1876ലെ വസന്തകാലത്ത്, വിവാഹം കഴിഞ്ഞധികകാലമായിട്ടില്ല, നാല്പത്താറുകാരനായ ദസ്തയെവ്സ്കി ഇരുപതുകാരിയായ നവധുവിനോടൊപ്പം റഷ്യ വിട്ട് ജർമ്മനിയിലേക്കു പോയി. അവരുടെ മധുവിധുവിന്റെ തുടക്കമായിരുന്നു അതെന്ന് ശരിക്കും നമുക്കു പറയാൻ പറ്റില്ല. എഴുത്തുകാരൻ തന്റെ കടക്കാരെ വെട്ടിച്ചു കടന്നുകളയുകയായിരുന്നു എന്നതാണ് വാസ്തവം; ജർമ്മനിയിലെ കാസിനോകളിൽ തന്റെ ഭാഗ്യം പരീക്ഷിക്കുക എന്നതാണ് പ്ലാൻ. അന്ന ഡയറിയെഴുത്ത് തുടങ്ങുന്നത് അന്നുമുതലാണ്. ഈ കുറിപ്പുകളെ “എന്റെ പാവം ഫെദ്യ” എന്ന് ആദ്യം നാമകരണം ചെയ്തത് ആരാണെന്ന് എനിക്കറിയില്ല. യുവതിയായ ഒരു ഭാര്യയ്ക്ക് തന്റെ അസുഖക്കാരനായ, ഭ്രാന്തപ്രകൃതിയായ, അസാധാരണനായ ഭർത്താവിനോട് അനുകമ്പയാണ് തോന്നിയിരുന്നത് എന്ന ധാരണയാണ് അത് നമുക്കുണ്ടാക്കുന്നത്. അതേ സമയം അന്ന തന്റെ അസാധാരണസ്വഭാവക്കാരനായ ഭർത്താവിനെ ശരിക്കും ആരാധനയോടെയും അനുഭാവത്തോടെയുമാണ് കണ്ടിരുന്നത്. അവൾ അദ്ദേഹത്തെ വിനീതമായി, അന്ധമായി സ്നേഹിച്ചു. “എന്റെ കേമനായ ഫെദ്യ,” “എന്റെ സുന്ദരനായ ഫെദ്യ,” “എന്റെ അതിബുദ്ധിമാനായ ഫെദ്യ”- ഈ സംബോധനകളിൽ നിന്നു നമുക്കു വേണ്ടതെടുക്കാം. വസ്തുനിഷ്ഠമായി നോക്കിയാൽ, ഭീതിയും ഉത്കണ്ഠയും നാണക്കേടും നിറഞ്ഞ ഒരു നരകമായിരുന്നു തന്റെ ഫെദ്യയുമൊത്തുള്ള ജീവിതം. ആത്മനിഷ്ഠമായി പക്ഷേ, അതവൾക്കു സന്തോഷം നല്കുകയായിരുന്നു. ഒരു പുഞ്ചിരി, അല്ലെങ്കിൽ കരുണയോടുള്ള ഒരു വാക്ക് മതിയായിരുന്നു അവളുടെ കണ്ണീരുണങ്ങാൻ; ഫെദ്യയ്ക്ക് പണയം വയ്ക്കാനും ആ പണം വച്ച് ചൂതു കളിക്കാനും എല്ലാം വീണ്ടും കളഞ്ഞുകുളിക്കാനുമായി അവൾ തന്റെ കല്യാണമോതിരവും കമ്മലുകളും സ്വന്തം ഷാളും സന്തോഷത്തോടെ ഊരിക്കൊടുത്തിരുന്നു. അദ്ദേഹത്തിന് ഉന്മേഷം നല്കുന്നതോ ആധികളിൽ നിന്ന് ഒരു നിമിഷത്തെ സാന്ത്വനം നല്കുന്നതോ ആകാവുന്നതെന്തും അവളെയും ആഹ്ലാദിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അവൾ അദ്ദേഹത്തിന്റെ കണ്ണുകളിലൂടെ ലോകത്തെ കണ്ടു, അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ തന്റേതാക്കി, അദ്ദേഹത്തിന്റെ മാനസികസങ്കീർണ്ണതകൾ പ്രതിഫലിപ്പിച്ചു, റഷ്യനല്ലാത്ത എന്തിനോടുമുള്ള അദ്ദേഹത്തിന്റെ അവജ്ഞ പങ്കു വയ്ക്കുകയും ചെയ്തു. അപസ്മാരബാധയുണ്ടാകുന്ന ദിവസങ്ങളിൽ ഇടിഞ്ഞ ഹൃദയത്തോടെയെങ്കിലും അവൾ അദ്ദേഹത്തെ ശുശ്രൂഷിച്ചു. തുടരെത്തുടരെ, ഓർത്തിരിക്കാതെയുണ്ടാകുന്ന വെറി പിടിക്കലുകൾ, റെസ്റ്റോറണ്ടുകളിലും കടകളിലും കാസിനോകളിലും സൃഷ്ടിക്കുന്ന പ്രകോപനങ്ങൾ എല്ലാം അവൾ സഹിച്ചു. ഇക്കാലത്ത് അന്ന ഗർഭിണിയായിരുന്നു; നിരന്തരമായ പിരിമുറുക്കം കാരണമാവാം, വല്ലാതെ വിഷമം പിടിച്ച ഗർഭകാലവുമായിരുന്നു അത്. പക്ഷേ, ഞാൻ പറഞ്ഞപോലെ, അവൾ സന്തോഷവതിയായിരുന്നു, അവൾക്കു സന്തോഷവതിയാകണമായിരുന്നു, സന്തോഷവതിയാകുന്നതിൽ അവൾ വിജയിച്ചു, അതിലും വലിയൊരു സന്തോഷം സങ്കല്പിക്കാൻ അവൾക്കു കഴിഞ്ഞതുപോലുമില്ല...നാമിവിടെ കണ്ടുമുട്ടുന്നത് മഹത്തായ പ്രണയം എന്ന പ്രതിഭാസത്തെയാണ്. ഇത്തരം സംഗതികൾ നേരിടേണ്ടിവരുമ്പോൾ നിസ്സംഗരായ നിരീക്ഷകർ എപ്പോഴും ചോദിക്കും: “അവൾ (അയാൾ) അയാളിൽ (അവളിൽ) കണ്ടതെന്താണെന്നുകൂടി പറയൂ.” അത്തരം ചോദ്യങ്ങളെ വിട്ടുകളയുകയാണ് നല്ലത്: മഹത്തായ പ്രണയത്തിന് ന്യായീകരണം ആവശ്യമില്ല. ചെങ്കുത്തായ പാറക്കെട്ടിന്റെ ചരിവിൽ എങ്ങനെയെന്നറിയാതെ മുളച്ചുപൊന്തുന്ന കുഞ്ഞുമരം പോലെയാണത്; എവിടെയാണതിന്റെ വേരുകൾ, എന്തു പോഷണമാണതിനു കിട്ടുന്നത്, ഏതു ദിവ്യാത്ഭുതത്തിൽ നിന്നാണ് ആ പച്ചിലകൾ മുളയ്ക്കുന്നത്? എന്തായാലും അതവിടെയുണ്ട്, ശരിക്കും അതിനു പച്ചനിറവുമാണ്- അപ്പോൾ അതിജീവിക്കാൻ വേണ്ടത് അതിനു കിട്ടുന്നുണ്ടെന്നത് വ്യക്തവുമാണ്. റിഷാർദ് പ്രിബിൽസ്കി (Ryszard Przybylski) ആമുഖത്തിൽ പകുതി തമാശയായി (എന്നാൽ ശരിയാണെന്ന അർത്ഥത്തിൽ) പറയുന്നുണ്ട്, അന്ന ദസ്തയെവ്സ്കിയുടെ ഡയറി ഭാര്യമാർക്കുള്ള ഒരു പ്രയോഗസഹായിയായി ഉപയോഗപ്പെടുത്താമെന്ന്: വിഷമം പിടിച്ച, എന്നാൽ ഉദ്ദേശ്യശുദ്ധിയുള്ള ഒരു ഭർത്താവിനോട് യോജിച്ചുപോകാനുള്ള വഴികൾ. നിർഭാഗ്യമെന്നു പറയട്ടെ, അന്നയുടെ അനുഭവം കൊണ്ട് മറ്റാർക്കും പ്രയോജനമില്ല. അന്ന ഒരു പ്ലാനുണ്ടാക്കി അതു പിന്തുടരുകയായിരുന്നില്ല. സ്നേഹപൂർണ്ണമായ സഹനശീലം അവൾക്കു കൂടപ്പിറപ്പായിരുന്നു.
(“എന്റെ പാവം ഫെദ്യ” എന്ന അന്ന ദസ്തയെവ്സ്കിയുടെ ഡയറിക്കുറിപ്പുകളുടെ പോളിഷ് വിവർത്തനത്തെക്കുറിച്ച് 1971ൽ എഴുതിയത്. “അവശ്യമല്ലാത്ത വായന” എന്ന സമാഹാരത്തിൽ നിന്ന്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ