അല്ല, കവിതയെക്കുറിച്ച് ഞാനെന്താണു പറയാൻ പോകുന്നത്? ആ മേഘങ്ങളെക്കുറിച്ച്, ആ ആകാശത്തെക്കുറിച്ച് ഞാനെന്താണു പറയാൻ പോകുന്നത്? നോക്കൂ, നോക്കൂ, അവയെ നോക്കൂ, അതിനെ നോക്കൂ, അത്രതന്നെ. ഒരു കവിയ്ക്ക് കവിതയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് നിങ്ങൾക്കു മനസ്സിലാകും. അത് നിരൂപകർക്കും അദ്ധ്യാപകർക്കും വിട്ടുകൊടുക്കുക. എന്താണു കവിതയെന്ന് നിങ്ങൾക്കറിയില്ല, എനിക്കറിയില്ല, ഒരു കവിയ്ക്കും അറിയില്ല.
അപ്പോൾ ഇതാണ്; നോക്കൂ. എന്റെ കയ്യിൽ തീയുണ്ട്. അതെന്താണെന്ന് എനിക്കറിയാം, അതുകൊണ്ടെന്തു ചെയ്യണമെന്നും നന്നായിട്ടെനിക്കറിയാം; എന്നാൽ സാഹിത്യമില്ലാതെ അതിനെക്കുറിച്ചു പറയാൻ എനിക്കു കഴിയില്ല. എല്ലാ കാവ്യശാസ്ത്രവും എനിക്കു മനസ്സിലാകും; ഓരോ അഞ്ചു മിനുട്ടും വച്ച് മനസ്സു മാറ്റിയില്ലെങ്കിൽ അതിനെക്കുറിച്ചു സംസാരിക്കാനും എനിക്കു കഴിയും. ആരറിഞ്ഞു, ഒരുനാളെനിക്കു പൊട്ടക്കവിതയും ഇഷ്ടമായെന്നു വരാം, ഞാനിന്നു പൊട്ടസംഗീതത്തെ ഇഷ്ടപ്പെടുന്നപോലെ. രാത്രിയിൽ ഞാൻ പാർഥിനോണു തീയിടും; എന്നിട്ടു രാവിലെ ഞാനതു പുതുക്കിപ്പണിയാൻ തുടങ്ങും, ഒരിക്കലും മുഴുമിക്കാൻ പറ്റാതെ.
പ്രസംഗങ്ങളിൽ ചിലനേരത്തു ഞാൻ കവിതയെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്; എന്നാൽ എനിക്കു സംസാരിക്കാൻ പറ്റാത്ത ഒരേയൊരു കാര്യം സ്വന്തം കവിതയാണ്. ഞാനെന്തു ചെയ്യുന്നു എന്നതിനെക്കുറിച്ച് എനിക്കു ബോധമില്ലാത്തതുകൊണ്ടുമല്ല അത്. നേരേ മറിച്ച്, ദൈവാനുഗ്രഹത്താൽ, അല്ലെങ്കിൽ പിശാചിന്റെ അനുഗ്രഹത്താൽ, ഞാനൊരു കവിയാണ് എന്നതു സത്യമാണെങ്കിൽ, ടെക്ക്നിക്കിന്റെയും പ്രയത്നത്തിന്റെയും അനുഗ്രഹത്താലും എന്താണ് കവിത എന്നതിനെക്കുറിച്ചുള്ള പൂർണ്ണജ്ഞാനത്താലും ഞാനൊരു കവിയാണ് എന്നതും സത്യമാണ്.
(ലോർക്ക തന്റെ ആദ്യത്തെ കവിതാസമാഹാരമായ Libro de poemasന്റെ തുടക്കത്തിൽ എഴുതിയത്.)