ദിമിത്രി ഗ്രിഗറോവിച്ച് എന്ന ചെറുപ്പക്കാരനായ എഴുത്തുകാരൻ 1844ൽ അന്ന് 23 വയസ്സുള്ള ഫ്യോദോർ ദസ്തയേവ്സ്കിയോടൊപ്പം ഒരു വാടകമുറിയിൽ സഹവാസമായിരുന്നു. ദസ്തയേവ്സ്കി തന്റെ ആദ്യനോവലായ “പാവപ്പെട്ടവർ” എഴുതുന്ന കാലമാണത്. പൂർത്തിയായ നോവൽ ഗ്രിഗറോവിച്ചിലൂടെ അക്കാലത്തെ നിരൂപകസിംഹമായ വിസാരിയോൺ ബെലിൻസ്കിയുടെ കൈകളിലെത്തുകയും അദ്ദേഹത്തിന്റെ ഉത്സാഹത്തിൽ റഷ്യൻ സാഹിത്യലോകത്ത് ദസ്തയേവ്സ്കിയുടെ അരങ്ങേറ്റം നടക്കുകയും ചെയ്തു. നാല്പതു കൊല്ലത്തിനിപ്പുറം 1886ൽ അതേ ഗ്രിഗറോവിച്ച് കാണാനിടയായി, അന്റോഷ ചെക്കോന്റെ എന്നൊരാളെഴുതിയ ചില നർമ്മകഥകൾ. അദ്ദേഹമത് അലെക്സി സുവോറിൻ എന്ന പ്രസാധകനു പരിചയപ്പെടുത്തി. അങ്ങനെയാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ മറ്റൊരു മഹാനായ എഴുത്തുകാരൻ ജനശ്രദ്ധയിൽ വരുന്നത്- ആന്റൺ ചെക്കോവ്.
സ്വന്തം കൃതികളെ ഗൗരവത്തിലെടുക്കാതിരിക്കുന്നതിനും ഒരു തൂലികാനാമത്തിനു പിന്നിൽ ഒളിച്ചിരിക്കുന്നതിനും ശാസിച്ചുകൊണ്ട് ഗ്രിഗറോവിച്ച് ആ ചെറുപ്പക്കാരന് ഒരു കത്തെഴുതുന്നുണ്ട്. സ്വന്തം കഴിവിനെ മറച്ചുവയ്ക്കുന്നതിൽ മാപ്പു പറഞ്ഞുകൊണ്ട് ചെക്കോവ് 1886 മാർച്ച് 29നെഴുതിയ മറുപടിയിൽ ഇങ്ങനെ പറയുന്നു:
“പത്രമോഫീസുകളിൽ ചുറ്റിപ്പറ്റിനടന്ന അഞ്ചുകൊല്ലം കൊണ്ട് ഞാൻ പഠിച്ചത് സാഹിത്യലോകത്ത് ഞാൻ നിസ്സാരനാണെന്ന പൊതുബോധത്തോടു രാജിയാവാനാണ്. അങ്ങനെ ഞാൻ സ്വന്തം രചനയെ നിസ്സാരമായി കാണാൻ തുടങ്ങി. അതാണ് ഒന്നാമത്തെ ഘടകം. ഞാൻ ഒരു ഡോക്ടർ ആണെന്നതും കാതറ്റം മരുന്നിലും ചികിത്സയിലും മുങ്ങിക്കിടക്കുകയാണു ഞാനെന്നതുമാണ് രണ്ടാമത്തെ ഘടകം. ഒരേ സമയം രണ്ടു മുയലുകളെ പിടിക്കാൻ പോകരുതെന്ന പഴഞ്ചൊല്ല് എന്നെപ്പോലെ മറ്റാരുടേയും ഉറക്കം കെടുത്തിയിട്ടുണ്ടാവില്ല എന്നതുറപ്പാണ്.
ഇതൊക്കെ ഞാൻ എഴുതുന്നതിനുള്ള ഒരേയൊരു കാരണം ഞാൻ ചെയ്ത ഗുരുതരമായ പാപത്തെ അങ്ങയുടെ കണ്ണിൽ അല്പമെങ്കിലും ന്യായീകരിക്കാൻ വേണ്ടിമാത്രമാണ്. ഇക്കാലം വരെയും ഞാൻ എന്റെ സാഹിത്യപരിശ്രമങ്ങളെയൊക്കെ കണ്ടിരിക്കുന്നത് അങ്ങേയറ്റം ലാഘവത്തോടെയും ഉദാസീനതയോടെയുമാണ്; ഒരു കഥയിൽ ഒരു ദിവസത്തിലധികം പണിയെടുക്കുക എന്നത് എന്റെ ഓർമ്മയിൽ ഉണ്ടായിട്ടില്ല; താങ്കൾ അത്രയധികം ആസ്വദിച്ച “വേട്ടക്കാരൻ” എന്ന കഥയാകട്ടെ, കുളിമുറിയിൽ വച്ചാണ് ഞാൻ എഴുതുന്നത്...ഭാവിയിലാണ് എന്റെ പ്രതീക്ഷയൊക്കെയും. എനിക്ക് ഇരുപത്താറായിട്ടേയുള്ളു; എനിക്കെന്തെങ്കിലും കൈവരിക്കാൻ കഴിഞ്ഞുവെന്നു വന്നേക്കാം; എന്നാൽ കാലം പറക്കുകയാണല്ലോ...“
(റഷ്യൻ ക്ലാസ്സിക്കുകളുടെ പുതിയകാലവിവർത്തകരായ Richard Pevear, Larissa Volokhosky എന്നിവർ ആന്റൺ ചെക്കോവിന്റെ തിരഞ്ഞെടുത്ത കഥകൾക്കെഴുതിയ അവതാരികയിൽ നിന്ന്)