ഘനി കാശ്മീരി എന്നറിയപ്പെടുന്ന മുല്ല മുഹമ്മദ് താഹിർ ഘനി പതിനേഴാം നൂറ്റാണ്ടിൽ കാശ്മീരിൽ ജീവിച്ചിരുന്ന ഒരു പേഴ്സ്യൻ കവിയാണ്. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കാര്യമായിട്ടൊന്നും അറിയില്ല. ശ്രീനഗറിലായിരിക്കാം അദ്ദേഹത്തിന്റെ ജനനം. സമൂഹവുമായി അധികം ഇടപഴകിയിരുന്നില്ല എന്നു തോന്നുന്നു. കാശ്മീരിലോ പുറത്തോ ഉള്ള ഏതെങ്കിലും ദർബാറിൽ അംഗമായിരുന്നുമില്ല. അക്കാലത്തെ ശ്രേഷ്ഠനായ ഒരു പണ്ഡിതനും കവിയുമായ മുല്ല മൊഹ്സിൻ ഫനിയുടെ ശിഷ്യനായിരുന്നു അദ്ദേഹമെന്ന് ചരിത്രകാരന്മാർ പറയുന്നുണ്ട്. മുല്ല എന്ന സ്ഥാനപ്പേരിൽ നിന്ന് അദ്ദേഹം മതവിദ്യാഭ്യാസം നേടിയിരുന്നുവെന്നും തെളിയുന്നു. എന്തായിരുന്നു അദ്ദേഹത്തിന്റെ ഉപജീവനമാർഗ്ഗം എന്നറിയുന്നില്ല; എന്തായാലും കവിതയെ അതിനുപയോഗപ്പെടുത്തിയില്ല എന്നതിന് അദ്ദേഹത്തിന്റെ കവിതകൾ തന്നെ മതിയായ തെളിവാണ്. 1669ൽ ശ്രീനഗറിൽ വച്ചാണ് അദ്ദേഹം മരിക്കുന്നത്. മരണത്തെക്കുറിച്ച് ഇങ്ങനെ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്: അന്നത്തെ മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ഘനി കാശ്മീരിയെ തന്റെ ദർബാറിലേക്കയക്കാൻ കാശ്മീർ ഗവർണറായ സെയ്ഫ് ഖാനെ ചുമതലപ്പെടുത്തി. പക്ഷേ ഘനി ആ ക്ഷണം നിരസിച്ചു: “ഘനിയ്ക്കു ഭ്രാന്താണെന്ന് ചക്രവർത്തിയോടു പറഞ്ഞേക്കൂ,” എന്ന് അദ്ദേഹം ഗവർണറോടു പറഞ്ഞു. “സുബോധമുള്ള ഒരാളെ എങ്ങനെയാണു ഞാൻ ഭ്രാന്തൻ എന്നു വിളിക്കുക” എന്ന് സെയ്ഫ് ഖാൻ നിസ്സഹായനായപ്പോൾ ഘനി തന്റെ കുപ്പായം വലിച്ചുകീറിയിട്ട് ഉന്മാദം പിടിപെട്ടവനെപ്പോലെ നടന്നുപോയി. മൂന്നു ദിവസത്തിനു ശേഷം അദ്ദേഹം മരിക്കുകയും ചെയ്തു.
ഘനിയുടെ കവിതകൾ കൂടുതലും ഗസൽ രൂപത്തിലാണ്; രണ്ടു മസ്‌നവികളും ചില റുബൈയാത്തുകളും കൂടിയുണ്ട്. ചിരപരിചിതമായ ആശയങ്ങൾക്കും രൂപകങ്ങൾക്കും നൂതനാർത്ഥം നല്കുന്നതിലൂടെയാണ് ഘനി വ്യത്യസ്തനാകുന്നതെന്ന് നിരൂപകർ പറയുന്നു.
Mufti Mudasir Farooqi, Nusrat Bazaz എന്നിവർ ചേർന്നു പരിഭാഷപ്പെടുത്തി പെൻഗ്വിൻ പ്രസിദ്ധീകരിച്ച The Captured Gazelle എന്ന സമാഹാരത്തെ ആധാരമാക്കിയാണ് ഈ വിവർത്തനം.
1
എന്നെ മുക്കിത്താഴ്ത്തുവാൻ, വിധേ,
കൊടുങ്കാറ്റായി കടലിളക്കിമറിക്കേണ്ട;
ഒരു മീൻചിറകാണെന്റെ തോണിക്കു പായ,
അതു നിനക്കറിയുന്നതല്ലേ!
2
ഒരു കവിതയും ചൊല്ലാതെ
ഞാനെന്റെ ചുണ്ടുകൾ പൂട്ടിയടച്ചിരുന്നുവെങ്കിൽ:
വാക്കുകൾക്കുമപ്പുറത്താണല്ലോ,
എന്റെ കവിതയുടെ സൂക്ഷ്മതകൾ!
3
ആത്മാവുടലിന്റെ തടവിലായിരുന്നപ്പോൾ
എന്റെ കവിതയുടെ പേരു പരന്നതേയില്ല;
കസ്തൂരിഗന്ധം വായുവിൽ പരക്കാൻ
മാനിനു ജീവൻ കൊടുക്കേണ്ടിവന്നു!
4
എന്നെയന്വേഷിച്ചാരുമെത്തുന്നില്ല,
എന്നെക്കളിയാക്കാൻ വരുന്ന
എന്റെതന്നെ ചിരിയല്ലാതെ.
5
അന്യരുടെ ഉദ്യാനങ്ങളിൽ
അസൂയയോടെ ഞാൻ നോക്കില്ല;
എന്റെ അഭിലാഷങ്ങൾ പുഷ്പിക്കുന്ന-
തെന്റെതന്നെ കളിമണ്ണിൽ.
6
അയല്ക്കാരന്റെ സുഖത്തിനായി
കഷ്ടപ്പാടു സഹിക്കുന്നതു കുലീനത തന്നെ;
കാതുകളെത്ര കഥകൾ സഹിക്കണം
കണ്ണുകൾക്കൊന്നുറങ്ങാനായി!
7
വെള്ളം തേവുന്ന ചക്രം പോലെ
നിന്റെ നൃത്തം തുടരൂ, ഘനീ.
വീഞ്ഞിന്റെ വീപ്പ കാലിയായെങ്കിൽ
വെള്ളമൊഴിച്ചു ചഷകം നിറയ്ക്കൂ!
8
പൂന്തോപ്പിൽ നിന്നു പനിനീർപ്പൂവിനെ
ശിശിരം കൊള്ളയടിക്കുന്ന നാൾ
വിട്ടുകൊടുക്കൂ, വാനമ്പാടീ,
കൊടുങ്കാറ്റിനു നിന്റെ കൂടിനെ.
9
നിന്റെ വിവരണം കൊണ്ടുതന്നെ
ആഖ്യാനങ്ങൾക്കെല്ലാമന്ത്യമായി;
നിന്റെയനർഘനാമത്താൽ
എന്റെ ചുണ്ടുകൾ മുദ്രിതവുമായി.
10
എന്റെ രോഗമെന്തെന്നു
വൈദ്യനറിയാതെപോയി;
എന്റെ നാവ് മൂകമായിരുന്നു,
നാഡി അതിലേറെയും.
11
തിരികല്ലിനു ചുറ്റും പാറിക്കിടക്കുന്നു,
എന്റെ നരച്ച മുടിയിഴകൾ;
ആകാശമെന്ന തിരികല്ലു തിരിയുമ്പോൾ
എന്റെയെലുമ്പുകൾ അതിനു ഗോതമ്പുമണികൾ.
12
വഴിയിലൊരു പാടും വീഴ്ത്താതിരിക്കൂ,
ദൗർഭാഗ്യത്തിൽ നിന്നു രക്ഷ നേടൂ;
ഓടിയൊളിക്കുന്ന മാനിന്റെ കെണി,
അതിന്റെതന്നെ കാല്പാടുകൾ.
13
അലയുന്ന മനസ്സിനെ തടുക്കാൻ
അകമഴിഞ്ഞ പ്രാർത്ഥന മതി;
തൊഴുന്ന കൈകൾ മതി,
പല താഴുകളും തുറക്കാൻ.
14
ഓരോ രാവുമിരുണ്ടുവെളുക്കും വരെ
ഘനി നിനക്കായെരിയുന്നു;
എന്റെ ഹൃദയവേദനയ്ക്കു സാക്ഷി,
എന്റെ തലയിണക്കരികിലെ മെഴുകുതിരി.
15
മെഴുകുതിരിക്കെന്നപോലെ, ഘനീ,
മൗനം നമുക്കു മരണം തന്നെ;
ജീവനുള്ളവരാണു നാമെന്ന്
നാവിലൂടല്ലാതെങ്ങനെ നാം തെളിയിക്കും!
16
അത്രയധികം വീഞ്ഞകത്താക്കിയതിനാൽ
എന്റെ കാലിലെ തുടലുകൾ മുന്തിരിവള്ളികളായി;
കൈയിലിരുന്ന നിസ്കാരപ്പായ
ദൂരേക്കു ഞാൻ വലിച്ചെറിയുകയും ചെയ്തു.
17
കാല്പാടിന്റെ കാതുകളിൽ
നിഴലിങ്ങനെയോതുന്നു:
‘മണ്ണിൽ വീണവനെ
ആരും പിടിച്ചുയർത്തുന്നില്ല.’
18
ഏതാരാധനയേയുമതിശയിക്കും,
കുടിച്ചു മണ്ണിൽ കിടക്കുന്നവന്റെയെളിമ;
ഏതു വ്രതസ്നാനത്തേക്കാളുമുത്തമം,
കുടിയന്റെ പാംസുസ്നാനം!
19
പ്രണയത്തിന്റെ കോളു കൊണ്ട കടലിൽ
കണ്ണു തുറന്നൊന്നു നോക്കിയതും,
ഒരു കുമിളയുടയുമ്പോലെ
ഞാനില്ലാതെയായി.
20
എന്നെപ്പോലാരുമറിയുന്നില്ല,
നഗ്നതയുടെ കടലാഴം;
കുമിള പോലൊന്നുതന്നെ,
എന്റെയുടലുമുടയാടയും.
21
കിഴവന്മാരുടെ മുതുകുകൾ
കുനിഞ്ഞിരിക്കുന്നതെന്താവാം?
അവർ മണ്ണിൽ തേടുകയാണോ,
പൊയ്പ്പോയ യൗവനം?
22
ലഹരി നമ്മളെ താങ്ങിനില്ക്കുമ്പോൾ,
നാമെങ്ങനെയങ്ങു വീണുപോകാൻ?
ശവക്കുഴിയിലും നാം നിവർന്നുനില്ക്കും,
വീഞ്ഞിന്റെ ചാറ പോലെ!
23
ഇന്നലെ മരിച്ചവന്റെ കുഴിമാടം
ഇന്നെനിക്കു വെളിവു തന്നു;
ഉറങ്ങിക്കിടക്കുന്ന കാലടികൾ
എന്നെ ചവിട്ടിയുണർത്തി.
24
അമ്പുകൾ കൊണ്ടാവനാഴി നിറയ്ക്കുന്നു,
നമ്മുടെ വേട്ടക്കാരൻ;
ഒരേയൊരു കെണി കൊണ്ടയാൾ പിടിക്കുന്നു,
ഒരുനൂറു കിളികളെ.
25
സ്വന്തമുപജീവനത്തിനായി
കവിയെന്തിനു വീടു വിട്ടിറങ്ങണം?
നാവിനു വേണ്ടതൊക്കെ
വായ്ക്കുള്ളിൽത്തന്നെ കിട്ടുന്നില്ലേ!
26
തല നരച്ചുവെളുക്കുമ്പോൾ
മരണത്തിന്റെ ഭാരം കുറയുന്നു;
പുലർച്ചയ്ക്കു കണ്ട സ്വപ്നത്തിനുണ്ട്,
അതിന്റേതായൊരാനന്ദം!
27
മനുഷ്യരുടെ ഹൃദയങ്ങൾ
എത്ര തണുത്തുപോയിരിക്കുന്നു;
എരിയുന്ന സൂര്യനല്ലാതെ
ഒരൂഷ്മളമുഖവും ഞാൻ കാണുന്നില്ല.
28
അത്രയ്ക്കാശയാണ്
ഒറ്റയ്ക്കാവാൻ നിങ്ങൾക്കെങ്കിൽ,
ഒറ്റ മരം മതി,
നിങ്ങൾക്കൊരു വീടു പണിയാൻ.
29
വസന്തകാലത്തു ഘനീ,
നിറങ്ങളനവധിയാണുദ്യാനത്തിൽ;
തോട്ടക്കാരന്റെ ചൂലോ,
ചിത്രകാരന്റെ തൂലിക പോലെ!
30
തല നരച്ചുപോയെങ്കിലും
നിന്നെക്കുറിച്ചു ഞാനോർക്കുന്നു;
ചാമ്പലിന്റെ കൂമ്പാരത്തിലും
ഒരു തീപ്പൊരി ജീവിക്കുന്നു!
31
നീ തൊടുത്ത അമ്പുകളാൽ
ഹൃദയമൊരാവനാഴിയായി;
അമ്പിൻമുനകളുള്ളിലും
തൂവലുകൾ പുറത്തുമായി!
32
കടലിലടങ്ങുന്നു
അനേകമർത്ഥങ്ങളെങ്കിലും,
എന്റേതൊരു മുത്ത്,
അവരുടേതു കുമിളയും!
33
നിന്റെ വിളർച്ചയുടെ കാരണം,
ഘനീ, നിന്നോടു ചോദിക്കുന്നവർ,
അവർക്കറിയില്ലെന്നെനിക്കറിയാം,
എത്ര ശിലാഹൃദയരാണു വിഗ്രഹങ്ങളെന്ന്.
34
ജീവിച്ചിരിക്കെ ആരുമറിയില്ല,
സ്വപ്നത്തിൽ പോലുമറിയില്ല, ഘനീ,
കുഴിമാടത്തിൽ ഹൃദയത്തെ
കാത്തിരിക്കുന്ന സാന്ത്വനം.
35
കയാമത്തിന്റെ സൂര്യനെ
എനിക്കൊരു പേടിയുമില്ല;
എന്റെ ദുഷ്കൃത്യങ്ങൾക്കുണ്ടാവുമല്ലോ,
നിന്റെ കാരുണ്യത്തിന്റെ മേല്ക്കെട്ടി.
36
നിന്നെത്തന്നെ നോക്കിയിരിക്കുക,
എന്റെ ജീവിതം ജീവിക്കുന്നതതിൽ;
നിന്റെ മേലെന്റെ അവസാനത്തെ നോട്ടം,
അതാണെന്റെ അവസാനശ്വാസവും.
37
വാർദ്ധക്യത്തിൽ ഘനീ,
കണ്ണീരിൽ കുഴച്ചു മണ്ണു ചെളിയാക്കുക;
നിന്റെ കുഴിമാടത്തിനിഷ്ടിക പടുക്കാൻ
നിന്റെ വളഞ്ഞ കോലം മൂശയുമാക്കുക!
38
എന്റെ കാമുകിയുടെ മുടിയിഴകൾ
ഒരു കിന്നരത്തിൽ നിന്നു വളർന്നതാവുമോ?
ഇന്നു രാവിൽ ചീർപ്പിന്റെ വിദ്യ നോക്കൂ,
ഒരു വാദകന്റെ വിരലോട്ടം പോലെ!
39
ഏകത്വത്തിന്റെ പരുത്തി നൂറ്റ്
മൻസൂർ നൂലെടുത്ത നാൾ
ജപമാലയും പൂണൂലും
ഒന്നുതന്നെയായി.
40
യുക്തിയുടെ പിടി വിടുമ്പോൾ
ആത്മാവ് രാക്ഷസനാകുന്നു;
മോശയുടെ കൈ വിട്ടപ്പോഴല്ലേ,
വടി സർപ്പമായതും?
41
സൗന്ദര്യത്തിന്റെ ഒരു തരി
നിലത്തു വീണുകിടക്കുന്നു;
അതു കാതിലെയൊരു മുത്തോ,
ചുണ്ടത്തൊരു മറുകോ?
42
ഇനിയുമെത്രനാൾ
എന്റെ ചോരയ്ക്കതു ദാഹിക്കും?
എത്രയും വേഗം തീർക്കുക,
വാളിന്റെ രക്തദാഹം!
43
ഒരു പിച്ചച്ചട്ടി പോലും
ദാരിദ്ര്യമെനിക്കു ബാക്കി വച്ചില്ല;
അതുമെടുത്തു നടക്കേണ്ടല്ലോ
എന്നതെനിക്കാശ്വാസവുമായി!
44
ശോകത്തിന്റെ രാത്രികൾ പരിചയമായവൻ,
ശലഭം ശാന്തി കണ്ടെത്തുന്നു,
വിളക്കിന്റെ കാല്ച്ചുവട്ടിൽ.
45
ഒന്നുമില്ലെന്നാവുമ്പോൾ
മനുഷ്യൻ തേടിയിറങ്ങുന്നു;
തിരികല്ലല്ലാതൊന്നുമില്ല,
ഇരിക്കുമിടം വിട്ടിറങ്ങാതെ.
46
കുഴിമാടത്തിനുള്ളിൽ നിന്നും
ഞാനൊരു വിളി കേൾക്കുന്നു:
‘വരൂ, മണ്ണിന്റെ കണ്ണിന്
തന്നെക്കാണാൻ കൊതിയായി!’
47
നിന്റെ ശിലാഹൃദയത്തിൽ നി-
ന്നൊരുതരിച്ചൂടെനിക്കു കിട്ടിയില്ല;
കല്ലിനുള്ളിൽ തീപ്പൊരിയുണ്ടെ-
ന്നാരാണു പറഞ്ഞത്?
48
മണ്ണിലേക്കു വയ്ക്കുമ്പോൾ
എന്റെ കാലടികൾ മന്ത്രിക്കുന്നു:
‘അയാളെവിടെ നമ്മെ വയ്ക്കുമോ,
അവിടെ നമുക്കിരിക്കാം.’
49
ജീവിതം കഴിഞ്ഞുപോയി,
നരകൾ ചിലതു ബാക്കിയായി;
വർത്തകസംഘത്തിന്റെ കഥ പറയാൻ
അടുപ്പു കൂട്ടിയ ചാരം മാത്രം.
50
എത്രകാലമാണൊരാൾ
ഒരിടത്തു തന്നെയിരിക്കുക?
ഘടികാരത്തിലെ മണൽത്തരി പോലെ
തന്നിൽത്തന്നെ സഞ്ചരിക്കുക?
51
സൃഷ്ടിയുടെ തോപ്പിൽ നിന്ന്
നമുക്കു കിട്ടിയത് ശോകത്തിന്റെ കനി;
നാം നട്ട തൈമരം വളർന്നത്
വിലാപത്തിന്റെ വൃക്ഷമായി.
52
അവളുടെ മറുകെന്റെ ഹൃദയം കവർന്നു,
നനുത്ത രോമങ്ങൾക്കിടയിലതു ഞാൻ തിരഞ്ഞു;
കള്ളന്മാർ നിധിയൊളിപ്പിക്കുന്നതു മണ്ണിനടിയിലല്ലേ!
53
സാർത്ഥവാഹകസംഘം കടന്നുപോയി,
അലസനായ ഞാൻ പിന്നിലുമായി;
അതിന്റെ കുടമണികൾ പറഞ്ഞ കഥയും കേട്ട്
എന്റെ കാലടികളുറക്കമായി.
54
എന്റെ കവിതകൾ കേട്ടന്യരാഹ്ലാദിക്കുന്നു,
ഞാൻ ശുഷ്കിച്ചുപോവുകയും ചെയ്യുന്നു;
വചനമാസ്വദിക്കുന്ന കാര്യത്തിൽ
നാവെങ്ങനെ കാതിനൊപ്പമെത്താൻ?
55
എന്റെ ചിറകുകൾ കണ്ടത്ര മോഹിച്ചുപോയി
പക്ഷിപ്പിടുത്തക്കാരനെന്നതിനാൽ,
എന്റെ തൂവൽത്തലയിണയിലല്ലാതെ
അയാളുടെ കണ്ണുകളുറക്കം പിടിക്കുന്നുമില്ല!
56
ചഞ്ചലമായ സൗന്ദര്യം
പ്രണയത്തിനർഹമല്ല;
മിന്നല്പിണരെന്ന വിളക്കിൽ
ശലഭങ്ങൾ മോഹിക്കുന്നുമില്ല.
57
ആരുമെന്നിൽ കനിഞ്ഞില്ല,
ഞാൻ മരിച്ചപ്പോൾ
ഒരു കണ്ണും നനഞ്ഞില്ല.
58
ഉദ്യാനത്തിൽ നിന്നു പുറത്തുപോകൂ, സന്ന്യാസീ,
തന്റെ കണ്ണു തട്ടിയാൽ
മുന്തിരിപ്പഴങ്ങളുണങ്ങിയാലോ,
ജപമാലയിലെ മണികൾ പോലെ!
59
പൂർണ്ണത കൈവന്നവന്
പേരു കേൾപ്പിക്കാൻ നടക്കേണ്ട;
ചൂണ്ടിക്കാണിക്കേണ്ടത് പൂർണ്ണചന്ദ്രനെയല്ല,
ചന്ദ്രക്കലയെ.
60
എന്റെ മുഖത്തെപ്പുഞ്ചിരി
ചിറകെടുക്കാനൊരുമ്പെടുകയായി,
പ്രാപ്പിടിയനെയകലെക്കണ്ട
തിത്തിരിപ്പക്ഷിയെപ്പോലെ.
61
ജീവിതത്തിൽ ശാന്തി ഞാനറിഞ്ഞില്ല;
ശവപ്പറമ്പിലൊരു കോണിനായി
ജീവിതമാണു ഞാൻ കൊടുത്ത വില.
62
മെഴുകുതിരിയെപ്പോലെന്റെ യാത്രാലക്ഷ്യം
എന്റെ ചുവട്ടടിയായിരുന്നു;
ഞാനിരുന്നു, എന്റെ യാത്രയും തീർന്നു.
63
മെഴുകുതിരിയെപ്പോലെന്റെ രാത്രി കഴിഞ്ഞു,
തേങ്ങലും നെടുവീർപ്പുമായി;
പിന്നെ, ഉദയം വാഗ്ദാനം ചെയ്തു,
മറ്റൊരിരുണ്ട പകൽ.
64
ഞാനേറ്റെടുത്ത പ്രവൃത്തി
എന്നെയൊരു ഗുഹാജീവിയാക്കി;
ഞാൻ വീട്ടിലിരുന്നു,
എന്റെ തൂലികയ്ക്കു യാത്ര ചെയ്യാനായി.
65
ഒരു നാടോടിക്കാറ്റു പോലെ
തെരുവുകളലഞ്ഞെനിക്കു മടുത്തു;
ഉദ്യാനത്തിലൊന്നുലാത്താനായാൽ
ആനന്ദം കൊണ്ടു ഞാൻ നൃത്തം വയ്ക്കും!
66
ഒടുവിലെനിക്കു സ്വത്തായി ശേഷിച്ചത്
എന്റെ ജീവിതവും എന്റെ കുപ്പായവും
ജീവിതം പണയപ്പെടുത്തി,
കുപ്പായം പണയപ്പെടുത്തി,
ഞാനൊരു ശവക്കച്ച സ്വന്തമായി വാങ്ങി.
67
ഈ ശോകമയമായ ലോകത്ത്
നിത്യാനന്ദമാർക്കും പറഞ്ഞിട്ടില്ല;
കോപ്പ നിറയുമ്പോൾ
ചാറയൊഴിയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ