ഒറ്റപ്പെട്ടുകിടക്കുന്ന ഒരു ടൗണിലെ ആ വർക്ക്ഷോപ്പിനെ സംബന്ധിച്ച സർവ്വതും അലക്സാന്ദ്ര ഇവാനോവ്നയെ വെറി പിടിപ്പിച്ചു- യന്ത്രങ്ങളുടെ നിർത്തില്ലാത്ത കടകടശബ്ദം, മാനേജർമാരുടെ ശാസനകൾ, ഡിസൈനുകൾ. അവൾ അവിടെ അപ്രന്റീസായി കയറിയതാണ്. തയ്യല്ക്കാരിയായി കയറ്റം കിട്ടിയിട്ട് കുറേ വർഷങ്ങളായിരിക്കുന്നു. പക്ഷേ അലക്സാന്ദ്ര ഇവാനോവ്നയ്ക്ക് യാതൊന്നും കണ്ണിനു കണ്ടുകൂടാ. എല്ലാവരോടും അവൾ വഴക്കിട്ടു. അവൾ തന്റെ ദേഷ്യം മൊത്തം തീർത്തത് അപ്രന്റീസുകളുടെ മേലാണ്. അവളുടെ നീരസത്തിനിരയായവരിൽ ഒരാൾ തനേച്ക്ക ആയിരുന്നു; തയ്യല്ക്കാരികളിൽ ഏറ്റവും പ്രായം കുറഞ്ഞ തനേച്ക്ക ജോലിക്കു വന്നിട്ട് അധികകാലമായിട്ടില്ല. ആദ്യമൊക്കെ അവൾ ആ അധിക്ഷേപമൊക്കെ മിണ്ടാതെ സഹിച്ചുപോന്നു. ഒടുവിൽ സഹികെട്ടപ്പോൾ അവൾ തിരിച്ചടിച്ചു. ഇവാനോവ്നയുടെ മുഖത്തു നോക്കി വളരെ ശാന്തതയോടെ, എളിമയോടെ, കേട്ടുനിന്നവർക്കു ചിരി വരുന്ന രീതിയിൽ അവൾ പറഞ്ഞു:
“അലക്സാന്ദ്ര ഇവാനോവ്നാ, നിങ്ങൾ വെറുമൊരു പട്ടിയാണ്.”
അലക്സാന്ദ്ര ഇവാനോവ്നയ്ക്ക് അതു വലിയ മാനക്കേടായി.
“നീയാണു പട്ടി,” അവൾ ഉറക്കെപ്പറഞ്ഞു.
തനേച്ക്ക തയ്ച്ചുകൊണ്ടിരിക്കുകയായിരുന്നു. അവൾ തയ്യൽ മാറ്റിവച്ചിട്ട് ഒച്ച പൊന്തിക്കാതെ സാവധാനം പറഞ്ഞു:
“എപ്പോഴും ഈ മോങ്ങൽ തന്നെ...ശരിക്കുമൊരു പട്ടി...പട്ടിയുടെ ചെവിയും ആട്ടാനൊരു വാലും...എന്നാണെന്നറിയില്ല നിങ്ങളെ അടിച്ചുപുറത്താക്കാൻ പോകുന്നത്...പുഴുത്ത ചാവാലിപ്പട്ടി.“
തനേച്ക്ക ചെറുപ്പമാണ്; കവിളു തുടുത്ത, ഉടൽ കൊഴുത്ത ഒരു പെൺകുട്ടി; നിഷ്കളങ്കമായ ആ മുഖത്തു പക്ഷേ, ഒരു കുസൃതിത്തരവും കണ്ടെടുക്കാമായിരുന്നു. കാലിൽ നിന്നു ചെരുപ്പൂരിമാറ്റി, അപ്രന്റീസിന്റെ യൂണിഫോമുമിട്ട് മുഖത്തു ഗൗരവവുമായി ഇരിക്കുകയാണവൾ; അവളുടെ കണ്ണുകൾ പളുങ്കു പോലെ തെളിഞ്ഞതായിരുന്നു; വെളുത്ത നെറ്റിയിൽ വളഞ്ഞുകുത്തിനില്ക്കുന്ന പുരികക്കൊടികൾ; ദൂരെ നിന്നു നോക്കുമ്പോൾ കറുത്തതായി തോന്നുന്ന കടുംതവിട്ടുനിറമായ നീളൻമുടി ആ മുഖത്തിനു ചട്ടമിടുന്നപോലെ വീണുകിടന്നിരുന്നു. തനേച്ക്കയുടെ ശബ്ദം തെളിഞ്ഞതും ഇമ്പമുള്ളതും വശ്യവുമായിരുന്നു; അവളുടെ വാക്കുകളല്ല, ശബ്ദം മാത്രമാണു കേൾക്കുന്നതെങ്കിൽ കേട്ടുനില്ക്കുന്നവർക്കു തോന്നും, അവൾ അലക്സാന്ദ്ര ഇവാനോവ്നയെ പുകഴ്ത്തി എന്തോ പറയുകയാണെന്ന്.
മറ്റു തയ്യല്ക്കാരികൾക്കു ചിരി വന്നു; അപ്രന്റീസുകൾ അമർത്തിച്ചിരിച്ചു; അവൾ ഏപ്രൺ കൊണ്ടു മുഖം മറച്ചിട്ട് അലക്സാന്ദ്ര ഇവാനോവ്നയെ ഏറുകണ്ണിട്ടു നോക്കി. അലക്സാന്ദ്ര ഇവാനോവ്നയാവട്ടെ, കോപം കൊണ്ട് വിളറിവെളുത്തുനില്ക്കുകയായിരുന്നു.
”തെണ്ടീ!“ അവൾ അലറി, ” ഞാൻ നിന്റെ ചെവി രണ്ടും പറിച്ചെടുക്കും! നിന്റെ തലയിൽ ഒറ്റ മുടി പോലും ഞാൻ വച്ചേക്കില്ല!“
അതിനു മറുപടിയായി സൗമ്യസ്വരത്തിൽ തനേച്ക്ക ഇങ്ങനെ പറഞ്ഞു:
”അതിന് ആ കൈപ്പത്തിക്ക് ഇത്രയും നീളം പോരല്ലോ...ഈ പട്ടി കുരയ്ക്കുകയും കടിക്കുകയും ചെയ്യും...ഒരു തുടലു വാങ്ങേണ്ടിവരും...“
അലക്സാന്ദ്ര ഇവാനോവ്ന തനേച്ക്കയുടെ നേർക്കു പാഞ്ഞുചെല്ലാനാഞ്ഞു. പക്ഷേ, തനേച്ക്കയ്ക്ക് തയ്ച്ചുകൊണ്ടിരുന്നതു മാറ്റിവച്ച് എഴുന്നേല്ക്കാനിട കിട്ടും മുമ്പേ സ്ഥാപനത്തിന്റെ ഉടമസ്ഥ, നല്ല വലിപ്പവും ചിരിക്കാത്ത മുഖവുമായി ഒരു സ്ത്രീ, അകത്തേക്കു കടന്നുവന്നു.
”അലക്സാന്ദ്ര ഇവാനോവ്നാ, എന്താ ഈ പുകിലിന്റെയൊക്കെ അർത്ഥം?“ അവർ ഗൗരവത്തിൽ ചോദിച്ചു.
അലക്സാന്ദ്ര ഇവാനോവ്നയ്ക്ക് ദേഷ്യവും സങ്കടവുമൊക്കെ വന്നു: ”ഐറിന പെട്രോവ്നാ, എന്നെ പട്ടിയെന്നു വിളിക്കരുതെന്ന് ഇവളോടൊന്നു പറയൂ.“
തനേച്ക്ക തന്റെ വക പരാതി നിരത്തി: ”ഇവരെപ്പോഴും എന്തെങ്കിലും കാരണം പറഞ്ഞ് ചാടിക്കടിക്കാൻ വരും; ഒരു കാര്യവുമില്ലാതെ എന്തിനും ശകാരമാണ്.“
പക്ഷേ ഐറിന പെട്രോവ്ന അവളെ കടുപ്പിച്ചൊന്നു നോക്കിയിട്ട് ഇങ്ങനെ പറഞ്ഞു: ”തനേച്ക്കാ, നീ നല്ലപിള്ള ചമയുകയൊന്നും വേണ്ട. ഇതിനൊക്കെ തുടക്കമിട്ടതു നീയല്ലെന്നു പറയാമോ? ഇപ്പോൾ ഒരു തയ്യല്ക്കാരിയായെന്നു വച്ച് വലിയ ആളായെന്നൊന്നും കരുതേണ്ട. നിന്റെ അമ്മയെ ഓർത്തിട്ടാണ്, അല്ലെങ്കിൽ...“
തനേച്ക്കയുടെ മുഖം ചുവന്നു; എന്നാലും പെരുമാറ്റത്തിലെ ആ അയ്യോപാവത്തം അവൾ കൈവിട്ടില്ല: ”ഇത്തവണ ക്ഷമിക്കണം, ഐറിന പെട്രോവ്നാ. ഇനി ഇങ്ങനെയുണ്ടാവില്ല. എന്നാലും എന്റെ മാത്രം കുഴപ്പവുമല്ല...“
അലക്സാന്ദ്ര ഇവാനോവ്ന വീട്ടിലെത്തിയത് ദേഷ്യം കൊണ്ട് ജ്വരം പിടിച്ചപോലെയാണ്. തനേച്ക്ക തന്റെ ദൗർബല്യം കണ്ടുപിടിച്ചിരിക്കുന്നു.
“പട്ടി! അതെ, ഞാനൊരു പട്ടി തന്നെ,” അലക്സാന്ദ്ര ഇവാനോവ്ന മനസ്സിൽ പറഞ്ഞു, “ അതിന് അവൾക്കെന്തു വേണം! അവൾ പാമ്പോ കുറുക്കനോ ആണോയെന്ന് ഞാൻ നോക്കാൻ പോയിട്ടുണ്ടോ? അവൾ എന്താണെന്ന് എനിക്കും വേണമെങ്കിൽ കണ്ടുപിടിക്കാം, പക്ഷേ ഞാൻ അതും പറഞ്ഞു നടക്കില്ലെന്നേയുള്ളു- പട്ടിയെന്താ, മറ്റു ജന്തുക്കളേക്കാൾ മോശമാണോ?”
തെളിഞ്ഞ വേനല്ക്കാലരാത്രി ആലസ്യത്തോടെ നിശ്വസിച്ചു; അടുത്ത പാടങ്ങളിൽ നിന്നു വീശിയെത്തിയ ഒരിളംതെന്നൽ തെരുവുകളിലൂടെ കടന്നുപോയി. തെളിഞ്ഞും നിറഞ്ഞും ചന്ദ്രൻ ഉദിച്ചുയർന്നു: വളരെപ്പണ്ട്, മറ്റൊരിടത്ത്, സ്വാതന്ത്ര്യത്തോടെ ഓടിനടക്കുകയും ഈ മണ്ണിൽ തങ്ങളനുഭവിക്കുന്ന വ്യഥകളോർത്ത് ഓരിയിടുകയും ചെയ്തിരുന്ന വന്യജന്തുക്കൾക്കു വീടായ വിപുലവും പരിത്യക്തവുമായ പുല്മേടുകൾക്കു മേൽ ഉദിച്ചുയർന്ന അതേ ചന്ദ്രൻ. ആ സ്ഥലത്തെന്നപോലെ, അതേ കാലത്തെന്നപോലെ, അതേ ചന്ദ്രൻ.
ഇപ്പോഴും, അപ്പോഴെന്നപോലെ, അവളുടെ കണ്ണുകൾ ദാഹം കൊണ്ടെരിഞ്ഞു; അപ്പോഴും വന്യമായിരുന്ന അവളുടെ ഹൃദയം ആ ടൗണിലും പുല്മേടുകളുടെ മഹാവൈപുല്യമോർത്തു ഞെരിഞ്ഞു; ഒരു കാട്ടുജന്തുവിനെപ്പോലെ ഓരിയിടാനുള്ള നീറുന്ന ദാഹം കൊണ്ട് അവലുടെ തൊണ്ട ചുട്ടുപൊള്ളി.
അവൾ വസ്ത്രം മാറാൻ പോവുകയായിരുന്നു; എന്തു കാര്യത്തിന്? എന്തായാലും ഉറക്കം വരാൻ പോകുന്നില്ല.
അവൾ വരാന്തയിലേക്കിറങ്ങി. നിലത്തു പാകിയിരുന്ന ഇളംചൂടുള്ള മരപ്പലകകൾ ചവിട്ടടിയിൽ ഞരങ്ങി; അവയിൽ വീണുകിടന്നിരുന്ന മരപ്പൊടിയും മണൽത്തരികളും അവളുടെ കാലടികളിൽ അഹിതകരമല്ലാത്ത ഒരിക്കിളിയുണ്ടാക്കി.
അവൾ പുറത്തേക്കിറങ്ങി. വാതില്പടിയിൽ സ്റ്റെപ്പാനിഡഅമ്മുമ്മ ഇരിക്കുന്നുണ്ടായിരുന്നു; കറുത്ത ഷാളും പുതച്ച്, ഉണങ്ങിച്ചുരുണ്ട ഒരു കറുത്ത രൂപം. അവർ തല താഴ്ത്തി, കൂനിപ്പിടിച്ചിരിക്കുകയായിരുന്നു; തണുത്ത നിലാവത്ത് ചൂടു കായുകയാണവരെന്നു തോന്നി.
അലക്സാന്ദ്ര ഇവാനോവ്ന അവരുടെ അടുത്തു ചെന്നിരുന്നു. അവൾ ഏറുകണ്ണിട്ട് ആ വൃദ്ധയെത്തന്നെ നോക്കുകയായിരുന്നു.തന്റെ കൂടെയിരിക്കുന്നയാളിന്റെ വളഞ്ഞ വലിയ മൂക്ക് ഒരു വയസ്സിക്കിളിയുടെ ചുണ്ടുപോലെ അവൾക്കു തോന്നി.
“കാക്കയാണോ?” അവൾ സ്വയം ചോദിച്ചു.
തന്റെ ദാഹവും തന്റെ ഭീതികളും മറന്നിട്ട് ഒരു നിമിഷം അവളൊന്നു പുഞ്ചിരിച്ചു. ആ കണ്ടുപിടുത്തത്തിന്റെ ആഹ്ലാദത്തിൽ അവളുടെ കണ്ണുകൾ ഒരു നായയുടെ കൗശലം നിറഞ്ഞ കണ്ണുകൾ പോലെ തിളങ്ങി. വിളറിയ നിലാവെളിച്ചത്തിൽ അവളുടെ വാടിയ മുഖത്തെ ചുളിവുകൾ മാഞ്ഞുപോയി; ഒരു പത്തുകൊല്ലം മുമ്പത്തേതുപോലെ അവൾ ഒന്നുകൂടി ചെറുപ്പമായി, അവളുടെ ഹൃദയത്തിൽ ആഹ്ലാദവും പ്രസരിപ്പും നിറഞ്ഞു. ഇരുണ്ടുകിടക്കുന്ന കുളിപ്പുരയുടെ ജനാലയ്ക്കു മുന്നിൽ ചെന്നിരുന്ന് ചന്ദ്രനെ നോക്കി ഓരിയിടാനുള്ള ത്വര അക്കാലത്തവൾക്കുണ്ടായിരുന്നതുമില്ല.
അവൾ വൃദ്ധയോടു ചേർന്നിരുന്നുകൊണ്ട് സ്നേഹത്തോടെ പറഞ്ഞു: “സ്റ്റെപ്പാനിഡ അമ്മുമ്മേ, എനിക്കു നിങ്ങളോട് ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു.”
വൃദ്ധ തല തിരിച്ച് അവളെ നോക്കി; ചുളിവുകൾ ചാലിട്ട ആ ഇരുണ്ട മുഖം കാക്ക കരയുന്ന ഒച്ചയിൽ പറഞ്ഞു: “ഊം, എന്താ മോളേ? എന്താണേലും ചോദിച്ചോ.”
അലക്സാന്ദ്ര ഇവാനോവ്ന ഒന്നമർത്തിച്ചിരിച്ചു; അവളുടെ മെലിഞ്ഞ ചുമലുകൾ നട്ടെല്ലിലൂടെ പാഞ്ഞിറങ്ങിയ ഒരു കുളിരിൽ കിടുങ്ങിവിറച്ചു.
അവൾ വളരെപ്പതുക്കെയാണു പറഞ്ഞത്: “സ്റ്റെപ്പാനിഡ അമ്മുമ്മേ, എനിക്കു തോന്നുന്നു- നേരാണോന്നു പറയണേ- എങ്ങനെയാണതു പറയേണ്ടതെന്നറിഞ്ഞൂട- എന്നാലും അമ്മുമ്മേ, വേറൊന്നും തോന്നരുതേ- ഞാനെന്തെങ്കിലും ഉള്ളിൽ വച്ചു പറയുന്നതല്ല-”
“എന്താണേലും പറഞ്ഞോ, മോളേ, ധൈര്യമായി ചോദിച്ചോ,” വൃദ്ധ പറഞ്ഞു.
തുളച്ചിറങ്ങുന്ന തിളങ്ങുന്ന കണ്ണുകൾ കൊണ്ട് അവർ അലക്സാന്ദ്ര ഇവാനോവ്നയെ നോക്കി.
“എനിക്കു തോന്നുന്നു, അമ്മുമ്മ - അമ്മുമ്മയ്ക്കൊന്നും തോന്നരുതേ- അമ്മുമ്മ ഒരു കാക്കയാണെന്ന്.”
വൃദ്ധ അവളിൽ നിന്നു നോട്ടം മാറ്റി. അവർ ഒന്നും മിണ്ടാതെ ഒന്നു തലയാട്ടി. ഇപ്പോഴാണ് തനിക്കെന്തോ ഓർമ്മ വന്നതെന്ന മട്ടായിരുന്നു അവർക്ക്. മൂക്കു കൂർത്ത തല കുനിഞ്ഞുതാണു; അവർ ഉറക്കം തൂങ്ങുകയാണെന്ന് അല്ക്സാന്ദ്ര ഇവാനോവ്നയ്ക്കു തോന്നി. ഉറക്കം തൂങ്ങിക്കൊണ്ട് എന്തോ മന്ത്രിക്കുകയാണവർ. തലയാട്ടിക്കൊണ്ട് മറന്നുപോയതെന്തോ ഉരുവിടുകയാണവർ- പണ്ടുകാലത്തെ മന്ത്രങ്ങൾ.
പുറത്ത് കനത്ത നിശ്ശബ്ദത പരന്നു. ഇരുട്ടോ വെളിച്ചമോ എന്നു പറയാൻ പറ്റിയിരുന്നില്ല. അവ്യക്തമായി ഉച്ചരിക്കപ്പെടുന്ന പ്രാക്തനപദങ്ങളുടെ മന്ത്രശക്തിക്കടിപ്പെട്ടിരിക്കുകയാണു സർവ്വതുമെന്നു തോന്നി. ഒരലസനിർവ്വേദത്തിലാണ്ടുകിടക്കുകയായിരുന്നു എല്ലാം. ഒരു ദാഹം കൊണ്ട് പിന്നെയും അവളുടെ നെഞ്ചെരിഞ്ഞു. അതൊരു സ്വപ്നമോ വിഭ്രമമോ ആയിരുന്നില്ല. പകൽനേരത്തുണ്ടെന്നറിയാത്ത ഒരായിരം പരിമളങ്ങൾ തെളിഞ്ഞുതെളിഞ്ഞുവരികയായിരുന്നു. പ്രാചീനവും ആദിമവുമായ എന്തോ ഒന്നിനെ അവ ഓർമ്മയിലേക്കു കൊണ്ടുവരികയായിരുന്നു, യുഗങ്ങളായി മറവിയില്പെട്ടു കിടന്നതെന്തോ.
കേൾക്കാൻതന്നെയില്ലാത്ത ഒരു ശബ്ദത്തിൽ വൃദ്ധ പറഞ്ഞു: “അതെ, ഞാനൊരു കാക്ക തന്നെ. ചിറകില്ലെന്നേയുള്ളു. എന്നാൽ ചിലപ്പോൾ ഞാൻ കാ, കാ എന്നു കരയും; അത്യാപത്തുകൾ വരാനിരിക്കുമ്പോഴാണത്. ചില അശുഭകാര്യങ്ങൾ ഞാൻ മുൻകൂട്ടിക്കാണാറുണ്ട്; അപ്പോഴൊക്കെ എനിക്കതു വിളിച്ചുപറയാതിരിക്കാനും പറ്റില്ല. ആളുകൾ ഞാൻ പറയുന്നതൊന്നും ശ്രദ്ധിക്കാറില്ല. എന്നാലും ദുർവ്വിധി വന്നുവീഴാൻ പോകുന്ന ഒരാളെക്കണ്ടാൽ ഞാൻ കാ, കാ എന്നു കരഞ്ഞുപോകും.”
എന്നിട്ടവർ പെട്ടെന്ന് രണ്ടു കൈകളും ഇരുവശത്തേക്കു നീട്ടിപ്പിടിച്ച് ചെവി തുളയ്ക്കുന്ന ഒച്ചയിൽ രണ്ടു വട്ടം കരഞ്ഞു: “കാ! കാ!”
അലക്സാന്ദ്ര ഇവാനോവ്ന നടുങ്ങിപ്പോയി; അവൾ ചോദിച്ചു:
“അമ്മുമ്മേ, ആരെ നോക്കിയാണ് നിങ്ങൾ കരഞ്ഞത്?“
വൃദ്ധ പറഞ്ഞു: ”നിന്നെ- എന്റെ മോളേ, നിന്നെത്തന്നെ!“
അവൾക്കു പിന്നെ അവരോടൊപ്പം ഇരിക്കാൻ തോന്നിയില്ല. അലക്സാന്ദ്ര ഇവാനോവ്ന സ്വന്തം മുറിയിലേക്കു പോയി. തുറന്ന ജനാലയ്ക്കടുത്തിരിക്കുമ്പോൾ ഗേറ്റിനടുത്തു നിന്നു കേൾക്കുന്ന രണ്ടു ശബ്ദങ്ങൾ അവൾ ശ്രദ്ധിച്ചു.
”അതിന്റെ മോങ്ങൽ നില്ക്കുന്നില്ലല്ലോ!“ പതിഞ്ഞതും പരുക്കനുമായ ഒരു സ്വരം പറഞ്ഞു.
”അമ്മാവാ, കണ്ടോ-“ ചെറുപ്പവും ഹൃദ്യവുമായ ഒരു സ്വരം ചോദിച്ചു.
ഈ ഒടുവിലത്തെ ശബ്ദത്തിൽ അതേ കെട്ടിടത്തിൽത്തന്നെ താമസിക്കുന്ന, ചുവന്നു, പുള്ളി കുത്തിയ മുഖവും ചുരുണ്ട മുടിയുമുള്ള ചെറുപ്പക്കാരനെ അലക്സാന്ദ്ര ഇവാനോവ്ന തിരിച്ചറിഞ്ഞു.
അല്പനേരം മനം മടുപ്പിക്കുന്ന ഒരു നിശ്ശബ്ദത പരന്നു. തുടർന്ന് പരുഷവും വരണ്ടതുമായ ഒരു സ്വരം പെട്ടെന്നിങ്ങനെ പറയുന്നത് അവൾ കേട്ടു: ”കണ്ടു, ഞാൻ കണ്ടു. നല്ല വലിപ്പമുണ്ടതിന്, വെളുപ്പുനിറവും. കുളിപ്പുരയുടെ അടുത്താണതു വന്നിരുന്നു ചന്ദ്രനെ നോക്കി ഓരിയിടുന്നത്.“
ആ ശബ്ദത്തിൽ നിന്ന് അവൾ അയാളുടെ രൂപം നിർമ്മിച്ചെടുത്തു- മൺകോരി പോലത്തെ താടി, വീതി കുറഞ്ഞ്, ചാലു കീറിയ നെറ്റി, കടുകുമണി പോലത്തെ കണ്ണുകൾ, അകറ്റി വച്ച കനത്ത കാലുകൾ.
”എന്തിനാണമ്മാവാ, അതോരിയിടുന്നത്?“ ഹൃദ്യമായ ശബ്ദം ചോദിച്ചു.
പരുക്കൻ ശബ്ദം പെട്ടെന്നു മറുപടി പറഞ്ഞില്ല.
”നല്ലതിനൊന്നുമായിരിക്കില്ല- അതെവിടുന്നു വന്നതാണെന്നും എനിക്കു മനസ്സിലാകുന്നില്ല.“
”അല്ലമ്മാവാ, അതു വല്ല ചെന്നായ്മനുഷ്യനുമായിരിക്കുമോ?“ ഹൃദ്യമായ ശബ്ദം ചോദിച്ചു.
”നീ അതന്വേഷിച്ചു പോകണമെന്നു ഞാൻ പറയില്ല,“ പരുക്കൻ സ്വരം മറുപടി പറഞ്ഞു.
അതിന്റെ അർത്ഥം അവൾക്കു ശരിക്കു പിടി കിട്ടിയില്ല. അതിനെക്കുറിച്ചു കൂടുതൽ ചിന്തിക്കാനും അവൾക്കു തോന്നിയില്ല. പിന്നെയവൾക്കു ശ്രദ്ധിക്കണമെന്നുതന്നെ ഉണ്ടായില്ല. മനുഷ്യന്റെ വാക്കുകളുടെ ശബ്ദവും അർത്ഥവും അറിഞ്ഞിട്ടു തനിക്കെന്തു ഗുണം?
ചന്ദ്രൻ അവളുടെ മുഖത്തുതന്നെ നോക്കിനില്ക്കുകയായിരുന്നു, അവളെ മാടിവിളിക്കുകയായിരുന്നു, അവളുടെ നെഞ്ചെരിക്കുകയായിരുന്നു. ഒരിരുണ്ട ദാഹത്താൽ അവളുടെ ഹൃദയം എരിപൊരി കൊണ്ടു. അവൾക്കിരിക്കപ്പൊറുതി കിട്ടിയില്ല.
അലക്സാന്ദ്ര ഇവാനോവ്ന വേഗം വസ്ത്രങ്ങൾ അഴിച്ചുമാറ്റി. നഗ്നയായി, ആകെവെളുപ്പായി, നിശ്ശബ്ദയായി അവൾ വരാന്തയിലൂടെ പുറത്തുകടന്നു. എന്നിട്ടവൾ പുറത്തേക്കുള്ള വാതിൽ തുറന്ന് -നടക്കല്ലിലോ വെളിയിലോ ആരെയും കണ്ടില്ല- മുറ്റം വഴിയോടി പച്ചക്കറിത്തടവും കടന്ന് കുളിപ്പുരയ്ക്കടുത്തെത്തി. ഉടലിൽ തണുത്ത വായുവിന്റെയും കാലടിയിൽ തണുത്ത നിലത്തിന്റെയും നിശിതസ്പർശം അവൾക്കു സുഖകരമായിത്തോന്നി. എന്നാൽ വൈകാതെ അവളുടെ ഉടൽ ഊഷ്മളത വീണ്ടെടുക്കുകയും ചെയ്തു.
അവൾ പുല്ലിൽ കമിഴ്ന്നുകിടന്നു. പിന്നെ കൈമുട്ടുകൾ കുത്തി, വിളറിയ വ്യാകുലചന്ദ്രനു നേർക്കു മുഖമുയർത്തി അവൾ നീട്ടിനീട്ടി ഓരിയിട്ടു.
“കേട്ടോ അമ്മാവാ, അതോരിയിടുന്നതാണ്,” ഗേറ്റിനടുത്തു നിന്ന് മുടി ചുരുണ്ട പയ്യൻ പറഞ്ഞു.
ഹൃദ്യമായ ശബ്ദത്തിൽ വിറയൽ പ്രകടമായിരുന്നു.
“പിന്നെയും മോങ്ങുകയാണത്, ആ നശിച്ച ജന്തു,” കാറിയ, പരുക്കൻ സ്വരം സാവധാനം പറഞ്ഞു.
അവർ ബഞ്ചിൽ നിന്നെഴുന്നേറ്റു. ഗേറ്റിന്റെ കൊളുത്തെടുക്കുന്നതു കേട്ടു.
അവർ ഒച്ചയുണ്ടാക്കാതെ മുറ്റത്തു കൂടി പച്ചക്കറിത്തടത്തിനടുത്തെത്തി, ആ രണ്ടു പേർ. കറുത്ത താടി വച്ച, കരുത്തനായ മുതിർന്നയാൾ കൈയിൽ തോക്കുമായി മുന്നിൽ നടന്നു. മുടി ചുരുണ്ട പയ്യൻ വിറച്ചും കൊണ്ട് പിന്നാലെ ചെന്നു; അവൻ കൂടെക്കൂടെ തിരിഞ്ഞുനോക്കുന്നുമുണ്ടായിരുന്നു.
കുളിപ്പുരയ്ക്കടുത്ത് പുല്ലിൽ ഒരു വെളുത്ത കൂറ്റൻ നായ ദീനമായി മോങ്ങിക്കൊണ്ടു കിടപ്പുണ്ട്. ഉച്ചിയിൽ കറുപ്പുള്ള തല അത് ചന്ദ്രനു നേർക്കുയർത്തിപ്പിടിച്ചിരിക്കുന്നു; അതിന്റെ പിൻകാലുകൾ പതിവില്ലാത്ത മാതിരി പിന്നിലേക്കു നീണ്ടുകിടക്കുകയാണ്, മുൻകാലുകളാവട്ടെ, നിവർത്തി നിലത്തമർത്തിവച്ചിരിക്കുന്നു.
ചന്ദ്രന്റെ അയഥാർത്ഥമായ, വിളറിയ വെളിച്ചത്തിൽ അതിന് അസാമാന്യമായ വലിപ്പമുള്ളതായിത്തോന്നി. അത്രയും വലിപ്പമുള്ള ഒരു പട്ടി ഭൂമിയിൽ ഉണ്ടായിരിക്കില്ല. കൊഴുത്തുതടിച്ചതായിരുന്നു അത്. തലയിൽ തുടങ്ങി, നട്ടെല്ലിനറ്റവും കടന്ന് പല നീളത്തിലുള്ള ഇഴകളായി നീണ്ടുകിടന്നിരുന്ന കറുത്ത പാട് ഒരു സ്ത്രീയുടെ അഴിച്ചിട്ട മുടിയെ ഓർമ്മിപ്പിച്ചു. വാലു കണ്ടില്ല, അത് മടക്കിവച്ചിരിക്കുകയായിരിക്കും. രോമത്തിനു തീരെ നീളമില്ലാത്ത തൊലി നിലാവിൽ മങ്ങിത്തിളങ്ങി; നഗ്നമായ ഒരു സ്ത്രീരൂപത്തെയാണ് അതോർമ്മിപ്പിച്ചത്; പുല്ലിൽ കമിഴ്ന്നുകിടന്ന് ചന്ദ്രനെ നോക്കി മോങ്ങുകയാണത്.
കറുത്ത താടിക്കാരൻ ഉന്നം പിടിച്ചു. ചുരുണ്ട മുടിയുള്ള പയ്യൻ കുരിശു വരച്ചിട്ട് ഒച്ചയുണ്ടാക്കാതെ എന്തോ മന്ത്രിച്ചു.
ഒരു വെടിയൊച്ച ആ രാത്രിയെ ഭേദിച്ചു. പട്ടി ഒരു രോദനത്തോടെ പിൻകാലിൽ എഴുന്നേറ്റുനിന്നു; അതൊരു നഗ്നയായ സ്ത്രീയായി; തേങ്ങിയും കരഞ്ഞും അലറിവിളിച്ചും ദേഹമാകെ ചോരയുമായി അവളോടി.
കറുത്ത താടിക്കാരനും ചുരുണ്ട മുടിക്കാരനും നിലത്തു വീണ് കൊടുംപേടിയോടെ കരയാൻ തുടങ്ങി.
***
ഫ്യോദർ സോലൊഗബ് Fyodor Sologub (1863-1927)- റഷ്യൻ സിംബലിസ്റ്റ് കവിയും നോവലിസ്റ്റും നാടകകൃത്തുമായ സോലൊഗബ് 1863 ഫെബ്രുവരി 17ന് സെയിന്റ് പീറ്റേഴ്സ്ബർഗ്ഗിൽ ജനിച്ചു. Fyodor Kuzmich Teternikov എന്നാണ് ശരിക്കുള്ള പേര്. ഫ്യോദറിനു നാലു വയസ്സുള്ളപ്പോൾ തയ്യല്ക്കാരനും ചെരുപ്പുകുത്തിയുമായ അച്ഛൻ മരിച്ചു. അമ്മ വീട്ടുജോലിയെടുത്തിരുന്ന ഒരു ധനികഗൃഹത്തിലായിരുന്നു ഒരു സഹോദരിയും കൂടി ഉൾപ്പെടുന്ന ആ കുടുംബത്തിന്റെ പിന്നീടുള്ള ജീവിതം. വൈഷമ്യങ്ങൾക്കിടയിലും 1882ൽ അദ്ദേഹം സെയിന്റ് പീറ്റേഴ്സ് ടീച്ചേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദമെടുത്തു. അദ്ധ്യാപകജോലി കാരണം വിദൂരസ്ഥലങ്ങളിലായിരുന്നു പിന്നീടുള്ള പത്തുകൊല്ലക്കാലം. റഷ്യൻ സാംസ്കാരികജീവിതത്തിന്റെ കേന്ദ്രബിന്ദുവായ പീറ്റേഴ്സ്ബർഗ്ഗുമായുള്ള ബന്ധം മുറിഞ്ഞ ഈ പത്തു കൊല്ലത്തെ അദ്ദേഹം ഓർമ്മിക്കുന്നത് “പ്രാദേശികജീവിതത്തിന്റെ ഭീതിദലോകം” എന്നാണ്. എന്നാൽ ഇക്കാലത്തെ അനുഭവങ്ങളാണ് പിന്നീടദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തനോവലായ Pretty Demon പ്രമേയമാക്കുന്നത്. ഒടുവിൽ 1891ൽ അദ്ദേഹത്തിന് പീറ്റേഴ്സ്ബർഗ്ഗിലേക്കു മടങ്ങാനായി. അങ്ങനെയാണ് അദ്ദേഹം റഷ്യൻ സിംബലിസ്റ്റുപ്രസ്ഥാനത്തിൽ ആകൃഷ്ടനാവുന്നതും അതിന്റെ പ്രമുഖനായ പ്രതിനിധിയാകുന്നതും. സഹോദരിയുമൊത്തായിരുന്നു അദ്ദേഹത്തിന്റെ താമസം. എല്ലാ ഞായറാഴ്ചയും അവരുടെ വീട്ടിൽ കലാകാരന്മാരും എഴുത്തുകാരും ഒത്തുകൂടിയിരുന്നു. സൊലോഗബ്ബിന് ഏറ്റവും ഇഷ്ടപ്പെട്ട ആ സഹോദരി 1907ൽ ക്ഷയരോഗത്തെത്തുടർന്നു മരിച്ചത് അദ്ദേഹത്തിനു വലിയൊരാഘാതമായി. തുടർന്നദ്ദേഹം അദ്ധ്യാപകജോലിയിൽ നിന്നു വിരമിക്കുകയും എഴുത്തിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. അടുത്ത കൊല്ലം അദ്ദേഹം ഒരു വിവർത്തകയെ വിവാഹം കഴിച്ചു.1917ലെ വിപ്ലവം സോലൊഗബ്ബിനെപ്പോലുള്ള എഴുത്തുകാരെ അനഭിമതരാക്കി. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു വിലക്കു വന്നു. അദ്ദേഹം ഭാര്യയുമൊത്ത് റഷ്യ വിടുന്നതിന് അപേക്ഷ നല്കി. നിരന്തരപരിശ്രമത്തിനൊടുവിൽ അനുമതി കിട്ടുമ്പോഴേക്കും അദ്ദേഹത്തിന്റെ ഭാര്യ മാനസികസമ്മർദ്ദം മൂലം ഒരു പാലത്തിൽ നിന്നു നദിയിലേക്കു ചാടി ആത്മഹത്യ ചെയ്തിരുന്നു. തകർന്നുപോയ സോലൊഗബ് റഷ്യയിൽത്തന്നെ നില്ക്കാൻ തീരുമാനിച്ചു. പിന്നീട് മാറിയ രാഷ്ട്രീയകാലാവസ്ഥയിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങിയെങ്കിലും പുതിയ പുസ്തകങ്ങൾക്കു വിലക്കു തുടർന്നു. 1927 ഡിസംബർ 5ന് ലെനിൻഗ്രാഡിൽ വച്ച് അദ്ദേഹം അന്തരിച്ചു.