2023, ഫെബ്രുവരി 8, ബുധനാഴ്‌ച

സോൾഷെനിത്‌സൻ - ഗദ്യകവിതകൾ


നായക്കുട്ടി
----------

ഞങ്ങളുടെ വീടിന്റെ പിന്നാമ്പുറത്ത് ഒരു ബാലൻ തന്റെ നായക്കുട്ടി ഷരീക്കിനെ തുടലിട്ടു വളർത്തുന്നുണ്ട്; പഞ്ഞിപ്പന്തു പോലത്തെ ഒരു കൊച്ചുനായ. ഞാനൊരിക്കൽ അവന്‌ ചൂടു മാറാത്ത, കൊതിയൂറുന്ന മണമുള്ള കുറച്ചു കോഴിക്കാലു കൊണ്ടുകൊടുത്തു. കുട്ടി അവനെ മുറ്റത്തൊന്നോടിവരാൻ അപ്പോൾ അഴിച്ചുവിട്ടതേ ഉണ്ടായിരുന്നുള്ളു. നല്ല കനത്തിൽ, തൂവൽ പോലെ മഞ്ഞു വീണുകിടപ്പുണ്ടായിരുന്നു. ഷരീക്ക് ഒരു മുയലിനെപ്പോലെ കുതിച്ചുപായുകയായിരുന്നു, ആദ്യം പിൻകാലുകളിൽ, പിന്നെ മുൻകാലുകളിൽ, മുറ്റത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേയറ്റത്തേക്ക്, അങ്ങോട്ടുമിങ്ങോട്ടും. ഇടയ്ക്കവൻ മഞ്ഞിൽ മുഖം പൂഴ്ത്തുന്നുമുണ്ട്. അവൻ എന്റെയടുത്തേക്കോടിവന്നു; എന്റെ നേർക്കു ചാടിയിട്ട് അവൻ കോഴിക്കാൽ ഒന്നു മണപ്പിച്ചു- പിന്നെ അതാ, അവൻ പിന്നെയും ഓടിപ്പോവുകയായി, വയററ്റം മഞ്ഞിൽ പുതഞ്ഞുകിടക്കാൻ. എനിക്കു നിങ്ങളുടെ എല്ലൊന്നും വേണ്ട, അവൻ പറഞ്ഞു. എനിക്കെന്റെ സ്വാതന്ത്ര്യം മാത്രം മതി. *

തീക്കുണ്ഡവും ഉറുമ്പുകളും
--------------------------

ദ്രവിച്ച ഒരു വിറകുമുട്ടിയെടുത്ത് ഞാൻ തീയിലേക്കിട്ടു; ഉറുമ്പുകളെക്കൊണ്ടു സജീവമാണതെന്ന് അപ്പോൾ ഞാൻ ശ്രദ്ധിച്ചില്ല. വിറകുകഷണം വെടിച്ചുകത്താൻ തുടങ്ങിയപ്പോൾ ഉറുമ്പുകൾ പുറത്തേക്കു വന്ന് എന്തു ചെയ്യണമെന്നറിയാതെ ഉഴറിപ്പാഞ്ഞുനടന്നു. വിറകിന്റെ മേലറ്റത്തേക്കു ചെന്നവ ചൂടിൽ കരിഞ്ഞുചത്തു. ഞാൻ വിറകെടുത്ത് നിലത്തു മറിച്ചിട്ടു. കുറേ ഉറുമ്പുകൾ എങ്ങനെയോ മണലിലേക്കോ പൈൻകായകളിലേക്കോ ഓടി രക്ഷപെട്ടു. പക്ഷേ വിചിത്രമെന്നു പറയട്ടെ, അവ തീയ്ക്കടുത്തു നിന്നു മാറിപ്പോയില്ല. പേടി മാറിയതും അവ തിരിച്ചുവന്ന് പിന്നെയും വട്ടം ചുറ്റാൻ തുടങ്ങി; ഏതോ ഒരു ശക്തി അവരെ പിന്നെയും വലിച്ചടുപ്പിക്കുകയായിരുന്നു, തങ്ങൾ വിട്ടുപോന്ന ജന്മദേശത്തേക്ക്. എരിയുന്ന വിറകിലേക്കിഴഞ്ഞുകയറി, അതിൽ ഓടിനടന്നിട്ട് ജീവൻ വെടിഞ്ഞ അനേകം ഉറുമ്പുകളുണ്ടായിരുന്നു. *


ദിവസത്തിന്റെ തുടക്കത്തിൽ
------------------------------

സൂര്യനുദിച്ചപ്പോൾ മുപ്പതു ചെറുപ്പക്കാർ ആ വെളിയിടത്തേക്കോടിയിറങ്ങി: അവർ നിരന്നുനിന്നു, സൂര്യനഭിമുഖമായി മുഖം തിരിച്ചു; പിന്നെയവർ കുനിഞ്ഞു, മുട്ടു കുത്തി, കമിഴ്ന്നുകിടന്നു, കൈകൾ നീട്ടി, കൈകൾ പൊക്കി, പിന്നെ വീണ്ടും മുട്ടുകാലിൽ നില്ക്കുകയും ചെയ്തു. കാൽ മണിക്കൂർ നീണ്ടുനിന്നു ഇതെല്ലാം. ദൂരെ നിന്നു നോക്കിയാൽ നിങ്ങൾ കരുതും, അവർ പ്രാർത്ഥിക്കുകയാണെന്ന്. ആളുകൾ തങ്ങളുടെ ശരീരങ്ങൾ ക്ഷമയോടെയും ശ്രദ്ധയോടെയും പരിപാലിക്കുന്നതിൽ ഇക്കാലത്ത് ഒരാൾക്കും അമ്പരപ്പു തോന്നുകയില്ല. എന്നാൽ അവർ അതേ പരിഗണന തങ്ങളുടെ ആത്മാവിനോടു കാണിച്ചാൽ ആളുകൾ അവരെ നോക്കി കളിയാക്കും. അല്ല, അവർ പ്രാർത്ഥിക്കുകയല്ല. അവർ തങ്ങളുടെ പ്രഭാതവ്യായാമം ചെയ്യുകയാണ്‌.



ശ്വസിക്കാനുള്ള സ്വാതന്ത്ര്യം
------------------------------

രാത്രിയിൽ ഒരു മഴ പെയ്തിരുന്നു; ഇപ്പോൾ ഇടയ്ക്കിടെ ഒരു നേർത്ത ചാറൽ തൂളിച്ചുകൊണ്ട് ഇരുണ്ട മേഘങ്ങൾ ആകാശത്തൊഴുകിനീങ്ങുന്നു.
ഞാൻ പൂവിട്ട ഒരാപ്പിൾമരത്തിനു ചുവട്ടിൽ നിന്നുകൊണ്ട് ശ്വാസമെടുക്കുകയാണ്‌. ആപ്പിൾമരം മാത്രമല്ല, അതിനു ചുറ്റുമുള്ള പുൽത്തട്ടും ഈപ്പം കൊണ്ടു തിളങ്ങുന്നുണ്ട്. വായുവിൽ പടർന്നുനിറയുന്ന ആ ഹൃദ്യമായ സുഗന്ധത്തെ വിവരിക്കാൻ വാക്കുകൾക്കു കഴിയില്ല. ആവുന്നത്ര ഉള്ളിലേക്ക് ഞാൻ ശ്വാസം വലിച്ചെടുക്കുന്നു; ആ പരിമളം എന്റെ ഉള്ളിന്റെ ഉള്ളിലേക്കു കടന്നുകയറുന്നു. കണ്ണുകൾ തുറന്നുപിടിച്ചുകൊണ്ട് ഞാൻ ശ്വാസമെടുക്കുന്നു; കണ്ണുകളടച്ചുകൊണ്ട് ഞാൻ ശ്വാസമെടുക്കുന്നു- ഏതാണ്‌ കൂടുതൽ ആനന്ദം തരുന്നതെന്നു പറയാൻ എനിക്കു കഴിയുന്നില്ല.
തടവറ നമ്മളിൽ നിന്നെടുത്തുമാറ്റുന്ന ഏറ്റവും അനർഘമായ സ്വാതന്ത്ര്യം ഇതാണെന്നു ഞാൻ വിശ്വസിക്കുന്നു: ഇപ്പോൾ എനിക്കു കഴിയുന്നതുപോലെ സ്വച്ഛന്ദമായി ശ്വസിക്കാനുള്ള സ്വാതന്ത്ര്യം. ഭൂമുഖത്തെ ഒരു ഭക്ഷണത്തിനും ഒരു വീഞ്ഞിനും ഒരു സ്ത്രീയുടെ ചുംബനത്തിനു പോലുമുണ്ടാവില്ല, പൂക്കളുടെ പരിമളത്തിൽ, ഈർപ്പത്തിൽ, പുതുമയിൽ മുങ്ങിയ ഈ വായു എനിക്കു നല്കുന്നത്രയും മാധുര്യം.
ഇത് തീരെച്ചെറിയൊരു പൂന്തോട്ടമാണെന്നതോ ചുറ്റിനും മൃഗശാലയിലെ കൂടുകൾ പോലടുക്കിവച്ച അഞ്ചുനിലക്കെട്ടിടങ്ങളാണെന്നതോ കാര്യമാക്കാനില്ല. മോട്ടോർസൈക്കിളുകളുടെ കഠോരമായ ഒച്ചയോ റേഡിയോയുടെ ചിണുങ്ങലുകളോ കോളാമ്പികളുടെ കോലാഹലമോ ഞാനിപ്പോൾ കേൾക്കാതാകുന്നു. മഴ കഴിഞ്ഞ നേരത്ത്, ഓരാപ്പിൾമരത്തിനു ചുവട്ടിൽ നിന്ന് ശുദ്ധവായു ശ്വസിക്കാൻ പറ്റുന്ന കാലത്തോളം നമുക്കായുസ്സു നീട്ടിക്കിട്ടുകയാണ്‌.
*

ജലത്തിലെ പ്രതിബിംബം
----------------------------

അതിവേഗമൊഴുകുന്ന ജലത്തിന്റെ പ്രതലത്തിൽ അടുത്തോ ദൂരത്തോ ഉള്ള വസ്തുക്കളുടെ പ്രതിബിംബങ്ങൾ ഇന്നതാണെന്നു നിങ്ങൾക്കു പിടി കിട്ടുകയില്ല. അതിനി കലങ്ങിയതല്ലെങ്കിലും, പതഞ്ഞൊഴുകുകയല്ലെങ്കിലും, നിർത്തില്ലാതിളകിക്കൊണ്ടിരിക്കുന്ന ആ ഓളങ്ങളിലെ പ്രതിബിംബങ്ങൾ, അവ തെറ്റിദ്ധരിപ്പിക്കുന്നതാണ്‌, അവ്യക്തമാണ്‌, പിടി കിട്ടാത്തതുമാണ്‌. ചോലയിൽ നിന്നു ചോലയിലേക്കു പകർന്ന്, ആ പ്രവാഹം ഒരു പ്രശാന്തമായ അഴിമുഖത്ത്, അല്ലെങ്കിൽ നിശ്ചലമായ ഒരു ജലാശയത്തിൽ, അല്ലെങ്കിൽ വിറ കൊള്ളുന്ന ഒരു തിര പോലുമില്ലാത്ത ചെറുതടാകങ്ങളിൽ എത്തിയതില്പിന്നെയേ കണ്ണാടി പോലെ മിനുസമായ പ്രതലത്തിൽ നമുക്കു കാണാനാകൂ, കരയിലെ ഒരു മരത്തിന്റെ ഒരു കുഞ്ഞിലയെ, വടിച്ചുകോതിയ ഒരു മേഘത്തിന്റെ ഓരോ നാരിനേയും, ആകാശത്തിന്റെ തീക്ഷ്ണമായ നീലക്കയങ്ങളെ. നമ്മുടെ ജീവിതങ്ങളുടെ കാര്യവും ഇതുതന്നെ.. എത്രയൊക്കെ ശ്രമിച്ചാലും സത്യത്തെ അതിന്റെ നിത്യമായ പുതുപുത്തൻ തെളിച്ചത്തോടെ കാണാൻ, പ്രതിഫലിപ്പിക്കാൻ നമുക്കൊരിക്കലും കഴിഞ്ഞിട്ടില്ലെങ്കിൽ, ഒരിക്കലും കഴിയുകയില്ലെങ്കിൽ, അതിനു കാരണം നാമിപ്പോഴും ചലനത്തിലാണ്‌, നാമിപ്പോഴും ജീവിക്കുകയാണ്‌ എന്നതല്ലേ?

നമുക്കു മരണമില്ല
---------------------

എന്തിലുമുപരി നമുക്കു ഭയം മരണത്തെയും മരിക്കുന്നവരെയുമാണ്‌. ഏതെങ്കിലും ഒരു കുടുംബത്തിൽ മരണം നടന്നാൽ നാമവർക്കു കത്തെഴുതാനോ അവരെ ഫോണിൽ വിളിക്കാനോ പോകില്ല; മരണത്തെക്കുറിച്ച് എന്തു പറയണമെന്ന് നമുക്കറിയില്ല എന്നതുതന്നെ കാരണം. ഒരു സെമിത്തേരിയെക്കുറിച്ചു ഗൗരവത്തോടെ പരാമർശിക്കുന്നതുതന്നെ നാണക്കേടായിട്ടാണ്‌ പരിഗണിക്കപ്പെടുന്നത്. ജോലിസ്ഥലത്തു വച്ച് നമ്മൾ ഇങ്ങനെ പറയാറില്ല: “സോറി, എനിക്കു ഞായറാഴ്ച വരാൻ പറ്റില്ല. എനിക്ക് സെമിത്തേരിയിൽ ബന്ധുക്കളെ കാണാൻ പോകണം.” ഒരു ഭക്ഷണത്തിനു നിങ്ങളെ ക്ഷണിക്കാൻ വഴിയില്ലാത്തവരെക്കുറിച്ച് നിങ്ങളെന്തിനു മനസ്സു ക്ലേശിപ്പിക്കണം? എന്തൊരൈഡിയ- മരിച്ചുപോയ ഒരാളെ ഒരു ടൗണിൽ നിന്ന് മറ്റൊരു ടൗണിലേക്കു മാറ്റുക! ഒരാളും നിങ്ങൾക്കതിന്‌ തങ്ങളുടെ കാർ വിട്ടുതരാൻ പോകുന്നില്ല. പിന്നെ, ഇക്കാലത്താകട്ടെ, നിങ്ങൾ ഒരപ്രധാനവ്യക്തിയാണെങ്കിൽ നിങ്ങൾക്കൊരു ശവമഞ്ചമോ ഒരു വിലാപയാത്രയോ കിട്ടാൻ പോകുന്നുമില്ല- ഒരു ലോറിയിൽ ഒരു ശീഘ്രയാത്ര, അത്രതന്നെ. ഒരുകാലത്ത് ആളുകൾ ഞായറാഴ്ചകളിൽ ഞങ്ങളുടെ സെമിത്തേരികളിൽ പോകാറുണ്ടായിരുന്നു; സുന്ദരമായ കീർത്തനങ്ങളും പാടി, ഹൃദ്യസുഗന്ധം പരത്തുന്ന കുന്തിരിക്കവും പുകച്ച് കുഴിമാടങ്ങൾക്കിടയിലൂടെ അവർ നടക്കും. അത് നിങ്ങളുടെ ഹൃദയത്തിന്‌ സ്വസ്ഥത നല്കിയിരുന്നു; അനിവാര്യമായ മരണത്തെക്കുറിച്ചുള്ള വേദന നിറഞ്ഞ ഭീതികളെ അകറ്റിനിർത്തിയിരുന്നു. നിറം നരച്ച മൺകൂനകൾക്കടിയിൽ കിടന്ന് മരിച്ചവർ പുഞ്ചിരിയോടെ ഇങ്ങനെ പറയുന്നപോലായിരുന്നു: “പേടിക്കാനൊന്നുമില്ലെന്നേ!...ഇവിടെ ഒരു കുഴപ്പവുമില്ല.” പക്ഷേ ഇക്കാലത്ത് ഒരു സെമിത്തേരി പരിപാലിക്കപ്പെടുന്നുണ്ടെങ്കിൽ അവിടെ ഇങ്ങനെ ഒരറിയിപ്പും കാണാം: “ശവകുടീരങ്ങളുടെ ഉടമസ്ഥരേ! ഇവിടം വൃത്തിയായി സൂക്ഷിക്കുക; അല്ലെങ്കിൽ പിഴയൊടുക്കേണ്ടിവരും!” പക്ഷേ അതിനെക്കാൾ കൂടുതലായി അവർ ചെയ്യുന്നത് അവയ്ക്കു മേലെ ബുൾഡോസർ ഉരുട്ടി നിരപ്പാക്കി അവിടെ കളിസ്ഥലങ്ങളും പാർക്കുകളും നിർമ്മിക്കുകയാണ്‌. പിന്നെ, സ്വന്തം ജന്മദേശത്തിനു വേണ്ടി മരിച്ചവരുണ്ട്- അതിപ്പോഴും എന്റെയോ നിങ്ങളുടെയോ കാര്യത്തിൽ സംഭവിച്ചുവെന്നും വരാം. പടനിലത്തു മരിച്ചുവീഴുന്നവരുടെ ഓർമ്മയ്ക്കായി പള്ളി ഒരു ദിവസം മാറ്റിവച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇംഗ്ലണ്ടിൽ അത് പോപ്പി ഡേയാണ്‌. നമുക്കെല്ലാം വേണ്ടി ജീവൻ വെടിഞ്ഞവരുടെ ഓർമ്മയ്ക്കായി എല്ലാ രാജ്യങ്ങളും ഒരു ദിവസം മാറ്റിവയ്ക്കാറുണ്ട്. മറ്റേതു ജനതയ്ക്കും വേണ്ടിയെന്നതിനെക്കാൾ കൂടുതൽ ആളുകൾ നമ്മൾ റഷ്യാക്കാർക്കായി മരിച്ചുവീണിട്ടുണ്ട്. എന്നിട്ടും അങ്ങനെയൊരു ദിവസം നമുക്കില്ല. മരിച്ചുപോയവരെക്കുറിച്ചു ചിന്തിക്കാൻ നിന്നാൽ പുതിയ ലോകം ആരു പണിയും? മൂന്നു യുദ്ധങ്ങളിലായി എത്രയോ ഭർത്താക്കന്മാരെയും പുത്രന്മാരെയും കാമുകന്മാരെയും നമുക്കു നഷ്ടപ്പെട്ടു; എന്നിട്ടും അവരെക്കുറിച്ചു ചിന്തിക്കുന്നത് ഒരറപ്പു പോലെയാണ്‌ നമുക്ക്. അവർ മരിച്ചുപോയി; ചായമടിച്ച മരക്കുറ്റികൾക്കടിയിൽ അവരെ കുഴിച്ചിടുകയും ചെയ്തുകഴിഞ്ഞു- അവരെന്തിന്‌ നമ്മുടെ ജീവിതങ്ങളിൽ ഇടപെടണം? നമുക്കു മരണമില്ലല്ലോ!
*

അഭിപ്രായങ്ങളൊന്നുമില്ല: