2023, മേയ് 23, ചൊവ്വാഴ്ച
യഹൂദ അമിഹായി - എന്റെ അച്ഛൻ നാലുകൊല്ലം അവരുടെ യുദ്ധം ചെയ്തു
യഹൂദ അമിഹായി - മനുഷ്യന് സ്വന്തമായുസ്സിൽ
2023, മേയ് 13, ശനിയാഴ്‌ച
പാബ്ലോ നെരൂദ - അഭിമുഖം
ചോദ്യം: Residencia en la Tierra (ഭൂമിയിൽ വാസം)യിലെ കവിതകളെക്കുറിച്ച് താങ്കൾ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: “അവ ജീവിക്കാൻ സഹായിക്കുന്ന കവിതകളല്ല. മരിക്കാനാനാണവ സഹായിക്കുക.”
2023, മേയ് 4, വ്യാഴാഴ്‌ച
നെരൂദ - ഒരുനൂറു പ്രണയഗീതകങ്ങൾ
പ്രഭാതം
1
മറ്റിൽഡെ: ചെടിയുടെ, കല്ലിന്റെ, വീഞ്ഞിന്റെ പേരത്,മണ്ണിൽ മുളച്ചു വിളയുന്നവയ്ക്കു പേരത്:
പുലരി കണ്ണു തുറക്കുന്ന വാക്കത്,
നാരങ്ങകളുടെ വെട്ടം പൊട്ടിവിടരുന്ന വേനലത്.
ആ പേരിൽ പായ നീർത്തിപ്പായുന്നു പത്തേമാരികൾ,
അതിനെച്ചൂഴുന്നു നീലിച്ച തിരകളുടെ തീനാളങ്ങൾ:
എന്റെ കരിഞ്ഞ ഹൃദയത്തിൽ ചൊരിയുന്നു
പുഴവെള്ളം പോലതിന്റെ അക്ഷരങ്ങൾ.
വള്ളിക്കാട്ടിൽ മറഞ്ഞ ഹേ, നാമധേയമേ,
ലോകത്തിന്റെ പരിമളത്തിലേക്കു തുറക്കുന്ന
രഹസ്യവിലത്തിന്റെ വാതിൽ നീ!
പൊള്ളുന്ന വായയുമായിവന്നെന്നെക്കീഴടക്കുക;
രാത്രിയുടെ കണ്ണുകൾ കൊണ്ടെന്നെത്തിരയുക,
നിന്റെ പേരിൽ തുഴഞ്ഞുപോകട്ടെ, അതിൽ മയങ്ങിക്കിടക്കട്ടെ ഞാൻ.
*
2
അവിടെത്തുടിച്ചുയർന്ന മധുരപരിമളങ്ങൾ?
ചിലനേരമൊരു പക്ഷിയുമവിടെപ്പാറിനടന്നിരുന്നു,
ജലത്തിന്റെയുമാലസ്യത്തിന്റെയും ഹേമന്തവേഷത്തിൽ.
ഓർമ്മയില്ലേ നിനക്കാ മണ്ണിന്റെ വരദാനങ്ങൾ:
മായാത്ത സൗരഭങ്ങൾ, പൊന്നയിരിന്റെ കളിമണ്ണും,
പടർപ്പിലെപ്പച്ചകൾ, ഉന്മാദിവേരുകൾ,
വാളുകൾ പോലെ പാളുന്ന മാന്ത്രികമുള്ളുകൾ.
ഓർമ്മയില്ലേ നിനക്കന്നു നീ കൊണ്ടുവന്ന പൂച്ചെണ്ട്,
നിഴലും മൗനവും ജലവും കൊരുത്ത പൂച്ചെണ്ട്,
നുരയുടെ കിരീടമണിഞ്ഞ കടല്പാറ പോലുള്ളത്?
ഒരിക്കലുമില്ലാത്തതാണാ നിമിഷം, എന്നുമുള്ളതും.
അവിടെപ്പോവുക നാം; കാത്തിരിക്കുന്നില്ലൊന്നും നമ്മെ;
എന്നാലെല്ലാം കാത്തിരിക്കുകയുമാണു നമ്മെ.
*
5
ഞാൻ തൊട്ടതു നിന്റെ രാത്രിയെയല്ല, നിന്റെ വായുവിനെ, പുലരിയെയല്ല.
ഞാൻ തൊട്ടതു മണ്ണിനെ, കുല കുത്തിയ പഴങ്ങളുടെ നേരിനെ,
തെളിനീരു കാതോർത്തുവിളയുമാപ്പിൾപ്പഴങ്ങളെ,
മരക്കറകൾ വാസനിക്കുന്ന നിന്റെ ദേശത്തെ കളിമണ്ണിനെ.
നിന്റെ കണ്ണുകൾ രൂപമെടുത്ത ക്വിഞ്ചാമാലിയിൽ നിന്ന്
നിന്റെ കാലടികൾ പണിത ഫ്രൊണ്ടേര വരെ
ഞാൻ പരിചയിച്ച കളിമണ്ണു നീ:
നിന്റെയരക്കെട്ടു തൊടുമ്പോൾ ഞാൻ തൊടുന്നതു കതിരിട്ട പാടത്തെ.
അരൗക്കോയിലെപ്പെണ്ണേ, നിനക്കറിയുമോ,
നിന്നെ പ്രേമിക്കും മുമ്പു നിന്റെ ചുംബനങ്ങൾ ഞാൻ മറന്നു ,
ഹൃദയം മറന്നില്ല പക്ഷേ, നിന്റെ ചുണ്ടുകൾ .
മുറിപറ്റിയവനെപ്പോലെ തെരുവുകൾ ഞാനലഞ്ഞു
ഒടുവിൽ ഞാനറിഞ്ഞു പ്രിയേ- കണ്ടെത്തി ഞാനെന്റെയിടം,
ചുംബനങ്ങളുടെയും അഗ്നിപർവതങ്ങളുടെയും ദേശം.
ഗോളാന്തരങ്ങളുടെ വിശാലമായ പുല്പരപ്പുകളിൽ
മറ്റൊരു നക്ഷത്രമെനിക്കായില്ലെന്നതിനാൽ.
പ്രപഞ്ചത്തിന്റെ തനിപ്പകർപ്പെനിക്കു നീ.
പരാജിതതാരാപഥങ്ങളിൽ ശേഷിക്കുന്ന വെളിച്ചം-
അതാണെനിക്കു നിന്റെ വിടർന്ന കണ്ണുകൾ,
മഴയത്തു പാഞ്ഞുപോകുമൊരുല്ക്ക തൻ പാത പോലെ
പ്രകമ്പനം കൊള്ളുകയാണു നിന്റെ ചർമ്മം.
അത്രയ്ക്കു ചന്ദ്രനായിരുന്നു എനിക്കു നിന്റെ ജഘനം,
അത്രയ്ക്കു സൂര്യനായിരുന്നു നിന്റെ ചുണ്ടുകളുമതിന്റെ ഹർഷങ്ങളും,
ഇരുണ്ട തേൻ പോലൊരു പ്രചണ്ഡദീപ്തിയായിരുന്നു,
അസ്തമയക്കതിരെരിക്കുന്ന നിന്റെ ഹൃദയം.
നിന്നെരിയുമുടലുടനീളമുമ്മവച്ചുകടക്കുന്നേൻ,
അഗ്നിബാണങ്ങൾ തൊടുക്കുന്ന ലവംഗപുഷ്പവുമല്ല നീ;
നിന്നെ ഞാൻ സ്നേഹിക്കുന്നതിരുണ്ട ചിലതിനെയെന്നപോലെ,
രാത്രിക്കുമാത്മാവിനുമിടയിലൊളിവായിട്ടെന്നപോലെ.
നിന്നെ ഞാൻ സ്നേഹിക്കുന്നതു പൂവിടാത്ത ചെടിയെപ്പോലെ,
ആ പൂക്കളുടെ വെളിച്ചമെന്നാലുള്ളിലൊളിപ്പിക്കുന്നവളെപ്പോലെ;
നിന്റെ പ്രണയം പ്രസാദിച്ചു മണ്ണിൽ നിന്നു കുതികൊള്ളുന്നു,
എന്റെയുടലിൽ കുടിയേറുന്നു നിശിതമായൊരു പരിമളം.
നിന്നെ ഞാൻ സ്നേഹിക്കുന്നതെങ്ങനെ,യെപ്പോ,ളെവിടെയെന്നറിയാതെ,
എന്റെ പ്രണയം കേവലം, അതിനില്ല സന്ദേഹങ്ങ,ളഭിമാനങ്ങളും,
മറ്റൊരു വിധമറിയില്ലെന്നതിനാൽ എന്റെ പ്രണയമീവിധം.
പ്രണയത്തിന്റെ ഈ പ്രകാരത്തിൽ, നീയില്ല, ഞാനുമില്ല;
അതത്ര ഗാഢം, എന്റെ മാറത്തു നിന്റെ കൈ എന്റെ കൈയാകുമ്പോലെ,
അതത്ര ഗാഢം, ഞാനുറങ്ങുമ്പോൾ നിന്റെ കണ്ണുകളടയുമ്പോലെ.
*
വസന്തമില്ലാതൊരു നിമിഷം പോലും ഞാനറിയാതിരുന്നെങ്കിൽ!
ദുഃഖത്തിനു ഞാൻ വിറ്റതെന്റെ കൈകൾ മാത്രം,
അതിനാൽ പ്രിയേ, തന്നിട്ടു പോവുക നിന്റെ ചുംബനങ്ങൾ.
നിന്റെ പരിമളം കൊണ്ടു മറയ്ക്കുക പകൽവെളിച്ചം,
നിന്റെ മുടി കൊണ്ടടയ്ക്കുക വാതിലുകളൊക്കെയും,
ഉറക്കം ഞെട്ടി ഞാൻ കരഞ്ഞാൽ -മറക്കരുതേ-
ഞാനൊരു ബാലൻ, സ്വപ്നത്തിൽ വഴി തെറ്റിയവൻ.
രാത്രിയുടെയിലകൾക്കിടയിലവൻ തിരയുന്നു നിന്റെ കൈകൾ,
ഗോതമ്പുകതിരുകൾ കണക്കെ നിന്റെ ലാളനകൾ,
നിഴലിന്റെ, ചൈതന്യത്തിന്റെ കണ്ണഞ്ചുന്ന പ്രഹർഷം.
ഒരു നിഴല്ക്കോട്ടയാണു പ്രിയേ, ഈ സ്വപ്നരാത്രി,
അതിലെനിക്കു തുണ വരിക പിരിയാതെ നീ,
തോരയിട്ട തുണികൾ പോലെ ശുഭ്രമായ വൈജയന്തികൾ;
ദീപ്തനീലിമയാണൊക്കെയും, നക്ഷത്രമാണൊക്കെയും,
കടൽ, കപ്പൽ, പകൽ: സ്വയം കണ്ടെടുക്കുകയാണൊക്കെയും.
ഒന്നു വന്നുകാണൂ, മഞ്ഞുതുള്ളിയിറ്റുന്ന ചെറിമരങ്ങളെ,
സത്വരപ്രപഞ്ചത്തിന്റെ സ്വരസംവിധാനത്തെ,
വന്നൊന്നു തൊട്ടുനോക്കൂ, നീലിമയുടെ ക്ഷണികജ്വാലയെ,
ഇതളുകൾ കെട്ടണയും മുമ്പേ വന്നൊന്നു നോക്കൂ.
വെളിച്ചം, എണ്ണം, കൂട്ടം: ഒന്നിനും കുറവില്ലിവിടെ,
കാറ്റിന്റെ നന്മകൾ തുറന്നിടുകയാണ് സ്ഥലരാശിയെ,
നമുക്കതു കാട്ടിത്തരുന്നു കടല്പതയുടെ ശിഷ്ടരഹസ്യത്തെ.
ഉന്നതവുമഗാധവുമായി നീലിമകളത്രയധികമായിരിക്കെ
നമ്മുടെ കണ്ണുകളാകെക്കുഴങ്ങിപ്പോകുന്നു,
വായുവിന്റെ ബലമറിയാതെ, ആഴങ്ങളുടെ വഴിയറിയാതെ.
അതുപോലെ സ്നിഗ്ധം, സരളം, പൂർണ്ണം, സുതാര്യം, ലൗകികം.
നിന്നിലുണ്ട് ചന്ദ്രന്റെ വടിവുകൾ, ആപ്പിൾത്തോപ്പിലെ നടവഴികൾ,
ഗോതമ്പുകതിർ പോലെ മെലിഞ്ഞവൾ, നഗ്നയായ നീ.
ക്യൂബൻ നാട്ടുരാത്രി പോലെ നീലിച്ചവൾ, നഗ്നയായ നീ,
നിന്റെ മുടിയിലുണ്ട് മുന്തിരിവള്ളികൾ, നക്ഷത്രങ്ങൾ,
പൊന്നു കൊണ്ടൊരു പള്ളിയിൽ വേനലിന്റെ വിലാസം പോലെ
വിപുലം, സുവർണ്ണം, നഗ്നയായ നീ.
നിന്റെയൊരു വിരൽനഖം പോലെ ചെറുതാണു, നഗ്നയായ നീ,
അതുപോലെ സുരൂപം, സൂക്ഷ്മ,മരുണം; പിന്നെ പകലുദയമാവുമ്പോൾ
ഒരു പാതാളലോകത്തിൽ നീ പോയി മറയുന്നു,
ഉടുവസ്ത്രങ്ങളുടെ, ദിനകൃത്യങ്ങളുടെ നെടുവിലത്തിലെന്നപോലെ:
നിന്റെ തെളിമ മങ്ങുന്നു, അതില കൊഴിക്കുന്നു, വസ്ത്രം ധരിക്കുന്നു-
പിന്നെയുമൊരു നഗ്നമായ കൈത്തണ്ട മാത്രമാവുന്നു.
തുരുത്തുകൾ നിനക്കു തന്നു ദേവതാരമുടിയിഴകൾ,
യുഗങ്ങൾ പണിക്കുറ തീർത്തൊരുടൽ,
ദാരുക്കളുടെ കടലുകൾ പരിചയിച്ച സിരകൾ,
മാനത്തു നിന്നോർമ്മയിലേക്കിറ്റുവീണ ചോരപ്പച്ചയും.
അത്രയും വേരുകൾക്കിടയിൽ കാണാതെപോയ ഹൃദയത്തെ
ആരെനിക്കായി വീണ്ടെടുത്തു വരാൻ?
എന്റെ യാത്രയിലൊപ്പം വരാത്തൊരു നിഴൽ ജീവിക്കുന്നു,
കോളു കൊണ്ട കടലിൽ പെരുകുന്ന വെയിലിന്റെ ലവണദീപ്തിയിൽ.
അതിനാലല്ലേ നീ പൊന്തിവന്നു തെക്കു നിന്നൊരു തുരുത്തു പോലെ;
അതിൽ കുടിയേറിയിരുന്നു മരങ്ങളും തൂവലുകളും.
അലയുന്ന കാടിന്റെ പരിമളവും അതിൽ ഞാനറിഞ്ഞു.
കണ്ടെടുത്തു ഞാൻ കാടുകളിൽ വച്ചറിഞ്ഞ ഗോപ്യമായ തേൻകുടം,
നിന്റെയരക്കെട്ടിൽ ഞാൻ തൊട്ടു നിഴലിന്റെ പൂവിതളുകൾ:
എന്നോടൊത്തു പിറന്നവ, എന്റെയാത്മാവുമായവ.
*
32
ദിശയറ്റു പുതിയൊരു ദിവസം പിറക്കുന്ന പുലരിയിൽ
പാവമൊരു കൊതുമ്പുവള്ളം പോലെ വീടൊഴുകിയലയുന്നു,
ചിട്ടയുടെയും സ്വപ്നത്തിന്റെയും ചക്രവാളങ്ങൾക്കിടയിലൂടെ.
നടന്ന പാതയിലൂടേന്തിവലിഞ്ഞു നടന്നാൽ മതി സർവ്വതിനും:
അവശിഷ്ടങ്ങൾ, ഊറ്റം ചോർന്ന ശിഷ്യർ, കനലു കെട്ട പൈതൃകങ്ങൾ.
പത്രങ്ങൾ അച്ചുകൾ ചതഞ്ഞതൊളിപ്പിക്കുന്നു;
ഇന്നലെയുമായിട്ടടിഞ്ഞുകിടന്നാൽ മതിയെന്നാണു വീഞ്ഞിനും.
ചിട്ടകൾക്കുടമസ്ഥയായ നീയോ, തേനീച്ച പോലെ പറപറക്കുന്നു നീ,
ഇരുട്ടു കൈയടക്കിയ ദേശങ്ങൾ കണ്ടെടുക്കുന്നു നീ,
നിന്റെയൂർജ്ജത്തിന്റെ വെണ്മ കൊണ്ടു വെളിച്ചത്തെ ജയിക്കുന്നു.
പുതിയൊരു തെളിമ പടുത്തെടുക്കുന്നു നീ,
ജീവന്റെ കാറ്റിനെയനുസരിക്കുന്നു സകലതും:
ചിട്ട സ്ഥാപിച്ചെടുക്കുന്നു തന്റെയപ്പത്തെ, തന്റെ മാടപ്രാവിനെ.
*
മദ്ധ്യാഹ്നം
33
പ്രിയേ, നമുക്കു പോകാം വീട്ടിലേക്കിനി,
എഴികളിൽ പിടിച്ചുകയറുന്നു മുല്ലവള്ളികളവിടെ:
നിന്നെക്കാൾ മുമ്പേ നിന്റെ കിടപ്പറയിലെത്തുമല്ലോ,
പൂപ്പാദുകങ്ങളുമണിഞ്ഞു നഗ്നമായ വേനല്ക്കാലം.
ലോകമാകെയലഞ്ഞതാണു നമ്മുടെ നാടോടിച്ചുംബനങ്ങൾ:
അർമ്മേനിയ-മണ്ണു കിളച്ചെടുത്ത കൊഴുത്ത തേൻതുള്ളി,
പച്ചപ്രാവായ സിലോൺ, പിന്നെ യാങ്ങ്-ത്‌സി-
പകലും രാത്രിയും വേറുപെടുത്തുന്ന പ്രാചീനസഹനം.
ഒക്കെക്കഴിഞ്ഞു മടങ്ങുന്നു നാം പ്രിയേ, മിന്നുന്ന കടലും താണ്ടി,
രണ്ടു കണ്ണുകാണാക്കിളികളെപ്പോലെ സ്വന്തം ചുമരും നോക്കി,
ഏതോ വിദൂരവസന്തത്തിലെ കൂടും തേടി.
പ്രണയത്തിനാവതില്ലല്ലോ ഇളവില്ലാതെ പാറിനടക്കാൻ;
സ്വന്തം ചുമരിലേക്ക്, കടല്പാറകളിലേക്കു മടങ്ങുന്നു നമ്മുടെ ജീവിതങ്ങൾ,
സ്വദേശത്തേക്കു മടങ്ങുന്നു നമ്മുടെ ചുംബനങ്ങൾ.
*
35
തുറന്ന പനിനിർപ്പൂത്തോട്ടം പോലെ കടന്നുവരുന്നു വെളിച്ചം,
തുടിയ്ക്കുന്നു കടൽപ്പൂഴിയുമാകാശവും
വൈഡൂര്യം കടഞ്ഞെടുത്ത തേനറകൾ പോലെ
നിന്റെ കൈകൾ പെരുമാറുന്നു കിലുങ്ങുന്ന വാക്കുകൾക്കു മേൽ,
ചഷകങ്ങൾക്കും എണ്ണപ്പാത്രങ്ങൾക്കും മേൽ,
ഉറവകൾക്കും പൂക്കൾക്കും, പിന്നെയെന്റെ പ്രിയേ, പ്രണയത്തിനും മേൽ.
നിന്റെ നേരുള്ള കൈകൾ പരിപാലിക്കുന്നു കയിലുകളെ.
സായാഹ്നം മങ്ങുന്നു, മായുന്നു; ഒരു സ്വർഗ്ഗീയമാത്ര തിരുകുന്നു
ഉറങ്ങുന്നവന്റെ ചുണ്ടിൽ രാത്രി രഹസ്യത്തിൽ.
വിഷാദത്തിന്റെ കിരാതഗന്ധമെയ്യുന്നു നിശാഗന്ധികൾ.
ചിറകുമടിച്ചെത്തുന്നു നിന്റെ കൈകൾ വീണ്ടും,
പൊയ്പ്പോയെന്നു ഞാൻ ഖേദിച്ച തൂവലുകളാൽ
രാത്രി വിഴുങ്ങിയ എന്റെ കണ്ണുകളെ പുതപ്പിക്കാൻ.
എന്റെ സങ്കേതം തേടിയെത്തുന്നു നീ, കുളിരുന്ന പടവുകൾ കയറി,
കാലം മഞ്ഞണിയിച്ച ഗോപുരമുകളിറങ്ങി,
കൊട്ടിയടച്ച ഹൃദയത്തിന്റെ വിളർത്ത ചുമരുകളുരുമ്മി.
ആരുമറിയില്ല, കോട്ട പോലെ ബലത്ത ഈ ചില്ലുകൊട്ടാരം
വെറും പുറംകാഴ്ച മാത്രമെന്ന്;
ഹതാശമായ തുരങ്കങ്ങൾ തുറക്കുന്ന ചോരയുടെ കോയ്മയ്ക്കാവില്ല
മഞ്ഞുകാലത്തെ തുരത്താനെന്ന്.
അതിനാൽ പ്രിയേ: നിന്റെ ചുണ്ടുകൾ, നിന്റെ ചർമ്മം, നിന്റെ വെട്ടം, ദുഃഖങ്ങൾ
ജീവിതത്തിന്റെ ഇഷ്ടദാനങ്ങളവ,
പൊഴിയുന്ന മഴയുടെ പാവനവരദാനങ്ങളവ;
വിത്തുകളെ കൈയേറ്റുപോറ്റുന്ന പ്രകൃതിയുടെ സിദ്ധികളവ:
ചാറകളിൽ വീഞ്ഞിന്റെ നിഗൂഢചണ്ഡവാതം,
ഭൂഗർഭത്തിൽ ഗോതമ്പിന്റെ ആകസ്മികജ്വാല.
താമ്പാളങ്ങളുടെ ഗാനാലാപം, തേനീച്ചകളുടെ മൂളക്കം.
മഞ്ഞുതുള്ളികളുടെ കണക്കെടുക്കുന്നു ജലപാതം,
നിന്റെ ചിരിയിൽ പ്രസരിക്കുന്നു പനമരങ്ങളുടെ ഗമകങ്ങൾ.
ഇഷ്ടികയുമായി സംവാദത്തിൽ ചുമരിലെ നീലവെളിച്ചം,
പടി കടന്നതുവരുന്നു ചൂളം കുത്തുന്നൊരിടയനെപ്പോലെ;
രണ്ടത്തിമരങ്ങൾക്കിടയിൽ ഇലപ്പച്ചയുടെ ഒച്ചയിൽ,
ഇതാ വരുന്നു ഹോമർ, ഗൂഢപാദുകങ്ങളണിഞ്ഞവൻ.
ഇവിടെയില്ല നഗരത്തിന്റെ നാവുകൾ, കണ്ണുനീർത്തുള്ളികൾ,
നിത്യത, സൊണാറ്റകൾ, ചുണ്ടുകൾ, ശകടങ്ങളുടെ കാഹളങ്ങൾ.
ജലപാതത്തിന്റെയും സിംഹങ്ങളുടെയും സംവാദം മാത്രം.
പിന്നെ കോണി കയറി നീ വരുന്നു...നീ പാടുന്നു, ഓടുന്നു, നടക്കുന്നു, കുനിയുന്നു, നടുന്നു,
തുന്നുന്നു, പാചകം ചെയ്യുന്നു, ആണിയടിക്കുന്നു, എഴുതുന്നു, മടങ്ങുന്നു;
അല്ലെങ്കിൽ നിന്നെ കാണാതെയാവുന്നു; മഞ്ഞുകാലമായെന്നു ലോകവുമറിയുന്നു.
എന്നാൽ ഞാൻ മറന്നു, വേരുകൾക്കു നീരു പകർന്നതു നീയെന്ന്,
പിണഞ്ഞുകേറിയ പനിനീർച്ചെടികൾക്കു വെള്ളം തേവിയതു നീയെന്ന്;
ഞാനതറിയുന്നതു പ്രകൃതിയുടെ നിറഞ്ഞ ശാന്തിയിൽ
നിന്റെ വിരലടയാളങ്ങൾ പൂക്കളായി വിരിഞ്ഞതു കണ്ടപ്പോൾ.
വീട്ടുമൃഗങ്ങളെപ്പോലെയായിരുന്നു നിന്റെ മൺവെട്ടിയും വെള്ളത്തൊട്ടിയും;
മണ്ണിനെ നക്കിയും കടിച്ചും കൊണ്ടവർ നിന്റെയൊപ്പം വന്നു.
നിന്റെ പ്രവൃത്തി കൊണ്ടത്രേ, ഈ സമൃദ്ധിയെ,
ലവംഗപുഷ്പങ്ങളുടെ ആഗ്നേയജ്വാലകളെ നീ കെട്ടഴിച്ചുവിട്ടതും.
നിന്റെ കൈകൾക്കു ഞാൻ നേരുന്നു തേനീച്ചകളുടെ കുലീനതയും സ്നേഹവും,
മണ്ണിൽ തെളിഞ്ഞ തുടക്കങ്ങൾ വിതറുന്നതവയാണല്ലോ,
എന്റെ ഹൃദയമുഴുതു വിതയിറക്കുന്നതവയാണല്ലോ.
പൊള്ളിക്കരിഞ്ഞ ശിലയായിരുന്നു ഞാൻ,
ചോലനീർ പോലെ നിന്റെ സ്വരമരികിൽ വരുമ്പോൾ
ഞാനൊരു ഗാനമായി പൊട്ടിത്തരിക്കുന്നു.
*
43
അതിവേഗമൊഴുകുന്ന പെണ്മയുടെ പുഴയിൽ,
ഉലർന്ന മുടിയിഴകൾ, പാതി താഴ്ന്ന കണ്ണുകൾ,
കടൽനുരയിൽ തെന്നുന്ന മൃദുപദങ്ങൾ.
കണ്ടെന്നു കരുതി ഞാൻ നിന്റെ വിരൽനഖങ്ങൾ,
ദീർഘങ്ങൾ, ചഞ്ചലങ്ങൾ, ചെറിയുടെ ബന്ധുക്കൾ,
പിന്നെ,യപ്പോയതു നിന്റെ മുടിയല്ലയോ?
പുഴയിൽ നിഴലിച്ചൊരഗ്നി കണ്ടും ഭ്രമിച്ചു ഞാൻ.
നോക്കി ഞാൻ, നോക്കി ഞാനാരിലുമില്ല നിന്റെ താളം,
നിന്റെ വെട്ടം, കാടു നല്കിയ കളിമണ്ണിന്റെ കാളിമ;
ആർക്കുമില്ല നിനക്കുള്ളത്രയും ചെറിയ കാതുകൾ.
നിറഞ്ഞവൾ, ഒതുങ്ങിയവൾ, വേറായി നില്ക്കുന്നവൾ ,
നിന്നൊപ്പമൊഴുകുന്നു ഞാൻ പെണ്മയുടെ കടൽ തേടി,
ഒരു വിശാലമിസിസിപ്പിയുടെ കാമുകനായി.
*
44
നോക്കൂ. എനിക്കു സ്നേഹം നിന്നെ. എനിക്കു സ്നേഹമല്ല നിന്നെ.
ജീവിതത്തിനുണ്ടല്ലോ രണ്ടു പക്ഷങ്ങൾ:
വചനത്തിനൊരു ചിറകു മൗനം,
അഗ്നിക്കുണ്ടൊരു തണുത്ത പാതി.
നിന്നെ ഞാൻ സ്നേഹിക്കുന്നു- നിന്നെ സ്നേഹിച്ചു തുടങ്ങാൻ,
ഒന്നേയെന്നനന്തതയ്ക്കു വീണ്ടും തുടക്കമിടാൻ,
നിന്നെ സ്നേഹിച്ചുതീരാതിരിക്കാൻ:
അതിനാലത്രേ, ഇനിയും നിന്നെ ഞാൻ സ്നേഹിക്കാതിരിക്കുന്നതും.
എനിക്കു സ്നേഹം നിന്നെ, സ്നേഹമല്ല നിന്നെ,
എന്റെ കൈയിൽ രണ്ടു താക്കോലുകളുള്ളപോൽ:
സൗഭാഗ്യം തുറക്കുന്നതൊന്ന്, തുലഞ്ഞ ഭാവിയ്ക്കു മറ്റൊന്ന്.
എന്റെ സ്നേഹത്തിനു രണ്ടു ജീവിതങ്ങൾ- നിന്നെ സ്നേഹിക്കാൻ.
എനിക്കു സ്നേഹം നിന്നെ, നിന്നോടു സ്നേഹമില്ലാതിരിക്കുമ്പോൾ,
നിന്നെ സ്നേഹിച്ചുനടക്കുമ്പോഴും.
*
45
പോയാൽ, പോയാൽ...എങ്ങനെയതു പറയണമെന്നെനിക്കറിയില്ല;
ദീർഘിച്ച പകൽനേരമത്രയും നിന്നെയും കാത്തു ഞാനിരിക്കും,
തീവണ്ടികളുറക്കമായ വിജനമായ വണ്ടിപ്പേട്ടയിലെന്നപോലെ.
എന്നെ വിട്ടെവിടെയ്ക്കും പോകരുതേ, ഒരു മണിക്കൂറു പോലും,
പോയാൽ, നോവിന്റെ കൊച്ചുതുള്ളികളൊരുമിച്ചുകൂടും,
ഒരു സങ്കേതം തേടിയലയുന്ന പുകയെന്നിൽ കുടിയേറും,
എന്റെ സാധുഹൃദയത്തിൽ കടന്നതിനെ ശ്വാസം മുട്ടിക്കും.
നിന്റെ നിഴലൊരുനേരവും കടല്പൂഴിയിലലിഞ്ഞുപോകാതിരിക്കട്ടെ!
നിന്റെ കണ്ണിമകൾ വിദൂരശൂന്യതയിലേക്കു ചിറകടിച്ചു പോകാതിരിക്കട്ടെ!
ഒരു നിമിഷത്തേക്കു പോലുമെന്റെ പ്രിയേ, എന്നെ വിട്ടുപോകരുതേ.
അത്രദൂരമെന്നെ വിട്ടു നീ പോയെന്നിരിക്കട്ടെ, ആ നിമിഷമെന്റെ പ്രിയേ,
ഈ മണ്ണിലെവിടെയും നിന്നെത്തേടി എന്റെ ചോദ്യങ്ങളലയും:
നീ വരില്ലേ? ഇവിടെയെന്നെ മരിക്കാൻ വിട്ടു നീ പോകുമോ?
*
46
ഞാനാരാധിച്ചിരുന്നു നക്ഷത്രങ്ങളെ,
പലപല പുഴകളിൽ, മൂടൽമഞ്ഞിൽ കുതിർന്നവയെ,
അവയിൽ നിന്നൊന്നിനെ ഞാൻ വരിച്ചു, ഞാൻ സ്നേഹിക്കുന്നതിനെ,
രാവിനൊപ്പമുറങ്ങി ഞാനതിൽപ്പിന്നെ.
ഒരു തിര, മറുതിര, പിന്നെയൊരു തിര,
കടൽപ്പച്ച, തണുവിന്റെ പച്ച, പച്ചയുടെ പടർപ്പുകൾ,
അതിൽ നിന്നു ഞാൻ വരിച്ചതൊരു തിരയെ,
നിന്റെയുടലിന്റെ ഇടമുറിയാത്ത തിരയെ.
ഓരോ തുള്ളിയുമോരോ വേരും വെളിച്ചത്തിന്റെയോരോ നാരും
എനിക്കായൊരുനാളൊരുമിച്ചുകൂടിയതിവിടെ,
എന്നിലേക്കവയെത്തിയതു പിന്നെ.
എനിക്കു മാത്രമായിക്കൊതിച്ചു ഞാൻ നിന്റെ മുടിയിഴകൾ.
പെറ്റനാടെനിക്കു നല്കിയ വരങ്ങളിൽ
ഞാൻ വരിച്ചതൊന്നിനെ, നിന്റെ കിരാതഹൃദയത്തെ.
*
47
കാണെക്കാണെയൊരു കനിയായി മാറി നീ.
നുരയുന്ന നീരിന്റെ പാട്ടും പാടി
വേരുകളിൻ നിന്നെത്രയനായാസം പൊന്തി നീ.
പരിമളം പരത്തുന്ന പൂവാകും നീയവിടെയാദ്യം,
ചുംബനത്തിന്റെ ശില്പരൂപമാകും പിന്നെ,
സൂര്യനും ഭൂമിയും, ചോരയുമാകാശവും നിറവേറ്റും നിന്നിൽ
മധുരത്തി,ന്നാഹ്ലാദത്തിൻ വാഗ്ദാനങ്ങൾ.
ആ ചില്ലകളിൽ കണ്ടറിയും ഞാൻ നിന്റെ മുടിയിഴകൾ,
ഇലകളിൽ തഴയ്ക്കുന്ന നിന്റെ പ്രതിരൂപം,
എന്റെ ദാഹത്തിനരികിലെത്തും നിന്റെ പൂവിതളുകൾ,
എന്റെ വായിൽ നിറയും നിന്റെ രുചി,
നിന്റെ ചോരയിൽ, ഒരു പ്രേമക്കനിയുടെ ചോരയിൽക്കലർന്നു
മണ്ണിൽ നിന്നുയരുന്ന ചുംബനം.
*
49
വെളിച്ചത്തിന്റെ വിരലുകൾക്കും സ്വപ്നത്തിന്റെ കണ്ണുകൾക്കുമിടയിലൂടെ;
നാളെയെന്ന നാൾ വന്നുചേരും, പച്ചിലച്ചുവടുകളുമായി:
ആരും തടുക്കില്ല പുലരിയുടെ പുഴയെ.
ആരും തടുക്കില്ല നിന്റെ കൈകളായ പുഴയെ,
നിന്റെ സ്വപ്നത്തിന്റെ കണ്ണുകളെ, പ്രിയേ.
കുത്തനെ നില്ക്കുന്ന പകലിനും നിഴലടച്ച സൂര്യനുമിടയിൽ
കാലത്തിന്റെ പ്രകമ്പനം നീ.
പിന്നെ മാനം നിന്നെ ചിറകൊതുക്കിലാക്കുന്നു,
നിന്നെ കോരിയെടുക്കുന്നു, എന്റെ കൈകളിലെത്തിക്കുന്നു,
സമയം തെറ്റാതെ, നിഗൂഢോപചാരത്തോടെ.
അതിനാൽ ഞാൻ പുകഴ്ത്തുന്നു പകലിനെ, ചന്ദ്രനെ,
കടലിനെ, കാലത്തെ, ഓരോരോ ഗോളത്തെ,
പകലത്തെ നിന്റെയൊച്ചയെ, രാവത്തെ നിന്റെയുടലിനെ.
*
51
നിന്റെ ചിരി: മരം പിളർക്കുന്ന മിന്നൽപ്പിണരത്;
ഒരു വെള്ളിടിയെറ്റിവിടുന്നു മാനം,
ഒരു മരത്തലപ്പിലതു കുറിയ്ക്കു കൊള്ളുന്നു,
ഒറ്റ വാൾവീശൽ പോലതു മരം പിളർക്കുന്നു.
മലനാട്ടിലെ മഞ്ഞത്തുമിലച്ചിലുകളിലുമല്ലാതെ പ്രിയേ,
നിന്റെ ചിരി പോലൊന്നെവിടെ പിറവിയെടുക്കാൻ;
ഉന്നതങ്ങളിൽ കെട്ടഴിഞ്ഞു ചിതറുന്ന വായുവിൽ
അറൌക്കേനിയൻ ചിട്ട പോലെ നിന്റെ ചിരി.
എന്റെ മലനാട്ടുകാരീ, ചീഹ്വാനിലെ തെളിഞ്ഞ പെണ്ണേ,
നിന്റെ ചിരിവാളരിഞ്ഞു വീഴ്ത്തട്ടെ
നിഴലുകളെ, രാത്രിയെ, പുലരിയെ, തേനിറ്റുന്ന നട്ടുച്ചയെ:
നിന്റെ ചിരിയൊരാർഭാടവെളിച്ചം പോലെ
ജീവിതവൃക്ഷത്തിന്മേലാഞ്ഞുപതിക്കുമ്പോൾ
മാനത്തേക്കു കുതികൊള്ളട്ടെ കിളികളതിൽ നിന്നും.
അറൌക്കേനിയ- മറ്റിൽഡേയുടെ(നെരൂദയുടെ ഭാര്യ) ജന്മദേശം
ചീഹ്വാൻ- കൃഷിക്കു പേരു കേട്ട ചിലിയൻ ദേശം
52
പാടുന്നു നീ, കൂടെപ്പാടുന്നു മാനവും സൂര്യനും,
പകലിന്റെ ഗോതമ്പു ചേറുന്നു നിന്റെ ശബ്ദം.
പച്ചിലനാവുകൾ കൊണ്ടു പറഞ്ഞുകൂട്ടുന്നു പൈൻമരങ്ങൾ,
ഹേമന്തഗീതം പരിശീലിയ്ക്കുന്നു കിളിയായ കിളിയെല്ലാം.
കടലതിന്റെ പത്തായത്തിൽ നിറയ്ക്കുന്നു കാൽച്ചുവടുകൾ,
മണികൾ, രോദനങ്ങൾ, ചങ്ങലകൾ.
വർത്തകസംഘങ്ങളുടെ ചക്രങ്ങൾ കരയുമ്പോൾ
ഓട്ടുപാത്രങ്ങൾ കിലുങ്ങുന്നു, പിത്തളത്താമ്പാളങ്ങളും.
ഞാൻ കേട്ടതു പക്ഷേ, നിന്റെ ശബ്ദം മാത്രം,
ശരവേഗത്തിന്റെ കണിശത്തിലതുയരുന്നു,
മഴയുടെ ഘനപാതത്തിലതു താഴുന്നു.
ഉയരങ്ങളിൽ നിന്റെ ശബ്ദം വാളുകളെ ചിതറിയ്ക്കുന്നു ,
വയലറ്റുപൂക്കളും പേറിയതു മടങ്ങിയെത്തുന്നു,
പിന്നെ മാനത്തതെന്നെയും കൊണ്ടു പായുന്നു.
അപരാഹ്നം
രാവും പകലും അവ വന്നുവളയുന്നു തേനിറ്റുന്ന സംതൃപ്തിയെ.
തുണയാവില്ല ഗോപുരങ്ങൾ, കന്മതിലുകൾ, തുരങ്കങ്ങളും.
ദൗർഭാഗ്യം ഭേദിയ്ക്കുന്നു ഉറങ്ങുന്നവന്റെ ശാന്തിയെ.
നിറഞ്ഞ കരണ്ടിയുമായി അരികത്തുണ്ടത്- വേദന,
അതിന്റെ ഉയർച്ചതാഴ്ചകൾ നിങ്ങൾക്കറിയില്ല;
അതു കൂടാതില്ലൊരു ജനനം, മേല്ക്കൂര, പുറവേലിയും.
അതിനെ കണക്കിൽ പെടുത്തണം നിങ്ങൾ.
പ്രണയത്തിലും തുണയ്ക്കില്ല ഇറുക്കിയടച്ച കണ്ണുകൾ,
നാറുന്ന ദീനക്കാരനിൽ നിന്നകറ്റിയിട്ട മെത്തകൾ പോലെ,
അടിവച്ചടിവച്ചു കൊടി കീഴടക്കുന്ന ജേതാവിനെപ്പോലെ.
ജീവിതമാഞ്ഞടിക്കുന്നു, രോഷം പോലെ, പുഴ പോലെ,
ചോരയിൽ കുതിർന്നൊരു തുരങ്കമതു തുറക്കുന്നു,
അതിൽ നിന്നു നമ്മെ പിന്തുടരുന്നു, വേദനയുടെ നൂറു കണ്ണുകൾ.
എനിക്കു ഭാവി പൂഴിമണ്ണെന്നു വിധിച്ചവർ,
അത്രയും തണുത്ത നാവുകൾ കൊണ്ടു വാദിച്ചുജയിച്ചവർ.
അവർ തള്ളിപ്പറയും പ്രപഞ്ചമെന്ന പുഷ്പത്തെയും.
“ആ മോഹിനിക്കിനിയില്ല കലാപത്തിന്റെ നാവുകൾ,
അയാൾക്കു ശേഷിച്ചതു ജനങ്ങൾ മാത്രം.”
ഒടുങ്ങാത്ത താളുകളവർ ചവച്ചുതുപ്പി,
എന്റെ ഗിത്താറിനവർ വിസ്മൃതിയും പ്രവചിച്ചു.
അവരുടെ കണ്ണുകളിലേക്കു ഞാനെടുത്തെറിഞ്ഞു,,
എന്റെയും നിന്റെയും ഹൃദയം പിളർന്ന പ്രണയത്തിന്റെ ചാട്ടുളികൾ.
നിന്റെ കാലടികൾ പതിപ്പിച്ച മുല്ലപ്പൂക്കൾ ഞാൻ പെറുക്കിയെടുത്തു.
രാത്രിയിൽ നിന്റെ കണ്ണിമകൾക്കടിയിൽ ഞാനഭയം കണ്ടു,
പിന്നെ പുലർവെളിച്ചമെന്നെപ്പൊതിഞ്ഞപ്പോൾ
വീണ്ടും പിറവിയെടുത്തു ഞാൻ, സ്വന്തം ഇരുട്ടിനവകാശിയായി.
സാഹിത്യത്തിന്റെ ഉരുക്കുവാളുകൾക്കിടയിലൂടെ ഞാൻ കടന്നുപോയി
പരദേശിയായൊരു നാവികനെപ്പോലെ;
ഈ തെരുവുകളയാൾക്കറിയില്ല,
അയാൾ പാടുന്നതോ മറ്റൊന്നുമറിയാത്തതിനാലും.
ദുരിതത്തിന്റെ തുരുത്തിൽ നിന്നു ഞാൻ കൊണ്ടുവന്നിരുന്നു,
കൊടുങ്കാറ്റുകൾ തട്ടിയെറിഞ്ഞ ഹാർമോണിയങ്ങൾ,
പരുക്കൻ മഴയും പ്രകൃതിയുടെ വിളംബതാളവും:
എന്റെ കിരാതഹൃദയത്തെ മെനഞ്ഞെടുത്തവ.
നടന്നു തഴമ്പിച്ച കാൽമടമ്പുകളിൽ
സാഹിത്യത്തിന്റെ തേറ്റകൾ വന്നു കടിക്കുമ്പോൾ
അതറിയാതെ കാറ്റിനൊത്തീണം മൂളി ഞാൻ കടന്നുപോകുന്നു,
എന്റെ യൗവനത്തിലെ മഴ കഴുകിയ പണ്ടകശാലകളിലേക്ക്,
അവർണ്ണനീയമായ തെക്കൻ നാടുകളിലെ തണുത്ത കാടുകളിലേക്ക്;
എന്റെ ജീവിതം നിന്റെ പരിമളം കൊണ്ടു നിറഞ്ഞതുമവിടെ.
*
64
കണ്ണുപൊട്ടിയ കിളിയെപ്പോലങ്ങുമിങ്ങും ഞാനലഞ്ഞു ,
ഒടുവിലല്ലേ, എന്റെ സഖീ, നിന്റെ ജാലകം ഞാൻ കണ്ടതും
പൊട്ടിത്തകർന്ന ഹൃദയത്തിന്റെ മന്ത്രണം നീ കേട്ടതും.
നിഴലുകൾക്കിടയിൽ നിന്നു നിന്റെ മാറിലേക്കുയർന്നു ഞാൻ:
ജീവനും ബോധവുമില്ലാതെ ഗോതമ്പിന്റെ മേടകളിലേക്കു ഞാൻ പറന്നു ,
എനിക്കു നിന്നോടുള്ള കടമിത്രയെന്നൊരാൾക്കുമറിയില്ലല്ലോ;
എനിക്കു നിന്നോടുള്ള കടം, അതു തെളിമയാണെന്റെ പ്രിയേ,
അറൗക്കേനിയയിലെ പുതുവേരു പോലെയാണെനിക്കു നിന്നോടുള്ള കടം.
എന്തു സംഴയം, ഞാൻ നിനക്കു കടമൊരു നക്ഷത്രം പോലെ;
ഞാൻ നിനക്കു കടമൊരു മണലാരണ്യത്തിലെ കിണറു പോലെ:
കാലമതിൽ നോക്കിയിരിക്കുന്നു മാനമലയുന്ന മിന്നലിനെ.
*
ഈസ്ല നെഗ്രയ്ക്കു മേൽ കൊട്ടിവീഴുന്നു തെക്കൻമഴ,
ഘനവും സുതാര്യവുമായ ഒരേയൊരു തുള്ളി പോലെ:
ഈറൻ കണ്ണിമകൾ വിടർത്തി കടലതു കൈയേല്ക്കുന്നു,
മണ്ണു പരിചയിക്കുന്നു ചില്ലുചഷകത്തിന്റെ നനഞ്ഞ നിയോഗം.
എന്റെയാത്മാവേ, നിന്റെ ചുംബനങ്ങളിലെനിക്കു നല്കുക
ആ കടലുകളുടെ ലവണജലം, ആ ദേശത്തിന്റെ നറുതേനും,
മാനത്തിന്റെ നൂറുനൂറധരങ്ങളാൽ നനഞ്ഞ പരിമളം,
മഞ്ഞുകാലക്കടലിന്റെ പാവനസഹനവും.
എന്തോ നമ്മെ വിളിക്കുന്നു; വാതിലുകൾ തനിയേ തുറക്കുന്നു,
ജനൽപ്പാളികളോടു മഴ പഴയൊരു കഥ പറയുന്നു,
വേരുകൾ തൊടാനാഞ്ഞു മാനം താഴേക്കിറങ്ങുന്നു.
ഈ നാളങ്ങനെയൊരാകാശവല നെയ്യുന്നു, പിന്നെയതഴിക്കുന്നു,
ഉപ്പും കാലവും മന്ത്രണങ്ങളും വളർച്ചയും പാതകളുമായി,
ഒരു പെണ്ണുമൊരാണും മണ്ണിലിറങ്ങിയ ഹേമന്തവുമായി.
ഇസ്ല നെഗ്ര- 1939 മുതല്‍ 1973 വരെ നെരൂദ താമസിച്ചിരുന്ന കടലോരഗ്രാമം.
*
71
നോവിൽ നിന്നു നോവിലേക്കു തുരുത്തുകൾ താണ്ടുന്നു പ്രണയം,
കണ്ണീരു തേവിത്തേവിയതു വേരുകളിറക്കുന്നു,
ഹൃദയമൊരു മാംസഭോജി; അതൊളിവേട്ടയ്ക്കിറങ്ങുമ്പോൾ
ആർക്കുമാർക്കുമാവില്ലതിനെത്തടുക്കാൻ.
നീയും ഞാനുമതിനാൽത്തേടി ഒരു മാളം, ഒരന്യഗ്രഹം,
നിന്റെ മുടിയെത്തൊടില്ലുപ്പിന്റെ പരലുകളവിടെ,
ഞാനായിട്ടൊരു ദുരിതം പിറക്കില്ലവിടെ,
വേദനയിൽ നിന്നു മുക്തമായിരിക്കുമപ്പമവിടെ.
ദൂരങ്ങളുമടിക്കാടുകളും കണ്ണികോർത്തൊരു ഗ്രഹം,
നിഷ്ഠുരവും നിർജ്ജനവുമായൊരു ശിലാകൂടം:
അവിടെ ബലത്തൊരു കൂടു കൂട്ടാൻ നാം കൊതിച്ചു,
ക്ഷതങ്ങളില്ലാതെ, മുറിപ്പാടുകളില്ലാതെ, വാക്കുകളില്ലാതെ.
അതല്ല പ്രണയം പക്ഷേ: അതുന്മാദികളുടെ നഗരം;
വരാന്തകളിൽ വിളറിവെളുക്കുന്നു ആ നഗരവാസികൾ.
*
75
ഇത്രനാൾ നാം മറ്റു ചുമരുകൾ പറ്റിയലയുകയായിരുന്നു;
ഒരു വാതിലും നാം കണ്ടില്ല, ഒരൊച്ചയും നാം കേട്ടില്ല;
ആളില്ലാത്ത വീടിനു മരിച്ചവരുടെ മൗനം.
ഒടുവിലിതാ, വീടതിന്റെ മൗനം തുറക്കുന്നു,
അതിന്റെ പരിത്യക്തതയിലേക്കു നാം കാലെടുത്തുവയ്ക്കുന്നു:
ചത്ത പെരുച്ചാഴികൾ, ആരോടുമല്ലാത്ത യാത്രാമൊഴികൾ,
കുഴലുകളിൽ തേങ്ങലടക്കുന്ന വെള്ളം.
വീടു കരയുകയായിരുന്നു, രാവെന്നില്ലാതെ, പകലെന്നില്ലാതെ.
വാതിൽ പാതി തുറന്നും കൊണ്ടതു കരയുകയായിരുന്നു,
ഇരുണ്ട കണ്ണിമകൾ കൊണ്ടതു തനിയേ തല്ലുകയായിരുന്നു.
ഇപ്പോഴിതാ, നാമതിലേക്കു മടങ്ങുമ്പോളതിനു ജീവൻ വയ്ക്കുന്നു.
നാമതിൽ കുടിയേറുന്നു, എന്നിട്ടുമതറിയുന്നില്ല നമ്മെ.
അതു പൂവിടണം, എങ്ങനെയെന്നതിനോർമ്മ വരുന്നതുമില്ല.
രാത്രി
രാത്രിയിൽ നിന്റെ ഹൃദയമെന്റെ ഹൃദയത്തോടു ബന്ധിക്കുക, പ്രിയേ,
ഉറക്കമാണെന്നാലുമിരുട്ടിനെ തോല്പിക്കട്ടെയവ,
ഈറനിലകളുടെ കട്ടിച്ചുമരിലാഞ്ഞിടിച്ചുംകൊണ്ടു
കാട്ടിൽ മുഴങ്ങുമിരട്ടച്ചെണ്ടകൾ പോലെ.
ഭൂമിയിലെ മുന്തിരിപ്പഴങ്ങളിറുത്തുവീഴ്ത്തി
നിദ്രയുടെ കരിനാളത്തിന്റെ ഇരുൾപ്രയാണം,
നിഴലുകളും കല്ക്കരിയും നിരന്തരം വാരിക്കേറ്റി
നേരം തെറ്റാതോടുന്ന തീവണ്ടി പോലെ.
അതിനാലെന്നെ ബന്ധിക്കുക പ്രിയേ, ഒരു ശുദ്ധചലനത്തോട്,
ജലത്തിനടിയിൽ ഒരു ഹംസത്തിന്റെ ചിറകടി പോലെ
നിന്റെ നെഞ്ചിൽ പിടയ്ക്കുന്ന പ്രാണനോട്;
മാനത്തു നക്ഷത്രങ്ങൾ നിരന്നു നമ്മെ ചോദ്യം ചെയ്യുമ്പോൾ
നമുക്കാകെയുള്ള മറുപടി നമ്മുടെ ഉറക്കമാവട്ടെ,
നിഴലുകളെ പുറത്തിട്ടടച്ച ഒറ്റയൊരു വാതിലാവട്ടെ.
*
80
യാത്രയും ശോകവും പിന്നിട്ടെത്തുന്നു ഞാൻ പ്രിയേ,
നിന്റെ ശബ്ദത്തിലേക്ക്, ഗിത്താറിൽപ്പറക്കുന്ന നിന്റെ കൈയിലേക്ക്,
ചുംബനങ്ങളാൽ ശരല്ക്കാലത്തെത്തടുക്കുന്ന തീയിലേക്ക്,
മാനത്തു വട്ടം ചുറ്റിപ്പറക്കുന്ന രാത്രിയിലേക്ക്.
ഏവർക്കുമാവശ്യപ്പെടുന്നു ഞാനപ്പവും കോയ്മയും;
ഭാവി നഷ്ടമായ വേലക്കാരന്നു ഭൂമിയും.
എന്റെ ചോരയുമെന്റെ പാട്ടും വിശ്രമിക്കുമെന്നാരും കരുതേണ്ട!
മരിക്കണം പ്രിയേ, നിന്റെ പ്രണയം ഞാൻ വേണ്ടെന്നു വയ്ക്കാൻ.
അതിനാൽ: പ്രശാന്തചന്ദ്രന്റെ നൃത്തഗീതം വായിക്കുക,
ഒഴുകുന്ന ഗിത്താറിൽ ജലഗീതം വായിക്കുക,
ഞാനുറങ്ങാത്ത ഉറക്കമെല്ലാം അഭയം കണ്ടതിവിടെ,
ഉറങ്ങുന്ന യാത്രികന്റെ രാത്രിയെ കാത്തും കൊണ്ടു
നിന്റെ കൈ ജീവിക്കുന്ന, പറക്കുന്ന ഈ വള്ളിക്കുടിലിൽ
81
എന്റേതാണു നീയിനി! നിന്റെ സ്വപ്നവുമായെന്റെ സ്വപ്നത്തിൽ വന്നു ശയിക്ക നീ.
പ്രണയം, ശോകം, അദ്ധ്വാനം...സർവതും നിദ്ര കൊള്ളണമിനി.
അദൃശ്യചക്രങ്ങളിലുരുണ്ടുനീങ്ങുന്നു രാത്രി;
നിദ്രാണമായൊരാംബർക്കല്ലു പോലരികിൽ നീ.
എന്റെ സ്വപ്നത്തിൽ വന്നുറങ്ങാൻ മറ്റാരുമില്ല പ്രിയേ.
കാലക്കടലിലൊരുമിച്ചു തുഴഞ്ഞുപോവുക നാം.
നിഴലുകളുടെ ദേശത്തു തുണ വരാനെനിക്കു നീ മാത്രം,
വാടാത്ത പച്ച, കെടാത്ത സൂര്യൻ, നിത്യചന്ദ്രികയെനിക്കു നീ.
നിന്റെ കൈകൾ മൃദുലമുഷ്ടികൾ തുറക്കുന്നിതാ,
അവയിൽ നിന്നൂർന്നുവീഴുന്നു പേലവചേഷ്ടകൾ;
ചിറകൊതുങ്ങുമ്പോലെ കൂമ്പുന്നു നിന്റെ കണ്ണിമകൾ;
നിന്റെ പുഴയിൽ ഞാൻ പൊന്തിയൊഴുകിപ്പോകുന്നു,
രാത്രിയും കാറ്റും ലോകവും അവയുടെ നിയോഗം നെയ്തുകൂട്ടുന്നു...
ഞാനോ, ഞാൻ നിന്റെ സ്വപ്നം; അല്ലാതൊന്നുമല്ല ഞാൻ.
ഈ രാത്രിയുടെ വാതിലടയുമ്പോൾ പ്രിയേ,
നിഴലടഞ്ഞ ദേശങ്ങൾ കടന്നൊരു യാത്ര പോവുക നാം.
നിന്റെ സ്വപ്നങ്ങളടയ്ക്കുക:നിന്റെയാകാശവുമായി എന്റെ കണ്ണിലേയ്ക്കെത്തുക:
പരപ്പാർന്നൊരു പുഴയിലെന്നപോലെന്റെ ചോരയിൽ നിവർന്നു കിടക്കുക.
പൊയ്പ്പോയ നാളുകളുടെ കീറച്ചാക്കുകളിൽ നിത്യേനയെന്നോണം
കൊട്ടിത്തൂവിയ ക്രൂരമായ പകൽവെളിച്ചത്തിനു വിട;
വിട, ഘടികാരങ്ങളുടെയും ഓറഞ്ചുകളുടെയും രശ്മികൾക്കും;
സ്വാഗതം! തമസ്സേ, നിത്യനല്ലാത്ത ചങ്ങാതീ!
ഈ വഞ്ചിയിൽ, ജലത്തിൽ, മരണത്തിൽ, അഥവാ പുതുജീവിതത്തിൽ
വീണ്ടുമൊരുമിക്കുക നാം, ഉറങ്ങിയും ഉയ്രിത്തെഴുന്നേറ്റും:
ചോരയിൽ രാത്രിയുടെ പരിണയമത്രേ നാം.
എനിക്കറിയില്ല ആരു ജീവിക്കുന്നു, മരിക്കുന്നുവെന്ന്, ആരുറങ്ങുന്നു, ഉണരുന്നുവെന്ന്.
എനിക്കറിയാം പക്ഷേ, പ്രഭാതത്തിന്റെ ഉപഹാരങ്ങൾ
എന്റെ നെഞ്ചിലേക്കെത്തിക്കുന്നതു നിന്റെ ഹൃദയമെന്ന്.
*
83
മനസ്സാശ്വസിക്കുന്നു പ്രിയേ, രാത്രിയിലരികിൽ നീയുണ്ടെന്നറിയുമ്പോൾ;
കെട്ടുപിണഞ്ഞ വലകൾ പോലെന്റെ വേവലാതികൾ ഞാൻ കുരുക്കഴിക്കുമ്പോൾ
നിന്റെ സ്വപ്നങ്ങളിൽ പോയിമറയുന്നു നീ,
രാത്രിയുടെ ഗഹനതയിലേക്കാഴുന്നു നീ.
പരിത്യക്തമായ നിന്റെയുടലെന്നാൽ ശ്വാസമെടുക്കുന്നു,
കണ്ണു കാണാതെയതെന്നെത്തേടുന്നു,
ഇരുട്ടത്തൊരു ചെടി പോലെന്റെ നിദ്രയിൽ തെഴുക്കുന്നു.
പിന്നെ നാളെയുണരുമ്പോൾ മറ്റൊരാളാവുന്നു നീ;
രാത്രിയുടെ നഷ്ടസീമകളിൽ നിന്നെന്നാൽ നമ്മിലെന്തോ ശേഷിക്കുന്നു,
നാമന്യോന്യം കണ്ടുമുട്ടിയ ഉണ്മയുടേയും ഇല്ലായ്മയുടേയും ദേശത്തു നിന്നു ചിലത്:
രാത്രിയതിന്റെ രഹസ്യജീവികളിൽ
പൊള്ളിച്ചു ചാപ്പ കുത്തുന്നതുമത്.
ഒരിക്കല്ക്കൂടി പ്രിയേ, പകലിന്റെ വല കെടുത്തുന്നു ജോലികൾ, ചക്രങ്ങൾ,
പ്രാണൻ പോകുന്ന കുറുകലുകൾ, വിടവാങ്ങലുകൾ...
രാവിനു നാമടിയറ വയ്ക്കുന്നു കാറ്റിലാടുന്ന ഗോതമ്പുകതിരുകൾ,
മണ്ണിലും വെളിച്ചത്തിലും നിന്നു നട്ടുച്ച കൊയ്ത വിളകൾ.
ഒഴിഞ്ഞ താളിൻ നടുവിൽ ഏകാകി ചന്ദ്രൻ,
അവൻ താങ്ങിനില്ക്കുന്നു മാനത്തിന്നഴിമുഖത്തിന്റെ തൂണുകൾ,
കിടപ്പറയ്ക്കു സുവർണ്ണമായൊരാലസ്യം പകരുന്നു,
രാത്രിയ്ക്കൊരുക്കങ്ങൾ നടത്തി നിന്റെ കൈകൾ പെരുമാറുന്നു.
പ്രിയേ, രാത്രീ, പ്രചണ്ഡഗോളങ്ങളെ തിളക്കി,
പിന്നെയവയ മുക്കിത്താഴ്ത്തുന്ന മാനത്തിന്നിരുട്ടിൽ
ഗഹനമായൊരു പുഴ ചൂഴുന്ന കുംഭഗോപുരമേ…
ഒടുവിലൊരേയൊരിരുണ്ടയിടമാവുന്നു നാം,
സ്വർഗ്ഗീയഭസ്മം വന്നുവീഴുന്നൊരു ചഷകം,
അലസമൊഴുകുന്നൊരു വൻപുഴയുടെ തുടിപ്പിലൊരു തുള്ളി.
*
89
ഇനിയൊരിക്കൽക്കൂടി നിന്റെയരുമക്കൈകളവയുടെ
വെളിച്ചവും ധാന്യവുമെനിക്കുമേൽ വിതറണം:
നിന്നെക്കാത്തു ഞാനുറങ്ങുമ്പോൾ നീ ജീവിച്ചുപോകണം.
കാറ്റിന്റെ മർമ്മരങ്ങൾ നിന്റെ കാതുകൾ കേൾക്കണം,
ഒരുമിച്ചു നാം സ്നേഹിച്ച കടലു നീ മണക്കണം,
നാം നടന്ന പൂഴിമണ്ണിൽ പിന്നെയും നടന്നുപോകണം.
ഞാൻ സ്നേഹിച്ചതൊക്കെയുമിനിയും ജീവനോടിരിക്കണം,
ഏതിനും മേൽ ഞാൻ സ്നേഹിച്ച, ഞാൻ സ്തുതിച്ച പുഷ്പമേ,
വാടാതെ, കൊഴിയാതെ നീയുല്ലസിച്ചു നില്ക്കണം:
എന്റെ പ്രണയം വഴികാട്ടുമിടത്തെല്ലാം നീയെത്തട്ടെയങ്ങനെ,
നിന്റെ മുടിയിഴകളിൽ യാത്ര പോകട്ടെ എന്റെ നിഴലങ്ങനെ,
എന്റെ പാട്ടിനു നിമിത്തമിന്നതെന്നാളുകൾ കാണട്ടെയങ്ങനെ.
ജീവിതത്തിൽ നിന്നെനിക്കു ശേഷിച്ചതു നീയെന്നും ഞാനറിഞ്ഞു:
നിന്റെ ചുണ്ടുകളായിരുന്നു ഭൂമിയിലെനിക്കു രാത്രിയും പകലും ,
എന്റെ ചുംബനങ്ങൾ സ്ഥാപിച്ച രാഷ്ട്രമായിരുന്നു നിന്റെ ചർമ്മം.
ആ മുഹൂർത്തത്തിലൊക്കെയും നിലച്ചു -പുസ്തകങ്ങൾ, സൗഹൃദം,
ആർത്തിപിടിച്ചു നാം സ്വരുക്കൂട്ടിയ നിധികൾ,
നീയും ഞാനുമൊരായുസ്സു കൊണ്ടു കെട്ടിപ്പൊക്കിയ ചില്ലുമാളിക:
എല്ലാമെല്ലാം കൊഴിഞ്ഞു, നിന്റെ കണ്ണുകൾ മാത്രം ശേഷിച്ചു.
നമുക്കായുസ്സുള്ള കാലം, അഥവാ ജീവിതം നമ്മെയലട്ടുന്ന കാലം,
ഉരുണ്ടുകൂടുന്ന പല തിരകളിലുയർന്നൊരു തിര മാത്രം പ്രണയം;
എന്നാൽ ഹാ, മരണം വന്നു വാതിലിൽ മുട്ടുമ്പോൾ,
അത്രയുമഭാവത്തെ നികത്താൻ നിന്റെ കടാക്ഷമേയുള്ളൂ,
ശൂന്യതയെ തടുത്തു നിർത്താൻ നിന്റെ വെളിച്ചമേയുള്ളൂ,
നിഴലുകളെ പുറത്തിട്ടടയ്ക്കാൻ നിന്റെ പ്രണയമേയുള്ളൂ.
ചാറ്റമഴ പോലെ നമ്മെപ്പൊതിയുന്നു പ്രായം;
ശോകാകുലം, കാലത്തിനില്ലവസാനം,
ഉപ്പു ചുവയ്ക്കുന്നൊരു തൂവലുരുമ്മുന്നു നിന്റെ മുഖം,
ഒരു നീർച്ചാലൊലിച്ചു കുതിരുന്നെന്റെ കുപ്പായം.
എന്റെ കൈകൾ, ഓറഞ്ചുകൂടയേന്തിയ നിന്റെ കൈകൾ:
കാലത്തിനു ഭേദമില്ല രണ്ടും തമ്മിൽ;
മഞ്ഞും പാരയുമായി ജീവിതം ചെത്തിയെടുക്കുന്നു,
നിന്റെ ജീവിതം, എന്റേതുമായ ജീവിതം.
നിന്റെ ജീവിതം, ഞാൻ നിനക്കു ദാനം ചെയ്ത ജീവിതം,
വർഷങ്ങളതിൽ നിറയുന്നു മുന്തിരിക്കുല പോലെ.
മുന്തിരിപ്പഴങ്ങൾ പിന്നെ മണ്ണിലേക്കു മടങ്ങുമല്ലോ,
അവിടെയുമുണ്ട് കാലം, കാത്തിരിക്കുന്ന കാലം,
പൊടിമണ്ണിൽപ്പെയ്യും മഴയായി,
അഭാവവും മായ്ക്കാൻ വ്യഗ്രമായി.
*
ഞാനിരിക്കെ നീ മരിച്ചാൽ, പ്രിയേ,
ശോകത്തിനു വിഹരിക്കാനിടം കൊടുക്കരുതു നാം'
നാം പാർക്കുമിടം പോലെ വിശാലമല്ലൊരിടവും.
പാറുന്ന വിത്തുകൾ പോലെ നമ്മെയും കൊണ്ടു പാഞ്ഞു,
ഗോതമ്പുപാടത്തെ പൊടിയും മരുനിലത്തെപ്പൂഴിയും
കാലവുമലയുന്ന പുഴയും നാടോടിക്കാറ്റും.
ആ പ്രയാണത്തിൽ നാമന്യോന്യം കാണാതെയും പോയേനെ.
ഈ ശാദ്വലത്തിൽ വച്ചു പക്ഷേ, തമ്മിൽക്കണ്ടു നാം-
ഒരു കുഞ്ഞപാരത! നാമതു മടക്കിനല്കുന്നു.
ഈ പ്രണയമെന്നാലൊടുങ്ങുന്നില്ല പ്രിയേ.
അതിനു ജനനമില്ല, മരണവുമില്ല,
നീളുന്ന പുഴ പോലതിന്റെ തടങ്ങളേ മാറുന്നുള്ളു,
അതിന്റെ ചുണ്ടുകളേ മാറുന്നുള്ളു.
*
93
ഒരുനാൾ നിന്റെ മാറിടം മിടിയ്ക്കാൻ മറന്നുപോയാൽ,
നിന്റെ സിരകളിലെരിയുന്നതൊന്നു കെട്ടുപോയാൽ,
ചുണ്ടിൽപ്പിറന്ന സ്വരമൊരു വാക്കിലെത്താതൊടുങ്ങിയാൽ,
പറക്കാൻ മറന്നു നിന്റെ കൈകളുറക്കം തൂങ്ങിയാൽ,
മറ്റിൽഡെ, എന്റെ പ്രിയേ, പാതി തുറന്നു വയ്ക്കുക ചുണ്ടുകൾ:
എന്നിൽത്തങ്ങിനില്ക്കണമല്ലോ നിന്റെയാ അന്ത്യചുംബനം,
നിന്റെ ചുണ്ടത്തെന്നുമതു നിശ്ചലം പറ്റിനില്ക്കണം,
എന്റെ മരണത്തിലെന്നോടൊപ്പമതു പോരണം.
ഞാൻ മരിക്കും, നിന്റെ തണുത്ത ചുണ്ടുകൾ ചുംബിച്ചും
നിന്റെയുടലിന്റെ കരിഞ്ഞ മൊട്ടുകൾ തലോടിയും
അടഞ്ഞ കണ്ണുകളുടെ വെളിച്ചത്തെത്തേടിയും.
പിന്നെ നമ്മുടെയാശ്ളേഷത്തെ മണ്ണു കൈയേല്ക്കുമ്പോൾ
ഒരേയൊരു മരണത്തിലൊന്നായി നാം പോകും,
ഒരു ചുംബനത്തിന്റെ നിത്യതയിൽ ചിരഞ്ജീവികളായി.
*
94
ഞാൻ മരിച്ചാലതിജീവിക്കുകയത്രയുമൂറ്റത്തോടെ,
അതുകണ്ടു ക്ഷോഭിക്കട്ടെ തണുപ്പും വിളർച്ചയും;
തെക്കുദിക്കിൽ പാളട്ടെ മായാത്ത നിന്റെ കണ്ണുകൾ,
സൂര്യനിലേക്കൊച്ചപ്പെടട്ടെ നിന്റെ ഗിത്താറിന്റെ വദനം.
നിന്റെ ചിരിയും നിന്റെ ചുവടുകളുമിടറുന്നതെനിക്കിഷ്ടമല്ല,
ഞാനിഷ്ടദാനം നല്കിയ ചിരി മരിക്കുന്നതെനിക്കിഷ്ടമല്ല.
എന്റെ നെഞ്ചിലേക്കു വിളിക്കരുത്: ഞാനവിടെയില്ല.
എന്റെയഭാവത്തിൽ ജീവിക്കുക ഒരു വീട്ടിലെന്നപോലെ.
അത്രയും വിസ്തൃതമായൊരു വീടാണത്, അഭാവം:
നിനക്കു നടക്കാമതിന്റെ ചുമരുകൾക്കുള്ളിലൂടെ,
വെറും വായുവിൽ തൂക്കിയിടാം ചിത്രങ്ങൾ.
അത്രയും സുതാര്യമായൊരു വീടാണത്, അഭാവം:
ജീവനില്ലാത്ത എനിക്കു കാണാം ജീവനോടുള്ള നിന്നെ.
നീ സങ്കടപ്പെട്ടാൽ പ്രിയേ, മരിക്കുമേ ഞാൻ രണ്ടാമതും.
*
95
എരിഞ്ഞുതീർന്ന ഹൃദയങ്ങളുടെ പഴംകനലുകൾ കണ്ടെടുക്കുക നാം,
ഒന്നൊന്നായവിടെക്കൊഴിക്കുക നമ്മുടെ ചുംബനങ്ങൾ,
ചിതറിപ്പോയൊരു പൂവുയിരെടുത്തുവരട്ടെ വീണ്ടും.
നിറഞ്ഞ മുഖവും ബലവുമായി ഭൂമിയിലിറങ്ങിയ പ്രണയത്തെ,
സ്വന്തം കനിയെ ദഹിപ്പിച്ച തൃഷ്ണയെ പ്രേമിക്കുക നാം,
അതിന്റെ നാശമടയാത്ത മൃദുലബീജം നാം.
കാലത്തിന്റെ അഗാധഹേമന്തത്തിൽ മഞ്ഞും വസന്തവും
മറവിയും ശരത്തും കല്ലറ കെട്ടിയടക്കിയ തൃഷ്ണയ്ക്കതേകട്ടെ,
പുതിയൊരാപ്പിൾപ്പഴത്തിന്റെ വെളിച്ചം,
പുതിയൊരു മുറിവു തുറക്കുന്ന പുതുമയുടെ തെളിച്ചം,
മണ്ണിലടങ്ങിയ വായകളുടെ നിത്യതയിലൂടെ
നിശ്ശബ്ദം യാത്രപോകുന്ന പ്രാക്തനതൃഷ്ണ പോലെ.
നമ്മുടെ പ്രണയകാലം കടന്നുപോകും,
മറ്റൊരു നീലിമ വന്നുചേരും;
അതേയസ്ഥികളെ മൂടും മറ്റൊരു ചർമ്മം:
വസന്തത്തെ നോക്കിനില്ക്കും മറ്റുചില കണ്ണുകൾ.
നമ്മുടെ കാലത്തെ കെട്ടിയിടാൻ വെമ്പിയവർ,
പുകയുടെ വ്യാപാരികൾ, ഗുമസ്തന്മാർ,
ക്രയവിക്രയക്കാർ, കൈമാറ്റത്തൊഴിലുകാർ,
തങ്ങൾ നെയ്ത ചരടുകളില്പ്പിണഞ്ഞു കിടക്കുമവർ.
കടന്നുപോകും കണ്ണട വച്ച ക്രൂരദൈവങ്ങൾ,
പുസ്തകം കൈയിലെടുത്ത രോമാവൃതസത്വം,
പച്ചച്ചെള്ളുകളും, ചിലപ്പൻകിളികളും.
ലോകം പുതുമയിൽ കുളിച്ചുകേറുമ്പോൾ
ജലത്തിൽ പിറവിയെടുക്കും മറ്റുചില കണ്ണുകൾ,
കണ്ണീരു നനയ്ക്കാതെ വിളയും കതിരുകൾ.
*