കൊടിയ ദാരിദ്ര്യം, ഹതാശമായ അവസ്ഥ. അമ്മ വിധവയാണ് , മകൾ തീരെ വിരൂപയും. ഒടുവിൽ അമ്മ മകളെ ഉപദേശിക്കുകയാണ്, വേശ്യാവൃത്തി ചെയ്യാൻ. ഉടുപ്പു വാങ്ങാൻ ഭർത്താവറിയാതെ അവർ ചെറുപ്പത്തിൽ അങ്ങനെ ചെയ്തിട്ടുണ്ട്. അവർ മകൾക്ക് വേണ്ട ഉപദേശങ്ങൾ കൊടുക്കുന്നു. മകൾ രാത്രിയിൽ തെരുവിലേക്കു പോകുന്നു; രാത്രി മുഴുവൻ അവിടെ നടക്കുന്നു; ഒരാൾക്കും അവളെ വേണ്ട; അവൾ വിരൂപയാണ്. ഒടുവിൽ രണ്ടു ദിവസത്തിനു ശേഷം മൂന്നു റൗഡികൾ അവളെ വിളിച്ചുകൊണ്ടുപോകുന്നു. അവൾ തിരിച്ച് വീട്ടിലെത്തുന്നു; അവർ തന്ന നോട്ടെടുത്ത് അമ്മയെ ഏല്പിക്കുന്നു; ഉപയോഗശൂന്യമായ ഒരു ലോട്ടറിടിക്കറ്റാണത്.
*
തിയേറ്ററിൽ . തൊപ്പി തലയിൽ നിന്നെടുത്തിരുന്നെങ്കിൽ നന്നായെന്ന് ഒരാൾ ഒരു സ്ത്രീയോടു പറയുന്നു; അത് തന്റെ കാഴ്ച മറയ്ക്കുകയാണ്. മുറുമുറുക്കൽ, നീരസം, യാചനകൾ . ഒടുവിൽ ഒരു കുമ്പസാരവും: "മാഡം, ഈ നാടകം എഴുതിയതു ഞാനാണ്. " അവരുടെ മറുപടി: "അതിനു ഞാനെന്തു വേണം!"
*
രണ്ടു ഭാര്യമാർ; ഒരാൾ പീറ്റേഴ്സ്ബർഗ്ഗിൽ, മറ്റേയാൾ കെർച്ചിൽ. എന്നും മത്സരവും ഭീഷണികളും കമ്പിസന്ദേശങ്ങളുമാണ്. അവർ അയാളെ ആത്മഹത്യയുടെ വക്കത്തെത്തിക്കുന്നു. ഒടുവിൽ അയാൾ ഒരു വഴി കണ്ടെത്തുന്നു: അയാൾ ഇരുവരേയും ഒരേ വീട്ടിൽ പാർപ്പിക്കുന്നു. അവർക്കിപ്പോൾ എന്തു ചെയ്യണമെന്നറിയില്ല; ഒരു സ്തംഭനാവസ്ഥയിലാണവർ ; അവരിപ്പോൾ ഒന്നും മിണ്ടുന്നില്ല, അനങ്ങുന്നപോലുമില്ല.
*
ഒരു സർക്കാരുദ്യോഗസ്ഥൻ മകനെ കണക്കിനു പ്രഹരിച്ചു; അവന് സ്കൂളിൽ എല്ലാ വിഷയങ്ങൾക്കും കൂടി അഞ്ചു മാർക്കേ കിട്ടിയിട്ടുള്ളു. അതത്ര പോരാ എന്നയാൾക്കു തോന്നി. അയാൾക്കു തെറ്റുപറ്റിയെന്നും കിട്ടാവുന്നതിൽ വച്ചേറ്റവും കൂടിയ മാർക്ക് അഞ്ചാണെന്നും ആരോ പറഞ്ഞപ്പോൾ അയാൾ മകനെ ഒന്നുകൂടി പ്രഹരിച്ചു; അതയാൾ തന്നോടുതന്നെയുള്ള ദേഷ്യം തീർത്തതാണ്.
*
സാഹിത്യത്തിനു സമർപ്പിക്കപ്പെട്ട ഒരു ജീവിതത്തെക്കുറിച്ച് ഒരു ചെറുപ്പക്കാരൻ സ്വപ്നം കാണുന്നു; അക്കാര്യം പറഞ്ഞുകൊണ്ട് അയാൾ നിരന്തരം അച്ഛനു കത്തെഴുതുകയും ചെയ്യുന്നു. ഒടുവിൽ അയാൾ സിവിൽ സർവ്വീസ് ഉപേക്ഷിക്കുന്നു , പീറ്റേഴ്സ്ബർഗ്ഗിലേക്കു പോകുന്നു, സാഹിത്യത്തിനു സ്വയം സമർപ്പിക്കുന്നു - അയാൾ ഒരു സെൻസറാകുന്നു.
*
മരണം ഭയാനകമാണ്, എന്നാൽ അതിലും ഭയാനകമാണ്, നിങ്ങൾ അനന്തകാലം ജീവിച്ചിരിക്കുമെന്നും ഒരിക്കലും മരിക്കില്ലെന്നുമുള്ള തോന്നൽ.
*
ഒരു പ്രണയലേഖനത്തിൽ: “മറുപടിക്ക് സ്റ്റാമ്പ് വച്ചിട്ടുണ്ട്.”
*
ദൈവമേ, എനിക്കറിയാത്തതോ എനിക്കു മനസ്സിലാകാത്തതോ കാര്യങ്ങളെക്കുറിച്ചു സംസാരിക്കാനോ അവയെ പഴിക്കാനോ എനിക്കു തോന്നാതിരിക്കേണമേ.
*
മരങ്ങൾ വളരുന്നതും പൂത്തുലയുന്നതും എന്തിനാണ്, ഉടമസ്ഥന്മാർ മരിച്ചുപൊയിട്ടും?
*
ഒറ്റപ്പെടലിനെ നിങ്ങൾക്കു പേടിയാണെങ്കിൽ വിവാഹം കഴിക്കാൻ പോകരുത്.
*
ശവക്കുഴിയിൽ ഒറ്റയ്ക്കു കിടക്കാനുള്ളതാണെന്നതിനാൽ ഞാനിപ്പോഴേ ഒറ്റയ്ക്കു ജീവിക്കുന്നു.
*
നിരുപയോഗമായ ഒരു വസ്തു, ആർക്കും ഓർമ്മയില്ലാത്ത, ആർക്കും താല്പര്യമില്ലാത്ത ഫോട്ടോകൾ ഒട്ടിച്ച ഒരാല്ബം, ഒരു മൂലയ്ക്ക് ഒരു കസേരയിൽ കിടക്കുന്നു; കഴിഞ്ഞ ഇരുപതു കൊല്ലമായി അതവിടെ കിടക്കുന്നു; അതെടുത്തു വലിച്ചെറിയാൻ ആർക്കും മനസ്സു വരുന്നില്ല.
*
നക്ഷത്രങ്ങൾ പണ്ടേ അണഞ്ഞുകഴിഞ്ഞു; ആൾക്കൂട്ടത്തിന്റെ കണ്ണുകളിൽ പക്ഷേ, ഇപ്പോഴുമവ തിളങ്ങിനില്ക്കുന്നു.
*
വീട്ടിലിരിക്കുക എന്തു സുഖപ്രദമാണ്, പുരപ്പുറത്തു മഴ താളം പിടിക്കുമ്പോൾ, ബോറടിപ്പിക്കാൻ ആരും കയറിവരാനില്ലെന്നോർക്കുമ്പോൾ.
*
ലോട്ടറിയിൽ തനിക്ക് മൂന്നു ലക്ഷം അടിച്ചതായി അടുപ്പിച്ചടുപ്പിച്ചു രണ്ടുതവണ അയാൾ സ്വപ്നം കണ്ടു; എന്തെന്നാൽ, മൂന്നു ലക്ഷം കൊണ്ട് അയാൾക്കു മതിയാകുമായിരുന്നില്ല.
*
വെള്ളത്തിൽ മീൻ നീന്തിത്തുടിക്കുന്നതു കാണാൻ ഇഷ്ടമുള്ള കാലത്തോളം ഒരാളെ കവി എന്നു പറയാം; എന്നാൽ ആ നീന്തിത്തുടിക്കൽ ദുർബ്ബലന്റെ പിന്നാലെ കരുത്തന്റെ പാച്ചിലാണെന്നറിയുമ്പോൾ അയാൾ ചിന്തകനാകുന്നു; ആ പാച്ചിൽ കൊണ്ടെന്തു കാര്യമെന്നോ നശീകരണത്തിന്റെ ഫലമായുണ്ടാകുന്ന സമതുലനം കൊണ്ടെന്തു ഗുണമെന്നോ മനസ്സിലാകാതെ വരുമ്പോൾ കുട്ടിയായിരുന്നപ്പോഴെന്നപോലെ അയാൾ അല്പബുദ്ധിയാകുന്നു. എത്ര കൂടുതൽ അറിയുകയും ചിന്തിക്കുകയും ചെയ്യുന്നോ, അത്രയ്ക്കയാൾ ബുദ്ധിഹീനനാകുന്നു.
*
ചൊവ്വാഴ്ചയ്ക്കു വഴി മാറാത്ത ഒരു തിങ്കളാഴ്ചയുമില്ല.
*
അന്യരുടെ തിന്മകളിലൂടെ നിങ്ങൾ വിശുദ്ധനാകുന്നില്ല.
*
മരണശേഷം തന്നെ വേട്ടയാടുന്ന പ്രേതങ്ങളെക്കുറിച്ചോർത്ത് ഹാംലെറ്റ് എന്തിനാധിപ്പെട്ടു, അതിലുമെത്രയോ ഭീകരമായ പ്രേതങ്ങൾ ജീവിതത്തെത്തന്നെ വേട്ടയാടാനുള്ളപ്പോൾ?
*
ദേശീയശാസ്ത്രം എന്നൊന്നില്ല, ദേശീയമായ പെരുക്കപ്പട്ടിക എന്നൊന്നില്ലാത്തപോലെ; ദേശീയമായാൽ ശാസ്ത്രീയമല്ലാതായി.
*
കുട്ടികൾ കരയുന്നതെനിക്കു സഹിക്കില്ല; എന്നാൽ, എന്റെ കുട്ടി കരയുമ്പോൾ ഞാനതു കേൾക്കാറുമില്ല.
*
എന്തിനോടെങ്കിലും പൊതുവായുള്ള വെറുപ്പു പോലെ മനുഷ്യരെ ഒരുമിപ്പിക്കില്ല, സ്നേഹമോ സൗഹൃദമോ ബഹുമാനമോ ഒന്നും.
*
മീശയില്ലാത്ത പുരുഷൻ മീശ വച്ച സ്ത്രീയെപ്പോലെയാണ്.
*
ഒരു ചുംബനം കൊണ്ട് ഒരു സ്ത്രീയെ നേടാൻ കഴിയാത്തവൻ ഒരു പ്രഹരം കൊണ്ട് അതു സാധിക്കാനും പോകുന്നില്ല.
*
എൻ, പെൻഷൻ പറ്റിയ ഒരു സ്റ്റേറ്റ് കൗൺസിലർ, നാട്ടുമ്പുറത്താണു ജീവിക്കുന്നത്; അറുപത്താറു വയസ്സായി. ആൾക്കു നല്ല വിദ്യാഭ്യാസമുണ്ട്, പുരോഗമനചിന്താഗതിക്കാരനാണ്, വായനയുണ്ട്, തർക്കങ്ങൾ ഇഷ്ടവുമാണ്. ഒരിക്കൽ തന്നെക്കാണാൻ വന്ന ചിലരിൽ നിന്നയാൾ കേൾക്കുന്നു, പുതിയ കൊറോണർ സെഡ് ഒരു കാലിൽ സ്ലിപ്പറും മറ്റേക്കാലിൽ ബൂട്ടുമിട്ടാണു നടക്കുന്നതെന്നും മറ്റൊരാളുടെ ഭാര്യയോടൊപ്പമാണു താമസിക്കുന്നതെന്നും. എന്നിനു പിന്നെ ചിന്ത സെഡിനെക്കുറിച്ചു മാത്രമായി; അയാളെക്കുറിച്ചു സംസാരിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനില്ല; ഒരു സ്ലിപ്പറുമിട്ടാണത്രേ അയാൾ നടക്കുന്നത്, മറ്റൊരുത്തന്റെ ഭാര്യയെ വച്ചുകൊണ്ടിരിക്കുകയും! അയാൾക്കു മറ്റൊന്നും പറയാനില്ല. ഒടുവിൽ അയാൾ സ്വന്തം ഭാര്യയോടൊപ്പം കിടക്കുന്നു (കഴിഞ്ഞ എട്ടുകൊല്ലമായി അയാൾ അവരോടൊപ്പം കിടന്നിട്ടില്ല); അയാളുടെ മനസ്സാകെ വിക്ഷുബ്ധമായിരിക്കുന്നു, സദാസമയവും സെഡിനെക്കുറിച്ചയാൾ പറഞ്ഞുകൊണ്ടിരിക്കുന്നു. ഒടുവിൽ അയാൾക്കു ഹൃദയാഘാതമുണ്ടാകുന്നു, അയാളുടെ ഒരു വശം തളർന്നുപോകുന്നു- ഇതെല്ലാം സെഡിനെക്കുറിച്ചുള്ള മാനസികവിക്ഷോഭത്തിൽ നിന്നാണേ! ഡോക്ടർ വരുന്നു. ഡോക്ടറോടും എൻ സെഡിനെക്കുറിച്ചു പറയുന്നു. ഡോക്ടർ പറയുന്നു, തനിക്കയാളെ അറിയാമെന്നും കാലു സുഖമായതിനാൽ അയാളിപ്പോൾ രണ്ടു കാലിലും ബൂട്ടിട്ടാണു നടക്കുന്നതെന്നും മറ്റേ സ്ത്രീയെ അയാൾ വിവാഹം കഴിച്ചുവെന്നും.
*
എൻ. എന്ന നാടകനിരൂപകൻ എക്സ്. എന്ന നാടകനടിയെ വച്ചുകൊണ്ടിരിക്കുകയാണ്. എക്സ്. നായികയായി വരുന്ന നാടകം നടക്കുന്നന്നു രാത്രി. നാടകം പൊട്ടയാണ്, അഭിനയം മോശമാണ്, എന്നാൽ എന്നിന് പ്രശംസിക്കാതെ പറ്റുകയുമില്ല. അയാൾ ഇങ്ങനെ എഴുതി: “നാടകവും നായികയായി അഭിനയിച്ച നടിയും ഗംഭീരവിജയമായി. വിശദാംശങ്ങൾ നാളെ.” ആശ്വാസത്തിന്റെ നെടുവീർപ്പുമിട്ടുകൊണ്ടാണ് അയാൾ അവസാനത്തെ രണ്ടു വാക്കുകൾ എഴുതിയത്. അടുത്ത ദിവസം അയാൾ എക്സിനെ കാണാൻ പോകുന്നു; എക്സ്. വാതിൽ തുറക്കുന്നു; അയാളുടെ ചുംബനത്തിനും ആലിംഗനത്തിനും നിന്നുകൊടുക്കുന്നു; പിന്നെ അറുത്തുമുറിച്ച സ്വരത്തിൽ പറയുന്നു: “വിശദാംശങ്ങൾ നാളെ.”
*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ