒരു പൊളിഞ്ഞ ഫോണ്‍ പുറത്തെടുത്തു. എലിയോ മറ്റോ കരണ്ടപോലെ വയറുകള്‍ തൂങ്ങിക്കിടക്കുന്നുണ്ട്. കടലാസുകള്‍ പറന്നുപോകാതിരിക്കാനോ എടുത്തെറിയാനോ ഉപയോഗിക്കാമെന്നല്ലാതെ മറ്റൊരുപകാരവും അതുകൊണ്ടില്ല. അവര്‍ എന്തുചെയ്യാന്‍ പോവുകയാണെന്ന് എനിക്ക് സംശയമായി. ലക്ഷക്കണക്കായ ന്യൂയോര്‍ക്ക് നിവാസിളെപ്പോലെ അവരും ആ ചത്ത, നിരുപയോഗമായ ഫോണിലൂടെ സംസാരം തുടങ്ങി. താന്‍ ഏതോ പ്രമാണിയാണെന്ന മട്ടെടുത്തുകൊണ്ട് ഫോണിന്റെ മറ്റേയറ്റത്തില്ലാത്ത ഒരാളോട് ഒച്ചയെടുത്ത് സംസാരിക്കുകയാണവര്‍. എനിക്ക് മനസ്സിലായതുവച്ചാണെങ്കില്‍ തന്റെ മുടിയൊതുക്കാന്‍ ഏതോ ബ്യൂട്ടി പാര്‍ലറില്‍ അപ്പോയിന്‍റ്മെന്‍റ് ബുക്കുചെയ്യാന്‍ നോക്കുകയാണവര്‍. പക്ഷേ, രണ്ടുകൂട്ടര്‍ക്കും യോജിപ്പിലെത്താന്‍ കഴിയാത്തപോലെയാണ്. ഒരു സര്‍റിയല്‍ മുഹൂര്‍ത്തമാണത്. അവരോട് കാത്തിരിക്കാന്‍ പറഞ്ഞിരിക്കുകയാണെന്ന് തോന്നുന്നു. അവര്‍ കാത്തിരിക്കുന്നു. എന്താണ് അവരുടെ അടുത്ത നടപടി എന്നറിയാന്‍ എനിക്ക് ജിജ്ഞാസയായി. പിന്നെ കേള്‍ക്കുന്നത് അവര്‍ ഫോണിലൂടെ തെറി വിളിക്കുന്നതാണ്. തനിക്ക് ഒരു പകല്‍ മുഴുവന്‍ കളയാനില്ലെന്ന് അവര്‍ 'റിസപ്ഷനിസ്റ്റി'നെ മനസ്സിലാക്കിക്കൊടുക്കുകയാണ്. ഏത് ഓഫീസ് ജോലിക്കാരെയുംപോലെ തിരക്കുപിടിച്ചതാണ് അവരുടെ നാളുകള്‍. തിങ്കളാഴ്ച അവര്‍ക്ക് പറ്റില്ല, ചൊവ്വാഴ്ച തീരെ പറ്റില്ല, ഒടുവില്‍ ബുധനാഴ്ച അപ്പോയിന്‍റ്മെന്‍റ് ബുക്കുചെയ്യാമെന്ന് അവര്‍ തീരുമാനിക്കുകയാണ്. അവര്‍ മുടിക്കു നിറംവരുത്താന്‍ പോവുകയാണെന്ന്. ഫോണ്‍ താഴെവയ്ക്കുന്നതിനുമുമ്പ്, ഈ സന്ദര്‍ഭത്തില്‍ അതിനെന്തര്‍ത്ഥമായാലും അവര്‍ വീണ്ടും മര്യാദക്കാരിയായി. ഇല്ലാത്ത ആ റിസപ്ഷനിസ്റ്റിന്റെ പേര് ചോദിക്കുകയാണ്. ഞാന്‍ അവരെത്തന്നെ നോക്കിയിരിക്കുന്നത് അവര്‍ കണ്ടു. അവര്‍ എന്നെ നോക്കി, പിന്നെ അവരുടെ മനസ്സില്‍ ഞാനെന്നൊരാള്‍ ഇല്ലെന്നപോലെ അവരുടെ നോട്ടം എന്നെയും കടന്നുപോയി. ശരിയാവാം, ഞാനെന്നൊരാള്‍ ഇല്ലായിരിക്കാം. എനിക്കാകെ ഒരരുതായ്മ തോന്നി. അവിശ്വസനീയമായി ഈ നഗരത്തെ ചലിപ്പിക്കുന്ന ചെറുകിട താന്‍പ്രമാണിത്തക്കാരെക്കാള്‍ എത്രയോ എത്രയോ ദൂരത്തിലാണ് ഈ സ്ത്രീയുടെ വ്യാമോഹങ്ങള്‍. ധാര്‍മികമേല്‍ക്കോയ്മ എടുത്തണിഞ്ഞുകൊണ്ട് എനിക്കുവേണമെങ്കില്‍ വാദിക്കാം, അമേരിക്കന്‍ സമൂഹം ഇന്നേവരെ അതിന്റെ ഏറ്റവും ദുര്‍ബ്ബലരും നിന്ദിതരുമായവരെ തെരുവിലേക്കെടുത്തെറിഞ്ഞിട്ടേയുള്ളുവെന്ന്. അത് സത്യമായിരിക്കാം, പക്ഷേ, ഇങ്ങനെയൊരു രംഗം നേരിടേണ്ടിവരുമ്പോള്‍ എനിക്കുണ്ടാകുന്ന പൊറുതികേടാണ് അതിനേക്കാള്‍ യഥാര്‍ത്ഥം. തന്‍േറതായ ഒരയഥാര്‍ത്ഥലോകത്ത് നിമഗ്നയായ, സ്വന്തം ചിത്തഭ്രമത്തിനെതിരെ പൊരുതുന്ന ആ വൃദ്ധ എന്റെ മാനസികതലത്തെയും ശാന്തതയെയും തടസ്സപ്പെടുത്തുകയാണ്. ആദ്യം അവര്‍ കൗതുകമുണര്‍ത്തുന്ന ഒരു ശല്യം മാത്രമായിരുന്നു, എന്നാലും അവര്‍ ശല്യംതന്നെയായിരുന്നു. അതില്പിന്നെ ഹീനമായ ഒരു സാന്നിദ്ധ്യമായി അവര്‍. മനുഷ്യരില്‍ നിറഞ്ഞിരിക്കുന്നുവെന്ന് പറയപ്പെടുന്ന ഹൃദയോഷ്മളത തരിമ്പുപോലും എനിക്കവരോട് തോന്നിയിരുന്നില്ല. തന്‍റേതായ ഒരു പ്രപഞ്ചത്തിലേക്കൊതുങ്ങിക്കൂടാനും പുറത്തെ മാലിന്യത്തോടും ദുരിതത്തോടും സംസര്‍ഗ്ഗമൊഴിവാക്കാനുമുള്ള ഈ മനോഭാവം അമേരിക്കനോ പാശ്ചാത്യമോ ആയ ഗുണമാവണമെന്നില്ല. ഇന്ത്യയിലും മറ്റെവിടെയും അത് കണ്ടെത്താവുന്നതേയുള്ളൂ. ഈ നഗരത്തിനും അത് നനച്ചുവളര്‍ത്തുന്ന സംസ്കാരത്തിനും ഇവരേപ്പോലുള്ള സ്ത്രീകള്‍ വലിഞ്ഞുകയറിവരുന്ന ശല്യങ്ങളാണ്. അവരുടെ സാന്നിദ്ധ്യം തന്നെ നഗരവത്ക്കരണം കൊട്ടിഘോഷിക്കുന്ന വെടിപ്പന്‍ ജീവിതങ്ങള്‍ക്ക് രുചിക്കാത്ത യാഥാര്‍ത്ഥ്യങ്ങളുമാണ്. ഇവിടെ അനാരോഗ്യവും മാനസികക്ഷയവും സൈദ്ധാന്തികനിര്‍മിതികളാണ്. നിത്യജീവിതത്തിന്റെ ആരവങ്ങളില്‍ നിന്നെത്രയോ അകലെക്കിടക്കുന്നവ. ആതുരമായ ഈ മനുഷ്യാവസ്ഥകള്‍ നമ്മുടെ ജീവിതങ്ങളിലേക്ക് ധാര്‍ഷ്ട്യത്തോടെ ഇടിച്ചുകയറിവരുമ്പോള്‍ എന്തുചെയ്യണമെന്ന് നമുക്കറിയാതാവുന്നു. രോഗികളായ മനുഷ്യരോടെന്നല്ല, സാധാരണമനുഷ്യരോടുതന്നെ എങ്ങനെ ഇടപെടണമെന്നതില്‍ നമ്മെ ഒന്നുപദേശിക്കാന്‍ നമ്മുടെ വിദ്യഭ്യാസപദ്ധതികള്‍ക്കൊന്നും കഴിയുന്നില്ല. പഠിച്ച പാഠങ്ങളൊന്നും ഓര്‍മിച്ചെടുക്കാനില്ല, തിരിഞ്ഞുനോക്കാന്‍ ആര്‍ജ്ജിതജ്ഞാനമില്ല. ആശ്രയിക്കാന്‍ സംഹിതകളോ വ്യവസ്ഥകളോ ഇല്ല, മാതൃകയാവാന്‍ കുടുംബബന്ധങ്ങളില്ല, പിന്‍പറ്റാന്‍ ഒരു മതപ്രമാണവുമില്ല. നമ്മുടെ ധാര്‍മികബോധം മാത്രം ബാക്കിയുണ്ട്. അതിന്റെയും അരിക് പൊടിയുകയാണ്, നമ്മുടെ ഈ അയഥാര്‍ത്ഥമായ അസ്തിത്വത്തിന്റെ ഓരോ നാളു കഴിയുമ്പോഴും.

ഞങ്ങള്‍ അമ്മമ്മയെ കണ്ടുമടങ്ങുമ്പോള്‍ വൈകുന്നേരമായിരിക്കുന്നു. അവരോടെന്തുപറയാന്‍? ഞാന്‍ ഓര്‍ത്തു. അതുകൊണ്ട് എന്തു വ്യത്യാസമുണ്ടാവാന്‍? മനസ്സിലൂടെ അങ്ങനെയൊരു ചിന്ത കടന്നുപോകുന്നത് ഞാന്‍ അറിഞ്ഞു. അമ്മയ്ക്ക് പക്ഷേ, അവരോടൊരുപാടൊരുപാട് പറയാനുണ്ടായിരുന്നു : ആര് ആരെ കല്ല്യാണം കഴിച്ചു? ആരൊക്കെ ഏതൊക്കെ പരീക്ഷ ജയിച്ചു? ഗുരുവായൂരിലേക്കുള്ള പുതിയ ബസ് റൂട്ടുകള്‍, ഒരകന്ന ബന്ധു വയ്ക്കുന്ന വീടിന്റെ വിശേഷങ്ങള്‍. അങ്ങനെയങ്ങനെ. ആത്മാര്‍പ്പണവും നൈരാശ്യവും ചേര്‍ന്നുള്ള വിചിത്രമായ ഒരു നാടകമായിരുന്നു അത്. അമ്മമ്മ ചിലപ്പോള്‍ തലയാട്ടും. ചിലപ്പോള്‍ പറഞ്ഞതുമായി ഒരു ബന്ധവുമില്ലാത്ത ഒരു മറുപടി പറയും. അതൊരുപക്ഷേ, അമ്മമ്മയുടെ വഴുതിപ്പോകുന്ന ആന്തരസത്തയിലേക്ക് ജൈവശാസ്ത്രത്തോടു പൊരുതി കടന്നുചെല്ലാന്‍ ഒരു മകള്‍ നടത്തുന്ന ശ്രമമായിരിക്കാം. ഇനി തനിക്കിങ്ങനെ ഒരു ഗതി വരാനിടയായാല്‍ തന്നെ അത്രപെട്ടെന്ന് കൈയൊഴിയരുതേയെന്ന് പരോക്ഷമായി എന്നോട് പറയുന്നതാണെന്നും വരാം. ഒടുവില്‍ പിരിയാന്‍ നേരമായപ്പോള്‍ അമ്മമ്മ എന്റെ തലയില്‍ കൈവച്ചു; കുനിഞ്ഞ് അവരുടെ കാലില്‍ തൊട്ടുതൊഴാന്‍ ഞാന്‍ ശ്രമം നടത്തുകയാണ്. എന്നിലെ യുക്തിവാദിക്ക് അതൊരു പാഴ്വേലയായിട്ടേ തോന്നൂ. എന്നിട്ടും അങ്ങനെ ചെയ്യാന്‍ എന്നിലെ എന്തോ ഒന്ന് നിര്‍ബന്ധിക്കുകയാണ്. അവരുടെ കണ്ണുകള്‍ വിദൂരതയിലെവിടെയോ ആണ്. അവര്‍ യാതൊന്നും മിണ്ടുന്നുമില്ല. ഞാന്‍ അവരുടെ കവിളത്തു തലോടി. വികൃതിയെങ്കിലും അത്രമേല്‍ സ്നേഹിക്കുന്നൊരു കുട്ടിയെയെന്നപോലെ. അവരുടെ അടുക്കളയില്‍ യഥേഷ്ടം കയറിയിറങ്ങാന്‍ പ്രായമായ കാലം മുതല്‍ അവര്‍ക്കു ഞാന്‍ അങ്ങനെയായിരുന്നുതാനും. ഞാന്‍ അമ്മമ്മയോട് പറഞ്ഞു: ഞാന്‍ പോയിവരാം. അമേരിക്കയില്‍ നിന്ന് ഞാനെന്തെങ്കിലും കൊണ്ടുവരണോ? അവര്‍ അവ്യക്തമായി പറയുന്നു : അമേരിക്കേന്നോ? ഓ, ഒന്നും വേണ്ട. ഒക്കെയിവിടെയുണ്ടല്ലോ. ഞങ്ങള്‍ മടങ്ങിയത് പാലക്കാട്ടെ പാടങ്ങള്‍ക്കരികിലൂടെയായിരുന്നു. സായാഹ്നസൂര്യന്‍ ആകാശത്തു കൂടി അരിച്ചുനീങ്ങുമ്പോള്‍ കാറ്റു മൂളിപ്പറക്കുകയാണവിടെ. കാറിന്റെ ഏ സി ശ്വാസം മുട്ടിച്ചുതുടങ്ങിയപ്പോള്‍ ഞാന്‍ ആ ഗ്ലാസ്സു താഴ്ത്തി. അമ്മ ചേച്ചിയോട് തങ്ങളുടെ അമ്മയുടെ ഒടുവിലത്തെ അവസ്ഥയെക്കുറിച്ച് ഫോണ്‍ ചെയ്യുന്ന തിരക്കിലാണ്. അതില്‍നിന്ന് ഞാന്‍ ശ്രദ്ധമാറ്റി. ദൂരെ സൂചിവലിപ്പത്തിലുള്ള നിഴല്‍രൂപങ്ങള്‍, കൃഷിക്കാരോ വേലക്കാരോ കറ്റ തല്ലുകയാണ് - നൂറ്റാണ്ടുകളായി കാര്യമായ മാറ്റമൊന്നും വരാത്ത വഴിയിലൂടെ നെല്ലും പതിരും വേര്‍തിരിക്കുകയാണവര്‍. എന്റെ ഹ്രസ്വായുസ്സിനുള്ളില്‍ത്തന്നെ ഭൂപ്രകൃതിക്ക് മാറ്റംവന്നിരിക്കുന്നു. അസാദ്ധ്യമെന്ന് തോന്നുന്ന രീതിയിലുള്ള ജൂവലറി ഷോമുകളുടെയും ധനികരായ സിനിമാതാരങ്ങളുടെയും കൂറ്റന്‍ പരസ്യങ്ങള്‍ ദരിദ്രരായ ആ പണിക്കാരെ തുറിച്ചുനോക്കുകയാണ്. ആ പരസ്യങ്ങള്‍ അവര്‍ക്കു വേണ്ടിയുള്ളതല്ല, അവയെ നോക്കാന്‍ നേരമില്ലാതെ കടന്നുപോകുന്ന എന്നെപ്പോലെയുള്ളവര്‍ക്കുള്ളതാണ്. സ്വര്‍ണ്ണമാണ് നാം കരുതിവയ്ക്കേണ്ടത്, അവ പ്രലോഭിപ്പിക്കുകയാണ്. ഘോഷിക്കുകയാണ്. യഥാര്‍ത്ഥലോകം ഇത്രയും മനോഹരമായിരിക്കെ, ആ പരസ്യപ്പലകകള്‍ വന്ധ്യമാണ്, വൈകാരികമായി മരിച്ചതല്ല അവയെങ്കില്‍. അമേരിക്കന്‍ ഉപന്യാസകാരനായ സ്കോട്ട് റസല്‍ സാന്‍ഡേഴ്സ് എവിടെയോ എഴുതിയിട്ടുണ്ട്, പ്രശാന്തഗംഭീരമായ ജീവിതം കണ്‍മുന്നില്‍ വന്നു നില്ക്കുമ്പോള്‍ നമ്മുടെ വാക്കുകള്‍ പരാജയമടയുകയാണെന്ന്. അറിവിന്റെ ലൗകികമണ്ഡലം വിട്ടുപോകുന്ന വാക്കുകളെ തേടിപ്പിടിക്കാന്‍ നിര്‍ബ്ബന്ധിതരാവുകയാണു നാം. നമ്മുടെ പദശേഖരം വിളര്‍ച്ചബാധിച്ചതും തലതിരിഞ്ഞതുമാണെന്ന് സ്വയം വെളിപ്പെടുത്തുകയാണ്. നമ്മുടെ ബോധത്തിന് ഭൌതികമായി ഒരു സ്ഥാനം കാണാന്‍ കഷ്ടപ്പെടുന്ന ആ ന്യൂറോസയന്‍റിസ്റ്റുകളെപ്പോലെയെന്നും പറയാം. എന്നാല്‍ നമ്മുടെ സിരകളിലൂടെയും മനസ്സിലൂടെയും പിടിതരാതെ ഓടിനടക്കുന്ന ആ ശക്തിയെ പ്രത്യേകമൊരു പേരുചൊല്ലി - ദാവോ, അല്ലാഹു, ശ്രീരംഗനാഥന്‍, ഈശ്വരന്‍, ന്യൂറോസയന്‍സ് - വിളിക്കാന്‍ കഴിയുന്നതും മനുഷ്യന്റെ മൗലികാവസ്ഥയിലേക്ക് ഒരുള്‍ക്കാഴ്ചയോ അറിവോ കിട്ടിയതിന്റെ ലക്ഷണമായിട്ടെടുക്കാനും പറ്റില്ല. അത്ര യഥാര്‍ത്ഥമാണ് വേദനയും സഹനവും. നമ്മുടെതന്നെ നിബന്ധനകള്‍ക്കനുസരിച്ച് നാം എതിരിടേണ്ടതൊന്നാണിത്. ഒരു ഹ്രസ്വനേരത്തേക്ക് എനിക്ക് ചാരിതാര്‍ത്ഥ്യം തോന്നുകയാണ്. കാണുന്നത് എനിക്കനുഭവമാകുന്നുണ്ടല്ലോയെന്ന്. അതിനെ വ്യക്തമാക്കാന്‍ എനിക്ക് കഴിയുന്നുണ്ട്. വായുവിന്റെ സ്പര്‍ശം ഞാനറിയുന്നുണ്ട്. ഇന്നലെയും ഇന്നും ഇന്നതാണെന്ന് എനിക്കൊരു ബോധമുണ്ടാവുന്നുണ്ട്. പുറത്തേക്ക് നോക്കുമ്പോള്‍ എനിക്ക് കാണാം, ഒരു കിളിപ്പറ്റം കൂട്ടിലേക്ക് മടങ്ങുന്നതും ഒരമ്പലവിളക്കിന്റെ വിദൂരവെളിച്ചം പാടത്തേക്കു തിരിനീട്ടുന്നതും. നോക്കിയിരിക്കാന്‍ ഉജ്ജ്വലമായ ഒരു ദൃശ്യം തന്നെയത്. അതിനെ കാണാനും ഞാന്‍ പഠിക്കേണ്ടിയിരിക്കുന്നു.


ന്യൂയോർക്കിലെ മാൻഹട്ടണിൽ ഒരു ധനകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന കീർത്തിക് ശശിധരൻ എഴുതിയ ഇംഗ്ലീഷ് ലേഖനത്തിന്റെ വിവർത്തനം. സമകാലികമലയാളം വാരികയിൽ പ്രസിദ്ധീകരിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല: