2022, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

കാഫ്ക- എന്റെ അയല്ക്കാരൻ

 

എന്റെ ബിസിനസ് പൂർണ്ണമായും എന്റെ ചുമലുകളിലാണ്‌. ഫ്രണ്ട് ഓഫീസിൽ ടൈപ്പ് റൈറ്ററുകളും ലെഡ്ജറുകളുമായി രണ്ടു സെക്രട്ടറിമാർ, പിന്നെ, മേശയും സേഫും കൺസൾട്ടിങ്ങ് ടേബിളും ഈസി ചെയറും ഫോണുമായി എന്റെ ഓഫീസ്- ഇത്രയുമാണ്‌ എന്റെ സെറ്റപ്പ്. എല്ലാറ്റിലും ഒരു കണ്ണു വയ്ക്കാനും മാത്രം അത്ര ലളിതം, കൊണ്ടുനടക്കാൻ വളരെ എളുപ്പം. ഞാൻ ചെറുപ്പമാണ്‌; എന്റെ ബിസിനസ് വളരെ സുഖമായി മുന്നോട്ടു നീങ്ങുന്നു; എനിക്കു പരാതികളില്ല, എനിക്കു പരാതികളില്ല.

തൊട്ടടുത്തുള്ള ഒഴിഞ്ഞ ഫ്ലാറ്റ് പുതുവർഷം കഴിഞ്ഞയുടനേ ഒരു ചെറുപ്പക്കാരൻ വന്നു വാടകയ്ക്കെടുത്തു;  അതു വാടകയ്ക്കെടുക്കുന്നത്   ബുദ്ധിമോശം കാരണം ഞാൻ നീട്ടിനീട്ടിക്കൊണ്ടുപോവുകയായിരുന്നു. അതിലും ഒരു മുറിയും ഒരു ഫ്രണ്ട് ഓഫീസുമാണുള്ളത്; അധികമായി ഒരടുക്കള കൂടിയുണ്ട്. ആ രണ്ടു മുറികളും ഓഫീസായി എനിക്കുപയോഗിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു- കുറച്ചുകൂടി സൗകര്യം കിട്ടിയിരുന്നെങ്കിൽ എന്ന് ആ സെക്രട്ടറിപ്പെൺകുട്ടികൾ പലപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതുമാണല്ലോ; എന്നാൽ ആ അടുക്കള കൊണ്ട് ഞാനെന്തു ചെയ്യാൻ? ആ നിസാരമായ ഉത്കണ്ഠ കാരണമാണ്‌ എനിക്കാ ഫ്ലാറ്റ് കൈവിട്ടുപോയത്. ഇപ്പോൾ ആ ചെറുപ്പക്കാരനാണ്‌ അവിടെ ഇരിക്കുന്നത്. ഹരാസ്, അതാണയാളുടെ പേര്‌. അയാൾ എന്താണവിടെ ചെയ്യുന്നതെന്ന് എനിക്കറിയില്ല. വാതില്ക്കൽ ഇത്രമാത്രം എഴുതിവച്ചിട്ടുണ്ട്: “ഹരാസ്, ഓഫീസ്".  ചില അന്വേഷണങ്ങൾ നടത്തിയതിൽ നിന്നു മനസ്സിലായത് ഞാൻ ചെയ്യുന്നപോലെയുള്ള ഒരു ബിസിനസ് തന്നെയാണ്‌ അയാളുടേതെന്നും അയാൾക്കു ലോൺ കൊടുക്കരുതെന്നുപദേശിക്കാൻ മതിയായ കാരണമില്ലെന്നും ഭാവിയിൽ കണ്ണു നട്ടിരിക്കുന്ന ഒരു ചെറുപ്പക്കാരനാണയാളെന്നും അയാളുടെ ബിസിനസിന്‌ നല്ലൊരു ഭാവി ഉണ്ടായേക്കാമെന്നുമാണ്‌; അതേസമയം, മൂലധനമെന്നു പറയാൻ പ്രത്യക്ഷത്തിൽ ഒന്നും കാണാനില്ലാത്തതിനാൽ  അയാൾക്കു ലോൺ കൊടുക്കണമെന്ന് തങ്ങൾ ഉപദേശിക്കുന്നില്ലെന്ന് അതിന്റെ മറുവശം കൂടി അവർ എടുത്തു കാണിക്കുന്നു. ഒന്നും അറിയില്ലെങ്കിൽ പതിവായി നല്കിവരാറുള്ള അതേ ഉപദേശം തന്നെ.

ചില സമയത്ത് ഹരാസിനെ ഞാൻ കോണിപ്പടിയിൽ വച്ചു കണ്ടുമുട്ടാറുണ്ട്; എപ്പോഴും വല്ലാത്ത തിരക്കാണയാൾക്ക്; എന്നെക്കടന്ന് ഒറ്റപ്പാച്ചിലാണെന്നതിനാൽ ഇന്നുവരെ ഞാൻ അയാളുടെ മുഖം ശരിക്കൊന്നു കണ്ടിട്ടില്ല. കയ്യിൽ താക്കോൽ റെഡിയായിട്ടുണ്ടാവും; എന്നിട്ടൊരു മിന്നൽ പോലെ വാതിൽ തുറന്ന്, എലിയുടെ വാലു പോലയാൾ ഉള്ളിൽ കടന്നാൽ ഞാൻ പിന്നെയും ആ നെയിം പ്ലേറ്റിനു മുന്നിൽ നില്ക്കുകയായി: ”ഹരാസ്, ഓഫീസ്.“ അതർഹിക്കുന്നതിലും അധികം തവണ ഞാൻ തു വായിച്ചുകഴിഞ്ഞു.

ഈ തീർത്തും നേർത്ത പ്ലൈവുഡ് ഭിത്തികൾ, സത്യസന്ധമായി പണിയെടുക്കുന്നവനെ അവ ഒറ്റുകൊടുക്കുകയാണ്‌, നേരും നെറിയുമില്ലാത്തവർക്ക് കവചമൊരുക്കുകയും. എന്റെ ഫോൺ ഫിറ്റു ചെയ്തിരിക്കുന്നത് എന്റെ മുറിയെ അയല്ക്കാരന്റെ മുറിയുമായി വേർതിരിക്കുന്ന ചുമരിലാണ്‌; ഞാനിതു പറയുന്നത്  വിരുദ്ധോക്തിയായി എടുത്താൽ മതി; കാരണം, അതിനി നേരേ എതിരേയുള്ള ചുമരിലാണെങ്കില്പോലും അടുത്ത ഫ്ലാറ്റിലുള്ളയാൾക്ക് സകലതും കേൾക്കാം. ഫോണിൽ സംസാരിക്കുമ്പോൾ ക്ലയന്റുകളുടെ പേരു പരാമർശിക്കാതിരിക്കാൻ ഞാൻ സ്വയം പരിശീലിപ്പിച്ചിട്ടുണ്ട്; എന്നാലും ഒഴിവാക്കാനാവാത്ത ചില പദപ്രയോഗങ്ങളിൽ നിന്ന് അവരുടെ പേരുകൾ ഊഹിച്ചെടുക്കാൻ അത്ര വലിയ കൗശലമൊന്നും വേണ്ട. ചിലപ്പോഴൊക്കെ എന്റെ ഉത്കണ്ഠയുടെ രക്തസാക്ഷിയായി റിസീവറും കാതിൽ വച്ച് ഞാൻ ഫോണിനു ചുറ്റും പെരുവിരൽനൃത്തം വയ്ക്കാറുണ്ട്; എന്നിട്ടെന്താ, വായിൽ നിന്നു രഹസ്യങ്ങൾ വീണുപോകുന്നതൊഴിവാക്കാൻ എനിക്കു കഴിയാറില്ല. ഫോൺ ചെയ്യുമ്പോൾ   ബിസിനസ് തീരുമാനങ്ങളെടുക്കാൻ കഴിയാതെ ഞാൻ കുഴങ്ങിപ്പോകുന്നുവെന്നും എന്റെ ശബ്ദം പതറിപ്പോകുന്നുവെന്നുമാണല്ലോ അതിനർത്ഥം. ഞാൻ ഫോൺ ചെയ്യുമ്പോൾ ഹരാസ് എന്തായിരിക്കും ചെയ്യുന്നത്? അതിശയോക്തിപരമായി കാര്യങ്ങൾ കണ്ടാൽ- നമ്മുടെ മനസ്സിൽ കാര്യങ്ങൾക്കൊരു തെളിച്ചം കിട്ടാൻ പലപ്പോഴും നമുക്കതു ചെയ്യേണ്ടിവരാറുണ്ടല്ലോ- എനിക്കിങ്ങനെ പറയാം: ഹരാസിന്‌ ഫോണിന്റെ ആവശ്യമില്ല; അയാൾ എന്റെ ഫോണാണ്‌ ഉപയോഗിക്കുന്നത്; ചുമരിനടുത്ത് സോഫ വലിച്ചടുപ്പിച്ചിട്ട് കാതു കൂർപ്പിച്ചിരിക്കുകയാണയാൾ; അതേ സമയം എനിക്കാണെങ്കിൽ മണിയടിക്കുമ്പോൾ ഫോണിനടുത്തേക്കോടണം, കസ്റ്റമറുടെ ആവശ്യങ്ങൾ കുറിച്ചെടുക്കണം, ദൂരവ്യാപകമായ പരിണതഫലങ്ങളുണ്ടാക്കുന്ന തീരുമാനങ്ങളെടുക്കണം, ആളുകളെ വശത്താക്കുന്നതിൽ അടവുകൾ പലതുമെടുക്കണം; ഇതൊക്കെച്ചെയ്യുമ്പോൾ പക്ഷേ, ഹരാസിന്‌ ചുമരു വഴി ഞാനറിയാതെ ഒരു റിപ്പോർട്ട് കൊടുക്കുകയുമാണ്‌. സംഭാഷണം അവസാനിക്കുന്നതുവരെ അയാൾ കാത്തുനില്ക്കണമെന്നുതന്നെയില്ല; കാര്യങ്ങൾ തനിക്കു മതിയായത്ര വ്യക്തമായിക്കഴിഞ്ഞാൽ തന്റെ പതിവുവേഗതയിൽ ടൗണിലൂടെ പാഞ്ഞുപോവുകയാണയാൾ; ഞാൻ ഫോൺ താഴെ വയ്ക്കുന്നതിനു മുമ്പേ എന്റെ പ്ലാനുകളെ തകിടം മറിക്കാനുള്ള പണികൾ അയാൾ തുടങ്ങിക്കഴിഞ്ഞുവെന്നും വരാം.


അഭിപ്രായങ്ങളൊന്നുമില്ല: