2022, ജനുവരി 26, ബുധനാഴ്‌ച

മരിയോ ബനെഡിറ്റി - കവിതകൾ

മടക്കമില്ലാത്ത യാത്ര
---------------------------


നാമെത്തിച്ചേരുന്നതു പകലാവട്ടെ, രാത്രിയാവട്ടെ,
യാത്ര ചെയ്ത കപ്പലുകൾ നാം കത്തിച്ചുകളയണം.

എന്നാലതിനു മുമ്പേ നാമവയിൽ കയറ്റിവയ്ക്കണം,
നമ്മുടെ ആത്മപീഡകമായ ധാർഷ്ട്യം,
നനഞ്ഞൊട്ടുന്ന മനഃസാക്ഷിക്കുത്തുകൾ,
എത്ര സൂക്ഷ്മമാണെങ്കിലും, നമ്മുടെ അവജ്ഞകൾ,
വെറുക്കപ്പെടാനുള്ള നമ്മുടെ സിദ്ധി,
നമ്മുടെ കപടവിനയം,
നമ്മുടെ ആത്മാനുകമ്പയുടെ
മാധുര്യം നിറഞ്ഞ ധർമ്മോപദേശങ്ങൾ.

അവ മാത്രമല്ല,
നാം കത്തിക്കാൻ പോകുന്ന കപ്പലുകളിൽ
ഇവയുമുണ്ടാകും,
വാൾസ്ട്രീറ്റിലെ നീർക്കുതിരകൾ,
നാറ്റോവിലെ പെൻഗ്വിനുകൾ,
വത്തിക്കാനിലെ മുതലകൾ,
ബക്കിംഗ്ഹാം കൊട്ടാരത്തിലെ അരയന്നങ്ങൾ,
എൽ പാർദോവിലെ വവ്വാലുകൾ,
പെട്ടെന്നു കത്തിപ്പിടിക്കുന്ന വേറെയും പലതും.

നാമെത്തിച്ചേരുന്ന പകലോ രാത്രിയോ
കപ്പലുകൾ നിസ്സംശയമായും കത്തിച്ചുകളയണം,
മടങ്ങിപ്പോകാനുള്ള പ്രലോഭനമോ
മടങ്ങുന്നതിലെ അപകടമോ ആർക്കുമുണ്ടായിക്കൂടരുതല്ലോ.
നമ്മുടേതല്ലാത്തൊരു തീരത്തേക്ക്
രാത്രിയുടെ മറവിൽ തുഴഞ്ഞുപോകാനുള്ള സാദ്ധ്യത
ഇനിമുതലുണ്ടായിരിക്കുന്നതല്ല
എനറിഞ്ഞിരിക്കുന്നതു നല്ലതാണ്‌,
എന്തെന്നാൽ,
അനീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം
ഇതിനാൽ നിരോധിക്കപ്പെട്ടിരിക്കുന്നു;
അങ്ങനെയൊരു കാര്യത്തിൽ മാത്രം
പിതാവായ ദൈവത്തെക്കാൾ ഞങ്ങൾ പക്ഷപാതികളായിരിക്കും.

എന്നാല്ക്കൂടി, 
ഇത്രയും പണിപ്പെട്ടു നാം കീഴടക്കിയ ആ ലോകത്തിന്‌
ശ്രദ്ധേയമല്ലെങ്കിലും പരാമർശയോഗ്യമായ ചില വശങ്ങളുണ്ടായിരുന്നു
എന്നതൊരാൾക്കും നിഷേധിക്കാൻ പറ്റില്ലെന്നിരിക്കെ,
ഗൃഹാതുരത്വത്തിന്റെ ഒരു കാഴ്ചബംഗ്ലാവു നമുക്കൊരുക്കണം,
ഭാവിതലമുറകൾ അതു കണ്ടറിയട്ടെ,
എന്തായിരുന്നു പാരീസെന്ന്, 
ക്ലാദിയ കാർദിനലെന്ന്,
വിസ്കിയെന്ന്.
*


*ക്ലാദിയ കാർദിനൽ (Claudia Cardinale)- 1960-70കളിലെ പ്രശസ്തമായ പല യൂറോപ്യൻ ചിത്രങ്ങളിലും അഭിനയിച്ച ഇറ്റാലിയൻ നടി.


നേരമ്പോക്ക്

------------------------

നമ്മൾ കുഞ്ഞുങ്ങളായിരുന്നപ്പോൾ
വൃദ്ധന്മാർ മുപ്പതു വയസ്സുള്ളവരായിരുന്നു
ചെളിക്കുണ്ട് സമുദ്രമായിരുന്നു
മരണം ലളിതവും സരളവുമായിരുന്നു
അതില്ലെന്നുതന്നെയായിരുന്നു
പിന്നെ നാം കൗമാരം കടന്നപ്പോൾ
വൃദ്ധന്മാർ നാല്പതു വയസ്സുള്ളവരായിരുന്നു
കുളം സമുദ്രമായിരുന്നു
മരണം
ഒരു വാക്കു മാത്രമായിരുന്നു
നമ്മുടെ വിവാഹം കഴിഞ്ഞപ്പോൾ
വയോധികർക്കമ്പതായിരുന്നു
തടാകം സമുദ്രമായിരുന്നു
മരണം
മറ്റുള്ളവരുടെ മരണമായിരുന്നു
ഇപ്പോൾ വൃദ്ധരായിരിക്കെ
സത്യം നമുക്കു ബോദ്ധ്യമായിക്കഴിഞ്ഞിരിക്കുന്നു
സമുദ്രം സമുദ്രം തന്നെ
മരണം
നമ്മുടേതാവാനും തുടങ്ങുന്നു
*

*മരിയോ ബനെഡിറ്റി (Mario Beneditti 1920-2009)- ഉറുഗ്വേയൻ കവിയും നോവലിസ്റ്റും കഥാകൃത്തും. കാസ്ട്രോപക്ഷപാതിയായിരുന്നു.

2 അഭിപ്രായങ്ങൾ:

അംബി പറഞ്ഞു...

നനഞ്ഞൊട്ടുന്ന മനഃസാക്ഷിക്കുത്തുകൾ!
മനോഹരം!

അംബി പറഞ്ഞു...

എനറിഞ്ഞിരിക്കുന്നതു നല്ലതാണ്‌ ?