2022, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

കാഫ്ക- വിളംബരം


ഞങ്ങളുടെ വീട്ടിൽ, പട്ടണപ്രാന്തത്തിലുള്ള ഈ വമ്പൻകെട്ടിടത്തിൽ, തകരാൻ കൂട്ടാക്കാത്ത മദ്ധ്യകാലനാശാവശിഷ്ടങ്ങൾ കലർന്നുകിടക്കുന്ന ഈ വാടകവീട്ടിൽ, മൂടലുള്ള, ഐസുപോലെ തണുത്ത ഈ മഞ്ഞുകാലപ്രഭാതത്തിൽ താഴെപ്പറയുന്ന വിളംബരത്തിന്റെ കോപ്പികൾ വിതരണം ചെയ്യപ്പെടുകയുണ്ടായി:

എന്റെ എല്ലാ കൂട്ടുവാടകക്കാരോടുമായി.

എന്റെ കയ്യിൽ അഞ്ചു റൈഫിളുകളുണ്ട്; എന്റെ അലമാരയിൽ ഓരോ കൊളുത്തിലായി അവ തൂക്കിയിട്ടിരിക്കുകയാണ്‌. ആദ്യത്തേത് എനിക്കുള്ളതുതന്നെ; മറ്റുള്ളവ വേണമെന്നുള്ള ആർക്കും ആവശ്യപ്പെടാം; നാലിൽ കൂടുതൽ ആവശ്യക്കാരുണ്ടെങ്കിൽ അവർ സ്വന്തമായി റൈഫിളുകൾ കൊണ്ടുവരേണ്ടതും അവ എന്റെ അലമാരയിൽ നിക്ഷേപിക്കേണ്ടതുമാകുന്നു. ഐകരൂപ്യം വേണ്ടതാണല്ലോ; ഐകരൂപ്യം ഇല്ലെങ്കിൽ നാം എവിടെയും എത്താൻ പോകുന്നില്ല. കൂട്ടത്തിൽ പറയട്ടെ, മറ്റൊരുപയോഗത്തിനും കൊള്ളാത്ത റൈഫിളുകളേ എന്റെ കൈവശമുള്ളു: മെക്കാനിസം പോയിക്കിടക്കുകയാണ്‌, കോർക്കുകൾ കീറിയതാണ്‌, കോക്കുകൾ ക്ലിക്ക് ചെയ്യുന്നുണ്ടെന്നു മാത്രം. അതിനാൽ, ആവശ്യമെങ്കിൽ അത്തരം റൈഫിളുകൾ കിട്ടാൻ വിഷമമില്ല. അതുകൊണ്ട് തത്വത്തിൽ, റൈഫിളുകളില്ലാത്തവർ പോലും തുടക്കത്തിൽ സ്വീകാര്യമാണ്‌; നിർണ്ണായകമുഹൂർത്തത്തിൽ നമ്മളിൽ റൈഫിൾ ഇല്ലാത്തവർ നിരായുധരായവർക്കു ചുറ്റും അണി നിരക്കേണ്ടതാണ്‌. റെഡ്  ഇൻഡ്യാക്കാർക്കെതിരായി ആദ്യകാലത്തെ അമേരിക്കൻ കർഷകർ ഫലപ്രദമായി ഉപയോഗിച്ച തന്ത്രപരമായ രീതി; അതെന്തുകൊണ്ട് ഇവിടെയും വിജയിക്കാതിരിക്കില്ല, അവസ്ഥകൾ എന്തായാലും സമാനമാണെന്നിരിക്കെ? റൈഫിളുകൾ പൂർണ്ണമായി ഒഴിവാക്കിയാൽപോലും സാദ്ധ്യമാണതെന്നുവരാം. അഞ്ചു റൈഫിളുകളുടെതന്നെ ഒരാവശ്യവുമില്ല; ഇവിടെയുണ്ടാവാൻ ഇടയായതുകൊണ്ടുമാത്രം അവ എടുത്തുപയോഗിക്കാം എന്നുമാത്രം. അതേ സമയം മറ്റു നാലു പേർക്കും അവ എടുത്തുനടക്കാൻ ആഗ്രഹമില്ലെന്നാണെങ്കിൽ അങ്ങനെയായിക്കോട്ടെ. അപ്പോൾ ഞാൻ മാത്രം, നേതാവെന്ന നിലയ്ക്ക്, ഒരു റൈഫിൾ കൊണ്ടുനടക്കും. എന്നാൽ നമുക്കൊരു നേതാവിന്റെ ആവശ്യമില്ല; അതിനാൽ ഞാനും എന്റെ റൈഫിൾ ഒടിച്ചുകളയുകയോ മാറ്റിവയ്ക്കുകയോ ചെയ്യും.

ഇതായിരുന്നു ആദ്യത്തെ വിളംബരം. ഞങ്ങളുടെ കെട്ടിടത്തിലെ ആർക്കും വിളംബരങ്ങൾ വായിക്കാനുള്ള നേരമോ ആഗ്രഹമോ ഉണ്ടായിരുന്നില്ല; പിന്നല്ലേ, അതിനെക്കുറിച്ചു ചിന്തിക്കാൻ പോകുന്നു. അധികം വൈകിയില്ല, അവ എഴുതിയ ചെറിയ കടലാസുഷീറ്റുകൾ മച്ചുമ്പുറത്തു നിന്നു തുടങ്ങി, എല്ലാ ഇടനാഴികളിലൂടെയും വളർന്ന്, കോണിപ്പടിയിലൂടെ ഒഴുകിയിറങ്ങുന്ന മാലിന്യങ്ങളുടെ ഒഴുക്കിൽ പൊന്തിയൊഴുകുകയും കോണിത്തളത്തിൽ താഴെ നിന്നു ചുഴന്നുപൊങ്ങുന്ന എതിരൊഴുക്കിനോടു മല്ലിടുകയുമായി. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ രണ്ടാമതൊരു വിളംബരം ഉണ്ടായി:

കൂട്ടുവാടകക്കാരേ!

ഇതുവരെ ഒരാളും എനിക്കു പേരു തന്നിട്ടില്ല. എനിക്കെന്റെ ഉപജീവനത്തിനുള്ളതു സമ്പാദിക്കേണ്ട നേരമൊഴികെ ഏതു നേരവും ഞാൻ വീട്ടിൽത്തന്നെ ഉണ്ടായിരുന്നതാണ്‌. ഞാൻ ഇല്ലാത്ത സമയങ്ങളിലാണെങ്കിൽ എന്റെ മുറിയുടെ വാതിൽ മലർക്കെ തുറന്നുകിടക്കുകയായിരുന്നു; എന്റെ മേശപ്പുറത്തുള്ള കടലാസുഷീറ്റിൽ ആർക്കും തന്റെ പേരെഴുതുകയും ചെയ്യാമായിരുന്നു എന്നിരിക്കെ ഒരാൾ പോലും അങ്ങനെ ചെയ്തിട്ടില്ല.

കാഫ്ക- എന്റെ അയല്ക്കാരൻ

 

എന്റെ ബിസിനസ് പൂർണ്ണമായും എന്റെ ചുമലുകളിലാണ്‌. ഫ്രണ്ട് ഓഫീസിൽ ടൈപ്പ് റൈറ്ററുകളും ലെഡ്ജറുകളുമായി രണ്ടു സെക്രട്ടറിമാർ, പിന്നെ, മേശയും സേഫും കൺസൾട്ടിങ്ങ് ടേബിളും ഈസി ചെയറും ഫോണുമായി എന്റെ ഓഫീസ്- ഇത്രയുമാണ്‌ എന്റെ സെറ്റപ്പ്. എല്ലാറ്റിലും ഒരു കണ്ണു വയ്ക്കാനും മാത്രം അത്ര ലളിതം, കൊണ്ടുനടക്കാൻ വളരെ എളുപ്പം. ഞാൻ ചെറുപ്പമാണ്‌; എന്റെ ബിസിനസ് വളരെ സുഖമായി മുന്നോട്ടു നീങ്ങുന്നു; എനിക്കു പരാതികളില്ല, എനിക്കു പരാതികളില്ല.

തൊട്ടടുത്തുള്ള ഒഴിഞ്ഞ ഫ്ലാറ്റ് പുതുവർഷം കഴിഞ്ഞയുടനേ ഒരു ചെറുപ്പക്കാരൻ വന്നു വാടകയ്ക്കെടുത്തു;  അതു വാടകയ്ക്കെടുക്കുന്നത്   ബുദ്ധിമോശം കാരണം ഞാൻ നീട്ടിനീട്ടിക്കൊണ്ടുപോവുകയായിരുന്നു. അതിലും ഒരു മുറിയും ഒരു ഫ്രണ്ട് ഓഫീസുമാണുള്ളത്; അധികമായി ഒരടുക്കള കൂടിയുണ്ട്. ആ രണ്ടു മുറികളും ഓഫീസായി എനിക്കുപയോഗിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു- കുറച്ചുകൂടി സൗകര്യം കിട്ടിയിരുന്നെങ്കിൽ എന്ന് ആ സെക്രട്ടറിപ്പെൺകുട്ടികൾ പലപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതുമാണല്ലോ; എന്നാൽ ആ അടുക്കള കൊണ്ട് ഞാനെന്തു ചെയ്യാൻ? ആ നിസാരമായ ഉത്കണ്ഠ കാരണമാണ്‌ എനിക്കാ ഫ്ലാറ്റ് കൈവിട്ടുപോയത്. ഇപ്പോൾ ആ ചെറുപ്പക്കാരനാണ്‌ അവിടെ ഇരിക്കുന്നത്. ഹരാസ്, അതാണയാളുടെ പേര്‌. അയാൾ എന്താണവിടെ ചെയ്യുന്നതെന്ന് എനിക്കറിയില്ല. വാതില്ക്കൽ ഇത്രമാത്രം എഴുതിവച്ചിട്ടുണ്ട്: “ഹരാസ്, ഓഫീസ്".  ചില അന്വേഷണങ്ങൾ നടത്തിയതിൽ നിന്നു മനസ്സിലായത് ഞാൻ ചെയ്യുന്നപോലെയുള്ള ഒരു ബിസിനസ് തന്നെയാണ്‌ അയാളുടേതെന്നും അയാൾക്കു ലോൺ കൊടുക്കരുതെന്നുപദേശിക്കാൻ മതിയായ കാരണമില്ലെന്നും ഭാവിയിൽ കണ്ണു നട്ടിരിക്കുന്ന ഒരു ചെറുപ്പക്കാരനാണയാളെന്നും അയാളുടെ ബിസിനസിന്‌ നല്ലൊരു ഭാവി ഉണ്ടായേക്കാമെന്നുമാണ്‌; അതേസമയം, മൂലധനമെന്നു പറയാൻ പ്രത്യക്ഷത്തിൽ ഒന്നും കാണാനില്ലാത്തതിനാൽ  അയാൾക്കു ലോൺ കൊടുക്കണമെന്ന് തങ്ങൾ ഉപദേശിക്കുന്നില്ലെന്ന് അതിന്റെ മറുവശം കൂടി അവർ എടുത്തു കാണിക്കുന്നു. ഒന്നും അറിയില്ലെങ്കിൽ പതിവായി നല്കിവരാറുള്ള അതേ ഉപദേശം തന്നെ.

ചില സമയത്ത് ഹരാസിനെ ഞാൻ കോണിപ്പടിയിൽ വച്ചു കണ്ടുമുട്ടാറുണ്ട്; എപ്പോഴും വല്ലാത്ത തിരക്കാണയാൾക്ക്; എന്നെക്കടന്ന് ഒറ്റപ്പാച്ചിലാണെന്നതിനാൽ ഇന്നുവരെ ഞാൻ അയാളുടെ മുഖം ശരിക്കൊന്നു കണ്ടിട്ടില്ല. കയ്യിൽ താക്കോൽ റെഡിയായിട്ടുണ്ടാവും; എന്നിട്ടൊരു മിന്നൽ പോലെ വാതിൽ തുറന്ന്, എലിയുടെ വാലു പോലയാൾ ഉള്ളിൽ കടന്നാൽ ഞാൻ പിന്നെയും ആ നെയിം പ്ലേറ്റിനു മുന്നിൽ നില്ക്കുകയായി: ”ഹരാസ്, ഓഫീസ്.“ അതർഹിക്കുന്നതിലും അധികം തവണ ഞാൻ തു വായിച്ചുകഴിഞ്ഞു.

ഈ തീർത്തും നേർത്ത പ്ലൈവുഡ് ഭിത്തികൾ, സത്യസന്ധമായി പണിയെടുക്കുന്നവനെ അവ ഒറ്റുകൊടുക്കുകയാണ്‌, നേരും നെറിയുമില്ലാത്തവർക്ക് കവചമൊരുക്കുകയും. എന്റെ ഫോൺ ഫിറ്റു ചെയ്തിരിക്കുന്നത് എന്റെ മുറിയെ അയല്ക്കാരന്റെ മുറിയുമായി വേർതിരിക്കുന്ന ചുമരിലാണ്‌; ഞാനിതു പറയുന്നത്  വിരുദ്ധോക്തിയായി എടുത്താൽ മതി; കാരണം, അതിനി നേരേ എതിരേയുള്ള ചുമരിലാണെങ്കില്പോലും അടുത്ത ഫ്ലാറ്റിലുള്ളയാൾക്ക് സകലതും കേൾക്കാം. ഫോണിൽ സംസാരിക്കുമ്പോൾ ക്ലയന്റുകളുടെ പേരു പരാമർശിക്കാതിരിക്കാൻ ഞാൻ സ്വയം പരിശീലിപ്പിച്ചിട്ടുണ്ട്; എന്നാലും ഒഴിവാക്കാനാവാത്ത ചില പദപ്രയോഗങ്ങളിൽ നിന്ന് അവരുടെ പേരുകൾ ഊഹിച്ചെടുക്കാൻ അത്ര വലിയ കൗശലമൊന്നും വേണ്ട. ചിലപ്പോഴൊക്കെ എന്റെ ഉത്കണ്ഠയുടെ രക്തസാക്ഷിയായി റിസീവറും കാതിൽ വച്ച് ഞാൻ ഫോണിനു ചുറ്റും പെരുവിരൽനൃത്തം വയ്ക്കാറുണ്ട്; എന്നിട്ടെന്താ, വായിൽ നിന്നു രഹസ്യങ്ങൾ വീണുപോകുന്നതൊഴിവാക്കാൻ എനിക്കു കഴിയാറില്ല. ഫോൺ ചെയ്യുമ്പോൾ   ബിസിനസ് തീരുമാനങ്ങളെടുക്കാൻ കഴിയാതെ ഞാൻ കുഴങ്ങിപ്പോകുന്നുവെന്നും എന്റെ ശബ്ദം പതറിപ്പോകുന്നുവെന്നുമാണല്ലോ അതിനർത്ഥം. ഞാൻ ഫോൺ ചെയ്യുമ്പോൾ ഹരാസ് എന്തായിരിക്കും ചെയ്യുന്നത്? അതിശയോക്തിപരമായി കാര്യങ്ങൾ കണ്ടാൽ- നമ്മുടെ മനസ്സിൽ കാര്യങ്ങൾക്കൊരു തെളിച്ചം കിട്ടാൻ പലപ്പോഴും നമുക്കതു ചെയ്യേണ്ടിവരാറുണ്ടല്ലോ- എനിക്കിങ്ങനെ പറയാം: ഹരാസിന്‌ ഫോണിന്റെ ആവശ്യമില്ല; അയാൾ എന്റെ ഫോണാണ്‌ ഉപയോഗിക്കുന്നത്; ചുമരിനടുത്ത് സോഫ വലിച്ചടുപ്പിച്ചിട്ട് കാതു കൂർപ്പിച്ചിരിക്കുകയാണയാൾ; അതേ സമയം എനിക്കാണെങ്കിൽ മണിയടിക്കുമ്പോൾ ഫോണിനടുത്തേക്കോടണം, കസ്റ്റമറുടെ ആവശ്യങ്ങൾ കുറിച്ചെടുക്കണം, ദൂരവ്യാപകമായ പരിണതഫലങ്ങളുണ്ടാക്കുന്ന തീരുമാനങ്ങളെടുക്കണം, ആളുകളെ വശത്താക്കുന്നതിൽ അടവുകൾ പലതുമെടുക്കണം; ഇതൊക്കെച്ചെയ്യുമ്പോൾ പക്ഷേ, ഹരാസിന്‌ ചുമരു വഴി ഞാനറിയാതെ ഒരു റിപ്പോർട്ട് കൊടുക്കുകയുമാണ്‌. സംഭാഷണം അവസാനിക്കുന്നതുവരെ അയാൾ കാത്തുനില്ക്കണമെന്നുതന്നെയില്ല; കാര്യങ്ങൾ തനിക്കു മതിയായത്ര വ്യക്തമായിക്കഴിഞ്ഞാൽ തന്റെ പതിവുവേഗതയിൽ ടൗണിലൂടെ പാഞ്ഞുപോവുകയാണയാൾ; ഞാൻ ഫോൺ താഴെ വയ്ക്കുന്നതിനു മുമ്പേ എന്റെ പ്ലാനുകളെ തകിടം മറിക്കാനുള്ള പണികൾ അയാൾ തുടങ്ങിക്കഴിഞ്ഞുവെന്നും വരാം.


2022, ഒക്‌ടോബർ 5, ബുധനാഴ്‌ച

ചെക്കോവിന്റെ ഡയറിയിൽ നിന്ന്

 കൊടിയ ദാരിദ്ര്യം, ഹതാശമായ അവസ്ഥ. അമ്മ വിധവയാണ് , മകൾ തീരെ വിരൂപയും. ഒടുവിൽ അമ്മ മകളെ ഉപദേശിക്കുകയാണ്, വേശ്യാവൃത്തി ചെയ്യാൻ. ഉടുപ്പു വാങ്ങാൻ ഭർത്താവറിയാതെ അവർ ചെറുപ്പത്തിൽ അങ്ങനെ ചെയ്തിട്ടുണ്ട്. അവർ മകൾക്ക് വേണ്ട ഉപദേശങ്ങൾ കൊടുക്കുന്നു. മകൾ രാത്രിയിൽ തെരുവിലേക്കു പോകുന്നു; രാത്രി മുഴുവൻ അവിടെ നടക്കുന്നു; ഒരാൾക്കും അവളെ വേണ്ട; അവൾ വിരൂപയാണ്. ഒടുവിൽ രണ്ടു ദിവസത്തിനു ശേഷം മൂന്നു റൗഡികൾ അവളെ വിളിച്ചുകൊണ്ടുപോകുന്നു. അവൾ തിരിച്ച് വീട്ടിലെത്തുന്നു; അവർ തന്ന നോട്ടെടുത്ത് അമ്മയെ ഏല്പിക്കുന്നു; ഉപയോഗശൂന്യമായ ഒരു ലോട്ടറിടിക്കറ്റാണത്.

*
തിയേറ്ററിൽ . തൊപ്പി തലയിൽ നിന്നെടുത്തിരുന്നെങ്കിൽ നന്നായെന്ന് ഒരാൾ ഒരു സ്ത്രീയോടു പറയുന്നു; അത് തന്റെ കാഴ്ച മറയ്ക്കുകയാണ്. മുറുമുറുക്കൽ, നീരസം, യാചനകൾ . ഒടുവിൽ ഒരു കുമ്പസാരവും: "മാഡം, ഈ നാടകം എഴുതിയതു ഞാനാണ്. " അവരുടെ മറുപടി: "അതിനു ഞാനെന്തു വേണം!"
*
രണ്ടു ഭാര്യമാർ; ഒരാൾ പീറ്റേഴ്സ്ബർഗ്ഗിൽ, മറ്റേയാൾ കെർച്ചിൽ. എന്നും മത്സരവും ഭീഷണികളും കമ്പിസന്ദേശങ്ങളുമാണ്. അവർ അയാളെ ആത്മഹത്യയുടെ വക്കത്തെത്തിക്കുന്നു. ഒടുവിൽ അയാൾ ഒരു വഴി കണ്ടെത്തുന്നു: അയാൾ ഇരുവരേയും ഒരേ വീട്ടിൽ പാർപ്പിക്കുന്നു. അവർക്കിപ്പോൾ എന്തു ചെയ്യണമെന്നറിയില്ല; ഒരു സ്തംഭനാവസ്ഥയിലാണവർ ; അവരിപ്പോൾ ഒന്നും മിണ്ടുന്നില്ല, അനങ്ങുന്നപോലുമില്ല.
*
ഒരു സർക്കാരുദ്യോഗസ്ഥൻ മകനെ കണക്കിനു പ്രഹരിച്ചു; അവന് സ്കൂളിൽ എല്ലാ വിഷയങ്ങൾക്കും കൂടി അഞ്ചു മാർക്കേ കിട്ടിയിട്ടുള്ളു. അതത്ര പോരാ എന്നയാൾക്കു തോന്നി. അയാൾക്കു തെറ്റുപറ്റിയെന്നും കിട്ടാവുന്നതിൽ വച്ചേറ്റവും കൂടിയ മാർക്ക് അഞ്ചാണെന്നും ആരോ പറഞ്ഞപ്പോൾ അയാൾ മകനെ ഒന്നുകൂടി പ്രഹരിച്ചു; അതയാൾ തന്നോടുതന്നെയുള്ള ദേഷ്യം തീർത്തതാണ്.
*
സാഹിത്യത്തിനു സമർപ്പിക്കപ്പെട്ട ഒരു ജീവിതത്തെക്കുറിച്ച് ഒരു ചെറുപ്പക്കാരൻ സ്വപ്നം കാണുന്നു; അക്കാര്യം പറഞ്ഞുകൊണ്ട് അയാൾ നിരന്തരം അച്ഛനു കത്തെഴുതുകയും ചെയ്യുന്നു. ഒടുവിൽ അയാൾ സിവിൽ സർവ്വീസ് ഉപേക്ഷിക്കുന്നു , പീറ്റേഴ്സ്ബർഗ്ഗിലേക്കു പോകുന്നു, സാഹിത്യത്തിനു സ്വയം സമർപ്പിക്കുന്നു - അയാൾ ഒരു സെൻസറാകുന്നു.
*
മരണം ഭയാനകമാണ്‌, എന്നാൽ അതിലും ഭയാനകമാണ്‌, നിങ്ങൾ അനന്തകാലം ജീവിച്ചിരിക്കുമെന്നും ഒരിക്കലും മരിക്കില്ലെന്നുമുള്ള തോന്നൽ.
*
ഒരു പ്രണയലേഖനത്തിൽ: “മറുപടിക്ക് സ്റ്റാമ്പ് വച്ചിട്ടുണ്ട്.”
*
ദൈവമേ, എനിക്കറിയാത്തതോ എനിക്കു മനസ്സിലാകാത്തതോ കാര്യങ്ങളെക്കുറിച്ചു സംസാരിക്കാനോ അവയെ പഴിക്കാനോ എനിക്കു തോന്നാതിരിക്കേണമേ.
*
മരങ്ങൾ വളരുന്നതും പൂത്തുലയുന്നതും എന്തിനാണ്‌, ഉടമസ്ഥന്മാർ മരിച്ചുപൊയിട്ടും?
*
ഒറ്റപ്പെടലിനെ നിങ്ങൾക്കു പേടിയാണെങ്കിൽ വിവാഹം കഴിക്കാൻ പോകരുത്.
*
ശവക്കുഴിയിൽ ഒറ്റയ്ക്കു കിടക്കാനുള്ളതാണെന്നതിനാൽ ഞാനിപ്പോഴേ ഒറ്റയ്ക്കു ജീവിക്കുന്നു.
*
നിരുപയോഗമായ ഒരു വസ്തു, ആർക്കും ഓർമ്മയില്ലാത്ത, ആർക്കും താല്പര്യമില്ലാത്ത ഫോട്ടോകൾ ഒട്ടിച്ച ഒരാല്ബം, ഒരു മൂലയ്ക്ക് ഒരു കസേരയിൽ കിടക്കുന്നു; കഴിഞ്ഞ ഇരുപതു കൊല്ലമായി അതവിടെ കിടക്കുന്നു; അതെടുത്തു വലിച്ചെറിയാൻ ആർക്കും മനസ്സു വരുന്നില്ല.
*
നക്ഷത്രങ്ങൾ പണ്ടേ അണഞ്ഞുകഴിഞ്ഞു; ആൾക്കൂട്ടത്തിന്റെ കണ്ണുകളിൽ പക്ഷേ, ഇപ്പോഴുമവ തിളങ്ങിനില്ക്കുന്നു.
*
വീട്ടിലിരിക്കുക എന്തു സുഖപ്രദമാണ്‌, പുരപ്പുറത്തു മഴ താളം പിടിക്കുമ്പോൾ, ബോറടിപ്പിക്കാൻ ആരും കയറിവരാനില്ലെന്നോർക്കുമ്പോൾ.
*
ലോട്ടറിയിൽ തനിക്ക് മൂന്നു ലക്ഷം അടിച്ചതായി അടുപ്പിച്ചടുപ്പിച്ചു രണ്ടുതവണ അയാൾ സ്വപ്നം കണ്ടു; എന്തെന്നാൽ, മൂന്നു ലക്ഷം കൊണ്ട് അയാൾക്കു മതിയാകുമായിരുന്നില്ല.
*
വെള്ളത്തിൽ മീൻ നീന്തിത്തുടിക്കുന്നതു കാണാൻ ഇഷ്ടമുള്ള കാലത്തോളം ഒരാളെ കവി എന്നു പറയാം; എന്നാൽ ആ നീന്തിത്തുടിക്കൽ ദുർബ്ബലന്റെ പിന്നാലെ കരുത്തന്റെ പാച്ചിലാണെന്നറിയുമ്പോൾ അയാൾ ചിന്തകനാകുന്നു; ആ പാച്ചിൽ കൊണ്ടെന്തു കാര്യമെന്നോ നശീകരണത്തിന്റെ ഫലമായുണ്ടാകുന്ന സമതുലനം കൊണ്ടെന്തു ഗുണമെന്നോ മനസ്സിലാകാതെ വരുമ്പോൾ കുട്ടിയായിരുന്നപ്പോഴെന്നപോലെ അയാൾ അല്പബുദ്ധിയാകുന്നു. എത്ര കൂടുതൽ അറിയുകയും ചിന്തിക്കുകയും ചെയ്യുന്നോ, അത്രയ്ക്കയാൾ ബുദ്ധിഹീനനാകുന്നു.
*
ചൊവ്വാഴ്ചയ്ക്കു വഴി മാറാത്ത ഒരു തിങ്കളാഴ്ചയുമില്ല.
*
അന്യരുടെ തിന്മകളിലൂടെ നിങ്ങൾ വിശുദ്ധനാകുന്നില്ല.
*
മരണശേഷം തന്നെ വേട്ടയാടുന്ന പ്രേതങ്ങളെക്കുറിച്ചോർത്ത് ഹാംലെറ്റ് എന്തിനാധിപ്പെട്ടു, അതിലുമെത്രയോ ഭീകരമായ പ്രേതങ്ങൾ ജീവിതത്തെത്തന്നെ വേട്ടയാടാനുള്ളപ്പോൾ?
*
ദേശീയശാസ്ത്രം എന്നൊന്നില്ല, ദേശീയമായ പെരുക്കപ്പട്ടിക എന്നൊന്നില്ലാത്തപോലെ; ദേശീയമായാൽ ശാസ്ത്രീയമല്ലാതായി.
*
കുട്ടികൾ കരയുന്നതെനിക്കു സഹിക്കില്ല; എന്നാൽ, എന്റെ കുട്ടി കരയുമ്പോൾ ഞാനതു കേൾക്കാറുമില്ല.
*
എന്തിനോടെങ്കിലും പൊതുവായുള്ള വെറുപ്പു പോലെ മനുഷ്യരെ ഒരുമിപ്പിക്കില്ല, സ്നേഹമോ സൗഹൃദമോ ബഹുമാനമോ ഒന്നും.
*
മീശയില്ലാത്ത പുരുഷൻ മീശ വച്ച സ്ത്രീയെപ്പോലെയാണ്‌.
*
ഒരു ചുംബനം കൊണ്ട് ഒരു സ്ത്രീയെ നേടാൻ കഴിയാത്തവൻ ഒരു പ്രഹരം കൊണ്ട് അതു സാധിക്കാനും പോകുന്നില്ല.
*

എൻ, പെൻഷൻ പറ്റിയ ഒരു സ്റ്റേറ്റ് കൗൺസിലർ, നാട്ടുമ്പുറത്താണു ജീവിക്കുന്നത്; അറുപത്താറു വയസ്സായി. ആൾക്കു നല്ല വിദ്യാഭ്യാസമുണ്ട്, പുരോഗമനചിന്താഗതിക്കാരനാണ്‌, വായനയുണ്ട്, തർക്കങ്ങൾ ഇഷ്ടവുമാണ്‌. ഒരിക്കൽ തന്നെക്കാണാൻ വന്ന ചിലരിൽ നിന്നയാൾ കേൾക്കുന്നു, പുതിയ കൊറോണർ സെഡ് ഒരു കാലിൽ സ്ലിപ്പറും മറ്റേക്കാലിൽ ബൂട്ടുമിട്ടാണു നടക്കുന്നതെന്നും മറ്റൊരാളുടെ ഭാര്യയോടൊപ്പമാണു താമസിക്കുന്നതെന്നും. എന്നിനു പിന്നെ ചിന്ത സെഡിനെക്കുറിച്ചു മാത്രമായി; അയാളെക്കുറിച്ചു സംസാരിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനില്ല; ഒരു സ്ലിപ്പറുമിട്ടാണത്രേ അയാൾ നടക്കുന്നത്, മറ്റൊരുത്തന്റെ ഭാര്യയെ വച്ചുകൊണ്ടിരിക്കുകയും! അയാൾക്കു മറ്റൊന്നും പറയാനില്ല. ഒടുവിൽ അയാൾ സ്വന്തം ഭാര്യയോടൊപ്പം കിടക്കുന്നു (കഴിഞ്ഞ എട്ടുകൊല്ലമായി അയാൾ അവരോടൊപ്പം കിടന്നിട്ടില്ല); അയാളുടെ മനസ്സാകെ വിക്ഷുബ്ധമായിരിക്കുന്നു, സദാസമയവും സെഡിനെക്കുറിച്ചയാൾ പറഞ്ഞുകൊണ്ടിരിക്കുന്നു. ഒടുവിൽ അയാൾക്കു ഹൃദയാഘാതമുണ്ടാകുന്നു, അയാളുടെ ഒരു വശം തളർന്നുപോകുന്നു- ഇതെല്ലാം സെഡിനെക്കുറിച്ചുള്ള മാനസികവിക്ഷോഭത്തിൽ നിന്നാണേ! ഡോക്ടർ വരുന്നു. ഡോക്ടറോടും എൻ സെഡിനെക്കുറിച്ചു പറയുന്നു. ഡോക്ടർ പറയുന്നു, തനിക്കയാളെ അറിയാമെന്നും കാലു സുഖമായതിനാൽ അയാളിപ്പോൾ രണ്ടു കാലിലും ബൂട്ടിട്ടാണു നടക്കുന്നതെന്നും മറ്റേ സ്ത്രീയെ അയാൾ വിവാഹം കഴിച്ചുവെന്നും.
*

എൻ. എന്ന നാടകനിരൂപകൻ എക്സ്. എന്ന നാടകനടിയെ വച്ചുകൊണ്ടിരിക്കുകയാണ്‌. എക്സ്. നായികയായി വരുന്ന നാടകം നടക്കുന്നന്നു രാത്രി. നാടകം പൊട്ടയാണ്‌, അഭിനയം മോശമാണ്‌, എന്നാൽ എന്നിന്‌ പ്രശംസിക്കാതെ പറ്റുകയുമില്ല. അയാൾ ഇങ്ങനെ എഴുതി: “നാടകവും നായികയായി അഭിനയിച്ച നടിയും ഗംഭീരവിജയമായി. വിശദാംശങ്ങൾ നാളെ.” ആശ്വാസത്തിന്റെ നെടുവീർപ്പുമിട്ടുകൊണ്ടാണ്‌ അയാൾ അവസാനത്തെ രണ്ടു വാക്കുകൾ എഴുതിയത്. അടുത്ത ദിവസം അയാൾ എക്സിനെ കാണാൻ പോകുന്നു; എക്സ്. വാതിൽ തുറക്കുന്നു; അയാളുടെ ചുംബനത്തിനും ആലിംഗനത്തിനും നിന്നുകൊടുക്കുന്നു; പിന്നെ അറുത്തുമുറിച്ച സ്വരത്തിൽ പറയുന്നു: “വിശദാംശങ്ങൾ നാളെ.”
*