ഭാവഗായകരായ കവികൾ* വരുന്നത്, പൊതുവേ നോക്കിയാൽ, സ്ത്രീകൾ ഭരിക്കുന്ന വീടുകളിൽ നിന്നാണ്: എസെനിന്റെയും മയക്കോവ്സ്കിയുടേയും സഹോദരിമാർ, ബ്ളോക്കിന്റെ അമ്മായിമാർ, ഹോൾഡർലിന്റെയും ലെർമൊണ്ടോവിന്റെയും മുത്തശ്ശിമാർ, പുഷ്കിന്റെ ആയ, പിന്നെ ഇതിനൊക്കെയപ്പുറം, തീർച്ചയായും, അമ്മമാർ, അച്ഛന്മാരെ നിഴലിലാക്കി ഉയർന്നുനില്ക്കുന്ന അമ്മമാർ. ലേഡി വൈൽഡും ഫ്രൗ റില്ക്കേയും തങ്ങളുടെ പുത്രന്മാരെ പെൺകുട്ടികളുടെ വേഷമിടീച്ചാണ് വളർത്തിയിരുന്നത്. കുട്ടി സദാനേരവും ഉത്കണ്ഠയോടെ കണ്ണാടിയിൽ നോക്കിക്കൊണ്ടിരുന്നു എന്നതിൽ അത്ഭുതപ്പെടാനുണ്ടോ? ഒരാണാകാനുള്ള സമയമായിരിക്കുന്നു, ഓർട്ടെൻ *ഡയറിയിൽ എഴുതി. തന്റെ മുഖത്ത് പുരുഷലക്ഷണങ്ങൾ കാണുന്നുണ്ടോയെന്നന്വേഷിച്ച് കവി ഒരായുസ്സു കഴിക്കുന്നു.
*lyric poets
*Jiří Orten (1919-1941)- ചെക്ക് കവി
*
ഏതു കവിയുടെ ജീവിതത്തിലുമുണ്ടാവും, അയാൾ സ്വന്തം അമ്മയിൽ നിന്നു സ്വയം പറിച്ചെടുത്ത് പലായനം ചെയ്യാൻ തുടങ്ങുന്ന ഒരു നിമിഷം.
വളരെക്കാലം മുമ്പൊന്നുമല്ല, അയാൾ അനുസരണയോടെ മാർച്ചു ചെയ്തുപോയിരുന്നു: മുന്നിൽ സഹോദരിമാരായ ഇസബെല്ലും വിത്താലിയും, തൊട്ടു പിന്നിൽ അയാളും സഹോദരൻ ഫ്രഡറിക്കും; ഏറ്റവും പിന്നിൽ എല്ലാവരെയും നയിച്ചുകൊണ്ട് അമ്മയും, ഒരു മിലിട്ടറി കമാൻഡറെപ്പോലെ. ഇങ്ങനെയാണ് അവർ ഓരോ ആഴ്ചയും തന്റെ മക്കളെ ഷാർളിവില്ല്ലിലെ തെരുവുകളിലൂടെ പരേഡ് ചെയ്യിച്ചിരുന്നത്.
പതിനാറാമത്തെ വയസ്സിൽ അയാൾ ആദ്യമായി അമ്മയുടെ പിടിയിൽ നിന്നു കുതറിയോടി. പാരീസിൽ വച്ച് അയാൾ പോലീസിന്റെ പിടിയിൽ പെട്ടു. അയാളുടെ അദ്ധ്യാപകനായിരുന്ന ഇസംബാറിന്റെയും ഇസംബാറിന്റെ സഹോദരിമാരുടെയും (അതെ, അയാളുടെ തലയിൽ പേനുകളെ വേട്ടയാടിയവർ തന്നെ)* സംരക്ഷണയിൽ ചില ആഴ്ചകൾ കഴിഞ്ഞതിനു ശേഷം അമ്മ അയാളെ കൊണ്ടുപോകാനായി വന്നു. അയാളുടെ മുഖത്ത് ഒരടി കൊടുത്തതിനു ശേഷം അവരുടെ കൈകൾ ഒരു തണുത്ത ആശ്ളേഷത്തിൽ ഒരിക്കൽക്കൂടി അയാളെ വലയം ചെയ്തു.
പക്ഷേ ആർതർ റാങ്ങ്ബോ* പിന്നെയും പിന്നെയും ഓടിപ്പൊയ്ക്കൊണ്ടിരുന്നു, കഴുത്തിൽ ചൊരുകിവച്ച കോളറുമായി, പലായനത്തിനിടയിലും കവിതയെഴുത്തുമായി.
*റാങ്ങ്ബോയുടെ The Seekers of Lice എന്ന കവിത
*
ഏതു പ്രസ്താവവും തത്ക്ഷണം സത്യമാവുന്ന മണ്ഡലമാണ് ഭാവഗീതം. ഇന്നലെ കവി പറഞ്ഞു, കണ്ണീരിന്റെ താഴ്വാരമാണ് ജീവിതമെന്ന്; ഇന്നയാൾ പറയുന്നു, മന്ദഹാസത്തിന്റെ ദേശമാണ് കവിതയെന്ന്; രണ്ടു തവണയും അയാൾ പറയുന്നത് ശരിയുമാണ്. ഒന്നു മറ്റൊന്നിനെതിരല്ല. ഭാവഗായകനായ കവിയ്ക്ക് തെളിവു നിരത്തേണ്ട ബാദ്ധ്യതയില്ല. തന്റെ വികാരങ്ങളുടെയും അനുഭൂതികളുടെയും തീവ്രത തന്നെ മതി ഒരേയൊരു തെളിവായി.
ഭാവഗീതത്തിന്റെ പ്രതിഭ അനുഭവരാഹിത്യത്തിന്റെ പ്രതിഭയാണ്. കവിയ്ക്കു ലോകത്തെക്കുറിച്ചു കാര്യമായിട്ടൊന്നും അറിയില്ല; എന്നാൽ തന്റെയുള്ളിൽ നിന്നു പ്രവഹിക്കുന്ന വാക്കുകളെ പരലുകൾ പോലെ ഭദ്രരൂപമായ ഘടനകളായി വിന്യസിക്കാൻ അയാൾക്കറിയാം. കവി അപക്വജിവിയാണെങ്കിലും അയാളുടെ കവിതയ്ക്ക് പ്രവചനത്തിന്റെ ഒരന്തിമസ്വഭാവം കൈവരുന്നു; അതിനു മുന്നിൽ അയാൾ ഭക്ത്യാദരവോടെ നില്ക്കുകയും ചെയ്യുന്നു...കവിയുടെ പക്വതയില്ലായ്മയെ നമുക്കു വേണമെങ്കിൽ പുച്ഛിച്ചു തള്ളാം; അതേ സമയം വിസ്മയാവഹമായതൊന്നു നാം കാണാതിരിക്കയുമരുത്: ഹൃദയത്തിൽ നിന്നൂറുകയും അയാളുടെ വരികൾക്കു സൗന്ദര്യത്തിന്റെ ദീപ്തി പകരുകയും ചെയ്യുന്ന ജലകണങ്ങൾ അയാളുടെ വരികളിൽ തങ്ങിനില്ക്കുന്നുണ്ട്. യഥാർത്ഥജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ പ്രചോദിപ്പിക്കുന്നതാവണമെന്നില്ല, മാന്ത്രികസ്വഭാവമുള്ള ആ മഞ്ഞുതുള്ളികൾ. സലാഡിനു മേൽ നാരങ്ങ പിഴിഞ്ഞൊഴിക്കുന്ന വീട്ടമ്മയുടെ അതേ നിസംഗതയോടെയാണ് കവി ചില നേരം തന്റെ ഹൃദയം ഞെക്കിപ്പിഴിയുന്നതെന്ന് നമുക്കു സംശയം തോന്നുകയുമാവാം.
*
ഒരു യഥാർത്ഥകവിയ്ക്കു മാത്രമേ അറിയൂ, കവിയാകാതിരിക്കാനുള്ള, കാതടപ്പിക്കുന്ന നിശബ്ദത കൊണ്ടു നിറഞ്ഞ കണ്ണാടിവീട്ടിൽ നിന്നു പുറത്തു കടക്കാനുള്ള, അഭിവാഞ്ഛയുടെ വൈപുല്യം.
"സ്വപ്നലോകത്തു നിന്നോടിപ്പോന്ന അഭയാർത്ഥി,
ആൾക്കൂട്ടത്തിനിടയിൽ ഞാൻ മനഃശാന്തി കണ്ടെത്തും,
എന്റെ ഗാനങ്ങളെ ഞാൻ ശാപങ്ങളാക്കും."
എന്നാൽ ഈ വരികളെഴുതുമ്പോൾ ഫ്രാന്റിഷെക് ഹലാസ്* തെരുവിലെ ആൾക്കൂട്ടത്തിനു നടുക്കായിരുന്നില്ല; അദ്ദേഹം എഴുതാനിരുന്ന മുറി നിശ്ശബ്ദത നിറഞ്ഞതായിരുന്നു.
സ്വപ്നങ്ങളുടെ ദേശത്തു നിന്നുള്ള അഭയാർത്ഥിയാണു താനെന്നു പറഞ്ഞതും സത്യമല്ല. മറിച്ച്, അദ്ദേഹം പറയുന്ന ആൾക്കൂട്ടം ആ സ്വപ്നദേശം തന്നെയായിരുന്നു.
തന്റെ ഗാനങ്ങളെ ശാപങ്ങളാക്കുന്നതിലും അദ്ദേഹം വിജയം കണ്ടില്ല; അദ്ദേഹത്തിന്റെ ശാപങ്ങളോരോന്നും ഗാനമായി മാറുകയായിരുന്നു.
ആ കണ്ണാടിവീട്ടിൽ നിന്നു പുറത്തു കടക്കാൻ ഒരു വഴിയുമില്ലേ?
*František Halas (1901-1949)- ചെക്ക് കവിയും വിവര്‍ത്തകനും
*
കവിതയുടെ കണ്ണാടിവീട്ടിനുള്ളിൽ എത്ര ഏകാകിയാണു താനെന്ന് ഒരു യഥാർത്ഥകവിയ്ക്കേ അറിയൂ. വിദൂരതയിലെ വെടിയൊച്ചകൾ ജനാല കടന്നെത്തുമ്പോൾ പുറംലോകത്തിനായി ഹൃദയം നോവുന്നു. ലെർമണ്ടോവ് തന്റെ പട്ടാളക്കുപ്പായത്തിന്റെ ബട്ടണിടുകയാണ്; ബൈറൺ തന്റെ കിടപ്പുമുറിയിലെ മേശയുടെ വലിപ്പിൽ റിവോൾവർ എടുത്തു വയ്ക്കുകയാണ്; വോൾക്കർ*, തന്റെ കവിതയിൽ, ആൾക്കൂട്ടങ്ങൾക്കൊപ്പം മാർച്ചു ചെയ്യുകയാണ്; ഹലാസ് പ്രാസത്തിൽ ശാപങ്ങൾ ചുഴറ്റിയെറിയുകയാണ്; മയക്കോവ്സ്കി സ്വന്തം ഗാനത്തിന്റെ തൊണ്ട ചവിട്ടിയരയ്ക്കുകയാണ്; കണ്ണാടികളിൽ മഹത്തായൊരു യുദ്ധം കൊടുമ്പിരിക്കൊണ്ടു നടക്കുകയാണ്.
ജാഗ്രത, ഞാൻ നിങ്ങളോടഭ്യർത്ഥിക്കുകയാണ്! കവിയ്ക്കു ചുവടൊന്നു പിഴച്ചാൽ, കണ്ണാടികളുടെ മണ്ഡലം വിട്ടു പുറത്തേക്കു കാലു വച്ചാൽ അയാളുടെ കഥ കഴിഞ്ഞു; എന്തെന്നാൽ കുറിക്കു കൊള്ളിക്കാന്‍ കവിക്കറിയില്ല. അയാൾ കാഞ്ചി വലിച്ചാൽ വീഴുന്നതയാൾ തന്നെ!
*Jiří Wolker (1900-1924)- ചെക്ക് കവി
*
സ്വന്തം മരണം സ്വപ്നം കാണാത്ത കവിയുണ്ടോ? എന്നെങ്കിലുമൊരിക്കൽ ഭാവനയിലതിനു ചായമിടാത്ത കവിയുണ്ടോ? ഞാൻ മരിക്കണോ? എങ്കിൽ അതഗ്നിയിലാവട്ടെ. ഒരഗ്നിമൃത്യുവിനെക്കുറിച്ചു ചിന്തിക്കാൻ യാരോമിലിനെ പ്രേരിപ്പിച്ചത് ഭാവനയുടെ യാദൃച്ഛികവിനോദമായിരുന്നുവെന്നാണോ നിങ്ങൾ കരുതുന്നത്? അല്ലേയല്ല. മരണം ഒരു സന്ദേശമാണ്. അതിനു ഭാഷയുണ്ട്; അതിന്റേതായ അർത്ഥവിജ്ഞാനീയമുണ്ട്; ഒരാൾ ഏതു വിധമാണ് മരിക്കുന്നത്, പ്രകൃതിശക്തികളിൽ ഏതു കൊണ്ടാണ് മരിക്കുന്നത് എന്നത് പ്രാധാന്യമില്ലാത്തതല്ല.
യാൻ മസാരിക്* 1948ൽ തന്റെ ജീവിതം അവസാനിപ്പിച്ചത് പ്രാഗിലെ ഒരു കൊട്ടാരത്തിനു മുകളിൽ നിന്ന് മുറ്റത്തേക്കെടുത്തു ചാടിക്കൊണ്ടാണ്; നിയതിയുടെ പാറക്കെട്ടിൽ തട്ടി തന്റെ വിധി തവിടുപൊടിയാവുന്നത് അദ്ദേഹം കണ്ടിരുന്നു. മൂന്നു കൊല്ലം കഴിഞ്ഞ് കവിയായ കോൺസ്റ്റന്റിൻ ബീബ്‌ൽ* - സഖാക്കളെന്നു താൻ കരുതിയവരാൽത്തന്നെ വേട്ടയാടപ്പെട്ട്- അതേ നഗരത്തിലെ ഒരഞ്ചാം നിലയിൽ നിന്ന് നടപ്പാതയിലേക്കു ചാടി മരിച്ചു. ഇക്കാരസിനെപ്പോലെ അദ്ദേഹത്തെ ഞെരിച്ചമർത്തിയത് മണ്ണായിരുന്നു; സ്ഥലവും പിണ്ഡവും തമ്മിലുള്ള, സ്വപ്നവും ഉണർച്ചയും തമ്മിലുള്ള ദുരന്തസംഘർഷത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹത്തിന്റെ മരണം.
യാൻ ഹൂസും ഗിയോർഡാനോ ബ്രൂണോയും കൊലക്കുറ്റിയിൽ എരിഞ്ഞുതന്നെ മരിക്കണമെന്നുണ്ടായിരുന്നു; വാളും കൊലക്കയറും അവർക്കു പറഞ്ഞതായിരുന്നില്ല. അങ്ങനെ അവരുടെ ജീവിതങ്ങൾ യുഗങ്ങൾക്കപ്പുറത്തേക്കു വെളിച്ചം വീശുന്ന അടയാളവിളക്കുകളായി, ദീപസ്തംഭങ്ങളായി, ശലാകകളായി രൂപാന്തരം പ്രാപിച്ചു; എന്തെന്നാൽ ഉടൽ കാലികവും ചിന്ത നിത്യവുമാണ്; ജ്വാലയുടെ ദീപ്തസാരം ചിന്തയുടെ പ്രതീകമാണ്.
നേരേ മറിച്ച് ഒഫീലിയയുടെ കാര്യത്തിൽ തീയിലുള്ള മരണം അചിന്ത്യമാണ്; അവൾ ജലമൃത്യു തന്നെ മരിക്കണമായിരുന്നു; കാരണം, ജലത്തിന്റെ ആഴങ്ങൾക്ക് മനുഷ്യന്റെ ആഴങ്ങളുമായി അത്രയ്ക്കു ബന്ധമുണ്ട്. തങ്ങളുടെ സ്വന്തം ആത്മാക്കളിൽ, സ്വന്തം പ്രണയത്തിൽ, സ്വന്തം വികാരങ്ങളിൽ, സ്വന്തം ഉന്മാദങ്ങളിൽ, സ്വന്തം പ്രതിബിംബങ്ങളിൽ, കടല്‌ച്ചുഴികളിൽ മുങ്ങിമരിക്കുന്നവരെ കൊല്ലുന്ന പ്രകൃതിശക്തിയാണ് ജലം. പടയ്ക്കു പോയി മടങ്ങാത്ത കാമുകരെയോർത്ത് വെള്ളത്തിൽ ചാടി മരിക്കുന്ന പെൺകുട്ടികളെക്കുറിച്ച് നാടൻപാട്ടുകളിൽ പറയുന്നുണ്ട്; ഹാരിയെറ്റ് ഷെല്ലി പുഴയിൽ ചാടി മരിക്കുകയായിരുന്നു; പാൾ ചെലാൻ സെയിൻ നദിയിൽ തന്റെ മരണത്തെ സന്ധിച്ചു.
*Jan Mazaryk (1886-1948)- 1948ല്‍ ആത്മഹത്യ ചെയ്ത ചെക്ക് വിദേശകാര്യമന്ത്രി
*
ഒരു പെൺകുട്ടിയുടെ ഉടലിനേക്കാൾ അവളുടെ ശിരസ്സാണ് യാരോമിലിനു കൂടുതൽ കാര്യമായി തോന്നിയത്. സ്ത്രീശരീരത്തെക്കുറിച്ച് അവനു കൂടുതലായിട്ടൊന്നും അറിയില്ലായിരുന്നു (സുന്ദരമായ കാലുകൾ എന്തു പോലിരിക്കും? നിതംബത്തിന്റെ ഭംഗി നിങ്ങൾ എങ്ങനെയാണു കണക്കാക്കുക?); അതേ സമയം ഒരു മുഖത്തെക്കുറിച്ച് അഭിപ്രായം പറയാൻ തനിക്കു കഴിയുമെന്ന് അവനു വിശ്വാസമുണ്ടായിരുന്നു; അവന്റെ കണ്ണിൽ ഒരു സ്ത്രീ സുന്ദരിയാണോ അല്ലയോ എന്നു നിശ്ചയിച്ചത് മുഖം മാത്രമാണ്.
ശാരീരികസൗന്ദര്യത്തിൽ യാരോമിലിനു താല്പര്യമില്ലായിരുന്നു എന്നു നാം സൂചിപ്പിക്കുന്നില്ല. ഒരു പെൺകുട്ടിയുടെ നഗ്നത മനസ്സിൽ കാണുന്നതു തന്നെ അവന്റെ തല ചുറ്റിച്ചിരുന്നു. എന്നാൽ ഈ സൂക്ഷ്മമായ വ്യത്യാസം നാം ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരു സ്ത്രൈണദേഹത്തിന്റെ നഗ്നതയ്ക്കല്ല അവൻ ദാഹിച്ചത്; അവൻ ദാഹിച്ചത് ദേഹത്തിന്റെ നഗ്നത ദീപ്തമാക്കിയ ഒരു സ്ത്രൈണമുഖത്തിനായിരുന്നു.
അവൻ ദാഹിച്ചത് ഒരു പെൺകുട്ടിയുടെ ദേഹം സ്വന്തമാക്കാനല്ല; അവൻ ദാഹിച്ചത് തന്റെ പ്രണയത്തിനു തെളിവായി സ്വന്തം ദേഹം കാഴ്ച വയ്ക്കുന്ന ഒരു പെൺകുട്ടിയുടെ മുഖത്തിനായിരുന്നു.
ഉടൽ അവന്റെ അനുഭവസീമകൾക്കപ്പുറത്തായിരുന്നു; അക്കാരണം കൊണ്ടു തന്നെ എണ്ണമറ്റ കവിതകൾക്കതു പ്രമേയവുമായി. അക്കാലഘട്ടത്തിലെ അവന്റെ കവിതകളിൽ “ഗർഭപാത്രം” എന്ന പദം എത്ര തവണ കടന്നുവന്നിട്ടില്ല? പക്ഷേ കവിതയുടെ ഇന്ദ്രജാലത്തിലൂടെ (അനുഭവരാഹിത്യത്തിന്റെ ഇന്ദ്രജാലത്തിലൂടെ) മൈഥുനത്തിന്റെയും ജനനത്തിന്റെയും ആ അവയവത്തെ അവൻ വിചിത്രസ്വപ്നങ്ങളുടെ വിലോലകല്പനയായി രൂപാന്തരപ്പെടുത്തി.
ഒരു കവിതയിൽ അവനെഴുതി, ഒരു പെൺകുട്ടിയുടെ ഉടൽമദ്ധ്യത്തിൽ ചെറിയൊരു ഘടികാരമിരുന്നു മിടിക്കുന്നുണ്ടെന്ന്.
അദൃശ്യജീവികളുടെ താവളമാണ് സ്ത്രീയുടെ ജനനേന്ദ്രിയമെന്ന് മറ്റൊരു വരിയിൽ അവൻ ഭാവന ചെയ്തു.
ഇനിയൊരിക്കൽ അവനെ ആവേശിച്ചത് വലയം എന്ന ബിംബമായിരുന്നു; ഒരു സുഷിരത്തിലൂടെ അന്തമില്ലാതെ വീണുകൊണ്ടിരിക്കുന്ന ഒരു ഗോട്ടിയായി അവൻ സ്വയം കണ്ടു; ഒടുവിലവൻ അവളുടെ ഉടലിലൂടെ നിരന്തരവും കേവലവുമായ ഒരു പതനമാവുകയാണ്.
മറ്റൊരു കവിതയിൽ ഒരു പെൺകുട്ടിയുടെ കാലുകൾ ഒരുമിച്ചൊഴുകുന്ന രണ്ടു പുഴകളാവുന്നു; അവയുടെ സംഗമസ്ഥാനത്ത് താൻ കണ്ടുവെന്നു സങ്കല്പിച്ച നിഗൂഢപർവതത്തിന് ബൈബിൾ ധ്വനികളുള്ള ഹെരെബ് മല എന്ന് അവൻ പേരിട്ടു.
വേറൊരു കവിത ഒരു ഭൂപ്രദേശത്തു കൂടെ സൈക്കിളോടിച്ചുപോകുന്ന ഒരു വെലോസിപീഡ് *(ആ വാക്കവന് അസ്തമയം എന്ന വാക്കു പോലെ സുന്ദരമായിത്തോന്നി) സഞ്ചാരിയുടെ പരിക്ഷീണമായ ദീർഘയാത്രകളെക്കുറിച്ചായിരുന്നു; ആ ഭൂപ്രദേശം ഒരു പെൺകുട്ടിയുടെ ഉടലായിരുന്നു, താൻ തളർന്നുകിടന്നുറങ്ങാൻ മോഹിച്ച ആ വൈക്കോൽക്കൂനകൾ അവളുടെ മുലകളായിരുന്നു.
എത്ര വശ്യതയാർന്നതായിരുന്നു അതൊക്കെ-ഒരു സ്ത്രീയുടെ ഉടലിലൂടെയുള്ള ആ യാത്ര- അദൃശ്യവും അജ്ഞാതവും അയഥാർത്ഥവുമായ ഒരുടൽ, ഒരു കളങ്കവുമില്ലാത്ത, ന്യൂനതകളോ രോഗങ്ങളോ ഇല്ലാത്ത, തികച്ചും ഭാവനാജന്യമായ ഒരുടൽ-ഓടിക്കളിക്കാൻ പ്രശാന്തമായൊരു ഗ്രാമീണദൃശ്യം!
കുട്ടികൾക്കു യക്ഷിക്കഥകൾ പറഞ്ഞുകൊടുക്കുന്ന അതേ സ്വരത്തിൽ ഗർഭപാത്രങ്ങളെയും മുലകളെയും കുറിച്ചെഴുതുക കേമമായിരുന്നു .അതെ, ആർദ്രതയുടെ ലോകത്താണ് യാരോമിൽ ജീവിച്ചിരുന്നത്, കൃത്രിമബാല്യത്തിന്റെ ലോകത്ത്. കൃത്രിമം എന്നു നാം പറയുന്നത് യഥാർത്ഥബാല്യം ഒരു പറുദീസയുമല്ലാത്തതു കൊണ്ടാണ്, വിശേഷിച്ചൊരാർദ്രതയും അതിൽ ഇല്ലാത്തതു കൊണ്ടാണ്.
ജിവിതം ഒരാളെ ഓർക്കാപ്പുറത്തൊരു തൊഴി കൊടുത്ത് പ്രായപൂർത്തിയുടെ വാതില്പടിയിലേക്കു തള്ളിവിടുമ്പോഴാണ് ആർദ്രത ജന്മമെടുക്കുന്നത്. കുട്ടിയായിരുന്നപ്പോൾ താനനുഭവിക്കാതെപോയ ബാല്യത്തിന്റെ ഗുണങ്ങൾ അയാളപ്പോൾ ഉത്കണ്ഠയോടെ തിരിച്ചറിയുകയാണ്.
ആർദ്രത പക്വതയോടുള്ള ഭയമാണ്.
അന്യോന്യം കുട്ടികളോടെന്നപോലെ പെരുമാറാമെന്നു സഖ്യം ചെയ്തുകൊണ്ട് കൃത്രിമമായി ഇടുങ്ങിയ ഒരിടം സൃഷ്ടിക്കാനുള്ള നമ്മുടെ ശ്രമമാണത്.
ആർദ്രത പ്രണയത്തിന്റെ ശാരീരികഫലങ്ങളോടുള്ള ഭയം കൂടിയാണ്. പക്വതയുടെ മണ്ഡ്ലത്തിൽ നിന്നു പ്രണയത്തെ പുറത്തെടുക്കാനും (പ്രണയം അവിടെ കടമയാണ്, ചതിക്കുഴികൾ നിറഞ്ഞതാണ്, മാംസനിബദ്ധമാണ്, ഉത്തരവാദിത്തമാണ്) സ്ത്രീയെ ശിശുവായി കാണാനുമുള്ള ശ്രമമാണ്.
ആഹ്ളാദത്തോടെ തുടിക്കുന്ന ഹൃദയമാണവളുടെ നാവ്, ഒരു കവിതയിൽ അവൻ എഴുതി. അവളുടെ നാവ്, അവളുടെ കുഞ്ഞുവിരൽ, മുലകൾ, നാഭി ഒക്കെ അശ്രാവ്യശബ്ദങ്ങളിൽ പരസ്പരം സംസാരിക്കുന്ന ഒറ്റയൊറ്റ ജീവികളാണെന്ന് അവനു തോന്നി. അങ്ങനെയുള്ള ആയിരക്കണക്കിനു ജീവികൾ ഉൾക്കൊള്ളുന്നതാണ് സ്ത്രീശരീരമെന്നും ഉടലിനെ സ്നേഹിക്കുക എന്നാൽ ആ ബഹുലതയ്ക്കു കാതു കൊടുക്കുകയും അവളുടെ ഇരുമുലകൾ നിഗൂഢസംജ്ഞകളാൽ മന്ത്രിക്കുന്നതു കേൾക്കുകയാണെന്നും അവനു തോന്നി.
*വെലോസിപീഡ് - സൈക്കിളിന്റെ ആദ്യകാലരൂപം
*
ജീവിതം മറ്റൊരിടത്താണ്, സോർബോണിന്റെ* ചുമരുകളിൽ ഫ്രഞ്ച് വിദ്യാർത്ഥികൾ എഴുതിയിട്ടു. അതെ, അതയാൾക്കു നന്നായിട്ടറിയാം; അതുകൊണ്ടാണയാൾ ലണ്ടൺ വിട്ട് ആളുകൾ കലാപമുയർത്തുന്ന അയർലണ്ടിലേക്കു പോകുന്നത്. അയാളുടെ പേര് പേഴ്സി ഷെല്ലി എന്നാണ്, അയാൾക്ക് ഇരുപതു വയസ്സാണ്, അയാളുടെ കൈകളിൽ നൂറുകണക്കിനു ലഘുലേഖകളും പ്രഖ്യാപനങ്ങളുമുണ്ട്; യഥാർത്ഥജീവിതത്തിലേക്കുള്ള അയാളുടെ പ്രവേശനം ഉറപ്പാക്കുന്ന പാസ്പോർട്ടുകളാണവ.
എന്തെന്നാൽ യഥാർത്ഥജീവിതം മറ്റൊരിടത്താണ്. വിദ്യാർത്ഥികൾ തറക്കല്ലുകൾ വലിച്ചിളക്കുകയാണ്, കാറുകൾ മറിച്ചിടുകയാണ്, ബാരിക്കേഡുകൾ ഉയർത്തുകയാണ്; ലോകത്തേക്കുള്ള അവരുടെ വരവ് ഒച്ചപ്പാടോടെയും ഔജ്ജ്വല്യത്തോടെയുമാണ്; പന്തങ്ങൾ അതിനെ വെളിച്ചപ്പെടുത്തുന്നു, കണ്ണീർവാതകഷെല്ലുകളുടെ സ്ഫോടനം അതിനെ മഹിമപ്പെടുത്തുന്നു. റാങ്ങ്ബോയുടെ ജീവിതം അതിലും കഠിനമായിരുന്നു; കാരണം, അയാൾക്ക് പാരീസ് കമ്മ്യൂണിന്റെ ബാരിക്കേഡുകൾ സ്വപ്നം കാണാമെന്നല്ലാതെ ഷാർളിവിൽ വിട്ടുപോകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 1968ൽ ആയിരക്കണക്കിനു റാങ്ങ്ബോമാരാണ് സ്വന്തം ബാരിക്കേഡുകൾ ഉയർത്തിയത്. അവർ അവയ്ക്കു പിന്നിൽ നിന്നുകൊണ്ട് ലോകത്തിന്റെ താല്ക്കാലികഉടമകളോട് ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നു തർക്കിക്കുന്നു. മനുഷ്യമോചനം പൂർണ്ണമല്ലെങ്കിൽ തങ്ങൾക്കു വേണ്ടതന്നെ.
ഒരു മൈലിനപ്പുറം, സെയിനിന്റെ മറുകരയിൽ ലോകത്തിന്റെ ഇപ്പോഴത്തെ ഉടമകൾ തങ്ങളുടെ ജീവിതം സാധാരണപോലെ ജീവിക്കുകയാണ്; ലാറ്റിൻ ക്വാർട്ടറിൽ നടക്കുന്ന ബഹളം ദൂരെയെങ്ങോ സംഭവിക്കുന്നപോലെയാണ് അവർ കരുതുന്നത്. സ്വപ്നം യാഥാർത്ഥ്യമാണ്, വിദ്യാർത്ഥികൾ ചുമരുകളിൽ എഴുതി; പക്ഷേ അതല്ല ശരി എന്നു തോന്നുന്നു: അവരുടെ യാഥാർത്ഥ്യം ( ബാരിക്കേഡുകൾ, മറിച്ചിട്ട കാറുകൾ, ചെങ്കൊടികൾ) ഒരു സ്വപ്നമായിരുന്നു.
*Sorbonne – 1968 മേയില്‍ വിദ്യാര്‍ഥികലാപത്തിന്റെ വേദിയായ പാരീസ് സര്‍വ്വകലാശാല
മിലാന്‍ കുന്ദേരയുടെ Life Is Elsewhere എന്ന നോവലില്‍ നിന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ