2022, ജനുവരി 21, വെള്ളിയാഴ്‌ച

പ്രണയത്തിന്റെ തിണകൾ

 അകം കവിതകൾ



ക്ളാസ്സിക്കൽ തമിഴ് സാഹിത്യമായ സംഘം കൃതികളെ അകംപുറം എന്നു രണ്ടായി തിരിച്ചിരിക്കുന്നതിൽ അകംപ്രണയം തുടങ്ങിയുള്ള ഗൃഹജീവിതസംബന്ധിയായ വിഷയങ്ങൾ പ്രമേയമാക്കുന്നുരാജ്യഭരണംഭക്തി തുടങ്ങിയവയാണ്‌ പുറവിഷയങ്ങൾ. സ്ത്രീപുരുഷപ്രണയമാണ്‌ അകം കവിതകളുടെ പ്രധാനവിഷയം. പ്രണയത്തെ അഞ്ചായി തിരിച്ചിരിക്കുന്നു. ഇതു പശ്ചാത്തലമാവുന്ന ഭൂപ്രദേശങ്ങളെ അഞ്ചു തിണകളായും പറയുന്നു, കുറിഞ്ചിമുല്ല, മരുതം, പാല, നെയ്തല്‍ എന്നിങ്ങനെ .
നായികനായകൻതോഴിതോഴൻഅമ്മവളർത്തമ്മനാട്ടുകാർ എന്നിവരാണ്‌ കഥാപാത്രങ്ങൾ. അവർക്കു പേരുകളില്ല. അകം കവിതകളുടെ പ്രത്യേകതയാണ്‌ സ്ത്രീകൾക്കാണതിൽ പ്രാധാന്യമെന്നത്. അവരുടെ അഭിലാഷങ്ങളും സങ്കടങ്ങളുമാണ്‌ കവിതയെ മുന്നോട്ടു കൊണ്ടുപോകുന്നത്.


കുറിഞ്ചിത്തിണ


മലയും മലയോടു ചേർന്ന ഇടവുമാണ് കുറിഞ്ചി. കുറവരാണ്‌ ഇവിടെ പാർക്കുന്നത്. കൃഷിയും വേട്ടയും തൊഴിൽ. യൗവനത്തിന്റെയും സൗന്ദര്യത്തിന്റെയും യുദ്ധത്തിന്റെയും ദേവനായ മുരുകൻ ദേവത.  നായകനും നായികയും പരസ്പരം കണ്ടെത്തുന്നതും അവർക്കു പ്രണയം തോന്നുന്നതും കുറിഞ്ചിനിലത്തിൽ വച്ചാണ്‌. കാമുകീകാമുകന്മാരുടെ രഹസ്യസംഗമമാണ്‌ കുറിഞ്ചിയിലെ പ്രണയത്തിന്റെ മുഖം.



1.   കപിലർ - ഒരേയൊരു സാക്ഷി


അവനെന്നെ രഹസ്യമായി വേട്ട നാൾ
ആ കള്ളനല്ലാതാരുമതിനു സാക്ഷിയുണ്ടായില്ല.
അവൻ നുണ പറഞ്ഞാൽ ഞാനെന്തു ചെയ്യാൻ?
തിനത്തണ്ടു പോലെ മെലിഞ്ഞ കാലുകളിൽ
ഒഴുക്കുവെള്ളത്തിലാരലും നോക്കി
ഒരു ഞാറക്കിളി പക്ഷേഅന്നവിടെ നിന്നിരുന്നു.

(നായിക തോഴിയോടു പറഞ്ഞത്പിന്നീടു വന്നു കണ്ടുകൊള്ളാമെന്നു പറഞ്ഞു പോയ കാമുകനെപ്പറ്റി നായിക ആവലാതി പറയുകയാണ്‌. ഏകാന്തമായ ഒരു സ്ഥലത്തു വച്ചു ചെയ്ത പ്രതിജ്ഞ ആരെ പറഞ്ഞു വിശ്വസിപ്പിക്കാൻആകെ ഒരു സാക്ഷിയുണ്ടായത് ഒരു ഞാറക്കിളിയാണ്‌അതിനു പക്ഷേആരലിനെ പിടിക്കുക എന്നതല്ലാതെ മറ്റൊന്നിലും ശ്രദ്ധയുണ്ടായിരുന്നതുമില്ല!)

കുറുന്തൊക 25


2.   പേരെയിൻ മുറുവലാർ - പ്രണയം തലയ്ക്കു പിടിച്ചാൽ


മടൽക്കുതിര മേൽ സവാരി ചെയ്യും,
എരുക്കിൻ മൊട്ടു മാല കെട്ടി തലയിലണിയും,
തെരുവിൽ ആളുകളുടെ പരിഹാസപാത്രമാകും
-പ്രണയം തലയ്ക്കു പിടിച്ചവനെന്തൊക്കെച്ചെയ്യില്ല!

(നായകൻ നായികയുടെ തോഴിയോടു പറഞ്ഞത്)
കുറുന്തൊക 17

  1. ദേവകുലത്താർ - പാരിനെക്കാൾ പരന്നത്
പാരിനെക്കാൾ പരന്നതാ-
ണാകാശത്തെക്കാളുയർന്നതാ-
ണാഴിയെക്കാളാഴമേറിയതത്രേ,
തണ്ടിരുണ്ട കുറിഞ്ചിപ്പൂക്കളിൽ നിന്നു
തേനീച്ചകൾ തേനെടുക്കുന്ന കുന്നുകൾ
തനിയ്ക്കു നാടായവനോടെന്റെ പ്രണയം.

(നായിക തോഴിയോടു പറഞ്ഞത്)

കുറുന്തൊക 3

  1. ഇറൈയനാർ - മുടി മണക്കുന്നവൾ
തേൻ തേടൽ തന്നെ ജീവിതമായ വണ്ടേ,
എന്റെ ഹിതം നോക്കാതെ
നേരു നേരായിത്തന്നെ പറയൂ:
വരിയൊത്ത പല്ലുള്ളവൾ,
മയിലിനെപ്പോലഴകുള്ളവൾ,
എന്നിൽ പ്രണയമുറച്ചവൾ,
അവളുടെ മുടി പോലെ വാസനിക്കുമോ,
നീയറിഞ്ഞ പൂവുകളിലൊന്നെങ്കിലും?

(കാമുകൻ വണ്ടിനോടു പറഞ്ഞത്നായിക അതൊളിച്ചുനിന്നു കേൾക്കുന്നുമുണ്ട്)
അകനാനൂറ്‌ 2

  1. കണ്ണനാർ - കൂട്ടിലിട്ട മയിലുകളെപ്പോലെ
എല്ലാവരുമുറങ്ങുന്ന രാത്രിയിൽ
മദയാനയെപ്പോലിറങ്ങിനടന്നവനേ,
ഞങ്ങളുടെ പടിക്കൽ നീയെത്തുന്നതും
കതകു തുറക്കാൻ നോക്കുന്നതും ഞങ്ങളറിയാതെയല്ല.
ഞങ്ങളതു കേട്ടിരുന്നു;
പക്ഷേ,
കൂട്ടിലടച്ച മയിലുകളെപ്പോലെ
തലപ്പൂവു ചാഞ്ഞും പീലികളൊടിഞ്ഞും
ഞങ്ങളുള്ളിൽ കിടന്നു പിടയ്ക്കുമ്പോൾ
അമ്മ ഞങ്ങളെ അടുക്കിപ്പിടിക്കുകയായിരുന്നു,
ഞങ്ങളുടെ പേടി മാറ്റാനെന്നപോലെ!

(തോഴി നായകനോടു പറഞ്ഞത്. അയാൾ രാത്രിയിൽ വന്നപ്പോൾ നായിക കതകു തുറന്നു ചെല്ലാതിരുന്നത് മറ്റൊന്നും കൊണ്ടല്ലഅവൾ വീട്ടുതടങ്കലിലായിരുന്നതു കൊണ്ടാണ്‌.)
കുറുന്തൊക 244

  1. ചെമ്പുലപ്പെയൽനീരാർ- ചെമ്മണ്ണും പെയ്ത്തുവെള്ളവും
എന്റമ്മയും നിന്റമ്മയും തമ്മിലെന്തിരിക്കുന്നു?
എന്റച്ഛനും നിന്റച്ഛനും തമ്മിലെന്തു ബന്ധം?
നീയും ഞാനും തമ്മിലെങ്ങനെയറിയാൻ?
എങ്കിലും നമ്മുടെ ഹൃദയങ്ങൾ തമ്മിലെങ്ങനെയൊന്നായി,
ചെമ്മണ്ണിൽ വീണ പെയ്ത്തുവെള്ളം പോലെ!

(തികച്ചും അപരിചിതരായിരുന്നിട്ടും ആദ്യദർശനത്തിൽ തന്നെ പ്രണയബദ്ധരായപ്പോൾ നായകൻ നായികയോടു പറഞ്ഞത്)
കുറുന്തൊക 40


7.   നെടുവെണ്ണിലവിനാർ - നിലാവിന്റെ സഹായം

പതുങ്ങുന്ന പുലിക്കുട്ടികൾ പോലെ
പാറകൾക്കു മേൽ വേങ്ങപ്പൂക്കൾ വീണ കാട്ടിലൂടെ
കാമുകനൊളിവേഴ്ചയ്ക്കെത്തുമ്പോൾ
നീ ചെയ്യുന്നതു വലിയ സഹായമല്ല,
നെടുവെണ്ണിലാവേ!

(തോഴി പറയുന്നത്. ഒളിച്ചെത്തുന്നവനെ കാട്ടിക്കൊടുക്കുകയാണ്‌ നിലാവു ചെയ്യുന്നതെന്നു സാരം! )
കുറുന്തൊക 47


8.   കപിലർ - തേനും പാലും


ഇന്നാട്ടിലെ തേനിലും പാലിലു-
മെനിക്കു മധുരിക്കും
അവന്റെ നാട്ടിലെ
മാൻ കലക്കിയ ചേറ്റുവെള്ളം.

(നായകനോടൊപ്പം ഒളിച്ചോടി തിരിച്ചുവന്ന നായിക തോഴിയോടു പറഞ്ഞത്)
ഐങ്കുറുനൂറ്‌ 203


9.   മിളൈപ്പെരുംകന്തനാർ - പ്രണയമെന്ന മദപ്പാട്


പ്രണയംപ്രണയമെന്നാളുകൾ പറയുന്നു.
പ്രണയമെന്നാൽ പുതിയൊരാധിയല്ല,
മാറാത്ത വ്യാധിയല്ല.
ഇല ചിലതു തിന്നുമ്പോൾ
കൊമ്പനെ ബാധിക്കുന്ന മദപ്പാടു പോലെ
പ്രണയം കാത്തിരിക്കുന്നു,
നോക്കാൻ നിങ്ങളൊരാളെ കാണും വരെ.

(ആനയ്ക്കു മദം പൊട്ടുന്നത് ഏതോ ഇല തിന്നുമ്പോഴാണെന്നു വിശ്വാസം.)
കുറുന്തൊക 136


10. കൊല്ലൻ അഴിചി - മയില്ച്ചോടു പോലിലകൾ


ഇപ്പെരും ഗ്രാമമെല്ലാമുറങ്ങിയിട്ടും
ഞങ്ങൾ ഉണർന്നു തന്നെയിരുന്നു;
വീടിനടുത്ത കുന്നിനു മേൽ
മയിൽച്ചോടു പോലിലകളുള്ള നൊച്ചിയിൽ നിന്നും
ഇന്ദ്രനീലപ്പൂവുകൾ കൊഴിയുന്നത്
രാവു മുഴുവൻ ഞങ്ങൾ കേട്ടുകിടന്നു.


(തോഴി നായകനോടു പറയുന്നത്. തലേ രാത്രിയില്‍ അയാള്‍ വന്നപ്പോള്‍ അവരെ കാണാതെ മടങ്ങി. എന്നാല്‍ തങ്ങള്‍ ഉറങ്ങാതെ അയാളെ കാത്തിരിക്കുകയായിരുന്നു എന്ന്‍ തോഴി ബോധ്യപ്പെടുത്തുന്നു.)
കുറുന്തൊക 138


11. കപിലർ - കല്ലു പോലെ ഹൃദയം


നറുംപാൽ കുടിച്ചു നിറഞ്ഞ വയറുമായി
വരയാട്ടിൻ കുട്ടികളോടിക്കളിക്കുന്ന നാടിനു നാഥൻ,
കല്ലു പോലലിയാത്തതാണവന്റെ ഹൃദയമെങ്കിലും
അവനെയോർത്തെന്റെ മെയ് മെലിയുന്നു തോഴീ!

കുറുന്തൊക 185


12. കപിലർ - അവൾക്കറിയുമോ?


അവൾക്കറിയുമോ,
പൂവുകൾ കണ്ണുകളായവൾ,
മാല കോർക്കാനാമ്പലിറുക്കുന്നവൾ,
തിനപ്പാടത്തു കിളിയാട്ടുന്നവൾ,
അവൾക്കറിയുമോഅതോ അറിയില്ലേ,
എന്റെ നെഞ്ചിപ്പോഴുമവൾക്കരികിലാണെന്ന്,
നടുരാവിലുറക്കം പിടിച്ച കൊമ്പനെപ്പോലെ
നെടുവീർപ്പിടുകയാണതെന്ന്?

കുറുന്തൊക 142

13. കോപ്പെരുഞ്ചോഴൻ - വാരിക്കുഴിയിൽ വീണ ആന


കരിങ്കടലിരുളിൽ നിന്നഷ്ടമിച്ചന്ദ്രനുദിക്കുമ്പോലെ
അവളുടെ മുടിച്ചുരുൾ തെന്നി നെറ്റിത്തടം കാൺകെ,
വാരിക്കുഴിയിൽ വീണ കൊമ്പനെപ്പോലായി ഞാൻ.


(കാമുകൻ തോഴനോടു പറഞ്ഞത്.)
കുറുന്തൊക 129


14. നക്കീരർ - ഒരു നാൾ മതി


അവളുടെ നീൾമുടി മൃദുമെത്തയാക്കി
ഒരു നാളെങ്കിലുമുറങ്ങാനായാൽ
പിന്നെയരനാൾ പോലുമെനിക്കു
ജീവിതം വേണ്ട!

കുറുന്തൊക 278


മുല്ലത്തിണ


കാടും കാടിനോടു ചേർന്ന ഇടങ്ങളും. ആടുമാടു വളർത്തൽ തൊഴിൽ. വിഷ്ണു ദേവത. ഭർത്താവിന്റെ പ്രത്യാഗമനം കാത്തിരിക്കുന്ന ഭാര്യയുടെ പ്രതീക്ഷയാണ്‌ പ്രണയത്തിന്റെ ഭാവം.


15. പേയനാർ - മയിലാടുമ്പോൾ


മയിലാടുന്ന ചുവടു കണ്ടപ്പോൾ
നിന്റെ നടത്തയെനിക്കോർമ്മ വന്നു,
മാൻപേടയുടെ നോട്ടം കണ്ടപ്പോൾ
വിരണ്ട കണ്ണുകളെനിക്കോർമ്മ വന്നു,
മുല്ലമലർ വിടരുന്നതു കണ്ടപ്പോൾ
വാസനിക്കുന്ന നെറ്റിയെനിക്കോർമ്മ വന്നു-
നിന്നെക്കാണാനുഴറി ഞാൻ വന്നുവല്ലോ,
മഴമേഘങ്ങളെക്കാൾ വേഗത്തിൽ!

(വിദൂരദേശത്തു നിന്നു വന്ന ഭർത്താവ് ഭാര്യയോടു പറഞ്ഞത്)
ഐങ്കുറുനൂറ്‌, 492


16. മാരൻ പോരയ്യനാർ - മുല്ലമൊട്ടു പോലെ പല്ലുള്ളവൾ


മുല്ലമൊട്ടിനു നാണമാവുന്ന പല്ലുള്ള തോഴീ,
എന്റെ പുരുഷൻ പോയ വെളിനാട്ടിൽ മഴക്കാലമില്ലേ?
ആകാശത്തെടുത്തുവീശാനതിനായുധങ്ങളില്ലേ,
അമറുന്ന മേഘങ്ങൾ പോലെമിന്നല്പിണർ പോലെ,
ഗർജ്ജിക്കുന്ന വെള്ളിടി പോലെ?

(ഭാര്യ തോഴിയോടു പറഞ്ഞത്)
ഐന്തിണൈ ഐമ്പത് 3


പാലത്തിണ


വരണ്ടു മണല്ക്കാടായ മലഞ്ചുരങ്ങളും മറ്റുമാണ്‌ പാലനിലം. കൊള്ളയും പിടിച്ചുപറിയും നടത്തുന്ന മറവർ ഇവിടെ വസിക്കുന്നു. കൊറ്റവൈ ദേവത.  പണം സമ്പാദിക്കാൻ പോകുന്ന നായകനും കാമുകനൊത്ത് ഒളിച്ചോടുന്ന നായികയും പാലനിലത്തിലൂടെയാണ്‌ യാത്ര ചെയ്യുന്നത്. വിരഹം അടിസ്ഥാനഭാവം.


  1. ഒരേരുഴവനാർ - ഉലയും മുള പോലെ
ഉലയും മുള പോലെ കൈ മെലിഞ്ഞവൾ,
വിടർന്ന കണ്ണുകളിലടക്കം നിറഞ്ഞവൾ,
എത്രമേലസാദ്ധ്യമാണെന്റെ ഹൃദയമേ,
അകലെയവൾ പാർക്കുമൂരിലെത്തിപ്പെടുക!
പുതുമഴ പെയ്തു വിത കാക്കുന്ന പാടം കാൺകെ
ഒറ്റമൂരിക്കാരനുഴവനു നെഞ്ചു പിടയ്ക്കുമ്പോലെ
കിടന്നുപിടയ്ക്കുന്നു നീ,യെന്റെ ഹൃദയമേ!

(നായകൻ സ്വന്തം ഹൃദയത്തോടു പറഞ്ഞത്)
കുറുന്തൊക 131
പ്രകടമായ ലൈംഗികാഭിലാഷം സൂചിപ്പിക്കുന്ന കവിത. മലർന്ന മണ്ണിൽ കൊഴുവിറക്കുന്ന’ നെരൂദയുടെ ഉഴവനെ ഓർമ്മ വരികയും ചെയ്യുന്നു. ഒറ്റ മൂരിയുള്ള കൃഷിക്കാരൻ എന്ന ഉപമയുടെ ഭംഗി കാരണം കവിയ്ക്കും ആ പേരു തന്നെ വീണു.

 

18. ഔവയാർ - പ്രണയമാളിക്കത്തുമ്പോൾ


എഴുന്നേറ്റുചെന്നു സർവതും തച്ചുടയ്ക്കണോ?
ചുമരിൽ തല കൊണ്ടിടിച്ചു പൊട്ടിക്കണോ?
ഭ്രാന്തു പിടിച്ചപോലെ പിച്ചും പേയും പറയണോ?
തണുത്ത കാറ്റത്തെന്റെ പ്രണയമാളിക്കത്തുമ്പോൾ
എത്ര സുഖമായിട്ടാണൂരുറങ്ങുന്നതെന്നു നോക്കൂ!

(നായിക തോഴിയോടു പറഞ്ഞത്രാത്രിയിലെ തണുത്ത കാറ്റ് കാമുകരെ എരിപൊരി കൊള്ളിക്കുന്നതാണെങ്കിൽ ഗ്രാമക്കാർക്കത് ഉറക്കം സുഖമാകാനുള്ള കാരണമാണ്‌!)

കുറുന്തൊക 28


19. വെള്ളിവീതിയാർ- തൂവിപ്പോയ പാൽ


കുട്ടി കുടിക്കാതെകലത്തിലും വീഴാതെ
നിലത്തു തൂവുന്ന പശുവിൻ പാലു പോലെ
എന്റെയുടലിന്റെ സൌന്ദര്യം വിളറുന്നു,
എനിക്കുതകാതെഎന്റെ നാഥനുമുതകാതെ.

(വിരഹിണിയായ നായിക തോഴിയോടു പറഞ്ഞത്)

കുറുന്തൊക 27


20. വെള്ളിവീതിയാർ - അവനെവിടെപ്പോവാൻ!


അവനങ്ങനെ ഭൂമി കുഴിച്ചിറങ്ങില്ല,
ആകാശത്തു കയറി മറയില്ല,
കടലിനു മേൽ നടന്നുപോവുകയുമില്ല;
നാടുനാടായിത്തിരഞ്ഞുനടന്നാൽ,
വീടുവീടായിക്കേറിനോക്കിയാൽ,
എങ്ങനെയവൻ നമ്മുടെ കണ്ണു വെട്ടിച്ചു പോകാൻ!

(അത്ഭുതസിദ്ധികളൊന്നുമില്ലാത്ത കാമുകനെ അന്വേഷിച്ചാൽ കണ്ടെത്താവുന്നതേയുള്ളുവെന്ന് തോഴി നായികയെ ആശ്വസിപ്പിക്കുന്നു. കവയിത്രിയുടെ സ്വന്തം അനുഭവമാണിതെന്നും വ്യാഖ്യാനം.)
കുറുന്തൊക 130


21. കോപ്പെരുഞ്ചോഴൻ - ഞാൻ മൂഢയായിക്കോളാം


കരുണയും മമതയും തട്ടിത്തെറിപ്പിച്ചു
പണത്തിനു പിന്നാലെ പോകുന്നതാണറിവെങ്കിൽ
അയാൾ അറിവുള്ളവനായിക്കോട്ടെ;
ഞാൻ മൂഢയായിക്കോളാം.

(പണത്തിനായി നാടു വിട്ട നായകനെക്കുറിച്ച് നായിക തോഴിയോടു പറഞ്ഞത്)
കുറുന്തൊകൈ 20


22. കച്ചിപ്പേട്ടു നന്നാകൈയാർ - നേരും നുണയും


പെരുംനുണയനെൻ കാമുകൻ
നേരു പോലെ നുണ ചൊല്ലുന്ന കിനാവിൽ
എന്നുടൽ പുല്കിയരികിൽ കിടന്നു.
പിന്നെയുണർന്നു കിടക്ക തഴുകുമ്പോൾ
അവനില്ലാതെ ഞാനൊറ്റയ്ക്കായിരുന്നു!
ഏകാന്തവ്യഥയിൽ ഞാൻ മെലിയുന്നു തോഴീ,
വണ്ടുകൾ കരളുന്ന കരിങ്കൂവളപ്പൂവു പോലെ.

കുറുന്തൊക 30


23. അണിലാടുമന്റിലാർ - അണ്ണാനോടുന്ന മുറ്റം


അവനരികത്തുള്ളപ്പോൾ
മേള നടക്കുമൂരു പോലെ
ഞാൻ സന്തുഷ്ട;
എന്നാലവൻ പൊയ്ക്കഴിഞ്ഞാൽ
ഞാൻ ദുഃഖിത,
മുറ്റത്തണ്ണാനോടിക്കളിക്കുന്ന
ആളനക്കമില്ലാത്ത വീടു പോലെ.


കുറുന്തൊക 41


24. കപിലർ - ആശംസ


കൊടുംവെയിലെരിയായ്ക,
മലമ്പാതകൾ തണൽ നിറഞ്ഞതാവുക,
ഇടവഴികൾ പൂഴി വിരിച്ചതാവുക,
കുളിർമഴ കുളിരു പെയ്യുന്നതാവുക,

എന്റെ പാവം മകൾ,
മേനി മാന്തളിർ നിറമായവൾ,
നെടിയ വേലേന്തിയ കാമുകനൊപ്പം
നമ്മെ വിട്ടു പോകുമ്പോൾ.


(കാമുകനോടൊപ്പം ഒളിച്ചോടുന്ന വളർത്തുമകൾക്കായി മനസ്സിൽ പ്രാർത്ഥിക്കുന്ന പോറ്റമ്മ.)
കുറുന്തൊക 378


25. നക്കീരൻ - വേങ്ങ


എന്നെ മുറുകെപ്പുല്കി
നാടു വിട്ട നായകൻ
പിന്നെയൊരു പുള്ളിനെപ്പോലും
ദൂതനായി വിട്ടില്ലല്ലോ;
പണ്ടെത്രയോ രാത്രികളിൽ 
ഞങ്ങൾക്കഭയമായ വേങ്ങയും
അവൻ മറന്നു!

കുറുന്തൊക 264



മരുതത്തിണ

വയലും വയലിനോടു ചേർന്ന ഇടങ്ങളും. കൃഷിക്കാരാണ്‌ നാട്ടുകാർ. ഇന്ദ്രൻ ദേവത. ഭർത്താവ് വേശ്യാസക്തനാവുമ്പോഴുണ്ടാവുന്ന പ്രണയകലഹമാണ്‌ പ്രതിപാദ്യം.


26. പരണർ - ഉടൽവിളർച്ച


ഊരിലെ കുളം മൂടുന്ന
പായൽ പോലെയാണെന്റെ വിളർച്ച;
അവൻ തൊടുമ്പോഴതു നീങ്ങുന്നു,
അവൻ പോകുമ്പോഴതു പിന്നെയും പടരുന്നു.


(നായിക തോഴിയോടു പറയുന്നത്)
കുറുന്തൊക 399


27. അള്ളൂർ നന്മുല്ലൈ - പുലരിവാൾ


കൊക്കരക്കോ കോയെന്നു പൂവൻകോഴി കൂകുമ്പോൾ
എന്റെ നെഞ്ചിലൂടൊരു കുളിരു പാഞ്ഞുപോകുന്നു:
കാമുകന്റെ കൈകളിൽ നിന്നെന്നെ വെട്ടിമാറ്റാൻ
കരുണയറ്റ വാൾ പോലെ പുലരി വന്നെത്തിയല്ലോ!


(കാമുകി തന്നോടു തന്നെ പറഞ്ഞത്)
കുറുന്തൊക 157


28. ഓരമ്പോകിയാർ - ഏഴുനാളുരുക്കം


തോഴീ,
അവനെന്റെ വീട്ടിൽ വന്ന-
തൊരേയൊരുനാൾ,
പിന്നെയവനെയോർത്തു
തീയിൽ മെഴുകു പോലെ
ഞാനുരുകിയതേഴുനാൾ.


ഐങ്കുറുനൂറ്‌, 32

29. മിളൈക്കന്തനാർ - മാറ്റം


പണ്ടവൾ വേപ്പിന്റെ പച്ചക്കായ വായിൽ വച്ചു തരുമ്പോൾ
മധുരിക്കുന്ന കല്ക്കണ്ടമെന്നു നീ പറഞ്ഞിരുന്നു;
ഇന്നതേയവൾ കുളിരുന്ന ഉറവെള്ളം പകരുമ്പോൾ
എന്തു ചൂടും പുളിയുമെന്നതേ നീ പഴിക്കുന്നു!


(തോഴി നായകനോടു പറയുന്നത്)
കുറുന്തൊക 194


നെയ്തൽത്തിണ

കടല്ക്കരയാണ്‌ നിലം. പരതർ പാർപ്പുകാർ. മീൻപിടുത്തവും ഉപ്പുകുറുക്കലും തൊഴിൽ. വിരഹിണിയായ നായികയുടെ വിലാപമാണ്‌ പ്രമേയം.


30. അമ്മൂവനാർ - കടലിന്റെ പ്രണയം


നിന്നെ ദംശിച്ചതാരുടെ പ്രണയംകടലേ!
കൈതക്കാട്ടിൽ നീ തിര തല്ലുന്നതു
നിശ്ചേഷ്ടരാത്രിയിൽ ഞാൻ കേൾക്കുന്നു.

(നായികയുടെ ആത്മഗതം)
കുറുന്തൊക 163

31. പതുമനാർ - ഒരാൾ മാത്രം


പാതിരാവിന്റെ നിശ്ചലതയിൽ
ശ്രുതി മീളുന്ന കാലം;
വാക്കുകളെല്ലാമടങ്ങി,
ആരവം കൊണ്ട ലോകവുമുറങ്ങി-
ഞാനൊരാൾ മാത്രം
ഉറങ്ങാതിരിക്കുന്നു.


(വിദേശത്തു പോയ നായകനെ ഓർത്തിരിക്കുന്ന നായിക തോഴിയോടു പറഞ്ഞത്തോഴിയും ഇടയ്ക്കൊന്നു മയങ്ങിപ്പോയി!)
കുറുന്തൊക 64


32. ഐയൂർ മുടവൻ - ഉത്ക്കണ്ഠ


കോരിക്കൂട്ടിയ നിലാവു പോലെ മണൽത്തിട്ട,
അതിനു നേരരികിൽത്തന്നെ
കരിമ്പുന്നമരത്തോപ്പിന്റെ നിഴൽ,
കൂരിരുൾ കൂട്ടിവച്ച പോലെ-

നമ്മുടെയാളിങ്ങെത്തിയിട്ടില്ല,
നമ്മുടെയാൾക്കാർ
മീൻവേട്ട കഴിഞ്ഞെത്താറുമായി.


(തോഴി നായികയോടു പറയുന്നത്. നമ്മുടെയാൾകാമുകൻനമ്മുടെയാൾക്കാർകാമുകിയുടെ ബന്ധുക്കൾ. കാമുകൻ ഇത്ര വൈകിയാൽ ഇനി അയാൾ അപകടത്തിലാവും!)
കുറുന്തൊക 123


33. നന്നാകയാർ - വാതിലടയ്ക്കുന്ന നേരം


ഏകാന്തദുഃഖത്തിന്റെ സന്ധ്യാകാലത്ത്
കവാടമടച്ചും കൊണ്ടു കാവല്ക്കാരൻ പറയുന്നു,
എല്ലാവരുമകത്തു വരുവിൻ.
-അവരിലെന്റെ കാമുകനില്ല.


(കാമുകി തോഴിയോടു പറയുന്നത്)
കുറുന്തൊക 118


34. മതുര എഴുത്താളൻ ചേന്തൻ പൂതൻ - താഴപ്പൂക്കൾ


ഒരിക്കൽ

രാവുതോറുമവനോടൊത്തു ഞാൻ ചിരിച്ചിരുന്നു,
പരന്ന കടലോരത്തല തല്ലുമ്പോൾ,
കൊക്കുകൾ പോലെ താഴപ്പൂക്കൾ വിരിയുമ്പോൾ.

എന്റെ കണ്ണുകളന്നു കൂവളപ്പൂവുകളായിരുന്നു,
കൈകളിളമുളന്തണ്ടുകളായിരുന്നു,
നെറ്റിത്തടം പിറയുദിച്ച പോലായിരുന്നു.

ഇന്നു പക്ഷേ...

കുറുന്തൊക 226


35. വെണ്മണിപ്പൂതി - പുന്നമരത്തണലിൽ


മണ്ണിലും പ്രായമായ കടൽ കഴുകുന്ന കരയിൽ,
കിളിയൊച്ചയടങ്ങാത്ത തോപ്പുകൾക്കരികിൽ,
പൂത്ത പുന്നമരങ്ങളുടെ തണലിൽ
അന്നു ഞങ്ങളാദ്യമായൊരുമിക്കെ,
എന്റെ കണ്ണുകളവനെക്കണ്ടു,
എന്റെ കാതുകളവന്റെ വാക്കു കേട്ടു;
അവനെപ്പുണരുമ്പോഴെന്റെ കൈകൾക്കഴകേറുന്നു,
അവൻ പിരിയുമ്പോഴവ മെലിഞ്ഞുതൂങ്ങുന്നു.

കുറുന്തൊക 299


36. ഓരം പോകിയാർ - നശിച്ച സന്ധ്യ


പച്ചക്കാലിക്കൊക്കിന്റെ പുറവെണ്മ പോലെ
കയങ്ങളിലാമ്പല്പൂവുകൾ കൂമ്പി;
സന്ധ്യയായി;
വൈകാതെ രാത്രിയുമാവും.

കുറുന്തൊക 122


37. കച്ചിപ്പേട്ടു നന്നാകയാർ - ഒറ്റയുല


പഴമരങ്ങളിലാവലെത്തുന്ന വേളയിൽ
എന്നെത്തനിച്ചാക്കിയെൻ കാമുകൻ പോയാൻ;
ഏഴൂരിനാകെയുള്ളൊരാലയിൽ
നിലയ്ക്കാതൂതുമുല പോലെ
എന്റെ നെഞ്ചു നെടുവീർപ്പിടുന്നതു കേൾക്കൂ!


(പല ഗ്രാമങ്ങൾക്കായി ഒരു കൊല്ലനേയുള്ളുവെന്നതിനാൽ അയാളുടെ ഉലയ്ക്കു വിശ്രമമില്ല.)
കുറുന്തൊക 170

അഭിപ്രായങ്ങളൊന്നുമില്ല: