2019, ജൂൺ 30, ഞായറാഴ്‌ച

ജറോം വൈഡ്മാൻ - എന്റെ അച്ഛൻ ഇരുട്ടത്തിരിക്കുന്നു



എന്റെ അച്ഛന്‌ ഒരു വിചിത്രസ്വഭാവമുണ്ട്. ഇരുട്ടത്ത് ഒറ്റയ്ക്കിരിക്കാൻ ആൾക്കിഷ്ടമാണ്‌. ചിലപ്പോൾ വളരെ വൈകിയാണ്‌ ഞാൻ വീട്ടിലെത്തുക. വീട് ഇരുട്ടടച്ചുകിടക്കുകയാണ്‌. അമ്മയെ ശല്യപ്പെടുത്തേണ്ടെന്ന വിചാരത്താൽ ഞാൻ ശബ്ദമുണ്ടാക്കാതെ വീട്ടിനുള്ളിൽ കയറും. അമ്മയ്ക്ക് ഉറക്കം കുറവാണ്‌. ശബ്ദമുണ്ടാക്കാതെ എന്റെ മുറിയിൽ കടന്ന്, ലൈറ്റിടാതെതന്നെ ഞാൻ വേഷം മാറും. കുടിക്കാൻ വെള്ളമെടുക്കാനായി ഞാൻ അടുക്കളയിലേക്കു ചെല്ലുന്നു. ചെരുപ്പില്ലാത്ത കാലടികൾ ഒരൊച്ചയും ഉണ്ടാക്കുന്നില്ല. അടുക്കളയിലേക്കു കടക്കുമ്പോൾ ഞാൻ അച്ഛനെ തടഞ്ഞു വീഴാൻ പോകുന്നു. അച്ഛനവിടെ പൈജാമയുമിട്ട്, പൈപ്പും വലിച്ചുകൊണ്ട് കസേരയിലിരിക്കുകയാണ്‌.
‘ഹലോ, പപ്പാ.’ഞാൻ പറയുന്നു.
‘ഹലോ, മോനേ.’
‘എന്താ കിടക്കാത്തത്, പപ്പാ?’
‘പോകാം,’ അച്ഛൻ പറയുന്നു.
പക്ഷേ ആൾ അവിടുന്നനങ്ങുന്നില്ല. ഉറക്കം പിടിച്ചേറെനേരം കഴിഞ്ഞാലും എനിക്കു തോന്നുകയാണ്‌, അച്ഛൻ പുകവലിച്ചുംകൊണ്ട് അവിടെയിരുപ്പുണ്ടെന്ന്.
അതുപോലെ പലപ്പോഴും ഞാൻ എന്റെ മുറിയിൽ വായിച്ചുകൊണ്ടിരിക്കുകയായിരിക്കും. കിടക്കുന്നതിനു മുമ്പായി അമ്മ എല്ലാം ഒതുക്കിപ്പെറുക്കിവയ്ക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്. എന്റെ കുഞ്ഞനിയൻ കിടക്കാൻ പോകുന്നതു ഞാൻ കേൾക്കുന്നു. എന്റെ പെങ്ങൾ കയറിവരുന്നതു ഞാൻ കേൾക്കുന്നു. കുപ്പികളും ചീപ്പുകളുമായി കുറേ നേരത്തെ ഇടപാടിനു ശേഷം ഒടുവിൽ അവളും നിശ്ശബ്ദയാകുന്നു. അവളും ഉറക്കമായെന്ന് എനിക്കു മനസ്സിലാകുന്നു. അല്പനേരം കഴിയുമ്പോൾ അമ്മ അച്ഛനോട് ഗുഡ്നൈറ്റ് പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്. ഞാൻ വായന തുടരുന്നു. അപ്പോഴാണ്‌ എനിക്കു ദാഹം തോന്നുന്നത്. (ഞാൻ ഒരുപാടു വെള്ളം കുടിക്കാറുണ്ട്.) വെള്ളമെടുക്കാനായി ഞാൻ അടുക്കളയിലേക്കു ചെല്ലുന്നു. പിന്നെയും ഞാൻ അച്ഛനു മേൽ തടഞ്ഞുവീഴാൻ പോവുകയാണ്‌. പലപ്പോഴും ഞാൻ ഞെട്ടിത്തരിച്ചുപോകുന്നു. അച്ഛൻ അവിടെയുണ്ടെന്ന് എനിക്കോർമ്മ വരാറില്ല. അച്ഛൻ അവിടെ ഇരിക്കുകയാണ്‌- പൈപ്പും വലിച്ച്, ചിന്തയിൽ മുഴുകി.
‘എന്താ കിടക്കാത്തത്, പപ്പാ?’
‘ഇപ്പൊപ്പോകാം, മോനേ.’
പക്ഷേ പോകുന്നില്ല. പൈപ്പും വലിച്ച്, ചിന്തിച്ചുകൊണ്ട് ആ ഇരുപ്പാണ്‌. എനിക്കതൊരു വേവലാതിയാകുന്നു. എനിക്കതു മനസ്സിലാകുന്നില്ല. എന്തിനെക്കുറിച്ചായിരിക്കും അച്ഛൻ ചിന്തിക്കുന്നത്? ഒരിക്കൽ ഞാൻ ചോദിക്കുകയും ചെയ്തു.
‘എന്താ ചിന്തിക്കുന്നത്, പപ്പാ?’
‘ഒന്നുമില്ല,’ അച്ഛൻ പറഞ്ഞു.
ഒരുതവണ അച്ഛനെ അവിടെത്തന്നെ വിട്ടിട്ട് ഞാൻ കിടക്കാൻ പോയി. കുറേ മണിക്കൂറുകൾ കഴിഞ്ഞ് ഞാൻ ഉണർന്നു. എനിക്കു ദാഹിക്കുന്നുണ്ടായിരുന്നു. ഞാൻ അടുക്കളയിലേക്കു പോയി. ആൾ അവിടെയുണ്ട്. പൈപ്പ് അണഞ്ഞിരുന്നു. എന്നിട്ടും അടുക്കളയുടെ ഒരു മൂലയ്ക്കു തുറിച്ചുനോക്കിക്കൊണ്ട് അവിടെയിരിക്കുകയാണ്‌ അച്ഛൻ. ഒരു നിമിഷം കഴിഞ്ഞപ്പോൾ എനിക്ക് ഇരുട്ടത്ത് കണ്ണു പിടിക്കുമെന്നായി. ഞാൻ വെള്ളമെടുത്തു കുടിച്ചു. അച്ഛൻ അപ്പോഴും അതേ ഇരുപ്പിരുന്ന് തുറിച്ചുനോക്കുകയാണ്‌. ഇമ വെട്ടിയിരുന്നില്ല. ഞാനെന്നൊരാൾ അവിടെയുണ്ടെന്ന ബോധം പോലും അച്ഛനില്ലെന്ന് എനിക്കു തോന്നിപ്പോയി. എനിക്കു പേടി തോന്നി.
‘കിടക്കാത്തതെന്താ, പപ്പാ?’ ‘കിടക്കാം, മോനേ,’ അച്ഛൻ പറഞ്ഞു. ‘നീ പൊയ്ക്കോ, ഞാൻ വന്നോളാം.’ ‘പക്ഷേ, ’ ഞാൻ പറഞ്ഞു, ‘ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായല്ലോ. എന്തു പറ്റി? എന്താണിത്ര ചിന്തിക്കാൻ?’
‘ഒന്നുമില്ല, മോനേ,’ അച്ഛൻ പറഞ്ഞു. ‘ഒന്നുമില്ല. ഇവിടെയിരിക്കുമ്പോൾ ഒരു സുഖം തോന്നുന്നുണ്ട്. അത്ര തന്നെ.’
വിശ്വാസം വരുന്നതായിരുന്നു ആ സംസാരത്തിന്റെ രീതി. ആൾക്കെന്തെങ്കിലും വേവലാതിയുള്ളതായി തോന്നിയില്ല. ഭാവഭേദമില്ലാത്ത, ശാന്തമായ ശബ്ദം. അതെന്നും അങ്ങനെതന്നെയായിരുന്നു. പക്ഷേ എനിക്കതത്ര മനസ്സിലായില്ല. രാത്രി വൈകുവോളം ഇരുട്ടത്ത്, ഒറ്റയ്ക്കിരുന്നിട്ട് എന്തു സുഖം കിട്ടാനാണ്‌? എന്തായിരിക്കും? ഞാൻ എല്ലാ സാദ്ധ്യതകളും പരിശോധിച്ചു. പണമായിരിക്കില്ല. അതെനിക്കറിയാം. ഞങ്ങൾ അത്ര പണക്കാരല്ലെങ്കിലും അതിന്റെ കാര്യത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടു വന്നാൽ അച്ഛൻ അതു മറച്ചുവയ്ക്കാറില്ല. ആരോഗ്യത്തിന്റെ കാര്യമാകാനും വഴിയില്ല. അതു പറയാതിരിക്കുന്ന ആളല്ല. വീട്ടിലെ മറ്റാരുടെയെങ്കിലും ആരോഗ്യത്തിന്റെ കാര്യവുമല്ല. പണത്തിന്റെ കാര്യത്തിൽ ഞങ്ങൾ ഒരല്പം താഴെയായാലും ആരോഗ്യത്തിൽ ഞങ്ങൾ ഒരു പടി മേലേതന്നെ. (ഭാഗ്യം, അമ്മ പറയും.) പിന്നെന്തായിരിക്കും? എനിക്കറിയുന്നില്ല. അതുകൊണ്ടുപക്ഷേ, എന്റെ വേവലാതി മാറുന്നുമില്ല. നാട്ടിലെ തന്റെ സഹോദരന്മാരുടെ കാര്യം ചിന്തിക്കുകയാണെന്നു വരുമോ? അല്ലെങ്കിൽ തന്റെ അമ്മയെക്കുറിച്ചും തന്റെ രണ്ടു രണ്ടാനമ്മമാരെക്കുറിച്ചും. അല്ലെങ്കിൽ തന്റെ അച്ഛനെക്കുറിച്ച്. പക്ഷേ അവരൊക്കെ മരിച്ചുകഴിഞ്ഞു. തന്നെയുമല്ല, അവരെക്കുറിച്ച് അച്ഛനിങ്ങനെ ചിന്തിച്ചിരിക്കാനും പോകുന്നില്ല. ചിന്തിചിച്ചിരിക്കുക എന്നാണു ഞാൻ പറഞ്ഞതെങ്കിലും, ശരിക്കും അതു സത്യമല്ല. അച്ഛൻ ചിന്തിചിച്ചിരിക്കുകയല്ല, ചിന്തിക്കുന്നുണ്ടോയെന്നുകൂടി സംശയം തോന്നും. അങ്ങനെ ചിന്താമഗ്നനാവാനും മാത്രം അശാന്തി, സംതൃപ്തനല്ലെങ്കില്ക്കൂടി, ഞാൻ അദ്ദേഹത്തിൽ കണ്ടില്ല.
ഇനിയഥവാ, അച്ഛൻ പറയുന്നതുപോലെയുമാവാം. ഇങ്ങനെയിരിക്കുമ്പോൾ സുഖം തോന്നുന്നുണ്ടാവാം. പക്ഷേ അതെങ്ങനെ സാദ്ധ്യമാവാൻ? എന്റെ മനസ്സമാധാനം പോകുകയാണ്‌.
എന്തിനെക്കുറിച്ചാണച്ഛൻ ചിന്തിക്കുന്നതെന്നറിയാൻ പറ്റിയിരുന്നെങ്കിൽ. അച്ഛൻ ചിന്തിക്കുകയാണെന്നെങ്കിലും അറിയാൻ പറ്റിയിരുന്നെങ്കിൽ. എനിക്കച്ഛനെ സഹായിക്കാൻ കഴിഞ്ഞെന്നുവരില്ല. അച്ഛനു സഹായം വേണമെന്നുപോലുമുണ്ടാവില്ല. അച്ഛൻ പറയുന്നതുപോലെയാണ്‌ കാര്യമെന്നുവരാം. ആൾക്കതു സുഖം നല്കുന്നുണ്ടാവാം.
എന്നാൽ എന്റെ മനഃക്ലേശമെങ്കിലും മാറിയേനേ.
എന്തിനാണച്ഛൻ അവിടെ ഇരുട്ടത്തങ്ങനെ ഇരിക്കുന്നത്? അച്ഛന്റെ മാനസികനില തകരാറിലാവുകയാണോ? അല്ല, അതിനു വഴിയില്ല. അച്ഛനിപ്പോൾ അമ്പത്തിമൂന്നാകുന്നതേയുള്ളു. ആ കൂർമ്മബുദ്ധി പണ്ടേപ്പോലെതന്നെയുണ്ട്. വാസ്തവം പറഞ്ഞാൽ, ഏതു രീതിയിലും അച്ഛൻ പണ്ടേപ്പോലെതന്നെയാണ്‌. ഇപ്പോഴും ബീറ്റ്റൂട്ട് സൂപ്പിഷ്ടമാണ്‌. ഇപ്പോഴും ടൈംസിന്റെ രണ്ടാമത്തെ സെൿഷനാണ്‌ ഒന്നാമതു വായിക്കുക. ഇന്നും വിംഗ് കോളറാണുപയോഗിക്കുന്നത്. ഇപ്പോഴും അച്ഛന്റെ വിശ്വാസം  ഡെബ്സ്* ആയിരുന്നെങ്കിൽ രാജ്യം രക്ഷപെട്ടേനേയെന്നും ടി. ആർ.* സാമ്പത്തികതാല്പര്യങ്ങളുടെ ചട്ടുകമായിരുന്നുവെന്നുമാണ്‌. ഏതു രീതിയിലും അച്ഛനു മാറ്റമൊന്നുമില്ല. അഞ്ചുകൊല്ലം മുമ്പത്തേതിൽ നിന്നു പ്രായം കൂടിയെന്നുപോലും തോന്നില്ല. എല്ലാവർക്കും അതേ അഭിപ്രായമാണ്‌. അന്നത്തെപ്പോലെതന്നെ ഇന്നും, അവർ പറയുന്നു. പക്ഷേ അച്ഛൻ ഇരുട്ടത്തിരിക്കുകയാണ്‌, ഒറ്റയ്ക്ക്, പുകവലിച്ചുംകൊണ്ട്, നേരേ മുന്നിലേക്കു തുറിച്ചുനോക്കിക്കൊണ്ട്, കണ്ണിമ വെട്ടാതെ, രാത്രി ഏറെ വൈകും വരെ.
അച്ഛൻ പറയുന്നതുപോലെയാണു കാര്യമെങ്കിൽ, സുഖം തോന്നിയിട്ടാണ്‌ അങ്ങനെയിരിക്കുന്നതെങ്കിൽ ഞാനതു വിട്ടുകളഞ്ഞേക്കാം. അഥവാ, അങ്ങനെയല്ലെന്നു വന്നാലോ? എന്റെ ഗ്രഹിതത്തിനപ്പുറത്തെന്തെങ്കിലുമാണെങ്കിലോ? അച്ഛനു സഹായം വേണ്ടതാണെന്നുവരാം. അച്ഛനെന്താണു മിണ്ടാത്തത്? നീരസം കാണിക്കുകയോ ചിരിക്കുകയോ കരയുകയോ ചെയ്യാത്തത്? എന്താണെന്തെങ്കിലുമൊന്നു ചെയ്യാത്തത്? എന്തിനാണു വെറുതേ ഒറ്റയിരുപ്പിങ്ങനെ ഇരിക്കുന്നത്? ഒടുവിൽ, എനിക്കു ദേഷ്യം വരികയാണ്‌. അതെന്റെ ജിജ്ഞാസയ്ക്കു ശമനം കിട്ടാത്തതുകൊണ്ടാവാം. അല്ലെങ്കിൽ എന്റെ വേവലാതി കാരണമാവാം. അതെന്തായാലും എനിക്കു ദേഷ്യം വരികയാണ്‌.
‘എന്തെങ്കിലും പ്രശ്നമുണ്ടോ, പപ്പാ?’
‘ഇല്ല മോനേ, ഒന്നുമില്ല.’
ഇത്തവണ പക്ഷേ, പിന്മാറില്ലെന്നു തീരുമാനിച്ചിരിക്കുകയാണ്‌ ഞാൻ. എനിക്കു ദേഷ്യം വന്നു.
‘എങ്കില്പിന്നെന്തിനാണ്‌ ഇത്രയും വൈകുന്നതുവരെ ഒറ്റയ്ക്കിരുന്നു ചിന്തിക്കുന്നത്?’
‘ഇങ്ങനെ ഇരിക്കുന്നതൊരു സുഖമാണു മോനേ, എനിക്കതിഷ്ടമാണ്‌.’
എനിക്കൊരു തുമ്പും കിട്ടുന്നില്ല. നാളെയും അച്ഛൻ ഇതുപോലെ ഇവിടെ ഇരിക്കുന്നുണ്ടാവും. എനിക്കു യാതൊന്നും മനസ്സിലാവില്ല. എനിക്കു വേവലാതിയാവും. ഞാൻ വിടാൻ പോകുന്നില്ല. എനിക്കു ദേഷ്യം വന്നു.
‘അല്ല പപ്പാ, എന്തിനെക്കുറിച്ചാണു ചിന്തിക്കുന്നത്? എന്തിനാണിങ്ങനെയിവിടെ വെറുതേ ഇരിക്കുന്നത്? എന്താണ്‌ മനസ്സിനെ അലട്ടുന്നതെന്നു പറയൂ. എന്താണ്‌ ചിന്തിക്കാനുള്ളത്?’
‘അങ്ങനെയൊന്നും ഇല്ല മോനേ, എനിക്കൊരു കുഴപ്പവുമില്ല. ഇവിടിരുന്നാൽ ഒരു സുഖം കിട്ടും. അത്ര തന്നെ. നീ പോയിക്കിടന്നോ, മോനേ.’
എന്റെ കോപം ശമിച്ചുകഴിഞ്ഞിരുന്നു. എന്നാൽ മനസ്സിന്റെ വേവലാതി മാറിയിട്ടില്ല. എനിക്കൊരുത്തരം കിട്ടണം. എന്തു ബാലിശമാണിതെന്ന് എനിക്കു തോന്നുന്നു. എന്താണു കാര്യമെന്ന് അച്ഛൻ എന്നോടു പറയാത്തതെന്ത്? ഇതിനൊരുത്തരം കിട്ടിയില്ലെങ്കിൽ വട്ടു പിടിക്കുമെന്നുപോലും എനിക്കു തോന്നുന്നു. ഞാൻ അങ്ങനെ വിടാൻ തയാറല്ല.
‘പപ്പ എന്തിനെക്കുറിച്ചാണു ചിന്തിക്കുന്നതെന്നൊന്നു പറയൂ. എന്താണത്?‘ ’ഒന്നുമില്ല, മോനേ. പ്രത്യേകിച്ചൊന്നിനെക്കുറിച്ചുമില്ല. വെറുതേ അതുമിതുമൊക്കെ.‘ അതൊരു മറുപടിയല്ല.
സമയം കുറേയായിരിക്കുന്നു. തെരുവിൽ ഒരനക്കവുമില്ല, വീട് ഇരുട്ടിലുമാണ്‌. ഞരങ്ങുന്ന പടികൾ ഒഴിവാക്കി ഞാൻ പതുക്കെ കോണി കയറി. താക്കോലെടുത്തു വാതിൽ തുറന്ന് ശബ്ദമുണ്ടാക്കാതെ എന്റെ ഞാൻ മുറിയിലേക്കു കടന്നു. വേഷം മാറുമ്പോൾ ദാഹിക്കുന്നുവെന്നു ഞാനോർത്തു.
ചെരുപ്പിടാതെ ഞാൻ അടുക്കളയിലേക്കു നടന്നു. അവിടെയെത്തും മുമ്പേ എനിക്കറിയാം, അച്ഛൻ അവിടെ ഇരുപ്പുണ്ടെന്ന്.
ആ ഇരുട്ടിനേക്കാൾ കനത്ത ഇരുട്ടായി അച്ഛന്റെ കുനിഞ്ഞിരിക്കുന്ന രൂപം എനിക്കു കാണാം. അതേ കസേരയിൽ, കൈമുട്ടുകൾ കാല്മുട്ടിൽ വച്ച്, അണഞ്ഞുകഴിഞ്ഞ പൈപ്പ് കടിച്ചുപിടിച്ച്, ഇമ വിട്ടാതെ മുന്നിലേക്കു തുറിച്ചുനോക്കിക്കൊണ്ട് ഇരിക്കുകയാണച്ഛൻ. ഞാൻ അവിടെയുള്ള കാര്യം അച്ഛൻ അറിഞ്ഞിട്ടില്ലെന്നു തോന്നി.
ഞാൻ കയറിവരുന്നത് അച്ഛൻ കേട്ടിട്ടില്ല. വാതില്ക്കൽ നിശ്ശബ്ദനായി നിന്നുകൊണ്ട് ഞാൻ അച്ഛനെ നിരീക്ഷിച്ചു.
എവിടെയും ഒരനക്കവുമില്ല; എന്നാൽ രാത്രി നിറയെ കുഞ്ഞുശബ്ദങ്ങളാണ്‌. അനക്കമില്ലാതെ അവിടെ നില്ക്കുമ്പോൾ ഞാൻ അവ ശ്രദ്ധിക്കാൻ തുടങ്ങി. ഐസ്ബോക്സിനു മുകളിൽ ടൈംപീസിന്റെ മിടിപ്പ്. കുറേയപ്പുറത്തുകൂടി കടന്നുപോകുന്ന ഒരു മോട്ടോർവാഹനത്തിന്റെ പതിഞ്ഞ ഇരമ്പം. തെരുവിൽ ഇളംകാറ്റിളക്കിവിടുന്ന കടലാസ്സുകളുടെ മർമ്മരം. ഉയർന്നും താണും ഒരു മന്ത്രിക്കുന്ന ശബ്ദം, പതിഞ്ഞ ശ്വാസോച്ഛ്വാസം പോലെ.
ഹൃദ്യമായിരുന്നു അത്.
തൊണ്ടയിലെ വരൾച്ച എന്നെ ഓർമ്മപ്പെടുത്തി. ഞാൻ പെട്ടെന്ന് അടുക്കളയിലേക്കു കടന്നു.
‘ഹലോ, പപ്പാ.’
‘ഹലോ, മോനേ’ അച്ഛൻ പറയുന്നു. പതിഞ്ഞ്, സ്വപ്നത്തിലെന്നപോലെയുമാണ്‌ അച്ഛന്റെ ശബ്ദം.
അച്ഛൻ ഇരിക്കുന്നിടത്തു നിന്നിളകുകയോ നോട്ടം മാറ്റുകയോ ചെയ്യുന്നില്ല.
എനിക്കു ടാപ്പ് കണ്ടുപിടിക്കാൻ പറ്റുന്നില്ല. തെരുവുവിളക്കിൽ നിന്ന് ജനാലയിലൂടെത്തുന്ന വെളിച്ചത്തിന്റെ മങ്ങിയ നിഴൽ ഉള്ളിലെ ഇരുട്ടിനെ പിന്നെയും ഇരുണ്ടതാക്കുന്നതേയുള്ളു. മുറിയുടെ നടുക്കുള്ള നീളം കുറഞ്ഞ ചങ്ങലയിലേക്കു കൈയെത്തിച്ച് ഞാൻ ലൈറ്റിന്റെ സ്വിച്ചിട്ടു.
ഒരടി കൊണ്ടപോലെ ഞെട്ടിക്കൊണ്ട് അച്ഛൻ നിവർന്നിരുന്നു.
‘എന്തു പറ്റി, പപ്പാ?’ ഞാൻ ചോദിച്ചു. ‘ഒന്നുമില്ല,’ അച്ഛൻ പറഞ്ഞു, ‘എനിക്ക് വെളിച്ചം ഇഷ്ടമല്ല.’
‘വെളിച്ചത്തിനെന്താ കുഴപ്പം?’ ഞാൻ ചോദിച്ചു.
‘എന്താ കുഴപ്പമെന്നോ? ഒന്നുമില്ല,’ അച്ഛൻ പറഞ്ഞു.
‘എനിക്ക് വെളിച്ചം ഇഷ്ടമല്ല.’
ഞാൻ ലൈറ്റണച്ചു. സാവധാനം വെള്ളം കുടിച്ചു. ക്ഷോഭിക്കരുത്, ഞാൻ എന്നോടുതന്നെ പറഞ്ഞു. എനിക്കിതിന്റെ അടിവേരു കണ്ടെത്തണം.
‘എന്താ ഉറങ്ങാൻ കിടക്കാത്തത്? ഇത്ര ഇരുട്ടുന്നതു വരെ ഇവിടെ ഇങ്ങനെ ഇരിക്കുന്നതെന്തിനാണ്‌?’ ‘ഇതാണ്‌ സുഖം,’ അച്ഛൻ പറഞ്ഞു, ‘ലൈറ്റുമായി എനിക്കത്ര പരിചയമില്ല. അങ്ങു യൂറോപ്പിൽ ഞാൻ കുട്ടിയായിരിക്കുമ്പോൾ ലൈറ്റുണ്ടായിരുന്നില്ല.‘
എന്റെ ഹൃദയം ഒരു നിമിഷം മിടിക്കാൻ മറന്നു, ആഹ്ലാദത്തോടെ ഞാനൊന്നു ശ്വാസം പിടിച്ചു.
എനിക്കു കാര്യങ്ങൾ മനസ്സിലാകുന്നതായി ഞാൻ വിചാരിച്ചുതുടങ്ങുന്നു. ഓസ്ട്രിയയിലെ തന്റെ ബാല്യകാലത്തെക്കുറിച്ച് അച്ഛൻ പറഞ്ഞിട്ടുള്ളത് ഞാനോർക്കുന്നു. ക്രെച്മ (സത്രം)യും* അവിടെ ബാറിനു പിന്നിൽ നില്ക്കുന്ന മുത്തച്ഛനും എന്റെ കണ്മുന്നിലെത്തുന്നു. രാത്രി വളരെ വൈകിയിരിക്കുന്നു, പതിവുകാരെല്ലാം പൊയ്ക്കഴിഞ്ഞു, മുത്തച്ഛൻ പാതിമയക്കത്തിലാണ്‌. കനലുകൾ കൂടിക്കിടക്കുന്നതെനിക്കു കാണാം; ആളിക്കത്തിയിരുന്ന ഒരു തീക്കുണ്ഡത്തിന്റെ ബാക്കിയാണത്.
മുറിയിൽ ഇരുട്ടായിക്കഴിഞ്ഞു, ഇരുട്ടിനു പിന്നെയും കട്ടി കൂടുകയുമാണ്‌. ഒരു കൂറ്റൻനെരുപ്പോടിന്റെ ഒരരികത്തെ വിറകുകൂനയിന്മേൽ കുത്തിയിരിക്കുന്ന ഒരു കൊച്ചുപയ്യനെ ഞാൻ കാണുന്നു; അവന്റെ സ്വപ്നനിമഗ്നമായ കണ്ണുകൾ കെട്ടണഞ്ഞ തീയുടെ നിറംകെട്ട അവശിഷ്ടങ്ങളിലാണ്‌.
ആ കുട്ടി എന്റെ അച്ഛനാണ്‌. അച്ഛനെയും നോക്കിക്കൊണ്ട് നിശ്ശബ്ദനായി വാതില്ക്കൽ നിന്ന ആ നിമിഷങ്ങളിലെ ആഹ്ലാദം ഞാനോർക്കുന്നു.
’പ്രശ്നമൊന്നുമില്ലെന്നാണോ പറയുന്നത്? ഇരുട്ടത്തിരിക്കുന്നത് അതിഷ്ടമായതുകൊണ്ടാണോ, പപ്പാ?‘ സന്തോഷാധിക്യത്താൽ ശബ്ദമുയർത്താതിരിക്കാൻ എനിക്കു പണിപ്പെടേണ്ടിവരുന്നു. ’അതുതന്നെ,‘ അച്ഛൻ പറയുന്നു, ’ലൈറ്റിന്റെ വെട്ടത്തിൽ എനിക്കു ചിന്തിക്കാൻ പറ്റില്ല.‘ ഞാൻ ഗ്ലാസ് താഴെ വച്ചിട്ട് എന്റെ മുറിയിലേക്കു പോകാൻ തിരിഞ്ഞു.
‘ഗുഡ് നൈറ്റ്, പപ്പാ.’ ഞാൻ പറഞ്ഞു.
‘ഗുഡ് നൈറ്റ്,’ അച്ഛൻ പറഞ്ഞു.
അപ്പോഴാണ്‌ എനിക്കോർമ്മ വരുന്നത്. ഞാൻ തിരിഞ്ഞുനിന്നു. ‘എന്താണു ചിന്തിക്കുന്നതപ്പാ?’ ഞാൻ ചോദിച്ചു.
അച്ഛന്റെ ശബ്ദം അങ്ങകലെ നിന്നു വരുന്നതുപോലെ തോന്നി. പഴയതുപോലെ ശാന്തവും ഭാവഭേദമില്ലാത്തതുമാണത്. ‘ഒന്നുമില്ല,’ അച്ഛൻ പതുക്കെ പറഞ്ഞു, ‘വിശേഷിച്ചൊന്നുമില്ല.’
***


*ഡെബ്സ് Eugene Debs (1855-1926)- യു.എസ്സ് സോഷ്യലിസ്റ്റ്; അഞ്ചു തവണ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്നു.
*ടി. ആർ. Theodore Roosevelt (1858-1919)- 1901 മുതൽ 1909 വരെ യു.എസ് പ്രസിഡന്റായിരുന്നു.
*ക്രെച്മ Kretchma- സത്രം എന്നർത്ഥം വരുന്ന യിദ്ദിഷ് പദം.
ജറോം വൈഡ്മാൻ Jerom Weidman (1913-1998)- യൂറോപ്പിൽ നിന്ന് അമേരിക്കയിലേക്കു കുടിയേറിയ ജൂതകുടുംബത്തിൽ ജനിച്ചു. താൻ ജനിച്ചുവളർന്ന ന്യൂയോർക്ക് നഗരത്തെയും തന്റെ ജൂതപാരമ്പര്യത്തെയും വിമർശനാത്മകമായി സമീപിക്കുന്നവയാണ്‌ അദ്ദേഹത്തിന്റെ നോവലുകളും ചെറുകഥകളും നാടകങ്ങളും. I Can Get It for You Wholesale(1937), What's in It for Me? (1938) എന്നിവയാണ്‌ പ്രധാനപ്പെട്ട നോവലുകൾ. Fiorello! എന്ന നാടകത്തിന്‌ 1960ൽ പുലിറ്റ്സർ സമ്മാനം ലഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: