2022, ജനുവരി 26, ബുധനാഴ്‌ച

എഡ്വാർഡോ ഗലിയാനോ- കഥകളുടെ വേട്ടക്കാരൻ

 കാല്പാടുകൾ
--------------


കടല്ക്കാക്കകളുടെ വഴിത്താരകളെ കാറ്റ് മാടിയൊതുക്കുന്നു.
മനുഷ്യന്റെ കാല്പാടുകളെ മഴ കഴുകിക്കളയുന്നു.
കാലത്തിന്റെ മുറിപ്പാടുകളെ സൂര്യൻ വെളുപ്പിക്കുന്നു.
നഷ്ടസ്മൃതികളുടെ, പ്രണയത്തിന്റെ, വേദനയുടെ കാല്പാടുകളെ എഴുത്തുകാർ തേടിനടക്കുന്നു, കാഴ്ചയിൽ വരില്ലെങ്കിലും ഒരിക്കലും മാഞ്ഞുപോകാത്തവയെ.
*

സ്വതന്ത്രർ
------------


പകൽ സൂര്യനവർക്കു വഴി കാട്ടുന്നു, രാത്രിയിൽ നക്ഷത്രങ്ങളും.
യാത്രക്കൂലി കൊടുക്കാതെ, പാസ്പോർട്ടുകളില്ലാതെ, കസ്റ്റംസിന്റെയും ഇമിഗ്രേഷന്റെയും അപേക്ഷാഫോറങ്ങളില്ലാതെ അവർ യാത്ര ചെയ്യുന്നു.
തടവുകാർ അധിവസിക്കുന്ന ഈ ലോകത്തെ ഒരേയൊരു സ്വതന്ത്രജീവികളാണ്‌ പക്ഷികൾ. ധ്രുവത്തിൽ നിന്നു ധ്രുവത്തിലേക്കവർ പറക്കുന്നു, ഭക്ഷണം മാത്രം ഇന്ധനമായി, തങ്ങൾ തിരഞ്ഞെടുക്കുന്ന പാതയിലൂടെ, തങ്ങൾക്കിഷ്ടമുള്ള നേരത്ത്, ആകാശം തങ്ങളുടെ അവകാശമാണെന്നു വിശ്വസിക്കുന്ന അധികാരികളുടെ അനുവാദമേതുമില്ലാതെ.
*

നഷ്ടശ്വാസം
---------------


ആദിക്കുമാദിയിൽ, കാലം കാലമാകുന്നതിനും ലോകം ലോകമാകുന്നതിനും മുമ്പ് 
നാമെല്ലാം ദേവകളായിരുന്നു.
ഹിന്ദുദേവനായ ബ്രഹ്മാവ് പ്രതിയോഗികളോട് അസഹിഷ്ണുവായിരുന്നു; അതിനാലവൻ നമ്മുടെ ദിവ്യശ്വാസം അപഹരിച്ച് രഹസ്യമായൊരിടത്ത് ഒളിപ്പിച്ചുവച്ചു.
അതില്പിന്നെ നമ്മുടെ നഷ്ടശ്വാസത്തെത്തേടി നടക്കുകയാണു നാം. കടല്ക്കയങ്ങളിലും മലമുടികളിലും  നാമതിനെത്തേടിനടക്കുന്നു.
മഹാവിദൂരതയിലിരുന്നുകൊണ്ട് ബ്രഹ്മാവ് മന്ദഹസിക്കുന്നു.
*


ഒരു നരകസന്ദർശനം
------------------------


കുറേക്കൊല്ലം മുമ്പ്, എന്റെ പല മരണങ്ങളിലൊന്നിൽ, ഞാനൊന്നു നരകത്തിൽ പോയിരുന്നു.
ആ പാതാളലോകത്ത് നിങ്ങൾക്കിഷ്ടപ്പെട്ട മദ്യം കിട്ടും, ആഗ്രഹിക്കുന്ന വിഭവം കിട്ടും, ഏതഭിരുചിക്കും ചേർന്ന കാമുകിമാരെ കിട്ടും, പാട്ടും നൃത്തവും തീരാത്ത ആനന്ദവും കിട്ടും എന്നൊക്കെയാണു ഞാൻ കേട്ടിരുന്നത്. 
പരസ്യങ്ങൾ കള്ളം പറയുന്നു എന്ന വസ്തുതയ്ക്ക് ഒരു സ്ഥിരീകരണം കൂടി കിട്ടി എന്നതാണുണ്ടായത്. നരകം വാഗ്ദാനം ചെയ്യുന്നത് ഒരു കേമൻ ജീവിതമാണ്‌; ഞാൻ കണ്ടതാകട്ടെ, ആളുകൾ വരിയായി കാത്തുനില്ക്കുന്നതും.
പുക നിറഞ്ഞ ഇടുങ്ങിയ വഴികളിലൂടെ കാഴ്ചയിൽ നിന്നു മറയുന്ന അറ്റമില്ലാത്ത ആ വരിയിൽ എല്ലാ കാലഘട്ടങ്ങളിൽ നിന്നുമുള്ള ആണും പെണ്ണുമുണ്ടായിരുന്നു, ഗുഹാജീവികൾ മുതൽ ബഹിരാകാശസഞ്ചാരികൾ വരെയുണ്ടായിരുന്നു.
എല്ലാവരും കാത്തുനില്ക്കാൻ വിധിക്കപ്പെട്ടവരായിരുന്നു. നിത്യതയോളം കാത്തുനില്ക്കാൻ.
അതാണു ഞാൻ കണ്ടുപിടിച്ചത്: നരകം കാത്തുനില്പാണ്‌.
*

2 അഭിപ്രായങ്ങൾ:

അംബി പറഞ്ഞു...

കടല്ക്കയങ്ങളിലും മലമുടികളിലും !

അംബി പറഞ്ഞു...

നരകം കാത്തുനില്പാണ്‌!!