2022, ഡിസംബർ 6, ചൊവ്വാഴ്ച

നെരൂദ - ബാല്യവും കവിതയും


ഒരിക്കൽ ടെമുക്കോവിലെ ഞങ്ങളുടെ വീടിന്റെ പിന്നാമ്പുറത്ത് എന്റെ ലോകത്തെ കുഞ്ഞുവസ്തുക്കളേയും സൂക്ഷ്മജീവികളേയും തിരഞ്ഞു നടക്കുമ്പോൾ വേലിപ്പലകകളിലൊന്നിൽ ഒരു വിടവ് എന്റെ കണ്ണില്പെട്ടു. ഞാൻ ആ അതിലൂടെ നോക്കി; ഞങ്ങളുടെ വീടിന്റെ പിന്നിലുള്ളതുപോലെതന്നെ കാടുകയറി, പരിപാലനമൊന്നുമില്ലാതെ കിടന്ന ഒരു ഭൂപ്രദേശമാണ്‌ ഞാൻ കണ്ടത്. ഞാനൊന്നു പിന്നിലേക്കു മാറി; എന്തെന്നാൽ, എന്തോ സംഭവിക്കാൻ പോവുകയാണെന്ന അസ്പഷ്ടമായ ഒരു തോന്നലാണ്‌ അപ്പോഴെനിക്കുണ്ടായത്. പെട്ടെന്ന് ഒരു കൈ പ്രത്യക്ഷമായി- എന്റെ പ്രായത്തിലുള്ള ഒരാൺകുട്ടിയുടെ കൊച്ചുകൈ. ഞാൻ അടുത്തു ചെന്നപ്പോഴേക്കും ആ കൈ പൊയ്ക്കഴിഞ്ഞിരുന്നു; അതിന്റെ സ്ഥാനത്ത് അതിസുന്ദരമായ ഒരു വെള്ളച്ചെമ്മരിയാടിനെയാണ്‌ പിന്നെക്കണ്ടത്. 

ആടിന്റെ രോമക്കുപ്പായം മങ്ങിയതായിരുന്നു. അതിന്റെ ഉരുളുകൾ ഊരിപ്പോയിരുന്നു. അതൊക്കെ അതിന്റെ പ്രാമാണികത കൂട്ടിയതേയുള്ളു. അത്രയും വിസ്മയാവഹമായ ഒരു ചെമ്മരിയാടിനെ അതിനു മുമ്പു ഞാൻ കണ്ടിട്ടേയില്ല. ഞാൻ വിടവിനുള്ളിലൂടെ നോക്കി; എന്നാൽ ആ കുട്ടിയെ കാണാനില്ലായിരുന്നു. ഞാൻ വീട്ടിനുള്ളിൽ ചെന്ന് എന്റെ സ്വന്തം നിധി എടുത്തുകൊണ്ടുവന്നു: പിളർന്ന, മണവും കറയുമിറ്റുന്ന ഒരു പൈൻകായ; ഞാനത് പൊന്നുപോലെ സൂക്ഷിക്കുന്നതായിരുന്നു. ഞാനത് അതേ വിടവിൽ വച്ചിട്ട് ചെമ്മരിയാടുമായി വീട്ടിനുള്ളിലേക്കു പോയി.

ആ കയ്യോ ആ കുട്ടിയേയോ പിന്നെ ഞാൻ കണ്ടിട്ടില്ല. അതുപോലൊരു ചെമ്മരിയാടിനേയും പിന്നൊരിക്കലും ഞാൻ കണ്ടിട്ടുമില്ല. ഒടുവിൽ ഒരു തീപിടുത്തത്തിൽ ആ കളിപ്പാട്ടം എനിക്കു നഷ്ടപ്പെട്ടു. എന്നാൽ ഇപ്പോഴും, 1954ൽ, അമ്പതിനോടടുത്ത ഈ പ്രായത്തിലും, എവിടെ വച്ചെങ്കിലും ഒരു കളിപ്പാട്ടക്കട കടന്നുപോകുമ്പോൾ ജനാലയിലൂടെ ഞാനൊന്നൊളിഞ്ഞുനോക്കാറുണ്ട്; പക്ഷേ കാര്യമില്ല. അങ്ങനെയുള്ള ചെമ്മരിയാടിനെ ഇപ്പോഴാരും ഉണ്ടാക്കാറില്ല.

ഞാൻ ഭാഗ്യവാനായിരുന്നു. സഹോദരങ്ങളുടെ സ്നേഹത്തിനു പാത്രമാവുക എന്നത് ജീവിതത്തിലെ വിസ്മയാവഹമായ ഒരു സംഗതിയാണ്‌. നാം സ്നേഹിക്കുന്നവരുടെ സ്നേഹം അനുഭവിക്കുന്നത് നമ്മുടെ ജീവിതത്തിനു ചൂടു പകരുന്ന ഒരഗ്നിയാണ്‌. എന്നാൽ നമുക്കറിയാത്തവരിൽ നിന്ന്, നമ്മുടെ പരിചയസീമയിലില്ലാത്തവരിൽ നിന്നു വരുന്ന സ്നേഹം, നമ്മുടെ ഉറക്കത്തിനും ഏകാന്തതയ്ക്കും, നമ്മുടെ അപകടങ്ങൾക്കും ദൗർബ്ബല്യങ്ങൾക്കും  മേൽ ജാഗ്രതയോടെ കാവൽ നില്ക്കുന്നവരുടെ സ്നേഹം- അത് മുൻപറഞ്ഞതിൽ നിന്നും മഹത്തായതും കൂടുതൽ സുന്ദരവുമാണ്‌; കാരണം, അത് നമ്മുടെ സത്തയുടെ അതിരുകളെ വിപുലമാക്കുകയാണ്‌, എല്ലാ ജീവജാലങ്ങളേയും ഒരുമിപ്പിക്കുകയാണ്‌.

ആ കൈമാറ്റം അമൂല്യമായ ഒരാശയത്തിന്റെ ഗൗരവം എനിക്കു മനസ്സിലാക്കിത്തന്നു: അതായത്, മനുഷ്യവർഗ്ഗം ഏതോ വിധത്തിൽ പരസ്പരബന്ധിതമാണ്‌. ആ അനുഭവം പില്ക്കാലത്തൊരിക്കല്ക്കൂടി എനിക്കുണ്ടായി; അന്നത് കഷ്ടപ്പാടിന്റെയും പീഡനത്തിന്റെയും പശ്ചാത്തലത്തിൽ തെഴുത്തുനില്ക്കുന്നതായിരുന്നു.

മാനുഷികസാഹോദര്യത്തിനു പകരമായി ഞാൻ കൊടുക്കാൻ ശ്രമിച്ചത് കറയിറ്റുന്നതും മണ്ണു പുരണ്ടതും വാസനയുള്ളതുമായ ഒന്നായിരുന്നു എന്നതിൽ നിങ്ങൾക്കപ്പോൾ അത്ഭുതം തോന്നുകയില്ല. ഒരിക്കൽ വേലിക്കൽ ഒരു പൈൻകായ വച്ചിട്ടുപോന്നതുപോലെ പിന്നീട്, എനിക്കജ്ഞാതരായ, തടവറകളിലോ വേട്ടയാടപ്പെടുന്നവരോ ഒറ്റപ്പെട്ടവരോ ആയ എത്രയോ പേരുടെ വാതില്ക്കൽ ഞാൻ വാക്കുകൾ വച്ചിട്ടുപോന്നു. 

അതാണ്‌, ഒറ്റപ്പെട്ടൊരു വീടിന്റെ പിന്നാമ്പുറത്തു വച്ച്, ബാല്യത്തിൽ ഞാൻ പഠിച്ച വലിയ പാഠം. അതിനി പരസ്പരം അറിയാത്തവരും ജീവിതത്തിലെ ചില നല്ല കാര്യങ്ങൾ മറ്റേയാൾക്കു കൈമാറാൻ കൊതിച്ചവരുമായ രണ്ടു കുട്ടികളുടെ കുട്ടിക്കളി മാത്രമായിരുന്നു എന്നു വരാം. എന്നാല്ക്കൂടി, നിസ്സാരമായ, രഹസ്യമായി നടന്ന ആ സമ്മാനക്കൈമാറ്റം എന്റെ ഉള്ളിന്റെയുള്ളിൽ നശിക്കാതെ ശേഷിക്കുന്നു, എന്റെ കവിതയ്ക്കു വെളിച്ചം പകർന്നുകൊണ്ട്. 


അഭിപ്രായങ്ങളൊന്നുമില്ല: