2022, ജൂലൈ 21, വ്യാഴാഴ്‌ച

ലോർക്ക ബഗേരിയയുമായി നടത്തിയ സംഭാഷണം

 

“പറയൂ, കവേ, കല കലയ്ക്കു വേണ്ടി എന്നതിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അതോ, കല ജനതയ്ക്കു വേണ്ടി സ്വയം സമർപ്പിക്കണോ, അവർ കരയുമ്പോൾ കരയുകയും അവർ ചിരിക്കുമ്പോൾ ചിരിക്കുകയും വേണോ?”

“കൊള്ളാം ബഗേരിയ, ഞാൻ നിങ്ങളുടെ ചോദ്യത്തിനു മറുപടി പറയാം; കല കലയ്ക്കു വേണ്ടി എന്ന ആശയം വളരെ ക്രൂരമായ ഒന്നായേനെ, ഭാഗ്യവശാൽ അത് അത്രയും വഷളായ ഒന്നായിരുന്നെങ്കിൽ, എന്നാണെന്റെ മറുപടി. മനസ്സിൽ നേരുള്ള ഒരു മനുഷ്യനും ഇപ്പോൾ അതിൽ വിശ്വസിക്കുന്നില്ല. ഈ നാടകീയമുഹൂർത്തത്തിൽ കലാകാരൻ തന്റെ ജനതയോടൊപ്പം ചിരിക്കുകയും കരയുകയും വേണം. അയാൾ തന്റെ കയ്യിലുള്ള വെളുത്ത ലില്ലിപ്പൂക്കൾ മാറ്റിവച്ചിട്ട്  അവ ആവശ്യമുള്ളവരെ സഹായിക്കാനായി മാറോളം ചെളിയിൽ ഇറങ്ങിമുങ്ങണം. എന്റെ കാര്യമാണെങ്കിൽ, അന്യരുമായി ആശയവിനിമയം നടത്തുക എന്നതാണ്‌ എന്നെ നയിക്കുന്ന പ്രേരകം. അതുകൊണ്ടാണ്‌ ഞാൻ അരങ്ങിന്റെ വാതിലിൽ വന്നു മുട്ടിയതും എന്റെ ഭാവുകത്വമെല്ലാം അതിനായി ഉഴിഞ്ഞുവച്ചതും.”

“ഒരു കവിതയ്ക്കു ജന്മം കൊടുത്തുകഴിഞ്ഞാൽ അതേതോ രീതിയിൽ ഒരനന്തരജീവിതത്തിലേക്ക് നമ്മെ അടുപ്പിക്കുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അതോ, ഒരു പരലോകത്തെക്കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങളെ നിർമ്മൂലനം ചെയ്യുകയാണോ അതു ചെയ്യുന്നത്?”

“അസാധാരണവും ദുഷ്കരവുമായ ആ ചോദ്യം വരുന്നത് ബഗേരിയ, നിങ്ങളുടെ ജീവനെ ബാധിച്ചിരിക്കുന്ന ദാർശനികമായ ആകുലതയിൽ നിന്നാണ്‌- നിങ്ങളെ അറിയുന്നവർക്കു മാത്രം മനസ്സിലാകുന്ന ഒരാകുലത. കവിതാസൃഷ്ടി പൊരുളു തിരിയാത്ത ഒരു നിഗൂഢതയാണ്‌, മനുഷ്യന്റെ ജനനം പോലെതന്നെ. ഒരു പിടിയുമില്ലാത്ത എവിടെ നിന്നോ നിങ്ങൾ ശബ്ദങ്ങൾ കേൾക്കുന്നു; അവ എവിടെ നിന്നു വരുന്നു എന്നാലോചിച്ചു തല പുകയ്ക്കുന്നതുകൊണ്ടു കാര്യമില്ല. ജനിക്കുന്ന കാര്യത്തിൽ എനിക്കൊരു വേവലാതിയും ഉണ്ടായിരുന്നില്ല എന്നപോലെതന്നെ മരിക്കുന്നതിലും എനിക്കു വേവലാതിയൊന്നുമില്ല. ഞാൻ പ്രകൃതിക്കും മനുഷ്യനും കാതുകൊടുക്കുന്നു; അവ പഠിപ്പിക്കുന്നത് ഞാൻ പകർത്തിവയ്ക്കുന്നു, പാണ്ഡിത്യഭാരമില്ലാതെ, അവയ്ക്കുണ്ടെന്ന് എനിക്കു തീർച്ചയില്ലാത്ത ഒരർത്ഥം വസ്തുക്കൾക്കു കൊടുക്കാതെ. ചിറകു വച്ച സംഗീതവും പൊട്ടിച്ചിരിയും ഉറവ വറ്റാത്ത മദ്യവും നിറഞ്ഞ അത്ഭുതാവഹമായ ഒരു ഭക്ഷണശാലയുടെ മേൽക്കൂരയല്ല, കവിയുടെ തലയ്ക്കു മേലുള്ളത്. പേടിക്കേണ്ട, ബഗേരിയ, ഒരിക്കൽ നമുക്കതു കിട്ടും.“

”ഈ ചോദ്യങ്ങൾ വിചിത്രമായിട്ടാണോ നിങ്ങൾക്കു തോന്നുന്നത്? കാട്ടാളനായ ഒരു കാരിക്കേച്ചറിസ്റ്റിന്റെ ചോദ്യങ്ങളാണവ. എന്നും ഞാനൊരു കാട്ടാളനായിരുന്നു എന്നു നിങ്ങൾക്കറിയാമല്ലോ; പല പേനകളും ചുരുക്കം വിശ്വാസങ്ങളും പണിയെടുക്കാൻ കിരാതവും വേദനാജനകവുമായ സാമഗ്രികളുമുള്ള ഒരാൾ. കവി ഒന്നു ചിന്തിച്ചുനോക്കൂ: ജീവിതം എന്ന ദുരന്തപൂർണ്ണമായ ചോദ്യം പണ്ട് എന്റെ അച്ഛനമ്മമാരുടെ വായിൽ നിന്നു തെറിച്ചുവീണ ഒരു വരിയിൽ പുഷ്പിച്ചുനില്ക്കുന്നതു ഞാൻ കണ്ടു. ജനിച്ചതാണ്‌ മനുഷ്യൻ ചെയ്ത ഏറ്റവും വലിയ കുറ്റം എന്ന കാൽഡെറോണിന്റെ വചനം ശരിയാണെന്നു താങ്കൾക്കു തോന്നുന്നില്ലേ? മുനോസ് സെക്കയുടെ ശുഭാപ്തിവിശ്വാസത്തെക്കാൾ ശരിയല്ലേ അത്?“

”നിങ്ങളുടെ ചോദ്യങ്ങൾ എനിക്കൊട്ടും വിചിത്രമായി തോന്നുന്നില്ല, ബഗേരിയ. നിങ്ങൾ ശരിക്കുമൊരു കവിയാണ്‌; മുറിവിൽത്തന്നെ നിങ്ങളുടെ വിരൽ തൊടുന്നു. തികഞ്ഞ ആത്മാർത്ഥതയോടെയും ആർജ്ജവത്തോടെയും ഞാൻ നിങ്ങൾക്കു മറുപടി പറയുന്നു. ഞാൻ ഉന്നത്തിൽ നിന്നു തെന്നുന്നുവെങ്കിൽ, എന്റെ വാക്കിടറുന്നുവെങ്കിൽ അതെന്റെ അജ്ഞത കൊണ്ടുമാത്രമാണ്‌. നിങ്ങളുടെ കാട്ടാളത്തത്തിന്റെ തൂലികകൾ മാലാഖമാരുടെ തൂവലുകളാണ്‌. നിങ്ങളുടെ മരണനൃത്തത്തിനു താളമിടുന്ന ചെണ്ടയുടെ പിന്നിൽ ഇറ്റാലിയൻ ചിത്രകാരന്മാർ വരയ്ക്കുന്ന തരം ഇളംചുവപ്പുള്ള ഒരു കിന്നരം ഞാൻ കാണുന്നു. ശുഭാപ്തിവിശ്വാസം പരപ്പൻ ആത്മാക്കളുടെ ലക്ഷണമാണ്‌; പരിഹാരമില്ലാത്ത കാര്യങ്ങളിൽ നിന്നുറപൊട്ടി നമുക്കു ചുറ്റും കുത്തിയൊലിക്കുന്ന കണ്ണീരവർ കാണുന്നില്ല.“

”ആർദ്രഹൃദയനായ കവേ, ലോർക്കാ, നമുക്ക് മരണാനന്തരജീവിതം എന്ന വിഷയത്തെക്കുറിച്ചുതന്നെ സംസാരിക്കാം. നിങ്ങൾ കരുതുന്നുണ്ടോ, ഒരു വരുംകാലജീവിതത്തിൽ വിശ്വസിക്കുന്നവർ ചുംബിക്കാൻ മാംസളമായ ചുണ്ടുകളില്ലാത്ത ആത്മാവുകളുടെ ദേശത്ത് സന്തോഷവാന്മാരായിരിക്കുമെന്ന്? ശൂന്യതയുടെ നിശബ്ദതയായിരിക്കില്ലേ, അതിലും ഭേദം?“

”ദയാലുവായ, പീഡിതനായ ബഗേരിയാ. വിശ്വാസികൾക്കുള്ള മഹത്തായ പ്രതിഫലമാണ്‌ ഉടലിന്റെ ഉയിർത്തെഴുന്നേല്പെന്ന്  സഭ പറയുന്ന കാര്യം നിങ്ങൾക്കറിയില്ലേ? ഇശയ്യാപ്രവാചകൻ ഗംഭീരമായ ഒരു വരിയിൽ അതിനെക്കുറിച്ചു പറയുന്നുണ്ട്: ‘നികൃഷ്ടമായ അസ്ഥികൾ ദൈവത്തിൽ ആനന്ദിക്കും.’ ഒരിക്കൽ സെയിന്റ് മാർട്ടിൻ സെമിത്തേരിയിൽ വച്ച് ശൂന്യമായ ഒരു ശവകുടീരത്തിനരികിൽ ഞാനൊരു ശിലാഫലകം കണ്ടു. ജീർണ്ണിച്ചുതുടങ്ങിയ ഭിത്തിയിൽ നിന്ന് ഒരു കിഴവന്റെ പല്ലു പോലെ തൂങ്ങിയാടുകയായിരുന്നു അത്. അതിൽ എഴുതിയിരുന്നത് ഇതാണ്‌: ‘ഇവിടെ ഡോണ മിഖെയ്‌ല ഗോമസ് മാംസത്തിന്റെ ഉയിർപ്പിനായി കാത്തുകിടക്കുന്നു.’ നമുക്ക് തലകളും കൈകളും ഉണ്ടെന്നതിനാൽ ഏതാശയവും ഇവിടെയുണ്ടാവും, അതിന്‌ ആവിഷ്കാരം കൊടുക്കാനും നമുക്കു കഴിയും.“

”ജന്മദേശമെന്നു പറയുന്നത് ഒന്നുമല്ലെന്നും അതിർത്തികൾ മാഞ്ഞുപോകുമെന്നും നിങ്ങൾ കരുതുന്നില്ലേ? ഒരു നല്ല ചൈനാക്കാരനെക്കാൾ ഒരു ചീത്ത സ്പാനിഷുകാരൻ സഹോദരനാവണമെന്നുണ്ടോ?“

”ഞാൻ കറ കളഞ്ഞ സ്പാനിഷുകാരനാണ്‌; എന്റെ ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറത്തു ജീവിക്കാൻ എനിക്കസാദ്ധ്യവുമാണ്‌. എന്നാൽ പേരു കൊണ്ടുമാത്രം സ്പാനിഷുകാരനായ ഏതൊരാളെയും ഞാൻ വെറുക്കുന്നു. ഞാൻ എല്ലാവരുടേയും സഹോദരനാണ്‌. അമൂർത്തമായ ദേശീയത എന്ന ആദർശത്തിനായി സ്വയം ബലി കൊടുക്കുന്ന ഒരാളെ, കണ്ണിൽ വച്ചുകെട്ടുമായി സ്വന്തം രാജ്യത്തെ സ്നേഹിക്കുന്ന ഒരാളെ ഞാൻ കഠിനമായി വെറുക്കുന്നു. ചീത്ത സ്പാനിഷുകാരനെക്കാൾ എന്നോടടുത്തത് നല്ലവനായ ചൈനാക്കാരനാണ്‌. ഞാൻ സ്പെയിനിനെ വാഴ്ത്തുകയും എന്റെ മജ്ജയിൽ ഞാനവളെ അറിയുകയും ചെയ്യുന്നു. എന്നാൽ സ്പെയിൻകാരനാവുന്നതിനു മുമ്പേ ഞാൻ ഈ ലോകത്തെ ഒരു മനുഷ്യനാണ്‌, എല്ലാ മനുഷ്യരുടേയും സഹോദരനാണ്‌. ഇല്ല, രാഷ്ട്രീയാതിർത്തികളിൽ ഞാൻ വിശ്വസിക്കുന്നില്ല. നോക്കൂ, എന്റെ ബഗേരിയാ, എല്ലാ ചോദ്യങ്ങളും അഭിമുഖം നടത്തുന്നവർക്കു മാത്രമുള്ളതല്ല; ചില ചോദ്യങ്ങൾക്കുള്ള അവകാശം അവരുടെ പ്രജകൾക്കുമുണ്ട്. അപ്പോൾ ഞാൻ ചോദിക്കട്ടെ, നിങ്ങളെ വേവലാതിപ്പെടുത്തുന്ന പരലോകത്തെക്കുറിച്ചുള്ള ഈ ഉത്കണ്ഠ, ഈ ആർത്തി എന്താണ്‌? ശവക്കുഴിക്കപ്പുറം ജീവിക്കണമെന്ന് നിങ്ങൾക്കു ശരിക്കും ആഗ്രഹമുണ്ടോ? ഈ വിഷയം സംശയങ്ങൾക്കതീതമായി പരിഹരിക്കപ്പെട്ടുവെന്ന് നിങ്ങൾ കരുതുന്നില്ലേ? മനുഷ്യന്‌ വിശ്വാസമുണ്ടായാലും ഇല്ലെങ്കിലും അക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും?“

”സത്യമാണ്‌, നിർഭാഗ്യവശാൽ ഇതെല്ലാം സത്യമാണ്‌. എന്നെന്നേക്കുമായി മറഞ്ഞുപോവുക എന്നത് എത്ര ദുരന്തപൂർണ്ണവും വേദനാജനകവുമാണ്‌! ആനന്ദങ്ങളേ, സ്ത്രീയുടെ ചുണ്ടുകളേ, വീഞ്ഞിന്റെ ചഷകമേ, ആ ദാരുണസത്യം മറക്കാൻ എന്നെ തുണയ്ക്കുന്നവരേ! പ്രകൃതിദൃശ്യങ്ങളേ, ഇരുട്ടിനെ മറക്കാൻ എന്നെത്തുണയ്ക്കുന്ന വെളിച്ചമേ! ആ ദാരുണാന്ത്യം വന്നെത്തുമ്പോൾ ഞാൻ ആവശ്യപ്പെടുന്നത് ചിരസ്ഥായിത്വം മാത്രമാണ്‌. എന്നെ ഒരു പൂന്തോപ്പിലടക്കൂ; എന്റെ അടുത്ത ജന്മം ഫലഭൂയിഷ്ടമായിരിക്കുമെന്നെങ്കിലും ഞാനറിയട്ടെ...പ്രിയപ്പെട്ട ലോർക്കാ, സ്പെയിനിൽ നമുക്കുള്ള ഏറ്റവും അമൂല്യമായ കാര്യങ്ങളിൽ രണ്ടെണ്ണത്തെക്കുറിച്ചാണ്‌ ഞാൻ നിങ്ങളോടു ചോദിക്കാൻ പോകുന്നത്: ജിപ്സിഗാനവും കാളപ്പോരും. ജിപ്സിഗാനത്തെക്കുറിച്ചു തെറ്റു പറയാനായി ഞാൻ കാണുന്നത് അത് അമ്മമാരെക്കുറിച്ചേ പറയുന്നുള്ളു എന്നതാണ്‌. അച്ഛന്മാർ ഇടിവെട്ടി മരിച്ചുപോകട്ടെ, അവരതു കാര്യമാക്കുകതന്നെയില്ല. അതിൽ ഒരല്പം അനീതിയുണ്ടെന്നു തോന്നുന്നു. തമാശ കളഞ്ഞാൽ, നമ്മുടെ നാടിന്റെ വിലപ്പെട്ട നിധിയാണതെന്ന് ഞാൻ കരുതുന്നു.“

”വളരെക്കുറച്ചു പേർക്കേ ജിപ്സിസംഗീതം പരിചയമുള്ളു; നൈറ്റ് ക്ലബ്ബുകളിൽ വിളമ്പുന്നത് ഫ്ലാമെങ്കോ എന്ന സാധനമാണ്‌; അതാകട്ടെ, ജിപ്സിസംഗീതം ദുഷിച്ചതും. പിന്നെ, ജിപ്സികൾ തങ്ങളുടെ അമ്മമാരെക്കുറിച്ചേ ഓർക്കുന്നുള്ളു എന്ന് അത്രയും കൗതുകത്തോടെ നിങ്ങൾ പറഞ്ഞതിനെക്കുറിച്ചാണെങ്കിൽ, ഭാഗികമായി അതു ശരിയാണ്‌; കാരണം അവരുടേത് മാതൃദായക്രമമാണ്‌; അച്ഛന്മാർ ശരിക്കും അച്ഛന്മാരല്ല; അവർ ജീവിക്കുന്നത്...അവരുടെ അമ്മമാരുടെ പുത്രന്മാരായിട്ടാണ്‌. നേരേ മറിച്ച്, പിതൃസ്നേഹത്തെ ആഘോഷിക്കുന്ന ചില ജിപ്സിക്കവിതകളുമുണ്ട്. പക്ഷേ വളരെക്കുറച്ചു മാത്രം. പിന്നെ, നിങ്ങൾ എന്നോടു ചോദിച്ച മഹത്തായ മറ്റേ വിഷയത്തെക്കുറിച്ച്, കാളപ്പോരിനെക്കുറിച്ചാണെങ്കിൽ, സ്പെയിനിന്റെ ഏറ്റവും സജീവവും കാവ്യാത്മകവുമായ നിധിയാണതെന്ന് ഞാൻ പറയും; എഴുത്തുകാരും ചിത്രകാരന്മാരും അവിശ്വസനീയമാം വിധം അവഗണിച്ചുകളഞ്ഞത്. അതെനിക്കു തോന്നുന്നത് നമുക്കു ലഭിച്ച തെറ്റായ വിദ്യാഭ്യാസം കൊണ്ടാണ്‌. കാളപ്പോരാണ്‌ ലോകത്തെ ഏറ്റവും സംസ്കാരസമ്പന്നമായ ഉത്സവമെന്നു ഞാൻ കരുതുന്നു; ഒരു സ്പാനിഷുകാരൻ തന്റെ ഏറ്റവും നല്ല കണ്ണീരും ഏറ്റവും നല്ല പിത്തനീരും ഒഴുക്കുന്ന അരങ്ങാണത്. തന്നെയുമല്ല, എത്രയും കണ്ണഞ്ചിക്കുന്ന സൗന്ദര്യത്തിനിടയിൽ മരണത്തെ കാണാമെന്നുറപ്പിച്ചു നിങ്ങൾക്കു പോകാവുന്ന ഒരേയൊരിടവും കാളപ്പോരാണ്‌. സ്പാനിഷ് വസന്തത്തിന്റെ, നമ്മുടെ ചോരയുടെ, നമ്മുടെ ഭാഷയുടെ ഗതി എന്താവും, റിങ്ങിൽ നാടകീയമായ ആ കാഹളം വിളികൾ മുഴങ്ങാതായിക്കഴിഞ്ഞാൽ? പ്രകൃതം കൊണ്ടും കാവ്യാഭിരുചി കൊണ്ടും ബെൽമൊന്തെയുടെ കടുത്ത ആരാധകനാണു ഞാൻ.“

”സമകാലികരായ സ്പാനിഷ് കവികളിൽ താങ്കൾക്കേറ്റവും ഇഷ്ടം ആരെയാണ്‌?“

”രണ്ടു പ്രധാനികളുണ്ട്, അന്തോണിയോ മച്ചാദോയും ഹുവാൻ റമോൺ ഹിമെനെഥും. ആദ്യത്തെയാൾ പ്രശാന്തതയുടേയും പൂർണ്ണതയുടേയും നിർമ്മലമായ പ്രതലത്തിലാണ്‌ ജീവിക്കുന്നത്; ഏതു വിധത്തിലുമുള്ള സംഘർഷത്തിനേയും അതിജീവിച്ചുകഴിഞ്ഞ, ദേവനും മനുഷ്യനുമായ ഒരു കവി; തന്റെ അത്ഭുതാവഹമായ ആന്തരലോകത്തെ പൂർണ്ണമായും തന്റെ വരുതിയിലാക്കിക്കഴിഞ്ഞ ഒരാൾ. ഹിമെനെഥ് അമിതമായ സ്വയം മഹത്വവത്കരിക്കൽ കൊണ്ട് തരിപ്പണമായ, തനിക്കു ചുറ്റുമുള്ള യാഥാർത്ഥ്യം കൊണ്ടു ദേഹമാകെക്കീറിയ, അഗണ്യമായ വസ്തുക്കളുടെ ദംശനമേറ്റ ഒരു വലിയ കവി; അദ്ദേഹത്തിന്റെ കാതുകൾ ലോകത്തേക്കു തിരിച്ചുവച്ചിരിക്കുകയാണ്‌; അദ്ദേഹത്തിന്റെ വിസ്മയാവഹവും അനന്യവുമായ കാവ്യാത്മാവിന്റെ യഥാർത്ഥശത്രുവുമാണത്.‘

“അപ്പോൾ വിട, ബഗേരിയ. നിങ്ങൾ നിങ്ങളുടെ കുടിലുകളിലേക്കും നിങ്ങളുടെ പൂക്കളിലേക്കും നിങ്ങളുടെ കാട്ടുമൃഗങ്ങളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും മടങ്ങിച്ചെല്ലുമ്പോൾ സഹജീവികളായ കാട്ടാളന്മാരോടു പറഞ്ഞേക്കൂ, ഡിസ്ക്കൗണ്ടിൽ കൊടുക്കുന്ന റൗണ്ട് ട്രിപ്പ് ടിക്കറ്റുകളെ സൂക്ഷിക്കണമെന്ന്. ഞങ്ങളുടെ നഗരങ്ങളിലേക്കു വരരുതെന്ന് അവരോടു പറയൂ. അത്രയും ഫ്രാൻസിസ്ക്കൻ ആർദ്രതയോടെ നിങ്ങൾ വരച്ച കാട്ടുമൃഗങ്ങളോടു പറയൂ, അവ തങ്ങളുടെ സൗന്ദര്യം ഇങ്ങനെയെടുത്തു വീശരുതെന്ന്, അല്ലെങ്കിൽ, ഉന്മാദത്തിന്റെ ഏതോ നിമിഷത്തിൽ വീട്ടുമൃഗങ്ങളാവാൻ നിന്നുകൊടുക്കരുതെന്ന്. അധികം മദിക്കരുതെന്ന് നിങ്ങളുടെ പൂക്കളോടും പറയുക. അല്ലെങ്കിൽ അവയ്ക്ക് തുടലിൽ കിടക്കേണ്ടിവരും, ശവങ്ങളുടെ ദുഷിച്ച വായു തിന്നേണ്ടിവരും.”

(1936 ജൂൺ 10ന്‌ ഒരു സ്പാനിഷ് പത്രത്തിൽ പ്രസിദ്ധീകരിച്ചതാണ്‌ കാരിക്കേച്ചറിസ്റ്റായ ലൂയിസ് ബഗേരിയ Luis Bageriaയും ലോർക്കയും തമ്മിലുള്ള ഈ സംഭാഷണം. തന്റെ കാലത്തെ ഏറ്റവും പ്രഗത്ഭനായ കാർട്ടൂണിസ്റ്റായ ബഗേരിയ സ്വയം വിശേഷിപ്പിച്ചിരുന്നത് ‘കാട്ടാളനായ കാരിക്കേച്ചറിസ്റ്റ്’ എന്നാണ്‌. 



അഭിപ്രായങ്ങളൊന്നുമില്ല: