പകലോ രാത്രിയോ, ചില പ്രത്യേകനേരങ്ങളിൽ, ചലനം നിലച്ച വസ്തുക്കളുടെ ലോകത്തെ അടുത്തു ചെന്നൊന്നു നിരീക്ഷിക്കുന്നത് നല്ലതാണ്. അയിരിന്റെയും പച്ചക്കറികളുടേയും വൻചുമടുകളും കല്ക്കരിച്ചാക്കുകളും വീപ്പകളും കൂടകളും മരപ്പണിക്കാരന്റെ ആയുധപ്പെട്ടിക്കു വേണ്ട അലകുകളും പിടികളും പേറി പൊടിയടിഞ്ഞ ദീർഘദൂരങ്ങൾ താണ്ടിയ ചക്രങ്ങൾ. അവയിൽ നിന്നൊഴുകുന്നത് മനുഷ്യനു മണ്ണുമായുള്ള സമ്പർക്കങ്ങൾ, നെഞ്ചെരിയുന്ന എല്ലാ ഭാവഗായകർക്കും പഠിക്കാനുള്ള പാഠങ്ങൾ പോലെ. വസ്തുക്കളുടെ തേഞ്ഞ പ്രതലങ്ങൾ, കൈപ്പെരുമാറ്റം വസ്തുക്കൾക്കു പകരുന്ന തേയ്മാനം, അത്തരം വസ്തുക്കളുടെ ചിലനേരം ദാരുണവും മിക്കപ്പോഴും ശോചനീയവുമായ ഭാവം- അവയെല്ലാം വില കുറച്ചു കാണരുതാത്ത ഒരു ലോകത്തിന്റെ യാഥാർത്ഥ്യത്തിന് കൗതുകകരമായ ഒരു വശ്യത നല്കുന്നു.
അവയിൽ നാം കാണുന്നു, മനുഷ്യാവസ്ഥയുടെ കലുഷമായ അശുദ്ധി, വസ്തുക്കളുടെ കൂമ്പാരം കൂടൽ, സാമഗ്രികളുടെ ഉപയോഗവും ദുരുപയോഗവും, കാല്പാടുകളും വിരല്പാടുകളും, എല്ലാ നിർമ്മിതികളേയും അകവും പുറവും ഗ്രസിക്കുന്ന മനുഷ്യന്റെ നിരന്തരസാന്നിദ്ധ്യം.
ഇതാകട്ടെ നാം തേടിനടക്കുന്ന കവിത: കൈകളുടെ ദൗത്യങ്ങളാൽ അമ്ളം വീണപോലെ ദ്രവിച്ചത്, വിയർപ്പിലും പുകയിലും മുങ്ങിയത്, ലില്ലിപ്പൂക്കളും മൂത്രവും മണക്കുന്നത്, ജീവിക്കാൻ വേണ്ടി നിയമം നോക്കിയോ നിയമം ലംഘിച്ചോ നാം നടത്തുന്ന വ്യവഹാരങ്ങളാൽ പലവിധം പുള്ളി കുത്തിയത്.
അശുദ്ധമായൊരു കവിത, നാമിടുന്ന ഉടുപ്പു പോലെ, അല്ലെങ്കിൽ നമ്മുടെ ഉടലു പോലെ എച്ചിൽ പറ്റിയത്, നമ്മുടെ നാണം കെട്ട പെരുമാറ്റങ്ങൾ കൊണ്ട്, നമ്മുടെ ചുളിവുകളും ഉറക്കമൊഴിക്കലുകളും സ്വപ്നങ്ങളും കൊണ്ട്, നിരീക്ഷണങ്ങളും പ്രവചനങ്ങളും കൊണ്ട്, വെറുപ്പിന്റെയും സ്നേഹത്തിന്റെയും പ്രഖ്യാപനങ്ങൾ കൊണ്ട്, ഗ്രാമീണഗാനങ്ങളും വിചിത്രജന്തുക്കളും കൊണ്ട്, സമാഗമങ്ങളുടെ ആഘാതങ്ങൾ കൊണ്ട്, രാഷ്ട്രീയക്കൂറുകൾ കൊണ്ട്, സന്ദേഹങ്ങളും തള്ളിപ്പറയലുകളും കൊണ്ട്, സ്ഥിരീകരണങ്ങളും നികുതികളും കൊണ്ടഴുക്കു പറ്റിയത്.
പ്രണയഗാനങ്ങളുടെ പാവനനിയമങ്ങൾ, സ്പർശത്തിന്റെയും ഗന്ധത്തിന്റെയും രുചിയുടേയും കാഴ്ചയുടേയും കേൾവിയുടേയും അനുശാസനങ്ങൾ, നീതിക്കായുള്ള ദാഹം, കാമാസക്തി, കടലിരമ്പം- ഒന്നിനെയും മന:പൂർവ്വം തള്ളാതെ, ഒന്നിനെയും മനഃപൂർവ്വം കൊള്ളാതെ, രതിമൂർച്ഛയിലെന്നപോലെ വസ്തുക്കളുടെ ഉള്ളിലേക്ക് തുളച്ചുകയറൽ, പ്രാവിൻ നഖങ്ങൾ അഴുക്കു പറ്റിച്ച കാവ്യോല്പന്നം, മഞ്ഞിന്റെയും പല്ലിന്റെയും പാടുള്ളത്, നമ്മുടെ വിയർപ്പുതുള്ളികളും ഉപയോഗവും നേർത്ത ദംശനമേല്പിച്ചത്. ഇളവില്ലാതെ വായിച്ച വാദ്യം നമുക്കതിന്റെ സാന്ത്വനതലം വഴങ്ങും വരെ, ഇരുമ്പുളിയുടെ അഭിമാനം കടഞ്ഞെടുത്ത സൗമ്യതകൾ മരത്തടി നമുക്കു കാട്ടിത്തരും വരെ. പൂവും വെള്ളവും ധാന്യവും വിശിഷ്ടമായ ഒരേ പൊരുത്തം പങ്കുവയ്ക്കുന്നു, സ്പർശത്തിന്റെ സമൃദ്ധവശ്യത.
ആരുമവയെ മറക്കാതിരിക്കട്ടെ: വിഷണ്ണമായ ആ പഴയ വികാരതാരള്യം, വിശുദ്ധവും അന്യൂനവും; ഓർമ്മയിൽ നഷ്ടപ്പെട്ടുപോയ ഒരൈതിഹാസികജനുസ്സിന്റെ ഫലങ്ങൾ, ഒരുന്മത്താവസ്ഥയിൽ വലിച്ചെറിയപ്പെട്ടവ: നിലാവ്, സന്ധ്യനേരത്തെ അരയന്നം, എല്ലാം ചെടിപ്പിക്കുന്ന പ്രയോഗങ്ങൾ. തീർച്ചയായും കേവലമായ, സാരവത്തായ കവിതയുടെ അവസരമാണത്.
വസ്തുക്കളുടെ “ഹീനരുചി”യിൽ നിന്നോടിമാറുന്നവൻ മഞ്ഞിൽ മുഖമടിച്ചു വീഴും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ